പുരുഷന്മാര്‍ ജാഗ്രതൈ!

ഡോ: പി.കെ. ജനാര്‍ദ്ദനന്‍ No image

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് സ്ത്രീ സമൂഹത്തിന് ഒരു വരപ്രസാദമായി മാറുകയാണ്. പുതുതായി രൂപകല്‍പന ചെയ്ത റോബോട്ടിക്ക് സാന്റല്‍സ്. ശല്യക്കാരായ പുരുഷന്മാരെ ചെരിപ്പൂരിയടിക്കുന്ന സ്വഭാവം പണ്ടേ വനിതകളില്‍ കണ്ടുവന്നിരുന്നു. മറ്റൊരു ഗത്യന്തരവുമില്ലാതെ വരുമ്പോള്‍ അവസാനത്തെ രക്ഷാമാര്‍ഗമായാണ് ചെരിപ്പു പ്രയോഗം നടത്താറ്. അതിന്റെ ഓര്‍മയില്‍ നിന്നാണ് അതേ ചെരിപ്പ് ശക്തമായ ആയുധമാക്കിമാറ്റിയാലെന്ത് എന്ന ചിന്ത ഏതാനും വിദ്യാര്‍ഥികളുടെ മനസ്സിലുണര്‍ന്നത്.
മഹാരാഷ്ട്രയിലെ താനയിലുള്ള വിദ്യാര്‍ഥികളാണ് പുത്തന്‍ ചെരിപ്പിന്റെ ശില്‍പികള്‍. ഡല്‍ഹിയില്‍ നടന്ന കൂട്ട ബലാല്‍സംഗവും തുടര്‍ന്നുണ്ടായ മരണവും ഈ വിദ്യാര്‍ഥികളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. സ്വയം രക്ഷക്കുതകുന്ന എന്തെങ്കിലും കണ്ടുപിടിച്ചേ അടങ്ങൂ എന്ന ശപഥത്തില്‍ നിന്നാണ് റോബോട്ടിക്ക് സാന്റല്‍സിന്റെ ഉദയം.
സ്ത്രീകള്‍ സാധാരണ ധരിക്കാറുള്ള ചെരിപ്പുതന്നെയാണിത്. ഒറ്റനോട്ടത്തില്‍ യാതൊരു പ്രത്യേകതയും ഇതില്‍ കാണാനാവില്ല. ചെരിച്ചു കമഴ്ത്തി നോക്കിയാല്‍ അതിന്റെ അടിയില്‍ മൂന്ന്‌നാല് ലാഡങ്ങള്‍ പോലുള്ള ഭാഗം കാണാം. ഇതുതന്നെയാണ് ചെരുപ്പിന്റെ പ്രത്യേകത. ലാഡങ്ങള്‍ പോലെ കാണുന്നത് ഇലട്രോണിക് റേഡിയോ ഫ്രീക്വന്‍സി ട്രാന്‍സ്മീറ്റര്‍ ഉപകരണമാണ്. ഇതിന്റെ റസീവര്‍ അടങ്ങിയ ഒരു ചെറിയ പെട്ടിയുണ്ട്. ഇത് ഹാന്റ്ബാഗിലോ, പേഴ്‌സിലോ വെക്കാം. റീചാര്‍ജ് ബാറ്ററിയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ പെട്ടിയെ ചെരിപ്പിന്റെ 'ബ്ലാക്ക് ബോക്‌സ്' എന്ന് പറയും. വിമാനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഘടിപ്പിക്കുന്ന ഉപകരണം പോലെയാണിതും പ്രവര്‍ത്തിക്കുക.
എങ്ങനെ ഉപയോഗിക്കണം
ചെരിപ്പ് ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകളെ ആരെങ്കിലും അക്രമിക്കാനൊരുങ്ങിയാല്‍ ധൈര്യം കൈവിടാതെ ചെരിപ്പ് ശക്തിയായി തറയില്‍ ചവിട്ടണം. അങ്ങനെ ചെയ്യുന്നതോടെ ചെരിപ്പിനടിയിലെ ബാറ്ററിയില്‍ നിന്ന് 90 വാള്‍ട്ട് കറന്റ് പ്രവര്‍ത്തിക്കും. പിന്നെ ആലോചിച്ചു നില്‍ക്കേണ്ടതില്ല. ശക്തിയായി എതിരാളിയെ നോക്കി ചവിട്ടുകൊടുക്കണം. അതോടെ അയാള്‍ ഷോക്കേറ്റ് ചുരുണ്ടു വീഴുകയോ അല്ലെങ്കില്‍ ഓടിപ്പോവുകയോ ചെയ്യും. ചവിട്ടുന്നതോടെ റേഡിയോ ഫ്രീക്വന്‍സി ട്രാന്‍സ്മീറ്റര്‍ പ്രവര്‍ത്തനക്ഷമമാവുകയും അതില്‍ നിന്നും സന്ദേശം ബന്ധപ്പെട്ടവരുടെ നമ്പറുകളിലേക്ക് എത്തുകയും ചെയ്യും. സ്ത്രീയുടെ മൊബൈല്‍ ഫോണില്‍ നിന്നും മെസ്സേജ് പോവുന്നത് ബ്ലൂടൂത്തിന്റെ സഹായത്തോടെയാണ്. ഇതിന് നേരത്തെ തന്നെ അഞ്ചു പേരുടെ നമ്പറുകളിലേക്ക് മെസേജ് മുന്‍കൂട്ടി തയ്യാറാക്കി വെക്കണം. ആപത്ത് വരുമ്പോള്‍ ഫോണ്‍ സ്വയം പ്രവര്‍ത്തിക്കുകയും എസ്.എം.എസ് വഴി വിവരം എല്ലാവരിലും എത്തുന്നതുമാണ്. സംഭവം നടക്കുന്ന സ്ഥലവും ബന്ധപ്പെട്ടവരെ അറിയിക്കുവാനുള്ള സംവിധാനവും ചെരിപ്പിലുണ്ട്. ഈ കണ്ടുപിടുത്തത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഷാംഭവി ഒമ്പതാം ക്ലാസ് വിദ്യാഥിനിയാണ്.
