കറിവേപ്പ്

ഡോ: മുഹമ്മദ് ബിന്‍ അഹമ്മദ്‌ No image

പേരുകൊണ്ടു തന്നെ കറിക്കുപയോഗിക്കുന്ന വസ്തുവായി എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണെങ്കിലും അധികപേര്‍ക്കും അടുക്കളമസാലയും കറിവര്‍ഗങ്ങളുമെന്നപോലെ കറിക്കുപയോഗിക്കുന്ന വസ്തു എന്ന ധാരണയെ കറിവേപ്പിലയെ കുറിച്ചുള്ളൂ. വീട്ടുമുറ്റത്ത് നട്ടുവളര്‍ത്താവുന്നതും ദീര്‍ഘകാലം വളരാവുന്നതുമായ ഈ ചെടിക്ക് സാധാരണഗതിയില്‍ 6 അടിയില്‍ താഴെ മാത്രമേ ഉയരം ഉണ്ടാവുകയുള്ളൂ. വീട്ടാവശ്യത്തിന് മറ്റൊരാളെ ആശ്രയിക്കാതെ എളുപ്പത്തില്‍ ഇലകള്‍ പറിച്ചെടുക്കാവുന്ന ഈ ചെടിയുടെ ഇലകള്‍, വേരുകള്‍, തൊലി എന്നിവയെല്ലാം ഔഷധ മൂല്യമുള്ളതാണ്.
വയറുവേദന, അതിസാരം, അരുചി, കൃമിദോഷം, അമിതവണ്ണം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള അത്യപൂര്‍വ്വ ഔഷധ ചെടിയാണ് കറിവേപ്പില.
കറികളില്‍ വറവിടുകയോ തൂമിക്കുക യോചെയ്ത് ഇല ഒഴിവാക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇലകള്‍ കറിയുടെ കൂടെതന്നെ ചവച്ചുതിന്നാതെ എടുത്ത് കളയുന്നത് ഗുണത്തെ പറ്റിയുള്ള അജ്ഞത കൊണ്ടാണ്. കറിക്ക് മണവും രുചിയും കൊടുക്കുന്നതിനേക്കാളുപരി അരുചി ഇല്ലാതാക്കി ദഹനപ്രക്രിയക്ക് ആക്കം കൂട്ടി ബാഹ്യമായും ആന്തരികമായും ശരീരത്തിലേല്‍ക്കുന്ന വിഷങ്ങളെ ഇല്ലായ്മ ചെയ്ത് ദഹനശക്തി വര്‍ധിപ്പിക്കുന്ന ഒരസാധാരണ സുഗന്ധ ഇലയാണ് കറിവേപ്പില.
റുട്ടേസി കുടുംബത്തില്‍ ജനിച്ച ഇതിന്റെ ശാസ്ത്രനാമം 'മുറയകൊയ്‌നിജി സ്‌പ്രെങ്ങ്' എന്നാണ്. ഇന്ത്യയില്‍ മിക്കസ്ഥലങ്ങളിലും ഇത് നട്ടുവളര്‍ത്തുന്നു. ദക്ഷിണേന്ത്യയില്‍ ഇത് വ്യാപകമായും വ്യാവസായികമായും ഇലകള്‍ക്ക് വേണ്ടി നട്ടുവളര്‍ത്തുന്നുണ്ട്. പക്ഷേ അതില്‍ കച്ചവടക്കണ്ണ് വളര്‍ന്നുവരുന്നു. നാട്ടിന്‍ പ്രദേശങ്ങളിലാരും കറിവേപ്പിലക്ക് കീടനാശിനികള്‍ അടിക്കുന്നുണ്ടെന്ന് കേട്ടുകേള്‍വി പോലുമില്ല. എന്നാല്‍ വ്യാപകമായി കൃഷിചെയ്യുമ്പോള്‍ ഇലകള്‍ തഴച്ചു വളരാനുള്ള രാസവളങ്ങളും ഇലകള്‍ക്ക് കേടുവരാതിരിക്കാന്‍ കീടനാശിനികളും ഉപയോഗിച്ചു തുടങ്ങി. അതുകൊണ്ട് തന്നെ ഇന്ന് അങ്ങാടിയില്‍ നിന്ന് ലഭിക്കുന്ന കറിവേപ്പില ദീര്‍ഘനേരം വെള്ളത്തിലിട്ടു കഴുകി വൃത്തിയാക്കാതെ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന യാഥാര്‍ഥ്യം മനസ്സിലാക്കണം.
