അച്ഛനൊരുക്കിയ അത്താഴം

ശശികുമാർ ചേളന്നൂർ
2012 ആഗസ്റ്റ്

അച്ഛന്റെ കൈ പിടിച്ച് പുതിയ രണ്ടുമുറി വീട്ടിലേക്ക് ചേക്കേറുമ്പോള്‍ എനിക്ക് അഞ്ചു വയസ്സ.് കോഴിക്കോടിന്റെ പൊലിമയില്‍ നിന്നും ഇരുവള്ളൂര്‍ ഗ്രാമത്തിന്റെ ശാലീനതയിലേക്ക് ജീവിതം പറിച്ചുനടുമ്പോള്‍ എനിക്ക് അമ്പരപ്പാണ് തോന്നിയത്. കാച്ചിമുണ്ടും നീളക്കൈയന്‍ കുപ്പായവും തട്ടവുമിട്ട ഉമ്മമാരും മാറുമറക്കാത്ത അമ്മൂമ്മമാരും കള്ളിത്തുണിയില്‍ പച്ചബെല്‍റ്റും കെട്ടി നടക്കുന്ന കാക്കമാരും മൊട്ടത്തലയന്മാരായ കുട്ടികളുമെല്ലാം എന്നെ അത്ഭുതപ്പെടുത്തി.
രാവിലെ ഞാനുണരുമ്പോഴേക്ക് അയല്‍പക്കത്തെ സലാമും കൂട്ടരും മദ്രസയിലേക്ക് പോയിട്ടുണ്ടാവും. എനിക്കന്യമായ ഭാഷയില്‍ മദ്രസയില്‍ നിന്നുയരുന്ന 'കലപില' ശബ്ദവും തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ 'കളകള'നാദവും തമ്മിലെന്താണ് വ്യത്യാസമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഞാനും കൂട്ടുകാരും സ്‌കൂളിലേക്ക് പോവുമ്പോള്‍ വഴിയില്‍ വെച്ച് മദ്രസ കഴിഞ്ഞ് വരുന്ന സലാമും കൂട്ടരും ഞങ്ങളോടൊപ്പം ചേരും.
നോമ്പുതുടങ്ങിയാല്‍ മദ്രസയുണ്ടാവില്ല. അപ്പോള്‍ ഞങ്ങള്‍ക്കാഘോഷമാണ്. എന്നാല്‍ സലാമും കൂട്ടരും ഒന്നും തിന്നില്ല. നോമ്പായാല്‍ ഉമിനീരുപോലും ഇറക്കരുതെന്നാണത്രെ മാമു മുസ്‌ലിയാര്‍ പറയാറുള്ളതെന്ന് ജബ്ബാര്‍ പറയും. ക്ലാസ്സില്‍ നിന്ന് ഇടക്കിടെ എഴുന്നേറ്റ് പോയി ഉമിനീര്‍ തുപ്പിക്കളയുന്ന ജബ്ബാറിനെയും സുബൈറിനെയും കുട്ടപ്പക്കുറുപ്പ് മാഷ് സൂക്ഷിച്ച് നോക്കുക മാത്രം ചെയ്യും.
ഒരിത്തല്‍ നോമ്പിന് കുട്ടികളായ ഞങ്ങളെയെല്ലാവരെയും വിളിച്ചുചേര്‍ത്ത് എല്ലാ വീട്ടില്‍നിന്നും ഓരോപിടി അരി വാങ്ങി ആരോരുമില്ലാത്ത കുഞ്ഞിക്കെയ് ഉമ്മക്ക് കൊടുക്കുവാന്‍ അമ്മ പറഞ്ഞപ്പോള്‍ എന്തിനാണത് ചെയ്യുന്നതെന്ന് അന്നു മനസ്സിലായില്ല. പിന്നെ ഓരോ സഞ്ചി നിറയെ അരി ഉമ്മക്ക് കൊടുക്കുമ്പോള്‍ ആ കണ്ണുകളില്‍ ഒരായിരം നക്ഷത്രങ്ങളുടെ തിളക്ക മുണ്ടായിരുന്നു.
ജീവിതത്തിന്റെ പച്ചത്തുരുത്തുകള്‍ തേടിയുള്ള യാത്രയില്‍ പഴയ കൂട്ടുകാരെല്ലാം വഴിപിരിഞ്ഞു. മാനുവലും അനീഷും അശോകനുമെല്ലാം സഹപ്രവര്‍ത്തകരായി. ഇണങ്ങിയും പിണങ്ങിയും ഒരു കുടുംബം പോലെ കഴിഞ്ഞ നാളുകള്‍. ക്രിസ്മസ്സിന് വിരുന്നു നല്‍കി മാനുവല്‍ ഞങ്ങളെ സല്‍കരിച്ചു. പെരുന്നാളിന് മുട്ടപ്പത്തിരിയും ഉന്നക്കായയും പഴം നിറച്ചതുമായി അനീഷും ഞങ്ങളോടൊപ്പം പെരുന്നാള്‍ ആഘോഷിച്ചു. ഓണത്തിന് അശോകനും വിഭവങ്ങളൊരുക്കി. നോമ്പ് തുടങ്ങിയാല്‍ വാചാലനായ അനീഷ് പെട്ടെന്ന് മൗനിയാകും.
ഒരിക്കല്‍ അനീഷ് എന്നോട് ചോദിച്ചു: 'നോമ്പെടുക്കാന്‍ തയ്യാറാണോ?'
