ഇന്ത്യാ ചരിത്രത്തിലെ മുസ്‌ലിം വനിതകള്‍

അബ്ദുല്ല പേരാമ്പ്ര No image

സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ ചരിത്ര രചനയില്‍ ഏറെയൊന്നും വിരചിതമാകാത്ത ചരിത്രമാണ് സ്ത്രീകളുടേത്. ചരിത്ര രചനയിലെ പുരുഷ മേധാവിത്വമോ, അരികുവല്‍ക്കരിക്കപ്പെട്ട സ്ത്രീ ജീവിതമോ ആവാം ഈ പാര്‍ശ്വവല്‍ക്കരണത്തിന് കാരണം. വിരലിലെണ്ണാവുന്ന സ്ത്രീ ജീവിതങ്ങളെക്കുറിച്ചാണ് ഇന്ത്യന്‍ ചരിത്രംതന്നെ നമ്മോട് പറയുന്നത്. ലോകചരിത്രവും വ്യത്യസ്തമല്ല എന്നു കാണാം. എന്നാല്‍ രാഷ്ട്രീയത്തിലും സാഹിത്യത്തിലും മാത്രമല്ല, സാംസ്‌കാരിക മണ്ഡലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അനേകം സ്ത്രീരത്‌നങ്ങള്‍ നമുക്കുണ്ട്. ഇതില്‍ അറിയപ്പെടാതെപോയ ചില മുസ്‌ലിം സ്ത്രീകള്‍ ഉണ്ടെന്നറിയുമ്പോഴാണ്, നമ്മുടെ ചരിത്രരചന എത്രമാത്രം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതാണെന്ന് ബോധ്യപ്പെടൂ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ മാത്രമല്ല, ഇസ്‌ലാമിക സ്ത്രീ ശാക്തീകരണത്തിനും വേരോട്ടം നടത്തിയവരാണ് ഈ സ്ത്രീകള്‍. ഇവരുടെ ചരിത്രം ലോകത്ത് അറിയപ്പെടാതെ പോകാന്‍ നേരത്തേ സൂചിപ്പിച്ച കാരണങ്ങള്‍ കൂടാതെ മതത്തിന്റെ കൃത്യമായ ഇടപെടല്‍ കൂടി നടന്നിട്ടുണ്ട്. മുഖ്യധാരാ ചരിത്രത്തില്‍നിന്നും പുറത്താക്കപ്പെട്ട ഈ മുസ്‌ലിം വനിതകളുടെ ഓര്‍മപുസ്തകങ്ങള്‍ ഈയിടെ തലസ്ഥാന നഗരിയില്‍ വെച്ച് ആഘോഷിക്കപ്പെടുകയുണ്ടായി. നമ്മുടെ പത്ര-ദൃശ്യ മാധ്യമങ്ങളൊന്നും വേണ്ടത്ര ഗൗരവം ഈ വാര്‍ത്തക്കും കൊടുക്കുകയുണ്ടായില്ല എന്നത് മറ്റൊരു അവഗണനയായി വേണം നിരീക്ഷിക്കാന്‍.
ഇന്ത്യയുടെ ദേശീയ പതാകയെക്കുറിച്ച് പലതും നാം പഠിക്കുന്നുണ്ടെങ്കിലും, ആ പതാക രൂപകല്‍പന ചെയ്തത്, ഒരു മുസ്‌ലിം സ്ത്രീയാണെന്ന കാര്യം ചരിത്രകാരന്മാര്‍ മനഃപൂര്‍വം വിസ്മരിച്ചതാവാനാണ് സാധ്യത. അല്ലെങ്കില്‍, സുരയ്യ തയ്യാബ്ജി എന്ന ആ സ്ത്രീയെക്കുറിച്ച് നമ്മുടെ പാഠപുസ്തകങ്ങളില്‍ വരേണ്ടതായിരുന്നു. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസിലെ ഒരു സജീവ പ്രവര്‍ത്തക കൂടിയായിരുന്നു ഈ വനിത. സ്വാതന്ത്ര്യാനന്തരം നെഹ്‌റുവാണ് സുരയ്യയെ ഈ ദൗത്യം ഏല്‍പിക്കുന്നത്. ദേശീയ പതാകയില്‍ നിന്നും ചര്‍ക്ക ഒഴിവാക്കി, അവിടെ അശോകചക്രം രൂപകല്‍പന ചെയ്തതില്‍ സുരയ്യയെ നെഹ്‌റു പ്രശംസിക്കുകയുണ്ടായി. കോണ്‍ഗ്രസിനോടുള്ള വിധേയത്വം ഒരിക്കലും ദേശീയ പതാകയില്‍ പ്രതിഫലിക്കരുതെന്ന നിര്‍ബന്ധം സുരയ്യക്കുണ്ടായിരുന്നു.