കറിവേപ്പിലയുടെ ഇലകളില്‍ ഒരു തൈലം അടങ്ങിയിട്ടുണ്ട്. ഇതാണതിന് രുചിയും മണവും നല്‍കുന്നത്. ചിലര്‍ ഇതിന്റെ ഇല വാട്ടി തൈലമെടുക്കുന്നുണ്ട്. കുലകളായി വളരുന്ന ഇതിന്റെ പൂക്കള്‍ക്ക് പച്ചകലര്‍ന്ന വെള്ള നിറമാണ്. ഇലകള്‍ പത്രകങ്ങളായി വളരുന്നു. ഒരിലയില്‍ 10 ജോഡിവരെ പത്രകങ്ങള്‍ ഉണ്ടായിരിക്കും. സ്ഥലകാല വ്യത്യാസമനുസരിച്ചും വളക്കൂറിനനുസരിച്ചും ഇലകളില്‍ വലുപ്പചെറുപ്പമുണ്ടാകും. കൈകൊണ്ട് ഞെരടി നോക്കിയാല്‍ തന്നെ അതിന്റെ സുഗന്ധമറിയാം. രൂക്ഷഗന്ധമുള്ള എന്തെങ്കിലും കൈകളിലായാല്‍ കറിവേപ്പിലയെടുത്ത് കൈകൊണ്ട് തിരുമ്മിയാല്‍ ദുര്‍ഗന്ധം മാറികിട്ടും.
കറിവേപ്പില നട്ട് വൃക്ഷമാകണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. വളരുന്നതിനനുസരിച്ച് അതിന്റെ തുമ്പ് മുറിച്ച് മാറ്റുന്നത് അധികം വളരാതിരിക്കാനും ശാഖകളായി വളരാനും എളുപ്പത്തില്‍ പറിച്ചെടുക്കാനും വേണ്ടിയാണ്. കഞ്ഞിവെള്ളം ഇതിന്റെ പഥ്യാഹാരമാണ്. ചുവന്ന കല്‍പൊടിയും കഞ്ഞിവെള്ളവും കറിവേപ്പില ചെടിക്ക് ഒഴിച്ചുകൊടുക്കാറുണ്ട്. ഉണങ്ങിയ ചാണകപ്പൊടി, കോഴികാഷ്ഠപ്പൊടി, കടലപിണ്ണാക്ക്, ക്ഷാരം കുറഞ്ഞ വെണ്ണീര്‍ എന്നിവയും ഉപയോഗിക്കുന്നു. നട്ടുവളര്‍ത്തുമ്പോള്‍ സൂക്ഷ്മതയും ക്ഷമയും നിര്‍ബന്ധമാണ്.
ഇലകള്‍ ചവച്ചരച്ചു തിന്നുന്നതും ഇലയും ചുക്കും കൂടി അരച്ചു തിന്നുന്നതും ഇലനീരില്‍ ഇഞ്ചിനീര് ചേര്‍ത്ത് കുടിക്കുന്നതും ചായപ്പൊടിയും കറിവേപ്പിലയും കൂട്ടിച്ചേര്‍ത്ത് ചായയുണ്ടാക്കി കുടിക്കുന്നതും ഉണക്കി പൊടിച്ച കറിവേപ്പിലയും ഏലക്കായ പൊടിയും ചേര്‍ത്ത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും കറിവേപ്പില അരച്ച് മഞ്ഞള്‍ കൂട്ടി മോരില്‍ കാച്ചി കുടിക്കുന്നതും വയറ്റില്‍ അരുചി, രക്താതിസാരം, എന്നിവയ്ക്കു നല്ല പ്രതിവിധിയാണ്.
കറിവേപ്പിലയും മഞ്ഞളും കൂട്ടി കഴിക്കുന്നത് കൊളസ്‌ട്രോളിനും അലര്‍ജി തുമ്മല്‍ എന്നിവക്കും ഫലപ്രദമാണ്. കറിവേപ്പില പാലില്‍ അരച്ചു വേവിച്ച് പുരട്ടിയാല്‍ ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റല്‍, വിഷാഘാതം എന്നിവക്ക് ശമനമുണ്ടാകും.
ചിലതരം ത്വൊക്ക്‌രോഗങ്ങള്‍ക്ക് വെളിച്ചെണ്ണയില്‍ കറിവേപ്പിലയും മഞ്ഞളും അരച്ചു തേച്ച് 1/2 മണിക്കൂര്‍കഴിഞ്ഞ് തുടച്ച് കളഞ്ഞ് കുളിക്കുന്നത് ഗുണപ്രദമായി കണ്ടിട്ടുണ്ട്. ഇന്ന് രുചിക്ക് വേണ്ടി പല രാസപദാര്‍ത്ഥങ്ങളടങ്ങിയ വസ്തുക്കള്‍ മാര്‍ക്കറ്റില്‍ ലഭ്യമായതുകൊണ്ട് കറിവേപ്പിലയുടെ ഉപയോഗം കുറഞ്ഞു വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരോഗ്യരംഗത്ത് വിപ്ലവകരമായ മഹാത്ഭുതങ്ങള്‍ കാണിക്കുന്ന വിലകുറഞ്ഞ ഈ ഔഷധം കറിക്കു മാത്രമല്ല രോഗശമനത്തിനും ഉപയോഗിച്ചു തുടങ്ങേണ്ടതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top