ബര്‍മ്മാ ടാപ്പ്‌

ശശികുമാര്‍ ചേളന്നൂര്‍ No image


ബര്‍മ്മയില്‍ നിന്ന്‌ ബാപ്പ കൊണ്ടുവന്ന കുട്ടിയാണ്‌ ഞാന്‍. യുദ്ധം പൊട്ടിയപ്പോള്‍ ജപ്പാന്‍, റങ്കൂണ്‍ പട്ടണം ബോംബിട്ടു നശിപ്പിക്കാന്‍ തുടങ്ങിയത്രെ. `ബില്ലി' നില്‍ കച്ചവടം ചെയ്‌ത്‌ പാര്‍ത്ത്‌ വന്ന ബാപ്പയും മൂത്താപ്പയും യുദ്ധം മുറുകിയപ്പോള്‍ കിട്ടിയതും കണ്ടതും കൂട്ടിപ്പെറുക്കി റങ്കൂണിലേക്കു പോന്നു. ചൊറിയും ചിരങ്ങും പിടിച്ച്‌ നാശമായ എന്നെ എന്തിനാണ്‌ നാട്ടിലേക്ക്‌ കെട്ടിപ്പെറുക്കി കൊണ്ടുപോകുന്നത്‌ എന്നാരോ ചോദിച്ചപ്പോള്‍ ബാപ്പ പറഞ്ഞത്രെ:
``ഇതിനെ ഇടേ ഇട്ടേച്ചു പോകാ ന്‍ പറ്റ്വോ? തള്ളയില്ലാത്ത ഇതിനെ എനെക്കങ്ങനെ തള്ളിക്കളയാന്‍ പറ്റ്വോ? ഒന്നുമില്ലെങ്കിലും ഇതിനെ ഞാനുണ്ടാക്കിയതല്ലേ, റബ്ബ്‌എനക്ക്‌ തന്ന ആദ്യത്തെ മോനല്ലേ?''
ബാപ്പയുടെ ന്യായവും കരച്ചിലും കേട്ടപ്പോള്‍ മൂത്താപ്പയും അടങ്ങിയത്രെ. ബര്‍മ്മയില്‍ ഒരു ബര്‍മ്മക്കാരിയെ നിക്കാഹ്‌ ചെയ്‌ത്‌ അനിയന്‍ `തോന്ന്യാസം' കാണിച്ചതില്‍ പിണങ്ങി നടന്ന ജ്യേഷ്‌ഠന്‍ അനിയനോട്‌ പറഞ്ഞുവത്രെ.
``അല്ലാഹു തവക്കല്‍ എന്ന്‌ വച്ച്‌ ഇതിനെ ഈട ഇട്ടേച്ച്‌ പോകാന്‍ മനസ്സ്‌ സമ്മതിക്കൂലാന്ന്‌ എനിക്കറിയാം. നിന്റെ മോനെ നീ എടുത്തോ. നമുക്ക്‌ നാട്ടിലേക്ക്‌ കൊണ്ട്‌ പോകാം. അവിടെ പോറ്റാം. ഇതിന്റെ ഉമ്മ മൗത്തായിപ്പോയ സ്ഥിതിക്ക്‌ ഇവിടെ ഇട്ടേച്ച്‌ പോകുന്നത്‌ ശരിയല്ല.''
അനിയന്‍ ജ്യേഷ്‌ഠന്റെ കാല്‍ക്കല്‍ വീണു. അവര്‍ പരസ്‌പരം കെട്ടിപ്പിടിച്ചു. അപ്പോള്‍ ജാപ്പാന്‍ പോര്‍ വിമാനങ്ങള്‍ റങ്കൂണ്‍ പട്ടണത്തിന്റെ മൂര്‍ധാവിലൂടെ വട്ടം ചുറ്റുകയായിരുന്നു. എല്ലാം ഉപേക്ഷിച്ച്‌ നാട്ടിലേക്ക്‌ പുറപ്പെട്ട അഭയാര്‍ത്ഥി പ്രവാഹത്തില്‍ ആ ജ്യേഷ്‌ാനുജന്മാര്‍ ചേര്‍ന്നു. അറാക്കന്‍ മലമുകളിലൂടെ അവര്‍ നടന്നു. കാടും മലയും താണ്ടിയ ആ അഭയാര്‍ത്ഥി പ്രവാഹത്തില്‍ എന്നെ ചുമലിലേറ്റി പിതാവ്‌. ചിറ്റഗോംഗിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയപ്പോഴും, കൂട്ടംതെറ്റി നഷ്ടപ്പെട്ടുപോകാതെ മാറോടണച്ചുപൂട്ടി ബാപ്പ എന്നെ കാത്തു സൂക്ഷിച്ചു.
