മഴയില്‍ കുതിര്‍ന്ന മൂന്ന് മഹാസമ്മേളനങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്‌ No image

മലയാളത്തിന്റെ പ്രിയങ്കരനായ സാംസ്‌കാരിക നായകന്‍ എം.എന്‍ വിജയന്‍ ഒരിക്കല്‍ പറഞ്ഞു: ''പരന്നൊഴുകുന്ന പുഴക്ക് ശക്തിയില്ല. പുഴയുടെ ശക്തി അതിന്റെ പതനത്തിലാണ്.''
വളരെ ശരിയാണ്. വെള്ളച്ചാട്ടത്തില്‍ നിന്നാണ് വൈദ്യുതി ഉണ്ടാകുന്നത്. അപ്രകാരം തന്നെ മനുഷ്യന്റെ കഴിവും കരുത്തും പ്രകടമാവുക പ്രയാസങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുമ്പോഴാണ്. കേരള മുസ്‌ലിം യുവതയുടെ ഇഛാശക്തിയും സാഹസികതയും വെളിവായ മൂന്ന് സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷിയാവാന്‍ അവസരം ലഭിച്ചു. അതില്‍ ആദ്യത്തേത് ബാംഗ്ലൂരിലായിരുന്നു. 1986 ഡിസംബര്‍ 26,27,28 തിയ്യതികളില്‍ എസ്.ഐ.ഒയുടെ ഒന്നാമത്തെ അഖിലേന്ത്യാ സമ്മേളനം നടക്കുകയാണ്. ഒന്നാം ദിവസം രാത്രി ഇസ്‌ലാമിക സംഘടനകളെ സംബന്ധിച്ച ചര്‍ച്ചാ സമ്മേളനം നടന്നുകൊണ്ടിരിക്കെ ചാറ്റല്‍ മഴ ആരംഭിച്ചു. വൈകാതെ മഴ ശക്തിപ്പെട്ടു. ഘോരമായ മഴയില്‍ സമ്മേളന പന്തല്‍ പോലും പൊളിഞ്ഞു വീഴുമോ എന്ന ആശങ്കയുണ്ടായി. സദസ്സില്‍ ഉണ്ടായിരുന്നവര്‍ മഴയേല്‍ക്കാത്ത സുരക്ഷിത സ്ഥലങ്ങളില്‍ അഭയം തേടി. അപ്പോഴും കോരിച്ചൊരിയുന്ന മഴയത്ത് കേരളത്തില്‍ നിന്നെത്തിയ ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഐ.ഒയുടെയും പ്രവര്‍ത്തകര്‍ കര്‍മനിരതരായി സമ്മേളന സ്ഥലത്തു തന്നെയുണ്ടായിരുന്നു. ഇരിക്കാന്‍ ഒരുക്കിയ പായ നനയാതിരിക്കാനും സമ്മേളന സംവിധാനം അലങ്കോലപ്പെടാതിരിക്കാനും അവര്‍ ജാഗ്രതയോടെ പണിയെടുത്തു. വിലപിടിപ്പുള്ള സമ്മേളന സാമഗ്രികള്‍ കേടുവരാതെ ഭദ്രമായി സൂക്ഷിക്കാന്‍ കഠിന ശ്രമങ്ങളിലേര്‍പ്പെട്ടു. അതുകൊണ്ടു തന്നെ പിറ്റേന്നാള്‍ കൃത്യ സമയത്ത് ഒട്ടും തടസ്സമില്ലാതെ സമ്മേളനം നടത്താന്‍ സാധിച്ചു. താടിയുടെയും തൊപ്പിയുടെയും കാര്യത്തില്‍ കേരളീയരോട് ഇഷ്ടക്കുറവുണ്ടായിരുന്ന ഉത്തരേന്ത്യക്കാരുടെ മനസ്സ് മാറ്റാനും അവരുടെ ആദരവ് നേടിയെടുക്കാനും ഇതുവഴി മലയാളികള്‍ക്ക് അവസരം ലഭിച്ചു. സ്റ്റേജിലുണ്ടായിരുന്നവരെല്ലാം സ്ഥലംവിട്ട ശേഷവും വളണ്ടിയര്‍മാര്‍ക്ക് ആവേശം പകര്‍ന്ന് സ്റ്റേജിലുണ്ടായിരുന്നതും കേരളീയനായ അബ്ദുല്‍ അഹദ് തങ്ങള്‍ തന്നെ. ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി.
മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വിയാണ്. സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വം ഇസ്‌ലാം സ്വീകരിച്ച് യൂസുഫ് ഇസ്‌ലാമായി മാറിയ ലോക പ്രശസ്ത പോപ്പ് സംഗീതജ്ഞന്‍ കാറ്റ് സ്റ്റീവന്‍സ് ആയിരുന്നു. അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണത്തിന്റെ ഒമ്പതാം വാര്‍ഷിക ദിനം കൂടിയായിരുന്നു ഡിസംബര്‍ 26.
ഇസ്‌ലാമിക കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡണ്ട് സലീം അഹമദ് ശരീഫ്, മുസ്‌ലിം സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡണ്ട് കെനിയന്‍ സ്വദേശി മുഹമ്മദ് ഇബ്രാഹീം സയ്യിദ് ശിഹാബുദ്ദീന്‍, ഇബ്രാഹീം സുലൈമാന്‍ സേട്ട്, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ശങ്കര്‍ നാരായണന്‍ തുടങ്ങിയ പല പ്രമുഖരും പങ്കെടുത്ത സമ്മേളനത്തില്‍ ജമാഅത്തിന്റെയും എസ്.ഐ.ഒയുടെയും അഖിലേന്ത്യാ സംസ്ഥാന നേതാക്കളും സംബന്ധിച്ച് സംസാരിച്ചു.
ബാംഗ്ലൂര്‍ സമ്മേളനത്തില്‍ മലയാളത്തില്‍ നടന്ന പ്രസംഗം എന്റേതായിരുന്നു. അതും കേവലം പത്തു മിനുട്ട്. എനിക്ക് ശേഷം പ്രസംഗിച്ച പ്രശസ്ത നിയമപണ്ഡിതന്‍ ഡോക്ടര്‍ താഹിര്‍ മഹ്മൂദ് തന്റെ സംസാരം ആരംഭിച്ചത് ആ പ്രസംഗത്തെ പരാമര്‍ശിച്ചും അതിന്റെ ശൈലിയില്‍ അത്ഭുതം പ്രകടിപ്പിച്ചുമാണ്. പിന്നീട് കാണുമ്പോഴൊക്കെയും താഹിര്‍ മഹ്മൂദ് അതേക്കുറിച്ച് പരാമര്‍ശിക്കുമായിരുന്നു. പി.സി ഹംസ സാഹിബായിരുന്നു സമ്മേളനത്തിന്റെ ചീഫ് ഓര്‍ഗനൈസര്‍.
രണ്ടാമത്തെ അനുഭവം 2000 ഫെബ്രുവരി 12,13 തിയ്യതികളില്‍ കായംകുളത്ത് വെച്ച് നടന്ന എസ്‌ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തിലായിരുന്നു. വിദ്യാര്‍ഥി യുവജനങ്ങളുടെ അത്യസാധാരണമായ കര്‍മശേഷിയും സാഹസികതയും സമര്‍പ്പണ സന്നദ്ധതയും പ്രകടമായ സന്ദര്‍ഭമായിരുന്നു അത്. സമ്മേളനത്തലേന്നാള്‍ ഘോരമായ മഴ പെയ്തു. രാത്രി എട്ടുമണിക്ക് ആരംഭിച്ച മഴ പുലര്‍ച്ചെ മൂന്നു മണിവരെ നീണ്ടുനിന്നു. സമ്മേളന നഗരി അല്‍പം താഴ്ന്ന പ്രദേശമായിരുന്നു. അതിനാല്‍ സമ്മേളന സ്ഥലമാകെ വെള്ളം കെട്ടി നിന്നു. പരിപാടി നിര്‍ത്തിവെക്കേണ്ടിവരുമെന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ ബക്കറ്റും, കപ്പും, ചാക്കുമായി നഗരിയിലേക്കിറങ്ങി വെള്ളം പുറത്തുകളയാന്‍ തുടങ്ങി. രാത്രി മൂന്നു മണിക്കാരംഭിച്ച ജോലി രാവിലെ എട്ടുമണിയായപ്പോഴാണ് പൂര്‍ത്തിയായത്. അങ്ങനെ രാവിലെ പത്തുമണിക്ക് നിശ്ചിത സമയത്തു തന്നെ യോഗപരിപാടികള്‍ ഒട്ടും തടസ്സമില്ലാതെ ആരംഭിച്ചു. അന്നത്തെ സാഹസികതയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും വിസ്മയം തോന്നാറുണ്ട്. അതെങ്ങനെ സാധിച്ചുവെന്ന്. യുവജന-വിദ്യാര്‍ഥി സംഘത്തിന്റെ സാഹസികത ഏവരിലും മതിപ്പുളവാക്കുന്നതായിരുന്നു.
