ഗര്‍ഭസ്ഥ ശിശുവിന്റെ ശാരീരിക മാനസിക വളര്‍ച്ച

ഉമര്‍ ഫാറൂഖ്‌ എസ്‌.എല്‍.പി (കണ്‍സല്‍ടെന്റ്‌ സൈകോളജിസ്റ്റ്‌ മാധവ റാവു സിന്ധ്യ ഹോസ്‌പിറ്റല്‍, കണ്ണൂര്‍) No image

ഗര്‍ഭസ്ഥ ശിശു ഏകദേശം 280 ദിവസമാണ്‌ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖവാസം നടത്തുന്നത്‌, അതായത്‌ പത്ത്‌ ചന്ദ്രമാസം. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള ഈ ഘട്ടം പ്രാഗ്‌ജന്മഘട്ടം എന്നാണ്‌ അറിയപ്പെടുന്നത.്‌ ഈ ഘട്ടം മുതല്‍ ശിശു പഠനം ആരംഭിക്കുന്നു. ആറു മാസം തികയുന്ന ഗര്‍ഭസ്ഥ ശിശു പൂര്‍ണ്ണ വൈകാരിക ജീവിതം നയിക്കുന്നുണ്ട്‌. ഈ ഘട്ടത്തില്‍ അമ്മക്കുണ്ടാവുന്ന ശാരീരിക മാനസിക മാറ്റം കുട്ടിയില്‍ പ്രതിഫലിക്കുന്നു. അതുകൊണ്ട്‌ തന്നെ കുട്ടികളെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്‌തു തുടങ്ങേണ്ടത്‌ ഗര്‍ഭം മുതലാണ്‌. കുട്ടിയെ എടുക്കുവാനോ ലാളിക്കുവാനോ കൊഞ്ചിക്കുവാനോ കഴിയാത്ത ഈ സമയത്ത്‌ എങ്ങനെ കുട്ടിക്ക്‌ സ്‌നേഹം കൊടുക്കണമെന്നത്‌ വലിയ ചോദ്യമായി പലര്‍ക്കും തോന്നാം. അമ്മയെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടെ അത്‌ കുട്ടിയിലേക്ക്‌ എത്തുന്നു. മുമ്പ്‌ ഇത്‌ മനസ്സിലാക്കി ബന്ധുക്കളും സുഹൃത്തുക്കളും പ്രവര്‍ത്തിച്ചിരുന്നു. അവര്‍ മധുര പലഹാരങ്ങളുണ്ടാക്കി ഗര്‍ഭിണിയെ സന്ദര്‍ശിക്കുകയും അവരോട്‌ നല്ല വാക്കുകള്‍ പറയുകയും ചെയ്‌തത്‌ അതിന്റെ ഭാഗമായിരുന്നു. ഗര്‍ഭിണിക്ക്‌ ഇതു വലിയ അംഗീകാരമാണ്‌. ഇതിലൂടെ അവള്‍ക്ക്‌ സന്തോഷം ലഭിക്കുകയും തന്റെ കുടുംബക്കാര്‍ക്കും സുഹൃത്തുകള്‍ക്കും പിറക്കാനിരിക്കുന്ന കുട്ടിയെ വലിയ കാര്യമാണെന്ന്‌ കരുതുകയും ചെയ്യുന്നു. ഈ സന്തോഷം കുട്ടിയിലേക്കും എത്തുന്നു. ഇത്തരത്തിലുള്ള അംഗീകാരത്തിന്റെ മറ്റൊരു വശമാണ്‌ മുന്‍കാലങ്ങളില്‍ ഏഴാംമാസം കൊണ്ടാടുന്നതും അതിന്‌ ശേഷം ഭര്‍തൃവീട്ടില്‍ താമസിക്കുന്ന ഗര്‍ഭിണിയെ സ്വന്തം വീട്ടിലേക്ക്‌ ആഘോഷത്തോടെ എഴുന്നള്ളിക്കുന്നതും.താന്‍ ജനിച്ചുവളര്‍ന്ന വീട്ടില്‍, രക്ഷിതാക്കളുടെ കൂടെ താമസിക്കുന്നത്‌ ഗര്‍ഭിണിക്ക്‌ മാനസിക സംതൃപ്‌തിയും സുരക്ഷിത്വബോധവും ഉണ്ടാക്കുമെന്നതായിരിക്കും മുന്‍ഗാമികള്‍ ഉദ്ദേശിച്ചത്‌. പുതിയ തലമുറയാണ്‌ ഇതിനൊന്നും സമയം കാണാത്തതും ഇത്തരം കാര്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍ക്കാത്തതും. ഇത്തരം ചടങ്ങുകളില്‍ കാലക്രമത്തില്‍ അനാചാരങ്ങള്‍ കടന്നു കൂടി എന്നത്‌ ദുഃഖസത്യമാണ്‌. എന്നാലിത്‌ ഗര്‍ഭസ്ഥശിശുവിന്‌ നല്‍കുന്ന സന്ദേശം നിന്നെ ഞങ്ങള്‍ക്ക്‌ വളരെ ഇഷ്ടമാണ്‌, നിന്റെ ആഗമനത്തെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാണ്‌. ഗര്‍ഭധാരണവും പ്രസവവും സന്താന വര്‍ധനവും പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്തുവാനും ഇതുപകരിക്കുന്നു.
