വിവാഹങ്ങള്‍ ആരോപണത്തിനും ആഘോഷത്തിനുമിടയില്‍

ഫൗസിയ ഷംസ് No image

പെണ്ണിന്റെ കണ്ണീരിന് എന്നും നല്ല വിലയാണ്. അത് മുസ്‌ലിം പെണ്ണിന്റെതാകുമ്പോള്‍ പത്തരമാറ്റ് കൂടും. ആ കണ്ണീരൊപ്പാന്‍ ആളും അര്‍ഥവുമൊരുക്കി പൊതുസമൂഹം ജാഗ്രതയോടെ എന്നും നിലയുറപ്പിക്കാറുമുണ്ട്. മുസ്‌ലിം മതമൗലികവാദത്തിന്റെയും പൗരോഹിത്യത്തിന്റെയും തീക്കാറ്റേറ്റ് വാടിത്തളരുന്ന മുസ്‌ലിം പെണ്ണിനെ 'രക്ഷിച്ചെടുക്കാനും' വേണ്ടതുചെയ്യാനും ജാഗ്രതയോടെ നമ്മുടെ ദൃശ്യശ്രാവ്യമാധ്യമങ്ങളും വനിതാ സംഘടനാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും 'ഉത്തരവാദബോധ'ത്തോടെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമ്പോഴാണ്  എരിതീയില്‍ എണ്ണയൊഴിക്കുന്നവര്‍ക്കായി വിഭവങ്ങള്‍ ഒരുക്കാനെന്നവണ്ണം മുസ്‌ലിം സമുദായത്തില്‍ നിന്നും അപക്വമായ ചില പ്രവൃത്തികള്‍ ഉണ്ടാവുക. കുറച്ചുനാള്‍ മുമ്പ് നടന്ന ഒരു വിവാഹം  വാര്‍ത്തയായത് അങ്ങനെയാണ്.
 പാശ്ചാത്യ പൗരസ്ത്യ ഭേദമില്ലാതെ സംസ്‌കാരങ്ങളെ പരസ്പരം വിനിമയം ചെയ്യുകയും ജീവിതത്തില്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും‘ചെയ്ത് സാര്‍വലൗകികരാവാന്‍ ശ്രമിക്കുന്ന കാലത്ത് മൈസൂരില്‍ നിന്നോ ഹരിയാനയില്‍ നിന്നോ ഇണയെ കണ്ടെത്താം; വിവാഹം കഴിക്കാം. കുടുംബം പുലര്‍ത്താം. വിശാലചിന്തയുടെ ഉദാഹരണങ്ങളായി നമുക്കതിനെ കാണാം.  അതുകൊണ്ട് തന്നെയായിരിക്കണമല്ലോ  അമേരിക്കയില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഇങ്ങോട്ടും അങ്ങോട്ടും വിവാഹം ചെയ്തയക്കുന്ന നവദമ്പതികളെ താലപ്പൊലിയൊരുക്കി വരവേല്‍ക്കാനും ദാമ്പത്യജീവിതത്തിന്റെ പവിത്രതയെ പര്‍വ്വതീകരിച്ച് പ്രകീര്‍ത്തിക്കാനും നമ്മുടെ മാധ്യമങ്ങള്‍ എന്നും മുന്നിലുണ്ടാവുന്നത്. എന്നാല്‍ അറേബ്യക്കാരന്‍ ഇവിടെയെത്തി വിവാഹം ചെയ്താല്‍ അതെന്നും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകാറുമുണ്ട്.    
നമ്മുടെ നാട്ടിലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ആണിന് വിവാഹം ചെയ്യാനുള്ള പ്രായം 21 വയസ്സും പെണ്ണിന് വിവാഹം ചെയ്യാനുള്ള പ്രായം 18 വയസ്സുമാണ്. ഇതിന് മുന്നേ വിവാഹം ചെയ്യുന്നത്  ഇന്ത്യന്‍ സിവില്‍ ആക്ട് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. അനാഥാലയത്തില്‍ നിന്നും പതിനേഴ് വയസ്സുതികയാത്ത പെണ്‍കുട്ടിയെ സമ്മതമില്ലാതെ അറബിയുമായി വിവാഹം നടത്തിച്ചു എന്ന ഗുരുതര ആരോപണമായിരുന്നു അടുത്തിടെ നമ്മുടെ വാര്‍ത്താമാധ്യമങ്ങളില്‍ ഇടം തേടിയ ചൂടുള്ള ചര്‍ച്ച.