പലരും പറഞ്ഞു കേട്ട കഥകളാണ്‌. അപ്പോഴെല്ലാം ചിലരുടെയെല്ലാം ചുണ്ടിലൂടെ പരിഹാസസ്വരത്തില്‍ കേള്‍ക്കാറുള്ള ഒരു വിളിയുണ്ട്‌, `ബര്‍മ്മാ ടാപ്പ്‌.'' എന്താണ്‌ ആ വിളിയുടെ അര്‍ത്ഥമെന്ന്‌ ഞാനന്വേഷിച്ചിട്ടില്ല. ബര്‍മ്മയില്‍ പിറന്നവന്‍. ബര്‍മ്മക്കാരിക്കുണ്ടായ പയ്യന്‍ എന്നൊക്കെയാവാം അതിന്റെ അര്‍ത്ഥം എന്നുമാത്രം കരുതി.
ബര്‍മ്മയില്‍ റങ്കൂണ്‍ പട്ടണത്തിന്‌ സമീപം ഐരാവതി നദിക്കരയിലുള്ള ബില്ലിന്‍ എന്ന ഗ്രാമത്തിലായിരുന്നു ജനനം. ഉമ്മ ബര്‍മ്മക്കാരി മാമൈദി. ബാപ്പ കൊയിലാണ്ടിയിലെ ഉസ്സങ്ങാന്റകത്ത്‌ മൊയ്‌തീന്‍ കുട്ടി ഹാജി. എന്നെ പ്രസവിച്ച്‌ മൂന്നാം നാള്‍ ഉമ്മ മരണപ്പെട്ടു. ഏഴു വയസ്സു വരെ ബര്‍മ്മയില്‍ ഉമ്മയുടെ കുടുംബത്തില്‍ ജീവിച്ചു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്‌ ബാപ്പയോടൊപ്പം ഇന്ത്യയിലെത്താന്‍ കാരണമായി. അങ്ങനെ കൊയിലാണ്ടിയില്‍ മലയാളിയായി വളര്‍ന്നു. ബാപ്പയുടെ ഉമ്മയുടെ തണലിലായിരുന്നു ജീവിതം. മലയാളമറിയാത്ത `ചെക്കന്റെ' കുസൃതി പാവം ഉമ്മാമ ഏറെ സഹിച്ചിരുന്നു. എന്നാല്‍ ഉമ്മാമയുടെ മരണശേഷം എനിക്ക്‌ കൗമാരം നഷ്ടപ്പെട്ടു. ബാല്യം ഇല്ലാതായി. `പടുമൂളയായി' തീര്‍ന്നവന്റെ അനാഥത്വത്തിന്റെ ആ നാളുകള്‍ എനിക്കിന്നേവരെ എഴുതാന്‍ പറ്റിയിട്ടില്ല.
ചെങ്ങോട്ടുകാവ്‌ എന്ന പ്രദേശത്ത്‌ മാടക്കര പള്ളിയിലെ ഖാസിയാണ്‌ അബൂബക്കര്‍ മുസ്‌ല്യാര്‍ എന്ന വലിയ മുസ്‌ല്യാര്‍. റമദാന്‍ മാസം മുതല്‍ക്കേ വലിയ മുസ്‌ല്യാര്‍ അവിടെയുണ്ടാവും. ശഅ്‌ബാന്‍ പതിനഞ്ചിന്‌ ദര്‍സിലെ കുട്ടികളെ പറഞ്ഞയച്ച ശേഷം മുസ്‌ല്യാര്‍ രാത്രി തന്നെ ചേങ്ങേട്ടുകാവിലേക്ക്‌ നടന്നുപോകും. ജുമാഅത്ത്‌ പള്ളിയില്‍ നിന്നും ഏതാണ്ട്‌ നാലുനാഴിക ദൂരമേ മാടക്കര പള്ളിയിലേക്ക്‌ ഉണ്ടാവൂ. പള്ളിയുടെ തൊട്ടടുത്തായാണ്‌ വലിയ മുസ്‌ല്യാരുടെ വീട്‌. അദ്ദേഹം തന്റെ വീട്ടില്‍ സ്ഥിരമായി തങ്ങുന്ന കാലമാണ്‌ റമദാന്‍ മാസം.
ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ശഅ്‌ബാന്‍ മാസം പതിനഞ്ച്‌ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. അന്നാണ്‌ `ബറാഅത്ത്‌ രാവ്‌.'
അന്ന്‌ കുട്ടികളെയെല്ലാം പള്ളിക്ക്‌ മുകളിലേക്ക്‌ വിളിച്ചു വരുത്തി വലിയ മുസ്‌ല്യാര്‍ ചുറ്റുമിരുത്തും. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന മധുര പലഹാരവും ചായയും കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യും.
``നല്ലോണം തിന്നോളിന്‍, ഇനി ഇന്‍ശാ അല്ലാ, നമ്മളൊക്കെ ഒന്നിച്ചു കഴിയാനും അല്ലാഹു തൗഫീഖ്‌ ചെയ്യട്ടെ''. വീണ്ടും വലിയ മുസ്‌ല്യാര്‍ ഫാത്തിഹാ ചൊല്ലാന്‍ പറയുന്നു. അത്‌ കഴിഞ്ഞ്‌ രണ്ട്‌ കയ്യും ഉയര്‍ത്തി വലിയ മുസ്‌ല്യാര്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥന ചൊല്ലുന്നു. നടുവില്‍ പായയില്‍ നിന്ന്‌ എഴുന്നേറ്റ്‌ മുസ്‌ല്യാര്‍ കുട്ടികളെല്ലാവരോടുമായി പറയും:
``ഇനി റമദാന്‍ കഴിഞ്ഞ്‌ കാണാം. റബ്ബിന്റെ തൗഫീഖ്‌ ഉണ്ടാവട്ടെ- ഇന്‍ശാ അല്ലാഹ്‌-''
പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ എണ്ണിത്തീരുക പെട്ടെന്നാണ്‌. ഏതെങ്കിലും ദിക്കില്‍ മാസപ്പിറവി കണ്ട്‌ ഉറപ്പിച്ചാല്‍ ജുമുഅത്ത്‌ പള്ളിയില്‍ നിന്നും, ഉറക്കെ ``നഹാരം'' മുട്ടുന്നത്‌ കേള്‍ക്കാം. ആ പെരുമ്പറുടെ ശബ്ദം എന്റെ നാട്ടിന്റെ ഹൃദയത്തില്‍ മുഴങ്ങുന്നതോടെ റമദാന്റെ വരവിനായി കാത്തിരിക്കുന്ന വീട്ടിലെ ഉമ്മ പെങ്ങന്മാര്‍ പറയുന്നു.
``കുട്ട്യോളെ മാസമുറപ്പിച്ചോളീ- അത്തായക്കുടുക്ക അടുപ്പത്ത്‌ കേറ്റിക്കോളീന്‍.''
നഹാരം മുഴങ്ങുന്ന ശബ്ദം കേട്ടാലുടനെ ഞങ്ങള്‍ പള്ളിയുടെ മുറ്റത്തേക്ക്‌ ഓടും, ചിലപ്പോള്‍ നേരം വളരെ വൈകിയാവും മാസപ്പിറവി ഉറപ്പിക്കുക. അങ്ങനെയുള്ള അവസരങ്ങളില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പെട്ടെന്ന്‌ നഹാരം മുഴങ്ങുന്ന ജുമുഅത്ത്‌ പള്ളിയുടെ മുറ്റത്തേക്ക്‌ പാതിരാനേരത്ത്‌ ഇറങ്ങിയോടിചെല്ലാന്‍ പറ്റുകയില്ല. ഉമ്മാമ അതിനൊന്നും തീരെ അനുവാദം തരുകയില്ല.