പുതിയ കാലത്ത്, ഇന്ത്യന്‍ ചരിത്രത്തില്‍നിന്നും പാടെ വിസ്മരിക്കപ്പെട്ടവരായി ഇസ്‌ലാമിക പേരുകളെ മാറ്റാന്‍ ഹിന്ദുത്വ ശക്തികള്‍ സദാ ജാഗ്രത കൊള്ളുന്നുണ്ട്. 'സാരെ ജഹാംസെ അഛാ, ഹിന്ദുസ്ഥാന്‍ ഹാമാരാ' എന്ന മഹാകവി ഇഖ്ബാലിന്റെ വരികളെപോലും അവര്‍ വിസ്മരിച്ചുകൊണ്ടിരിക്കുന്നു. സുരയ്യ ബദ്‌റുദ്ദീന്‍ തയ്യാബ്ജിയുടെ ചരിത്രം പിന്നെ പറയേണ്ടതില്ലല്ലോ. 1919-ല്‍ ഹൈദരാബാദില്‍ ജനിച്ച ഈ പ്രതിഭ ബദ്‌റുദ്ദീന്‍ തയ്യാബ്ജിയുടെ മകളായിരുന്നു. പിതാവിന്റെ പുരോഗമന ചിന്താഗതികള്‍ മകളെ വലിയ തോതില്‍ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തെ പിന്തുടര്‍ന്നാണ് സുരയ്യയും കോണ്‍ഗ്രസില്‍ എത്തിപ്പെടുന്നത്. രാഷ്ട്രീയം പോലെത്തന്നെ ചിത്രകലയിലും ഡിസൈനിംഗിലും അവര്‍ ശ്രദ്ധ ചെലുത്തുകയും ആ രംഗത്ത് ശോഭിക്കുകയും ചെയ്തു. 1921-ല്‍ ഇന്ത്യയുടെ പതാക രൂപകല്‍പനക്കു വേണ്ടിയുള്ള ചര്‍ച്ച നടക്കുമ്പോള്‍ സുരയ്യയും ഒരു സ്ത്രീ പ്രതിനിധി എന്ന നിലയില്‍ രംഗത്തുണ്ടായിരുന്നു. ചര്‍ക്കയെ ദേശീയ പതാകയുടെ ചിഹ്നമായി ഗാന്ധിജി ഉയര്‍ത്തിക്കാട്ടിയപ്പോള്‍, അതിനെ എതിര്‍ത്തവര്‍ ധാരാളമായിരുന്നു. ചര്‍ക്കക്കു പകരം അശോക ചിഹ്നമെന്ന ആശയം കൊണ്ടുവന്നത് സുരയ്യയാണ്. നെഹ്‌റുവിനും അക്കാര്യം ബോധിച്ചു. ഹിന്ദുവിനും മുസ്‌ലിമിനും ഒരുപോലെ സമ്മതനാണ് അശോക ചക്രവര്‍ത്തിയെന്ന ധാരണയാലാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ അവര്‍ എത്തിപ്പെടുന്നത്. അതിന്റെ ക്രെഡിറ്റ് ആ കാലത്ത് ഒരു മുസ്‌ലിം വനിതക്കായിരുന്നു എന്നത് നാം മറക്കാന്‍ പാടില്ലാത്ത ചരിത്ര യാഥാര്‍ഥ്യമാണ്.