പതിനെട്ട് വയസ്സിനു മുന്നേ വിവാഹം കഴിക്കുക എന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റകരമാണെങ്കിലും ഇന്ത്യയിലെ നിലവിലുള്ള പുരുഷമേല്‍ക്കോയ്മാധിഷ്ഠിത സാമൂഹ്യസാഹചര്യത്തില്‍ എല്ലാ മതക്കാരിലും എല്ലാ ജാതിക്കാരിലും നാട്ടില്‍ നിലവിലുള്ള എല്ലാ സ്റ്റേറ്റുകളിലും പതിനഞ്ചിലും പതിനാറിലും പതിനേഴിലും വിവാഹം നിര്‍ബാധം നടന്നുവരികയാണ്. നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ ഉണ്ടാക്കുന്ന സഭയിലെ ഒരംഗത്തിന് മന്ത്രിപ്പണി ഉപേക്ഷിച്ച് പോവേണ്ടി വന്നത് സ്വന്തം മകള്‍ക്ക് പതിനെട്ട് തികയുന്നതിനു മുന്നേ മണവാളനെ കണ്ടെത്തിയതുകൊണ്ടാണ്. പതിനേഴിലും പതിനാറിലും പതിനഞ്ചിലും മാത്രമല്ല, കുട്ടിത്തം മാറാത്ത എട്ടും പൊട്ടും തിരിയാത്ത വയസ്സെന്ന് നാം പറയുന്ന ഏഴും എട്ടും വയസ്സില്‍ കതിര്‍ണ്ഡ പത്തില്‍ കയറേണ്ട ദുര്‍ഗതിയാണ് പല ഉത്ത രേന്ത്യന്‍ സംസ്ഥാനങ്ങളിലെ പെണ്‍കൊടിമാ   ര്‍ക്കും.  മൈസൂര്‍ കല്ല്യാണം പോലെ വിപുലമാ ണ് ഹരിയാനാ കല്ല്യാണവും. പക്ഷേ ഇതൊക്കെ യും സാംസ്‌കാരിക വിനിമയങ്ങളുടെ മേമ്പൊടി ചേര്‍ത്തോ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത മതാവകാശങ്ങളായോ ആണ് മാധ്യമ സാംസ്‌കാരിക ലോകം കാണുന്നത്. അതുകൊണ്ട് തന്നെ മൈസൂര്‍ കല്ല്യാണം പോലെ ഗുജറാത്ത് കല്ല്യാണവും ബംഗളൂരു കല്ല്യാണവും സാധാരണ ജനത്തിന് കേട്ട് പരിചയമില്ല. മൈസൂര്‍ കല്ല്യാണച്ചതിയില്‍ പെട്ട് മാംസവിപണിയി ലെത്തുന്ന മുസ്‌ലിം പെണ്‍കുട്ടിയെപോലെ വാരാണസിയിലും ഹരിദ്വാറിലും എത്തിപ്പെടുന്ന ഇതരമതസ്ഥരായ പെണ്‍കുട്ടികളെയോര്‍ത്ത് നമുക്ക് കരയേണ്ടിയും വന്നിട്ടില്ല.
എല്ലാ മതസ്ഥരിലും ഇത്തരം വിവാഹങ്ങള്‍ നിര്‍ബാധം നടക്കുകയും പതിനെട്ട് വയസ്സ് തികയാത്തതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടാതിരിക്കുകയും അത് മറ്റു പല അസൗകര്യങ്ങള്‍ക്കും കാരണമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേരള ഗവണ്‍മെന്റ് തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന 2012 വരെ കേരളത്തില്‍  നടന്ന മുഴുവന്‍ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്ത് കൊടുക്കണമെന്ന് പ്രത്യേക സര്‍ക്കുലര്‍ വഴി ഉത്തരവിട്ടത്. പതിനെട്ട് വയസ്സെന്നത് കുടുംബത്തിന്റെ രക്ഷാധികാരത്തിലും സമൂഹത്തിന്റെ ആശിര്‍വാദത്തടെയും വിവാഹത്തിലൂടെ നടക്കുന്ന ആണ്‍ പെണ്‍കൂടിച്ചേരലുകള്‍ക്കാണ്.
