പാട്ടിേനാട് പിരിശം കൂടിയവര്‍

ഹൈഫ ബന്ന No image

സംഗീതം ജീവിതത്തിന്റെ താളമാണ്. പ്രണയമോ വിരഹമോ ആഹ്ലാദമോ, എന്തുമാവട്ടെ മനുഷ്യന്റെ ഏത് വികാരത്തെയും അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിക്കാന്‍ ഈ ഔഷധത്തിനാകും. 
മലയാള മണ്ണില്‍നിന്ന് സംഗീത ലോകത്ത് വസന്തം വിരിയിച്ച പ്രതിഭകള്‍ ഒരുപാടുണ്ട്. അവരില്‍ ചിലരെക്കുറിച്ച്....


ലിറ്റില്‍ ചാമ്പ്യന്‍ യുംന അജിന്‍

മലബാറിന്റെ മണ്ണില്‍നിന്ന് അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റിയ പാട്ടുകാരിയാണ് യുംന അജിന്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗള്‍ഫ് നാടുകളിലും യാത്രചെയ്ത യുംന അജിന്‍ സൗത്താഫ്രിക്ക, പോര്‍ച്ചുഗല്‍, ആസ്ത്രേലിയ, മാലദ്വീപ് പോലുള്ള രാജ്യങ്ങളിലും പാട്ടിനൊപ്പം നടന്നു കയറിയിട്ടുണ്ട്. ഇസ്രയേലും യൂറോപ്പും പോകാനിരിക്കെയാണ് കൊറോണ കാരണം യാത്രകള്‍ മാറ്റിവെക്കേണ്ടിവന്നത്. 
എട്ടാം വയസ്സില്‍, കൈരളി ചാനലിലെ ബെസ്റ്റ് ഷോ ആയിരുന്ന 'കുട്ടി പട്ടുറുമാലി'ല്‍ പാടിത്തുടങ്ങിയതാണ് യുംന. അക്കാലത്ത് പാട്ട് പരിപാടിയുമായി ട്രെയിനില്‍ യാത്ര ചെയ്യവേ മുംബൈക്കാരന്‍ ഭാസ്‌കര്‍ജി യുംനയെ പരിചയപ്പെട്ടു. അദ്ദേഹം വഴിയാണ് കേരളത്തിനു പുറത്ത് ആദ്യമായി ഒരു പാട്ട് മുംബൈയില്‍ ചെന്ന് പാടുന്നത്. അതിപ്പോള്‍ ക്ലാസിക്കല്‍, പോപ്പ്, ബോളിവുഡ്, ഫോക്ക്, ഗസല്‍ പിന്നെ ഭജനകള്‍ വരെ ചെന്നെത്തി നില്‍ക്കുന്നു. ഏത് തലത്തില്‍ നില്‍ക്കുന്ന ഗാനാസ്വാദകരെയും പിടിച്ചിരുത്തുന്ന ശബ്ദ മാധുര്യവും അക്ഷരസ്ഫുടതയുമുള്ള യുംന അജിന്‍ ഇംഗ്ലീഷ്, ഹിന്ദി,  മലയാളം,  തമിഴ് ഭാഷകളിലെല്ലാം അനായാസമായി പാടുമ്പോഴും അവള്‍ കേരളത്തില്‍ മലപ്പുറം ജില്ലയിലെ വേങ്ങരക്കാരി ആണെന്ന് പലര്‍ക്കും അറിയാന്‍ വഴിയില്ല.  
'സരിഗമപ' വേദിയില്‍ പ്രശസ്ത ഗായകന്‍ എ.