സുരയ്യ തയ്യബ്ജിയെപ്പോലെ നാം മറക്കാന്‍ പാടില്ലാത്ത മറ്റൊരു പേരാണ് ബീഗം ഹാമിദ ഹബീബുല്ലയുടേത്. ഇന്ത്യയിലെ മുസ്‌ലിം വനിതകളെ, മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ അശ്രാന്തം പരിശ്രമിച്ച ബീഗം ഹാമിദ ലഖ്‌നൗവിലാണ് 1916-ല്‍ ജനിക്കുന്നത്. 102-ാം വയസ്സിലാണ് അവര്‍ മരണപ്പെടുന്നത്. ജീവിതാന്ത്യം വരെ രാഷ്ട്രീയത്തിലും സാംസ്‌കാരിക മേഖലയിലും തന്റേതായ അഭിപ്രായങ്ങള്‍ പറയുകയും അവക്കുവേണ്ടി ഉറച്ചു നില്‍ക്കുകയും ചെയ്തു അവര്‍. ഇന്ദിരാഗാന്ധിയുമായി അവര്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നു. ചെറുപ്പകാലം ഹൈദറാബാദിലാണ് ഇവര്‍ ചെലവഴിച്ചത്. 1965-ല്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്ന ഹാമിദക്ക് ഭര്‍ത്താവിന്റെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രതിരോധ സേനയില്‍ മേജറായിരുന്നു അദ്ദേഹം. 1969-ല്‍ മന്ത്രിസ്ഥാനം വരെ അലങ്കരിച്ച ബീഗം ഹാമിദ 1976 മുതല്‍ 1982 വരെ രാജ്യസഭാ മെമ്പര്‍ കൂടിയായിരുന്നു.
ഇന്ത്യയിലെ 'മുസ്‌ലിം വുമണ്‍സ് ഫോറം' ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്‌ലിം വനിതകള്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയാണ്. ഐക്യരാഷ്ട്ര സഭയുടെ സ്ത്രീ സംഘടനയുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഇന്ത്യയില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ച മുസ്‌ലിം വനിതകളെ പൊതുസമൂഹത്തിനു മുമ്പില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച ഒരു പൊതുവേദിയില്‍ 21 ഇത്തരം മുസ്‌ലിം വനിതകളെ പരിചയപ്പെടുത്തുകയുണ്ടായി. സയീദ ഖുര്‍ഷിദ്, ഹാമിദ ഹബീബുല്ല, ഫാത്വിമ ഇസ്മാഈല്‍, ഹാജറാ ബീഗം തുടങ്ങി നിസാര്‍ അക്താര്‍ വരെ ഇവിടെ അനുസ്മരിക്കപ്പെട്ടു.
രാഷ്ട്രീയവും പൊതുസമ്പര്‍ക്കവും തീര്‍ത്തും അവഗണിക്കപ്പെട്ടതായിരുന്നു ആദ്യകാലങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക്. അടുക്കളയില്‍ ഒതുങ്ങിപ്പോയ ഒരു ജീവിതം. അവിടെനിന്നും അരങ്ങത്തേക്കുള്ള പ്രവേശനം അവരെ സംബന്ധിച്ചേടത്തോളം എളുപ്പമായിരുന്നില്ല. അങ്ങനെയുള്ള ഒരു ഇരുണ്ട കാലത്താണ് ഈ സ്ത്രീരത്‌നങ്ങളെല്ലാം വീരചരിത്രം സൃഷ്ടിക്കുന്നത്. ഫാത്വിമ ഇസ്മാഈല്‍ മറ്റൊരു ഉദാഹരണമാണ്. 1903-ലായിരുന്നു ജനനം. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ സ്ത്രീമുന്നേറ്റങ്ങളെ സംഘടിപ്പിക്കുന്നതില്‍ ഫാത്വിമാ ഇസ്മാഈലിന്റെ പങ്ക് ചെറുതല്ല. പാര്‍ലമെന്റ്‌വരെ അവര്‍ എത്തിപ്പെട്ടു. 1958-ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഖിലാഫത്ത് മൂവ്‌മെന്റിന്റെ മുന്നണിപ്പോരാളിയായിരുന്നു ഇവര്‍. 1978-ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഫാത്വിമ 1987-ലാണ് നമ്മെ വിട്ടുപിരിയുന്നത്. അതേപോലെ മുംതാസ് ജഹാന്‍ ഹൈദറുടെയും ജീവിതം ഇന്ത്യന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രചോദനമാവേണ്ടതാണ്. ഇന്ത്യന്‍ മുസ്‌ലിം സ്ത്രീശാക്തീകരണത്തിന്റെ മുഖ്യ സംഘാടകയായിരുന്നു അവര്‍. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും അവര്‍ അഹോരാത്രം മുസ്‌ലിം ശാക്തീകരണത്തിനായി നിലകൊണ്ടു.