പെണ്‍സുരക്ഷയോര്‍ത്ത് പതിനെട്ട് തികയാതെ വിവാഹജീവിതത്തില്‍ കടക്കരുതെന്ന് നിയമമുള്ളിടത്താണ് പ്രത്യേക ഉത്തരവിലൂടെ  പതിനാറ് വയസ്സിലെ ലൈംഗിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന ഭേദഗതികൊണ്ടുവരാനുള്ള ശ്രമമുണ്ടായത്. കുട്ടികള്‍, ഭര്‍ത്താവ്, കുടുംബം ഇത്യാദി പ്രാരാബ്ധം  താങ്ങാനുള്ള ശേഷി പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സില്‍  സാധ്യമാകില്ലെന്ന് വിധിയെഴുതിയവര്‍ക്കൊന്നും പതിനാറുകാരിയെ ലൈംഗികമായി ഉപയോഗിക്കാനുള്ള പുരുഷമനസ്സില്‍ യാതൊരു അസ്വസ്തതയുമില്ല. പതിനെട്ട് വയസ്സിനു മുമ്പുള്ള  വിവാഹം അനുയോജ്യമല്ലെന്നത് ശരിതന്നെയാണ്. എന്നാലും അങ്ങനെ ദാമ്പത്യത്തില്‍ എത്തിപ്പെടുന്ന ഒരു പെണ്ണിന് കുടുംബത്തിന്റെ പരിരക്ഷയുണ്ട്. സമൂഹത്തിന്റെ പിന്തുണയുണ്ട്. അതിലുണ്ടാവുന്ന കുട്ടിയെ ചൂണ്ടി ഇന്നവന്റെ കുട്ടിയാണെന്ന് തന്റേടത്തോടെ പറയാം. പിതാവിന്റെ എല്ലാവിധ ജീവിത സംരക്ഷണത്തിനും ആ കുട്ടിക്കും കുട്ടിയെ പ്രസവിച്ച പെണ്ണിനും അര്‍ഹതയുണ്ട്.  എന്നാല്‍ പതിനാറ് വയസ്സിലെ അപക്വമായ ലൈംഗികാസ്വാദനത്തിനിടയില്‍ എത്രതന്നെ സൂക്ഷ്മത പാലിച്ചാലും ചിലപ്പോള്‍ ശാസ്ത്രം തോറ്റുപോകും. അങ്ങനെ ആണ്‍കുട്ടിയുടെ തമാശകളിക്കി ടയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ സമൂഹത്തിന് നേരെ നിന്ന് ഇന്നവനാണ് തന്റെ കുട്ടിയുടെ പിതാവെന്ന് പറയണമെ ങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടി വരും. കോടതി വരാന്തകള്‍ കയറിയിറങ്ങേണ്ടിയും വരും. ആ ബാധ്യത സമൂഹം അടിച്ചേല്‍ പ്പിക്കുക പെണ്ണിനു മേല്‍ മാത്രമാണ്. മുള്ള് ഇലയില്‍ വീണാലും  ഇല മുള്ളില്‍ വീണാ ലും കേട് ഇലക്ക് തന്നെയെന്ന നാടന്‍ പഴ മൊഴിയെയാണ് നമ്മുടെ ആധുനിക കോടതികളും ജനാധിപത്യ ഭരണാധികാരി കളും മാതൃകയാക്കാറ്. വധശിക്ഷക്ക്  ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച പ്രതി യെ പോലെയാണ് പീഢനത്തിനിരയായവളുടെ  പിന്നീടുള്ള അവസ്ഥ. പിന്നീട് അവ  ള്‍ ഊരും പേരും മറച്ചുവെച്ച് സമൂഹജീവി തത്തിന്റെ എല്ലാ കെട്ടുപാടുകളില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുമ്പോള്‍ പ്രതിയെന്ന് പറയപ്പടുന്നവന്‍ പതിനാറ് വയസ്സിന്റെ നിയമപരിരക്ഷയില്‍ ഫൈവ്‌സ്‌ററാര്‍ ഹോട്ടലില്‍  ഇളംമേന പരതിനടക്കു കയാവും ഫലം.  