ആര്‍ റഹ്മാന്റെ മുമ്പില്‍വെച്ച് അദ്ദേഹത്തിന്റെ തന്നെ 'ജയ്ഹോ' പാടി കളിച്ചപ്പോള്‍ അദ്ദേഹം പ്രത്യേകം പ്രശംസിച്ചുകൊണ്ട് ചോദിച്ചിരുന്നു; 'നീ എന്ത് ഭക്ഷണമാണ് കഴിക്കുന്നത്? ഇത്രയും ഉന്മേഷത്തോടെ ഈ പാട്ട് മുഴുവനായി പാടാന്‍ നിനക്ക് എങ്ങനെ സാധിച്ചു' എന്ന്. ആ വാക്കുകള്‍ യുംനക്ക് ഇന്നും ഏറെ മധുരം നല്‍കുന്നുണ്ട്. ഹിന്ദിയിലെ സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍, കത്രീന കൈഫ് പോലുള്ള ഒട്ടുമിക്ക സെലിബ്രിറ്റികളില്‍നിന്നും ഏറെ അഭിനന്ദനങ്ങള്‍ യുംനക്ക് ലഭിച്ചിട്ടുണ്ട്. അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം യുംന പാടിക്കഴിഞ്ഞ് സദസ്സില്‍ എണീറ്റുനിന്ന് കൈയടിച്ച്, അടുത്തേക്ക് വിളിച്ച് തലയില്‍ കൈവെച്ച് പ്രശംസിച്ചത് യുംനയുടെ കുടുംബത്തിന് മറക്കാനാവില്ല.
മക്കളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ റോള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്. പാട്ടുകാരനായിരുന്ന പിതാവ് അജിന്‍ ബാബു, തന്റെ പാട്ടുപ്രയാണം തുടരാന്‍ കഴിയാത്തതിലുള്ള വേദന മകളിലൂടെ മറികടക്കുകയായിരുന്നു. വിദേശത്ത് ബിസിനസ്സുകാരനായിരുന്ന അദ്ദേഹം ജോലി പാടേ ഉപേക്ഷിച്ച് മകളോടൊപ്പം നടന്നു. അവള്‍ക്കുവേണ്ടി സ്റ്റുഡിയോ, മ്യൂസിക് ബാന്‍ഡ് വരെ സ്വന്തമായി നിര്‍മിച്ച് അവളെ ചേര്‍ത്തുപിടിക്കുകയായിരുന്നു. 
തുടര്‍ന്ന് ഷാജി കുഞ്ഞനില്‍നിന്ന് കര്‍ണാടിക് സംഗീതവും അഭ്യസിച്ച യുംന ഇന്ത്യന്‍ സംഗീതലോകത്ത് സ്വന്തമായൊരിടം കുറഞ്ഞ കാലയളവില്‍ തന്നെ നേടിയെടുത്തു.
ഗാനാലാപന മികവിനോടൊപ്പം തന്നെ ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് കാണികളെ പുളകം കൊള്ളിക്കാനുള്ള ഈ കൊച്ചു മിടുക്കിയുടെ കഴിവും അപാരമാണ്.
സരിഗമപ ലിറ്റില്‍ ചാമ്പ്സ് 2017, ഇന്ത്യന്‍ ഐഡൊള്‍ 
ജൂനിയര്‍ തുടങ്ങി നിരവധി പരിപാടികളിലെ 
മിന്നും പ്രകടനങ്ങള്‍ കൊണ്ട് ലോകമലയാളികളുടെ പ്രിയ ഗായികയായിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.
ചുരുങ്ങിയ കാലം കൊണ്ടാണ് 'യുംന അജിന്‍ ഒഫീഷ്യല്‍' യൂട്യൂബ് ചാനല്‍ 22 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയെടുത്തത്.
പാട്ടുകള്‍ പാടുന്നതും കേള്‍ക്കുന്നതും യാത്രയും ഡാന്‍സുമെല്ലാം ഇഷ്ടവിനോ ദമായി കൊണ്ടുനടക്കുന്ന യുംനക്ക് ഗാനരംഗത്തെ അത്ഭുതപ്പെടുത്തുന്ന കഴിവിനെ മുന്‍നിര്‍ത്തി ഒത്തിരി അവാര്‍ഡുകളും വന്നെത്തിയിട്ടുണ്ട്.