ഗര്‍ഭകാലത്ത്‌ സ്‌ത്രീ സ്ഥിരമായി വലിയ പ്രയാസവും പേറി കഴിഞ്ഞു കൂടുകയാണെങ്കില്‍ കുട്ടിയുടെ ശരീരിക മാനസിക വളര്‍ച്ചയെ അത്‌ മോശമായി ബാധിക്കും. അതിനാല്‍ നല്ല ശ്രദ്ധയും പരിചരണവും ഈ ഘട്ടത്തില്‍ അവള്‍ക്ക്‌ നല്‍കുവാന്‍ മടിക്കരുത്‌.
ഷീല മിടുക്കിയായ ഇരുപതുകാരിയാണ്‌. ഒരേയൊരു മോളായത്‌ കൊണ്ട്‌ രക്ഷിതാക്കള്‍ കിട്ടാവുന്നതില്‍ നല്ല ചെറുക്കനെക്കൊണ്ട്‌ കല്ല്യാണം കഴിപ്പിച്ചു. ആനന്ദത്തോടെ കുടുംബജീവിതം ആരംഭിച്ച അശോകന്‍ ഷീല ദമ്പതികള്‍ക്ക്‌ അത്‌ കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുമാസം കഴിഞ്ഞപ്പോള്‍ അശോകന്റെ അച്ഛന്‍ പെട്ടെന്ന്‌ മരിച്ചു. ഷീല ഗര്‍ഭിണിയാണെന്നറിഞ്ഞ അതേ ദിവസം തന്നെയായിരുന്നു അത്‌. ചിലര്‍ക്കെല്ലാം ഇത്‌ അപശകുനമായി തോന്നിയെങ്കിലും കാര്യമാക്കിയില്ല. രണ്ട്‌ മാസം കൂടി കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ജ്യേഷ്‌ഠനും ഹൃദയസ്‌തംഭനം മൂലം മരിച്ചു. ഷീല വീട്ടില്‍ കാലു വെച്ചതു മുതല്‍ വീടിന്റെ രണ്ടു നെടുംതൂണുകള്‍ തകര്‍ന്നു എന്ന തോന്നലും അടക്കം പറച്ചിലുമുണ്ടായി. ഇത്‌ ഗര്‍ഭിണിയായ അവളെ വല്ലാതെ തളര്‍ത്തിയെങ്കിലും മറ്റാരോടും പങ്കുവെച്ചില്ല. ശരീരം നാള്‍ക്കുനാള്‍ ശോഷിച്ചു വന്നു. ഗര്‍ഭിണി മെലിയുന്നത്‌ നല്ലതല്ലെന്ന്‌ ഡോക്ടറും ഭര്‍ത്താവും ഉപദേശിച്ചു. പക്ഷേ അവളുടെ ഈ സങ്കടം പുറത്തുപറയാതെ വെന്തുരുകി ജീവിക്കുകയായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്ക്‌ താന്‍ ഒരപശകുനമായി തോന്നുന്നുണ്ടാവുമെന്ന സംശയം പല കൂട്ടായ്‌മയില്‍ നിന്നും അവളെ അകറ്റി. ഇതൊന്നും ശ്രദ്ധിക്കാത്ത അശോകന്‍ അവളെ സമാശ്വസിപ്പിച്ചില്ല. കാരണം അയാള്‍ അവളുടെ മാനസികാവസ്ഥ ഉള്‍ക്കൊണ്ടിട്ടില്ലായിരുന്നു. ഇപ്പോള്‍ ഷീല അശോകന്‍ ദമ്പതികള്‍ക്ക്‌ രണ്ട്‌ കുട്ടികളുണ്ട്‌. മൂത്ത ആള്‍ എട്ടാംക്ലാസില്‍ നിന്ന്‌ തല്‍ക്കാലം ജയിച്ചിരിക്കുന്നു. സ്‌കൂള്‍ മാറ്റിച്ചേര്‍ക്കണമെന്ന നിബന്ധനപ്രകാരം ജയിപ്പിച്ചതാണത്രെ. പഠിച്ചാല്‍ തലയില്‍ നില്‍ക്കുന്നില്ല. എത്ര പഠിച്ചാലും മാര്‍ക്ക്‌ ലഭിക്കുന്നില്ല, എല്ലാം പതുക്കെ മാത്രം ചെയ്യുന്നു, പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ചയുമില്ല. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക്‌ നാലാം ക്ലാസുകാരന്റെ വളര്‍ച്ചയേ ഉള്ളൂ. താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ തിക്ത ഫലമായിരിക്കാം മകന്റെ ഈ അവസ്ഥയെന്ന്‌ അവള്‍ സങ്കടപ്പെടുന്നു.
