മൂന്നു പെങ്ങന്മാര്‍

പ്രൊഫ. ടി.എം. രവീന്ദ്രന്‍ (സംസ്ഥാന ജന. സെക്രട്ടറി, കേരള മദ്യനിരോധന സമിതി) No image

മുതിരക്കാലയില്‍ അപ്പുണ്ണി നായര്‍ക്കും നാണിയമ്മക്കും കൂടി ഞങ്ങള്‍ ഏഴുമക്കളാണ്. നാല് ആണും മൂന്ന് പെണ്ണും. എനിക്ക് മുകളില്‍ മൂന്നുപേരും താഴെ മൂന്നുപേരും. മധ്യത്തിലുള്ള എനിക്ക് ഒരു ചേച്ചിയും രണ്ട് അനിയത്തിമാരുമാണുള്ളത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇരട്ടപ്പേരുണ്ടായിരുന്നു. ഒന്നു വിളിപ്പേരും, മറ്റേത് സ്‌കൂള്‍ രജിസ്റ്ററിലെ തണ്ടപ്പേരും. ബേബിചേച്ചിയെ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ മീരാബായിയെ അവര്‍ക്കറിയില്ല. ഇളയ പെങ്ങന്മാരായ കുഞ്ഞിയും ശങ്കയും സുപരിചിതരാണ്. എന്നാല്‍ പത്മജയും മീനാകുമാരിയും നാമം കൊണ്ട് അത്ര പരിചിതരല്ല. മൂന്നുപേരും അധ്യാപികമാരായിരുന്നു. ഇപ്പോള്‍ വിരമിച്ചവരുടെ കൂട്ടത്തിലാണ്. ബേബി ചേച്ചിക്ക് രണ്ട് മക്കളും (രൂപശ്രീ, രൂപേഷ്) പത്മജക്ക് മൂന്ന് മക്കളും (അമ്പിളി, അര്‍ച്ചന, ജയകൃഷ്ണന്‍), മീനക്ക് ഒരു മകനും (ബാലു) സന്താനവല്ലരികളായുണ്ട്. ബേബിചേച്ചിയുടെ ഭര്‍ത്താവ് സുകുമാരന്‍ രോഗബാധിതനായി കഴിഞ്ഞവര്‍ഷം ഞങ്ങളെ വിട്ടുപിരിഞ്ഞു. പത്മജയുടെ ഭര്‍ത്താവ് റെയില്‍വെ ഉദ്യോഗസ്ഥനാണ്. മീനയുടെ ഭര്‍ത്താവ് പുഷ്പരാജന്‍ മാതൃഭൂമിയില്‍ സേവനം തുടരുന്നു. 

പെങ്ങന്മാര്‍ മൂന്നുപേരും ശാരീരികമായും മാനസികമായും ബൗദ്ധികമായും തികച്ചും ഭിന്നരാണ്. എന്നാല്‍ തൊഴില്‍ രംഗത്ത് മൂവരും അധ്യാപികമാരും, അമ്മയുടെ അനുയായികളുമാണ്. ബേബിചേച്ചി വെളുത്തു തടിച്ച ചുരുളന്‍മുടിക്കാരി. ചെറുപ്പത്തില്‍ നല്ല ഓമനത്വമുള്ള മുഖത്തിന്റെ ഉടമ. എല്ലാവരുടെയും ഓമന. ഞാനും ചേച്ചിയും തമ്മില്‍ ഒരു വയസ്സിന്റെ പ്രായവ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അനിയത്തിമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. കുടുംബാസൂത്രണം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന കാലം. അമ്മമാര്‍ വര്‍ഷംതോറും നരവര്‍ഗ്ഗ നവാതിഥികള്‍ക്ക് ജന്മം കൊടുത്തുകൊണ്ടിരുന്നു. ഒരു കുട്ടിയുടെ മുലകുടി മാറും മുമ്പേ, അടുത്ത കുഞ്ഞ് പാലാഴി മഥനം തുടങ്ങിയിരിക്കും. അതുകൊണ്ട് തന്നെ അക്കാലത്ത് ചേച്ചി, ചേട്ടന്‍ തുടങ്ങിയ ആദരസൂചകപദങ്ങള്‍ക്ക് പ്രസക്തി താരതമ്യേന കുറവായിരുന്നു. എടീ, എടാ തുടങ്ങിയ സ്‌നേഹമസൃണപദങ്ങാണ്, സന്ദര്‍ഭത്തിന് ഇണങ്ങുന്ന ധ്വനിയുടെ അകമ്പടിയോടെ പരസ്പരം ഉപയോഗിച്ചിരുന്നത്.