വിവാഹത്തെക്കാള്‍ ഉത്തമം  ലൈംഗികതയുടെ പൂര്‍ത്തീകരണ മാണ് എന്ന ചിന്ത  പവിത്രീകരിക്കപ്പെടു ന്നതിന്റെ ഫലമാണ് ഇത്തരം ഭേദഗതിക്കുള്ള ശ്രമങ്ങള്‍. കേരളത്തിലടക്കം  ലൈംഗിക പീഡന കേസുകളില്‍ ഇരകളായവരധികവും പതിനേഴ് വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു എന്ന റിയുമ്പോഴാണ് പീഡകരായ പല സ്വന്തക്കാരെയും രക്ഷിച്ചെടുക്കാനാണോ ഇത്തരമൊരു ശ്രമമുണ്ടായതെന്ന് തോന്നിപ്പോകുന്നത്. വിതുരകേസില്‍ പതിനെട്ടു വര്‍ഷത്തോളം നിയമത്തിനുമുന്നില്‍ കേണ പെണ്‍കുട്ടി അവസാനം എനിക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിയില്ല എന്നുപറഞ്ഞപ്പോള്‍ പ്രതി കൂറുമാറി എന്ന കോടതിഭാഷ്യത്തിലൊതുക്കി കേസവസാനിപ്പി ക്കുന്നതാണ് നാം കാണുന്നത്. അവളെയും ഒരറുപതുകാരന്‍ കെട്ടിയിട്ടുണ്ട്. എന്തുകൊണ്ടാണ് കുട്ടി കേസവസാനിപ്പിച്ചാലും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് വാദിച്ച് ജയിച്ച് പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന ചിന്ത സാമൂഹ്യസുരക്ഷാ നീതിന്യായ ആഭ്യന്തര വകുപ്പുകളില്‍ നിന്നും ഉണ്ടാകാത്തത്. യാതൊരു സാമ്പത്തിക പിന്‍ബലവുമില്ലാത്ത പെണ്‍കുട്ടിക്ക് നീതികിട്ടാന്‍ ഒപ്പം നില്‍ക്കാന്‍ മാധ്യമങ്ങള്‍ തയ്യാറല്ല.  
ഇരകള്‍ക്കൊപ്പം നില്‍ക്കലോ പെണ്‍സുരക്ഷയോ അല്ല പ്രശ്‌നം. പെണ്‍സുരക്ഷക്കപ്പുറം പ്രത്യേക മതത്തെ സമൂഹത്തിനു മുന്നില്‍ കുത്തിനിറുത്തി പ്രതിയാക്കണം. അവരുടെ വ്യക്തിനിയമങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ പഴഞ്ചനാണെന്ന് വരുത്തിതീര്‍ക്കണം. പ്രശ്‌നങ്ങള്‍ നിറഞ്ഞ വിവാഹ-വിവാഹമോ ചന-ബഹുഭാര്യത്വ  ത്രികേയത്വത്തിലാണ് മുസ്‌ലിം ശരീഅത്തെന്ന സാമാന്യധാരണയെ ഉറപ്പിച്ചുനിര്‍ത്തണം. അതിനാണ് മാധ്യമങ്ങള്‍ കളരി ഒരുക്കിക്കൊടുക്കുന്നത്. ഇന്ത്യന്‍ പേഴ്‌സനല്‍ ലോ പൊളിച്ചെഴുതണമെന്നും  അത് ഇസ്‌ലാമികാധ്യാപനങ്ങളോട് കൂറു പുലര്‍ത്തുന്നതല്ലെന്നും സാമാന്യ മുസ്‌ലിമിനെക്കാള്‍ നന്നായി അറിയുന്നവരാണ് ഇവിടത്തെ പല ബുദ്ധിജീവി മാധ്യമപ്രവര്‍ത്തകരും.  മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ മലപ്പുറത്തെ കുറ്റിപ്പുറത്ത് നിളാ നദിയെ സാക്ഷിനിര്‍ത്തി പീഡിത പെണ്ണുങ്ങള്‍ എന്ന് പറഞ്ഞ് സഹതപിച്ച് പരിരക്ഷ നല്‍കാന്‍ ഓടിയടുക്കുന്ന മുസ്‌ലിം പെണ്ണുങ്ങളില്‍ ഗണ്യമായ ഒരുവിഭാഗം നിളയെ സാക്ഷിനിര്‍ത്തിക്കൊണ്ട് നടത്തിയ മഹാ സമ്മേളനത്തില്‍ മൂന്ന് പ്രമേയങ്ങള്‍ കേന്ദ്രഗവണ്‍ മെന്റിനു മുന്നാലെ നടത്തിയിരുന്നു.  മുസ്‌ലിം വ്യക്തിനിയമം ഇസ്‌ലാമിക ശരീഅത്തനുസരിച്ച് മാറ്റിയെഴുതണം, സ്ത്രീധന നിരോധനനിയമം കര്‍ശനമായി നടപ്പിലാക്കണം, വര്‍ധിച്ചുവരുന്ന സ്ത്രീപീ ഡനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണം എന്നിവയായിരുന്നു  ആ പ്രമേയത്തില്‍.   നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ മുസ്‌ലിം സ്ത്രീക്ക് ഏറ്റവും ഗുണകരമായി ഭവിക്കുമായിരുന്ന ഈ പ്രമേയത്തെ ഒരൊറ്റ മാധ്യമങ്ങളും കണ്ടതായി പോലും നടിച്ചില്ല. പര്‍ദയിട്ട പെണ്ണിന്റെ കണ്ണീരിനല്ലാതെ ആര്‍ജ്ജവത്വമുള്ള വാക്കിന് നമ്മുടെ മീഡിയ ചെവി കൊടുക്കാറില്ല.
 സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളും സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുമാണ് ഏത് സമുദായത്തിലായാലും ഇത്തരം കെണിയിലേക്ക് പെണ്‍കുട്ടികളെ  കൊണ്ടുചെന്നെത്തിക്കുന്നത്.  നിരക്ഷരരായ, ജീവിതനിവൃത്തിയില്ലാത്ത കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം നാട്ടിലെ നിയമങ്ങള്‍ തങ്ങളാല്‍ പരിരക്ഷിക്കപ്പെടുന്നുണ്ടോ എന്ന നോട്ടമല്ല, തന്റെ മക്കള്‍ ഏത് വിധേനയെങ്കിലും കരകയറിക്കോട്ടെ എന്ന ചിന്തയാണ് ഉണ്ടാവുക. പാടിപ്പതിഞ്ഞ പെണ്‍ചിന്തകള്‍ മാറ്റിയെഴുതാന്‍ അവര്‍ മെനക്കെടില്ല. അറബിയോ മൈസൂര്‍ക്കാരനോ ആരായാലും വേണ്ടില്ല, തന്റെ  മകള്‍ക്കൊരു കൂട്ട്. ആരുടെയെങ്കിലും കൈയിലൊന്ന് ഏല്‍പ്പിച്ചുകൊടു ത്തല്ലോ എന്ന നിര്‍വൃതി.
