ദയാപിറവിയില്‍ ഒരു പെണ്‍ജീവിതം

പ്രജേഷ്‌ സെന്‍ No image

മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലൊരു ക്യൂ. ഒരു വയസിനും അഞ്ചുവയസിനും ഇടയില്‍ പ്രായമായ പെണ്‍കുഞ്ഞുങ്ങളെയും ചുമലിലേറ്റി കുറേ അമ്മമാര്‍ നിരന്നുനില്‍ക്കുന്നുണ്ട്‌. പേര്‌ വിളിക്കുന്ന മുറയില്‍ ഓരോ പെണ്‍കുട്ടികളേയും തിയേറ്ററിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകും. മണിക്കൂറുകള്‍ കഴിയുമ്പോള്‍ കുട്ടികള്‍ പോസ്‌റ്റ്‌ ഓപ്പറേഷന്‍ ഐ.സി.യുവിലേക്ക്‌ മാറ്റപ്പെടും. അവിടെ അവന്‍ പുതിയ പേരുകളിലായിരിക്കും അറിയപ്പെടുന്നത്‌. അനുരാധ എന്ന പേരുമായി ശസ്‌ത്രക്രിയാ മുറിയില്‍ പ്രവേശിച്ച മൂന്നുവയസുകാരി അരുണ്‍ ആയും, ഇന്ദു എന്ന പേരുകാരി ഇന്ദ്രജിത്തായും മാറ്റപ്പെടുന്നു. പിന്നെ ഹോര്‍മോണുകളും മരുന്നും കുത്തിനിറച്ച്‌ ബ്രോയ്‌ലര്‍ കോഴിയെ മാംസം വളര്‍ത്തി കച്ചവടച്ചരക്കാക്കി മാറ്റും പോലെ അവളെ അവന്മാരാക്കി പോറ്റും .
`ജെനിറ്റോപ്ലാസ്‌റ്റി' എന്ന പേരില്‍ അടുത്തിടെ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന പുതിയൊരു പാശ്‌ചാത്യ വൈദ്യശാസ്‌ത്ര മേഖലയുടെ കച്ചവട സാധ്യതയാണ്‌ മേല്‍ വിവരിച്ചത്‌. പെണ്ണായി ജനിക്കുന്നവരെ ആണാക്കാനും ആണായി പിറന്നവനെ പെണ്ണാക്കാനും ശാസ്‌ത്രം വികസിപ്പിച്ചെടുത്ത ശസ്‌ത്രക്രിയയാണ്‌ `ജെനിറ്റോപ്ലാസ്‌റ്റി'. പെണ്‍ജീവിയുടെ ശരീരത്തില്‍നിന്നും ഗര്‍ഭാശയമടക്കമുള്ള പെണ്‍മ എല്ലാം അറുത്തുമാറ്റിയശേഷം ആണ്‍ജീവിയായി ശസ്‌ത്രക്രിയയിലൂടെ പുതുജന്മം നല്‍കുന്ന ഏര്‍പ്പാടാണിത്‌. എന്നാല്‍ ആണ്‍കുട്ടിയെ പെണ്ണാക്കാന്‍ ശാസ്‌ത്രത്തിന്‍െറ ഈ മഹാകണ്ടുപിടിത്തം ഉപയോഗിക്കുന്നില്ല എന്നതാണ്‌ ഏറ്റവും സങ്കടകരമായ വസ്‌തുത.
പെണ്‍കുട്ടികളെ വളര്‍ത്താന്‍ ആര്‍ക്കും താല്‍പര്യമില്ലെന്നതിന്‍െറ വ്യക്‌തമായ ഉദാഹരണമാണ്‌ ഇവിടെ വെളിവാകുന്നത്‌. ഗര്‍ഭസ്‌ഥശിശുവിന്‍െറ ലിംഗനിര്‍ണയം നിയമം മൂലം നിരോധിച്ചിട്ടും ആ പരിശോധന വ്യാപകമായി നടക്കുകയും പെണ്‍ഭ്രൂണത്തെ മുളയിലേ കൊന്നുകളയുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ ഗര്‍ഭഛിദ്രം കഴിയാത്ത അവസ്‌ഥയില്‍ കൊല്ലുന്നത്‌ മുടങ്ങും.
