ചാനലുകളില്‍ തട്ടിത്തെറിക്കുന്ന സാംസ്‌കാരിക സ്വത്വം

ഷബാന തസ്‌നീം കണ്ണംകടവ്
2013 ഒക്ടോബര്‍
''നിങ്ങള്‍ ഭാര്യയെ ഒത്തിരി സ്‌നേഹിക്കുന്നുണ്ടോ? ഉണ്ട്. ഭാര്യയുടെ സ്വഭാവത്തില്‍ നിങ്ങള്‍ ഏറ്റവും വെറുക്കുന്ന കാര്യം? എന്തിനും കുറ്റം കാണുന്ന പ്രകൃതമാണവള്‍ക്ക്. ശരി, നിങ്ങളില്‍ ആരാണ് ഏറ്റവും കൂടുതല്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്? അതവള്‍ തന്നെ. ആരോടാണ് അവരിത്രയും സംസാരിക്കുന്നത് എന്ന് ചോദിക്കാറില്ലേ? സുഹൃത്തുക്കളോടാണ് എന്നാണ് പറയാറ്.''

''നിങ്ങള്‍ ഭാര്യയെ ഒത്തിരി സ്‌നേഹിക്കുന്നുണ്ടോ? ഉണ്ട്. ഭാര്യയുടെ സ്വഭാവത്തില്‍ നിങ്ങള്‍ ഏറ്റവും വെറുക്കുന്ന കാര്യം? എന്തിനും കുറ്റം കാണുന്ന പ്രകൃതമാണവള്‍ക്ക്. ശരി, നിങ്ങളില്‍ ആരാണ് ഏറ്റവും കൂടുതല്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്? അതവള്‍ തന്നെ. ആരോടാണ് അവരിത്രയും സംസാരിക്കുന്നത് എന്ന് ചോദിക്കാറില്ലേ? സുഹൃത്തുക്കളോടാണ് എന്നാണ് പറയാറ്.''

ഇത് ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയിലെ ചെറിയ ഒരു ഭാഗം. ഭര്‍ത്താവിനെ ഹിപ്‌നോട്ടിസം ചെയ്ത് ഭാര്യാഭര്‍തൃ ബന്ധത്തിലെ പവിത്രതയെ ചോദ്യംചെയ്യുന്ന ഒരു റിയാലിറ്റി ഷോ...
ദാമ്പത്യജീവിതം എന്നത് പല കാര്യങ്ങളും നിറഞ്ഞതായിരിക്കും. രണ്ടുപേര്‍ക്കിടയില്‍ ഒതുങ്ങേണ്ടതായ പല കാര്യങ്ങളും അതിലുണ്ടാകും. ഇണക്കങ്ങളും പിണക്കങ്ങളും അതിലുണ്ടാകും... ഇത് മറ്റൊരാള്‍ക്ക് മുമ്പില്‍ തുറന്നു കൊടുക്കേണ്ടതാണോ?
സാധാരണ ഒരാള്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് തന്റെ ഇണ തന്നെക്കുറിച്ച് തമാശയിലാണെങ്കില്‍ പോലും പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇത്തരം ഷോകളിലൂടെ 'പ്രിയ ഭര്‍ത്താക്കന്മാര്‍' തങ്ങളുടെ ഭാര്യമാരെക്കുറിച്ച് എന്തെല്ലാം വെട്ടിത്തുറന്ന് പറയുന്നു. പല ഭാര്യമാരും വേദിയിലിരുന്നു മുതലക്കണ്ണീര്‍ വാര്‍ക്കുന്നതും കാണാം.
കുടുംബബന്ധത്തിന്റെ ദൃഢത നഷ്ടപ്പെടുകയും ബന്ധങ്ങളുടെ ആഴം കുറക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികള്‍ വ്യക്തിക്കും കുടുംബത്തിനും എന്ത് മൂല്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്? ഇത്തരം ഷോകളിലൂടെ പരസ്പരം അറിയുന്നതിന് പകരം വിവാഹമോചനത്തില്‍ വരെയല്ലേ എത്തിച്ചേരുക.  
ഫാഷന്‍ ചാനലുകളെ പിന്‍പറ്റിക്കൊണ്ടുള്ള ക്യാറ്റ്‌വോക്കും, ശരീരം പ്രദര്‍ശിപ്പിക്കലുമാണോ മിടുക്കികളുടെ യോഗ്യത? സമൂഹത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, തന്നാലാവും വിധം അതിനെ പരിഹരിക്കാന്‍ ശ്രമിക്കുകയും, പ്രാന്തവല്‍കൃത സമൂഹത്തിന് അത്താണിയാവുകയും, അക്ഷരം പഠിപ്പിച്ച് കൊടുക്കുകയും, ഉള്‍നാടുകളിലൂടെ സഞ്ചരിച്ച് അവശരും നിരാലംബരുമായ ജനങ്ങള്‍ക്ക് കൈത്താങ്ങായി മാറാന്‍ പറ്റിയ മിടുക്കികളും നമുക്കിടയിലുണ്ടാവില്ലേ... അവരെയല്ലേ ഇന്നത്തെ നാടിന് ആവശ്യം?
മാനവസമൂഹത്തിന്റെ ചിന്താസരണിയെ തൊട്ടുണര്‍ത്തുന്നതിനും സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനും ജനങ്ങളെ പ്രാപ്തരാക്കുന്നതിന് പകരം അവരുടെ ചിന്താമണ്ഡലത്തെയും സമയത്തെയും തുടച്ച് കളയുമാറ് വൃത്തിഹീനമായ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്കെതിരെ പൗരസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വനിതാകമ്മീഷന്‍ പോലുള്ള കമ്മറ്റികള്‍ ശക്തമായി ഇടപെടുകയും ചെയ്യാത്തത് എന്തുകൊണ്ടാണ്. ഇത്തരം ഷോകള്‍ കണ്ട് ശരീരവും മനസ്സും മുരടിക്കുന്നതിന് മുമ്പ് കര്‍മനിരതരായ പെണ്‍സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കേണ്ടതുണ്ട്.


