അവധിക്കാലത്തൊരു യാത്ര

എന്‍.പി ഹാഫിസ് മുഹമ്മദ് No image

ജോര്‍ജ,് എന്റെ സ്വിറ്റ്‌സലര്‍ലണ്ടുകാരനായ സുഹൃത്ത്. ഒന്നാമത്തേത്, വീട്ടില്‍ ഞങ്ങള്‍ക്കൊപ്പം താമസിക്കുന്ന, ജോര്‍ജിന് ഏറ്റവും ഇഷ്ടമുള്ള കാര്യം ഞങ്ങളുടെ മുറ്റത്തെ മാവിന്‍ ചുവട്ടിലെ ഊഞ്ഞാലില്‍ കണ്ണടച്ച് കിടക്കുക എന്നതാണ്. പക്ഷികളുടെ കരച്ചിലും മാവിലകളുടെ പിടഞ്ഞുള്ള വീഴലും മനസ്സിലേക്കാവാഹിച്ച് കിടക്കും. മറ്റൊന്ന്, ജോര്‍ജിന്റെ കണ്ണൂരിലുളള ഒരു കടലോര വിനോദസഞ്ചാര കേന്ദ്രത്തിലെ പത്ത് നാളോളമുള്ള താമസമാണ്. കേരളീയ ഭക്ഷണം കഴിച്ച്, കടലില്‍ കുളിച്ച് കടല്‍തീരത്ത് കിടന്ന് ഇളം വെയിലത്ത് കിടന്നാസ്വദിക്കും.
ജോര്‍ജ് ഊഞ്ഞാലോ കടല്‍തിരകളോ അല്ല, ജീവിതമാണാസ്വദിക്കുന്നത്. ജോര്‍ജ് ജോലി ചെയ്യാന്‍ മടിയുള്ളയാളല്ല. ജോലിചെയ്യുമ്പോള്‍ ജോര്‍ജ് ഒരു കുതിരയെ പോലെയാണ്. അങ്ങോട്ടുമിങ്ങോട്ടും നോട്ടമില്ല. മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യുന്നയാളാണ്. മനശ്ശാസ്ത്രജ്ഞനും പരിശീലകനുമായ ജോര്‍ജ് ഈ ഭൂമിയിലെ ഏറ്റവും മനോഹരദേശങ്ങളിലൊന്നായ സിറ്റ്‌സര്‍ലണ്ടില്‍ നിന്നും വരുന്നു. കേരളത്തിന്റെ മനോഹാരിതയെകുറിച്ച് പറയുന്നു. ഇവിടെ ശാന്തമായ മനസ്സോടെ എല്ലാ വേവലാതികളും മാറ്റിവെച്ച് ധ്യാനനിമഗ്നനായി കഴിയാനാവുന്നു എന്നതിനാലാണത്.ജോര്‍ജിന് യാത്ര ഊര്‍ജം വീണ്ടെടുക്കാനുള്ള തപസ്സാണ്. ചികിത്സയാണ്.
യാത്ര അനാദികാലം തൊട്ട് മനുഷ്യര്‍ക്ക് ആനന്ദം നല്‍കുന്നു. ആദിമ സമൂഹങ്ങളിലെ മനുഷ്യരുടെ യാത്രകള്‍ ജീവിതം നിലനിര്‍ത്താനുള്ള സാഹസമായിരുന്നു. പുതിയ ദേശങ്ങള്‍ കണ്ട് പര്‍വതങ്ങളും പുഴയും കണ്ട് അവര്‍ അത്ഭുതപ്പെട്ടു. ദേശാടനസമൂഹങ്ങളുണ്ടായി. കൃഷിയിങ്ങളുണ്ടാക്കി താമസം തുടങ്ങിയഅവര്‍ കാണാത്ത തീരങ്ങള്‍ തേടി സഞ്ചരിച്ചു. ഗ്രാമങ്ങളുണ്ടാക്കി. നഗരങ്ങളും മഹാ നഗരങ്ങളും പണിതു. അപ്പോഴും യാത്ര മതിയാക്കിയില്ല. കടലിലും ആകാശത്തും അതിനപ്പുറവും യാത്ര നടത്തി. അത് തുടരുന്നു.
യാത്ര എല്ലാവര്‍ക്കും ഒരേ ധര്‍മമാണ് നിര്‍വഹിക്കുന്നതെന്ന് പറഞ്ഞുകൂടാ.