കൊന്നാല്‍ മാതാവും കൊല്ലപ്പെട്ടേക്കാം എന്ന ഗുരുതര അവസരങ്ങളില്‍ ദയാവധം പോലെ `ദയാപിറവി' അനുവദിക്കും. പിറന്നാല്‍ പിന്നെ തീവണ്ടിയുടെ ക്ലോസറ്റുവഴിയോ കുപ്പത്തൊട്ടി വഴിയോ അവളെ ഉപേക്ഷിക്കാം. ചിലര്‍ക്ക്‌ അത്രയും വലിയ ക്രൂരതക്ക്‌ മനസ്സ്‌ വരില്ല. അത്തരം `മനഃസാക്ഷി'യുള്ള രക്ഷാകര്‍ത്താക്കള്‍ക്ക്‌ വേണ്ടിയാണ്‌ നമ്മുടെ ഈ പുതിയ ശസ്‌ത്രക്രിയ ഉപകാരപ്പെടുന്നത്‌.
ജനിതക വൈകല്യത്തിലൂടെ മൂന്നാം ലിംഗത്തില്‍ പിറക്കുന്നവരെ സാധാരണ ജീവിതത്തിലേക്ക്‌ കൊണ്ടുവരാന്‍ ചെയ്യുന്ന വളരെ സങ്കീര്‍ണമായ ശസ്‌ത്രക്രിയയാണ്‌ ജെനിറ്റോപ്ലാസ്‌റ്റി. ഈ ശസ്‌ത്രക്രിയയാണ്‌ ഇപ്പോള്‍ വെറും സൗകര്യങ്ങള്‍ക്കുവേണ്ടി നടത്തുന്നത്‌. ഇത്തരത്തില്‍ ശസ്‌ത്രക്രിയ നടത്തിയ ആണായി മാറിയ കുട്ടികള്‍ വളര്‍ന്ന്‌ വലുതാകുമ്പോള്‍ അവരില്‍ പ്രത്യുത്‌പാദന ശേഷിയടക്കം ആണ്‍ ഗുണങ്ങള്‍ എന്തെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. എന്നിട്ടും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മുന്നൂറിലധികം പെണ്‍കുട്ടികളാണ്‌ ആണ്‍കുട്ടികളായി ജനിതക മാറ്റത്തിലൂടെ മാറിയത്‌. ആണിന്‍െറ കൃത്രിമ രൂപവും പെണ്‍ശരീരവും മനസുമായി ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുന്ന മനുഷ്യക്കുട്ടികളെയാണ്‌ നമ്മളിനി കാണാന്‍ പോകുന്നത്‌.
പെണ്ണിന്‌ ജീവിക്കാന്‍ ഇവിടെ ഇടമില്ല
അടുത്ത പതിറ്റാണ്ടില്‍ പെണ്‍കുട്ടികളെ കാണണമെങ്കില്‍ ബിഗ്‌ ബസാറുകളുടെ കണ്ണാടി അലമാരകളില്‍ നോക്കേണ്ടി വരും. അവിടെ ഹോളോഗ്രാം കഴുത്തില്‍ പതിച്ച്‌ പ്രൈസ്‌ ടാഗ്‌ കെട്ടി വില്‍പ്പനക്ക്‌ വെച്ചിട്ടുണ്ടാകും വിദേശ നിര്‍മിത പെണ്‍കൊടികള്‍. പരസ്യ ചിത്രങ്ങളില്‍ അല്‍പവസ്‌ത്രം ധരിച്ച്‌ പ്രത്യക്ഷപ്പെടാനും സിനിമകളില്‍ നായകന്‍െറ അടിമയായി കെട്ടിയൊരുങ്ങാനും ജീവിതത്തില്‍ ഇരുണ്ടമുറിയില്‍ കാമാവേശം ഏറ്റുവാങ്ങാനും മതി പുതിയ കാലത്തിന്‌ പെണ്ണിന്‍െറ സാന്നിധ്യം. അതിനപ്പുറം മനസും ശരീരവും വേദനയും കണ്ണീരുമുള്ള ആ എതിര്‍ലിംഗ ജീവിയെ ആര്‍ക്കും വേണ്ടാതായിരിക്കുന്നു എന്ന്‌ തോന്നുകയാണ്‌ പുതിയ സംഭവങ്ങള്‍. പെണ്‍കുട്ടികളെ ആണാക്കി മാറ്റാന്‍ ശസ്‌ത്രക്രിയക്ക്‌ ചാടിപ്പുറപ്പെടുന്നവരില്‍ ഏറെയും അമ്മമാരാണെന്ന സങ്കടമാണ്‌ ഈ കണക്കുകള്‍ പുറത്തേക്ക്‌ കൊണ്ടുവരുന്നത്‌. നടുറോഡില്‍ കൂട്ടംചേര്‍ന്ന്‌ മര്‍ദിക്കാനും ഇരുളിന്റെ ഒറ്റമുറിയില്‍ കടന്ന്‌ പിടിച്ച്‌ കടിച്ചുകീറാനും മാത്രമായി ചുരുങ്ങിപ്പോകുന്നു പെണ്‍ സ്വാതന്ത്ര്യത്തിന്റെ ലിംഗ സമത്വം.