കുട്ടികളായിരിക്കുമ്പോള്‍ ഞാനും ചേച്ചിയും നല്ല കൂട്ടായിരുന്നു. ഒന്നിച്ചുള്ള സ്‌കൂളില്‍ പോക്ക് ആ കൂട്ടുകെട്ട് ഒന്നും കൂടി ദൃഢതരമാക്കി. പ്രകൃതി വിഭവങ്ങളെ കളിക്കോപ്പാക്കി കളിച്ചുരസിക്കാനും, ഓണത്തിന് ഒരു മുറം പൂവ് പറിക്കാനും, വേനലവധിയില്‍ ഭവനാഭവനം പണിത് ഭാവിജീവിത പരിശീലനം നടത്തി കുട്ടിക്കാലം ആഘോഷമാക്കാനും ഞങ്ങള്‍ മുന്‍പന്തിയിലായിരുന്നു. അമ്പലക്കുളത്തില്‍ അക്കരെയിക്കരെ നീന്താനും, മുങ്ങാംകുഴിയിട്ട് കുളിക്കാനും, ഞങ്ങളോടൊപ്പം കൂട്ടുകാരുടെ ഒരു പടയുണ്ടായിരുന്നു. വേനലവധി ഞങ്ങള്‍ക്ക് ശരിക്കും മാമ്പഴക്കാലം കൂടിയായിരുന്നു. ഒളോര്‍മാങ്ങയും ഒട്ടുമാങ്ങയും കണ്ണിമാങ്ങയും കോമാങ്ങയും വീട്ടുപറമ്പില്‍ സുലഭമായിരുന്നു. എറിഞ്ഞുവീഴ്ത്തിയും, കയറിപ്പറിച്ചും, പങ്കുവെച്ചുകഴിച്ചകാലം. ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ചുങ്കിളിപ്പഴങ്ങളെ ചൂണ്ടിക്കാണിക്കാന്‍ ചേച്ചി മിടുക്കിയായിരുന്നു. കശുവണ്ടിശേഖരണം, കടലമിഠായി വാങ്ങി പങ്കിട്ട് കഴിക്കല്‍, കൊടും തണുപ്പില്‍ കരിയില കൂട്ടിയിട്ട് കത്തിച്ച് തീകായല്‍, ഊഞ്ഞാലാട്ടം... അങ്ങനെ ബാല്യകാല സമൃദ്ധിയില്‍ ഞങ്ങള്‍ ശരിക്കും ഉല്ലസിച്ചു. ഉച്ചക്ക് അച്ഛനും അമ്മയും ഉറങ്ങുന്ന തഞ്ചം നോക്കി കിണറ്റിനരികിലെ അതിമധുരം കിനിയുന്ന ഇളനീര്‍ സൂത്രത്തില്‍ താഴെയിട്ട് പൊളിച്ചുകുടിക്കുന്നതിലും, അടികിട്ടുന്ന പ്രശ്‌നങ്ങള്‍ സ്‌കൂളിലും വീട്ടിലും അറിയാതെ സൂക്ഷിക്കുന്ന കാര്യത്തിലും ഞങ്ങള്‍ ഒറ്റക്കെട്ടായിരുന്നു.

വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഹൈസ്‌കൂളിലേക്ക് ഞങ്ങള്‍ എന്നും നടന്നാണ് പോയിരുന്നത്. നിത്യേന രണ്ട് തോണിയാത്രയും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. എത്രകരുതലോടെയാണ് ചേച്ചി അന്നെല്ലാം എന്നെ കൂടെ കൊണ്ടുനടന്നത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് സൈക്കിള്‍ പഠിച്ച് വീണ് മുട്ടുപൊട്ടി ചോരയൊലിച്ചകാര്യം, അച്ഛനേയും അമ്മയേയും അറിയിക്കാതെ മൂടിവെക്കാന്‍ ചേച്ചി ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ ചൂരല്‍ പ്രയോഗത്തിന് ഏറെ ഇരയായവനാണ് ഞാന്‍. അടികൊള്ളുന്നതിലല്ല, അത് വീട്ടിലറിയുന്നതാണ് വലിയ പ്രശ്‌നം. ഞാന്‍ പറയും എന്ന് ഇടയ്‌ക്കൊക്കെ ഭീഷണിപ്പെടുത്തിയുണ്ടെങ്കിലും, ചേച്ചി അതൊരിക്കലും വീട്ടില്‍ പറയാതെ എന്നെ സംരക്ഷിച്ചിട്ടുണ്ട്.