ഫാസിന മനയംതൊടി - അജിന്‍ ബാബു ദമ്പതികളുടെ മകളായ യുംന തിരൂര്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം തരം വിദ്യാര്‍ഥിനിയാണ്. യുംനക്ക് എല്ലാവിധ പിന്തുണയുമായി സഹോദരിമാരായ ഋത്യജി, ഫെല്ല മെഹക് എന്നിവരും ഉണ്ട്.
ആസ്വാദക മനസ്സിലേക്ക് പെയ്തിറങ്ങി...
സിദ്റത്തുല്‍ മുന്‍തഹ
മൂന്ന് വയസ്സുമുതല്‍ പാട്ടിന്റെ ലോകത്താണ് സിദ്റത്തുല്‍ മുന്‍തഹ. കാസറ്റ് പാട്ടുകളില്‍നിന്ന് സി.ഡിയിലേക്കും തുടര്‍ന്ന് യൂട്യൂബിലേക്കുമുള്ള തന്റെ യാത്രകളിലെല്ലാം തന്നെ ആസ്വാദകരുടെ പ്രിയം ഒട്ടും ചോരാതെ കാത്തുവെച്ച ഗായിക. ഉമ്മ സൗദാബിയില്‍നിന്ന് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ അറിഞ്ഞ സിദ്റത്ത് പിന്നീട് ഹനീഫ മുടിക്കോട്, നിസാര്‍ തൊടുപുഴ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതലോകത്തെ കൂടുതല്‍ അടുത്തറിഞ്ഞു.
കലക്ക് ജനഹൃദയങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനുള്ള കഴിവ് ഉണ്ടെന്നും അതുകൊണ്ടു തന്നെയാണ് മകളായും പെങ്ങളായും ആസ്വാദകര്‍ക്കിടയില്‍ ഇത്രയും സ്വീകാര്യത ലഭിച്ചതെന്നും സിദ്റ വിശ്വസിക്കുന്നു.
ആസ്വാദകര്‍ക്ക് സുപരിചിതമായ ഗാനങ്ങള്‍ പാടുന്നതിനേക്കാള്‍ പുതിയ ഗാനരചയിതാക്കളുടെ പുതിയ പാട്ടുകള്‍ ഏറെ പാടിക്കഴിഞ്ഞു സിദ്റ. പുതിയ ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കി ആസ്വാദകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കുക എന്നതാണ് തന്റെ ലക്ഷ്യമായി സിദ്റ കാണുന്നത്.
ലോക്ക് ഡൗണ്‍ കാലത്താണ് സ്വന്തം പേരിലുള്ള ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ പുനരുജ്ജീവിപ്പിച്ചത്. ഇതിന് ഭര്‍ത്താവ് എടവണ്ണ സ്വദേശി ഡോ. ബാസിലിന്റെ എല്ലാ പിന്തുണയും സിദ്റക്കുണ്ട്.
ഹോമിയോ ഡോക്ടറായ സിദ്റത്തുല്‍ മുന്‍തഹ ചികിത്സക്ക് മ്യൂസിക് തെറാപ്പിയുടെ സാധ്യതകൂടി ആലോചിക്കാറുണ്ട്. ഇപ്പോള്‍ മ്യൂസിക് തെറാപ്പിയെക്കുറിച്ച് നന്നായി പഠിക്കാനും അതുവഴി ഒരു മ്യൂസിക് തെറാപ്പിസ്റ്റ് ആകാനുമുള്ള പരിശ്രമത്തിലാണ്.
സി.വി മുഹമ്മദ്-സൗദാബി ദമ്പതികളുടെ മകളായ സിദ്റത്തുല്‍ മുന്‍തഹക്ക് അഞ്ച് സഹോദരന്മാരുണ്ട്. രണ്ടു വയസ്സുകാരി ഇസ്‌ലാഹ് മകളാണ്.

