മാമാങ്ക നാട്ടിലെ കലാലയം

നിഥില പി.വി

ഇത്‌ എന്റെ കാമ്പസ്‌, അഭിമാനിക്കാനും ഊറ്റം കൊള്ളാനും ജീവിതത്തിലേക്ക്‌ അടര്‍ത്തി എടുക്കാനും എനിക്ക്‌ അതിജീവന കലയുടെ ബിരുദാനന്തര ബരുദം സമ്മാനിച്ച ശ്രീ ശങ്കരാചാര്യ സംസ്‌കൃത കലാശാല റീജ്യനല്‍ സെന്റര്‍, തിരൂര്‍.
തിരുനാവായ നവാമുകുന്ദക്ഷേത്രത്തിനടുത്ത്‌, പോരിന്റെയും പോരാട്ടത്തിന്റെയും വീര്യം ഉറങ്ങിക്കിടക്കുന്ന, ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ നാട്ടില്‍, പഴമയെ കൈവെടിഞ്ഞ്‌ പുതു തലമുറയുടെ ബാക്കി പത്രം പോലെ നിളാ തീരത്ത്‌ നിലകൊള്ളുന്ന ഞങ്ങളുടെ കാമ്പസ്‌... നാലു കെട്ടിനകത്തെ ഒരു കൂട്ടായ്‌മ. നടുമുറ്റവും കൊച്ചു പൂന്തോട്ടവും ഞങ്ങളുടെ സ്‌പന്ദനങ്ങള്‍ക്ക്‌ സാക്ഷിയാവാറുണ്ട്‌. ഈ നടുമുറ്റവും ചുറ്റും നീണ്ടു കിടക്കുന്ന ക്ലാസ്സ്‌ മുറികളും ഒരുപറ്റം അധ്യാപകരും വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നാട്ടുകാരും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്തേകുന്നു.
ആര്‍ഭാടത്തിന്റെയും നിറപ്പകിട്ടിന്റെയും മുന്നില്‍ പതറിപ്പോകാത്ത ലളിത സുന്ദരമായ ചുറ്റുപാടും കലാലയത്തില്‍ മാത്രം ഒതുങ്ങിക്കിടക്കാത്ത അധ്യാപകരും ഈ കാമ്പസിന്‌ മുതല്‍ക്കൂട്ടാണ്‌.
ഗൃഹാതുരത്വം നിറഞ്ഞുനില്‍ക്കുന്ന ഈ കാമ്പസില്‍ ഗുരുശിഷ്യ ബന്ധങ്ങളുടെ കെട്ടുറപ്പുകൊണ്ടു തന്നെയാവണം സമാധാനപരമായ വിദ്യാര്‍ത്ഥി രാഷ്ട്രീയവും റാഗിംഗ്‌ നിരോധന കാമ്പസ്‌ എന്ന ആശയവും ഇന്നും നിലനിന്നുപോകുന്നത്‌. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സാഹോദര്യം കൊണ്ടു തന്നെ അക്രമം ഞങ്ങളുടെ കോളേജിന്‌ അന്യമാണ്‌. ഈ കൂട്ടായ്‌മയില്‍ ഒരു ചെറിയ പങ്ക്‌ ഞങ്ങള്‍ സമൂഹത്തിനും പകര്‍ന്നു നല്‍കിയിട്ടുണ്ട്‌. നിളാ നദിയിലെ മണല്‍ ഖനനത്തിനെതിരെ ശബ്ദമുയര്‍ത്തിയതും സ്‌ത്രീപീഢന വിരുദ്ധ പ്രതിജ്ഞ എടുത്തതും അവയില്‍ ചിലതു മാത്രം.
യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയത്‌ ഈ കാമ്പസാണ.്‌ എം.എസ്‌.ഡബ്ല്യു പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ഒട്ടനവധി ചെറുതും വലുതുമായ യാത്രകള്‍...
കാടിനെയും കാടിന്റെ മക്കളെയും തൊട്ടറിയാനും ഒപ്പം ഞങ്ങളില്‍ സംഘടിത ബോധവും കൂട്ടായ്‌മയും വളര്‍ത്തുന്നതിനുമായി സംഘടിപ്പിച്ച പത്ത്‌ ദിവസത്തെ റൂറല്‍ ക്യാമ്പിന്‌ സാക്ഷ്യം വഹിച്ച നിലമ്പൂര്‍ ചോക്കാട്‌ ഗിരിജന്‍ കോളനിയും പരിസര പ്രദേശവും... എന്നെന്നും ജീവിതത്തില്‍ സൂക്ഷിക്കാന്‍ അദ്ധ്വാനത്തിന്റെ ചില കരുത്തുറ്റ പാഠങ്ങള്‍.
ഒബ്‌സര്‍വേഷന്‍ വിസിറ്റ്‌ എന്ന പേരില്‍ ഞങ്ങള്‍ കണ്ടത്‌ ജീവിതങ്ങളുടെ പച്ചയായ ചില നേര്‍ക്കാഴ്‌ചകളാണ്‌. വൃദ്ധസദനങ്ങളും ജുവൈനല്‍ ഹോമും ജയിലുകളും കുടുംബകോടതികളും ഞങ്ങളില്‍ ഉണ്ടാക്കിയ അമ്പരപ്പ്‌ ഇന്നും അവശേഷിക്കുന്നു.