അറബി മദ്രസകളിലെ വിദ്യാര്‍ഥിനികള്‍

അറബി മദ്രസകളില്‍നിന്ന് വിവാഹത്തോടെ വിദ്യാര്‍ഥിനികള്‍ കൊഴിഞ്ഞുപോകുന്നതിനെക്കുറിച്ചുള്ള ലേഖനം കാലികമാണ്. സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ പണ്ഡിതോചിതമായി നിര്‍വഹിക്കാന്‍ പ്രഗത്ഭരായ വനിതകള്‍ ഉണ്ടാവേണ്ടതുണ്ട്. ജീവിത യാഥാര്‍ഥ്യങ്ങളാണ് വിദ്യാര്‍ഥിനികളെ അങ്ങോട്ടേക്കാകര്‍ഷിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും മതകീയ രീതികള്‍ മുറുകെപിടിക്കുന്നവരുമാണ് പെണ്‍കുട്ടികളെ സ്‌കൂള്‍ പഠനത്തിന് ശേഷം അറബി മദ്രസകളിലും ഹാഫിള് കോഴ്‌സുകളിലും ചേര്‍ക്കുന്നത്. വനിതാ മദ്രസയെ സ്വാഭാവികമായി വിവാഹം വരെയുള്ള കാലയളവിന്റെ വിടവ് നികത്താനുള്ള സംവിധാനമായിട്ടാണ് കാണുന്നത്. സ്വാഭാവികമായും അവര്‍ വിവാഹത്തോടെ കുട്ടികളെ പിന്‍വലിക്കുന്നു. എല്ലാ സൗകര്യങ്ങളും സൗജന്യമായതിനാല്‍ രക്ഷിതാക്കള്‍ക്ക് യാതൊരു സാമ്പത്തികനഷ്ടവും ഉണ്ടാകുന്നില്ല. കോളജ് ഡിഗ്രി കോഴ്‌സുകള്‍ പോലെ ജോലി സാധ്യതയുള്ള കോഴ്‌സല്ല അറബി മദ്രസകളുടേത്. കൂടിയാല്‍ മദ്രസാ അധ്യാപികമാരാകാം എന്ന അറിവ് മാത്രമാണ് പഠനം പൂര്‍ത്തിയാക്കാന്‍ പറ്റാത്തതിന് മറ്റൊരു കാരണം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ചുറ്റുപാടുമുള്ള ഒരു മതസ്ഥാപനത്തില്‍ കുട്ടികളെ ചേര്‍ക്കല്‍ ബുദ്ധിപരമായ ഒരു നടപടിയാണ്. മതമൂല്യങ്ങളിലൂന്നിയ ശിക്ഷണവും അച്ചടക്കവും അവരുടെ ഭാവി ഭാസുരമാക്കുമെന്ന സ്വപ്നം അവര്‍ക്കുണ്ട്. ആ ലക്ഷ്യങ്ങള്‍ നമ്മുടെ മദ്രസകള്‍ നന്നായി നിറവേറ്റുന്നു.
മതസംഘടനകള്‍ക്ക് ഈ മദ്രസകളിലൂടെ മറ്റു വല്ല ലക്ഷ്യങ്ങളുമുണ്ടോ എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. സ്ത്രീകള്‍ക്കിടയില്‍ ദീനീപ്രവര്‍ത്തനത്തിന് സ്ത്രീകള്‍ തന്നെ വേണമെന്ന് ഉല്‍പതിഷ്ണുക്കള്‍ക്ക് പോലും അഭിപ്രായമില്ല. സ്ത്രീകള്‍ വീടുകളില്‍ തന്നെ ഒതുങ്ങുന്നതാണ് ഉത്തമമെന്ന് വിശ്വസിക്കുന്നവരാണ് പാരമ്പര്യവാദികളായ സാധാരണ സുന്നികളും അവരുടെ സംഘടനകളും. ആര്‍ക്കും ആധുനികമായ പദ്ധതിയില്ല. സദുദ്ദേശ്യത്തോടെ സ്വീകരിക്കുന്ന സംഭാവനകള്‍ മതകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് മാത്രമാണ് മിക്കവരുടെയും