ഒരു കുടം വെള്ളത്തിന്‌

മജീദ് കുട്ടമ്പൂര്‍ No image

കുടിവെള്ളം മോഷ്ടിക്കാന്‍ അടുത്ത ഗ്രാമത്തില്‍ നിന്നെത്തുന്നവരെ നേരിടാന്‍ തടാകത്തിന് ചുറ്റും തോക്കുധാരികളായ യുവാക്കള്‍ കാവല്‍ നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നിന്നുള്ള വാര്‍ത്തയും ചിത്രവും കേരളീയരായ നമ്മെ ഇന്ന് അത്ഭുതപ്പെടുത്തുമോ? മുമ്പായിരുന്നെങ്കില്‍ നമുക്കത് അത്ഭുത വാര്‍ത്തയായിരുന്നു. ഒരു കാലത്ത് കേരളം ജല സമൃദ്ധിയുടെ ഉള്ളടക്കമായിരുന്നു. അറബിക്കടലിലേക്ക് തലചായ്ച്ച് കിടക്കുന്ന, സഹ്യന്‍ അതിരിട്ട ഇത്തിരിപ്പോന്ന ഈ മണ്ണില്‍ 44 നദികളും ധാരാളം ചെറു ജലാശയങ്ങളും തിരിമുറിയാത്ത മഴയും എല്ലാം കൊണ്ടും സമൃദ്ധമായ ഒരു ഭൂതകാലമുണ്ടായിരുന്നു. കുടിച്ചും കളിച്ചും ജലകേളിയും വള്ളം കളിയും നടത്തി ആര്‍ത്തടിച്ച മലയാളിക്ക് ഗള്‍ഫ് മണലാരണ്യത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനേക്കാള്‍ ഇരട്ടി വില നല്‍കിയാലെ ഒരു ലിറ്റര്‍ ദാഹജലം ലഭിക്കൂ എന്ന പ്രവാസിയുടെ ദൈന്യത കേട്ട് മൂക്കത്ത് വിരല്‍വെച്ച് അത്ഭുതം കൂറിയ അമ്മമാരുണ്ടായിരുന്നു.

ഭൂവിസ്തൃതിയില്‍ ഇന്ത്യയുടെ 1.2 ശതമാനം മാത്രമുള്ള കേരളത്തിന് രാജ്യത്തിന്റെ ആകെ ജലസമ്പത്തിന്റെ അഞ്ച് ശതമാനത്തോളം പങ്ക് അവകാശപ്പെടാമായിരുന്നു. ലോകത്തിലെ ജല ദൗര്‍ലഭ്യതയുടെ ദൈന്യത കേള്‍ക്കുമ്പോള്‍ അതൊന്നും തങ്ങളെക്കുറിച്ചല്ലെന്ന് ചിന്തിക്കുന്ന കേരളീയര്‍ക്ക് ജലക്ഷാമം ഇനി അനുഭവ പാഠമാക്കാന്‍ പോകുന്നു. കണ്ട് പഠികാത്തവര്‍ കൊണ്ടാലെ പഠിക്കൂ എന്ന് പറഞ്ഞതുപോലെ.
വെള്ളത്തെ കുറിച്ച് കേരളം ഏറെ ഭയപ്പെടേണ്ട അവസ്ഥയാണിപ്പോള്‍. ജലകേളി നടത്തിയ മലയാളി കുടിനീരിനായി കേഴാന്‍ തുടങ്ങിയിരിക്കുന്നു. മിക്ക വീടുകളിലും കുറഞ്ഞ നിരക്കില്‍ ഫോണും കമ്പ്യൂട്ടറും ടെലിവിഷനും ലഭ്യമായെന്ന് അഭിമാനിക്കുന്ന നാം ഒരു ലിറ്റര്‍ വെള്ളത്തിന് ഇരുപത് രൂപ കൊടുത്ത് ദാഹം തീര്‍ക്കേണ്ടി വരുന്നു. ജനുവരിക്ക് മുമ്പ് കേരളം വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തില്‍ 70 ശതമാനം വീടുകളിലും ശുദ്ധജലം ലഭ്യമല്ലെന്ന് കഴിഞ്ഞ സെന്‍സസ് തന്നെ നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്.