2007-2008 കാലയളവില്‍ സംസ്ഥാനത്ത്‌ 2,87006 ആണ്‍കുട്ടികളാണ്‌ ജനിച്ചത്‌. ഈ കാലത്ത്‌ 2,52,875 പെണ്‍കുട്ടികള്‍ ജനിച്ചു. കണക്ക്‌ കൂട്ടുമ്പോള്‍ 34,131 പെണ്‍മക്കള്‍ കുറവ്‌. ഒരുപക്ഷേ സാങ്കേതികമാകാം. എങ്കിലും ഇത്രയധികം കുറവ്‌ എങ്ങനെ വന്നു എന്നത്‌ നമ്മള്‍ പരിശോധിക്കുന്നില്ല. 2009 മുതല്‍ 11 ജനുവരി വരെയുള്ള കണക്കുകള്‍ നോക്കിയപ്പോള്‍ കേരളം സാക്ഷരതയില്‍ മാത്രമല്ല കുരുന്നുകളെ കൊന്നൊടുക്കുന്നതിലും ഒന്നാം സ്‌ഥാനത്താണെന്ന്‌ ബോധ്യമായി.
ശിശുവിന്‍െറ അവകാശം
മാതാപിതാക്കള്‍ തങ്ങളുടെ സൗകര്യം കണക്കാക്കി കൊല്ലാനും ലിംഗം മാറ്റി വളര്‍ത്താനും ശ്രമിക്കുമ്പോള്‍ പിറവിയെടുക്കുന്ന കുഞ്ഞിനും ചില അവകാശങ്ങള്‍ ഉണ്ടെന്ന കാര്യം വിസ്‌മരിക്കപ്പെടുന്നു. വെറുതെ ജീവനോടെ ഇരിക്കുന്നതിനുള്ള അവകാശമല്ല മറിച്ച്‌ പ്രവര്‍ത്തനക്ഷമവും ആരോഗ്യവുമുള്ള ശരീരത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്‌. ഈ അവകാശത്തെ ഉന്മൂലനം ചെയ്യുന്ന മാതാപിതാക്കളുടെ പ്രവൃത്തികള്‍ നിയമലംഘനത്തിനൊപ്പം പാപവുമാണെന്ന ധാരണ നമുക്കിനിയും തിരിച്ചറിയാനായിട്ടില്ല.
ഗര്‍ഭഛിദ്രം അഥവാ പിറക്കുംമുമ്പേ കൊല
പിറക്കും മുമ്പേ അമ്മയുടെ ഉദരത്തിന്‍െറ ചുവന്ന വെട്ടത്തില്‍ അരുംകൊല ചെയ്യപ്പെടുന്ന ശിശുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്‌. ഗര്‍ഭഛിദ്രം നടത്താന്‍ കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവ കാറ്റില്‍പറത്തിയാണ്‌ ഈ കൊല അരങ്ങേറുന്നത്‌. ഗര്‍ഭസ്‌ഥ ശിശു തന്‍െറ ശരീരത്തിന്‍െറ ഭാഗമായതിനാല്‍ അതിനെ നശിപ്പിക്കാനുള്ള മറ്റുള്ളവരുടെ ശ്രമത്തിനെതിരെ നിയമപരമായി പരാതിപ്പെടാനും സംരക്ഷണം നേടാനും അമ്മക്ക്‌ അവകാശമുണ്ട്‌. പക്ഷേ ആ അവകാശത്തിനപ്പുറം അമ്മ തന്നെ അത്തരം അരുംകൊലക്ക്‌ കൂട്ടുനിന്നാല്‍ പിന്നെ നിയമങ്ങളുടെ പ്രസക്‌തി ഇല്ലാതാവുക തന്നെ ചെയ്യും.