ഇന്ത്യയില്‍ 'ക്ലീന്‍ സിറ്റി' എന്ന വാക്ക് ഈ അടുത്ത കാലത്താണ് വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈയൊരു സങ്കല്‍പത്തിന് തുടക്കം കുറിച്ചത്. സെഹ്‌റ അലിയാവാര്‍ ജംഗ് എന്ന സാമൂഹിക പ്രവര്‍ത്തകയായിരുന്നു. മുംബൈയിലെ അരപ്പട്ടിണിക്കാരായ തൂപ്പുജോലിക്കാരെയും ചേരിപ്രദേശങ്ങളില്‍ അധിവസിക്കുന്ന പാവപ്പെട്ടവരെയും സംഘടിപ്പിക്കുന്നതിലും അവരെ മുഖ്യധാരയിലെത്തിക്കുന്നതിലും സെഹ്‌റ അലിയാവാര്‍ ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1973-ല്‍ പത്മഭൂഷന്‍ നല്‍കി രാഷ്ട്രം ഇവരെ ആദരിച്ചു. കല്‍ക്കത്തയെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്ത ബീഗം ഹസ്രത്ത് മഹലും ഇന്ത്യ കണ്ട ഏറ്റവും വലിയ മഹതികളില്‍ ഒരാളായിരുന്നു. 1820-ല്‍ ഫൈസാബാദിലായിരുന്നു ഇവരുടെ ജനനം. 1857-ലെ ആദ്യത്തെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കുകൊണ്ട ബീഗം ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിച്ച ഒരു സ്ത്രീയായിരുന്നു.
ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ചെറുതും വലുതുമായ സ്ത്രീനാമങ്ങള്‍ നമുക്ക് എത്ര വേണമെങ്കിലും ചരിത്രത്തില്‍നിന്നും എടുത്ത് ഉദ്ധരിക്കാന്‍ കഴിയും. ഇസ്‌ലാമില്‍ സ്ത്രീകള്‍ അടിമകളാണെന്ന് വിലാപം കൊള്ളുന്നവര്‍ക്ക് ഇവരുടെയൊക്കെ ചരിത്രം ഒരാവൃത്തി വായിക്കുന്നത് നല്ലതായിരിക്കും. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും നൈതികതയും മൂല്യങ്ങളും കാത്തുസൂക്ഷിച്ച ഈ മുസ്‌ലിം സ്ത്രീകളുടെ ചരിത്രം വീണ്ടെടുക്കപ്പെടേണ്ടതാണ്.
