ഗാര്‍ഹിക പീഡനവും സ്ത്രീകളുടെ നിയമ പരിരക്ഷയും

അഡ്വ. ടി.പി.എ നസീര്‍ No image

ഗാര്‍ഹിക പീഡനം ഒരു പെരുമാറ്റ രീതിയാണ്. കുടുംബ വ്യവസ്ഥക്കുള്ളിലും ഒരുമിച്ചുള്ള സഹവാസത്തിലും ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ മേല്‍ ശാരീരികമായോ മാനസികമായോ അധീശത്വം സ്ഥാപിക്കുന്ന ക്രിമിനല്‍ മാനസികാവസ്ഥയോടു കൂടിയ സ്വഭാവരീതി. ശാരീരിക അതിക്രമങ്ങള്‍ക്ക് പുറമെ സാമ്പത്തികമായും മതപരമായും ലൈംഗികമായും ഭാഷാപരമായും കുടുംബ ബന്ധങ്ങളില്‍ ഒരാള്‍ മറ്റൊരാളെ കീഴ്പ്പെടുത്താനോ മാനസികമായി മുറിപ്പെടുത്താനോ ശ്രമിച്ചാല്‍ അത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുന്നതാണ്. പലപ്പോഴും ഗാര്‍ഹിക പീഡനം കുടുംബത്തിലെ ആണധികാരത്തിന്റെ അധീശത്വഭാവമാണ്.
കുടുംബങ്ങളിലുണ്ടാവുന്ന അതിക്രമങ്ങള്‍ കോടതികളില്‍ എത്തുമ്പോള്‍ മാത്രമാണ് പൊതുസമൂഹം ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. വീടിന്റെ അകത്തളങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയന്ത്രണങ്ങളും ഇണയില്‍ നിന്നുണ്ടാവുന്ന ലൈംഗികാതിക്രമങ്ങളും, ജോലിക്ക് പോകാനോ തുടര്‍പഠനം നടത്താനോ കഴിയാതെ സംഘര്‍ഷമനസ്സോടെ ജീവിക്കുന്ന ഒട്ടേറെ അനുഭവങ്ങളും ഈ നിയമത്തിന്റെ പരിധിയിലാണ്. പണ്ടൊക്കെ ഗാര്‍ഹിക പീഡനമെന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ കരുതിയത് ഭാര്യയെ തല്ലല്‍, മദ്യപിച്ച് വന്ന് ഭാര്യയുടെ ചാരിത്ര്യ ശുദ്ധിയെ കുറിച്ച് നാട്ടുകാര്‍ കേള്‍ക്കെ അപവാദം പ്രചരിപ്പിക്കല്‍, കേട്ടാല്‍ അറപ്പുളവാക്കുന്ന തെറിവാക്ക് പറയല്‍ തുടങ്ങിയ കുടുംബങ്ങളിലെ ബാഹ്യ അതിക്രമങ്ങളെ കുറിച്ച് മാത്രമാണ്. എന്നാല്‍ മാനസികമായി മുറിവേല്‍ക്കുന്ന വാചികമായ പദപ്രയോഗവും ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്നത് വിസ്മരിക്കരുത്. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാവാതെ ദമ്പതികളെപ്പോലെ താമസിക്കുക വഴിയോ, ദത്തെടുക്കല്‍ മൂലമുണ്ടായ ബന്ധത്തിലോ, കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിലോ ഒരു കൂരക്ക് കീഴെ താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധമാണ്.
