പൂ കൃഷി കൊണ്ട് ആദായം

ഡോ: മിനി ശങ്കർ
2012 ആഗസ്റ്റ്

ജെര്‍ബെറ
ട്രാന്‍സ്വാള്‍ ഡെയ്സി/ബാര്‍ബെര്‍ട്ടന്‍ ഡെയ്സി/ആഫ്രിക്കന്‍ ഡെയ്സി എന്നറിയപ്പെടുന്ന ജെര്‍ബെറ ലോക വിപണിയില്‍ ഏറെ പ്രചാരമുള്ള ഒന്നാണ്. ഇതിന് വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പൂക്കളുള്ള ധാരാളം ഇനങ്ങളുണ്ട്. ദളങ്ങളുടെ വിന്യാസമനുസരിച്ചും സിംഗിള്‍, ഡബിള്‍, സെമി ഡബിള്‍ എന്നീ മൂന്ന് വിഭാഗങ്ങളായി ജെര്‍ബെറ തരം തിരിച്ചിരിക്കുന്നു. ചെലവ് കുറഞ്ഞ സംരക്ഷിത കൃഷിയാണ് ഇതിനനുയോജ്യം. 50 ശതമാനം തണല്‍ വലകളാണ് ഏറെ ഉത്തമം. നല്ല നീര്‍വാര്‍ച്ചയുള്ളതും നേരിയ ക്ഷാരഗുണമുള്ളതും ജൈവാംശം ധാരാളമുള്ളതുമായ മണ്ണാണ് കൃഷിക്ക് അനുയോജ്യം.
സാധാരണയായി തടങ്ങളിലാണ് ജെര്‍ബെറ കൃഷിചെയ്യുന്നത്. ഇതിനായി 25-30 സെ.മീ ഉയരവും, ഒരു മീറ്റര്‍ വീതിയും, ആവശ്യാനുസരണം നീളവുമുള്ള തടങ്ങള്‍ എടുക്കുക. തടങ്ങള്‍ തമ്മില്‍ 30 സെ.മീ എങ്കിലും അകലം ഉണ്ടായിരിക്കണം, ചാണകപ്പൊടി, മണല്‍, ചകിരിച്ചോര്‍, കമ്പോസ്റ് എന്നിവ 2:1:1 എന്ന അനുപാതത്തില്‍ ഉണ്ടാക്കിയ മിശ്രിതം തടങ്ങളില്‍ ചേര്‍ത്ത് കൊടുക്കേണ്ടതാണ്. തടങ്ങളില്‍ രണ്ടു വരി ചെടികള്‍ നടാവുന്നതാണ്. ചെടികള്‍ തമ്മില്‍ 25-30 സെ.മീ അകലവും വരികള്‍ തമ്മില്‍ 30-40 സെ.മി അകലവും ഉണ്ടായിരിക്കണം.
ബോറോണ്‍, കാല്‍സ്യം, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയ സൂക്ഷ്മ മൂലകങ്ങള്‍ 1.5 മില്ലി, ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ ഇലകളില്‍ തളിച്ച് കൊടുക്കുന്നത് നല്ല പൂക്കളുണ്ടാകാന്‍ സഹായകമാണ്. വിവിധയിനം പിണ്ണാക്കുകള്‍ വെള്ളത്തിലിട്ട് പുളിപ്പിച്ച ദ്രാവകം നേര്‍പ്പിച്ച് തടത്തിലൊഴിച്ച് കൊടുക്കുന്നതും നല്ലതാണ്.
ഡ്രിപ്പ് നനയാണ് ജെര്‍ബെറക്ക് ഏറ്റവും ഉത്തമം. ചതുരശ്രമീറ്ററിന് നാലര മുതല്‍ ആറ് ലിറ്റര്‍ വരെ വെള്ളം ലഭിക്കത്തക്കനിലയില്‍ ജലസേചനം നടത്തണം.
നട്ട് മൂന്ന് മാസത്തിനുള്ളില്‍ ജെര്‍ബെറ പൂക്കാന്‍ തുടങ്ങും. പുറമെയുള്ള രണ്ടോ മൂന്നോ വരി ദളങ്ങള്‍ പൂത്തണ്ടിന് ലംബമായി വരുമ്പോള്‍ പൂക്കള്‍ പറിച്ചെടുക്കാവുന്നതാണ്.
വെള്ളീച്ചകള്‍, ത്രിപ്പുകള്‍, ചിത്രകീടം എന്നിവയാണ് ജെര്‍ബെറയെ നശിപ്പിക്കുന്ന പ്രധാന കീടങ്ങള്‍. ഇവയുടെ ആക്രമണം തടയാനായി ഇമിഡാക്ളോ പ്രീസ് എന്ന കീടനാശിനി 0.004 ശതമാനം വീര്യത്തില്‍ ഇലകളില്‍ തളിച്ച് കൊടുക്കാവുന്നതാണ്. ചിത്രകീടത്തിന്റെ ആക്രമണത്തിനെതിരെ വേപ്പടങ്ങിയ ഏതെങ്കിലും കീടനാശിനി രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് കൊടുക്കണം.
അഴുകല്‍ രോഗങ്ങള്‍, ചീയല്‍ രോഗം, മൃദുരോമപൂപ്പ് എന്നിവയാണ് പ്രധാനരോഗങ്ങള്‍. അഴുകല്‍, ചീയല്‍ തുടങ്ങിയവക്കെതിരെ ക്യാപ്റ്റാഫ് എന്ന കുമിള്‍ നാശിനി 0.2 ശതമാനം വീര്യത്തിലും, മൃദുരോമ പൂപ്പിനെതിരെ കൊരാത്തയ്ന്‍ എന്ന കുമിള്‍ നാശിനി 0.15 ശതമാനം വീര്യത്തിലും ഇലകളില്‍ തളിച്ച് കൊടുത്താല്‍ മതിയാകും.
ട്യൂബ്റോസ്