കായംകുളം സമ്മേളനത്തിന്റെ ആകര്‍ഷക കേന്ദ്രം ഡോക്ടര്‍ മുറാദ് വില്‍ഫ്രഡ് ഹോഫ്മാനായിരുന്നു. 8000 കിലോമീറ്റര്‍ അകലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നെത്തിയ അദ്ദേഹത്തിന്റെ അന്നത്തെ പ്രസംഗം ഇന്നും മനസ്സില്‍ മായാതെ സൂക്ഷിക്കുന്ന പലരുമുണ്ട്. അത്രയേറെ ശ്രദ്ധേയവും വൈജ്ഞാനികവുമായിരുന്നു ആ പ്രൗഢമായ പ്രഭാഷണം.
'ഭാവിയുടെ മതം, രാഷ്ട്രീയം, സംസ്‌കാരം' എന്ന വിഷയത്തില്‍ നടന്ന കൊളോക്വിയത്തില്‍ ഭാരതീയ വിചാര കേന്ദ്രം ജനറല്‍ സെക്രട്ടറി ടി.ജി മോഹന്‍ദാസ്, സി.പി.എം. നേതാവ് ജി സുധാകരന്‍, ഒ. അബ്ദുറഹ്മാന്‍ തുടങ്ങിയ പ്രഗത്ഭര്‍ പങ്കെടുത്തു. കായംകുളം സമ്മേളനത്തിന്റെ സവിശേഷതകളിലൊന്ന് മതമൈത്രീ സമ്മേളനമായിരുന്നു- 'മതവും സാമൂഹ്യ നീതിയും' എന്ന വിഷയം കേന്ദ്രീകരിച്ചു നടന്ന പ്രസ്തുത പരിപാടിയില്‍ ശ്രീനാരായണ ഗുരുകുലം അദ്ധ്യക്ഷന്‍ സ്വാമി മുനി നാരായണ പ്രസാദ്. ഡോക്ടര്‍ ഫാദര്‍ ജെ കട്ടക്കല്‍ എന്നിവരോടൊപ്പം പരിപാടിയില്‍ പ്രസംഗകനായി പങ്കെടുക്കാന്‍ അവസരം ലഭിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന 'നാം തേടുന്ന യുവജന പ്രസ്ഥാനം' എന്ന തലക്കെട്ടില്‍ യുവജന കൂട്ടായ്മയില്‍ വി.എം ഇബ്രാഹീം, യുവമോര്‍ച്ചയുടെ അന്നത്തെ സംസ്ഥാന പ്രസിഡണ്ട് എം.ടി രമേശ്, ഡോക്ടര്‍ എം.കെ മുനീര്‍, യൂത്ത്‌കോണ്‍ഗ്രസ് നേതാവ് എബി കുര്യാക്കോസ്, യുവജനതാദളിന്റെ അന്നത്തെ സംസ്ഥാന പ്രസിഡണ്ട് ശൈഖ് ഹാരിസ്, എ.ഐ.ഡി.വൈ.ഒ സംസ്ഥാന കണ്‍വീനര്‍ ടി.കെ സുധീര്‍ കുമാര്‍, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡണ്ട് ജോസ് ബേബി, എസ്.ഐ.ഒ നേതാക്കളായ മുജീബുറഹ്മാന്‍, ടി.കെ ഫാറൂഖ്, തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ യുവജന സംഘടനയുടെ പ്രതിനിധികളെയൊക്കെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് സംഘാടകരിലെന്ന പോലെ സദസ്യരിലും ഏറെ സംതൃപ്തിയുണ്ടാക്കി. ദക്ഷിണ കേരളത്തില്‍ എസ്.ഐ.ഒ നടത്തിയ മികച്ച പരിപാടികളിലൊന്നാണ് കായംകുളം സമ്മേളനം.