ഭീഷണിപ്പെടുത്തുക, കുടുംബത്തില്‍ അവഗണിക്കപ്പെടുക, സംശയിച്ച് പിന്തുടരുക, സാമ്പത്തിക സ്രോതസ്സ് തടസ്സപ്പെടുത്തുക, ലഭിക്കുന്ന വരുമാനം ഇഷ്ടമില്ലാതെ കൈപ്പറ്റുക, അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ച് വീടുകളില്‍ മാറ്റി നിര്‍ത്തുക, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുക, വൈദ്യസഹായം നല്‍കാതിരിക്കുക, ഉറങ്ങുന്നതിനോ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തുക, അനുവാദമില്ലാതെ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുക, ചെലവിനു നല്‍കാതിരിക്കുക, പ്രത്യുല്‍പ്പാദന നിയന്ത്രണം ഏര്‍പ്പെടുത്തുക, മനശാസ്ത്രപരമായി ഇണയെ തളര്‍ത്തുക, പ്രകൃതി വിരുദ്ധ ലൈംഗികതക്ക് പ്രേരിപ്പിക്കുക, ലഹരി പദാര്‍ത്ഥങ്ങളുപയോഗിക്കാന്‍ നിര്‍ബന്ധിക്കുക, ഔദ്യോഗിക പ്രവൃത്തികളെ തടസ്സപ്പെടുത്തുക, സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ശ്രമിക്കുക, ഭാര്യാപിതാവിനേയോ ബന്ധുക്കളേയോ നിരന്തരമായി കുറ്റപ്പെടുത്തുക, ബന്ധുമിത്രാദികളെ കാണാന്‍ അനുവദിക്കാതിരിക്കുക, സൗന്ദര്യത്തെ കുറിച്ച് അധിക്ഷേപിച്ച് സംസാരിക്കുക, കുട്ടികളുടെ ഇടയില്‍ വെച്ച് മോശമായി ചിത്രീകരിക്കുക, സാമൂഹിക ഇടപെടലുകളില്‍ നിന്ന് മാറ്റി നിര്‍ത്തുക, പെണ്‍കുട്ടികളെ മാത്രം പ്രസവിച്ചതിന്റെ പേരില്‍ കുറ്റപ്പെടുത്തുക, ഗര്‍ഭധാരണത്തിനോ ഗര്‍ഭമലസിപ്പിക്കുന്നതിനോ ബലപ്രയോഗം നടത്തുക തുടങ്ങിയവയൊക്കെ ഗാര്‍ഹിക പീഡനത്തിനുദാഹരണങ്ങളാണ്. പലപ്പോഴും പുറം ലോകത്തേക്ക് ഇത്തരം ബലാല്‍ക്കാരങ്ങള്‍ ഇരകള്‍ വലിച്ചിഴക്കാറില്ല. പക്ഷേ ശക്തര്‍ ദുര്‍ബലര്‍ക്ക് മേല്‍ നടത്തുന്ന കടുത്ത മാനസിക ശാരീരിക അതിക്രങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമ്പോള്‍ മാത്രമാണ് സമൂഹത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് തടയിടാന്‍ കഴിയുക.
അപമാന ഭയവും കുട്ടികളുടെ സംരക്ഷണവും വിവാഹമോചനവും സമൂഹത്തിന്റെ തുറിച്ചു നോട്ടവും പലപ്പോഴും വീടുകളിലെ ഗാര്‍ഹിക പീഡനങ്ങള്‍ പുറത്ത് പറയുന്നതില്‍ നിന്ന് ഇരകളെ തടയുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ അതിക്രമങ്ങള്‍, ഒരുമിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍, പീഡനങ്ങള്‍, വിവാഹ മോചിതരായതിനുശേഷവും ഒരുമിച്ചു താമസിക്കുന്ന ആളുകള്‍ക്കിടയിലുള്ള അതിക്രമങ്ങള്‍ തുടങ്ങിയവയും ഗാര്‍ഹിക പീഡനത്തിന്റെ നിര്‍വചനത്തില്‍ വരുന്നതാണ്. വ്യക്തി ബന്ധങ്ങളില്‍ ഭയം അടിസ്ഥാനഘടകമായി മാറുന്ന ജീവിതാവസ്ഥ കൂടിയാണിത്.
