"Love in a Headscarf ''

എ.കെ ഫാസില No image

ലോകത്താകമാനം ഇസ്‌ലാം ചര്‍ച്ചയാവുകയും ഇസ്‌ലാമോഫോബിയയുടെ വ്യാപനം ദ്രുതഗതിയിലാവുകയും ചെയ്യുമ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നും ഒരു വനിത തന്റെ മുസ്‌ലിം വ്യക്തിത്വത്തെയും അടയാളങ്ങളെയും അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് ഒരു പുസ്തകമെഴുതുന്നു. മുസ്‌ലിം+സ്ത്രീ എന്നീ രണ്ട് ഐഡന്റിറ്റികളുമായി പടിഞ്ഞാറന്‍ ലോകത്തെ തന്റെ ജീവിതാനുഭവങ്ങളാണ് 'Love in a Headscarf '' എന്ന പുസ്തകത്തിലൂടെ ഷെലീന സഹ്‌റ ജാന്‍ മുഹമ്മദ് പങ്കുവെക്കുന്നത്. മഫ്ത ധരിക്കുന്നത് തന്റെ വിശ്വാസ പ്രഖ്യാപനമായി കരുതുന്ന ലോകത്തെവിടെയുമുള്ള ഏതൊരു മുസ്‌ലിം പെണ്‍കുട്ടിക്കും ഈ പുസ്തകം തന്റെ ചിന്തകളുടെ പ്രതിഫലനമോ അധിക വായനയോ ആയി തോന്നാം.
ഇസ്‌ലാമിനെ അറിഞ്ഞുകൊണ്ടാശ്ലേഷിക്കുകയും ഇന്നത്തെ ലോകത്ത് ജീവിക്കുകയും ചെയ്യുന്ന ഏതൊരു മുസ്‌ലിം പെണ്‍കുട്ടിയിലും ഉയര്‍ന്ന് വന്നേക്കാവുന്ന, എന്നാല്‍ വളരെ അത്യപൂര്‍വമായി മാത്രം പുറത്ത് കേള്‍ക്കാനിടയുള്ള, ഒരു പക്ഷേ തീരെ കേട്ടിട്ടില്ലാത്ത സ്വരങ്ങളാണ് ഈ എഴുത്തുകാരി പുറത്തുവിടുന്നത്. ഈ ഗ്രന്ഥം ആത്മകഥയോ നോവലോ ആണെന്നു പറയാനൊക്കില്ല. എന്നാലിതൊരു ലേഖന സമാഹാരവുമല്ല. ഓര്‍മകളുടെയും ഇടയില്‍ കയറിവരുന്ന ചിന്താശകലങ്ങളുടെയും തന്റെ നല്ലപാതിയെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള അവരുടെ യാത്രയുടെയും രേഖപ്പെടുത്തലാണിത്.
പെണ്ണുകാണല്‍ ചടങ്ങുകളും അതിനായുള്ള ഒരുക്കങ്ങളും ആശങ്കകളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട് ഈ കൃതി. പെണ്ണിന് തന്റെ വിവാഹക്കാര്യത്തില്‍ വധുസ്ഥാനം അലങ്കരിക്കുക എന്നതില്‍ കവിഞ്ഞ് തീരുമാനങ്ങളെടുക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല എന്ന ചിന്തയെ ഇത് തട്ടിമറിച്ചിടുന്നു.
ഇസ്‌ലാമികാടയാളങ്ങള്‍ ധരിച്ച് കൊണ്ടുതന്നെ ഇസ്‌ലാമികാശ്ലേഷണം തന്റെ അവകാശം നേടിയെടുക്കലിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമായി കരുതുന്നവര്‍ നമുക്കിടയില്‍ എഴുത്തിന്റെ ലോകത്ത് അത്യപൂര്‍വമാണ്. ഷെലീന അവരില്‍പെടുന്നു. മറകള്‍ക്കുപിന്നില്‍ ജീവിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ ഹൃദയങ്ങളെയും പ്രണയസ്വപ്നങ്ങളെയും സങ്കല്‍പങ്ങളെയും കുറിച്ച് വാചാലയാവുമ്പോള്‍ അത് രാഷ്ട്രാതിര്‍ത്തികള്‍ ഭേദിച്ച് മുഴുവന്‍ മുസ്‌ലിം മഫ്തധാരികളുടെയും തുറന്നുപറച്ചിലാവുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ മുസ്‌ലിം വ്യക്തിത്വം മറച്ചുവെക്കുന്നതില്‍ ഒരു പ്രയാസവുമില്ല. എങ്കില്‍ ആഗ്രഹിച്ചിട്ടില്ലെങ്കില്‍ കൂടി മതാനുഷ്ഠാനങ്ങള്‍ക്കൊത്ത് ജീവിക്കുന്ന ഏത് മുസ്‌ലിം പെണ്‍കുട്ടിയെയും പൊതുസമൂഹത്തിന് തിരിച്ചറിയാന്‍ പ്രയാസമില്ല.
