ഗൃഹനായികയുടെ ഉത്തരവാദിത്തങ്ങള്‍

ഹൈദറലി ശാന്തപുരം No image

നബി (സ) ഒരു ഹദീസില്‍ പുരുഷനെ കുടുംബനാഥന്‍ എന്നും സ്ത്രീയെ ഭര്‍തൃഗൃഹത്തിലെ നായിക എന്നുമാണ് വിശേഷിപ്പിച്ചത്. 
രണ്ട് കാര്യങ്ങളാണ് ഇസ്‌ലാം ഭര്‍തൃമതിയായ ഒരു സ്ത്രീയില്‍നിന്ന് ആവശ്യപ്പെടുന്നത്. തന്റെ ഭര്‍ത്താവിന് ശാന്തിയും സമാധാനവും സ്‌നേഹവുമായി വര്‍ത്തിക്കുകയാണ് അവയിലൊന്ന്. ഗൃഹനായിക എന്ന നിലക്കുള്ള ബാധ്യതകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുക എന്നതാണ് മറ്റൊന്ന്.
ഭര്‍തൃമതിയായ ഒരു സ്ത്രീ കുടുംബത്തില്‍ തനിക്കും തന്റെ ഭര്‍ത്താവിനുമുള്ള സ്ഥാനവും ബാധ്യതയും മനസ്സിലാക്കി വര്‍ത്തിക്കുകയാണ് ആദ്യമായി വേണ്ടത്. ഭാര്യാഭര്‍ത്താക്കന്മാരുടെ യഥാര്‍ഥ സ്ഥാനം വിശദീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ കൂടുതല്‍ കഴിവ് നല്‍കിയതു കൊണ്ടും (പുരുഷന്മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്'' (അന്നിസാഅ്: 34).
''സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്മാരോട്) ബാധ്യതകള്‍ ഉള്ളതു പോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട്'' (അല്‍ ബഖറ: 228).
ഇസ്‌ലാം എല്ലാ കാര്യങ്ങളിലും സംഘടനാ വ്യവസ്ഥയും അതില്‍ നേതൃത്വവും അനുസരണവും പഠിപ്പിക്കുന്നു. അങ്ങനെ ചെയ്യാത്ത പക്ഷം ഓരോരുത്തരും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. ഒരാളും സ്വാഭിപ്രായം ത്യജിക്കാന്‍ സന്നദ്ധനായിക്കൊള്ളണമെന്നില്ല. ഒരു സംഘമാണെങ്കിലും സ്ഥാപനമാണെങ്കിലും കുടുംബമാണെങ്കിലും അതു തന്നെയായിരിക്കും സ്ഥിതി. 
പുരുഷന്‍ എന്ന സവിശേഷത പരിഗണിച്ചുകൊണ്ട് പുരുഷന്റെ കൈയില്‍ തന്നെയാണ് അല്ലാഹു കുടുംബത്തിന്റെ കടിഞ്ഞാണ്‍ നല്‍കിയിട്ടുള്ളത്. അതിനാല്‍ ഭാര്യയുടെ ബാധ്യതയാണ് ഭര്‍ത്താവിന്റെ സ്ഥാനം മനസ്സിലാക്കി പെരുമാറുകയും ഭര്‍ത്താവിനെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത്. എല്ലാ കാര്യങ്ങളിലും ഭര്‍ത്താവ് ഒരു സ്വേഛാധികാരിയാവണമെന്നോ ഭര്‍ത്താവിന്റെ സ്വേഛാധിപത്യം ഭാര്യ അംഗീകരിക്കണമെന്നോ ഇതിനര്‍ഥമില്ല. ഗാര്‍ഹികമായ കാര്യങ്ങളില്‍ ദമ്പതികള്‍ പരസ്പരം കൂടിയാലോചന നടത്തിയാണ് തീരുമാനമെടുക്കേണ്ടത്. എങ്കില്‍ മാത്രമേ പരസ്പര സ്‌നേഹവും മാനസികൈക്യവും നിലനിര്‍ത്താന്‍ സാധ്യമാകൂ. ഒരു വിഷയത്തില്‍ ഭര്‍ത്താവ് ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതനുസരിക്കല്‍ ഭാര്യയുടെ ബാധ്യതയാകുന്നു.