റങ്കൂണില്‍ നിന്ന്‌ ബാപ്പ നാട്ടില്‍ വരുന്ന അവസരത്തിലാണ്‌ റമദാന്‍ മാസം സമാഗതമായതെങ്കില്‍ എനിക്ക്‌ കുശാലാണ്‌. നോമ്പുകാലത്ത്‌ ഏത്‌ പാതിരാക്കും ഇറങ്ങി പുറത്തേക്ക്‌ പോകാന്‍ ഉപ്പ അനുവാദം തരും. കാരണം പ്രാര്‍ത്ഥനക്ക്‌ എഴുപതിരട്ടി പുണ്യം കിട്ടുന്ന മാസമാണല്ലോ അത്‌. ചങ്ങലയില്‍ ബന്ധിതനായ ഇബ്‌ലീസിന്റെ കുതന്ത്രങ്ങള്‍ കുട്ടികളെ വഴിപിഴപ്പിക്കാന്‍ നോമ്പിന്‌ എന്തായാലും ഉണ്ടാവില്ലയെന്ന്‌ ബാപ്പ കരുതുന്നു. എങ്കിലും അടുക്കളയില്‍ നിന്ന്‌ അത്താഴത്തിനും മുത്താഴത്തിനും വേണ്ട വിഭവങ്ങള്‍ ഒരുക്കുന്നതിനിടയില്‍ ഉമ്മാമ പറയാറുണ്ട്‌.
``മൊയ്‌തീന്‍ കുട്ടീ, ചെക്കനെ ഒപ്പരം കൊണ്ടു പോയാല്‍ പോരെ...''
നോമ്പുതുറയും കഴിഞ്ഞ്‌ ഇശാ നമസ്‌ക്കാരത്തിനു പള്ളിയിലേക്കു പോകാനിറങ്ങുന്ന എന്നേയും എന്റെ കൂട്ടുകാരെയും ചൂണ്ടി ബാപ്പ പറയും.
``ഓര്‌ കുട്ട്യോളല്ലേ, പള്ളിയിലേക്ക്‌ നേരത്തെ തന്നെ പുറപ്പെട്ടോട്ടെ. ഓനും കൂട്ടുകാരും ഒപ്പം തന്നെ പോയിക്കോട്ടെ. ഇവിടെയിരുന്നാല്‍ നോമ്പിന്റെ ക്ഷീണവും പളള നെറഞ്ഞ അമലും കൊണ്ട്‌ ഓനവിടെ കെടന്ന്‌ ഒറങ്ങിപ്പോകും. പിന്നെ ഇശാനമസ്‌ക്കാരവും തറാവീഹ്‌ നിസ്‌കാരവും കല്ലത്തായിപ്പോവും. ഓന്‍ പോയിക്കോട്ടെ...''
ബാപ്പയുടെ സമ്മതം കിട്ടയയുടന്‍ ഞാനും കൂട്ടുകാരും പള്ളിമുറ്റത്ത്‌ എത്തിയിട്ടുണ്ടാവും. റങ്കൂണില്‍ നിന്ന്‌ നോമ്പിന്‌ അക്കുറി ബാപ്പ വന്നില്ലെങ്കിലാണ്‌ എനിക്ക്‌ വിഷമം. കൂട്ടുകാര്‍ക്കൊപ്പം പള്ളിപ്പരിസരത്തിലേക്ക്‌ മണ്ടിപ്പാഞ്ഞ്‌ പോകാനാവുകയില്ലല്ലോ.
ബാപ്പ റങ്കൂണില്‍ നിന്നെത്തുന്ന ദിവസം തറവാട്ടിലൊത്തുകൂടുന്ന പെണ്ണുങ്ങള്‍, സഫറുകാരനെ കെട്ടിപ്പിടിച്ച്‌ കണ്ണീരൊഴുക്കുന്നത്‌ കാണാ ദൂരത്ത്‌ നിന്ന്‌ എത്തുന്ന ഉടപ്പിറന്നവനെ കണ്ട സന്തോഷം കൊണ്ടാണെന്ന്‌ തറവാട്ടിലെ ആരോ ഒരാള്‍ പറഞ്ഞിരുന്നു. വലിയ പെട്ടിതുറന്നു കൊണ്ടുവന്ന റങ്കൂണ്‍ സമ്മാനങ്ങള്‍ ബാപ്പയും ഉമ്മാമയും വേണ്ടപ്പെട്ടവര്‍ക്കൊക്കെ വീതിച്ചുകൊടുക്കുമ്പോഴാണ്‌ കരഞ്ഞ്‌ കണ്ണ്‌ ചുവപ്പിച്ചവരുടെയൊക്കെ മുഖം തെളിയുക. എല്ലാം കണ്ട്‌ അന്തം വിട്ടവനെപ്പോലെ നില്‍ക്കുന്ന എന്നെ നോക്കി ബാപ്പ ചോദിക്കാറുണ്ട്‌.