പാട്ടിലെ തലശ്ശേരി രുചി ദാന റാസിഖ് 

തലശ്ശേരിക്കാരുടെ രുചിയോളം മലയാളിക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു തലശ്ശേരിക്കാരി ദാന റാസിഖ്. യുവജനോത്സവ വേദികളിലെ താരമായിരുന്ന ദാന, തന്റെ ശബ്ദമാധുരി കൊണ്ട് ജനഹൃദയം കീഴടക്കിയത് പെട്ടെന്നാണ്. മാതാപിതാക്കളും സഹോദരങ്ങളും ഗായകരായതിനാല്‍ പാട്ടിന്റെ ലോകം ദാനക്കെന്നും സുപരിചിതമായിരുന്നു.
പാട്ടുകള്‍ പാടി ഇന്‍സ്റ്റഗ്രാമില്‍ അപ്പ്‌ലോഡ് ചെയ്തതാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ദാന പറയുന്നു. ആദ്യ ഗാനമായ 'ലൈല മിഹ്റാജി'ന് യൂട്യൂബില്‍ 10 ലക്ഷം കാഴ്ചക്കാരെ ലഭിച്ചത് വല്ലാത്ത പ്രചോദനമായി. കവര്‍ സോംഗുകള്‍ പാടി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ സിനിമാരംഗത്തുള്ളവരടക്കം ഷെയര്‍ ചെയ്തിരുന്നു. അതിനു ശേഷമാണ് പാട്ടിനെ കാര്യമായി സമീപിക്കാന്‍ തുടങ്ങിയത്.
എറണാകുളം മഹാരാജാസ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനിയായ ദാനയുടെ സ്വപ്നം ഐ.എ.എസ് ഓഫീസര്‍ ആവുക എന്നതാണ്. പാട്ടിനെ കൈവിടാതെ തന്നെ ഈ സ്വപ്നത്തിലേക്ക് അടുക്കാനാണ് ദാന ശ്രമിക്കുന്നത്. തലശ്ശേരി സ്വദേശിയായ അബ്ദുല്‍ റാസിഖ്-താഹിറ റാസിഖ് ദമ്പതികളുടെ മകളാണ് ദാന റാസിഖ്. റഫ റാസിഖ്, നുബ റാസിഖ്, മുഹമ്മദ് ദുര്‍റ എന്നിവര്‍ സഹോദരങ്ങളാണ്.