ലക്ഷ്യം. അനാഥാലയങ്ങളും പാലിയേറ്റീവ് കെയര്‍ ഹോമുകളും മെഡിക്കല്‍ സെന്ററുകളും നടത്തും പോലെയാണ് അവര്‍ വനിതാ മദ്രസകള്‍ നടത്തുന്നത്. പെണ്‍കുട്ടികള്‍ വിവാഹത്തോടെ പഠിപ്പുനിര്‍ത്തുമെന്ന് അവര്‍ക്ക് നന്നായി അറിയാം. ഈ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി മതസംഘടനകള്‍ മദ്രസകളെ പുനഃസംവിധാനിച്ചാല്‍ കൊഴിഞ്ഞുപോക്ക് നിര്‍ത്താനും വനിതകള്‍ക്കിടയില്‍ മതപരമായി ഉണര്‍വുണ്ടാക്കാനും സാധിക്കും. പുനഃസംവിധാനം വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്തമാവേണ്ടിവരും. ചുറ്റുപാടുള്ള മുസ്‌ലിം ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക സ്തിഥിക്കനുസ്സരിച്ചായിരിക്കണം ഈ പുനഃസംവിധാനം. പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെങ്കില്‍ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും പോയി സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുമാറുള്ള പാഠ്യപദ്ധതികളും ബഹുഭാഷാ പരിജ്ഞാനവും കഴിവും ഉത്സാഹവും ഉണ്ടാക്കണം. കൊഴിഞ്ഞുപോകാതിരിക്കാന്‍ നല്ല സ്റ്റൈപ്പന്റും നല്‍കണം. കോഴ്‌സ് കഴിയുന്നതോടെ അവരെ നല്ല ശമ്പളത്തില്‍ ദഅ്‌വാ പ്രവര്‍ത്തനത്തിന് അയക്കാന്‍ കഴിയണം. ഇക്കാര്യങ്ങള്‍ക്കെല്ലാം കോടികള്‍ ചെലവാക്കുന്ന സര്‍ക്കാര്‍ സംഘടനകള്‍ അറബ് ലോകത്തുണ്ട്. ഉയര്‍ന്ന ശമ്പളത്തില്‍ ലോകത്തെവിടെയും പുരുഷന്മാര്‍ക്കുള്ള മദ്രസകളിലും അധ്യാപികമാരായി നിയമിക്കാവുന്നതാണ്.
പൊതുസമൂഹത്തില്‍ മതമൂല്യങ്ങള്‍ വളര്‍ത്തുക എന്നതാണ് ലക്ഷ്യമെങ്കില്‍ ചുറ്റുപാടുള്ള കുടുംബത്തിലെ സാമ്പത്തിക നിലവാരത്തിനനുസരിച്ച് അവരുടെ കുട്ടികള്‍ക്ക് മദ്രസാ പഠനത്തോടൊപ്പം യൂനിവേഴ്‌സിറ്റി കോഴ്‌സുകളും ചെയ്യാവുന്ന സംവിധാനം ഉണ്ടാവണം. മദ്രസകളോടനുബന്ധിച്ച് നഴ്‌സിംഗ്, ഫാര്‍മസി, കമ്പ്യൂട്ടര്‍, പാരാമെഡിക്കല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയാല്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാവില്ല എന്നുമാത്രമല്ല, വിവാഹശേഷം പഠനം തുടരാന്‍ ഭര്‍ത്താക്കന്മാര്‍ നിര്‍ബന്ധിക്കും. ഇത്തരം കോഴ്‌സുകള്‍ക്ക് ചേരാനുള്ള ഫീസുകള്‍ മദ്രസകള്‍ക്ക് സ്വയം ലോണ്‍ഫണ്ടുകളുണ്ടാക്കി ജോലി സമ്പാദിച്ചതിന് ശേഷം തിരിച്ചുപിടിക്കാന്‍ കഴിയും വിധം ആസൂത്രണം ചെയ്യുകയും വേണം. എങ്കില്‍ സ്‌കൂള്‍ അധ്യാപികമാരും നഴ്‌സുമാരും ഓഫീസ് ജീവനക്കാരും ഉദ്യേഗസ്ഥകളും ഇസ്‌ലാമിന്റെ നെടുംതൂണുകളായി സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. സമൂഹം അവരെ ആദരിക്കും. അന്തമായ മതാവേശത്തിനു പകരം മതമൂല്യങ്ങളുടെ സൗരഭ്യം സമൂഹത്തില്‍ വിരിഞ്ഞുതുടങ്ങും.
നാം ജീവിക്കുന്നത് മാനേജ്‌മെന്റ് സയന്‍സ് വളര്‍ന്നുകൊണ്ടിരിക്കുന്ന ചുറ്റുപാടിലാണ്. സന്ദിഗ്ദ്ധഘട്ടങ്ങള്‍ വരുമ്പോള്‍ ബന്ധപ്പെട്ട നേതൃവിഭാഗം ഒന്നിച്ചിരുന്ന് അവരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ മനസ്സ് തുറന്ന് മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കൂട്ടായി അവയെ വിശ്ലേഷണം ചെയ്ത് ഏറ്റവും ഉത്തമമായി തോന്നുന്ന നയങ്ങളും പരിപാടികളും രൂപീകരിക്കുക എന്നതാണത്. മദ്രസകള്‍ നടത്തുന്ന നമ്മുടെ നേതൃവിഭാഗം അത്തരം ഒരു ബ്രെയിന്‍ സ്‌ട്രോമിംഗ് നടത്തിയാല്‍ മദ്രസയെ കാലികമായി നവീകരിക്കാന്‍ കഴിയും. മതപഠനം മുതിര്‍ന്ന സ്ത്രീകളിലും ഉദ്യോഗസ്ഥകളിലേക്കും വ്യാപിപ്പിക്കാന്‍ പറ്റിയ മാര്‍ഗമാണ് അവര്‍ക്കുള്ള ഹോസ്റ്റലുകള്‍ നടത്തുക എന്നത്. അന്തേവാസികള്‍ക്കും പുറത്തുള്ള സ്ത്രീകള്‍ക്കുമായി രാത്രികളിലും പകലുകളിലുമായി രണ്ടര മണിക്കൂര്‍ വീതമെങ്കിലും ഇതിലൂടെ മതപഠനക്ലാസുകള്‍ നടത്താം.
പാരമ്പര്യ മുസ്‌ലിം സമൂഹം മതകീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ അവരുടെ ഉത്സാഹത്തിനും ആവേശത്തിനും ഉപകരിക്കാനും ഫലവത്താക്കാനുമുള്ള ബുദ്ധിപരമായ വിശ്ലേഷണവും പക്വതയും കാട്ടുന്നതില്‍ അമാന്തിച്ചു എന്ന് കരുതുന്നതില്‍ തെറ്റില്ല. ഭൗതിക വിദ്യാഭ്യാസത്തിലെ നമ്മുടെ പിന്നോക്കാവസ്ഥ അതിനൊരു കാരണമാണ്. കാലം മാറിത്തുടങ്ങിയിരിക്കുന്നു. മദ്രസകളുടെ ബുദ്ധിപരമായ നവീകരണ പ്രക്രിയ അല്ലാഹു സമുദായത്തോട് കാട്ടുന്ന കരുണയുടെയും ഔദാര്യത്തിന്റെയും പ്രതിഫലനമായി കണ്ട് അത് കാര്യക്ഷമമായി നടപ്പിലാക്കാന്‍ നമ്മുടെ മദ്രസാ സംവിധാനത്തിന് കഴിയുമെന്നതില്‍ സംശയമില്ല.
സി.പി.എച്ച് റഹീം
കാസര്‍കോഡ്