അധ്യാപികയായ അമ്മയുടെ ഏക വരുമാനം കൊണ്ടാണ് ഞങ്ങളുടെ കുടുംബം കഴിഞ്ഞുപോന്നിരുന്നത്. പറമ്പുണ്ടെങ്കിലും പീറ്റതെങ്ങില്‍ നിന്നുള്ള ആദായം; തൊഴിലിനു വലിയ ആഭിമുഖ്യമൊന്നും കാണിക്കാത്ത അച്ഛന്റെ വട്ടച്ചെലവിനും വാട്ടീസടിക്കുമേ തികയുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പഠനകാലത്തെ ഉച്ചഭക്ഷണം ഒരണയില്‍ ഒതുങ്ങിയിരുന്നു. ആ ഒരണപോലും എനിക്ക് ഉച്ചയ്‌ക്കൊന്നും വേണ്ട, നീയെടുത്തോ എന്നുപറഞ്ഞ് ചേച്ചി പോക്കറ്റിലിട്ടുതന്നിട്ടുണ്ട്.

ചേച്ചിക്ക് പഠിപ്പിനോട് കാര്യമായ പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല. അധ്യാപികയായ അമ്മ ചില ദിവസം സന്ധ്യാസമയങ്ങളില്‍ നടത്തിയിരുന്ന ചോദ്യോത്തര പംക്തിയില്‍, ചേച്ചി ഒരിക്കലും സെയ്ഫ് സോണിലായിരുന്നില്ല. അതുകൊണ്ടുതന്നെ കൈയ്യിലും കാലിലും ഒരുപാട് ചുവന്നതടിപ്പുകള്‍ ഏറ്റുവാങ്ങാനും, കണ്ണില്‍ നിന്ന് ഉരുണ്ടുവീഴുന്ന മുത്തുമണികള്‍കൊണ്ട് ഇരുകവിളുകളിലും ആഭരണം തീര്‍ക്കാനും ചേച്ചിക്ക് ഭാഗ്യം ലഭിച്ചിരുന്നു. പക്ഷെ കണ്ണുകള്‍ ആര്‍ദ്രമായതെന്തുകൊണ്ടാണ്..?

അമ്മയുടെ നിര്‍ബന്ധബുദ്ധി ഒന്നുകൊണ്ടുമാത്രം എസ്.എസ്.എല്‍.സി. കടന്നുകയറിയ ചേച്ചി അധികം വൈകാതെ വിവാഹിതയായി. ഇപ്പോള്‍ അമ്മയും അമ്മൂമ്മയുമായി. കഴിഞ്ഞവര്‍ഷം അളിയന്‍ മരിച്ചു. ആ വേര്‍പാടിന്റെ വേദന താങ്ങാനാവാതെ ചേച്ചി എന്റെ നെഞ്ചിലേക്ക് തളര്‍ന്നുവീണപ്പോള്‍, സാന്ത്വനപദങ്ങളൊന്നും സഹായത്തിനെത്തിയില്ല.

അനിയത്തിമാരില്‍ മൂത്തവള്‍ പത്മജ. അവള്‍ക്ക് ഞങ്ങളുടെ അമ്മയുടെ ഛായയാണ്. രൂപത്തിലും ഭാവത്തിലും അതുണ്ട്. കരുത്താണ് കൊടിയടയാളം. പൊതുവെ ഗൗരവപ്രകൃതം. എന്നാല്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ദാക്ഷിണ്യത്തിന്റെയും മൂര്‍ത്തീഭാവം. കുട്ടികളെ ഒരേസമയം സ്‌നേഹിക്കാനും ശാസിക്കാനും പ്രോത്സാഹിപ്പിക്കുവാനും കഴിയുന്ന മാര്‍ഗദര്‍ശക. കൈയ്യില്‍ കിട്ടിയതെന്തും പൊന്നാക്കുവാനുള്ള കഴിവും വൈഭവവും. മൂന്നുപതിറ്റാണ്ടുകാലത്തെ അധ്യാപനം വഴി ആയിരക്കണക്കില്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗുരുനാഥ. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനും വാദിക്കാനും പ്രതികരിക്കാനും അശേഷം മടിയില്ല. ഉപദേശവും സ്‌നേഹവും സഹായവും ആര്‍ക്കും പ്രതീക്ഷിക്കാം.

