മൊറട്ടോറിയം

കെ.വൈ.എ No image

അന്യരെ ദുഷിച്ചു സംസാരിക്കരുത് എന്നായിരുന്നു പ്രമേയം. ഒരു അനുശോചനപ്രമേയത്തിന്റെ മൌന ഗാംഭീര്യത്തോടെ മഹിളാസംഘം അത് പാസാക്കി. പരദൂഷണം ഒരു മാസത്തേക്ക് ഒഴിവാക്കാന്‍ ഏകകണ്ഠമായി തീരുമാനിക്കുന്നു എന്ന പ്രഖ്യാപനം വായിക്കുമ്പോള്‍ പ്രസിഡന്റിന്റെ കണ്ഠം ഇടറിയതായി ചിലര്‍ക്ക് തോന്നി.
ഒരു മാസത്തേക്കുള്ള വക മുന്‍കൂട്ടി ചെലവിട്ടതു മൂലം ഒച്ചയടച്ചതാണെന്ന് ഒരുവള്‍ അടക്കം പറഞ്ഞു.
ഒരുമാസം കുറച്ച് കൂടിപ്പോയോ എന്ന സംശയമായി ചിലര്‍ക്ക്. അത്ര വേണമെങ്കില്‍ ഫെബ്രുവരിയില്‍ ആകാമല്ലോ എന്ന നിര്‍ദേശവുമുയര്‍ന്നു. പക്ഷേ, പ്രസിഡന്റ് നല്ല ഫോമിലായിരുന്നു:
"ഏറ്റവും പ്രിയപ്പെട്ടതാണ് നാം ത്യജിക്കേണ്ടത്. ആസക്തികള്‍ വെടിയുക. അതാണ് പുണ്യം. പ്രസിഡന്റായ ഞാന്‍ മധുരമിട്ട ചായ ഒഴിവാക്കും...''
"പ്രസിഡന്റ്സ്ഥാനം ഒഴിയുമോ?''
പിന്‍ബെഞ്ചില്‍ നിന്നാണ് അശരീരി. പ്രസിഡന്റ് എന്തുകൊണ്ടോ അതു കേട്ടില്ല.
"... ചായ മാത്രമല്ല, ടിവി കാണലും ഒഴിവാക്കും.'' അവര്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചു. "ഈ യോഗം അവസാനിച്ചിരിക്കുന്നു.''
ഒരു മാസത്തെ മൊറട്ടോറിയം അല്‍പം കൂടുതലാണെന്ന അഭിപ്രായക്കാരി മറിയം ഹാളിന്റെ പിന്‍വശത്തെത്തിയിരുന്നു. പെട്ടെന്ന് അവര്‍ നിന്നു. ടിവി! അതിനെപറ്റി പറയുന്നത് പരദൂഷണത്തില്‍ പെടാന്‍ ഇടയില്ല. അവര്‍ ആദ്യം കിട്ടിയവളെ പിടികൂടി.
"ടിവിയെ പറ്റി അധികം പറയാതിരിക്കുകയാണ് നല്ലത്. വിഡ്ഢിപ്പെട്ടി എന്ന് അതിനെ വിളിക്കുന്നു. അതിന്റെ മുന്നിലിരിക്കുന്നവരോ? ഒരു രണ്ടുമൂന്ന് മണിക്കൂറൊക്കെ പോട്ടേന്ന് വെക്കാം-''
അവര്‍ നിത്യവും ടിവിക്ക് കൊടുക്കുന്നത് മൂന്ന് മണിക്കൂറാണ്.
"-ദാ ഞാനിന്നലെ സീരിയല്‍ കഴിഞ്ഞ് പുറത്തിറങ്ങി വേറൊരു വീട്ടിലൊന്ന് പോയി. എന്താ കഥ! ഇരുന്നങ്ങനെ സിനിമ കാണുകയാ പുള്ളി...''
"കഷ്ടം തന്നെ! ആരാ കക്ഷി?''
"അത് ഞാന്‍ പറയില്ല. ആള്‍ക്കാരെ പറ്റി അങ്ങനെ ദുഷിച്ച് പറയുന്നത് മോശമല്ലേ? ഞാനത് ശീലിച്ചിട്ടില്ല. മാത്രമല്ല...''
നന്നായി ശബ്ദം താഴ്ത്തി മറിയം തുടര്‍ന്നു:
"എന്റെ തൊട്ട് വലതുഭാഗത്തുണ്ട് ആള്. പേരു പറഞ്ഞാ കേള്‍ക്കും.''