 

മത കലാലയത്തിലെ വിദ്യാര്‍ഥിനി

ആഗസ്റ്റ് ലക്കം ബഷീര്‍ തൃപ്പനച്ചിയുടെ 'മത കലാലയത്തിലെ വിദ്യാര്‍ഥിനി' എന്ന ലേഖനം വളരെയേറെ ശ്രദ്ധേയമായി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു വിലയും നല്‍കാതെ അവരെ വിവാഹം കഴിച്ച് അയക്കുന്ന പ്രവണതയാണ് നാം കണ്ടുവരുന്നത്. ഒരു പെണ്‍കുട്ടിക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു തൊഴില്‍ അവള്‍ക്കുണ്ടാകണം. മെന്ന് മാതാപിതാക്കള്‍/സമൂഹം ചിന്തിച്ചു തുടങ്ങിയാല്‍ തന്നെ സ്ത്രീകള്‍ക്ക് അതൊരു വലിയ നേട്ടമാണ്. ഇനിയും ഇത്തരം ഊര്‍ജം നല്‍കുന്ന ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
റസീന
കോട്ടപ്പടി

'ദൈവിക സ്മരണയിലൂടെ
മാനസികാനുഭൂതി'

'ദൈവിക സ്മരണയിലൂടെ മാനസികാനുഭൂതി' എന്ന ഇസ്മത്ത് ഉമറിന്റെ മേല്‍ ലേഖനം വളരെ നന്നായി. നമ്മുടെ ഓരോ ചലനത്തിലും നാം ചെയ്യുന്നത് കാണാന്‍ ദൈവം ഉണ്ടെന്നത് നാം ചിന്തിക്കണം. സന്തോഷമായാലും കോപമായാലും മറ്റുള്ളവര്‍ക്ക് അരോചകമാവാത്ത തരത്തില്‍ അതിനെ നിയന്ത്രിക്കാനാവണം. എന്ന സന്ദേശമാണ് ലേഖനം നല്‍കിയത്. തുടര്‍ന്നും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. അതുപോലെ ഹാഫിസ് മുഹമ്മദിന്റെ 'മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ' എന്ന പംക്തി വളരെയധികം നിലവാരം പുലര്‍ത്തുന്നതാണ്
ഷാനവാസ്
പെരിങ്ങോട്ടുകര

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media