ധീരയായ സ്വഹാബി വനിത

സഈദ് മുത്തനൂര്‍ No image

കുലമഹിമയും തറവാട്ടു മേന്മയും തുടങ്ങി ഏറെ ഗുണങ്ങള്‍ പറയാനുള്ള സ്വഫിയ്യ ബിന്‍ത് അബ്ദുല്‍മുത്ത്വലിബ് മഹിത സ്വഭാവത്തിന്റെ ഉടമയും ധീര വനിതയുമായിരുന്നു 
സാഹിത്യത്തിലും കവിതയിലും വലിയ കഴിവു പ്രകടിപ്പിച്ചിരുന്നു സ്വഫിയ്യ. അറേബ്യന്‍ മണലാരണ്യത്തില്‍ ഇസ്‌ലാമിന്റെ പ്രകാശം എത്തിയപ്പോള്‍ അവര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അന്നവര്‍ക്ക് 40 കഴിഞ്ഞിരുന്നു.
പ്രവാചകനുമായി കുടുംബ ബന്ധത്തിനു പുറമെ ആദര്‍ശ ബന്ധം കൂടിയായപ്പോര്‍ അവര്‍ക്കിടയില്‍ സ്‌നേഹവും ആദരവും സുദൃഢമായി. ഉഹുദ് യുദ്ധത്തില്‍ മഹതി സ്വഫിയ്യ തന്റേതായ സേവനങ്ങളര്‍പ്പിച്ചു. ഈ യുദ്ധത്തില്‍ മുസ്‌ലിം പക്ഷത്ത് തോല്‍വിയുടെ ലക്ഷണങ്ങള്‍ ദൃശ്യമായി. ചിലര്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങിയപ്പോള്‍ സ്വഫിയ്യ യോദ്ധാക്കളെ വഴിയില്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചു. അവര്‍ ചോദിച്ചു: 'നിങ്ങള്‍ യുദ്ധഭൂമി വിട്ടോടുകയോ! അതും പ്രവാചകന്‍ തിരുമേനിയെ ഇവിടെ ഇട്ടേച്ച് ഓടിയകലുകയോ! നിങ്ങള്‍ക്ക് ഖേദമില്ലേ? എവിടേക്കാണീ ഓട്ടം?!'
ഉഹുദില്‍ അവരുടെ സഹോദരന്‍ ഹംസ വധിക്കപ്പെട്ടു. ധീരനായ പോരാളിയായിരുന്നു ഹംസ (റ). 
ശത്രു അദ്ദേഹത്തെ വധിച്ച ശേഷം മൃതദേഹം വികൃതമാക്കി. ഹിന്ദ് അദ്ദേഹത്തിന്റെ കരള്‍ ചവച്ചുതുപ്പി. യുദ്ധഭൂമിയില്‍ അല്‍പം അകലെയായി പ്രവാചകന്‍ സ്വഫിയ്യയെ കണ്ടു. ഉടനെ തിരുമേനി അവരുടെ മകന്‍ സുബൈറിനോട് പറഞ്ഞു, മാതാവിനെ തടഞ്ഞുനിര്‍ത്തൂ. സഹോദരന്‍ ഹംസയുടെ മൃതദേഹം വികൃതമാക്കപ്പെട്ട് കിടക്കുന്നതെങ്ങാനും സ്വഫിയ്യ കണ്ടാല്‍ അവരുടെ കരച്ചിലും അട്ടഹാസവും അടക്കാനാവില്ലെന്ന് കരുതിയാണ് പ്രവാചകന്‍ അതു പറഞ്ഞത്. അങ്ങനെ സുബൈര്‍ അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു:
''പ്രിയമാതാവേ! മുന്നോട്ട് പോകരുത്. റസൂലിന്റെ നിര്‍ദേശമാണ്.''
''മോനേ! സുബൈര്‍, പുതിയ വല്ല വിശേഷവും!?''
''പിന്നെ എന്റെ സഹോദരന്‍ ഹംസ വധിക്കപ്പെട്ട കാര്യം എനിക്കറിയാം. ഹിന്ദ് അദ്ദേഹത്തിന്റെ നെഞ്ച് പിളര്‍ന്ന് കരളെടുത്ത് കടിച്ചു തുപ്പിയതും. ഇതെല്ലാം ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ പ്രതീക്ഷിച്ചതു തന്നെ. ഇസ്‌ലാമിനെ നിലനിര്‍ത്താനും അതിന്റെ വ്യാപനത്തിനും ഇത്തരം ത്യാഗങ്ങള്‍ ആവശ്യമായിവരും. ഹംസയുടെ മരണത്തില്‍ ദുഃഖിക്കേണ്ടതില്ല. ഇസ്‌ലാം അതാവശ്യപ്പെടുന്നുണ്ട്. ഒരു പോരാളി മരണത്തെ വിളിച്ചിരുത്തുകയാണ് ചെയ്യുക. ധീരയോദ്ധാവിന്റെ മൃത്യുവില്‍ വേപദുപൂണ്ട് കണ്ണീര്‍ വാര്‍ക്കുന്നത് അദ്ദേഹത്തെ അവമതിക്കുന്നതിന് തുല്യമാണ്.''