ജലപ്രതിസന്ധി ദേശാര്‍ത്തികളെയും വന്‍കരകളെയും ഭേദിച്ച് വ്യാപകമാവുകയാണ്. ഭൂമുഖത്ത് ജീവന്റെ ഉദ്ഭവത്തിനും വളര്‍ച്ചക്കും നിലനില്‍പ്പിനും അടിസ്ഥാനമായ, സംസ്‌കാരവും നാഗരികതയും നനച്ചു വളര്‍ത്തിയ ജലം ഒരപൂര്‍വ വസ്തുവും വിലപിടിച്ചതുമായി മാറുന്നു. ലോകത്ത് ആറിലൊരാള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല. ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കനുസരിച്ച് 2025-ല്‍ ലോകത്ത് മൂന്നില്‍ രണ്ട് ജനവിഭാഗത്തിന് ആവശ്യമായ കുടിവെള്ളത്തിനായി പൊരുതേണ്ടി വരികയും ഇതു മൂലമുള്ള സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യും. ലോകത്ത് ജല ഉപഭോഗം 20 കൊല്ലം കൊണ്ട് ഇരട്ടിയാവുകയും അതോടൊപ്പം ലഭ്യമായ ശുദ്ധജലത്തിന്റെ അളവ് മൂന്നിലൊന്നായി ചുരുങ്ങുകയും ചെയ്യുന്നു. 2030-ല്‍ ലോക ജനസംഖ്യയില്‍ 60 ശതമാനം ജനങ്ങള്‍ നഗരവാസികളായിരിക്കെ അവരുടെ കുടിവെള്ളപ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന് ആര്‍ക്കുമൊരു നിശ്ചയവുമില്ല. ദരിദ്ര രാജ്യങ്ങളിലെ സ്ത്രീകള്‍ കുടിവെള്ള ശേഖരണത്തിനായി പ്രതിദിനം നടക്കുന്ന ദൂരം കണക്കാക്കിയാല്‍ 16 തവണ ചന്ദ്രനില്‍ പോയി വരാനുള്ള ദൂരത്തിന് സമമാകുമത്രെ. യുദ്ധം, എണ്ണ പ്രതിസന്ധി, ആഗോള താപനം, മലിനീകരണം, മനുഷ്യാവകാശ ലംഘനം, കാലാവസ്ഥാമാറ്റം തുടങ്ങിയ ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളെല്ലാം ജലത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് മുമ്പില്‍ നിഷ്പ്രഭമാകുമെന്നാണ് യു. എന്നിന്റെ വിലയിരുത്തല്‍.
കുടിവെള്ളത്തിന് വേണ്ടിയുള്ള പ്രദേശികവും ദേശീയവും അന്തര്‍ദേശീയവുമായ സംഘര്‍ഷങ്ങളും യുദ്ധങ്ങളും സാധാരണമായിരുന്നു. യു.എന്നിന്റെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ 110 കോടി ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമല്ലെന്ന് വ്യക്തമാക്കുന്നു. മനുഷ്യ നിഗമനങ്ങളുടെയും പാരമ്പര്യ ധന ശാസ്ത്രത്തിന്റെയും നീതി ശാസ്ത്രങ്ങള്‍ക്കപ്പുറത്താണ് ജല പ്രതിസന്ധി രൂപപ്പെടുന്നത്. 2015-ല്‍ പൂര്‍ത്തീകരിക്കേണ്ട ഐക്യരാഷ്ട്ര സഭ നിശ്ചയിച്ചിട്ടുള്ള സഹസ്രാബ്ദത്തിന്റെ വികസന ലക്ഷ്യങ്ങളായ ഒമ്പതു കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട എല്ലാവര്‍ക്കും ശുദ്ധജലം എന്ന ലക്ഷ്യം ഇപ്പോഴത്തെ സ്ഥിതിയില്‍ 50-ലധികം രാജ്യങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വര്‍ഷത്തെ വരള്‍ച്ചക്ക് ഒരാഗോള സ്വഭാവമുണ്ട്. അമേരിക്ക അരനൂറ്റാണ്ടിനപ്പുറത്തെ ഏറ്റവും വലിയ വരള്‍ച്ചയിലൂടെ കടന്നു പോകുന്നു. റഷ്യ, ഹംഗറി, ഉക്രൈന്‍, കസാകിസ്താന്‍, റുമാതിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം വരണ്ട കാലാവസ്ഥയാണ്.
ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനമനുസരിച്ച് 2025-ല്‍ കടുത്ത ജലപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മഴയുടെ കുറവും ജല ചൂഷണവും ദീര്‍ഘ വീക്ഷണമുള്ള പദ്ധതികളുടെ അഭാവവും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും പിടിയിലാണ്. 50 വര്‍ഷത്തിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്രയും മണ്‍സൂണ്‍ കുറവും വരള്‍ച്ചയും രേഖപ്പെടുത്തുന്നത്. രാജ്യത്തെ 640 ജില്ലകളില്‍ 400 ജില്ലകളിലും മഴ ലഭ്യത ഗണ്യമായി കുറഞ്ഞു. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം ഇതുമൂലമുണ്ടാവും. ഇതിനാല്‍ 12-ാം പഞ്ചവത്സര പദ്ധതിയില്‍ പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച അസാധ്യമാണെന്നും ഉത്തരവാദപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഞെട്ടിപ്പിക്കുന്ന കണക്കുകളും അപഗ്രഥനങ്ങളും ഇനി മലയാളിക്കും ബാധകമാണ്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലടക്കം വറ്റിക്കൊണ്ടിരിക്കുന്നു. ജലസ്രോതസ്സുകളുടെ നാശം ഭയാനകമായ ഒരു നാളെയെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ കേരളം അതിവേഗം മരുപ്പറമ്പായി മാറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയുടെ വരണ്ട പ്രദേശങ്ങളില്‍ മാത്രം കാണുന്ന മയിലടക്കമുള്ള 34 ഇനം മരുപക്ഷികളെ കേരളത്തില്‍ കണ്ടു തുടങ്ങിയതും രാജവെമ്പാലയെ കാട് വിട്ട് നാട്ടില്‍ കണ്ടു തുടങ്ങിയതും വരണ്ട കാലാവസ്ഥയില്‍ വളരുന്ന ഓറഞ്ച് പോലത്തെ ഫലങ്ങള്‍ കേരളത്തില്‍ വിളയാന്‍ തുടങ്ങിയതും കാലവര്‍ഷം 24 ശതമാനവും തുലാവര്‍ഷം 33 ശതമാനവും കുറഞ്ഞതും ഭൂഗര്‍ഭ ജലത്തിന്റെ താഴ്ചയും യാദൃശ്ചിക സംഭവങ്ങളായി തള്ളിക്കളയാവുന്നതല്ല.
ജല ദൗര്‍ലഭ്യത്തിന്റെയും മരുഭൂവല്‍ക്കരണത്തിന്റെയും സൂചനകളുടെ കാരണങ്ങള്‍ തിരക്കുമ്പോള്‍ പ്രതിക്കൂട്ടിലാവുന്നത് നമ്മള്‍ തന്നെയാണ്. കേരളത്തില്‍ മുഖ്യമായും ജലം ലഭിക്കുന്നത് മഴയില്‍ നിന്നാണ്. ജലം ലഭ്യമാക്കാനും സംരക്ഷിക്കപ്പെടാനും സസ്യങ്ങള്‍, മണ്ണ്, പുഴ, കുളം, ഉറവകള്‍, അരുവികള്‍ ഇവ ഉണ്ടാവുകയും നിലനില്‍ക്കുകയും വേണം. വെള്ളത്തെ മണ്ണില്‍ പിടിച്ചു നിര്‍ത്താന്‍ പ്രകൃതിയുടെ ജല സംരക്ഷണ സംവിധാനങ്ങളായ മരങ്ങള്‍ വേണം. കുന്നും പാടവും ചതുപ്പുകളും ജലം സംരക്ഷിച്ചു നിര്‍ത്തി നമുക്ക് ലഭ്യമാക്കുന്നു. ലോവര്‍ പ്രൈമറിയില്‍ ഇതെല്ലാം പഠിച്ച് പരീക്ഷയെഴുതിയ നമുക്ക് ഈ അറിവ് ജീവിതത്തിലോ ജീവിത ശൈലിയിലോ യാതൊരു തിരിച്ചറിവും നല്‍കിയില്ല. ജലവും പ്രകൃതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവ നശിപ്പിക്കപ്പെടുമ്പോഴുള്ള പ്രത്യാഘാതങ്ങളും നമുക്കോ നമ്മുടെ ഭരണാധികാരികള്‍ക്കോ ശരിയായ വിധത്തില്‍ ഇനിയും ബോധ്യപ്പെട്ടിട്ടില്ല.