സമ്പൂര്‍ണ ജെന്‍ഡര്‍ ന്യൂട്രല്‍ സംസ്ഥാനമാകാം

കെ.വൈ.എ No image

ഭാഷയെയും സംസ്‌കാരത്തെയും ലിംഗബോധമെന്ന പ്രതിലോമ ശീലത്തില്‍ നിന്നുകൂടി മുക്തമാക്കാന്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. 

'സര്‍' എന്നും 'മാഡം' എന്നും ഇനി സ്‌കൂളില്‍ കേള്‍ക്കരുത്. സര്‍ക്കാരിന് അത് ഇഷ്ടമല്ല. പകരം 'ടീച്ചര്‍' എന്ന് വിളിച്ചോളൂ. കാരണം? അത് രണ്ടും കൊളോണിയല്‍ കാലത്തിന്റെ ബാക്കിയാണെന്ന് ചിലര്‍. അത് മാത്രമല്ല, ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചു കാട്ടുന്നു എന്നതാണ് വലിയ പ്രശ്‌നമെന്ന് വേറെ ചിലര്‍.
വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ പ്രശ്‌നമുണ്ടാകാന്‍ വഴിയില്ല. കാരണം, ക്ലാസ്സില്‍ ഒരു മര്യാദക്ക് അവര്‍ അധ്യാപകരെ അങ്ങനെ വിളിച്ചാലും 'സര്‍മാഡം' വിളിയെക്കാള്‍ ഭാവനാപൂര്‍ണമായ പേരുകള്‍ അവര്‍ അധ്യാപകര്‍ക്ക് സ്വകാര്യമായി നല്‍കിക്കാണും. 'ഹിറ്റ്‌ലര്‍' മുതല്‍ 'സോഡാക്കുപ്പി' വരെ. ഇരട്ടപ്പേരിനു പിന്നില്‍ ആകാരമോ രൂപമോ സ്വഭാവമോ ഒക്കെ ആകാം. ടീച്ചര്‍ എന്ന്  വിളിക്കാന്‍ പറഞ്ഞാലും വിദ്യാര്‍ഥികള്‍ എതിര്‍ക്കാന്‍ വഴിയില്ല. വിളിക്കണമെന്ന് അവര്‍ക്ക് തോന്നിയിട്ടു വേണ്ടേ? അത് പക്ഷേ, വേറെ വിഷയമാണ്.
വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നമല്ല എന്നത് ഒരു ഒഴികഴിവായി എടുക്കാന്‍ ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന് സാധ്യമല്ല. അതിനാല്‍, അധ്യാപകരെ സംബോധന ചെയ്യുന്നത് 'സര്‍' എന്നും 'മാഡം' എന്നും 'മിസ്' എന്നും വേണ്ട എന്ന തീരുമാനം കര്‍ശനമായി നടപ്പാക്കണം. ഇംഗ്ലീഷ് സമം കൊളോണിയല്‍ എന്നാണെങ്കില്‍ 'ടീച്ചര്‍' എങ്ങനെ പകരമാകും എന്ന് ചോദിക്കുന്നവരുണ്ട്. മാത്രമല്ല, ജനാധിപത്യത്തിന്റെ എയ്ഡഡ് സ്‌കൂളായ അസംബ്ലിയില്‍ സ്പീക്കറെ അംഗങ്ങള്‍ 'സര്‍' എന്നേ വിളിക്കൂ. ബാലഗോപാലന്‍ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍നിന്ന് 'സര്‍' വിളി ഒഴിവാക്കിയാല്‍ ഒന്നോ രണ്ടോ പേജ് മാത്രമേ അതുണ്ടാകൂ. സ്ത്രീ സ്പീക്കറാകും വരെ ആ വിളി തുടരാനാണ് സാധ്യത.
അപ്പോള്‍ പ്രശ്‌നം കോളോണിയലോ ജനാധിപത്യമോ അല്ല. സ്‌കൂളുകളിലെ ജെന്‍ഡര്‍ ആണ്. ആണോ പെണ്ണോ എന്ന നിലക്ക് യാതൊന്നും വസ്ത്രമോ പെരുമാറ്റമോ വിളിയോ ഒന്നും  ഉണ്ടാകരുത്. അത് നിര്‍ബന്ധം. 'സര്‍' ആണാണ്; 'മാഡം' പെണ്ണും. 'ടീച്ചര്‍' രണ്ടിനും (മൂന്നിനും) പറ്റും എന്നത് തന്നെ ന്യായം.