മൂന്നാമത്തെ അനുഭവം പാലക്കാട് നടന്ന സോളിഡാരിറ്റിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിലേതാണ്. അതിശക്തമായ കാറ്റിനെയും മഴയെയും അതിജയിച്ച ഐതിഹാസിക സംഭവമായിരുന്നു അത്. 2005-ഏപ്രില്‍ 23-ന് പാലക്കാട് നഗരിയുടെ ഹൃദയഭാഗത്തിലൂടെ പ്രകടനം നീങ്ങിത്തുടങ്ങിയതോടെ മഴയുടെ ലക്ഷണങ്ങള്‍ പ്രകടമായി. ഏറെ കഴിയും മുമ്പേ അത് ശക്തിപ്പെട്ടു. ഉഗ്രമായ കാറ്റും ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും ആര്‍ത്തലച്ച മഴക്ക് അകമ്പടിയായി. എന്നിട്ടും വിപ്ലവ യുവത പതറിയില്ല. അണി തെറ്റാതെയും ചിതറിപ്പരക്കാതെയും അണിയൊപ്പിച്ചു തന്നെ അവര്‍ മുന്നോട്ടു നീങ്ങി.
സമ്മേളന നഗരിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള വിക്‌ടോറിയ കോളേജ് ഗ്രൗണ്ടില്‍ നിന്ന് പ്രകടനത്തിന്റെ അവസാന നിര പുറപ്പെട്ടപ്പോഴേക്കും കാറ്റും മഴയും ആരംഭിച്ചിരുന്നു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ഘോര മഴ പ്രകടനത്തെ ഒട്ടും പ്രതികൂലമായി ബാധിച്ചില്ല. അവസാനത്തെയാളും മൈതാനിയിലെത്തി. എല്ലാവരും ഒരുമിച്ചു കൂടിയ ശേഷം ഹ്രസ്വമെങ്കിലും ഗംഭീരവും ചരിത്രപ്രധാനവുമായ പൊതുസമ്മേളനം നടന്നു. യോഗം പിരിച്ചു വിടും വരെ ആരും സ്ഥലം വിടാതെ ഉറച്ചു നിന്നുവെന്നത് അവിശ്വസനീയമായ അനുഭവമായിരുന്നു. അതുകൊണ്ടു തന്നെ പാലക്കാട്ടെ സോളിഡാരിറ്റി സമ്മേളനത്തെ സംബന്ധിച്ച ഓര്‍മകളെന്നും മനസ്സിനെ പുളകിതമണിയിക്കുന്നു. അങ്ങനെ 'കാലത്തിനുമേല്‍ യുവതയുടെ വിപ്ലവമുദ്ര'യെന്ന അവകാശ വാദത്തെ അന്വര്‍ഥമാക്കാന്‍ തങ്ങള്‍ക്കു സാധിച്ചുവെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തെളിയിച്ചു. 'മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്' എന്ന സമ്മേളന പ്രമേയം എത്രമാത്രം പ്രസക്തമായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു.
സമ്മേളനത്തിന്റെ വിസ്മയകരമായ പര്യവസാനത്തെ സംബന്ധിച്ച സോളിഡാരിറ്റിയുടെ പ്രഥമ പ്രസിഡണ്ട് കൂട്ടില്‍ മുഹമ്മദലി കുറിച്ചിട്ട വാചകങ്ങള്‍ ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു. അതുകൊണ്ടുതന്നെ ഏതാനും വരികളിവിടെ പകര്‍ത്തുന്നു. ''പോരാളികളുടെ സമ്മേളനം ഇങ്ങനെ വേണമെന്നത് ദൈവ നിശ്ചയമായിരുന്നു. അച്ചടിച്ച അജണ്ടകളല്ല പോരാളികള്‍ക്ക് പൂര്‍ത്തീകരിക്കാനുള്ളതെന്നും മന്ദമാരുതന്റെ തലോടലേറ്റ് മൈതാനിയില്‍ ചമ്രംപടിഞ്ഞിരുന്ന് വാഗ്‌ധോരണികള്‍ നുണയേണ്ടവരല്ല അവരെന്നും കൊടുങ്കാറ്റും ഇടിയും മിന്നലും പേമാരിയും അതിജീവിക്കേണ്ടവരാണ് അവരെന്നും പഠിച്ചതിനേക്കാള്‍ കൂടുതലെന്താണ് ഒരു സമ്മേളനത്തില്‍ നിന്ന് പോരാളികള്‍ക്ക് പഠിക്കാനുള്ളത്? ജീവിതം നേര്‍രേഖയല്ലെന്നും കമ്പ്യൂട്ടറില്‍ പ്രോഗ്രാം ചെയ്യുന്നതല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതികള്‍ പിഴക്കുമ്പോഴാണ് പോരാളികളെ ആവശ്യമുള്ളതെന്നും എല്ലാ ആസൂത്രണങ്ങള്‍ക്കും മീതെ ഒരു വലിയ ആസൂത്രണമുണ്ടെന്നും അറിയുന്നതിനേക്കാള്‍ എന്ത് വിലപ്പെട്ട അറിവാണ് നടക്കാതെ പോയ പ്രസംഗങ്ങളില്‍ നിന്ന് കിട്ടാനുള്ളത്?''
