സംസാരം ദൈവിക വരദാനം

ടി.കെ.യൂസുഫ്‌ No image

കുഞ്ഞുങ്ങള്‍ നിശ്ചിത പ്രായമെത്തുമ്പോള്‍ സംസാരം തുടങ്ങുന്നതിനാല്‍ അതവരിലെ സ്വാഭാവിക പ്രതിഭാസമാണെന്നാണ് പലരും ധരിക്കുന്നത്. ഭാഷാ നിയമങ്ങള്‍ പഠിക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നത് അല്ലാഹു അവരില്‍ അതിനുവേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി സംവിധാനിച്ചതിനാലാണ്. ഖുര്‍ആന്‍ സംസാരവൈഭവത്തെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ എണ്ണിയതും ഇക്കാരണം കൊണ്ടുതന്നെയാണ്. അല്ലാഹു പറയുന്നു: 'അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു.'” (റഹ്മാന്‍ 3,4)
മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ പല അനുഗ്രഹങ്ങളെക്കുറിച്ചും അവര്‍ ആലോചിക്കാത്തത് പോലെ തന്നെ സംസാരശേഷിയെക്കുറിച്ചും അവര്‍ അധികം ചിന്തിക്കാറില്ല. ഈ അനുഗ്രഹം ലഭിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമെ ഈ അനുഗ്രഹത്തിന്റെ വിലയറിയുകയുളളൂ. ഇന്ന് ലോകത്ത് എത്ര ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ടോ ആ ഭാഷകള്‍ക്കെല്ലാം അവ എത്രതന്നെ ലളിതമാണെങ്കിലും ധാരാളം ഭാഷാ വ്യാകരണ നിയമങ്ങളുണ്ട്. കുഞ്ഞിന് മൂന്ന് വയസ്സാകുമ്പോള്‍ തന്നെ അവന്റെ മാതൃഭാഷ സംസാരിക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ഭാഷാ സംസാര ശാസ്ത്ര രംഗത്ത് ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞനും ഇതുവരെ ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല.
ഒരു കുട്ടി തന്റെ വീട്ടിലെ ചുറ്റുപാടില്‍ നിന്ന് കേള്‍ക്കുന്നത് മാത്രമാണ് പറയുന്നത് എന്ന് നമുക്ക് ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം വീട്ടില്‍ പ്രയോഗിക്കാത്ത പദപ്രയോഗങ്ങള്‍ പോലും അവന്റെ നാവില്‍ നിന്ന് ഉതിര്‍ന്ന് വീഴാറുണ്ട്. ഇനി ഭാഷാ നിയമങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ ഒരു വീട്ടിലും കുട്ടികളെ മാതൃഭാഷയുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നില്ല. അപ്പോള്‍ സംങ്കീര്‍ണ്ണമായ ഭാഷാ നിയമങ്ങള്‍ക്ക് അനുസൃതമായി എങ്ങനെയാണ് അവന്റെ നാവിലൂടെ വാക്കുകളും വാചകങ്ങളും ഒഴൂകിവരുന്നത്? അവന്റെ മനസ്സിലെ ആശയങ്ങള്‍ വളരെ ഫലപ്രദമായി അതിലൂടെ വെളിവാകുകയും ചെയ്യുന്നുണ്ടല്ലോ.
ഭൂമുഖത്ത് ആറായിരത്തിലധികം ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. എങ്ങനെയാണ് ഇവ രൂപം കൊണ്ടത്? ജീവജാലങ്ങളില്‍ മനുഷ്യന് മാത്രം എന്തുകൊണ്ടാണ് സംസാരശേഷി ലഭ്യമായത്? മറ്റു ജീവികള്‍ക്കൊന്നും എന്തുകൊണ്ടാണ് ഈ വരദാനം ലഭിക്കാതെ പോയത്? ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ആലോചിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.
മനുഷ്യന്‍ സംസാരിക്കുന്നത് അവന്‍ പഠിച്ച വാക്കുകള്‍ മാത്രമല്ല. കാരണം അവന്റെ സംസാരത്തില്‍ വരുന്ന ആയിരക്കണക്കിന് വാക്കുകളും വാചകങ്ങളും അവന്‍ മുമ്പ് കേട്ടുപഠിച്ചത് മാത്രമല്ല. മറിച്ച്, അവന്‍ സ്വന്തമായി ഉണ്ടാക്കുന്നത് കൂടിയാണ്. തന്നെയുമല്ല ഒരാള്‍ക്ക് സംസാരിക്കാനാവശ്യമായ വാചകങ്ങളെല്ലാം കൂടി അവനെ പഠിപ്പിക്കുകയെന്നത് അസാധ്യവുമാണ്. തന്നെയുമല്ല മനുഷ്യന്‍ സംസാരിക്കുന്ന ചില വാക്കുകളും വാചകങ്ങളും അവന്‍ ഒരിക്കലും കേള്‍ക്കാത്തതും ആദ്യമായി അവന്റെ നാവില്‍ നിന്ന് പുറത്ത് വരുന്നതുമായിരിക്കും. സംസാരത്തെ വ്യാകരണപരമായി അപഗ്രഥിക്കുകയാണെങ്കില്‍ ഓരോ വാക്കുകള്‍ക്ക് പിന്നിലും ചില നിയമങ്ങളുണ്ടാകും, അപ്പോള്‍ സംസാരഭാഷയിലെ ആയിരക്കണക്കണക്കിന് നിയമങ്ങള്‍ കേവലം മൂന്ന് വയസ്സ് മാത്രം പ്രായമായ ഒരു കുഞ്ഞിന് എങ്ങനെയാണ് ഹൃദിസ്ഥമാക്കാന്‍ കഴിയുക?