മുസ്‌ലിമായതിലുള്ള സങ്കടവും അമര്‍ഷവും നമ്മോടിതുവരെ പങ്കുവെച്ചവരോട് മതത്തെയും ആചാരങ്ങളെയും വേര്‍തിരിച്ച് മനസ്സിലാക്കാനും ആരാണ് തങ്ങളെ യഥാര്‍ഥത്തില്‍ കെട്ടിയിട്ടതെന്ന് തിരിച്ചറിയാനും പറയുന്ന നായിക ബുര്‍ഖയെക്കാള്‍ കനമുള്ള കറുപ്പുകൊണ്ട് നമുക്ക് ചുറ്റുമുള്ളവര്‍ മുഖം മറച്ചിരിക്കുന്നതായി മനസ്സിലാക്കുന്നു. പെണ്ണിനോടുള്ള മതത്തിന്റെ നിലപാടുകള്‍ക്ക് മേല്‍ ചിലര്‍ നിവര്‍ത്തിയിട്ട തിരശ്ശീലകള്‍ വലിച്ച് കീറിക്കൊണ്ടാണ് അവരുടെ പ്രണയകഥ മതത്തിനകത്തും പുറത്തെ ആധുനികതകളിലും കലാപം സൃഷ്ടിക്കുന്നത്. ഇസ്‌ലാമിക വ്യക്തി കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു ഇസ്‌ലാമിക പണ്ഡിതയുടെ പക്വതയും പാകതയും ഷെലീനയില്‍ ദര്‍ശിക്കാം. ഇണയെ തെരഞ്ഞെടുക്കുന്നിടത്ത് മാത്രമല്ല ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മധുരം നുണയുന്നത്. വസ്ത്രധാരണത്തിലും യാത്രകളിലും ചുറ്റുപാടുകളോടുള്ള ഇടപഴകലിലുമെല്ലാം ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ഇസ്‌ലാമിനെ പ്രതിനിധീകരിക്കണമെന്ന് വാശി കാണിക്കുന്നുണ്ട് ഈ എഴുത്തുകാരി. ഓരോ യാത്രയും കൂടിച്ചേരലുകളും സംസാരവുമെല്ലാം അവര്‍ക്ക് സ്വാതന്ത്ര്യത്തിലേക്കും അതുവഴി തന്റെ പ്രണയത്തിലേക്കുമുള്ള വഴിയെ വിശാലവും വ്യക്തവുമാക്കിക്കൊടുത്തു. യാത്രയില്‍ ഇസ്‌ലാമിക ചരിത്രഭൂമിയില്‍ നിന്നുള്ള നായികമാര്‍ ഇറങ്ങിവരുന്നുണ്ട്, ഷെലീനയുടെ വാര്‍ത്തകള്‍ക്ക് കരുത്തായി വിവാഹാന്വേഷണത്തിന്റെയും തുടര്‍നടപടികളുടെയും പരമ്പരാഗത രീതികളെ അവഗണിച്ചുകൊണ്ട്, അവക്കിടയില്‍ നിന്ന് ശ്വാസംമുട്ടാതെ മുന്നോട്ടോടാന്‍ കൂട്ടിനു വരുന്നത് പ്രവാചകന്‍ മൂസായുടെ റാണീപദത്തിലേക്ക് കയറിയിരുന്ന ശുഐബ് നബിയുടെ മകള്‍ സഫൂറയാണ്. പലയവസരങ്ങളിലായി, പ്രവാചകന്റെ പ്രിയപത്‌നി ഖദീജയും, പ്രവാചകന്‍ ഇബ്രാഹീമിന്റെ ഭാര്യാപദവി അലങ്കരിച്ച അടിമയായിരുന്ന ഹാജറയും, ക്രിസ്ത്യന്‍ പൗരോഹിത്യത്തിനുമുമ്പില്‍ പടര്‍ന്നു കയറി ഭീതിയായി മാറിയ ഈസയുടെ മാതാവ് വിശുദ്ധ മര്‍യമും ക്രൂരനായ ഫറോവയുടെ ഭക്തയായ ഭാര്യ ആസ്യയും അവരില്‍ ആശ്വാസമായി പെയ്തിറങ്ങുന്നു.
ജനിച്ചതും വളര്‍ന്നതും ഇംഗ്ലണ്ടിലാണെങ്കിലും ഏഷ്യന്‍ സംസ്‌കാരത്തിന്റെ അടിവേരുകളുടെ സ്വാധീനം അവരുടെ ജീവിതത്തിലുണ്ട്. അതുകൊണ്ട് തന്നെ വിവാഹവുമായി ബന്ധപ്പെട്ട് അവിടെ നിലനില്‍ക്കുന്ന അലിഖിത വ്യവസ്ഥകള്‍ നമ്മുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമാവുന്നില്ല. വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ക്കിടയില്‍ നിന്ന് കാര്യം നടത്താന്‍ ഒരു തലമുതിര്‍ന്ന ആളുടെ സാന്നിധ്യം ആവശ്യമാണ്. ആണിന്റെ വീട്ടില്‍ നിന്നേ അന്വേഷണത്തിന്റെയും തുടര്‍നടപടികളുടെയും ആദ്യചലനങ്ങളുണ്ടാകാവൂ. അതിനുള്ള പ്രതികരണമായിരിക്കണം പെണ്‍കൂട്ടരുടെ ഓരോ ചലനങ്ങളും. ആണിന് പെണ്ണിനേക്കാള്‍ പ്രായം, വിദ്യാഭ്യാസം, സമ്പത്ത്, നീളം എന്നിവ കൂടുതലായിരിക്കണം. പെണ്‍കുട്ടി വെളുത്ത നിറമാകണം. അവള്‍ വീട്ടുകാര്യങ്ങളില്‍ നിപുണയായിരിക്കണം. ഇവയും, വിവാഹാന്വേഷണത്തിന്റെ സൗന്ദര്യവും സമ്പത്തും തറവാടിത്തവുമല്ല ദീനിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന പ്രവാചക വചനവും എങ്ങനെയാണ് യോജിക്കുക എന്ന ന്യായമായ സംശയമുണരുന്നുണ്ട് അവരുടെ ഉള്ളില്‍.
പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം മുതലേ പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുന്നത് നല്ല ഭാര്യ, മാതാവ്, ഗൃഹസ്ഥ എന്നീ വേഷങ്ങളിലേക്കുള്ള കേവല പാഠങ്ങളിലേക്കാണ്. എന്നാല്‍ അവരുടെ ചോദ്യം ഇത്തരമൊരു ഒരുക്കം നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ആവശ്യമില്ലേ എന്നാണ്. കുടുംബ ജീവിതത്തിലെ വിജയം പെണ്ണുങ്ങളുടെ കൈയിലാണെന്നുള്ള തലമുതിര്‍ന്ന അമ്മായിമാരുടെ യാഥാസ്ഥിതിക ചിന്തകളുടെ ചിതല്‍പുറ്റുകളെയാണ് ഷെലീന നിസ്സാരമായി ഉടച്ചുകളയുന്നത്.



ലിംഗനിര്‍ണയത്തെക്കുറിച്ചും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ ആനുകാലിക മാറ്റങ്ങളെക്കുറിച്ചും ചങ്കുറപ്പോടെ സംസാരിക്കാന്‍ കഴിയുന്നുണ്ട് തലമറച്ച ഈ എഴുത്തുകാരിക്ക്. വളരെ ഭംഗിയായി വസ്ത്രം ധരിക്കാനിഷ്ടപ്പെടുന്ന ഷെലീന തന്റെ വസ്ത്രധാരണത്തെ അത് വ്യക്തി സ്വാതന്ത്ര്യമെന്ന കേവല സെക്യുലറിസ്റ്റ് വാദങ്ങള്‍ക്ക് അപ്പുറം തന്റെ വിശ്വാസത്തിന്റെ, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആവിഷ്‌കാരമായി കരുതുന്നു. വെസ്റ്റേണ്‍ ഫെമിനിസത്തിന്റെ വളരെ വ്യത്യസ്തമായ ഒരാവിഷ്‌കാരമായി, തന്റെ സ്വത്വബോധത്തിനു നേരെയുള്ള ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചയുള്ള മറുപടിയായി ചേര്‍ത്തുപിടിക്കുന്നു ഷെലീന തന്റെ ശിരോവസ്ത്രത്തെ.
മുസ്‌ലിം പെണ്ണുങ്ങളില്‍ നിന്ന് നാം തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുന്നത് അടിച്ചമര്‍ത്തപ്പെടലിന്റെയും അധിക്ഷേപിക്കപ്പെടലിന്റെയും കണ്ണീര്‍കഥകള്‍ മാത്രമാണ്. മതം തങ്ങളെ അടച്ചുപൂട്ടിയിട്ടതിന്റെയും മൂടിക്കെട്ടി ശ്വാസം മുട്ടിച്ചതിന്റെയും പീഡനകഥകള്‍. എന്നാല്‍ ഇസ്‌ലാം പെണ്ണിന് തുറന്ന് തരുന്ന അതിവിശാലമായ ആകാശങ്ങളെ നോക്കിയുള്ള ഷെലീനയുടെ സന്തോഷാശ്രുവാണീ കൃതി. അല്‍പം കൂടി കടന്ന് അതിന്റെ ആവേശത്തോടുകൂടിയ ആഹ്ലാദപ്രകടനം. മുസ്‌ലിമായതില്‍ മനസ്സില്‍ അല്‍പം അഹങ്കാരം പോലും കൊണ്ടുനടക്കുന്നുണ്ട് അവര്‍.
ഇതിനകം തന്നെ ഒരു ബ്ലോഗറെന്ന നിലയിലും കോളമിസ്റ്റെന്ന നിലയിലും പ്രസക്തി കൈവരിച്ച ഷെലീന സഹ്‌റ ജാന്‍ തന്റെ ആദ്യ കൃതിയായ 'Love in Headscarf'ലെ വരികളെ ഉരുക്കിയെടുക്കുന്നത് ഭാവനയില്‍ നിന്നായിരുന്നില്ല, ജീവിതത്തെ ഒഴുക്കോടു കൂടിയ അക്ഷരങ്ങളില്‍ ക്രമീകരിക്കുകയായിരുന്നു.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top