കഴിഞ്ഞവര്‍ഷം സംസ്ഥാന വനിതാ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് വയനാട്, തൃശൂര്‍, പാലക്കാട്, കാസര്‍ക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മൈസൂര്‍ വിവാഹം പ്രധാനമായും നടക്കുന്നതെന്നാ ണ്. 2008-ല്‍ നടത്തിയ പഠനത്തില്‍ കെട്ടിച്ചയച്ച വരുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു. അതിലും മലപ്പുറത്തുകാരാണ് കൂടുതല്‍. 9721 പേരില്‍ 6212. മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഗള്‍ഫ് പണത്തിന്റെയും പിന്‍ബലത്തില്‍  അസൂയാര്‍ഹമാ യ മുന്നേറ്റം നടത്താനായിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ നടത്തേണ്ട ക്ഷേമപദ്ധതികളോ പരിഗണ നയോ വിദ്യാഭ്യാസ തൊഴില്‍ സ്ഥാപനങ്ങളോ അവിടുത്തെ ജനസാന്ദ്രതക്ക് ആനുപാതികമായി തീരെ ലഭിച്ചിട്ടില്ല എന്ന കണക്കും കൂടി ഇതിനോടൊപ്പം കൂട്ടി വായിക്കണം. മുസ്‌ലിം സാമൂഹ്യ പിന്നോക്കാവസ്ഥയുടെ കാരണങ്ങളെ വിലയിരുത്തുകയും പരിഹാരങ്ങള്‍ ആലോചിക്കാന്‍  കൂടിയിരിക്കുകയും ചെയ്യുമ്പോഴേക്കും അനര്‍ഹമാ യത് നേടാനാണ്, മതമൗലികവാദത്തിന്റെയും വര്‍ഗീയതയുടെയും വിത്തിടും എന്ന് പറഞ്ഞാക്ഷേ പിച്ച് അത്തരം കൂട്ടായ്മകളെ മുളയിലേ നുള്ളിക്ക ളയാനുള്ള ശ്രമമാണ് മീഡിയാ മതേതര കൂട്ടായ്മകളില്‍ നിന്നുണ്ടാകുന്നത്.
ഇതൊക്കെയും പ്രശ്‌നത്തിന്റെ ഒരുവശമാണ്. മറ്റൊരു വശം സമുദായത്തിന്റെ അലംബാവ ത്തിന്റെയും നിസ്സംഗതയുടെയും പേരില്‍ സമുദായ സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നതാണ്. വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിം സമൂഹം പ്രതിക്കൂട്ടിലാവുകയും ഇന്ത്യയിലെ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് കോടതികള്‍ വിധിപറയുകയും ചെയ്യുമ്പോള്‍ അതിനെ യഥാര്‍ഥ ഇസ്‌ലാമിക സത്തയിലേക്ക് കൊണ്ടുവരണമെന്ന് കൂട്ടായി ആവശ്യപ്പെടാന്‍  ഒരുപാട് സംഘടനകളുള്ള നമുക്കായിട്ടില്ല. വിശിഷ്യ  സമുദായത്തിലെ  വനിതാ സംഘടനകള്‍. മുസ്‌ലിം വിദ്യാര്‍ഥി വനിതാ യുവജന സംഘടനകള്‍ മുസ്‌ലിം സമുദായത്തിനകത്തെ ഇത്തരം പ്രശ്‌നനിവാരണത്തിനായി കൂടുതല്‍ ഇറങ്ങി വരണം.

ഇസ്‌ലാമിലെ അടിസ്ഥാന ചിന്താ തത്വസംഹിതകള്‍ക്കകത്ത് പ്രാദേശിക സാംസ്‌കാരിക വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുകയും അതിന്റെ നന്മയെ സ്വാംശീകരിക്കുകയും ചെയ്യുക എന്നത് മതം വെച്ചുനീട്ടുന്ന വിശാലതയുടെ അടയാളമാണ്.  മത സാമൂഹിക രംഗത്ത് ചിരപ്രതിഷ്ഠ നേടിയ  മനുഷ്യ നിര്‍മിത ആചാരാനുഷ്ഠാനങ്ങളും വിധി വിലക്കുകളും ഏറെ ദോഷകരമായി ബാധിച്ചത് സമുദായത്തിലെ സ്ത്രീയെയാണ്. സ്ത്രീകളോടുള്ള സമുദായത്തിന്റെ നിലപാടില്‍ ആദര്‍ശപരമായി നിലനില്‍ക്കാത്ത ഒരുപാട് അത്യാചാരങ്ങള്‍  വന്നു ചേര്‍ന്നിട്ടുണ്ട്. സ്ത്രീയോടുള്ള ഖുര്‍ആനിന്റെ അടിസ്ഥാനാധ്യാപനങ്ങളെ നിലവില്‍ പ്രചാരത്തിലുള്ള സ്ത്രീവിരുദ്ധ സാംസ്‌കാരിക സമ്പ്രദായങ്ങളോട് കൂട്ടിയോജിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സമുദായ സ്ത്രീകള്‍ പല നിലക്കും പരിഹാസ്യരായി മാറിയത്. അനിസ്‌ലാമിക സംസ്‌കാരങ്ങളെയും വേഷവിധാനങ്ങളെയും അനുകരിക്കുകയാണ് യഥാര്‍ഥ മോക്ഷമെന്ന് സ്ത്രീകളും അതില്‍ നിന്നും അവരെ പിന്തിരിപ്പിക്കാനുള്ള വഴി അനര്‍ഹവും തീവ്രവുമായ  നിലയില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന് മതനേതാക്കന്മാരും കരുതുന്നു.