യഥാര്‍ത്ഥ്യത്തില്‍ ഇന്ത്യ എന്തെന്നറിയാന്‍ ... പല പല ജീവിതങ്ങള്‍ കണ്ടറിയാന്‍, പെള്ളുന്ന ചില യാഥാര്‍ത്ഥങ്ങളിലൂടെഞങ്ങളെ കൊണ്ടുപോവാനുമായി ഒരു നാഷനല്‍ ടൂര്‍... ദേശങ്ങള്‍ പിന്നിടുമ്പോഴും സാഹചര്യങ്ങള്‍ക്ക്‌ മാറ്റം ഉണ്ടാവുമ്പോഴും ജീവിത ശൈലികള്‍ മാറിയാലും സാമ്യതയുള്ള ചിലതുണ്ട്‌ എന്ന തത്വം ഞങ്ങള്‍ പഠിച്ചു.
പ്രകൃതിയെ തൊട്ടറിയാനായി നെല്ലിയാമ്പതിയില്‍ സംഘടിപ്പിച്ച നേച്ചര്‍ ക്യാമ്പ്‌... ഇതുവരെ കാണാത്ത കാടിന്റെ ഭാവപ്പകര്‍ച്ചകള്‍.
ഓരോ യാത്രകളും ഓരോ തിരിച്ചറിവുകളായിരുന്നു. പാഠപുസ്‌തകങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത അധ്യായനത്തിന്റെ പുത്തന്‍ പാഠങ്ങള്‍. മറ്റേതൊരു കോഴ്‌സില്‍ നിന്നും എം.എസ്‌.ഡബ്ല്യുവിനെ വ്യത്യസ്‌തമാക്കുന്നതും ഈ യാത്രകളും തിരിച്ചറിവുകളും തന്നെയായിരുന്നു.
ഈ യാത്രകള്‍ക്കിടയില്‍ ഞങ്ങള്‍ കുട്ടികളും അധ്യാപകരു ംഒരു പുതിയ ലോകം തീര്‍ത്തു. മറ്റാര്‍ക്കും അനുവദനീയമല്ലാത്ത ഞങ്ങളുടെതായ ലോകം. യാത്രകള്‍ ഒരു ദിനചര്യ ആവുകയായിരുന്നു. തിരക്കുപിടിച്ച ട്രെയിന്‍ കംപാര്‍ട്ടുമെന്റുകളും ബസ്സുകളും റോഡുകളും പലപ്പോഴും ഞങ്ങളുടെ ഈരടികള്‍ക്കു താളം പിടിച്ചു ഏറ്റുപാടി. യാത്രക്കിടയിലെ ഇടവേളകള്‍ പലപ്പോഴും ക്ലാസ്സ്‌റൂമുകളും അടുക്കളകളും തീന്‍മേശകളും ആയി മാറി. ഒപ്പം ചോദ്യം ചെയ്യലുകളുടെയും വിമര്‍ശനങ്ങളുടെയും ക്ലാസ്സ്‌ റൂം ചര്‍ച്ചകള്‍ യാത്രകള്‍ക്കിടയിലേക്ക്‌ വഴിമാറുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ നേര്‍ക്കാഴ്‌ചകളാവുകയായിരുന്നു.
ആര്‍പ്പുവിളികള്‍ക്കും പൊട്ടിച്ചിരികള്‍ക്കുമിടയില്‍ ഞങ്ങള്‍ പഠിക്കുകയായിരുന്നു. ഈ ലോകത്തിന്റെ ഭാവവേദങ്ങള്‍.. മുഖം മൂടികള്‍.. നന്മകള്‍. അങ്ങനെ ഓരോ യാത്രകളും ഞങ്ങളില്‍ വീണ്ടുവിചാരത്തിന്റെ ചിന്തകള്‍ അവശേഷിപ്പിച്ചു. ഒപ്പം യാത്രകള്‍ അവസാനിക്കുന്നില്ല എന്ന തിരിച്ചറിവുകളും.
യാത്രകള്‍ക്കവസാനം ഞങ്ങള്‍ ഒത്തുചേര്‍ന്ന്‌ അനുഭവം പങ്കിട്ടത്‌ കാമ്പസിനകത്താണ്‌. ഇവിടത്തെ ഓരോ മണല്‍ത്തരിയും ഞങ്ങളുടെ തിരിച്ചുവരവിനും കഥകള്‍ കേള്‍ക്കാനും കാതോര്‍ത്ത്‌ ഇരിക്കാറുണ്ട്‌.
തെറ്റുകള്‍ തിരുത്തപ്പെടുന്നതും പുതിയ ചര്യകള്‍ ജീവിതത്തിലേക്ക്‌ ആവാഹിച്ചെടുത്തതും കാമ്പസിനകത്തുള്ള അവലോകനങ്ങളിലൂടെയാണ്‌.. ഒരു പുത്തന്‍ ഉണര്‍വ്വ്‌ പകര്‍ന്ന്‌ എന്നെ ഞാനാക്കിയ എന്റെ കാമ്പസ്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top