കവിത
പിരിയഡ് 1 : ഇംഗ്ലീഷ്
വസന്തം നെയ്തെടുക്കുന്ന
കവിതയിലെ ചിലന്തി.
സാഹിത്യം വമിക്കുന്ന
ബ്രിട്ടീഷ് പീരങ്കികള്‍
പിരിയഡ് 2 : മലയാളം
നിലയില്ലാത്തൊഴുകുന്ന
നിളാനദിയുടെ പരിസമാപ്തി.
ബഷീറിന്റെ പ്രേമലേഖന-
ങ്ങളുടെ കൂമ്പാരവും
സുഹറയുടെ തേഞ്ഞു
വികൃതമായ നഖങ്ങളും.
ഇന്റര്‍വെല്‍ :
ഒരു ചെറു നിശ്വാസം
പോകേണ്ടിടത് പോകാം
വല്ലതും കൊറിക്കാം.
പിരിയഡ് 3 : കണക്ക്
മുനയൊടിഞ്ഞുപോയ
കോമ്പസ്സിന്റെ ഓര്‍മ്മകള്‍.
ജിയോമെട്രി ബോക്സില്‍
ഡിവൈഡറിന്റെ കുത്തി-
യിരിപ്പു സമരം.
പിരിയഡ് 4 : ശാസ്ത്രം
പെട്ടെന്ന് കറുത്തിരുളുന്ന
കാര്മേഘചുരുളുകള്.
മഴമാപിനിയില്‍
അളന്നു തിട്ടപ്പെടുത്തിയ
മഴവെള്ളത്തിന്റെ
കൂട്ടക്കരച്ചില്‍.
ലഞ്ച് ബ്രേക്ക്:
ഒരു ദീര്‍ഘ നിശ്വാസം.
പാത്രങ്ങള്‍ കഴുകി
പഠിക്കാനുള്ള പിരിയഡ്.
താളം കെട്ടി നില്ക്കുന്ന
വെള്ളത്തിലെ
കൊതുകു വളര്‍ത്തല്‍.
പിരിയഡ് 5 : സാമൂഹ്യ ശാസ്ത്രം
ഭൂപടത്തിലേക് ഒഴുക്കിവിട്ട
മഹാസമുദ്രങ്ങള്‍.
എത്ര പറഞ്ഞാലും
തീരാത്ത , ഉണങ്ങിയ
ചരിത്രമുറങ്ങുന്ന
മഞ്ഞക്കടലാസ്.
പിരിയഡ് 6 : ഐ ടി
വിരല്‍ത്തുമ്പിലെ
വിസ്മയലോകം.
സര്‍വ്വവിജ്ഞാനങ്ങളുടെയും
അക്ഷയപാത്രം .
ആത്മഹത്യ ചെയ്യാനുള്ള
ഏറ്റവും വലിയ മുനമ്പ
ഇന്റര്‍വെല്‍ :
ഒരു ചെറു നിശ്വാസം കൂടി
പരസ്യങ്ങളില്ലാത്ത
ഇടവേള.
പിരിയഡ് 7 : ഹിന്ദി
നിര്‍ത്തിയിട്ട
ബോഗികള്‍ പോലെ
അനക്കമില്ലാത്തയക്ഷരങ്ങള്.
ഇടക്ക് ഇലക്ട്രിക്ക് കമ്പി-
യിലേക്കെന്ന പോലെ
മുകളിലേക്ക് പോകുന്ന
*മാത്രകള്‍.
പിരിയഡ് 8 : അറബിക്
ആളില്ലാതെ തുഴയുന്ന
നക്ഷത്രക്കമ്മലിട്ട
ചെറു വള്ളങ്ങള്‍.
ഫ്ലാഗ് ഓഫ് ചെയ്ത
*അലിഫുകള്
*മാത്രകള്‍ - ചിഹ്നം
*അലിഫുകള് - ഒരു അറബി അക്ഷരം