ആഇശ (റ) പറഞ്ഞു: ഞാന്‍ നബി (സ) യോട് ചോദിച്ചു: 'ഒരു സ്ത്രീയെ സംബന്ധിച്ചേടത്തോളം ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധ്യതയുള്ളത് ആരോടാണ്?' തിരുമേനി പ്രതിവചിച്ചു: 'അവളുടെ ഭര്‍ത്താവിനോട്.' ഞാന്‍ വീണ്ടും ചോദിച്ചു: 'ഒരു പുരുഷനെ സംബന്ധിച്ചേടത്തോളം ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധ്യതയുള്ളത് ആരോടാണ്?' തിരുമേനി പറഞ്ഞു: 'തന്റെ മാതാവിനോട്' (ബസ്സാര്‍, ഹാകിം).
സാധാരണ ഗതിയില്‍ ഒരു മനുഷ്യന് സൃഷ്ടികളില്‍ ഏറ്റവും കൂടുതല്‍ ബാധ്യതയുള്ളത് മാതാവിനോടാകുന്നു. അതിന്റെ കാരണം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ നബിവചനം വ്യക്തമാക്കുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചേടത്തോളം തന്റെ സ്രഷ്ടാവായ അല്ലാഹുവിനോടുള്ള ബാധ്യതക്കു ശേഷം ഏറ്റവും വലിയ ബാധ്യത തന്റെ ഭര്‍ത്താവിനോടാണ് എന്നത്രെ. മാതാവിന്റെ താല്‍പര്യവും ഭര്‍ത്താവിന്റെ താല്‍പര്യവും തമ്മില്‍ ഇടയുകയാണെങ്കില്‍ ഒരു സ്ത്രീ അവരില്‍ ആരുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കണം? ഉദാഹരണമായി, മാതാവ്, തന്റെ കൂടെ താമസിച്ച് തനിക്ക് സേവനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. തന്റെ കൂടെ താമസിക്കണമെന്ന് ഭര്‍ത്താവും ആവശ്യപ്പെടുന്നു. ഭര്‍ത്താവിന്റെ ആവശ്യം അവഗണിച്ച് മാതാവിന്റെ കൂടെ താമസിക്കുകയാണോ, അതോ മാതാവിന്റെ ആഗ്രഹം അവഗണിച്ച് ഭര്‍ത്താവിന്റെ കൂടെ താമസിക്കുകയാണോ വേണ്ടത്? മാതാവിനോട് മാതാവ് എന്ന നിലയില്‍ ബാധ്യതയുള്ളതോടു കൂടി സാധാരണ ജീവിതത്തില്‍ കൂടുതല്‍ ബാധ്യത ഭര്‍ത്താവിനോടാകുന്നു. എങ്കിലും മാതാവിനോടുള്ള ബാധ്യതകള്‍ സാധ്യമാകുംവിധം നിര്‍വഹിക്കുകയും ഭര്‍ത്താവുമായി കൂടിയാലോചിച്ച് യുക്തമായ തീരുമാനമെടുക്കുകയുമാണ് വേണ്ടത്. മാതാവിന്റെയും ഭര്‍ത്താവിന്റെയും ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള തീരുമാനമാണെടുക്കേണ്ടത്. സ്ത്രീയെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള സാഹചര്യം സംജാതമാകാതിരിക്കാന്‍ ഇരു പക്ഷവും ശ്രദ്ധിക്കേണ്ടതാണ്.
ഉമ്മു സലമ (റ) പറയുന്നു: റസൂലുല്ലാഹി (സ) പ്രസ്താവിച്ചു: 'ഏതെങ്കിലും ഒരു സ്ത്രീ തന്റെ ഭര്‍ത്താവ് അവളെക്കുറിച്ച് സംതൃപ്തനായ അവസ്ഥയില്‍ മരണപ്പെടുകയാണെങ്കില്‍ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്' (തിര്‍മിദി, ഇബ്നുമാജ).
ഭാര്യയുടെ രണ്ടാമത്തെ ബാധ്യത, ഭര്‍ത്താവിനെ അനുസരിക്കുകയും ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ ഇസ്‌ലാമിക ശരീഅത്ത് പ്രകാരം സൂക്ഷിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക എന്നതാകുന്നു. വിശുദ്ധ ഖുര്‍ആനില്‍ സച്ചരിതകളായ വനിതകളുടെ ചില ഗുണങ്ങള്‍ അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നു:
''സച്ചരിതകളായ വനിതകള്‍ അനുസരണശീലമുള്ളവരും അല്ലാഹു കല്‍പിച്ചതു പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാകുന്നു'' (അന്നിസാഅ്: 34).
