ധനാര്‍ബുദം

അഷ്‌റഫ് കാവില്‍ No image

ഒരു ദിവസം വനിതാ കമ്മീഷന്‍ ഓഫീസിലേക്ക് ഒരു സ്ത്രീ വന്നു. തീപ്പൊള്ളലേറ്റ് കത്തിക്കരിഞ്ഞ ഒരു സ്ത്രീ രൂപം! ചോദിച്ച സ്ത്രീധനം മുഴുവന്‍ കൊടുത്തിട്ടും ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവളോട് പിന്നെയും സ്ത്രീധനം ആവശ്യപ്പെട്ടു. അത് കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഭര്‍ത്താവും അമ്മായിയമ്മയും ചേര്‍ന്ന് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയതാണവളെ. ഗര്‍ഭിണിയായിരുന്ന അവള്‍ കുഞ്ഞിനെ മാസം തികയാതെയാണ് പ്രസവിച്ചത്. കണ്ണുകളും നാവും മാത്രം മുഖത്തവശേഷിക്കുന്ന ആ സ്ത്രീ മുന്നില്‍ വന്ന് കെഞ്ചി; 'എനിക്ക് നീതി തരൂ' എന്ന്.''
നീതി തേടി വനിതാ കമ്മീഷന് മുന്നിലെത്തിയ ഒരു സ്ത്രീയുടെ മാത്രം കഥയല്ല ഇത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഓരോ 90 മിനുട്ടിലും ഒരു സ്ത്രീ സ്ത്രീധനത്തിന്റെ പേരില്‍ ഇരയാകുന്ന രാജ്യമാണ് ഇന്ത്യ.
1961-ല്‍ നിയമം മൂലം നിരോധിക്കപ്പെട്ട സാമൂഹ്യ വിപത്താണ് സ്ത്രീധനമെങ്കിലും, സമൂഹത്തില്‍ ഇന്നും അര്‍ബുദമായി പടരുകയാണ് ഈ ദുഷിച്ച സമ്പ്രദായം. ശാരീരികവും മാനസികവും സാംസ്‌കാരികവുമായ നിരവധി പ്രത്യാഘാതങ്ങളാണ് സ്ത്രീധനം വ്യക്തികളിലും സമൂഹത്തിലും സൃഷ്ടിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ തന്നെയാണ് അതില്‍ പ്രധാനം. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2011-ല്‍ മാത്രം 8618 സ്ത്രീധന മരണങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായത്. 2010-ല്‍ ഇത് 8391 ആയിരുന്നു. സ്ത്രീധനത്തിനും മറ്റുമായി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സ്ത്രീകളെ പീഡിപ്പിച്ച കേസുകള്‍ 2011-ല്‍ 99135 ആണ്.
കേരളത്തില്‍ മാത്രം സ്ത്രീകള്‍ക്കെതിരെ 2012-ല്‍ ആകെ നടന്ന 13002 കുറ്റകൃത്യങ്ങളില്‍ 5216 എണ്ണവും ഭര്‍ത്താക്കന്മാരും ഭര്‍തൃവീട്ടുകാരും സ്ത്രീകളെ ഉപദ്രവിച്ച കേസുകളാണ്.