കുടുംബമാണ് പവിത്രം, സാമൂഹ്യസ്ഥാപന ത്തിന്റെ ആദ്യ തറക്കല്ലിടുന്ന അവിടെ സ്ത്രീയുടെ റോളുകള്‍ സമുദായം ഓര്‍മിപ്പിച്ചുകൊണ്ടേയിരി ക്കും. എന്നാല്‍ ഒരു കുടുംബം തുടങ്ങണമെങ്കില്‍ കോര്‍പറേറ്റ് സ്ഥാപനം തുടങ്ങുന്നതിനെക്കാള്‍ മുതല്‍മുടക്കാണ് പെണ്ണുള്ള ഓരോ കുടുംബത്തി നും. ആയുസ്സിന്റെ നല്ലകാലം ചെലവിട്ട് പൊന്നും പണവും വീടും കാറും പറമ്പും സ്റ്റാറ്റസും ഉണ്ടാക്കാന്‍ ഓരോ രക്ഷിതാവും മണലാരണ്യ ത്തില്‍ പാടുപെടുന്നത് പെണ്ണായ ഒന്നിന് താന്‍ ജന്മം നല്‍കിയതിന്റെ പേരിലാണ്. ഉമ്മയായ അനേകം പെണ്ണും ഉപ്പയായ അനേകം പുരുഷ നും സ്‌ട്രോക്കും അറ്റാക്കും വന്ന് കുഴഞ്ഞു വീഴുന്നതും മരിച്ചുപോകുന്നതും തിന്നും കുടിച്ചും ആര്‍മാദിച്ചിട്ട് മാത്രമല്ല. പുന്നാരമോള്‍ക്ക് യോജിച്ചൊരു വരനെ തിരഞ്ഞ് കിട്ടാതെ പുരനിറഞ്ഞുനില്‍ക്കുന്നത് കാണാന്‍ കഴിയാത്തതുകൊണ്ടു കൂടിയാണ്. സ്ത്രീധനത്തെ ക്കുറിച്ച് പറയുമ്പോള്‍ നാം പറയും; ഖുര്‍ആനില്‍ അങ്ങനെ പറഞ്ഞിട്ടില്ല, ഹദീസില്‍ ഇങ്ങനെയില്ല, പ്രവാചകന്‍ അത് കാണിച്ചു തന്നിട്ടില്ല എന്ന്. എന്തുകൊണ്ട് അത്തരം വിവാഹത്തിന് ഒപ്പുചാര്‍ത്താന്‍ ഞങ്ങള്‍ക്കാവില്ലെന്ന് പണ്ഡി തന്മാര്‍ക്ക് പറയാനാവുന്നില്ല. ഇങ്ങനെ  വിവാഹം നടത്തിക്കൊടുക്കുന്ന ഖാദിയോട് എനിക്കീ വിവാഹം വേണ്ടാ എന്ന് പറയാന്‍  ഇസ്‌ലാമിലെ ഏത് വനിതാ സംഘടനയാണ് മുസ്‌ലിം പെണ്ണിനെ പ്രാപ്തയാക്കിയത്? പൊന്നും പണവും സ്ത്രീധനമായി ഒപ്പിച്ചുകൊടുത്ത് പാവപ്പെട്ട പെണ്ണിനെ നേര്‍ച്ചക്കാളയാക്കി മാറ്റുന്ന സമൂഹ വിവാഹമെന്ന സമുദായ ആഭാസം നാടുനീളെ നടക്കുമ്പോഴും നാം ഏന്തേ മിണ്ടാതിരിക്കുന്നത്?