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറായി അഞ്ചുവര്‍ഷം സേവനമനുഷ്ഠിച്ച പത്മ, ശ്രീകുമാരാശ്രമം സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായാണ് ജോലിയില്‍ നിന്നും വിരമിച്ചത്. രണ്ടുവട്ടം അമേരിക്കയില്‍ പോയി താമസിച്ചിട്ടുണ്ട്. ബന്ധുവീടുകളില്‍ പാന്റായി, മുണ്ടായി, പുത്തന്‍ ഷര്‍ട്ടായി, സാരിയായി, വാച്ചായി, കുഞ്ഞുടുപ്പായി അവള്‍ കടന്നുചെല്ലും. വീട്ടില്‍ ചെല്ലുന്നവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണമായി, സ്‌നേഹാന്വേഷണമായി, ഹൃദയത്തില്‍ കയറിയിരിക്കും. ആജ്ഞാപിക്കാനും ശകാരിക്കാനും സഹായിക്കാനും മടിക്കാത്ത സ്‌നേഹ പ്രവാഹമാണ് ഞങ്ങളുടെ ഈ പെങ്ങള്‍. മുറ്റത്തെ തൈമാവില്‍ നിന്ന് ഉതിര്‍ന്ന മാമ്പഴം, ഭദ്രമായി പൊതിഞ്ഞ് സ്‌നേഹപൂര്‍വ്വം കയ്യില്‍ വെച്ചുതരുമ്പോള്‍ ചിലകാര്യങ്ങളില്‍ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം. എന്നൊക്കെ കല്‍പിക്കുമ്പോള്‍ അമ്മ തന്നെ മുന്നില്‍ വന്നു നില്‍ക്കുകയല്ലേ എന്നുതോന്നും.

എന്റെ മൂന്നാമത്തെ പെങ്ങള്‍ മീന. ചിരിയാണ് അവളുടെ മുഖമുദ്ര. പൊട്ടിച്ചിരിക്കാനും പൊട്ടിച്ചിരിപ്പിക്കാനും മറ്റുള്ളവരെ ആ ചിരിയില്‍ പങ്കാളികളാക്കാനും അവള്‍ക്കു പ്രത്യേകസിദ്ധിയുണ്ട്. ചിരിക്കാനും ചിരിപ്പിക്കാനും പ്രത്യേക കാരണങ്ങളോ കാര്യങ്ങളോ ആവശ്യമില്ല. ജീവിതത്തിലെ കാഠിന്യങ്ങള്‍ക്കൊന്നും വലിയ പരിഗണന നല്‍കാത്ത ലഘവ സിദ്ധാന്തത്തിന്റെ ഉടമയും അതിരറ്റ സ്‌നേഹത്തിന്റെ ആള്‍രൂപവുമാണവള്‍, ജീവിതയാതനകള്‍ക്കിടയില്‍ എല്ലാം മറന്നുചിരിക്കാനും, മനസ്സിന്റെ ഭാരം കുറക്കാനും മീനയുടെ സാന്നിധ്യം ഒന്നുമതി. എന്റെ ഭാര്യയും ഈ പെങ്ങളുടെ വലിയകൂട്ടാണ്. ഇവര്‍ ഒത്തുചേരുമ്പോള്‍ ചിരിയുടെ ഒരു മാലപ്പടക്കം തന്നെ പൊട്ടുന്നതുകേള്‍ക്കാം. ചിലപ്പോള്‍ അത് ഫോണിലേക്കും നീങ്ങുന്നത് കാണാം. 

മീനയുടെ മനസ്സില്‍ സ്‌നേഹത്തിനും കാരുണ്യത്തിനും ഭക്തിക്കും പഞ്ഞമൊന്നുമില്ല. പുരാണപാരായണം ക്ഷേത്രദര്‍ശനം, സാധുജനസംരക്ഷണം എന്നീ വിഷയങ്ങളിലെല്ലാം ബഹുതല്‍്പരയാണ്.

മീന സംസ്‌കൃതാധ്യാപികയായിരുന്നു; മലപ്പുറം ജില്ലയില്‍ ഒരു മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളില്‍ മൂന്നു ദശകത്തോളം സംസ്‌കൃതം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നത് നിസ്സാരകാര്യമല്ല. ഡിഗ്രിക്കും, പി.ജിക്കും ഓരോ പേപ്പര്‍ സംസ്‌കൃതം പഠിച്ചെഴുതിയവനാണ് ഞാന്‍. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ എന്റെ അവസ്ഥ എത്ര പരിതാപകമാണെന്ന് എനിക്കറിയാം. പക്ഷെ മീനടീച്ചര്‍ ശകാര, ഷകാര, സകാര ഉച്ചാരണത്തില്‍ ഉലഞ്ഞുപോകുന്ന അല്ലാഹുവിന്റെ മക്കള്‍ക്ക് പ്രിയങ്കരിയായതെങ്ങനെ? സംസ്‌കൃതത്തില്‍ ചിരിയും വാത്സല്യവും ചാലിച്ചു നല്‍കി കൈയ്യിലെടുത്തതാകുമോ...?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top