സുബൈര്‍ മടങ്ങിച്ചെന്ന് പ്രവാചകനോട് സ്വഫിയ്യയുടെ മറുപടി കേള്‍പ്പിച്ചപ്പോള്‍ അവര്‍ക്ക് തന്റെ സഹോദരന്റെ മൃതദേഹം കാണിച്ചുകൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അവരുടെ വഴി തടയാതെ മാറിനില്‍ക്കാന്‍ കല്‍പിച്ചു. അങ്ങനെ വികൃതമായ തന്റെ സഹോദരന്റെ മൃതദേഹം കണ്ട അവര്‍ ഇന്നാലില്ലാഹി വഇന്നാ... എന്നു മാത്രം മൊഴിഞ്ഞ് പിന്മാറി. 
ഖന്‍ദഖ് യുദ്ധവേളയില്‍ സ്ത്രീകള്‍ക്കും നബിപത്‌നിമാര്‍ക്കും കാവലായി സുമയ്യ നിലകൊണ്ടത് അവരുടെ ധൈര്യം കൊണ്ടാണ്. അവിടെ ജൂതന്മാരുടെ ശത്രുതയെ അവര്‍ കൈയൂക്കോടെ നേരിട്ട സംഭവമുണ്ടായിട്ടുണ്ട്.
സാഹിത്യത്തിലും കവിതയിലും അവര്‍ മികച്ചു നിന്നു. വിലാപ കാവ്യവും മറ്റു ഗാനങ്ങളും അവര്‍ പാടിയിരുന്നു. വളരെ സാഹിതീയമായിരുന്നു കവിതകളത്രയും. സ്ഫുട ഭാഷയിലായിരുന്നു രചന. ചിന്തകളും ഭാവനകളും അവരുടെ കാവ്യമേഖലക്ക് മികവേറ്റി. 
സ്വഫിയ്യയുടെ മാതാവ് ബനൂസഹ്റയില്‍ പെട്ട ഹാല ബിന്‍ത് വുഹൈബ് ആണ്. ഹാരിസുബ്‌നു ഹര്‍ബു ബ്‌നു ഉമ്മയ്യയായിരുന്നു ഭര്‍ത്താവ്. അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഖദീജ ബീവി(റ)യുടെ സഹോദരനായ, അവാമുബ്‌നു ഖുവൈലിദ് അല്‍അസദി സ്വഫിയ്യയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ മൂന്ന് ആണ്‍മക്കളുണ്ടായി. പ്രസിദ്ധ സ്വഹാബി സുബൈര്‍, അസ്സാഇബ്, അബ്ദുല്‍ കഅ്ബ എന്നിവരാണവര്‍.
അബ്ദുല്‍ മുത്ത്വലിബിന്റെ മക്കളില്‍ സ്വഫിയ്യ മാത്രമാണ് ഇസ്‌ലാം സ്വീകരിച്ചതെന്നാണ് ഇമാം ദഹബി ഉറപ്പിച്ചു പറയുന്നത്. 
ഇസ്‌ലാമിലേക്ക് ക്ഷണം കിട്ടിയ ഉടനെത്തന്നെ സ്വഫിയ്യ ഇസ്‌ലാമിലേക്ക് കടന്നു വന്നതായാണ് ചരിത്രം. 'നീ നിന്റെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക' എന്ന ഖുര്‍ആന്‍ സന്ദേശം ലഭിച്ചപ്പോള്‍ പ്രവാചകന്‍ തിരുമേനി (സ) സ്വഫാ കുന്നില്‍ കയറി ഇങ്ങനെ വിളിച്ചു പറഞ്ഞു: 'യാ ഫാതിമ ബിന്‍ത് മുഹമ്മദ്! യാ സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്ത്വലിബ്!' 'ഞാന്‍ അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളെ രക്ഷിക്കാന്‍ വേണ്ടി ഒന്നും ഉടമപ്പെടുത്തിയിട്ടില്ല. എന്റെ സ്വത്ത് വേണമെങ്കില്‍ ചോദിച്ചോളൂ' എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് നബി തിരുമേനി ഇസ്‌ലാമിലേക്ക് ക്ഷണിച്ചത്. ഈ വിളി കേട്ടാണ് അവര്‍ ഇസ്‌ലാം സ്വീകരിച്ചത്. അതിനു മുമ്പെ അവരുടെ മകന്‍ സുബൈര്‍ (റ) ഇസ്‌ലാമില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. മകന്‍ സുബൈറിനോടാപ്പാണ് സ്വഫിയ്യ(റ) ഹിജ്‌റ നടത്തിയത്. 
സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്ത്വലിബ് 73 വര്‍ഷം ജീവിച്ചു. രണ്ടാം ഖലീഫ ഉമര്‍ ഫാറൂഖിന്റെ കാലത്ത് ഹിജ്‌റ 20 - ല്‍ അവര്‍ ചരമമടഞ്ഞു. ഖലീഫ ഉമര്‍ തന്നെയാണ് മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. ജന്നത്തുല്‍ ബഖീഇല്‍ അവര്‍ അന്ത്യവിശ്രമം കൊള്ളുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top