1. യാത്ര ചിലര്‍ക്ക് അവരറിയാത്തതോ അവരിഷ്ടപ്പെടുന്നതോ ആയ സ്ഥലങ്ങള്‍ കാണാനാണ്. ഓരോ സ്ഥലങ്ങളെകുറിച്ച് അറിയുന്നവര്‍ നടത്തുന്ന സഞ്ചാരമാണത്. ഒരു ദേശത്തിന്റെ ചരിത്രപരമോ സാംസ്‌കാരികമോ ആയ പ്രത്യേകതകള്‍ അറിഞ്ഞുള്ള യാത്രയാണത്. അവര്‍ പരിചിത സ്ഥങ്ങളുമായോ കണ്ടറിഞ്ഞ സംസ്‌കാരങ്ങളുമായോ ഓരോ യാത്രയേയും താരതമ്യപ്പെടുത്തുന്നു.
2. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ചിലര്‍ യാത്ര നടത്തുന്നു. പുഴയുടെയോ കടലിന്റെയോ പര്‍വതങ്ങളുടെയോ കാടിന്റെയോ മനോഹാരിതയാണവരുടെ ലക്ഷ്യം. ഋതുഭേദങ്ങളിലൂടെ ഇവര്‍ സഞ്ചാരം നടത്തുന്നു.
3. സാമൂഹിക ജീവിതത്തിന്റെ സവിശേഷതകളിലൂടെ ചിലര്‍ യാത്ര നടത്തുന്നു. ഓരോ സമൂഹത്തിന്റെയും സവിശേഷ ജീവിതം അവര്‍ അന്വേഷിക്കുന്നു. യാത്രയില്‍ അവര്‍ ബന്ധങ്ങളുണ്ടാക്കുന്നു, വളര്‍ത്തുന്നു. മനുഷ്യ ഹൃദയങ്ങളിലൂടെയുള്ള സഞ്ചാരമാണ് അവര്‍ക്ക് യാത്ര നല്‍കുന്ന അവാച്യമായ ആനന്ദം.
4. ചിലര്‍ ചലിച്ചുകൊണ്ടിരിക്കാന്‍ ആശിക്കുന്നു. നടന്ന വഴികളിലൂടെ പോലും അവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. യാത്ര ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള നീക്കമാണ്. എവിടെ പോകുന്നുവെന്നതല്ല സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് ഇവര്‍ക്ക് പ്രധാനം
5. ചിലര്‍ക്ക് യാത്ര മറ്റുള്ളവരെ പലതും അറിയിക്കാനുള്ള അന്വേഷണമാണ്. അവര്‍ യാത്രാ അനുഭവങ്ങള്‍ പകുത്തുനല്‍കുന്നു.
6. സ്വയം നടത്തുന്ന ചികിത്സയാണ്് ചിലര്‍ക്ക് യാത്ര. ഉള്ളില്‍ പെരുകുന്ന അസ്വസ്തതകള്‍ക്കുള്ള പരിഹാരമാണ് യാത്ര. ആന്തരിക സംഘര്‍ങ്ങളാല്‍ എരിയുമ്പോള്‍ യാത്ര ഒരു സമാശ്വാസ ചികിത്സയാണ്. നഷ്ടപ്പെടുന്ന ഊര്‍ജം അവര്‍ യാത്രയിലൂടെ വീണ്ടെടുക്കുന്നു. നാടു കാണാനും ആശ്വാസം തേടാനുമാകാം യാത്ര. സാംസ്‌കാരിക അന്വേഷണം നടത്തി രേഖപ്പെടുത്താനുമാകാം. പ്രായത്തിനനുസരിച്ച് യാത്രാ ലക്ഷ്യങ്ങള്‍ മാറാം. കുട്ടിക്കാലത്ത് അറിവുനേടാന്‍ നടത്തുന്ന യാത്ര അതേ സ്ഥലത്തു തന്നെ കൗമാര കാലത്ത് സൗന്ദര്യാന്വേഷണമാകാം. പിന്നെ ശാന്തി തേടിയുള്ള തീര്‍ഥയാത്രയുമാകാം.
