ക്ലോസറ്റിലൊടുങ്ങിയ സര്‍ക്കുലര്‍

ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ No image

ഏകാധിപതികള്‍ക്ക്‌ എന്നുമിഷ്ടം ഇരുട്ടിനോടാണ്‌. തങ്ങളുടെ മലിനമുഖങ്ങളും മ്ലേഛവൃത്തികളും വെളിവാകാതിരിക്കാന്‍ അതനിവാര്യമാണല്ലോ. അതിനാല്‍ പ്രകാശം പൊഴിക്കുന്ന അവസാനത്തെ കൈത്തിരിയും ഊതിക്കെടുത്തുന്നു. അങ്ങനെ പകലുകളെ പാതിരാവുകളാക്കാന്‍ പരമാവധി ശ്രമിക്കുന്നു. തങ്ങളുടെ പരമാധികാരത്തിന്‌ പോറല്‍ പറ്റുമോ എന്ന പേടി ഏകാധിപതികളെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ പ്രതിഷേധത്തിന്റെ നേരിയ ഇലയനക്കം പോലും ഇല്ലാതാക്കാന്‍ ആവുന്നതൊക്കെ ചെയ്യുന്നു. കാരാഗൃഹത്തിലടക്കപ്പെടേണ്ട അത്തരം കൊടും ക്രൂരന്മാര്‍ കൈകാര്യകര്‍ത്താക്കളാകുന്നതോടെ നാടാകെ കല്‍ചുമരുകളില്ലാത്ത കാരാഗൃഹമായി മാറുന്നു. ജനങ്ങളെല്ലാം കാണപ്പെടാത്ത കൂച്ചുവിലങ്ങുകളണിയിക്കപ്പെട്ട തടവുകാരുമായിത്തീരുന്നു. ഇരുള്‍മുറ്റിയ ഇത്തരം പരിസ്ഥിതികളില്‍ മര്‍ദ്ദകര്‍ക്കെതിരെ ഇരകളുടെ കൂടെ നില്‍ക്കാന്‍ കടപ്പെട്ടവരാണ്‌ മതപണ്ഡിതന്മാര്‍. പ്രയാസപ്പെടുന്ന സാധാരണക്കാര്‍ക്ക്‌ ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നു കൊടുക്കേണ്ടത്‌ അവരാണ്‌. പക്ഷേ, പലപ്പോഴും സംഭവിക്കാറുള്ളത്‌ മറിച്ചാണ്‌. മര്‍ദ്ദനോപാധികളൊക്കെയും കയ്യടക്കിവെക്കുന്ന അധികാര വര്‍ഗത്തോടു ചേര്‍ന്നു നില്‍ക്കാനാണ്‌ അവര്‍ ശ്രമിക്കാറുള്ളത്‌. അടിയന്തരാവസ്ഥയുടെ ഭീകരതകളില്‍ സംഭവിച്ചതും അതുതന്നെ. ഒരുപറ്റം മതപണ്ഡിതന്മാരും സമുദായ നേതാക്കളും അടിയന്തരാവസ്ഥയെ പാടിപ്പുകഴ്‌ത്തി. അത്‌ നല്‍കുന്ന സുഖസൗകര്യങ്ങളെ സംബന്ധിച്ച്‌ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തു. മര്‍ദ്ദകഭരണത്തിന്റെ ഭീകര രൂപമായി മാറിയ ഇന്ദിരാഗാന്ധിയുടെ അപദാനങ്ങള്‍ എണ്ണിപ്പറഞ്ഞു. അക്രമത്തെയും അനീതിയെയും വെറുക്കുകയെന്ന ദുര്‍ബല വിശ്വാസത്തിന്റെ അടയാളം പോലും അവരില്‍ കണ്ടില്ല. എന്നല്ല, മര്‍ദ്ദകരോടൊപ്പം ചേര്‍ന്നുനില്‍ക്കുകയാണുണ്ടായത്‌.
ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചതിലും അതിന്റെ നേതാക്കളെ അറസ്റ്റുചെയ്‌തതിലുമായിരുന്നു പലര്‍ക്കും സന്തോഷം. അവരത്‌ ആവോളം ആഘോഷിച്ചു. മയ്യിത്തിനെ കുത്തുന്നതുപോലെ നിരോധിക്കപ്പെട്ട ജമാഅത്തിനെതിരെ വ്യാജാരോപണങ്ങളും അപവാദക്കഥളുമായി നാടാകെ ഓടിനടന്നു. ജമാഅത്തെ ഇസ്‌ലാമിക്ക്‌ വേണ്ടി ഒന്നും മറുപടി പറയാനോ എഴുതാനോ സാധ്യമല്ലാത്ത സാഹചര്യത്തില്‍ അതിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തു. ഈ അവസ്ഥ അനിശ്ചിതമായി തുടരുമെന്നായിരുന്നു പൊതുധാരണ. അഥവാ അടിയന്തരാവസ്ഥക്ക്‌ ഒരറുതി ഉണ്ടാവില്ലെന്ന്‌ പൊതുവെ കരുതപ്പെട്ടു.