ചെമ്പകപ്പൂവ് നഷ്‌വാ ഹുസൈന്‍

ഈ കൊറോണകാലം സമ്മാനിച്ച ഗായികയാണ് നഷ്‌വാ ഹുസൈന്‍. കോഴിക്കോടിന്റെ മണ്ണില്‍നിന്നാണ് ഈ 12 വയസ്സുകാരി കേരളീയരുടെ പ്രിയഗായികയായി മാറിയത്.
'ചെമ്പകപ്പൂ' എന്ന നഷ്‌വ ആലപിച്ച ഗാനം യൂട്യൂബില്‍ 25 ലക്ഷം പേരാണ് ആസ്വദിച്ചത്. മാതാപിതാക്കളും സഹോദരങ്ങളും ഗായകരായതിനാല്‍ പാട്ടുകള്‍ തെരഞ്ഞെടുക്കാനും പഠിച്ചെടുക്കാനും പ്രയാസം ഒട്ടുമില്ലെന്ന് നഷ്‌വ പറയുന്നു.
കോഴിക്കോട് ജില്ലയിലെ മൂഴിക്കല്‍ സ്വദേശിനിയായ നഷ്‌വാ ഹുസൈന്‍ ചേന്ദമംഗല്ലൂര്‍ അല്‍ ഇസ്‌ലാഹ് ഇംഗ്ലീഷ് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. എല്‍.കെ.ജി മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. സംഗീതം, ആങ്കറിങ്, ഡാന്‍സ് എന്നിവയില്‍ സജീവമായിരുന്ന നഷ്‌വ ഹുസൈന്‍ ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട് എന്നിവയില്‍ സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ കാലത്തെ സജീവമാക്കാന്‍ പിതാവ് സക്കീര്‍ ഹുസൈന്‍ തുടങ്ങിയ 'സക്കീര്‍ ഹുസൈന്‍ ഫാമിലി' എന്ന ചാനലിലൂടെ ശ്രദ്ധേയയായ നഷ്‌വ ഹുസൈന്‍ മലയാളം, തമിഴ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള പാട്ട് പാടാറുണ്ട്. കേവലം മൂന്നു മാസം കൊണ്ട് തന്നെ ശ്രദ്ധേയമായ ചാനലിനിപ്പോള്‍ എഴുപത്തിനാലായിരം സബ്സ്‌ക്രൈബേഴ്സും 21 ലക്ഷം വ്യൂവേഴ്‌സും ഉണ്ട്. വിവിധ പരിപാടികളില്‍ ഉദ്ഘാടകയായും അതിഥിയായും മാറാന്‍ സാധിച്ചത് പ്രേക്ഷകര്‍ തന്ന പിന്തുണ കൊണ്ട് മാത്രമാണെന്ന് പറയുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും അധ്യാപകരും നല്‍കുന്ന ഊര്‍ജമാണ് തന്റെ ചാലകശക്തിയെന്ന് ആവര്‍ത്തിക്കുന്ന നഷ്‌വാ ഹുസൈന്‍ ഇതിനകം ചില പരസ്യങ്ങളിലും മുഖം കാണിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ ബിസിനസ് ചെയ്യുന്ന സക്കീര്‍ ഹുസൈന്‍ മൂഴിക്കലിന്റെയും ചേന്ദമംഗല്ലൂര്‍ അല്‍ ഇസ്‌ലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ അധ്യാപിക എന്‍.എന്‍ ഫൗസിയയുടെയും മകളാണ്. നാജി ഹുസൈന്‍, നിഷാന്‍ ഹുസൈന്‍, നിഹാല്‍ ഹുസൈന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ശബ്ദം മാധുരം അസ്മ സലീം

ഫാറൂഖാബാദിന്റെ പ്രിയപ്പെട്ട ഗായികയാണ് അസ്മ സലീം. കോഴിക്കോട് ഫറോക്ക് കോളേജില്‍ രണ്ടാം വര്‍ഷ ബി.എം.എം.സി വിദ്യാര്‍ഥിനിയായ അസ്മയും ലോക്ക് ഡൗണ്‍ കാലത്താണ് തന്റെ കഴിവിനെ ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടിയത്.
ഗായകനും ഗാനരചയിതാവുമായ പിതാവിന്റെ ഗാനങ്ങള്‍ പാടിയാണ് കൊച്ചു അസ്മ സ്‌കൂള്‍ വേദികളില്‍ കൈയടി വാങ്ങിയിരുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കൂട്ടുകാരുടെയും കസിന്‍സിന്റെയും നിര്‍ബന്ധത്തില്‍ തുടങ്ങിയ യൂട്യൂബ് ചാനലാണ് മുനീര്‍ ലാല കമ്പോസ് ചെയ്ത ഗാനങ്ങള്‍ പാടാന്‍ തനിക്ക് അവസരം തന്നത് എന്ന് അസ്മ പറയുന്നു.
മ്യൂസിക് ഇല്ലാത്ത ഗാനങ്ങളാണ് പ്രേക്ഷകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അസ്മ ഇപ്പോള്‍ കൂടുതല്‍ പാടുന്നത്. പഠനത്തോടൊപ്പം കൊണ്ടുപോകാനാവുന്ന ഒരു പാഷന്‍ ആയാണ് അസ്മ പാട്ടിനെ കാണുന്നത്.
ഫറോക്ക് പേട്ട സ്വദേശികളായ സലീം-സുബൈദ ദമ്പതികളുടെ മകളായ അസ്മ മലപ്പുറം സ്വദേശി നഷാദിന്റെ ജീവിതസഖിയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top