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെപ്പോലെ തന്നെ, കേരളത്തിലും ഭൂഗര്‍ഭ ജല വിതാന തോത് രണ്ടു മുതല്‍ ആറു മീറ്റര്‍ വരെ താഴ്ന്നതായി ഭൂഗര്‍ഭ ജല വകുപ്പിന്റെ പഠനങ്ങള്‍ പറയുന്നു. സംസ്ഥാനത്തെ 53 ബ്ലോക്കുകളില്‍ അപകടകരമായ രീതിയിലാണ് ഈ കാഴ്ച. ലോകത്തിലെ ഏറ്റവും കൂടുതല്‍ കിണറുകളുള്ള, നിരവധി ജലസ്രോതസ്സുകളും ജലാശയങ്ങളുമുള്ള കേരളത്തിലെ ഭൂഗര്‍ഭ ജല താഴ്ച ഏറെ ആശങ്കയുളവാക്കുന്നതാണ്. ഭീതിതമായ മുന്നറിയിപ്പുണ്ടായിട്ടും ഭൂഗര്‍ഭ ജലചൂഷണം നടയാന്‍ കാര്യക്ഷമമായ നടപടികളെടുക്കാനോ വിഷയത്തെ ഗൗരവമായി സമീപിക്കാനോ ആരും തയ്യാറായിട്ടില്ല. കുഴല്‍ കിണര്‍ കുഴിക്കുന്നതിനോ വയല്‍ മണ്ണിട്ട് മൂടുന്നതിനോ ചെങ്കല്‍ കുന്നുകളുടെ ഖനനത്തിനോ ശക്തമായ നിയന്ത്രണങ്ങളില്ല. 2008-ല്‍ കേരള നെല്‍വയല്‍ നീര്‍തട നിയമം ഉണ്ടായെങ്കിലും നിയമത്തിന്റെ പഴുതുകളുപയോഗിച്ച് വന്‍ തോതില്‍ വയല്‍ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയുന്നു. 30 വര്‍ഷം മുമ്പ് 8.75 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായതിപ്പോള്‍ രണ്ട് ലക്ഷം ഹെക്ടറില്‍ താഴെയാണ്.
ഒരു രാജ്യത്ത് സന്തുലിതമായ കാലാവസ്ഥക്ക് 35 ശതമാനം വനങ്ങള്‍ വേണമെന്നാണ് കണക്ക്. ഒരു ഹെക്ടര്‍ വനത്തിന് മൂന്ന് ഹെക്ടര്‍ പ്രദേശത്തിനുള്ള ജലം സംഭരിച്ചു വെക്കാന്‍ കഴിയും.
1980-കളിലെ കണക്കനുസരിച്ച് തന്നെ രാജ്യത്ത് 19 ശതമാനം വനമേഖലയാണ് നമുക്കുള്ളത്. ഇപ്പോളതിന്റെ ശരിയായ കണക്കുകള്‍ ലഭ്യമല്ല. കേരളത്തിലാണെങ്കില്‍ വൃഷ്ടി പ്രദേശങ്ങളില്‍ പോലും തമിഴ് നാട്ടിലുള്ളത്ര കാടുകളില്ല. നദികളും പുഴകളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനെക്കുറിച്ച് എല്ലാവരും വാചാലരാണ്. എന്നാല്‍ നടപടികള്‍ കാര്യമായൊന്നുമില്ല. മണലും ചെങ്കല്ലുമടക്കമുള്ളവയുടെ പരമാവധി ഖനനം നടന്നുകൊണ്ടിരിക്കുന്നു. പദ്ധതിയുടെ കാര്യക്ഷമതയില്ലായ്മയോടൊപ്പം വൃഷ്ടി പ്രദേശങ്ങളിലും ജലസ്രോതസ്സുകളിലും നടക്കുന്ന വ്യാപക വനനശീകരണം, പാടം നികത്തല്‍, മലിനീകരണം, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ആധിക്യം, തലങ്ങും വിലങ്ങുമുള്ള റോഡുകള്‍, മണല്‍വാരല്‍ തുടങ്ങിയവയെല്ലാം ജല ദൗര്‍ലഭ്യത്തിന് ആക്കം കൂട്ടുന്നു.
ലോകത്തിലെ 80 ശതമാനം വെള്ളവും മലിനമായിക്കഴിഞ്ഞതായാണ് പഠനം. കേരളത്തിലെ ഭൂഗര്‍ഭജല വകുപ്പിന്റെ ലാബുകളില്‍ പരിശോധനക്കെത്തുന്ന കിണര്‍വെള്ളത്തില്‍ പോലും വിസര്‍ജ്യത്തില്‍ നിന്നുണ്ടാവുന്ന കോളിഫോം ബാക്ടീരിയയുടെ വര്‍ധനവുള്ളതായി റിപ്പോര്‍ട്ടുണ്ട്. ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും അറവ് അവശിഷ്ടങ്ങളും ജലത്തെ ഏറെ മലിനമാക്കിയിരിക്കുന്നു.