ഈ സാഹചര്യത്തില്‍ എന്തുചെയ്യണമെന്ന്‌ കേരളത്തിലെ ഇസ്‌ലാമിക യുവത കൂടിയാലോചിച്ചു. യുവാക്കളില്‍ ഏകാധിപത്യത്തിനെതിരെ സ്വാതന്ത്ര്യബോധമുണര്‍ത്തണം. മര്‍ദ്ദകഭരണത്തിനെതിരായ വികാരം സൃഷ്ടിക്കണം. സര്‍വ്വോപരി അവരിലെ ഇസ്‌ലാമിക ബോധവും ആവേശവും കെടാതെ സൂക്ഷിക്കണം. സാധ്യമാവുന്നത്ര അവരെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. അതുകൊണ്ടു തന്നെ അടങ്ങിയൊതുങ്ങിക്കൂടുകയില്ലെന്ന്‌ തീരുമാനിച്ചു. അങ്ങനെയാണ്‌ `അന്‍സാറുല്‍ ഇസ്‌ലാം സംഘം' എന്ന പേരില്‍ ഒരു വേദി രൂപീകൃതമായത്‌. 1976 ജനുവരി 26 ന്‌ അഹ്‌മദുല്ല സിദ്ദീഖിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ്‌ അതിനാവശ്യമായ തീരുമാനമെടുത്തത്‌. പ്രൊഫസര്‍ എം. മൊയ്‌തീന്‍ കുട്ടി, ഉസ്‌മാന്‍ തറുവായി, എം.സി.സി റഷീദ്‌, എം. എ റഹ്‌മാന്‍, മുഹമ്മദ്‌ കുട്ടി കൊണ്ടോട്ടി എന്നിവരായിരുന്നു അന്‍സാറുല്‍ ഇസ്‌ലാം സംഘത്തിന്റെ ഭാരവാഹികള്‍. എന്നെ കേരളം, തമിഴ്‌നാട്‌, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ സംഘാടകനായി നിശ്ചയിച്ചു. അതിനായി സ്‌കൂളില്‍ നിന്ന്‌ ലീവെടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ എടവണ്ണ ഇസ്‌ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നിന്ന്‌ ലീവില്‍ പ്രവേശിപ്പിട്ടു. ഫലത്തില്‍ എന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്‌ കേരളത്തിലാണ്‌. സംസ്ഥാനത്ത്‌ ഇസ്‌ലാമിക പ്രവര്‍ത്തകരുള്ള ഇടങ്ങളിലെല്ലാം വിദ്യാര്‍ത്ഥി യുവജന കൂട്ടായ്‌മകള്‍ക്ക്‌ രൂപം നല്‍കി. അവയെല്ലാം വ്യത്യസ്‌ത പേരുകളിലാണ്‌ രൂപീകൃതമായത്‌. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ അന്‍സാറുല്‍ ഇസ്‌ലാം സംഘമായിരുന്നുവെങ്കിലും പ്രാദേശിക വേദികള്‍ അതിന്റെ ശാഖകളായിരുന്നില്ല, സ്വതന്ത്ര പ്രാദേശിക സംഘടനകളായിരുന്നു. ഇസ്‌ലാമിക്‌ ചേംബര്‍ ഫാറൂഖാബാദ്‌, മുസ്‌ലിം യൂത്ത്‌ മൂവ്‌മെന്റ്‌ ഫറോക്ക്‌, ഇസ്‌മിക്‌ സ്റ്റഡീസര്‍ക്കിള്‍ കടലുണ്ടി, ഇസ്‌ലാമിക്‌ യൂത്ത്‌ ഫോഴ്‌സ്‌ ബത്തേരി, ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സൊസൈറ്റി ചേളന്നൂര്‍, മുസ്‌ലിം യൂത്ത്‌ ആന്റ്‌ സ്റ്റുഡന്‍സ്‌ അസോസിയേഷന്‍ കൊടിയത്തൂര്‍, ഇസ്‌ലാമിക്‌ സര്‍വ്വീസ്‌ ബ്യൂറോ കരുവമ്പൊയില്‍, യൂത്ത്‌ സര്‍വന്റ്‌സ്‌ ഓര്‍ഗനൈസേഷന്‍ കൊടുവള്ളി, ഇസ്‌ലാമിക്‌ യൂത്ത്‌ ഫെഡറേഷന്‍ സലാമത്ത്‌ നഗര്‍, ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ അസോസിയേഷന്‍ വണ്ടൂര്‍, മുസ്‌ലിം കള്‍ച്ചറല്‍ അസോസിയേഷന്‍ കൂട്ടിലങ്ങാടി തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്‌. ഓരോ പ്രദേശത്തെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ഐ.എസ്‌.എല്ലിന്റെയും പ്രവര്‍ത്തകരാണ്‌ ഇതിന്‌ നേതൃത്വം നല്‍കിയിരുന്നത്‌. എന്നാല്‍ സംസ്ഥാന തലത്തില്‍ അവക്ക്‌ നേതൃത്വം നല്‍കുന്ന വേദി ഏതെന്നോ അതിന്റെ നേതാക്കള്‍ ആരെന്നോ ആര്‍ക്കും അറിയുമായിരുന്നില്ല.