ജെന്‍ഡര്‍ ന്യൂട്രല്‍ ആവുക എന്നത് കലാലയങ്ങളിലും വിദ്യാലയങ്ങളിലും (മാത്രം) നിര്‍ബന്ധമാക്കുമ്പോള്‍ ചില സൗകര്യങ്ങളൊക്കെ അതിലുണ്ട്. ഉദാഹരണത്തിന്, ഇനിയങ്ങോട്ട് പരീക്ഷക്ക് പര്യായ പദങ്ങളും വിപരീത പദങ്ങളുമൊക്കെ പഠിച്ചാല്‍ മതി.  പുല്ലിംഗം, സ്ത്രീലിംഗം ഒഴിവാക്കാം. നോക്കൂ, കൊമ്പനെന്നും മോഴയെന്നും ഇനി ഓര്‍ക്കേണ്ട; ആന എന്ന് മാത്രം മതി. പൂവന്‍, പിട ഇനിയില്ല. കോഴി ധാരാളം. പശു, കാള പുറത്ത്; കാലി മതി. പോത്തും എരുമയും വേണ്ട, കാലി തന്നെ മതി.
ലിബറല്‍ പുരോഗമന ഗരിമ അധികമുള്ള ഫ്രാന്‍സില്‍ ആരോ കുറെ മുമ്പ് പറഞ്ഞു, 'അച്ഛനും' 'അമ്മ'യും ഒഴിവാക്കി ന്യൂട്രല്‍ വാക്ക് സ്വീകരിക്കണം എന്ന്. അങ്ങനെ ലിംഗനിരപേക്ഷമായി 'പേരന്റ് നമ്പര്‍ വണ്‍', 'പേരന്റ് നമ്പര്‍ ടു' എന്നിങ്ങനെ വേണം അച്ഛനമ്മമാരെ വിളിക്കാന്‍ എന്നൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്രെ. എന്നാല്‍ പേരന്റ് നമ്പര്‍ വണ്‍ ആര്, പേരന്റ് നമ്പര്‍ ടു ആര് എന്ന് തീരുമാനിക്കാന്‍ പറ്റാത്തതുകൊണ്ടാവാം അത് നടപ്പായില്ല. 
അവരും 'മെസ്യേ', 'മദാം' (മിസ്റ്റര്‍, മിസ്സിസ്) എന്ന വിളികളെ തൊട്ടിട്ടില്ല. അപ്പോഴും നമ്മള്‍ ന്യൂട്രല്‍ ആക്കിയെടുത്ത ചിലതുണ്ട്. കമ്യൂണിസ്റ്റുകാര്‍ പാര്‍ട്ടി'സഖി'യെ 'സഖാവ്' എന്നാണ് വിളിക്കുക. ഒരു വനിത രാജ്യത്തിന്റെ പ്രസിഡന്റായപ്പോള്‍ 'രാഷ്ട്രപത്‌നി' എന്നല്ല, 'രാഷ്ട്രപതി' എന്ന് തന്നെയാണ് വിളിച്ചത്.  അതായത്, ന്യൂട്രല്‍ ആവുകയെന്നാല്‍ ആണിന്റെ വാക്ക് സ്വീകരിക്കുക എന്ന്. രാഷ്ട്രീയത്തില്‍ അങ്ങനെയൊക്കെ ഇളവുണ്ടെങ്കിലും ഭാവി തലമുറയെ വാര്‍ത്തു വാര്‍ത്തുണ്ടാക്കുന്ന വിദ്യാലയങ്ങളില്‍ അങ്ങനെ പറ്റില്ല. കൊളോണിയല്‍ ആകാം, പക്ഷേ ജെന്‍ഡര്‍ നിഷിദ്ധം. അതിനാല്‍ 'സര്‍', 'മാഡം', 'മിസ്' എല്ലാം ഔട്ട്. 'ടീച്ചര്‍' ഇന്‍.
  സര്‍ക്കാര്‍ അങ്ങനെ പറഞ്ഞിട്ട് കുറച്ചായെങ്കിലും ഏതെങ്കിലും സാറിനെ കുട്ടികള്‍ 'ടീച്ചര്‍' എന്ന് വിളിച്ചതായി അറിവില്ല. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്രയും വേഗം പെടുത്താനും കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തി ജെന്‍ഡര്‍ ന്യൂട്രല്‍ പുരോഗതി പ്രാപിക്കാനും സമൂഹം ജാഗ്രത പാലിക്കണം. സര്‍, മാഡം, ടീച്ചര്‍ മാതൃകയില്‍ ഒരു ജെന്‍ഡര്‍ ന്യൂട്രല്‍ നിഘണ്ടു ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ ഇവിടെ നല്‍കുന്നു. കൂടുതല്‍ പദങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് ക്ഷണിക്കുകയാണ്.