യാത്ര തീരെ ഇഷ്ടപ്പെടാത്തവരുമുണ്ട്. ഒരു കൊച്ചു യാത്ര നിര്‍ബന്ധമായി വരുമ്പോള്‍ അതിനെ കുറിച്ച് ആലോചിച്ച് ആഴ്ചകളോളം അവര്‍ വേവലാതി കൊള്ളുന്നു. രണ്ട് ദിവസത്തെ യാത്രക്ക് രണ്ട് മാസത്തെ ഒരുക്കങ്ങല്‍ നടത്തുന്നവരുമുണ്ട്. ചിലര്‍ യാത്ര ആസൂത്രണം ചെയ്ത് അസ്വസ്ഥതക്ക് അറുതിയുണ്ടാക്കാന്‍ ശ്രമിക്കുന്നു. യാത്രാ മാര്‍ഗം, താമസം, ഭക്ഷണം, യാത്രാ വേഷം എന്നിവയൊക്കെ പ്രശ്‌നങ്ങളാണ് ചിലര്‍ക്ക്.അനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ മാറ്റിവെക്കാത്തവര്‍ക്ക് മനസ്സില്ല. വിട്ടുവീഴ്ചയില്ലാത്ത ഇക്കൂട്ടര്‍ സൗജന്യ യാത്രകള്‍ പോലും വേണ്ടെന്ന് വെക്കുന്നു. രണ്ട് ദിവസത്തെ യാത്ര അരമണിക്കൂര്‍ മുമ്പ് തീരുമാനിച്ച് വസ്ത്രങ്ങള്‍ കുത്തി നിറച്ച ബേഗുമായി അടുത്ത ബസ് സ്‌റ്റോപ്പിലേക്ക് പോകുന്നതുപോലെ യാത്ര നടത്തുന്നവരുടെ എതിര്‍ ദിശയിലാണ് യാത്ര പുലിവാലെന്ന് കരുതുന്നവര്‍.
യാത്ര ആഹ്ലാദകരമാക്കാന്‍ മുന്‍വിധികളും പക്ഷപാതിത്തങ്ങളും മാറ്റിവെക്കണം. പെറ്റു വളര്‍ന്ന ദേശത്തോടും അവിടുത്തെ രീതികളോടുമുള്ള അതിവൈകാരികതയിലുള്ള ആഭിമുഖ്യം വെച്ചുപുലര്‍ത്തുന്ന ആള്‍ക്ക് മറ്റൊരു നാടിനെ അതിന്റെ തനിമയോടെ ആസ്വദിക്കാനാവില്ല. യാത്ര അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കുന്നവര്‍ ഒരു ദേശത്തെ ഭക്ഷണം രുചിക്കാനും ഉള്ള സൗകര്യങ്ങളില്‍ പൊരുത്തപ്പെടാനും ശ്രമിക്കുന്നു. യാത്ര ലഹരിയാണവര്‍ക്ക്.
യാത്ര കുട്ടികള്‍ക്ക് വിദ്യാഭ്യാസമാണ്. വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കാത്ത അനുഭവജ്ഞാനമാണത്. പലതിലും എനിക്ക് ഗുരുവായ കുഞ്ഞുണ്ണി മാസ്റ്റര്‍, ബിരുദപഠനം കഴിഞ്ഞാല്‍ കുട്ടികളെ രണ്ടു കൊല്ലം നാടുകാണാന്‍ പറഞ്ഞയക്കണമെന്ന് പറഞ്ഞത് ഞാനോര്‍ക്കുന്നു. പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിക്കാത്ത അറിവ് യാത്രയില്‍ നിന്ന് ലഭിക്കുന്നു. പതിനാറാം വയസ്സില്‍ ഉപ്പയോടൊപ്പം നടത്തിയ രണ്ടാഴ്ചയുടെ ദില്ലി യാത്ര എന്റെ ജീവിതത്തിലെ ഒരു ബിരുദാനന്തര ബിരുദ പഠനതുല്യമായ അനുഭവമായിരുന്നു. ഞാനെന്റെ മക്കളെ കൈക്കുഞ്ഞായിരിക്കുമ്പോള്‍ കഴിയാവുന്നിടങ്ങളിലൊക്കെ യാത്രക്ക് കൊണ്ടുപോയതിന്റെ പ്രയോജനം വളര്‍ന്നു വലുതായിട്ടും ഇന്നും അറിയുന്നു. അധ്യാപകനായിരിക്കെ വിദ്യാര്‍ഥികളെ നാടും നാട്ടാരേയും കാണിക്കാന്‍ കൊണ്ടു പോയത് കലാലയമുറിയില്‍ വെച്ച് നല്‍കിയതിനേക്കാള്‍ വിലപ്പെട്ടതാണെന്ന് പിന്നീട് അറിഞ്ഞിട്ടുണ്ട്.