ഓര്‍ക്കാന്‍ രസമുള്ള ഒരനുഭവം
കേരളത്തിലെ വിവിധ ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും ഭാവി പരിപാടികള്‍ക്ക്‌ രൂപം നല്‍കാനുമായി സംസ്ഥാന സമിതി കോഴിക്കോട്‌ നഗരത്തിലെ വ്യത്യസ്‌ത ലോഡ്‌ജുകളിലായാണ്‌ യോഗം ചേര്‍ന്നുകൊണ്ടിരുന്നത്‌. അക്കാലത്ത്‌ ലോഡ്‌ജുകളില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും പരിശോധന നടത്തിയത്‌ സംബന്ധിച്ച്‌ ധാരാളം വാര്‍ത്തകള്‍ കേട്ടുകൊണ്ടിരുന്നു. അതിനാല്‍ വളരെ രഹസ്യമായാണ്‌ അന്‍സാറുല്‍ ഇസ്‌ലാം സംഘത്തിന്റെ യോഗം ചേര്‍ന്നുകൊണ്ടിരുന്നത്‌. ഒരു ദിവസം കോഴിക്കോട്ടെ ആരാധനാ ടൂറിസ്റ്റ്‌ ഹോമിലെ മുറിയില്‍ യോഗം കഴിഞ്ഞ ശേഷം അലീഗറില്‍ നിന്ന്‌ വന്ന ഒരു കര്‍മ്മപരിപാടിയുടെ രേഖ പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഉസ്‌മാന്‍ തറുവായിയും പി.കോയയുമായിരുന്നു കൂടെയുണ്ടായിരുന്നത്‌. രാത്രി ഒമ്പത്‌ മണി കഴിഞ്ഞ ശേഷം വാതിലില്‍ ശക്തമായി ചവിട്ടുന്ന ശബ്ദം കേട്ടു. പോലീസുകാരായിരിക്കും അതെന്ന്‌ ഉറപ്പിച്ചു. അടിയന്തരാവസ്ഥയില്‍ പ്രവര്‍ത്തനരംഗത്തിറങ്ങുമ്പോള്‍ പിടികൂടപ്പെട്ടാല്‍ കൂടെയുള്ളവരെക്കുറിച്ചോ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഒരു വിവരവും നല്‍കുകയില്ലെന്ന്‌ കേന്ദ്ര സമിതിയിലുള്ളവരെല്ലാം അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞചെയ്‌തിരുന്നു. അതിനാല്‍ രഹസ്യം പുറത്തറിയാതിരിക്കാനായി പരിപാടിയുടെ ഇംഗ്ലീഷിലുള്ള കോപ്പിയും പരിഭാഷയും കീറി ചെറിയ കഷ്‌ണങ്ങളാക്കി ക്ലോസറ്റിലിട്ടു വെള്ളമൊഴിച്ചു. അപ്പോഴും വാതിലിന്മേലുള്ള ചവിട്ട്‌ ശക്തിയില്‍ തുടരുകയായിരുന്നു. തിരിച്ചു വന്ന്‌ വാതില്‍ മെല്ലെ തുറന്നു. അപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ പറ്റിയ അമളി ബോധ്യമായത്‌. ഞങ്ങളുടെ മുറിയുടെ തൊട്ടുമുമ്പിലുള്ള ഇന്ത്യന്‍ കോഫീ ഹൗസിന്റെ വാതില്‍ അടയാത്തതിനാല്‍ ചവിട്ടി അടക്കുകയായിരുന്നു അവര്‍. ഞങ്ങള്‍ ജാള്യതയോടെ മുറിയിലേക്ക്‌ ഉള്‍വലിഞ്ഞു. ഓര്‍മയില്‍ നിന്ന്‌ കര്‍മ്മപരിപാടി എഴുതിയുണ്ടാക്കുകയും ചെയ്‌തു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top