സര്‍വത്ര മായം

ജസീല കെ.ടി പൂപ്പലം

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ ഉണക്കാനിട്ടിരുന്ന മത്സ്യം കഴിച്ച്‌ കാക്കകളും കൊക്കുകളും ചത്തു വീണു. എന്താണ്‌ കാര്യമെന്നറിയാന്‍ ബന്ധപ്പെട്ടവര്‍ ഉണക്കമീന്‍ പരിശോധനക്കയച്ചു. ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. പുഴുക്കളില്‍ നിന്നും പ്രാണികളില്‍ നിന്നും ഉണ്ടാകുന്ന ഉപദ്രവം തടയാനായി ഹാനികരവും മാരകവുമായ നുവാട്രോണ്‍ എന്ന കീടനാശിനി തളിച്ചായിരുന്നുവത്രെ മീന്‍ ഉണക്കാന്‍ ഇട്ടിരുന്നത്‌.
ഇങ്ങനെ ഉണക്കിയെടുക്കുന്ന മത്സ്യങ്ങള്‍ കോഴിത്തീറ്റ ഉണ്ടാക്കാനാണ്‌ ഉപയോഗിക്കുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പോകുന്ന ഈ മത്സ്യങ്ങള്‍ കഴിച്ച ബ്രോയിലര്‍ കോഴികളാണ്‌ നമ്മുടെ നാട്ടിലേക്ക്‌ ഇറച്ചിക്കോഴികളായി എത്തുന്നത്‌. നമുക്ക്‌ നമ്മള്‍ തന്നെ വിഷം വിതരണം ചെയ്യുന്നു.
പറമ്പിലുണ്ടാകുന്ന വാഴപ്പഴം, ചക്ക, മാങ്ങ, പപ്പായ, പേരക്ക, സപ്പോട്ട തുടങ്ങിയവ ഒഴിവാക്കി വിലകൊടുത്ത്‌ കടകളില്‍ നിന്നും വിഷവസ്‌തുക്കള്‍ തളിച്ച പച്ചക്കറികളും പഴങ്ങളും വാങ്ങുന്ന നാം നിത്യേന ഉപയോഗിക്കുന്ന വസ്‌തുക്കളില്‍ ചേര്‍ക്കുന്ന മായങ്ങളെക്കുറിച്ചറിഞ്ഞാല്‍ ഞെട്ടിപ്പോകും.
മായം ഭക്ഷ്യ വസ്‌തുക്കളില്‍
നമ്മുടെ വീട്ടിലുണ്ടാക്കുന്ന ഗോതമ്പു പൊടിയേക്കാള്‍ മാര്‍ദ്ദവമുള്ളതാണ്‌ കടയില്‍ നിന്നും വാങ്ങുന്നത്‌. പൊട്ടാസ്യം ടാര്‍ഗേറ്റ്‌, സോഡാപ്പൊടി എന്നിവ ചേര്‍ക്കുന്നത്‌ കൊണ്ടാണ്‌ കൂടുതല്‍ മാര്‍ദ്ദവം.
വെളിച്ചെണ്ണയില്‍ ലിക്വിഡ്‌ പാരഫിന്‍ എന്നു വിളിക്കുന്ന ഹൈഡ്രോ കാര്‍ബണ്‍ സംയുക്തം ചേര്‍ക്കുന്നു. വെളിച്ചെണ്ണയുടെ സ്വാഭാവിക നിറവും മണവും അതു നല്‍കുകയും ചെയ്യുന്നു. ഇതിന്റെ പതിവായുള്ള ഉപയോഗം നമ്മെ നിത്യ രോഗികളാക്കി മാറ്റുകയും ചെയ്യുന്നു. പരിപ്പിന്‌ മോഹിപ്പിക്കുന്ന നിറവും മയവും കിട്ടാന്‍ `ഓറഞ്ച്‌- 2' ടാട്രാസിന്‍ എന്നിവയും മുളകുപൊടിയില്‍ ചേര്‍ക്കുന്ന `സുഡാന്‍-1 റെഡ്‌' വന്‍തോതില്‍ നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഉഴുന്നു പരിപ്പില്‍ മുഖത്തിടുന്ന പൗഡറിലെ `മഗ്നീഷ്യം ടാല്‍ക്കും' പൊടിയുപ്പില്‍ `സിലിക്കണ്‍ ഡൈ ഓക്‌സൈഡും' ചേര്‍ക്കുന്നു. നെയ്യിനു നിറം കിട്ടാന്‍ `ബട്ടര്‍ യെളേറ' ചേര്‍ക്കുന്നു. മഞ്ഞളിന്‌ നിറവും കനവും കൂട്ടാന്‍ `ലെഡ്‌ ക്രോമേറ്റ്‌' ഉപയോഗിക്കുന്നു.