നബി (സ) തന്റെ വിയോഗത്തിന് മൂന്ന് മാസം മുമ്പ് അറഫാ മൈതാനിയില്‍ വെച്ച് ഒരുലക്ഷത്തില്‍പരം വരുന്ന തന്റെ സഖാക്കളെ അഭിസംബോധന ചെയ്തുകൊണ്ടു നടത്തിയ പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ബാധ്യതകള്‍ സംക്ഷിപ്തമായി അനുസ്മരിച്ചുകൊണ്ട് പറഞ്ഞു; 
'അറിഞ്ഞുകൊള്ളുക: നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളോട് ചില ബാധ്യതകളുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യമാരോടും ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടുള്ള ബാധ്യത, നിങ്ങളുടെ വിരിപ്പുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ചവിട്ടിക്കാതിരിക്കുക എന്നതും നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ക്കനിഷ്ടമുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കാതിരിക്കുക എന്നതുമാകുന്നു. അറിയുക: നിങ്ങള്‍ക്ക് അവരോടുള്ള ബാധ്യത നിങ്ങള്‍ അവരുടെ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും കാര്യത്തില്‍ അവര്‍ക്ക് ഗുണം ചെയ്യുക എന്നതാണ്' (തിര്‍മിദി, ഇബ്നുമാജ).
മറ്റൊരിക്കല്‍, സ്വര്‍ഗപ്രവേശനത്തിന് സഹായകമായ ചില കാര്യങ്ങള്‍ വിവരിക്കവെ, സ്ത്രീ മൂന്നു കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെകില്‍ അവള്‍ക്ക് സ്വര്‍ഗത്തിന്റെ ഏത് വാതിലിലൂടെയും പ്രവേശിക്കാന്‍ സാധിക്കുമെന്ന് പ്രവാചകന്‍ (സ) പ്രസ്താവിച്ചു:
'അബൂ ഹുറയ്റ (റ) വില്‍ നിന്ന് നിവേദനം: നബി (സ) പ്രസ്താവിച്ചു: 'ഒരു സ്ത്രീ അഞ്ച് സമയത്തെ നമസ്‌കാരം കൃത്യമായി നമസ്‌കരിക്കുകയും തന്റെ ചാരിത്ര്യം കാത്തു സൂക്ഷിക്കുകയും തന്റെ ഭര്‍ത്താവിനെ അനുസരിക്കുകയുമാണെങ്കില്‍ അവള്‍ക്ക് സ്വര്‍ഗത്തില്‍ തനിക്കിഷ്ടമുള്ള ഏതു വാതിലിലൂടെയും പ്രവേശിക്കാന്‍ സാധിക്കും.'
ദാമ്പത്യജീവിതത്തിലെ സുപ്രധാന ഘടകമായ ശാരീരിക ബന്ധത്തിന് സ്ത്രീ വൈമുഖ്യം കാണിക്കുകയാണെങ്കില്‍ മാലാഖമാരുടെ ശാപമുണ്ടാകുമെന്ന് നബി (സ) ഒരിക്കല്‍ പറയുകയുണ്ടായി.
അബൂ ഹുറയ്റ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂല്‍ അരുളി: 'ഒരാള്‍ തന്റെ പത്‌നിയെ തന്റെ കിടപ്പറയിലേക്ക് ക്ഷണിച്ചിട്ട് അവള്‍ ചെല്ലാതിരിക്കുകയും അയാള്‍ അതിന്റെ പേരില്‍ കോപാകുലനായി രാത്രി കഴിച്ചുകൂട്ടുകയും ചെയ്താല്‍ പ്രഭാതം വരെ മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടിരിക്കും' (ബുഖാരി, മുസ്‌ലിം).
ഏറെ പുണ്യകരമായ ഐഛിക വ്രതം പോലും ഭര്‍ത്താവിന്റെ അനുവാദത്തോടെ മാത്രമേ സ്ത്രീ അനുഷ്ഠിക്കാന്‍ പാടുള്ളു എന്ന് പ്രവാചകന്‍ (സ) പ്രസ്താവിച്ചിരിക്കുന്നു.