മാതാപിതാക്കളില്‍ നിന്ന് മാത്രം കുട്ടി സംസാരം പഠിക്കുന്നു എന്നത് നൂറ് ശതമാനം ശരിയല്ല. കാരണം അവര്‍ അതിനുവേണ്ടി അധികം സമയം ചെലവഴിക്കുന്നില്ല. തന്നെയുമല്ല കുഞ്ഞുവാചകങ്ങളില്‍ വരുന്ന തെറ്റു തിരുത്താന്‍ പോലും അവര്‍ കാര്യമായി ശ്രദ്ധിക്കാറുമില്ല. സംസാരം എന്നത് ഏത് മാനദണ്ഡം വെച്ച് നോക്കിയാലും ഈ ലോകത്തിലെ ഏറ്റവും വലിയ നിഗൂഢതകളില്‍ പെട്ട ഒന്നാണ് എന്ന വീക്ഷണമാണ് നോം ചോംസ്‌കിക്കുളളത്. മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അവന്റെ നാവില്‍ നിന്ന് പുറത്തുവരുന്ന വാചകങ്ങള്‍ മുന്‍ധാരണയുടെയോ ഹൃദിസ്ഥമാക്കിയ അറിവിന്റെയോ അടിസ്ഥാനത്തിലല്ല. അദൃശ്യമായ അന്തര്‍ചോദനം സംസാരത്തിന് പ്രേരണ നല്‍കുന്നതായി ആലോചിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയും. ഈ അന്തര്‍ചോധനം നമുക്ക് നല്‍കുന്നത് അല്ലാഹുവാണ്, അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരാള്‍ക്ക് വായ തുറക്കാനോ സംസാരിക്കാനോ കഴിയുകയില്ല. അതുകൊണ്ടാണ് അല്ലാഹു സംസാരശേഷി ദൈവിക അനുഗ്രഹമായി പ്രത്യേകം എടുത്ത് പറഞ്ഞത്.
മനുഷ്യന്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്റെ തലച്ചോറില്‍ നിന്ന് ഒരുപറ്റം നിര്‍ദേശങ്ങള്‍ നാവിലേക്കും ശബ്ദവീചികളിലേക്കും വായിലെ പേശികളിലേക്കും പ്രവഹിക്കും ഇവയാണ് സംസാരത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. അതിനുമുമ്പ് ശ്വാസകോശം സംസാരിക്കാനാവശ്യമായ വായു വലിച്ചെടുക്കും. ഈ വായു ശരീരത്തിലെ ഓക്‌സിജന്റെ ആവശ്യം പരിഹരിക്കുന്നതോടൊപ്പം തന്നെ ശബ്ദവീചികളെ ചലിപ്പിക്കുകയും ചെയ്യും. സംസാരിക്കുന്ന വാക്കുകള്‍ക്ക് അനുസരിച്ച് വായിലെ പേശികളും പല്ലുകളുമെല്ലാം അവയുടെ ധര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം മനുഷ്യനില്‍ അല്ലാഹു കാലേക്കൂട്ടി തയ്യാറാക്കിയ പദ്ധതികള്‍ക്കനുസരിച്ചാണ് നടക്കുന്നത്.
ഭാഷാവൈവിധ്യം
മനുഷ്യന് ഒന്നിലധികം ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്നുവെന്നതും അല്ലാഹുവിന്റെ അനുഗ്രഹമാണ്. അനേകം ഭാഷകള്‍ സംസാരിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഓരോ ഭാഷയുടെ വാക്കുകളും അവരുടെ തലച്ചോറില്‍ ഒരു പ്രത്യേക സ്ഥലത്ത് പരസ്പരം കൂടിച്ചേരാത്ത രൂപത്തില്‍ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തിയവര്‍ കണ്ടെത്തിയിട്ടുളളത്. ഒരു ഭാഷ സംസാരിക്കുന്ന സമയത്ത് മറ്റ് ഭാഷകളിലെ പദങ്ങള്‍ കൂടിക്കലരാതിരിക്കാനുളള മാര്‍ഗവും മസ്തിഷ്‌കത്തില്‍ അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. ഇതൊന്നും മനുഷ്യന്‍ കേവല യാദൃശ്ചികതയില്‍ പരിണമിച്ചുണ്ടായതാണെന്ന് പറയുന്നവര്‍ക്ക് വ്യാഖ്യാനിക്കാന്‍ കഴിയാത്ത പ്രതിഭാസങ്ങളാണ്. മനുഷ്യരുടെ സംസാരഭാഷ വ്യത്യസ്തമായതിലും അറിവുളളവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ''ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്ത ങ്ങളുണ്ട്. (30:20)
|


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top