മൂന്നിഞ്ച് വീതിയും നാലിഞ്ച് നീളവുമുള്ള ബ്ലാക്ക് ബോക്‌സില്‍ ചെറിയ സ്പീക്കര്‍ ഉള്ളതിനാല്‍ സിഗ്നല്‍ ലഭിച്ചാലുടന്‍ ''ഹെല്‍പ്- ഹെല്‍പ്പ്'' എന്ന ശബ്ദം പുറപ്പെടുവിക്കും. ഈ ബോക്‌സ് എളുപ്പത്തില്‍ ഉടഞ്ഞു പോകുന്നതല്ല. ബാറ്ററി തീരുന്നതുവരെ മറ്റൊരാള്‍ക്ക് ഇത് ഓഫാക്കാനുമാവില്ല. ഇത് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് മാത്രം അറിയാവുന്ന ഒരു ബിന്ദുവില്‍ അമര്‍ത്തിയാല്‍ സ്പീക്കര്‍ ഓഫാകും. സംഭവസ്ഥലത്തുണ്ടാകുന്ന സംഭാഷണങ്ങള്‍ റിക്കാര്‍ഡ് ചെയ്യാനും ബോക്‌സില്‍ സംവിധാനമുണ്ട്.
ഈ പുത്തന്‍ ചെരിപ്പ് നിര്‍മിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടായിരം രൂപ ചെലവായി. എന്നാല്‍ വ്യാപാരാടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ 500 രൂപക്ക് ആവശ്യക്കാര്‍ക്ക് നല്‍കാമെന്നും ചിന്മയ യാദവ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷാംഭവി പറഞ്ഞു. ഷാംഭവിയെ കൂടാതെ മറ്റു മൂന്ന് വിദ്യാര്‍ഥികളും ഈ കണ്ടുപിടിത്തത്തിന്റെ കൂടെയുണ്ട്. ചിന്മയ, മാറാത്തേ എന്നീ ഏഴാം ക്ലാസ് വിദ്യാര്‍ഥികളും സിദ്ധാര്‍ഥ് വാണി എന്ന ഒന്‍പതാം ക്ലാസുകാരിയുമാണ്.
ഇവരെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തപ്പെടുന്ന ചില്‍ഡ്രന്‍സ് ടെക് സെന്ററിലെ പരിശീലനമാണ് കണ്ടുപിടുത്തത്തിന് പ്രോത്സാഹനമായത്. താനെയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഉടമ ഇലട്രോണിക് എഞ്ചിനീയര്‍ പുരുഷോത്തം താക്കണ്ടയാണ്. ഞായറാഴ്ചകളില്‍ മൂന്ന് മണിക്കൂര്‍ നേരം ശാസ്ത്രകുതുകികളായ കുട്ടികള്‍ക്കിവിടെ ചേര്‍ന്ന് പഠിക്കാനുള്ള സൗകര്യമുണ്ട്.
കേവലം പത്തും പതിനാലും വയസ്സുകാരായ വിദ്യാര്‍ഥികള്‍ സ്ത്രീകളുടെ സുരക്ഷക്കുവേണ്ടി ഇത്തരമൊരുപകരണം കണ്ടെത്തിയെന്നത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പുരുഷോത്തം ഇതിന്റെ പേറ്റന്റിനുവേണ്ടി അധികാരികളെ സമീപിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ നമ്മുടെ മാര്‍ക്കറ്റുകളില്‍ റോബോട്ടിക്ക് ചെരിപ്പ് വില്‍പനക്കെത്തും. ആ ചെരിപ്പിന്റെ വരവോര്‍ത്ത് പൂവാലന്മാരും പീഡന വീരന്മാരും ഞെട്ടിവിറക്കട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top