ഐഛിക വ്രതത്തിനു മാത്രമേ ഭര്‍ത്താവിന്റെ അനുവാദം ആവശ്യമുള്ളു. നിര്‍ബന്ധ നോമ്പനുഷ്ഠിക്കാന്‍ അനുമതി തേടേണ്ടതില്ല. ഇസ്‌ലാമിലെ നിര്‍ബന്ധ കാര്യങ്ങള്‍ അനുഷ്ഠിക്കുന്നതിന് ഭര്‍ത്താവ് തടസ്സം നിന്നാലും ഭാര്യ അനുസരിക്കാന്‍ ബാധ്യസ്ഥയല്ല.
ഭാര്യയുടെ മറ്റൊരു ബാധ്യതയാണ് ഭര്‍ത്താവിന് വേണ്ടി അണിഞ്ഞൊരുങ്ങുകയും അലങ്കാരം സ്വീകരിക്കുകയും ചെയ്യുക എന്നത്. 
ഇസ്‌ലാം സൗന്ദര്യത്തിന്റെ മതമാണ്. സ്ത്രീക്ക് പ്രകൃത്യാ തന്നെ അലങ്കാരത്തോട് കൂടുതല്‍ ആഭിമുഖ്യമുണ്ടായിരിക്കും. 'ആഭരണത്തില്‍ വളര്‍ത്തപ്പെടുന്നവള്‍' എന്നാണ് ഖുര്‍ആന്‍ സ്ത്രീയെ വിശേഷിപ്പിച്ചിട്ടുള്ളത്. അതിനാല്‍ ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് അലങ്കാരം വിലക്കപ്പെട്ടിട്ടില്ല. പക്ഷേ, ആരുടെയെങ്കിലും മുമ്പില്‍ അലങ്കാരം പ്രദര്‍ശിപ്പിക്കാന്‍ അനുവാദമില്ല. ഒരു സ്ത്രീ അലങ്കാരം സ്വീകരിക്കേണ്ടതും അണിഞ്ഞൊരുങ്ങേണ്ടതും ഭര്‍ത്താവിനു വേണ്ടിയും ഭര്‍ത്താവിന് മുമ്പിലുമായിരിക്കണം. ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഭാര്യ മോശമായ വസ്ത്രം ധരിക്കുന്നതും ഭര്‍ത്താവിന് അനിഷ്ടകരമാകുംവിധം വര്‍ത്തിക്കുന്നതും ഇസ്‌ലാമിക വീക്ഷണത്തില്‍ അഭികാമ്യമല്ല. 
ആഇശ (റ) പറയുന്നു: ഉസ്മാനു ബ്നു മള്ഊനിന്റെ ഭാര്യ മൈലാഞ്ചിയിടുകയും സുഗന്ധദ്രവ്യമുപയോഗിക്കുകയും ചെയ്യാറുണ്ടായിരുന്നു. പിന്നീട് അവരത് ഉപേക്ഷിച്ചു. അവര്‍ ഒരിക്കല്‍ എന്റെയടുത്തു വന്നപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഭര്‍ത്താവ് നാട്ടിലുണ്ടോ?' അവര്‍ പറഞ്ഞു: 'നാട്ടിലുണ്ട്. പക്ഷേ ഉസ്മാന് ഐഹിക ജീവിതത്തിലും സ്ത്രീകളിലും താല്‍പര്യമില്ല.' ആഇശ (റ) തുടരുന്നു: ''അപ്പോള്‍ എന്റെയടുത്ത് റസൂല്‍ (സ) പ്രവേശിച്ചു. ഞാന്‍ കാര്യം പറഞ്ഞു; അങ്ങനെ നബി തിരുമേനി ഉസ്മാനെ കണ്ടപ്പോള്‍ ചോദിച്ചു: 'ഉസ്മാനേ, താങ്കള്‍ ഞങ്ങള്‍ വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'അതേ, അല്ലാഹുവിന്റെ ദൂതരേ.' പ്രവാചകന്‍ (സ) പറഞ്ഞു: എങ്കില്‍ താങ്കള്‍ക്കുള്ള മാതൃക ഞാനാണ്'' (അഹ്മദ്).
