പിതൃസുഹൃത്തിന്റെ ഔദാര്യം

സഈദ്‌ മുത്തനൂര്‍ No image

``ഇത്‌ ആയിരം ദിര്‍ഹം ഉണ്ട്‌. ജീവനോപായത്തിന്‌ എന്തെങ്കിലും വക കണ്ടെത്താന്‍ ഈ തുക ഉപയോഗിക്കാം''. പിതാവിന്റെ മരണത്തില്‍ അനുശോചിക്കാനെത്തിയ പിതൃസുഹൃത്ത്‌ ഇത്രയും പറഞ്ഞ്‌ വാതില്‍ പടിയില്‍ നിന്നുതന്നെ തിരിച്ചുപോയി.
കൂഫക്കാരനായ അബ്‌ദുറഹ്‌മാനു സിയാബയുടെ പിതാവ്‌ മരണപ്പെട്ടിട്ട്‌ ഏതാനും ദിവസമേ ആയിട്ടുള്ളൂ. പിതാവ്‌ മക്കള്‍ക്കായി ഒന്നും വിട്ടേച്ച്‌ പോയിട്ടില്ല, പട്ടിണിയും പരിവെട്ടവുമല്ലാതെ. ഒരു ദിവസം ഇബ്‌നു സിയാബ എന്തോ ആലോചനയില്‍ മുഴുകിയിരിക്കെ ആരോ വാതിലിനു മുട്ടി. മരണപ്പെട്ട പിതാവിന്റെ ചങ്ങാതിയായിരുന്ന അത്‌. സാന്ത്വന വാക്കുകള്‍ക്ക്‌ ശേഷം അയാള്‍ ചോദിച്ചു:``നിങ്ങളുടെ ഉപ്പ അനന്തരസ്വത്ത്‌ വല്ലതും വിട്ടേച്ച്‌ പോയിട്ടുണ്ടോ?''
``ഇല്ല'' ഇബ്‌നു സിയാബ പറഞ്ഞു.
ഈ മറുപടി കേട്ടതോടെ സുഹൃത്ത്‌ ഒരു പണക്കിഴി അദ്ദേഹത്തിനു നല്‍കി ചില ഉപദേശങ്ങളും കൊടുത്ത്‌ ഉമ്മറപ്പടിയില്‍ നിന്ന്‌ തന്നെ തിരിച്ചു പോവുകയായിരുന്നു. ഇബ്‌നുസിയാബയുടെ മുഖത്ത്‌ സന്തോഷാശ്രു വിരിഞ്ഞു. പിറ്റേന്ന്‌ തന്നെ അയാള്‍ തൊട്ടടുത്ത കച്ചവട കേന്ദ്രത്തിലെത്തി. ചെറിയൊരു കച്ചവടം തുടങ്ങി. കച്ചവടം വൈകാതെ തന്നെ പച്ച പിടിച്ചു. ദിവസങ്ങള്‍ കഴിഞ്ഞ്‌ കൂട്ടിക്കിഴിച്ചപ്പോള്‍ വീട്ടാവശ്യങ്ങള്‍ കഴിഞ്ഞാലും വലിയൊരു തുക മിച്ചം വന്നു.
`ഹജ്ജ്‌ കര്‍മത്തിന്‌ പോയെങ്കിലോ' അയാളുടെ മനസ്സ്‌ മന്ത്രിച്ചു. തന്റെ പ്രിയപ്പെട്ട ഉമ്മയെ സമീപിച്ച്‌ അഭിപ്രായം ആരാഞ്ഞു. ``ആദ്യം നിന്റെ ഉപ്പയുടെ ഉറ്റമിത്രത്തിന്റെ അടുക്കല്‍ പോവുക. ദൈവാനുഗ്രഹത്താല്‍ ഈ അഭിവൃദ്ധിക്ക്‌ ഊടും പാവും നല്‍കിയതിന്റെ പിന്നിലെ പ്രേരണ അദ്ദേഹമാണല്ലോ. ആ മനുഷ്യന്റെ ആയിരം ദിര്‍ഹം ആദ്യം തിരിച്ചു നല്‍കുക. എന്നിട്ടാവാം ഹജ്ജ്‌ യാത്ര'' ഉമ്മ മകനെ ഉപദേശിച്ചു.
ഇബ്‌നു സിയാബ പിതൃസുഹൃത്തിന്റെ വീടിന്‌ നേരെ നടന്നു. പ്രത്യഭിവാദ്യത്തിന്‌ ശേഷം ആയിരം ദിര്‍ഹം നന്ദിപൂര്‍വം തിരിച്ചു നല്‍കി.``നിങ്ങള്‍ അന്ന്‌ നല്‍കിയ ഈ തുക സ്വീകരിച്ചാലും'' ആ ചെറുപ്പക്കാരന്‍ അഭ്യര്‍ഥിച്ചു. ഇത്‌ കേട്ടപ്പോള്‍ പിതൃസുഹൃത്ത്‌ അന്ധാളിച്ചു. താന്‍ കൊടുത്ത തുക ഉദ്ദേശിച്ച പദ്ധതിക്ക്‌ തികയാത്തത്‌ കൊണ്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം തിരിച്ചേല്‍പ്പിക്കുകയാവുമെന്ന്‌ ധരിച്ച ആ നല്ല മനുഷ്യന്‍ പറഞ്ഞു: ``ഈ സംഖ്യ പോരെങ്കില്‍ കുറച്ചുകൂടെ തുക തരാം.''