``മ്യാ കൊയി മേലുദാ...''
ബര്‍മ്മ ഭാഷ മറന്നവനായ ഞാന്‍ കണ്ണും നിറച്ച്‌ ശബ്ദമിടറിപ്പറയുന്നു.
``എനിക്ക്‌ പിയ്യതുണീം കുപ്പായവും മേണം...''
ബാപ്പ എന്നെ കെട്ടിപ്പിടിക്കുന്നു. ഉമ്മ വെക്കുന്നു. എളിയില്‍ എടുത്ത്‌ എല്ലാവരോടുമായി പറയും.
``എന്റെ മോന്‌ ബര്‍മ്മ ഭാഷ മറന്നല്ലോ? ഓനെ എഴുതാന്‍ കൂട്ട്യോ?''
``ഓനെ എഴുതാനും കൂട്ടീക്ക്‌. മാമു മുസ്‌ല്യാരെ ഓത്ത്‌പുര വിട്ടാ മാപ്പിള സ്‌കൂളില്‍ പോകും. ഒന്നാം ക്ലാസിലെ അബ്ദുമാസ്റ്റരാ ഓനെ പഠിപ്പിക്കുന്നത്‌. അമ്പക്കാന്റെ അകത്ത്‌ അബ്ദുമാസ്റ്ററെ മോനിക്ക്‌ അറിഞ്ഞൂടെ?''
``അബ്ദുമാസ്റ്ററെ എനിക്കറിയാം. ഞാന്‍ മൂപ്പര്‍ക്ക്‌ ഒരു പാര്‍ക്കര്‍ പെന്‍ കൊണ്ടുവന്നിട്ടുണ്ട്‌. ഡാഗാമല്‍ മല്ലിന്റെ കുപ്പായവും റങ്കൂണ്‍ ബനിയനും ഒരു പെട്ടി ചുരുട്ടും മൂപ്പര്‍ക്ക്‌ കൊടുക്കണം. എവന്റെ കാര്യത്തില്‍ ഒരു കണ്ണ്‌ വേണമെന്ന്‌ പറയണം. എന്തെങ്കിലും മൂപ്പര്‍ക്ക്‌ കൈ മടക്കുകയും വേണം.''
ബാപ്പ എന്നെ താഴത്ത്‌ വെക്കുന്നു. കുളി കഴിഞ്ഞ്‌ വന്നാല്‍ ഉമ്മാമ ചോറ്‌ വിളമ്പി ബാപ്പ ഉണ്ണാനിരിക്കുമ്പോള്‍ എന്നെയും വിളിക്കും. അന്ന്‌ ബാപ്പയാണ്‌ ചോറുരുട്ടി എന്റെ വായില്‍ ഇട്ട്‌ തരിക. ഉമ്മാമ പറയും.
``നീ പോകുന്ന വരെയല്ലേയുള്ളു ഈ കളിയൊക്കെ. പിന്നെ, ഓന്റെ നാമൂസും കളിയും എടങ്ങേറാക്കലും നീ കണ്ട്‌ക്കില്ലാലോ.''
ബാപ്പ എന്നെ മടിയിലിരുത്തി വീണ്ടും ചോറുരുള കുഴച്ചുരുട്ടി തീറ്റുന്നതിനിടയില്‍ പറയും. ``മോന്‍ ഉമ്മാമാനെ എടങ്ങറാക്കരുതേ. പെരുന്നാളിനിടാന്‍ മോന്‌ പുതിയ കുപ്പായവും തുണിയും ഉപ്പ കൊണ്ടുവന്നിക്ക്‌. പുതിയതു വേറെയും.''
പെട്ടി തുറന്ന്‌ സാധനങ്ങള്‍ ചുറ്റും കൂടിയ ആള്‍ക്കാരെ കാണിക്കുന്നതുവരെ ഞാനും ഉറങ്ങുകയില്ല. വളരെ വൈകി ബാപ്പയുടെ കട്ടിലില്‍ തൊട്ടടുത്തു തന്നെ കിടന്നുറങ്ങും.