വര്‍ത്തമാനകാല ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന സ്വത്വ പ്രതിസന്ധിയും അവര്‍ക്കു നേരെ ഉയരുന്ന പുരുഷ മേധാവിത്വ പ്രവണതകളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരമൊരു അടയാളപ്പെടത്തലിന് വളരെ പ്രസക്തിയുണ്ട്. ത്വലാഖ്, പര്‍ദ, സ്ത്രീകളുടെ സാമൂഹിക ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളില്‍ മതമേധാവികളും യഥാസ്ഥിതിക മുസ്‌ലിം സമൂഹവും വെച്ചുപുലര്‍ത്തുന്ന സ്ത്രീവിരുദ്ധ സമീപനങ്ങളെ തുറന്നുകാട്ടുക എന്ന ലക്ഷ്യം കൂടി മുസ്‌ലിം വിമണ്‍സ് ഫോറം എന്ന ഈ സംഘടനയുടെ അജണ്ടകളില്‍ ചിലതാണ്. ഇസ്‌ലാമിനെ തുറന്ന സമീപനത്തോടെ കാണുക എന്ന ഒരു പൊതുകാഴ്ചപ്പാടുകൂടി പ്രവര്‍ത്തിക്കുമ്പോള്‍ ആശയ സംവാദങ്ങള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണ്. അതുകൊണ്ടാണ് ഇസ്‌ലാമില്‍ നിര്‍ബന്ധമില്ലാത്ത 'പര്‍ദ' എന്ന വേഷത്തെ വഴിയില്‍ ഉപേക്ഷിക്കാന്‍ ഇസ്‌ലാമിക സ്ത്രീശാക്തീകരണവാദികള്‍ക്ക് കഴിയുന്നത്. ഫാത്വിമ ഇസ്മാഈലിനെപ്പോലെയും, ഖുദ്‌സിയ സൈദിയെ പോലെയുമുള്ള മുസ്‌ലിം വനിതകള്‍ പര്‍ദക്കപ്പുറമുള്ള ഒരു വേഷത്തെ സ്വീകരിച്ചുകൊണ്ട് ഇസ്‌ലാമിക ചരിത്രധാരയില്‍ ശക്തിയുക്തം ഇടപെട്ടവരാണ്. പ്രത്യക്ഷത്തില്‍ ഇരകളാക്കപ്പെടുന്നവരാണ് ഇസ്‌ലാമില്‍ സ്ത്രീകളെന്ന് വാദിക്കുമ്പോഴും, മറ്റ് മതങ്ങളില്‍നിന്ന് വ്യത്യസ്തമായി വ്യക്തിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം ഇസ്‌ലാം അനുവദിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്‌ലിം സ്ത്രീകള്‍ വഴി ഭേദിച്ച് മുന്നോട്ട് ഗമിക്കേണ്ടവരാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം ഒരേപോലെ വിലയിരുത്തുകയുണ്ടായി.
എല്ലാ മതങ്ങളും സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരം ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, എല്ലാ കെട്ടുകാഴ്ചകളെയും തിരസ്‌കരിച്ച് സമൂഹമധ്യത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ച സ്ത്രീകള്‍ എങ്ങനെയാണ് പില്‍ക്കാലത്ത് അവഗണിക്കപ്പെട്ടതെന്ന് ചരിത്രം കണ്ടെത്തേണ്ടതുണ്ട്. അക്ഷരാഭ്യാസമില്ലാത്തവര്‍ക്ക് ജ്ഞാനം പകര്‍ന്നും, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും തങ്ങളുടെ ജീവിതം ധന്യമാക്കിയ ഒട്ടേറെ മുസ്‌ലിം വനിതകള്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നിട്ടും ചരിത്രത്തില്‍ അവര്‍ വിസ്മരിക്കപ്പെട്ടത് ആശ്ചര്യകരമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. 1973-ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ച സെഹ്‌റ അലിയാവാര്‍ ജങ്ക് ഹൈദറാബാദ് ജയിലില്‍ കഴിയേണ്ടിവന്ന സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയും അവര്‍ക്കുവേണ്ടി പ്രത്യേക വര്‍ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ യത്‌നിച്ച ഒരു വനിതയാണ്. വിഭജന കാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ പ്രവര്‍ത്തിച്ച ധീരവനിത ആനിസും, മുസ്‌ലിം വനിതാ വിദ്യാഭ്യാസത്തിനു വേണ്ടി തന്റെ ജീവിതകാലം മുഴുക്കെ മാറ്റിവെച്ച മുംതാസ് ജഹാന്‍ ഹൈദറും ഓര്‍മയുടെ ക്ലാവ് പിടിക്കാത്ത അറകളില്‍ തൂങ്ങേണ്ട നാമങ്ങളാണ്. ഒരുപക്ഷേ, നമ്മുടെ ചരിത്രം ഇങ്ങനെയല്ലായിരുന്നു എഴുതപ്പെട്ടതെങ്കില്‍ ഇവരുടെയൊക്കെ ജീവിതം പുതിയ തലമുറക്ക് പ്രചോദനമായിത്തീര്‍ന്നേനെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top