മതേതരത്തിന്റെ രുചി

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് No image

പൊയ്ത്തുംകടവ് ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മൂന്നു നിരത്ത് എന്ന പ്രദേശത്തായിരുന്നു എന്റെ ബാല്യം. കുടികിടപ്പായി ലഭിച്ച സ്ഥലത്തായിരുന്നു വീട്. സ്നേഹമുള്ള അയല്‍ക്കാര്‍. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരായിരുന്നുവെങ്കിലും രക്തബന്ധത്തെക്കാള്‍ ഇഴയടുപ്പമായിരുന്നു അയല്‍വാസികള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്.
വിശേഷാവസരങ്ങളെല്ലാം ഞങ്ങള്‍ ഒരുമിച്ച് ആഘോഷിച്ചു. ഹിന്ദുവെന്നോ മുസല്‍മാനെന്നോ ഒന്നില്ല. ആഘോഷങ്ങളില്‍ എല്ലാവരും പങ്കാളികളായിരുന്നു. ഓണവും പെരുന്നാളും എല്ലാം ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. ഭക്ഷണങ്ങള്‍ പരസ്പരം കൈമാറി. വിഷുവിനുണ്ടാക്കുന്ന ഉണ്ണിയപ്പം എന്റെ വീട്ടിലെത്തിക്കാന്‍ അയല്‍ക്കാര്‍ മറന്നിരുന്നില്ല. അതിന്റെ മധുരം ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്. രുചികരമായ സദ്യയുണ്ടാക്കി കൂട്ടുകാര്‍ ഓണത്തിന് ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കും. പെരുന്നാളിന് പത്തിരിയും കറിയുമുണ്ടാക്കി ദാരിദ്യ്രത്തിന് നടുവിലും അയല്‍ക്കാരെ സല്‍കരിക്കും. അതുകൊണ്ട് തന്നെ ഓണത്തെ സ്നേഹിക്കാന്‍ ഞങ്ങള്‍ക്കും പെരുന്നാളിനെ സ്നേഹിക്കാന്‍ അവര്‍ക്കും കഴിഞ്ഞിരുന്നു. മതപരമായ അന്യവത്കരണം അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത് കൂടിവരുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. ഓണം ഹിന്ദുവിന്റെയും പെരുന്നാള്‍ മുസല്‍മാന്റെയും മാത്രമായി മാറുന്നു. അതിനെ ആഘോഷമെന്ന് പറയാനാവില്ല. അത് സദ്യ കഴിക്കല്‍ മാത്രമാണ്. മൃഷ്ടാന്നഭോജനം. ആഘോഷങ്ങളുടെ സമ്പൂര്‍ണത പങ്കുവെക്കലിലൂടെ മാത്രമേ കൈവരിക്കാന്‍ സാധിക്കൂ എന്നാണെന്റെ വിശ്വാസം.
അയല്‍വാസിയായ ചന്ദ്രികേച്ചിക്ക് എന്നോട് പ്രത്യേക സ്നേഹവും വാത്സല്യവുമായിരുന്നു. അവരുടെ മക്കളായ ശ്യാമളേച്ചി, ശൈലേച്ചി, ശാലിനി എന്നിവര്‍ക്ക് ഞാനൊരു സഹോദരനും. ഓണക്കാലത്ത് അവരോടൊപ്പം ഓണപ്പാട്ടും പാടി പൂപറിക്കാന്‍ ഞാനും പോവുമായിരുന്നു. 'പൂവേ പൊലിയും' പാടി തെച്ചിയും, തുമ്പയും, മുക്കുറ്റിയും തേടി പറമ്പിലൂടെയും മറ്റും ഞങ്ങള്‍ കൂട്ടുകാര്‍ കൂട്ടം കൂടി ആഹ്ളാദിച്ചു പോകും. അതുകൊണ്ട് തന്നെ ഓണം കുട്ടികളുടെ ആഘോഷമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഓര്‍മയിലെ ആഹാരം എന്നു പറയാറുള്ളത് ഓണക്കാലത്ത് ചന്ദ്രികേച്ചി വിളമ്പിത്തന്ന സദ്യയാണ്. അന്ന് വിളമ്പിത്തന്ന ഓലനും കാളനും കൂട്ടുകറിയും മനുഷ്യസ്നേഹത്തിന്റെ രുചിയായി നാവിലും മനസ്സിലും ഇന്നുമുണ്ട്. ഇന്ന് പച്ചടി കാണുമ്പോള്‍ പണ്ട് വിശേഷ ദിവസങ്ങളില്‍ ഇലയുടെ അരികില്‍ ചന്ദ്രികേച്ചി വിളമ്പി തന്ന പച്ചടി ഞാനോര്‍ക്കും. തിരുവോണം എനിക്കന്ന് വിരുന്നായിരുന്നു.