ബില്ലിനിലെ മരപ്പലക ചുമരുകള്‍ മാത്രമായ വീടിന്റെ മുറിയില്‍ ബാപ്പയൊന്നിച്ച്‌ കിടന്നുറങ്ങിയ ഓര്‍മകള്‍ ഇപ്പോഴും വര്‍ണ്ണക്കിനാവുകളായി എന്റെ ഇളം മനസ്സിനെ നൊട്ടി നുണയാനാവുമായിരുന്നു.
നോമ്പ്‌ 27ന്‌ വലിയങ്ങാടിയിലെ ഒരു കച്ചവടക്കാരന്‍ തറവാട്ടിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സകാത്ത്‌ കൊടുക്കും. കൂട്ടത്തില്‍ കുട്ടികള്‍ക്കും പെരുന്നാളിന്‌ പടക്കം വാങ്ങാന്‍ പുത്തന്‍ ഉറുപ്പികയും നാണയവും കൊടുക്കും. പെരുന്നാള്‍ പൈസ എന്നാണതിന്‌ പറയുക. എനിക്ക്‌ മാത്രം തരില്ല. ഞാന്‍ തറവാട്ടിലെ അംഗമല്ലല്ലോ. എന്റെ വിഷമം മനസ്സിലാക്കി ഇളയമ്മ എനിക്ക്‌ തരും. ഞാനത്‌ വാങ്ങുമെങ്കിലും അയാളോടുള്ള പ്രതിഷേധം എന്റെ മനസ്സിലുണ്ടാവും.
ഉമ്മാമ മരിച്ചതിനു ശേഷം ഉപ്പാന്റെ രണ്ടാം ഭാര്യയുടെ കൂടെയായിരുന്നു എന്റെ താമസം. ഇളയമ്മയുടെ വീട്‌ പട്ടണത്തിലായിരുന്നു. പട്ടണത്തില്‍ ഞാന്‍ അന്യനായി. ബാപ്പ വരുമ്പോള്‍ മാത്രമായിരുന്നു ആഹ്ലാദവും സന്തോഷവും. ബാപ്പ ജുമുഅത്ത്‌ പള്ളി ഭാഗവും ഇളയമ്മ മൊയ്‌തീന്‍ പള്ളി ഭാഗവുമായിരുന്നു. ഒരു തവണ പെരുന്നാള്‍ മാസം ഉറപ്പിക്കുന്നത്‌ സംബന്ധിച്ച്‌ രണ്ട്‌ വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. പെരുന്നാള്‍ മാസപ്പിറവി കണ്ടെന്ന്‌ പറഞ്ഞ്‌ മൊയ്‌തീന്‍ പള്ളി വിഭാഗം പെരുന്നാള്‍ ഉറപ്പിച്ചു. സാധാരണ രണ്ടു കൂട്ടരും സഹകരിച്ചാണ്‌ ഉറപ്പിക്കാറ്‌. മൊയ്‌തീന്‍ പള്ളി മാസം ഉറപ്പിച്ച്‌ നഹാരം കൊടുക്കുകയും ചെയ്‌തു. ഇത്‌ ജുമുഅത്ത്‌ പള്ളി വിഭാഗം അംഗീകരിച്ചില്ല. ഈ സമയം ബാപ്പ നാട്ടിലില്ലായിരുന്നു. ജുമുഅത്ത്‌ പള്ളി വിഭാഗക്കാരനായതിനാല്‍ ഞാന്‍ നോമ്പു നോല്‍ക്കണം. തറവാട്ടില്‍ എല്ലാവര്‍ക്കും പെരുന്നാള്‍. എനിക്ക്‌ മാത്രം നോമ്പ്‌. ഇളയമ്മ എനിക്ക്‌ നോമ്പ്‌ തുറക്കു വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കി. പിറ്റേന്ന്‌ എനിക്ക്‌ മാത്രം പെരുന്നാള്‍. പെരുന്നാളിന്‌ ഇളയമ്മ ചോറും വിഭവങ്ങളും എനിക്കുവേണ്ടി തയ്യാറാക്കി. അന്ന്‌ വരെ എനിക്ക്‌ തോന്നിയത്‌ ഇളയമ്മക്ക്‌ എന്നോട്‌ സ്‌നേഹമില്ലെന്നായിരുന്നു. ആ പെരുന്നാള്‍ ദിനത്തിലാണ്‌ അവരുടെ സ്‌നേഹം എനിക്ക്‌ മനസ്സിലായത്‌.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top