''നെഞ്ചു വിടര്‍ത്തി മുഷ്ടിയുയര്‍ത്തി വിപ്ലവം മുഴക്കി ഇടിയിലും മിന്നലിലും അടിപതറാതെ കൊടുങ്കാറ്റില്‍ ആടിയുലയാതെ നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ച വീരയോദ്ധാക്കളെക്കാള്‍ മികച്ച എന്ത് സമ്മാനമാണ് ഒരു സമ്മേളനത്തിന് നല്‍കാനുള്ളത്?'' പ്രതിയോഗികളുടെ മാന്ത്രികക്കാലുകളെ വെട്ടിച്ച് പ്രതിരോധനിരയെ കീറിമുറിച്ച് പന്ത് ഗോള്‍വലയിലെത്തിക്കുന്ന കാല്‍പന്ത് കളിക്കാരനെപ്പോലെ കാറ്റിലും കോളിലും ആത്മനിയന്ത്രണം പാലിച്ച് പര്‍വത സമാനമായ തിരമാലകളെ മറികടന്ന് കപ്പല്‍ സുരക്ഷിതമായി തുറമുഖത്തെത്തിക്കുന്ന കപ്പിത്താനെപ്പോലെ സമ്മേളനത്തിനെത്തിയ അവസാനത്തെ ആളെയും പ്രതികൂല കാലാവസ്ഥയില്‍ പാലക്കാടിന്റെ തെരുവീഥികളിലൂടെ പട്ടാള ചിട്ടയോടെ മാര്‍ച്ച് ചെയ്യിച്ച് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സമ്മേള വേദിക്ക് മുമ്പില്‍ ദിഗന്തങ്ങള്‍ ഭേദിക്കുമാറുച്ചത്തില്‍ വിപ്ലവാഭിവാദ്യങ്ങളര്‍പ്പിച്ച പടയാളികളേക്കാള്‍ മറ്റെന്താണ് ഒരു പ്രസ്ഥാനത്തിന് അഭിമാനമായി വേണ്ടത്! കൊടുങ്കാറ്റടിച്ചില്ലായിരുന്നെങ്കില്‍, ഇടി വെട്ടിയില്ലായിരുന്നെങ്കില്‍, മിന്നല്‍ പിണരുകള്‍ ഉതിര്‍ന്നില്ലായിരുന്നെങ്കില്‍, പേമാരി വര്‍ഷിച്ചില്ലായിരുന്നെങ്കില്‍ ഈ യോദ്ധാക്കളുടെ ഉശിരും ചുണയും മനക്കരുത്തും ജനം കാണുമായിരുന്നോ? ഇതല്ലേ സാക്ഷാല്‍ ശക്തിപ്രകടനം? സോളിഡാരിറ്റിക്ക് ചേരുന്ന വിധം ഞങ്ങളുടെ സമ്മേളനത്തെ അദൃശ്യ കരങ്ങള്‍കൊണ്ടും അത്ഭുത ദൃശ്യങ്ങള്‍ കൊണ്ടും ശക്തിപ്പെടുത്തിയ അല്ലാഹുവേ നന്ദി; നീ ഞങ്ങളെ അനുഗ്രഹിച്ചതിന്, യോഗ്യരായി പ്രഖ്യാപിച്ചതിന്.'' (പ്രബോധനം വാരിക 2005 മെയ്:7)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top