സ്ത്രീധനത്തിന്റെ പേരില്‍ പെണ്ണിന്റെ അഭിമാനത്തിന് വിലപറയുന്ന കച്ചവടകേന്ദ്രങ്ങളായി മിക്ക വിവാഹവേദികളും അധഃപതിക്കുകയാണ്. സ്ത്രീധന സമ്പ്രദായം വ്യാപകമാകുന്നതിന്റെ ഫലമായി 'പെണ്‍കുഞ്ഞ് ലക്ഷങ്ങള്‍ നശിപ്പിക്കുന്നു, ആണ്‍കുഞ്ഞ് ലക്ഷങ്ങള്‍ കൊണ്ടുവരുന്നു' എന്ന ധാരണ സമൂഹത്തില്‍ വളരുകയാണ്. തന്മൂലം, പെണ്‍ഭ്രൂണഹത്യയും പെണ്‍ ശിശുഹത്യയും നമ്മുടെ രാജ്യത്ത് വര്‍ധിക്കുകയാണ്. യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം ഏഴ് ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണാവസ്ഥയില്‍ കൊല ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഒമ്പത് ലക്ഷം പെണ്‍ ശിശുക്കളെയാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം കൊന്നുകളയുന്നതെന്ന്. യുനിസെഫിന്റെ 2009-ലെ റിപ്പോര്‍ട്ട് പറയുന്നു. പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ വേണ്ടിവരുന്ന ഭീമമായ പണച്ചെലവാണ് ദരിദ്ര കുടുംബങ്ങളിലെ രക്ഷിതാക്കളെ പെണ്‍ ഭ്രൂണഹത്യക്കും പെണ്‍ ശിശുഹത്യക്കും പ്രേരിപ്പിക്കുന്നതെന്ന് യൂണിസെഫിന്റെ 50-ാം വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. രാജ്യത്ത് വര്‍ധിച്ചുവരുന്നു പെണ്‍ഭ്രൂണഹത്യ സെന്‍സസ് റിപ്പോര്‍ട്ടില്‍ പ്രകടമാണ്. 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. കേരളത്തില്‍ 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ ഉണ്ടെങ്കിലും ആറ് വയസ്സുവരെയുള്ള കുട്ടികളുടെ ആണ്‍-പെണ്‍ അനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 959 പെണ്‍കുട്ടികള്‍ എന്നാണ്.
നമ്മുടെ നാട്ടില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം സ്ത്രീധനമാണ്. ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ 2011-ലെ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീധനപ്രശ്‌നങ്ങളാണ് രാജ്യത്തെ 2.4 ശതമാനവും ആത്മഹത്യകള്‍ക്കും കാരണം. 2007-ല്‍ മാത്രം 3148 സ്ത്രീകളാണ് സ്ത്രീധന തര്‍ക്കങ്ങള്‍ മൂലം ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. ഒരു ലക്ഷത്തില്‍ 25.3 ശതമാനം പേര്‍ ആത്മഹത്യ ചെയ്യുന്ന കേരളത്തില്‍ 44.6 ശതമാനം സ്ത്രീകളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് സ്ത്രീധനത്തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബ പ്രശ്‌നങ്ങളാണ്.
കല്ല്യാണപ്രായമെത്തിയ പെണ്‍കുട്ടികളുള്ള രക്ഷിതാക്കളെ ഇരകളാക്കി ബ്ലേഡ്-റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ തഴച്ച് വളരുകയാണ്. പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ സ്ത്രീധനം കണ്ടെത്തുന്നതിനായി വീടും പറമ്പും പണയപ്പെടുത്തി ബാങ്കില്‍ നിന്നും വട്ടിപ്പലിശക്കാരില്‍ നിന്നും അമിത പലിശക്ക് പണം കടമെടുക്കുന്ന കുടുംബങ്ങള്‍ ഒടുവില്‍ കടം തിരിച്ചടക്കാന്‍ കഴിയാതെ ജപ്തിചെയ്യപ്പെട്ട് വഴിയാധാരമാവുകയാണ്. ഒരു വീട്ടിലെ മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വാങ്ങിയ കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ വീടും പറമ്പും ജപ്തി ചെയ്യപ്പെട്ടതിന്റെ മാനസിക വിഷമത്തില്‍ പാലക്കാട് ആറംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവം അടുത്തിടെ കേരളത്തിലുണ്ടായിട്ടുണ്ട്. സ്ത്രീധനത്തുക കൂടിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് പെണ്‍മക്കളുടെ വിവാഹം നടത്തി കടക്കെണിയിലാകുന്ന മാതാക്കളുടെ എണ്ണവും കേരളത്തില്‍ കൂടുകയാണ്. കേരള ദേശീയ വേദി 1994-ല്‍ നടത്തിയ സര്‍വെ പ്രകാരം 95 ശതമാനം വിവാഹങ്ങള്‍ക്കും സ്ത്രീധനം ആവശ്യമായി വരുന്നുണ്ട്. 1994-ല്‍ മാത്രം വിവാഹം നടത്തി കടക്കെണിയില്‍ പെട്ടവര്‍ 14 ലക്ഷമാണ്.
