'ഒലിവ് കൊമ്പുകളാടിയാടി ശാന്തി സംഗീതങ്ങള്‍
ആലപിക്കുന്ന മനോഹര നഗരമാം ബൈറൂത്തില്‍
ചെങ്കടല്‍ മറ്റൊന്ന് തീര്‍ത്ത് ചെന്നിണമൊഴുകുന്നു
ചങ്കുപൊട്ടുമാറുറക്കെ രോദനമുയരുന്നു.'’
'ധീര മുജാഹിദിന് ചോരയില്‍ മുക്കി ചരിത്രമെഴുതുന്നു
ഇസ്ലാം, ചരിത്രമെഴുതുന്നു.'
'നൈല്‍ നദി തന് ഓളങ്ങളുലയും
അല്‍ഭുത കഥകേട്ടുള്ത്തടം പിടയും.'’
ആരെഴുതിയതാണെന്നറിയാതെ ചെറുപ്പത്തില്‍ പലയിടങ്ങളില്‍ നിന്നായി കേട്ട് മൂളി നടന്ന വരികളാണിത്. ഫലസ്തീനിലും ഇതര അറബ് രാജ്യങ്ങളിലും സാമ്രാജ്യത്ത ശക്തികളുടെ കടന്നാക്രമണങ്ങളില്‍ പൊറുതിമുട്ടുമ്പോഴുള്ള വിലാപങ്ങളും തുരങ്കത്തിന്റെ അങ്ങേ അറ്റത്ത് കാണുന്ന പ്രതീക്ഷയുടെ കിരണങ്ങളും അഫ്ഗാന് ജിഹാദിന്റെ വിജയവുമാണ് വരികളുടെ പശ്ചാത്തലം എന്നു തോന്നുന്നു. ഇതിപ്പോള്‍ ഓര്‍മവരുന്നത് സബിത ടീച്ചറുടെ ഒലിവിന്റെയും നൈലിന്റെയും നാടുകളിലൂടെ എന്ന യാത്രാ വിവരണം വായിക്കുമ്പോഴാണ്. ഫലസ്തീനും ഈജിപ്തും ഇഖ്വാനുല്‍ മുസ്ലിമൂനും അഫ്ഗാനും കേരളത്തിലെ ഇസ്ലാമിക സമൂഹത്തെ എത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പുസ്തകം.
ഖുര്‍ആന്‍ പറഞ്ഞ ചരിത്രഭൂമികളിലൂടെയുള്ള കേവല സഞ്ചാരത്തിന്റെ വിവരണമല്ലിത്. പ്രവാചകന്മാരുടെ പാദ സ്പര്‍ശമേറ്റ ഭൂമിയുലൂടെയുള്ള പുണ്യം തേടിയ ആത്മീയ യാത്രയുമല്ലിത്. ഇസ്ലാമിന്റെ ചരിത്രത്തെ സൂക്ഷ്മമായി പഠിച്ചറിഞ്ഞ,അതില്‍ ആവേശം കൊള്ളുന്ന, ത്രസിക്കുന്ന ഹൃദയവുമായുള്ള ഒരു പ്രയാണത്തിന്റെ അക്ഷരഭാഷ്യമാണിത്. വരാനിരിക്കുന്ന ഇസ്ലാമിക വിപ്ളവത്തെ കുറിച്ച മോഹന സ്വപ്നങ്ങളെ നെഞ്ചിലേറ്റുന്ന ഒരു പെണ്ണിന്റെ നാടുകാഴ്ചകള്.
വിപ്ളവത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പുരുഷനുമാത്രം പറഞ്ഞതെന്ന പതിവു ധാരണയെ ഒലിവിന്റെയും നൈലിന്റെയും നാട് അട്ടിമറിക്കുന്നു. അല്ലെങ്കിലും ഫലസ്തീനിലും ഈജിപ്തിലും അവരാണല്ലോ മുന്നില്‍ നില്‍ക്കുന്നത്.
ലളിതവും സുന്ദരവുമായ ഭാഷയിലൂടെ യാത്രയെയും സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ആത്മാവിനെയും വരച്ചിടാന്‍ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. സിദ്ധാന്തങ്ങളോ സുദീര്‍ഘമായ ചരിത്ര വിവരണമോ ഇല്ലാത്തതിനാല്‍ സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ടീച്ചര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ സാധിക്കുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ പെട്ടെന്ന് കടന്നു പോകാന്‍ ധൃതി കാണിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ചരിത്രം മനസ്സിലാക്കാന്‍ കഴിയാതെ പോവും.
അല്‍ അഖ്സാ, ഖുബ്ബത്തു സഖ്റ, ഖലീല്‍ പള്ളി, നൈല്‍ നദി, സലാഹുദ്ദീന് അയ്യൂബി, ഇഖ്വാന് വായിക്കുന്നവര്‍ക്കൊക്കെയും ആവേശമായി മാറുന്നു; പിരമിഡും ചാവുകടലും താക്കീതും. ജീവിത ദുരിതങ്ങളില്‍ പെട്ടുഴലുമ്പോഴും വിദ്യാഭ്യാസ കാര്യങ്ങളിലും സമകാലിക ലോകത്തെ കുറിച്ച കാഴ്ചപ്പാട് രൂപീകരിക്കുന്നതിലും ഫലസ്തീനികള്‍ മുന്‍പന്തിയിലാണെന്ന് മുമ്പെവിടെയോ വായിച്ചതോര്‍ക്കുന്നു. അതിനെ അനുസ്മരിപ്പിക്കുന്നതായി ഖുബ്ബത്തുസ്സഖ്റയിലെ ഫലസ്തീനി പെണ്‍കൊടിയുടെ ഷാറുഖ് ഖാനെ കുറിച്ച അന്വേഷണം.
കുറച്ചു കൂടി മികച്ച ഭാഷയും രചനാ സങ്കേതങ്ങളും ഉപയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതാവുമായിരുന്നു രചന. വായന ബുദ്ധിമുട്ടായി കരുതുന്നവര്‍ക്കു കൂടി നിര്‍ദേശിച്ചു നല്കാവുന്ന പുസ്തകമാണിത്.
|