സമയമില്ലായ്മ പറഞ്ഞാണ് ചിലര്‍ യാത്ര മാറ്റിവെക്കുക. ഭൗതിക വ്യാപാരങ്ങളിലെ ആര്‍ത്തിയില്‍ കുടുംബത്തോടൊപ്പം യാത്ര നടത്താന്‍ സമയം കണ്ടെത്താനാവുന്നില്ല. ഏത് കടുത്ത ജോലികള്‍ക്കിടയിലും അവധി ദിവസങ്ങളോ അധിക ജോലിയില്ലാത്ത നാളുകളോ തെരഞ്ഞെടുത്ത് നേരത്തെ യാത്ര ആസുത്രണം ചെയ്യുന്നവരുമുണ്ട്. സമയത്തെ ചിട്ടപ്പെടുത്തി, അതിനായൊരു ഫണ്ടുണ്ടാക്കി യാത്ര ആസ്വദിക്കുന്നവരാണിവര്‍. സമയമില്ലായെന്ന് പറഞ്ഞൊഴിയുന്നവരെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നവരും തിരക്കുള്ളവരുമായിരിക്കും ഇവര്‍.
യാത്രക്ക് പോകുകയും യാത്രയില്‍ ഉടനീളം കറുത്ത മുഖവുമായി സഞ്ചരിക്കുന്നവരുമുണ്ട്. ചിലര്‍ യാത്രയില്‍ മുഴുക്കെ ഓഫീസുകാര്യം ആലോചിക്കുകയും ഫോണിലൂടെ പറയുകയും ചെയ്യുന്നു. ഇവരോടൊടുവില്‍ മക്കള്‍ പറയും: 'യാത്ര വേണ്ടന്ന് വെക്കുന്നതായിരിക്കും ഇതിലും ഭേദം.' അവരുടെ നെഗറ്റീവ് ഭാവം മറ്റുള്ളവരെ പ്രതികൂലമായി ബാധിക്കുന്നു. ആഹ്ലാദിക്കാന്‍ പോയി അടിപിടിയായി വീട്ടില്‍ മടങ്ങിയെത്തും.
സാമ്പത്തികമായ പരാധീനതകള്‍ യാത്രക്ക് തടസ്സമാണ് പലര്‍ക്കും. യാത്ര ഇഷ്ടമാണ് ഇവര്‍ക്ക്. ജീവിതത്തിലെ മറ്റു മുന്‍ഗണനകളില്‍ അവരുടെ യാത്ര വഴി നീങ്ങിപ്പോകുന്നു. അല്‍പം ശ്രദ്ധയും യാത്രക്കായി അല്‍പാല്‍പമായ കരുതിവെക്കലും കൊണ്ട് അമിത സൗകര്യങ്ങളില്‍ അഭിരമിക്കാതെ യാത്ര നടത്താന്‍ പറ്റും. വലിയൊരു ശമ്പളമില്ലാത്ത കാലം ഉള്ള സൗകര്യങ്ങളില്‍ പൊരുത്തപ്പെട്ട് കുടുംബത്തോടൊപ്പം നടത്തിയ യാത്രകള്‍ മക്കളിന്നും ആഹ്ലാദത്തോടെ ഓര്‍ക്കുന്നു. സുഹൃത്തിന്റെ വീട്ടില്‍ ഉള്ള സൗകര്യങ്ങളില്‍ കഴിഞ്ഞത് അവര്‍ അഭിമാനത്തോടെ ഓര്‍ക്കുന്നത് അതിനപ്പുറം അവരെ രസിപ്പിച്ച കാഴ്ചകള്‍ കൊണ്ടാണ്. സൗകര്യങ്ങളുണ്ടാകുമ്പോള്‍ പഴയ 'പട്ടിണി ജാഥ' വേണ്ട എന്ന് ചിരിച്ചുകൊണ്ട് ഭാര്യ പറഞ്ഞെന്നിരിക്കും. എന്നാലും പഴയ യാത്രയില്‍ പാകപ്പെട്ട മനസ്സ് അവര്‍ കൈയൊഴിഞ്ഞിരിക്കില്ല.