സ്ത്രീധന വിവാഹങ്ങള്‍ ഇന്ന് വന്‍ 'ബിസിനസ്സായി' മാറിക്കഴിഞ്ഞു. 'വിവാഹ വ്യവസായ'ത്തിന്റെ ഭാഗമായി ജ്വല്ലറികള്‍ കൂണുകള്‍ പോലെ മുളച്ച് പൊന്തുകയാണ്. ഇന്ത്യയിലെ ജ്വല്ലറികളുടെ എണ്ണം ഇന്ന് മൂന്ന് ലക്ഷത്തിലധികമാണ്. സ്വര്‍ണ വിപണിയുടെ പ്രതീക്ഷ സ്ത്രീധന വിവാഹങ്ങളാണ്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയും 25 വയസ്സില്‍ താഴെ പ്രായമുള്ളവരായതിനാല്‍ അടുത്ത പത്തുവര്‍ഷക്കാലത്തേക്ക് ഇന്ത്യയില്‍ പ്രതിവര്‍ഷം ഒന്നരക്കോടി വിവാഹങ്ങള്‍ നടക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്ക് കൂട്ടുന്നത്. ഇതുവഴി വര്‍ഷം 500 ടണ്‍ പുതിയ സ്വര്‍ണ്ണം ഇന്ത്യയില്‍ വില്‍ക്കാമെന്നാണ് അവരുടെ പ്രതീക്ഷ.
ഇപ്പോള്‍ തന്നെ, സ്വര്‍ണ ഉപഭോഗത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം ഇന്ത്യയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2011-ല്‍ ഇന്ത്യയില്‍ വിറ്റത് 933.4 ടണ്‍ സ്വര്‍ണമാണ്. ഇതില്‍ സ്വര്‍ണാഭരണങ്ങള്‍ മാത്രം 500 ടണ്‍ വരും. സ്ത്രീധനത്തിന്റെ മാര്‍ഗത്തില്‍ സ്വര്‍ണം പുരുഷന്മാരുടെ വീടുകളില്‍ എത്തുക വഴി, ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ശേഖരം ഇന്ന് ഇന്ത്യന്‍ വീടുകളായി മാറിക്കഴിഞ്ഞു. 18000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലെ വീടുകളിലായി സൂക്ഷിച്ചിരിക്കുന്നത്.
സ്ത്രീധന സമ്പ്രദായം വ്യാപകമായതോടെ സ്വര്‍ണം, സ്വത്ത്, പണം, വീട്, വാഹനങ്ങള്‍ എന്നിവ സമ്പാദിക്കാനുള്ള എളുപ്പ മാര്‍ഗമായി ചിലര്‍ വിവാഹത്തെ കാണുകയാണ്. അതുവഴി 'വിവാഹവീരന്‍'മാരുടെ എണ്ണവും കേരളത്തില്‍ കൂടുന്നു. ഇരുപത്തിമൂന്ന് കല്ല്യാണങ്ങള്‍ കഴിച്ച 'വിവാഹവീരന്‍' പോലീസ് വലയില്‍ കുടുങ്ങിയ വാര്‍ത്ത ഈയിടെ നാം വായിച്ചതാണ്. വിവിധ സ്ഥലങ്ങളില്‍ മതം മാറിയും പേര് മാറിയും താമസിച്ച് പാവപ്പെട്ട മാതാപിതാക്കളുമായി ചങ്ങാത്തം കൂടി, സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച് മുങ്ങുകയാണ് ഇത്തരം 'വീരന്‍'മാരുടെ പതിവ്.