ഉമ്മയോട്‌ സ്‌നേഹം കാണിക്കുന്നില്ല പറഞ്ഞാല്‍ അനുസരിക്കുന്നില്ല, ഉമ്മയെ കാണുമ്പോള്‍ തന്നെ അവന്‌ എന്തോ ദേഷ്യം വരുന്നതുപോലെ തോന്നുന്നു- ഇതിനെല്ലാം പരിഹാരം കാണാനായിരുന്നു പര്‍വീനും ഭര്‍ത്താവ്‌ ഹാഫിസും വന്നത്‌. അവരുടെ പൂര്‍വ്വ ചരിത്രം ആരാഞ്ഞപ്പോള്‍ അതു തീര്‍ത്തും പഠനാര്‍ഹമാണെന്ന്‌ മനസ്സിലായി. കല്ല്യാണം കഴിഞ്ഞ്‌ രണ്ടു വര്‍ഷത്തേക്ക്‌ സന്താനങ്ങള്‍ വേണ്ടെന്ന്‌ വെച്ചവരായിരുന്നു ഇവര്‍. അതുകൊണ്ടു തന്നെ അതിന്‌ വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. പക്ഷേ യാദൃശ്ചികമായി അവള്‍ ഗര്‍ഭിണിയായി. ഇത്‌ അവരെ വല്ലാതെ സങ്കടത്തിലാഴ്‌ത്തി. അതിന്റെ പേരില്‍ പരസ്‌പരം പഴിചാരല്‍ പതിവുമായി. അബോര്‍ഷന്‍ ചെയ്യാന്‍ ഒരുമ്പെട്ടു. പക്ഷേ, ഉമ്മയുടെ ശക്തമായ ഇടപെടല്‍ അത്‌ തടഞ്ഞു. ഗര്‍ഭധാരണത്തിന്‌ മാനസികമായി ഒരുങ്ങാത്ത പര്‍വീന്‌ ദേഷ്യവും വാശിയും ശീലമായി. വേണ്ടായിരുന്നു എന്ന തോന്നല്‍ അവളെ സ്ഥിരമായി അലട്ടി. ആര്‍ക്കോ വേണ്ടി ഭാരം ചുമക്കുന്നതുപോലെ അറപ്പും വെറുപ്പുമായി അവള്‍ ഗര്‍ഭം ചുമന്നു. ഒമ്പത്‌ മാസം കഷ്ടപ്പെട്ട്‌ സ്വയം പഴിച്ച്‌ കഴിച്ചു കൂട്ടി. പ്രസവിച്ചപ്പോള്‍ അറിയാതെ മാതൃത്വം ഉണര്‍ന്നു. പാല്‍ ചുരത്തി, പക്ഷേ, കുട്ടി പാല്‍ കുടിക്കുന്നില്ല. എത്ര ശ്രമിച്ചിട്ടും കരച്ചില്‍ മാത്രം. അവസാനം കുപ്പിപ്പാല്‍ മാത്രമായി.
ഇത്തരത്തില്‍ പലവിധ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഗര്‍ഭിണി നേരിടുമ്പോള്‍ അത്‌ അറിയാതെ അവളില്‍ വളരുന്ന കുട്ടിയിലേക്ക്‌ എത്തുകയും കുട്ടിയുടെ ഭാവി ജീവിതത്തിന്‌ വിഘ്‌നം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം ഒരവസ്ഥ ഒഴിവാക്കാന്‍ ഗര്‍ഭിണിക്ക്‌ കുടുംബാംഗങ്ങളും ഭര്‍ത്താവും ഒരു താങ്ങായി നില്‍ക്കണം. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സന്ദര്‍ഭങ്ങള്‍, പോഷകസമൃദ്ധമായ ഭക്ഷണത്തോടൊപ്പം തന്നെ ഗര്‍ഭിണിക്ക്‌ ലഭിക്കുന്നുവെന്ന്‌ ഉറപ്പു വരുത്തണം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top