മത-ദേശ-വര്‍ഗ-സംസ്‌കാര-ലിംഗങ്ങള്‍ക്കതീതമായി ലോകത്ത് എല്ലായിടത്തും ഗാര്‍ഹിക പീഡനം നടക്കുന്നു. അമേരിക്കയില്‍ 32 മില്യണ്‍ ആളുകള്‍ ഓരോ വര്‍ഷവും ഗാര്‍ഹിക പീഡനത്തിന് വിധേയരാവുന്നുണ്ട്. എന്നാല്‍ അവിടെ ആറില്‍ ഒരു ഭാഗം ഗാര്‍ഹിക പീഡനത്തിന്റെ ഇരകള്‍ പുരുഷന്മാരാണെന്നതാണ് വിചിത്രം! ലോകത്ത് മൂന്നില്‍ രണ്ടു ഭാഗം സ്ത്രീകളും ഏതെങ്കിലും വിധത്തിലുള്ള ഗാര്‍ഹിക പീഡനങ്ങള്‍ക്ക് വിധേയരാവുന്നുണ്ടെന്നാണ് കണക്ക്.
15 വയസ്സിന്റെയും 50 വയസ്സിന്റെയും ഇടയില്‍ ജീവിതത്തിലെപ്പോഴെങ്കിലും സ്ത്രീകള്‍ മാനസികമായോ ശാരീരികമായോ പീഡനങ്ങള്‍ക്കോ മറ്റുള്ളവരുടെ നിര്‍ബന്ധങ്ങള്‍ക്കോ വഴങ്ങേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഗ്രാമീണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനങ്ങള്‍. 45 ശതമാനം സ്ത്രീകള്‍ ഗ്രാമത്തിലും 35 ശതമാനം നഗരപ്രദേശങ്ങളിലും ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാണ്. കൂടാതെ നമ്മുടെ രാജ്യത്ത് 8 ലക്ഷത്തിലധികം പുരുഷന്മാര്‍ സ്ത്രീകളില്‍നിന്നുള്ള മാനസിക ലൈംഗിക ശാരീരിക അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നു. പുരുഷന്മാരുടെ അമിത ലഹരി ഉപയോഗങ്ങള്‍ക്കും പരസ്ത്രീ ബന്ധങ്ങള്‍ക്കും ആത്മഹത്യാ പ്രവണതക്കും സ്ത്രീകളില്‍ നിന്നുള്ള ഗാര്‍ഹിക പീഡനങ്ങള്‍ കാരണമാകുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഒരാള്‍ തന്റെ ഭാര്യയെ ദേഹോപദ്രവം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. അതേസമയം ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ അധിക്ഷേപങ്ങളും പരസ്പര സമ്മതമില്ലാതെയുള്ള ലൈംഗിക ഇടപെടലുമൊക്കെ ക്രിമിനല്‍ കുറ്റമായി മാറാവുന്ന ഗാര്‍ഹിക അതിക്രമങ്ങളുമാണ്. വീടുകളിലെ പീഡനങ്ങള്‍ ഗര്‍ഭാവസ്ഥയിലുള്ള കുട്ടികളേയും നവജാത ശിശുക്കളേയും ബാല്യകൗമാര മനസ്സുകളെയും പ്രതികൂലമായി ബാധിക്കും. കുടുംബത്തിലെ സന്തോഷകരമായ അവരുടെ ഇടപെടലുകളെ ഇല്ലാതാക്കുകയും ചെയ്യും. വീടുകളിലെ നിരന്തരമായ സംഘര്‍ഷങ്ങള്‍ സ്‌നേഹ നിരാസത്തിലേക്കും വിവാഹേതര ബന്ധങ്ങളിലേക്കും ആത്മഹത്യയിലേക്കും ഒളിച്ചോട്ടത്തിലേക്കും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലേക്കുമൊക്കെ സ്ത്രീകളെ തള്ളിവിടുന്നുവെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഗാര്‍ഹിക പീഡനങ്ങള്‍ കുടുംബ പ്രശ്‌നമായി മാത്രം കണ്ടിരുന്ന സാമൂഹിക