1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ്‌ പ്രഗ്‌നന്‍സി ആക്‌ട്‌ (എം.ടി.പി) പ്രകാരം ഇന്ത്യയില്‍ ഗര്‍ഭഛിദ്രം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്‌. പെണ്‍ജീവി പിറക്കുന്നത്‌ അമ്മ തന്നെ തടയുന്ന സാഹചര്യം ഏറിവരുമ്പോഴും നിയമം അജ്‌ഞാതവാസത്തിലാണ്‌.
ഗര്‍ഭധാരണത്തിനുശേഷം 12 ആഴ്‌ചക്കുമുമ്പാണ്‌ ഗര്‍ഭഛിദ്രം നടത്തുന്നതെങ്കില്‍ രജിസ്‌ട്രേഡ്‌ മെഡിക്കല്‍ പ്രാക്‌ടീഷണറുടെ സാന്നിധ്യം ആവശ്യമാണ്‌ എന്നതാണ്‌ ഈ നിയമത്തിലെ പ്രധാന വസ്‌തുത. ഇത്‌ പലപ്പോഴും നടക്കാറില്ല. രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരിക്കും 12 ആഴ്‌ചക്കു മുമ്പുള്ള ഗര്‍ഭം അലസിപ്പിക്കുന്നത്‌. മാനഹാനിയും രഹസ്യം സൂക്ഷിക്കാനുള്ള ത്വരയും നിയമത്തെ മറികടന്ന്‌ ഗര്‍ഭഛിദ്രം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌.
12 ആഴ്‌ചക്കും 20 ആഴ്‌ചക്കും ഇടയില്‍ ഗര്‍ഭഛിദ്രം നടത്തണമെങ്കില്‍ രണ്ട്‌ ഡോക്‌ടര്‍മാരുടെ സാന്നിധ്യം ആവശ്യമാണെന്ന്‌ എം.ടി.പി ആക്‌ട്‌ പറയുന്നു. ഈ അവസ്‌ഥ പ്രശ്‌ന സാധ്യതയുള്ളതിനാല്‍ പലരും ഡോക്‌ടറെ കാണാറുണ്ട്‌. അതായത്‌ ഒരു രജിസ്‌ട്രേഡ്‌ ഡോക്‌ടറുടെ സാന്നിധ്യത്തിലായിരിക്കും ഗര്‍ഭഛിദ്രമെന്ന്‌ സാരം. ഈ സമയത്ത്‌ കുഞ്ഞിന്‍െറ ലിംഗനിര്‍ണയം നടത്തിയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്‌ പലപ്പോഴും അനധികൃതമായിരിക്കും.
20 ആഴ്‌ച കഴിഞ്ഞ ഗര്‍ഭമാണെങ്കില്‍ ഒരു കാരണവശാലും ഗര്‍ഭഛിദ്രം നടത്താന്‍ പാടില്ലെന്ന്‌ നിയമം അനുശാസിക്കുന്നുണ്ട്‌. എന്നാല്‍ മിക്കയിടത്തും ഈ കാലയളവിലാണ്‌ ഗര്‍ഭഛിദ്രം കൂടുതല്‍ നടക്കുക.
രണ്ടുവര്‍ഷം മുന്‍പ്‌ പഞ്ചാബിലെ പാട്യാലക്കടുത്ത്‌ പത്രാന്‍ ഗ്രാമത്തിലെ പൊട്ടക്കിണറ്റില്‍നിന്നും നൂറുകണക്കിന്‌ പെണ്‍ഭ്രൂണങ്ങള്‍ ലഭിച്ചു. വര്‍ഷങ്ങളായി അനധികൃതമായി ഭ്രൂണഹത്യ നടത്തി വന്ന വ്യാജ ഡോക്‌ടര്‍ ദമ്പതികളുടെ ചെറിയ ക്ലിനിക്കിന്‌ സമീപത്തായിരുന്നു ഈ പൊട്ടക്കിണര്‍. കിണര്‍ ശുചീകരിച്ചപ്പോഴാണ്‌ 20 ആഴ്‌ച കഴിഞ്ഞ നൂറുകണക്കിന്‌ പെണ്‍ഭ്രൂണങ്ങള്‍ ലഭിച്ചത്‌. ഇത്‌ കേവലം ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കഥ. വന്‍നഗരങ്ങളിലെ ഹൈടെക്‌ ആശുപത്രികളിലും ഗര്‍ഭഛിദ്രം കരാര്‍ പോലെ ഏറ്റെടുത്ത്‌ നടത്തുന്ന ആശുപത്രികളുടെയും പിന്നാമ്പുറം പരിശോധിച്ചാല്‍ ഇതിലും കൂടുതല്‍ ഞെട്ടിക്കുന്ന കഥകള്‍ ലഭിക്കും.