"എന്റെ ഒരു അയല്‍ക്കാരിയുണ്ട്. വല്യ വെപ്പുകാരിയാണെന്നാ വെപ്പ്. ടീവീല് കാണുന്നതൊക്കെ പരീക്ഷിക്കുകയാ പണി.''- സംസാരം അടുത്തുനിന്ന് ശ്രദ്ധിക്കുകയായിരുന്ന കമലം കൂടെ ചേര്‍ന്നു.
"പാവം ഭര്‍ത്താവ്. ആള് നമ്മുടെ കുഞ്ഞായിശയാണോ?''
"പേര് പറഞ്ഞാല്‍ പരദൂഷണമായാലോ എന്ന് കരുതിയാണ്. ആള് അതു തന്നെ. പരദൂഷണം നമുക്ക് പാടില്ലല്ലോ. ഒരു കഥ കേട്ടിട്ടില്ലേ?''
"ആരെപ്പറ്റിയാ?'' കഥാപാത്രത്തെ അറിഞ്ഞാലെ കഥക്ക് രസമുള്ളൂ എന്ന മട്ടില്‍ കമലം.
"നിങ്ങള് വിചാരിച്ച ആളാണെന്ന് തന്നെ വെച്ചോളൂ. ഇവള്‍ മറ്റൊരുത്തിയോട് പറയുന്നു, 'അവളോടത് പറയരുതെന്ന് പറഞ്ഞ് ഞാന്‍ നിങ്ങളോട് പറഞ്ഞ സ്വകാര്യം നിങ്ങള്‍ അവളോട് പറഞ്ഞു. അല്ലേ?' അപ്പോള്‍ മറ്റവളുടെ മറുപടി: 'ഛെ! നിങ്ങളോടു പറയരുതെന്ന് പറഞ്ഞിട്ടാണല്ലോ ഞാനത് അവളോടു പറഞ്ഞത്! വിശ്വസിക്കാന്‍ പറ്റാത്ത വക!' അപ്പോള്‍ ആദ്യത്തെവള്‍: 'ശരി ശരി. അവള്‍ എന്നോടു പറഞ്ഞത് ഞാന്‍ നിങ്ങളോട് പറഞ്ഞ കാര്യം ഇനി നിങ്ങള്‍ അവളോട് പറയല്ലേ. നിങ്ങളോട് പറയരുതെന്ന് അവള്‍ പ്രത്യേകം പറഞ്ഞിരുന്നതാ! എങ്ങനെയുണ്ട്?''
ഇതു പണ്ടെവിടെയോ കേട്ട ഫലിതബിന്ദുവാണെങ്കിലും അവര്‍ ചിരിച്ചു കൊടുത്തു. ചിരികേട്ട് ഹാളില്‍ മറ്റേയറ്റത്തുനിന്ന് "പാചകക്കാരി'' കുഞ്ഞായിശ ഒന്ന് നോക്കി. അവര്‍ പോകാനിരുന്നതാണ്. ചിരിക്കാരെ കണ്ടപ്പോഴാണ് ഒരു പ്രധാനകാര്യം കൂട്ടുകാരിയോട് പറയാന്‍ വിട്ടത് ഓര്‍മവരുന്നത്. അവര്‍ തിരിഞ്ഞു നിന്നു.
"പതുക്കെ നോക്കിയാല്‍ മതി. ആ സ്ത്രീക്ക് എത്ര വയസ്സു തോന്നും?'' കുഞ്ഞായിശ ചോദിച്ചു.
"മുപ്പത്?''
"ഉണ്ടാവില്ലേ? എന്നിട്ട് നമ്മുടെ സമാജത്തിന്റെ അംഗത്വ ഫോറത്തില്‍ നാലഞ്ചു കൊല്ലം മുമ്പ് അവളെഴുതിയത് കണ്ടോ? ഇരുപത്തഞ്ച് എന്ന്. ഞാനിന്നലെ കണ്ടതാ.''
"അത്രയല്ലേ ഉള്ളൂ?'' അവളുടെ കൂടെയുള്ളവരുടെ കാര്യമോ? ഒരു പത്തന്‍പതു വയസ്സെങ്കിലും ഉണ്ടാകില്ലേ? ഇന്നാളൊരു ദിവസം അവര് ഡോക്ടറെ കണ്ടു. ഡോക്ടര്‍ എത്ര ചോദിച്ചിട്ടും വയസ്സ് പറയുന്നില്ല. ഒടുവില്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചപ്പോളോ?''