എത്ര ദിവസത്തേക്കാകണം യാത്ര? ജോലി, പണം, മറ്റു സൗകര്യങ്ങള്‍ എന്നിവ അനുസരിച്ചാവണം ഈ തീരുമാനം. ഒരു മാസക്കാലത്തോളം മക്കള്‍ക്കൊപ്പം നടത്തിയ ദില്ലി യാത്രയോളം മധുരതരമാണ് രണ്ടു നാളിന്റെ ഒരു മലയോര യാത്രയെന്ന് അറിഞ്ഞിട്ടുണ്ട്. യാത്രയില്‍ ഒരാള്‍ നടത്തുന്ന ശാരീരികവും മാനസികവുമായ പങ്കാളിത്തമാണ് പ്രധാനം. യാത്രയിലെ ഈ പങ്കാളിത്വത്തിന്റെ തീവ്രതയറിഞ്ഞ ഒരു വിദ്യാര്‍ഥിനി പറഞ്ഞു: 'ഞാന്‍ ഏറ്റവും കൂടുതല്‍ താലോലിക്കുന്ന ഒരു സ്വപ്നം സാറിനോടൊപ്പം യാത്ര ചെയ്യുക എന്നതാണ്.' ആരായാലും ആണും പെണ്ണും യാത്ര നടത്തുന്നതിലെ പ്രശ്‌നങ്ങളറിയാവുന്ന അവള്‍ കൂട്ടിച്ചേര്‍ത്തു: 'ഞാന്‍ കല്ല്യാണം കഴിഞ്ഞ്, കുട്ടികളൊക്കെയായാല്‍ കുടുംബത്തോടൊപ്പം ആ സ്വപ്നം സാക്ഷാത്കരിക്കും.' ഓരോ അനക്കങ്ങളും കണ്ടെത്തലും ആഹ്ലാദമാക്കുന്നവര്‍ക്കൊപ്പം യാത്ര നടത്തുന്നത് ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ നല്‍കുന്നു.
കൗണ്‍സ്‌ലിംഗിനെത്തിയ ഭാര്യാ ഭര്‍ത്താക്കന്മാര്‍ പ്രശ്‌നപരിഹാരത്തിന്റെ മാര്‍ഗത്തിലെത്തിയപ്പോള്‍ അവര്‍ക്ക് മുന്നില്‍ ഞാനൊരു നിര്‍ദേശം വെച്ചു. ഒരു യാത്രക്ക് പോവുക. സാമ്പത്തികമായ വിഷമങ്ങളുള്ളവരല്ല, യാത്ര ഉള്ളില്‍ ആഗ്രഹിക്കുന്നവരുമാണവര്‍. അവരുടെ മക്കള്‍ക്ക് എവിടെയെങ്കിലും പോകുന്നത് പെരുത്ത് ഇഷ്ടവുമാണ്. ആദ്യം അവരൊന്ന് ശങ്കിച്ചു. നാലു വര്‍ഷം മുമ്പ് ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോയി തമ്മില്‍ പിണങ്ങി മടങ്ങിയ സംഭവം ചിരിച്ചു കൊണ്ട് ഭാര്യ ഓര്‍ത്തു. പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും തുടങ്ങിക്കഴിഞ്ഞതിനാല്‍ മുന്‍കാലാനുഭവം ആവര്‍ത്തിക്കാനിടയില്ലെന്ന് ഞാന്‍ സൂചിപ്പിച്ചു. അപ്പോള്‍ ഭര്‍ത്താവിന്റെ ചോദ്യം: 'എവിടെയാ പോവാ' ഞാന്‍ കുടുംബത്തോടൊപ്പം നടത്തിയ ചില യാത്രകളെക്കുറിച്ച് പറഞ്ഞു. അവര്‍ ഒരു കൊച്ചു വിദേശ യാത്ര നടത്തി തിരിച്ചെത്തി. കരകൗശല വിദ്യയാല്‍ ഓരോ ദേശത്തും ഉണ്ടാക്കുന്ന ആമകളെ സൂക്ഷിക്കുന്ന എന്റെ ആമക്കാഴ്ച ബംഗ്ലാവിലേക്ക് രണ്ട് വ്യത്യസ്ത ആമകളെ തന്ന് അവര്‍ പറഞ്ഞു: 'നന്ദിയുണ്ട് സാര്‍ ജിവിത്തിലൊരിക്കലും ഉണ്ടാവില്ലെന്ന് പറഞ്ഞ ആഹ്ലാദമാണ് ഈ യാത്രയില്‍ തിരിച്ചുകിട്ടിയത്.' തീര്‍ച്ചയായും ഉചിതമായ സന്ദര്‍ഭത്തില്‍ നടത്തുന്ന യാത്ര നല്ലൊരു ചികിത്സ കൂടിയാണ്.

