ഉടലുകള്‍ തമ്മിലടുക്കാതെ
വിചിത്രമായൊഴുകുന്ന
വിരസത മുറ്റിയ ഇപ്പുഴയരികില്‍,
ദീനദിനങ്ങളെ വകഞ്ഞൊന്നു മാറ്റി
അക്കരെയെത്തണം.
ഓരം പറ്റിയ സ്വപ്നങ്ങളില്‍
നിറമൊന്നു ചാര്‍ത്തണം.
ആലസ്യച്ചുഴിയിലകപ്പെട്ടൊരലാറത്തെ
കൃത്യതയാലൊന്നുണര്ത്തിയെടുക്കണം
ഉച്ചയൂണിന്റെ ശൂന്യതയാലടുക്കിക്കമഴ്ത്തിയ
ചോറ്റുപാത്രങ്ങളില്‍ ചൂടോടെയൊന്നു
നിറച്ചു വിളമ്പണം.
ചെമ്മഷി പുരളാത്ത നോട്ടു പുസ്തകത്തിലെ
എഴുതാത്ത താളുകള്‍ മുഴുമിച്ചു തീര്‍ക്കണം
അഴുകാത്ത പുറംചട്ടകള്ക്കുള്ളിലെ ശങ്കകള്‍
സ്നേഹാധ്യാപനം കൊണ്ട് വെട്ടിത്തെളിക്കണം
അലമാരക്കുള്ളിലടക്കിയ യൂണിഫോം
കൃത്യമായിനിയൊന്നലക്കിയെടുക്കണം
തോരാത്ത മഴയിലും നിവരാന്‍ മടിച്ചൊരാ
കുടകള്‍ക്കു കീഴിലായ് കുളിര്‍കൊണ്ടു നീങ്ങണം.
ചങ്ങാത്തമന്യമാം തോളത്തെ ശൂന്യത
കൈകള്‍ കോര്ത്തോടിത്തിമിര്ത്തു നികത്തണം
തൊട്ടിരുന്നുണ്ടിടാന്, തമ്മില്‍ കഥ ചൊല്ലാന്‍
കാത്തിരിപ്പല്ലയോ കാലത്തിനോരത്ത്.