മഞ്ഞലോഹം നീണാള്‍ വാഴ്‌ക !

ഇന്‍സാഫ്‌

ലോകത്തേറ്റവും കൂടുതല്‍ മഞ്ഞലോഹ പ്രേമികള്‍ എവിടെയാണെന്നറിയാമോ? 30-40 കോടി ദരിദ്രനാരായണന്മാരുടെ നാടായ ഇന്ത്യ മഹാരാജ്യത്ത്‌. ഈ നാട്ടിലെ വീടുകളിലാണ്‌ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണശേഖരമെന്ന്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു -18000 ടണ്‍. നമ്മുടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പോലുള്ള അനേകം ഭാര്‍ഗവിനിലയങ്ങളിലെ വെളിപ്പെട്ടതും വെളിപ്പെടാത്തതുമായ സ്വര്‍ണശേഖര കണക്കുകള്‍ ഈ പട്ടികയില്‍ വരുന്നില്ല. ഇന്ത്യക്കാര്‍ പ്രതിവര്‍ഷം വാങ്ങുന്ന സ്വര്‍ണം 800 ടണ്‍ ആണ്‌. ഇത്രയും പൊന്ന്‌ കല്യാണങ്ങളെ സ്വര്‍ണമയമാക്കാനാണെന്ന്‌ ധരിച്ചുവെങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി. വിവാഹങ്ങള്‍ക്കായുള്ള സ്വര്‍ണം വേറെത്തന്നെ. പ്രതിവര്‍ഷം 500 ടണ്‍ സ്വര്‍ണം അതിനായി നീക്കി വെച്ചിട്ടുണ്ടത്രെ. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയും 25 വയസ്സിന്‌ താഴെയുള്ളവരായതുകൊണ്ട്‌ അടുത്ത 10 വര്‍ഷത്തിനകം ഒന്നരക്കോടി വിവാഹങ്ങള്‍ രാജ്യത്ത്‌ നടക്കുമെന്നാണ്‌ ലോക സ്വര്‍ണോല്‍പാദകരുടെയും വിപണിക്കാരുടെയും കണക്കുകൂട്ടല്‍. സ്വര്‍ണവില റെക്കോഡ്‌ തകര്‍ത്ത്‌ മുന്നേറുമ്പോള്‍ പ്രതിവര്‍ഷം വിറ്റഴിയുന്ന 500 ടണ്ണിന്റെ വില ലക്ഷം കോടി കവിയുമെന്നുറപ്പ്‌. അപ്പോള്‍ പത്തു വര്‍ഷംകൊണ്ട്‌ ഇന്ത്യക്കാര്‍ മഞ്ഞലോഹത്തിനായി വാരിയെറിയാന്‍ പോവുന്നത്‌ 10 ലക്ഷം കോടി. രാജ്യത്താകെ ഭക്ഷ്യസുരക്ഷക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ചെലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളുടെ കാതും മൂക്കും മാറും കൈയും കാലും പൊന്നില്‍ പൊതിയാന്‍ നമ്മള്‍ നീക്കിവെക്കുന്നുവെന്നര്‍ത്ഥം! ഇക്കാര്യത്തില്‍ നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ അന്തരമില്ലെന്നതാണ്‌ ശ്രദ്ധേയം. ഇവിടെ മൊത്തം സ്വര്‍ണത്തില്‍ 75 ശതമാനവും ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അതില്‍ മൂന്നില്‍ രണ്ടു ഭാഗവും ചെലവഴിയുന്നത്‌ ഗ്രാമങ്ങളിലാണ്‌. വെറുതെയാണോ കേരളത്തിലെ ജോസ്‌കോയും ആലുക്കാസും ചെമ്മണ്ണൂരും ഭീമയും ആലപ്പാടും അറ്റ്‌ലസും മലബാര്‍ ഗോള്‍ഡും മല്‍സരിച്ച്‌ നിത്യേനയെന്നോണം പുതിയ ഷോറൂമുകള്‍ തുറക്കുന്നത്‌! തങ്ങന്മാര്‍ മുതല്‍ താരങ്ങള്‍ വരെ ഉദ്‌ഘാടകരായി സ്വര്‍ണവിപണി കൊഴുപ്പിക്കുന്നത്‌! മലയാളത്തിലെ സൂപ്പര്‍താരത്തിന്‌ ജ്വല്ലറി കമ്പനിയുടെ ബ്രാന്‍ഡ്‌ അംബാസഡറാവുന്നതിന്‌ കോടികളാണത്രെ പ്രതിഫലം (റെയ്‌ഡ്‌ നടത്തിയ ആദായനികുതിക്കാര്‍ കണക്കുകൂട്ടിത്തീര്‍ക്കാന്‍ തന്നെ മാസങ്ങളെടുത്തേക്കും).