പാലിലും മായം
`പാസ്‌ചറെസഡ്‌' എന്ന്‌ പറഞ്ഞ്‌ നമുക്ക്‌ നിത്യവും രാവിലെ കിട്ടുന്ന പാലിലുമുണ്ട്‌ കൃത്രിമം. അസിഡിറ്റി ഉണ്ടാകുന്നതുകൊണ്ടാണ്‌ പാല്‍ എളുപ്പം കേടുവരുന്നത്‌. അതില്ലാതാക്കാന്‍ `സോഡിയം ബൈ കാര്‍ബണേറ്റ്‌, സോഡിയം കാര്‍ബണൈറ്റ്‌' തുടങ്ങിയ ന്യൂട്രിലൈസറുകള്‍ വന്‍ തോതില്‍ ചേര്‍ക്കുന്നുണ്ട്‌. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ വരുന്ന ടണ്‍ കണക്കിന്‌ പാല്‍ കേടുവരാതെ ഫ്രഷ്‌ മില്‍ക്കായി നമുക്ക്‌ കിട്ടുന്നത്‌ ഇത്തരം സൂത്രം കൊണ്ടാണ്‌. വെളിച്ചെണ്ണയും സോപ്പ്‌ ലായനിയും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ പാല്‍പ്പൊടി ചേര്‍ത്ത്‌ കൃത്രിമ പാലുണ്ടാക്കിയും നമുക്ക്‌ കിട്ടുന്നുണ്ട്‌.
പഴങ്ങളിലും പച്ചക്കറികളിലും
ആരോഗ്യത്തിന്‌ ഹാനികരമായ കീടനാശിനികളും മറ്റു രാസവസ്‌തുക്കളും കൊണ്ട്‌ നിറഞ്ഞതാണ്‌ ഓരോ പഴവും പച്ചക്കറിയും. വലിയ വിലകൊടുത്ത്‌ നാം വാങ്ങുന്ന ഇവ മാരകമായ അസുഖങ്ങളും നമുക്ക്‌ സമ്മാനിക്കുന്നവയാണ്‌.
പല വിത്തുകളും മുളപ്പിച്ചെടുക്കുന്നത്‌ ഫ്യൂരിഡാന്‍ എന്ന രാസവസ്‌തുവില്‍ മുക്കിയാണ്‌. അവ പാകമാകുന്നതിന്‌ മുമ്പ്‌ പറിച്ചെടുത്ത്‌ പഴുപ്പിക്കാനും അതു കേടുവരാതിരിക്കാനും പല രാസവസ്‌തുക്കളുമാണുപയോഗിക്കുന്നത്‌. `ഓര്‍ഗാനോ ഫോസ്‌ഫോ, കാര്‍ഗോ ഫുറാന്‍, കാര്‍ബറൈയില്‍' എന്നീ കീടനാശിനികള്‍ വ്യാപകമാണ്‌. കൃഷിയില്‍ തുടങ്ങുന്ന വിഷപ്രയോഗം അവ കടകളില്‍ എത്തുന്നതുവരെ തുടരുന്നു.
പഴങ്ങള്‍ ഏറെനാള്‍ കേടുകൂടാതിരിക്കാനും കീടങ്ങളുടെ ഉപദ്രവം ചെറുക്കാനും എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികളില്‍ മുക്കാറുണ്ട്‌. മാമ്പഴം പഴുപ്പിക്കുന്നതിന്‌ കാല്‍സ്യം കാര്‍ബൈഡ്‌ വിതറുന്നു. ഇതേ ആവശ്യത്തിന്‌ ഉപയോഗിക്കുന്ന മറ്റൊരു രാസവസ്‌തുവാണ്‌ `എഥിലിന്‍'. ഇങ്ങനെ ആരോഗ്യം നിലനിര്‍ത്താനും രുചിക്കുമായി വിലകൊടുത്തു വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും നുവാട്രോണ്‍, അമോണിയ, മോണോസോഡിയം, ഗ്ലുട്ടമേറ്റ്‌, തുടങ്ങിയ മാരക പദാര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top