കുട്ടിക്കാലത്തെ ദാരിദ്യ്രമാണ് എനിക്ക് ദൈവികത വെളിപ്പെടുത്തി തന്നത്. ചന്ദ്രികേച്ചിയുടെ സ്നേഹം, കരുതല്‍ ഞങ്ങളെ ഇല്ലായ്മയില്‍ നിന്നെല്ലാം മുന്നോട്ട് നയിച്ചു. ഞങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ അവരായിരുന്നു. അവരുടെ സങ്കടങ്ങള്‍ ഞങ്ങളുടേതുമായിരുന്നു. ഞങ്ങളുടെ സന്തോഷം അവരുടേതും. അതിനര്‍ഥം രക്തബന്ധങ്ങളെക്കാള്‍ പവിത്രമായിരുന്നു കറകളഞ്ഞ സ്നേഹബന്ധത്തിന്. അതിനെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ആഘോഷങ്ങള്‍.
പിന്നീട് ഞങ്ങള്‍ വീട് വിറ്റ് താമസം മാറി. എന്നിട്ടും ഞങ്ങളുടെ സ്നേഹബന്ധത്തിന് കോട്ടം തട്ടിയില്ല. ഏറ്റവും ഒടുവില്‍ ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ ചന്ദ്രികേച്ചി രോഗബാധിതയായി കിടപ്പിലായിരുന്നു.
മുറിയില്‍ മൂത്രത്തിന്റെ ഗന്ധം. പായയില്‍ മൂത്രത്തിന്റെ നനവ്. ഞാന്‍ അവരുടെ കട്ടിലില്‍ ഇരുന്നു. അപ്പോള്‍ അവരെന്നോട് അവിടെ ഇരിക്കേണ്ട എന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ എഴുന്നേറ്റില്ല. എന്നിട്ട് ചോദിച്ചു: "എന്റെ ഉമ്മയാണ് ഇങ്ങനെ കിടക്കുന്നത് എങ്കില്‍ എനിക്ക് മാറി ഇരിക്കാന്‍ സാധിക്കുമോ? ചന്ദ്രികേച്ചിക്ക് എന്റെ ഉമ്മയുടെ സ്ഥാനമല്ലേ?''
അവര്‍ ഒന്നും പറയാതെ നിശ്ശബ്ദമായി കരയുകയായിരുന്നു. സന്ദര്‍ഭങ്ങളാണ് വ്യക്തികളെ വെളിപ്പെടുത്തുന്നത് എന്നാണ് എന്റെ വിശ്വാസം.
പുതിയ കാലത്തെ ആഘോഷങ്ങളെല്ലാം മതപരമായ ചടങ്ങുകളായി ചുരുങ്ങുകയാണ്. ഇതിനെ നമുക്ക് ദൈവികം എന്ന് വിളിക്കാനാവില്ല. ഇല്ലായ്മയിലാണ് ദൈവം കുടികൊള്ളുന്നത്.
കേരളീയ സമൂഹത്തില്‍ വറുതിയുടെ തീക്ഷ്ണത കുറഞ്ഞിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് മിഴിവ് വരുന്നത് അതിന്റെ ഇല്ലായ്മയിലാണ്. ഓണം 'ഡെക്കറേറ്റഡും സിന്തറ്റിക്കും' ആയി മാറുകയാണ്. തുമ്പയും മുക്കുറ്റിയും ഉപേക്ഷിച്ച് പ്ളാസ്റിക്ക് പൂക്കളും പൊടികളും കൊണ്ട് പൂക്കളം നിര്‍മിക്കുകയാണ് മലയാളി.
മതത്തിനും ജാതിക്കും സമുദായത്തിനും എല്ലാറ്റിനും അതീതമായ കൂട്ടായ്മയുടെ ആഘോഷമായിരുന്നു ഓണം. ഇന്നത് ചോര്‍ന്ന് പോവുകയാണ്. മറ്റുള്ളവരെ പങ്കാളികളാക്കുമ്പോഴാണ് ആഘോഷങ്ങള്‍ക്ക് പൂര്‍ണത കൈവരുന്നത്. ഓണവും പെരുന്നാളും നമുക്ക് ഒന്നിച്ച് ആഘോഷിക്കാന്‍ സാധിക്കണം.
മനുഷ്യര്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുകയാണ്. തൊട്ടടുത്ത വീട്ടില്‍ നടക്കുന്നത് എന്താണെന്നു പോലും നമുക്കറിയില്ല. എന്നാല്‍ ഒളിഞ്ഞു നോട്ടത്തിന് ഒരു മടിയുമില്ല എന്നാണ് വാസ്തവം. ആഘോഷങ്ങള്‍ നമ്മുടെ വേലിക്കെട്ടുകളെല്ലാം തകര്‍ത്ത് സ്നേഹത്തിന്റെ സൌഹൃദത്തിന് വലയങ്ങള്‍ തീര്‍ക്കുന്നവയായി മാറണം. രുചിയിലുണ്ടാവുന്ന മതേതരത്വം നമുക്ക് തിരിച്ചു പിടിക്കേണ്ടതുണ്ട്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top