12-ാം പദ്ധതിയുടെ മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നത് വെള്ളത്തിന് പൊതു ടാപ്പുകള്‍ വേണ്ടെന്നാണ്. ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കി വില നിശ്ചയിക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര സംസ്ഥാന ജല നയം ഇനി അതിനനുസൃതമായിരിക്കും. സ്വകാര്യ ജല വിതരണക്കാരും വെള്ളക്കച്ചവടക്കാരും വേനലും വരള്‍ച്ചയും ജലക്ഷാമവും മുതലെടുക്കാന്‍ രംഗത്തുണ്ട്. കുഗ്രാമത്തിലെ പെട്ടിക്കടകളില്‍ വരെ കുപ്പിവെള്ളം വില്‍പനക്കെത്തി. കുപ്പിവെള്ള വിപണിയില്‍ ഇന്ത്യയില്‍ 2010-ല്‍ 1000 കോടി രൂപയുടെ ബിസിനസ്സാണ് നടന്നതെങ്കില്‍ 2012-ല്‍ 5000 കോടി രൂപയുടേതായി അത് ഉയര്‍ന്നു. ആഗോള ജല വ്യാപാരം 2015-ല്‍ 126 ശത കോടിയാകുമെന്നാണ് ഒരു നിഗമനം. 2025-ല്‍ എണ്ണ ബിസിനസ്സിനെ കടത്തി വെട്ടി ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ് കുടിവെള്ളമാവും.
പൊതു ഇടങ്ങളില്‍ കുടിവെള്ളമൊരുക്കി ദാഹിക്കുന്നവരെ കാത്തിരിക്കുന്ന തണ്ണീര്‍പന്തലുകള്‍ ഒരു കാലത്ത് നമ്മുടെ നാട്ടിലെ നിത്യ കാഴ്ചയായിരുന്നു. ഇന്ന് അത്തരം സംസ്‌കാരമൊക്കെ അപൂര്‍വമായി. ജലസ്രോതസ്സുകളുടെ ശുദ്ധീകരണത്തിനും സംരക്ഷണത്തിനും ജലവിതരണ ശൃംഖലയുടെ ആരോഗ്യകരമായ സംവിധാനത്തിനും ഹ്രസ്വവും ദീര്‍ഘവുമായ നടപടികള്‍ കൈകൊള്ളാന്‍ സര്‍ക്കാറും നഗരസഭകളും പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തെത്തിയില്ലെങ്കില്‍ വെള്ളം കുടിക്കാതെ മരിക്കാനാവും നമുക്ക് വിധി.
പ്രകൃതിയില്‍ നിന്ന് വിഭവങ്ങളെടുക്കുന്നതിനും വികസനത്തിനും നൈതികവും വിശ്വാസപരവുമായ ആന്തരികമായ ഉള്ളടക്കം കാത്തു സൂക്ഷിക്കാന്‍ വിശ്വാസി സമൂഹം ബധ്യസ്ഥരാണ്. തനിയെ ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാന്‍ കഴിവുള്ളതുമായ വെള്ളമാണ് യഥാര്‍ഥ ശുദ്ധജലമെന്ന് മദ്രസാ പാഠങ്ങള്‍ പഠിച്ച സമൂഹം അതങ്ങനെ തന്നെ ചുറ്റുപാടുകളില്‍ നില നിര്‍ത്തുന്നതില്‍ മുന്‍പന്തിയിലുണ്ടാവേണ്ടവരാണ്. വികസനമെന്നത് പ്രകൃതിയുടെ പരമാവധി ചൂഷണമല്ലെന്നും മനുഷ്യന് പ്രകൃതിയില്‍ നിന്ന് ഭിന്നമായി ഒരു നിലനില്‍പില്ലെന്നും പ്രകൃതിയുമായി സമരസപ്പെട്ടേ മുന്നോട്ട് പോകാനാവൂ എന്നും തിരിച്ചറിയേണ്ട അവസാന സമയമാണിത്. നിറഞ്ഞൊഴുകുന്ന പുഴയില്‍ നിന്ന് അംഗശുദ്ധിക്ക് വേണ്ടിയാണെങ്കില്‍ പോലും ആവശ്യത്തിലധികം ഉപയോഗിക്കരുതെന്ന പ്രവാചക നിര്‍ദേശത്തിന്റെ പാഠം എക്കാലത്തേക്കാളും കൂടുതല്‍ പ്രസക്തമാവുകയാണ് ഇനി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top