ഈ കണക്കുകളിലൊന്നും പെടാതെ വേറെയും സ്വര്‍ണ ശേഖരം രാജ്യത്തെത്തുന്നുണ്ട്‌. ഗള്‍ഫില്‍നിന്ന്‌ മടങ്ങുന്ന വീട്ടമ്മമാരുടെ ശിരസ്സ്‌ കുനിയിക്കുന്ന മൊബൈല്‍ ജ്വല്ലറികളാണത്‌. എന്തുചെയ്യാം? പെണ്‍മക്കളെ കെട്ടിച്ചയക്കേണ്ടേ? ഏതാണ്ടെല്ലാവരും പങ്കുവെക്കുന്ന പരിവേദനമാണത്‌. എന്നിട്ട്‌ അഭിശപ്‌തമായ സ്‌ത്രീധനസമ്പ്രദായത്തിന്‌ എല്ലാവരുടെയും വക പഴിയും. ശരിയാണ്‌, നമ്മുടെ കല്യാണങ്ങളെ മഞ്ഞവല്‍ക്കരിക്കുന്നതില്‍ സ്‌ത്രീധനത്തിന്‌ നിഷേധിക്കാനാവാത്ത പങ്കുണ്ട്‌. സ്വര്‍ണവില പവന്‍ ഇരുപതിനായിരത്തിലെത്തി നില്‍ക്കുമ്പോഴും വിവാഹ മാര്‍ക്കറ്റില്‍ പവന്റെ എണ്ണം കുറയുന്നില്ല. സ്‌ത്രീധനത്തിനെതിരായ ബോധവത്‌കരണം ലക്ഷ്യം കാണുന്നുമില്ല. ഇതു മാത്രമല്ല പക്ഷേ ഇന്ത്യക്കാരുടെ സ്വര്‍ണഭ്രമത്തിനു പിന്നില്‍. ഭാരതീയ സ്‌ത്രീകളുടെ ഭാവശുദ്ധി സത്യമോ മിഥ്യയോ എന്തായിരുന്നാലും അവളുടെ മഞ്ഞലോഹ ഭ്രാന്ത്‌ ഒരിക്കലും മിഥ്യയല്ല. 1992ല്‍ രാജ്യത്ത്‌ സ്വര്‍ണത്തിന്റെ പ്രതിശീര്‍ഷാവശ്യം 0.31 ഗ്രാം ആയിരുന്നത്‌ 2010ല്‍ 0.61ലേക്കുയര്‍ന്നത്‌ ഭ്രാന്തമായ ആഭരണഭ്രമം കൊണ്ടു തന്നെയാണ്‌. അതോടൊപ്പം സൂക്ഷിക്കാന്‍ സ്ഥലം മെനക്കെടുത്തേണ്ടതില്ലാത്ത, എപ്പോള്‍ വേണമെങ്കിലും സുഗമമായി കൈമാറാവുന്ന, വിലക്കൂടുതലല്ലാതെ വിലക്കുറവ്‌ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ലാത്ത വസ്‌തുവാണ്‌ സ്വര്‍ണം എന്ന പ്രത്യേകതയുണ്ട്‌. സുരക്ഷിതമായ പ്രത്യുല്‍പാദനമാര്‍ഗങ്ങള്‍ തുറന്നുകാട്ടാതിരിക്കുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവും റിയല്‍ എസ്‌റ്റേറ്റുമാണ്‌ രക്ഷക്കെത്തുന്നത്‌. രണ്ടിനും വില അനിയന്ത്രിതമാവാനുള്ള ഒരു കാരണവും അതുതന്നെ. സ്വര്‍ണാഭരണങ്ങളുടെ അപ്രതിരോധ്യമായ ഉപഭോഗം മോഷ്ടാക്കള്‍ക്കും സുവര്‍ണാവസരമൊരുക്കുന്നു എന്ന മറുവശവുമുണ്ട്‌. കള്ളപ്പണക്കാര്‍ക്ക്‌ സുരക്ഷാപാതയൊരുക്കുന്നതും സ്വര്‍ണംതന്നെ. അടുത്തയിടെ ഒരാവശ്യത്തിന്‌ വീട്ടില്‍ വന്നുകയറിയ ഗോള്‍ഡ്‌ ബിസിനസുകാരായ രണ്ട്‌ ചെറുപ്പക്കാരോട്‌ ഈ ലേഖകന്‍ ചോദിച്ചു, `സ്വര്‍ണത്തിന്റെ വിലക്കയറ്റം കച്ചവടത്തെ ബാധിച്ചില്ലേ?'. `ഇല്ല. ഒരു വിധത്തിലും ബാധിച്ചില്ല'. കൂട്ടത്തില്‍ വിസ്‌മയകരമായ ഒരു വിവരവും അവര്‍ കൈമാറി. കേരളത്തില്‍ ഏറ്റവുമധികം സ്വര്‍ണ ബിസിനസ്‌ നടക്കുന്നത്‌ തിരുവനന്തപുരത്താണ്‌. മലബാറിലെ ഒരു നഗരത്തിലുമല്ല. കാരണം വൈകീട്ട്‌ അഞ്ച്‌ മണിക്ക്‌ സര്‍ക്കാര്‍ ഓഫീസുകളും സെക്രട്ടറിയേറ്റും വിട്ട്‌ പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥപ്പടയാണ്‌ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. കൈക്കൂലിയായി കിട്ടുന്ന പണം അങ്ങനെയാണവര്‍ സുരക്ഷിത സമ്പാദ്യമാക്കി മാറ്റുന്നത്‌. ഇതിനൊന്നും സമീപഭാവിയില്‍ പരിഹാരം പ്രതീക്ഷിക്കേണ്ടതില്ലെന്നിരിക്കെ മഞ്ഞലോഹഭ്രമത്തിന്‌ അനുകൂലമായ ന്യായങ്ങളില്‍ നമുക്കും അഭിരമിക്കാം. സ്‌ത്രീകളെ അത്‌ സുന്ദരികളാക്കുന്നു, വിവാഹമാര്‍ക്കറ്റ്‌ സജീവമാക്കുന്നു, ധാരാളം പേര്‍ക്ക്‌ സ്വര്‍ണപ്പണിക്കാരായും സ്വര്‍ണക്കടയിലെ വില്‍പനക്കാരായും ജോലി നല്‍കുന്നു, പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പരസ്യങ്ങളുടെ ചാകരയൊരുക്കുന്നു, ജ്വല്ലറി മുതലാളിമാരുടെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ധിപ്പിക്കുന്നു...
മഞ്ഞലോഹം നീണാള്‍ വാഴ്‌ക! |
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top