ഒന്നും മിണ്ടാതെ നിന്ന എന്നോട് നോമ്പ് നോല്‍ക്കുകയാണെങ്കില്‍ നോമ്പുതുറ എന്റെ വീട്ടില്‍ നിന്നാക്കാമെന്നും അവന്‍ പറഞ്ഞു. വിശപ്പ് സഹിക്കാന്‍ പറ്റുമെങ്കില്‍ നോമ്പെടുത്തോ എന്ന മാനുവലിന്റെ പ്രോത്സാഹനം എന്നില്‍ ചിരി പടര്‍ത്തി. സ്വന്തമായ വരുമാനം. പട്ടിണിയില്ലാത്ത നാളുകള്‍. വിശപ്പ് വീണ്ടും തിരിച്ചറിയാന്‍ നോമ്പെടുക്കാന്‍ തന്നെ തീരുമാനിച്ചു.
അമ്മക്ക് എറണാകുളം ആശുപത്രിയില്‍ ജോലി ലഭിച്ചിരുന്നു. അതിനാല്‍ സാധാരണ സുബ്ഹ് ബാങ്കിന് മുമ്പ് തന്നെ അച്ഛന്‍ ഉണരും. ഞങ്ങള്‍ക്കുള്ള പ്രഭാതഭക്ഷണം ഒരുക്കിയിട്ടുവേണം അച്ഛന് കമ്പനിയില്‍ പോകാന്‍. ഞാനുണര്‍ന്നപ്പോള്‍ അച്ഛന്‍ അടുക്കള തിരക്കിലായിരുന്നു. തൊട്ടടുത്ത വീടുകളില്‍ ചിമ്മിനിവിളക്കുകള്‍ കത്തുന്നുണ്ട്. എല്ലാവരും അത്താഴത്തിന്റെ തിരക്കിലാണ്. അച്ഛന്‍ ഒരിക്കിയ ഭക്ഷണം കൊണ്ട് ഞാന്‍ അത്താഴം കഴിച്ച് എഴുന്നേല്‍ക്കുമ്പോള്‍ അമ്പലപ്പാട് പള്ളിയില്‍ നിന്നും ബാങ്ക് മുഴങ്ങിയിരുന്നു.
ഷോപ്പില്‍ എത്തിയപ്പോള്‍ ഞാന്‍ നോമ്പെടുത്തതറിഞ്ഞ് എല്ലാവരും സന്തോഷിച്ചു. അന്ന് പതിവില്ലാത്ത ശാന്തത മനസ്സിന് അനുഭവപ്പെട്ടു. ഉച്ചയായപ്പോള്‍ നല്ല വിശപ്പും ദാഹവും. ജലപാനമില്ലാതെയുള്ള ആദ്യത്തെ നോമ്പാണ്. ശരീരം പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുന്നു. ഉച്ച കഴിഞ്ഞപ്പോള്‍ വിശപ്പ് പോയി തലവേദന വന്നു. മനസ്സും ശരീരവും തമ്മിലുള്ള യുദ്ധം കഠിനമാവുകയാണ്. ഒടുവില്‍ മനസ്സ് വിജയിച്ചു.
നോമ്പ് തുറക്ക് അനീഷിനൊപ്പം വീട്ടിലെത്തിയപ്പോള്‍ അവിടെ വല്യുപ്പയും കുടുംബാംഗങ്ങളുമായി ഏറെ പേരുണ്ടായിരുന്നു. തൊട്ടടുത്ത പള്ളിയില്‍ നിന്നും ബാങ്ക് മുഴങ്ങിയപ്പോള്‍ ജ്യൂസ് കുടിച്ച് എല്ലാവരും നോമ്പ് തുറന്നു. ആര്‍ത്തിയോടെ രണ്ടു ഗ്ലാസ്സ് ജ്യൂസ് ഞാന്‍ കുടിച്ചു. അപ്പോഴേക്കും മേശപ്പുറത്ത് കാരക്കയും ലഘു വിഭവങ്ങളും നിരന്നു. അവരെല്ലാം നമസ്‌കാരം കഴിഞ്ഞ് എത്തിയപ്പോഴേക്കും ഉമ്മ നെയ്പത്തിരിയും കോഴിക്കറിയും ചായയുമെല്ലാം തയ്യാറാക്കി വെച്ചിരുന്നു. വിശപ്പടങ്ങുവോളം കഴിച്ചു. ഭക്ഷണ ശേഷം അവര്‍ പള്ളിയിലേക്ക് പോയപ്പോള്‍ ഞാന്‍ വിശ്രമിച്ചു. വിശന്നിരിക്കുന്നതിനേക്കാള്‍ വയര്‍ നിറഞ്ഞപ്പോഴാണ് ക്ഷീണം തോന്നിയത്.
ആ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷം എന്നില്‍ അനിര്‍വചനീയമായ അനുഭൂതിയാണുണ്ടാക്കിയത്. പിന്നെ എത്രയോ നോമ്പ് തുറകളില്‍ പങ്കെടുത്തിരുന്നു. അനീഷിന്റെ വല്യുപ്പ മരിച്ചതോടെ കുടുംബം ചിന്നഭിന്നമായെന്നും തറവാട് പൊളിച്ചെന്നും അറിഞ്ഞു. അനീഷും കുടുംബവും ഗള്‍ഫിലാണ്. ഒരു രാത്രി അമ്മയോടൊപ്പം അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടന്ന അച്ഛന്‍ പിന്നെ ഉണര്‍ന്നില്ല.
സുമനസ്സുകളുടെ ഓര്‍മകള്‍ എന്നെ വാരിപ്പുണരുമ്പോള്‍ അച്ഛനൊരുക്കിയ അത്താഴവും അനീഷിന്റെ വീട്ടിലെ നോമ്പ്തുറയും പെരുന്നാളും വീണ്ടും മനസ്സില്‍ പൂത്തുലയുന്നു.
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media