സ്ത്രീധന തര്‍ക്കങ്ങളുടെ പേരില്‍ കുടുംബബന്ധങ്ങള്‍ തകരുന്നതും വിവാഹമോചനങ്ങള്‍ കൂടുന്നതും കേരളത്തില്‍ പതിവായിരിക്കുന്നു. 2011-ല്‍ മാത്രം സംസ്ഥാനത്തെ കുടുംബ കോടതികളില്‍ എത്തിയത് 38231 വിവാഹ മോചന കേസുകളാണ്. ഇത്തരം കേസുകളുടെ പ്രധാന കാരണങ്ങളിലൊന്ന് സ്ത്രീധനത്തിന്റെ പേരിലുള്ള കുടുംബ വഴക്കാണ്. സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് തകരുന്ന ദാമ്പത്യ ബന്ധങ്ങളുടെ പ്രധാന ഇരകള്‍ സ്ത്രീകള്‍ മാത്രമല്ല, കുട്ടികള്‍ കൂടിയാണ്. വിവാഹമോചനം നേടി മാതാപിതാക്കള്‍ പരസ്പരം പിരിയുമ്പോള്‍ വേണ്ടത്ര സ്‌നേഹവും സംരക്ഷണവും ലഭിക്കാതെ, വീടുവിട്ടിറങ്ങുന്ന കുട്ടികളാണ് അനാഥശാലകളിലും ക്രിമിനല്‍ സംഘങ്ങളുടെ കൈകളിലും നഗരങ്ങളുടെ ചേരികളിലും മറ്റും എത്തിച്ചേര്‍ന്ന് പിന്നീട് കുറ്റവാളികളായി മാറുന്നതെന്ന് കാണാം. വിവാഹമോചനങ്ങളുടെ ഫലമായി കുടുംബം പോറ്റുന്ന സ്ത്രീകളുടെ എണ്ണവും കൂടുകയാണ്. കേരളത്തില്‍ കുടുംബഭാരം സ്വന്തം ചുമലില്‍ താങ്ങുന്ന സ്ത്രീകള്‍ 22 ശതമാനം വരുമെന്നാണ് കണക്ക്. ദേശീയ ശരാശരി 10.5 ശതമാനം മാത്രമാണെന്നോര്‍ക്കണം.
സമൂഹത്തില്‍ സ്ത്രീ-പുരുഷ വിമോചനവും പുരുഷ മോധാവിത്വവും ഊട്ടിയുറപ്പിക്കുന്നതില്‍ സ്ത്രീധനസമ്പ്രദായത്തിന് വലിയ പങ്കുണ്ട്. സ്ത്രീകളെ സാമ്പത്തിക ഉപാധിയായി കാണുന്ന പുരുഷ മേധാവിത്ത സമൂഹത്തിന്റെ ലാഭേച്ഛക്ക് സ്ത്രീധന സമ്പ്രദായം ആക്കം കൂട്ടുന്നു. സ്ത്രീധനത്തിന്റെ പേരില്‍ കുടുംബങ്ങളില്‍ സ്ത്രീകള്‍ താരതമ്യം ചെയ്യപ്പെടുന്ന ദുരവസ്ഥയുണ്ട്. ഭര്‍തൃവീട്ടില്‍ കൂടുതല്‍ സ്ത്രീധനവുമായി കയറി വന്നവര്‍ക്ക് കൂടുതല്‍ പരിഗണനയും അംഗീകാരവും അവകാശവും ലഭിക്കുന്നു. അല്ലാത്തവര്‍ക്ക് നിന്ദയും കുത്തുവാക്കുമാണ് നിത്യവും കിട്ടുന്നത്. വീട്ടില്‍ വേലക്കാരിയുടെ അവസ്ഥയിലേക്ക് അവള്‍ മാറിപ്പോകുന്നു.
സ്ത്രീധന പീഡനങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിരവധി നിയമങ്ങള്‍ ഇന്ന് നിലവിലുണ്ട്. 1961-ലെ സ്ത്രീധന നിരോധന നിയമമാണ് അതില്‍ പ്രധാനം. ഈ നിയമപ്രകാരം, വിവാഹവുമായി ബന്ധപ്പെട്ട് കൈമാറുന്ന ഏതുതരം സ്വത്തും പണവും സമ്പാദ്യവും 'സ്ത്രീധന'ത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ മുസ്‌ലിം വിവാഹത്തിലെ 'മഹര്‍' സ്ത്രീധനമല്ല. നിയമപ്രകാരം സ്ത്രധനം നല്‍കുന്നതും വാങ്ങുന്നതും പ്രോത്സാഹിപ്പിക്കുന്നതും കുറ്റകൃത്യമാണ്. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും 15000-രൂപ പിഴയും ചുമത്തും. സ്ത്രീധനത്തുക 15000 ത്തില്‍ കൂടുതലാണെങ്കില്‍ തുക പിഴ ശിക്ഷയായി വിധിക്കും. സ്ത്രീധനം ആവശ്യപ്പെടുന്നത് പോലും ആറ് മാസത്തില്‍ കുറയാത്തതും രണ്ട് വര്‍ഷം വരെ നീളുന്നതുമായ തടവും 10000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഇന്ത്യന്‍ ശിക്ഷാനിയമം 304 ബി സ്ത്രീധന മരണവുമായി ബന്ധപ്പെട്ടതാണ്. ഒരു