അന്തരീക്ഷത്തിന് മാറ്റങ്ങള്‍ വന്നിരിക്കുന്നു. ജീവിതപങ്കാളിയെന്നതിനപ്പുറം വ്യക്തമായ അവകാശങ്ങളും അധികാരങ്ങളുമുള്ള വ്യക്തിയെന്ന നിലയില്‍ വീടുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള  അടിച്ചമര്‍ത്തലുകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ശക്തമായ നിയമങ്ങളാണുള്ളത്. ഐ.പി.സി. 498 എ വകുപ്പ് പ്രകാരം ഗാര്‍ഹിക പീഡനത്തിന് 3 വര്‍ഷം വരെയുള്ള കടുത്ത ശിക്ഷയും പീഡനത്തിന്റെ ഭാഗമായി മരണം സംഭവിച്ചാല്‍ ഐ.പി.സി. 304 ബി.യിലുള്‍പ്പെടുത്തി 7 വര്‍ഷം വരെ കഠിന തടവിനും നിയമം അനുശാസിക്കുന്നു.
ഗാര്‍ഹിക പീഡന നിയമപ്രകാരം ഹരജിക്കാരിയുടെ അപേക്ഷയില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ഇരക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും വീടിനുള്ളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനും ജീവനാംശമോ, ധനസഹായമോ നല്‍കാനും ഉത്തരവിടാവുന്നതാണ്. കോടതി വിധി ലംഘിച്ചാല്‍ ജാമ്യമില്ലാ കുറ്റകൃത്യമായി പരിഗണിച്ച് പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും. പരാതികള്‍ ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കോ, പോലീസിനോ, മജിസ്‌ട്രേറ്റിന് മുമ്പാകെ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. പീഡനത്തിന് ഇരയായ സ്ത്രീക്ക് മാത്രമല്ല അവര്‍ക്ക് വേണ്ടി ആര്‍ക്കു വേണമെങ്കിലും ഹരജി നല്‍കാം. ഗാര്‍ഹിക പീഡന കേസുകള്‍ കോടതിയില്‍ ലളിതമായ നടപടിക്രമത്തിലൂടെ 60 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കുമെന്നതും ഈ നിയമത്തിന്റെ പ്രത്യേകതയാണ്.
പീഡനാനുഭവങ്ങള്‍ പരാതിക്കാരി തുറന്നു പറയാന്‍ തയാറാവണം. തങ്ങള്‍ കുടുംബത്തിന്റെ മാനം കാക്കാന്‍ വേണ്ടി മാത്രമുള്ള യന്ത്രങ്ങളല്ലെന്നും ലോകത്തെ ബോധ്യപ്പെടുത്തണം. സമൂഹത്തെ അമിതമായി ഭയന്നാല്‍ അത് പലപ്പോഴും ഇരകളുടെ ദുരിതങ്ങള്‍ വര്‍ധിക്കുകയേ ഉള്ളൂ. നിയമ നടപടികള്‍ കൊണ്ട് മാത്രം കുടുംബത്തില്‍ ഗാര്‍ഹിക പീഡന മുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനാവില്ല. വ്യക്തിയെന്ന നിലയില്‍ സ്ത്രീകളുടെ അവകാശങ്ങളെ പരിഗണിച്ചും അര്‍ഹമായ അംഗീകാരം നല്‍കിയും സ്‌നേഹമസൃണമായ ഇടപെടലുകളിലൂടെയും വിട്ടുവീഴ്ചയിലൂടെയും ബന്ധങ്ങള ദൃഢപ്പെടുത്തിയും പരസ്പരം മുന്നോട്ടു പോവുക എന്നതാണ് പ്രധാനം.


 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top