ഉദ്യോഗസ്ഥന്‍, ഉദ്യോഗസ്ഥ എന്നിവ ഇനിയില്ല. പകരം ഓഫീസര്‍ മതി. കാര്യസ്ഥന്‍, കാര്യസ്ഥ വേണ്ട; സെക്രട്ടറി മതി. എഴുത്തുകാരനും എഴുത്തുകാരിയും വേണ്ട; റൈറ്ററും നോവലിസ്റ്റും മതി.
ജീവനക്കാരന്‍, ജീവനക്കാരി (എംപ്ലോയീ), വിദ്യാര്‍ഥി, വിദ്യാര്‍ഥിനി (സ്റ്റുഡന്റ്), പത്രാധിപര്‍, പത്രാധിപ (എഡിറ്റര്‍), കവി, കവയിത്രി (പോഅറ്റ്), നടന്‍, നടി (ആക്ടര്‍), നായകന്‍, നായിക (ഹീറോ), സംവിധായകന്‍, സംവിധായിക (ഡയറക്ടര്‍), കര്‍ഷകന്‍, കര്‍ഷക (ഫാര്‍മര്‍), ലേഖകന്‍, ലേഖിക (കറസ്‌പോണ്ടന്റ്)…
ഇങ്ങനെ, ഇംഗ്ലീഷില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്തിട്ടായാലും ജെന്‍ഡര്‍ പദങ്ങളെ നാടുകടത്തണം. അതാണ്, അത് മാത്രമാണ്, പുരോഗമനം.
അന്യഭാഷകള്‍ പോലും തുണക്കെത്താത്ത ജെന്‍ഡര്‍ പിന്തിരിപ്പത്തരങ്ങള്‍ കുറെയുണ്ട്. സഹോദരന്‍, സഹോദരി, രാജാവ്, രാജ്ഞി... ഇങ്ങനെ പോകുന്നു ആ പട്ടിക. പ്രാകൃതമായ പഴയ കാലത്തിന്റെ ഈ ശേഷിപ്പുകള്‍ എത്രയും വേഗം നിര്‍മാര്‍ജനം ചെയ്യണം.
സ്ത്രീ, പുരുഷന്‍ എന്നീ വാക്കുകള്‍ നിരോധിക്കണം. രണ്ടിനും പകരം 'ആള്‍' മതി. മനോഹരമായ ന്യൂട്രല്‍ പദം. ഈ മാറ്റം അനായാസമാണ്. ഉദാഹരണത്തിന്, 'വിജയിച്ച ഓരോ പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുണ്ട്' എന്ന ചൊല്ല് പുരോഗമന ഭാഷയില്‍, 'വിജയിച്ച ഓരോ ആളുടെയും പിന്നില്‍ ഒരു ആളുണ്ട്' എന്നാക്കി മാറ്റാം.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി പൂര്‍ണമാക്കാന്‍ അച്ഛന്‍ അമ്മ, സഹോദരന്‍ സഹോദരി, മകള്‍ മകന്‍ തുടങ്ങിയവ അടക്കം എല്ലാ ലിംഗസൂചകങ്ങളും നിരോധിക്കണം.
നമുക്ക് സംസ്ഥാനത്ത് ഇനി വനിതാ ആശുപത്രിയും വനിതാ കോളജും ബോയ്‌സ് സ്‌കൂളും മാത്രം ഒഴിവാക്കിയാല്‍ പോരാ; സമ്പൂര്‍ണ പുരോഗതിക്ക് സമഗ്രമായ വേറെയും നടപടികള്‍ വേണ്ടിവരും. ഗൈനക്കോളജി എന്ന ശാഖ തന്നെ വൈദ്യശാസ്ത്രത്തില്‍ നിന്ന് എടുത്തുമാറ്റണം.
തല്‍ക്കാലം തുടങ്ങി വെക്കേണ്ട ഏതാനും കാര്യങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടിയത്. ഭാഷയെയും സംസ്‌കാരത്തെയും ലിംഗബോധമെന്ന പ്രതിലോമ ശീലത്തില്‍ നിന്നുകൂടി മുക്തമാക്കാന്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top