ശേഷക്രിയ
1. യാത്രക്ക് ഇണങ്ങയ സമയവും സന്ദര്‍ഭവും തിരഞ്ഞെടുക്കുക. യാത്രയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും സമയവും സന്ദര്‍ഭവും ശ്രദ്ധിച്ച് അത് നേരത്തെ തീരുമാനിക്കുക.
2. സാമ്പത്തികാവസ്ഥക്കനുസരിച്ച് യാത്രകള്‍ ആസൂത്രണം ചെയ്യുക. ഒന്നിലധികം കുടുംബങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യുമ്പോള്‍ ചെലവ് തുല്യമായി വഹിക്കുന്നതാണ് നല്ലത്.
3. മുന്‍വിധികള്‍ മാറ്റിവെച്ച് സ്ഥലമേതെന്ന് തീരുമാനിക്കുക. കഴിയാവുന്നത്ര വിവരങ്ങള്‍ ശേഖരിക്കണം. പോകുന്ന സ്ഥലത്തെ കാലാവസ്ഥ കൂടി പരിഗണിച്ചാവണം തെരഞ്ഞെടുപ്പ്.
4. തീവണ്ടി, ബസ്സ്, വിമാനം തുടങ്ങിയ യാത്രാ സൗകര്യങ്ങള്‍ നേരത്തെ റിസര്‍വ് ചെയ്യുക. സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ കൂടെ താമസിക്കുകയാണെങ്കില്‍ നേത്തെ അറിയിച്ച് അവരുടെ സൗകര്യം നോക്കുക.
5. സന്ദര്‍ശിക്കുന്ന സ്ഥലത്തെ പ്രത്യേകതകള്‍ നേരത്തെ മനസ്സലാക്കി എത്ര സമയം ചെലവഴിക്കണം എന്നതിനെക്കുറിച്ച് ഒരു പ്ലാനുണ്ടാക്കണം. സന്ദര്‍ശന സ്ഥലങ്ങളുടെ സവിശേഷതകള്‍ കൂടെയുള്ളവരുമായി നേരത്തെ പങ്കുവെക്കണം.
6. യാത്രയില്‍ മിതമായ ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ കൊണ്ടു പോവുക. ക്യാമറ, ടോയ്‌ലറ്റ് ബേഗ് തുടങ്ങിയവ പ്രത്യേകമായി കരുതുക.
7. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കള്‍ക്കൊപ്പമോ കുടുംബത്തോടൊപ്പമോ യാത്ര നടത്തുക. സമാന താല്‍പര്യങ്ങളും രീതികളുമുള്ളവരുടെ കൂടെയുള്ള യാത്ര പ്രശ്‌നങ്ങള്‍ കുറക്കാനാവുന്നു.
8. താമസം, ഭക്ഷണം, തുടങ്ങിയവയിലെ പിടിവാശികള്‍ മാറ്റുക. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ എത്തുന്ന സ്ഥലം ആസ്വദിക്കാനാവില്ല.
9. യാത്രയില്‍ മറ്റു വേവലാതികള്‍ പേറി നടക്കരുത്. ജോലി സംബന്ധമായ കാര്യങ്ങള്‍ മാറ്റിവെക്കുക.
10. ആവശ്യമുള്ളത് ഫോട്ടോ എടുക്കുക. അനുഭവക്കുറിപ്പുകള്‍ എഴുത്തിവെക്കുന്നത് നല്ലതാണ്. കുട്ടികള്‍ യാത്രാ കുറിപ്പുകള്‍ ഉണ്ടാക്കണം. യാത്ര കഴിഞ്ഞെത്തിയാലും അതിനെക്കുറിച്ച് സംസാരിക്കുക. യാത്രാഹ്ലാദം മനസ്സില്‍ തങ്ങിനില്‍ക്കാതിരിക്കില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top