സ്ത്രീ വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുള്ളില്‍ അസ്വാഭാവികമായ സാഹചര്യത്തില്‍ മരിക്കുകയും മരണകാരണം ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ സ്ത്രീധന സംബന്ധമായ പീഡനം ആയിരിക്കുകയും ചെയ്താല്‍ ആ മരണം സ്ത്രീധനമരണമായിരിക്കും. പ്രതികള്‍ക്ക് ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ജയില്‍ ശിക്ഷ ലഭിക്കും. ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ഒരു സ്ത്രീയെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരതക്ക് വിധേയമാക്കിയാല്‍ പ്രതികള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 498 എ വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം, സ്ത്രീധനത്തിനോ മറ്റേതെങ്കിലും സാമ്പത്തികാവശ്യങ്ങള്‍ക്കോ വേണ്ടി ഒരു സ്ത്രീയെ, ഗാര്‍ഹിക ബന്ധത്തില്‍ പെട്ടവര്‍ പീഡിപ്പിക്കുന്നത് കുറ്റകൃത്യമാണ്. പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് ഈ നിയമപ്രകാരം ആനുകൂല്യങ്ങളും സംരക്ഷണവും ലഭിക്കും.
ഇരുപത്തിയഞ്ച് ലക്ഷം രൂപയും കാറും സ്ത്രീധനമായി ആവശ്യപ്പെട്ട് തന്നെ പീഡിപ്പിച്ചുവെന്ന്, മരുമകള്‍ ഫയല്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് ഒഡിഷ നിയമ-നഗര വികസന മന്ത്രി രഘുനാഥ് മെഹന്തിക്ക് മന്ത്രിസ്ഥാനം വരെ രാജിവെക്കേണ്ടി വന്നത്. ഇങ്ങനെ, ഭര്‍തൃവീട്ടുകാര്‍ എത്ര ഉന്നതരായാലും സ്ത്രീധന പീഡനങ്ങള്‍ നിശ്ശബ്ദം സഹിച്ചിരിക്കാതെ ശക്തമായി പ്രതികരിക്കാനും നിയമങ്ങള്‍ യഥാസമയം പ്രയോജനപ്പെടുത്താനും സ്ത്രീകള്‍ തയ്യാറാകണം. സ്ത്രീ സംരക്ഷണനിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കഴിയണം.
നിയമങ്ങള്‍ കൊണ്ട് മാത്രം നിരോധിക്കാവുന്ന സാമൂഹ്യ വിപത്തല്ല സ്ത്രീധനം. വിവാഹം കുടുംബ ജീവിതത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്ന പരിപാവനമായ ചടങ്ങാണെന്നും അത് ധനാഗമനത്തിനോ, വിഭവസമാഹരണത്തിനോ ഉള്ള ഒരു മാര്‍ഗമല്ലെന്നുള്ള മൂല്യബോധം സമൂഹത്തില്‍ വളരണം. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാന്‍ ആര്‍ജവം കാണിക്കുന്ന ചെറുപ്പക്കാരും സ്ത്രീധനം കൊടുക്കാതെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികളും അവര്‍ക്ക് പിന്തുണ നല്‍കാന്‍ തയ്യാറായി, യുവജന-രാഷ്ട്രീയ-മതസംഘടനകളും മുന്നോട്ട് വരണം. സ്ത്രീധന വിമുക്തവും ആര്‍ഭാടരഹിതവുമായ സമൂഹ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം. അമിതമായി സ്ത്രീധനം ആവശ്യപ്പെട്ട വരനെയും ബന്ധുക്കളെയും പോലീസില്‍ ഏല്‍പ്പിച്ച് മാതൃക കാട്ടിയ ഡല്‍ഹിയിലെ നിഷ ശര്‍മയെയും, ചെന്നൈയിലെ വിദ്യയെയും കൊല്ലത്തെ ശ്രീകലയെയും ഇരിങ്ങാലക്കുടയിലെ ഫ്‌ളിറ്റിയെയും പോലെ പ്രതികരണ ശേഷിയുള്ള യുവതികള്‍ രംഗത്ത് വരേണ്ടതുമുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top