കട്ട് ഫ്ളവറായും ലൂസ് ഫ്ളവറായും ഉപയോഗിക്കുന്ന പുഷ്പ വിളയാണ് ട്യൂബ് റോസ്. മാലകളിലും ബൊക്കെകളിലും പൂപ്പാളികളിലും ഉപയോഗിക്കുന്നതിന് പുറമെ വിലപിടിപ്പുള്ള സുഗന്ധ തൈലവും ഈ പൂക്കളില്‍ നിന്നും വാറ്റിയെടുക്കുന്നു.
നല്ല നീര്‍വാര്‍ചയുള്ള, മണല്‍ കലര്‍ന്ന എക്കല്‍ മണ്ണാണ് ട്യൂബ്റോസ് കൃഷിക്ക് ഉത്തമം.
മണ്ണിനടിയില്‍ ഉണ്ടാകുന്ന ബള്‍ബുകളാണ് ട്യൂബ്റോസിന്റെ നടീല്‍ വസ്തു. രണ്ട് മുതല്‍ മൂന്ന് സെ.മീ വലിപ്പമുള്ള ബോട്ടിന്റെ ആകൃതിയുള്ള ബള്‍ബുകളാണ് ഏറ്റവും അനുയോജ്യം.
തടങ്ങളിലാണ് ട്യൂബ്റോസ് നടുന്നത്. മെയ്- ജൂണ്‍ മാസങ്ങളാണ് നടീലിന് ഏറ്റവും അനുയോജ്യമായ സമയം. ഏഴുമുതല്‍ പത്ത് സെ.മീ താഴ്ചയില്‍ 20 ഃ 25 അകലത്തില്‍ ബള്‍ബുകള്‍ നടാവുന്നതാണ്.
ഒരു സെന്റ് സ്ഥലത്തേക്ക് യൂറിയ 870 ഗ്രാം, റോക്ക് ഫോസ്ഫേറ്റ് ഒരു കി. ഗ്രാം, പൊട്ടാഷ് 330 ഗ്രാം എന്നിവ ആവശ്യമുണ്ട്. അതില്‍ പകുതി യൂറിയയും മുഴുവന്‍ റോക്ക്ഫോസ്ഫേറ്റും, പൊട്ടാഷ്യവും നടുന്ന സമയത്ത് നല്‍കണം. ബാക്കി പകുതി യൂറിയ പൂക്കുല വന്നതിന് ശേഷം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. ഇവ കൂടാതെ 120 കി.ഗ്രാം ജൈവവളം അടിവളമായി നല്‍കേണ്ടതാണ്. പ്രധാന വിള കൂടാതെ മൂന്നോ നാലോ സീസണ്‍ കുറ്റിവിളകളും ട്യൂബ് റോസില്‍ നിന്ന് എടുക്കാവുന്നതാണ്.
ഒച്ചുകളും പുല്‍ച്ചാടികളുമാണ് പ്രധാന കീടങ്ങള്‍. മാലത്തിയോണ്‍, കാര്‍ബറിന്‍ തുടങ്ങിയ കീടനാശിനികള്‍ ഇവക്കെതിരെ ഉപയോഗിക്കുന്നതാണ്.
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media