ഗര്‍ഭധാരണം അമ്മയുടെ ജീവനെ അപകടത്തിലാക്കുകയോ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്‌ തടസമാവുകയോ ചെയ്യുമെന്ന്‌ വിദഗ്‌ധ ഡോക്‌ടര്‍ അഭിപ്രായപ്പെട്ടാല്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താന്‍ നിയമം അനുവദിക്കുന്നുള്ളൂ. എന്നാല്‍ ഈ മാനുഷിക അനുകമ്പ ഒന്നും നോക്കാതെ പിറക്കും മുമ്പേ കൊന്ന്‌ കുപ്പത്തൊട്ടിയിലേക്ക്‌ വലിച്ചെറിയുകയാണ്‌ പെണ്‍കുട്ടികളെ വേണ്ടാത്തവര്‍.
പെണ്‍കൊടികള്‍ കുറഞ്ഞുകുറഞ്ഞില്ലാതാകുന്നു
ഇന്ത്യയിലെ ലിംഗാനുപാതം നോക്കിയാല്‍ 1901 മുതല്‍ തന്നെ സ്‌ത്രീ ജനസംഖ്യ കുറഞ്ഞുവരുന്നതായി കാണാം. 1981നും 91നുമിടയില്‍ വന്‍കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. 1000 പുരുഷന്മാര്‍ക്ക്‌ 972 സ്‌ത്രീകള്‍ എന്നതാണ്‌ അന്നത്തെ കണക്ക്‌. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അത്‌ വീണ്ടും കുറഞ്ഞുവന്നു.
പെണ്‍ഭ്രൂണഹത്യ ഒന്നുകൊണ്ടുമാത്രമാണ്‌ ഇന്ത്യയില്‍ സ്‌ത്രീ ജനസംഖ്യ കുറഞ്ഞുവരാന്‍ കാരണമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്‌.
വീട്ടില്‍ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഉണ്ടെങ്കില്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ലിംഗസമത്വം ഇല്ലായ്‌മ ചെയ്യുന്നത്‌ അവിടെ നിന്നാണ്‌ എന്ന്‌ ബോധ്യമാവും. ആഘോഷവേളകളില്‍ ആണ്‍കുട്ടിക്ക്‌ കളിപ്പാട്ടങ്ങളായി കാര്‍, ജീപ്പ്‌, തോക്ക്‌ തുടങ്ങിയവയാണ്‌ വാങ്ങിക്കൊടുക്കുന്നത്‌. അതേസമയം പെണ്‍കുട്ടിക്ക്‌ ഒരു പെണ്‍പാവ, റിബണ്‍, ചില നഖം മിനുക്കാനുള്ള സാധനങ്ങള്‍ ഒക്കെയാവും. ഈ ചെറിയ വേര്‍തിരിവ്‌ വീടകത്തുനിന്ന്‌ തുടങ്ങി സ്‌കൂളിലേക്കും പൊതുസമൂഹത്തിലേക്കും വളരും. അവിടെ പെണ്‍കുട്ടി എപ്പോഴും കരയാനും ചിരിക്കാനും കീ കൊടുക്കുമ്പോള്‍ നൃത്തം ചെയ്യാനുള്ള പാവയായി രൂപാന്തരപ്പെടുന്നു. ഈ രൂപാന്തരത്തിന്‍െറ ഉത്തരവാദികളും രക്ഷാകര്‍ത്താക്കള്‍ ആകുമ്പോള്‍ പിന്നെ നടുറോഡില്‍ ഇറങ്ങി ലിംഗസമത്വത്തിനുവേണ്ടി നമ്മള്‍ സമരം ചെയ്യുന്നതില്‍ എന്താണ്‌ അര്‍ഥം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top