ഇബ്‌നുസിയാബ: ``അയ്യോ ഒട്ടും കുറവല്ല. താങ്കള്‍ തന്ന തുക ഏറെ ഉപകാരപ്രദമായാണ്‌ എനിക്കും മാതാവിനും അനുഭവപ്പെട്ടത.്‌ ആ സംഖ്യകൊണ്ട്‌ കച്ചവടം ചെയ്‌ത്‌ ഇന്ന്‌ ഞാന്‍ വലിയൊരു ആസ്‌തിയുടെ ഉടമയായിരിക്കുന്നു. മൂലധനം തിരിച്ചേല്‍പ്പിക്കാനും താങ്കള്‍ക്ക്‌ നന്ദി പറയാനുമാണ്‌ ഞാനിപ്പോള്‍ വന്നത്‌. ഇനി ഞാന്‍ ഹജ്ജ്‌കര്‍മം ഉദ്ദേശിച്ച്‌ യാത്രയാവുകയാണ്‌.''
മക്കയിലെത്തി ഹജ്ജ്‌ നിര്‍വഹിച്ച്‌ അദ്ദേഹം തുടര്‍ന്ന്‌ മദീനയും സന്ദര്‍ശിച്ചു. മദീനയില്‍ മറ്റു പലരേയും കണ്ട കൂട്ടത്തില്‍ ഇമാം ജഅ്‌ഫര്‍ സാദിഖിനെയും ഇബ്‌നുസിയാബ സന്ദര്‍ശിച്ചു.
ഇബ്‌നുസിയാബ എത്തുമ്പോള്‍ ഇമാം ജഅ്‌ഫര്‍ ഒരു വിജ്ഞാന സദസ്സിലായിരുന്നു. സദസ്സിന്റെ പിന്നിലായി അയാള്‍ സ്ഥലം പിടിച്ചു. ജനങ്ങളുടെ പോക്ക്‌വരവും അന്വേഷണങ്ങളും ഇമാമിന്റെ മറുപടികളും അയാള്‍ക്ക്‌ നന്നെ പിടിച്ചു. വിജ്ഞാന സദസ്സ്‌ ഏറെ സജീവമായിരുന്നു. സദസ്സ്‌ പിരിഞ്ഞ്‌ ആളൊഴിഞ്ഞപ്പോള്‍ ആംഗ്യരൂപേണ ഇമാം ജഅ്‌ഫര്‍ അബ്‌ദുറഹ്‌മാനുബ്‌നു സിയാബയെ വിളിച്ചു.
``എന്താ നിങ്ങള്‍ക്ക്‌ വല്ല ജോലിയുമുണ്ടോ''? ഇമാം ചോദിച്ചു. ഇബ്‌നുസിയാബ: ``ഞാന്‍ അബ്‌ദുഹ്‌മാന്‍ ഇബ്‌നു സിയാബ. കൂഫക്കാരനാണ്‌.''
``നിങ്ങളുടെ പിതാവിന്റെ സ്ഥിതി എന്താണ്‌''?
``പിതാവ്‌ മരണപ്പെട്ടു''
``ദുഃഖകരം. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ! എന്താ പിതാവ്‌ വല്ല അനന്തരവും ബാക്കി വെച്ചിട്ടുണ്ടോ?''
``ഇല്ല''
`` പിന്നെ എങ്ങനെ ഹജ്ജിന്‌ വരാന്‍ കഴിഞ്ഞു''?
``പിതാവിന്റെ മരണശേഷം കുടുംബം കടുത്ത ക്ലേശത്തിലും ഏറെ ദുഃഖത്തിലുമായി. അങ്ങനെയിരിക്കെ പിതാവിന്റെ ഒരു സ്‌നേഹിതന്‍ വീട്ടില്‍ വന്നു. അയാള്‍ ആയിരം ദിര്‍ഹം നല്‍കുകയും പിതാവിന്റെ മരണത്തില്‍ ദു:ഖാകുലരായ ഞങ്ങളെ ആശ്വസിപ്പിച്ച്‌ മടങ്ങി പോവുകയും ചെയ്‌തു. പ്രസ്‌തുത സംഖ്യ കൊണ്ട്‌ കച്ചവടം ചെയ്‌ത്‌ ജീവിക്കുകയായിരുന്നു ഞാന്‍ ഇതുവരെ. വ്യാപാരത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ്‌ ഹജ്ജിന്‌ വന്നത്‌.
ഇത്രയും കേട്ടപ്പോള്‍ ഇമാം ജഅ്‌ഫര്‍ ആ ചെറുപ്പക്കാരനെ ആശീര്‍വദിച്ചു. തുടര്‍ന്ന്‌ അദ്ദേഹം ചോദിച്ചു: ``പിതാവിന്റെ ചങ്ങാതി സ്‌നേഹപൂര്‍വ്വം നല്‍കിയ ആ തുക തിരിച്ച്‌ നല്‍കിയോ?''
``അതെ, എന്റെ മാതാവിന്റെ ഉപദേശ പ്രകാരം ആ തുക തിരിച്ച്‌ നല്‍കി''
അപ്പോള്‍ ഇമാമിന്റെ പ്രതികരണം:``വിശ്വസ്‌തരും സത്യസന്ധരുമായ ആളുകള്‍ അപരന്റെ സ്വത്തില്‍ പങ്കാളികളാണ്‌.''
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top