ഐഹിക ജീവിതത്തില്‍ വിരക്തി തോന്നുകയും തന്റെ ലൈംഗിക ശേഷി തന്നെ നശിപ്പിക്കാന്‍ നബി(സ)യോട് അനുവാദം ചോദിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഉസ്മാനു ബ്നു മള്ഊന്‍. പക്ഷേ നബി (സ) അതിന് അനുവാദം നല്‍കിയില്ല.
ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. നബി (സ) ഹിജ്റ ചെയ്ത് മദീനയിലെത്തിയ ശേഷം മദീനാ നിവാസികളായ അന്‍സ്വാരികളെയും മക്കയില്‍നിന്നും മറ്റും പലായനം ചെയ്‌തെത്തിയ മുഹാജിറുകളെയും പരസ്പരം സഹോദരങ്ങളായി പ്രഖ്യാപിച്ചിരുന്നു. തദടിസ്ഥാനത്തില്‍ പരസ്പരം സഹോദരങ്ങളായി പ്രഖ്യാപിക്കപ്പെട്ടവരായിരുന്നു അബുദ്ദര്‍ദാഉം സല്‍മാനുല്‍ ഫാരിസിയും. 
സല്‍മാന്‍ ഇടക്കൊക്കെ അബുദ്ദര്‍ദാഇന്റെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോള്‍ അബുദ്ദര്‍ദാഇനെ കണ്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടപ്പോള്‍ വിവാഹിതകളായ സ്ത്രീയുടെ പതിവിന് വിരുദ്ധമായി വളരെ മോശപ്പെട്ട വസ്ത്രം ധരിച്ചതായി കണ്ടു. സല്‍മാന്‍ അവരോട് കാരണമെന്തെന്ന് അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'അബുദ്ദര്‍ദാഇന് ദുന്‍യാവിനോടും സ്ത്രീകളോടും ഒരു താല്‍പര്യവുമില്ല. പകല്‍ മുഴുവന്‍ നോമ്പനുഷ്ഠിക്കുകയും രാത്രിയില്‍ മുഴുസമയവും നിന്ന് നമസ്‌കരിക്കുകയും ചെയ്യും.' അബുദ്ദര്‍ദാഅ് വീട്ടിലെത്തിയപ്പോള്‍ സല്‍മാന് ഭക്ഷണമെത്തി. പക്ഷേ അബുദ്ദര്‍ദാഅ് നോമ്പവസാനിപ്പിച്ച് ഭക്ഷണം കഴിക്കുന്നതു വരെ സല്‍മാന്‍ ഒന്നും ഭക്ഷിച്ചില്ല. രാത്രിയായപ്പോള്‍ രാത്രിയുടെ ആദ്യ സമയത്തു തന്നെ അബുദ്ദര്‍ദാഅ് നമസ്‌കരിക്കാന്‍ പുറപ്പെട്ടു. അപ്പോള്‍ സല്‍മാന്‍ അദ്ദേഹത്തെ തടഞ്ഞു; രാത്രിയുടെ മൂന്നിലൊന്ന് അവശേഷിക്കുന്ന സമയത്ത് നമസ്‌കരിക്കാന്‍ അനുവദിച്ചു. പിന്നീട് അദ്ദേഹത്തോട് പറഞ്ഞു: 'താങ്കള്‍ക്ക് താങ്കളുടെ നാഥനോട് ചില ബാധ്യതകളുണ്ട്. താങ്കളുടെ ശരീരത്തോടും ബാധ്യതകളുണ്ട്. കുടുംബത്തോടും ബാധ്യതകളുണ്ട്. ഓരോരുത്തരോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുക.' അതിനു ശേഷം അബുദ്ദര്‍ദാഅ് നബി(സ)യുടെ സന്നിധാനത്തിലെത്തി സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. അപ്പോള്‍ നബി തിരുമേനി പറഞ്ഞു: 'സല്‍മാന്‍ പറഞ്ഞത് ശരിയാണ്.'
സ്ത്രീകള്‍ സ്വീകരിക്കാറുള്ള അലങ്കാരങ്ങള്‍ക്ക് ഇസ്‌ലാം ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. പച്ചകുത്തല്‍, പുരികം വടിച്ചുകളയല്‍, സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പല്ലുകള്‍ രാകി ചെറുതാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു.
സ്ത്രീകള്‍ സുഗന്ധം പൂശി പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കുന്നതും ഇസ്‌ലാമില്‍ നിഷിദ്ധമാകുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top