"പറഞ്ഞോ?''
"പറഞ്ഞു, ഡോക്ടറേ എനിക്കോര്‍മ കിട്ടുന്നില്ല, അടുത്ത മാസം ഒരു മുപ്പതിനോടടുക്കും എന്ന്. അപ്പോ ഡോക്ടറുടെ ചോദ്യം: മുപ്പതിനോട് അടുക്കുമല്ലേ, ഏത് അറ്റത്ത് നിന്ന് എന്ന്.''
"ഹ! ഹ!'' കുഞ്ഞായിശ കഥ മനസ്സില്‍ കുറിച്ചുവെച്ചു. ഒരു മാസത്തെ വറുതിക്കാലത്ത് ഉപകരിക്കും.
യോഗം പിരിച്ചുവിട്ട ശേഷം പ്രസിഡണ്ട് കുറച്ചു നേരം ഒറ്റക്കായിരുന്നു. സംസാരിക്കാന്‍ കൂട്ടില്ലാതെ വിഷമിച്ചു നില്‍ക്കുമ്പോഴാണ് രണ്ടു പേര്‍ സംസാരം നിര്‍ത്തി വേറെ ഇരകളെ തേടുന്നത് ശ്രദ്ധിച്ചത്. പ്രസിഡണ്ട് തിടുക്കത്തില്‍ അതിലൊരാളെ പിടികൂടി.
"നിന്നോട് സംസാരിച്ചുനിന്നവളെ നീ ശരിക്കും അറിയുമോ വിശാലം?''
"എന്താണു കാര്യം?'' കേള്‍വിക്കാരിക്ക് ഉത്സാഹമായി.
"ഒരു ഫോട്ടോ കണ്ടു മയങ്ങിയാണത്രെ ഭര്‍ത്താവ് അവളെ വിവാഹം കഴിച്ചത്.''
വിശാലാക്ഷിക്ക് വിശ്വാസമായില്ല. "അതെങ്ങനെ?''
"ആലോചന നടക്കുന്ന സമയത്ത് ബ്രോക്കര്‍മാര്‍ അയാളെ സമീപിച്ചു. കാര്‍ ഭ്രാന്തനാണ് ആള്‍.
ബ്രോക്കര്‍മാര്‍ പറഞ്ഞു. സ്ത്രീധനമായി ലേറ്റസ്റ് മോഡല്‍ ബെന്‍സ് കിട്ടുമെന്ന്.''
"അതിലയാള്‍ വീണു, അല്ലേ?''
"ഇല്ലില്ല. അയാളുണ്ടോ, എല്ലാം നോക്കാതെ വിവാഹത്തിനിറങ്ങുന്നു! മൂപ്പര്‍ നന്നായി അന്വേഷിച്ചു. ഒടുവില്‍ ഫോട്ടോ അയച്ചു കൊടുക്കാന്‍ പറഞ്ഞു.''
"എന്നിട്ട്?''
"ഫോട്ടോ കണ്ട ഉടനെ അയാള്‍ സമ്മതിച്ചു.''
"അതെങ്ങനെ?''
"ലേറ്റസ്റ് മോഡല്‍ ബി.എം.ഡബ്ളിയൂ ആയിരുന്നു ഫോട്ടോയില്‍''
ഹാള്‍ ശൂന്യമാവാന്‍ തുടങ്ങിയിരുന്നു. പുറത്തേക്ക് നടക്കേ പ്രസിഡണ്ട് ഒന്നു കൂടി തിരിഞ്ഞ് വിശാലത്തെ ഓര്‍മിപ്പിച്ചു:
"നമ്മുടെ തീരുമാനം ഓര്‍മയുണ്ടല്ലോ. പരദൂഷണം ഇനി ഇല്ല''
അവര്‍ കണ്‍വെട്ടത്തുനിന്നു മറയാന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു പിന്നെയും രണ്ടു പേര്‍.
ഒരാളുടെ പക്കല്‍ പ്രസിഡണ്ടിനെപ്പറ്റി നല്ലൊരു കഥ കിട്ടിയിരിക്കുന്നു. ഒരു മാസം (അത് ഫെബ്രുവരിയായാല്‍ പോലും) കാത്തിരിക്കാന്‍ വയ്യ.
അല്ലെങ്കിലും സ്വന്തക്കാരെ പറ്റി രസം പറയുന്നതെങ്ങനെ പരദൂഷണമാകും?
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top