രാജ്യഭരണാധികാരിയായ ഉമറിനോട് മഹറിന്റെ കാര്യത്തില്‍ തര്‍ക്കിച്ച സഹാബി വനിതയെ നാം പഠിപ്പിക്കാന്‍ മറന്നിട്ടില്ല. എത്ര പെണ്ണുണ്ട് ദൈവം തനിക്ക് നല്‍കിയ അവകാശമായ മഹ്‌റ് ചോദിച്ചുവാങ്ങിയവളായി. സമുദായത്തിനുവേണ്ടിയെന്ന് പറയുന്നവരില്‍ ആരാണവളെ അതിന് പ്രാപ്തയാക്കിയത്? പ്രബുദ്ധമെന്നും ഇസ്‌ലാമിക ഭൂമികയില്‍ നിന്ന് പോരാടുന്നവരെന്നും പറയുന്നവരില്‍ ആരാണ്  അറേബ്യന്‍ മണലാരണ്യത്തില്‍ അമര്‍ന്നൊടു ങ്ങാന്‍ വിധിക്കപ്പെട്ടവളെ അധികാരവും അറിവും നല്‍കി ലോക ജോതാവാക്കി മാറ്റിയ ഇസ്‌ലാമിക പ്രത്യയശാസ്ത്ര സങ്കല്‍പങ്ങളില്‍ നിന്നും മാറി  ഇസ്‌ലാമിന് അന്യമായ ഇത്തരം ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കാന്‍ പാടുപെടുന്നത്?  പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒട്ടനേകം ചോദ്യങ്ങള്‍ ഇന്ന് സമുദായം അനുഭവിക്കുന്നുണ്ട്.
 ഇസ്‌ലാമില്‍ വിവാഹത്തിന് പ്രത്യേകമായ പ്രായപരിധിയൊന്നും നിലവിലില്ലാത്തതിനാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ പതിനെട്ടിനു മുമ്പ് വിവാഹം കഴിക്കേണ്ടിവന്നവരെ മതേതരത്വ ചിന്താഗതിക്കാരോട് ഒട്ടിനില്‍ക്കണമെന്ന വാശിയില്‍  തള്ളിപ്പറയേണ്ട ആവശ്യമില്ല. പ്രസവിക്കാന്‍ മടിയില്ലാത്ത, മക്കളെ ഭാരമായി കാണാത്ത, ഊര്‍ജസ്വലതയുള്ള കൂടുതല്‍ തലമുറകള്‍ ഉള്ളവര്‍ എന്ന് നമുക്ക് സമാധാനി ക്കുകയും ചെയ്യാം.  പക്ഷേ രാജ്യത്തിന്റെ നിയമം 18 വയസ്സായി നിജപ്പെടുത്തുമ്പോള്‍ നാം അത് പാലിച്ചേ മതിയാകൂ. അതൊരു മുസ്‌ലിമിന്റെ ബാധ്യതയാണ്. പക്ഷേ വേലിചാടാതിരിക്കണ മെങ്കില്‍ മധുരപ്പതിനേഴില്‍ തന്നെ കെട്ടിയിടണ മെന്ന് സമുദായത്തിലെ ഉത്തരവാദപ്പെട്ടവര്‍ ഉപദേശിക്കുമ്പോള്‍ പതിനെട്ടോ ഇരുപതോ പ്രായമുള്ളവള്‍ മൂത്ത് നരച്ചവളാണ്. അവളുടെ പഠനകഴിവുകളോ അഭിരുചിയോ ഒന്നും വിവാഹമാര്‍ക്കറ്റില്‍ സ്വീകാര്യമല്ല. 'കളിച്ചാസ്വദി ക്കാന്‍ പ്രായത്തിലുള്ളവരെ നിങ്ങള്‍ ഇണകളാ ക്കുക' എന്ന തിരുവചനം തീര്‍ത്തും ഏകപക്ഷീ യമാക്കുമ്പോള്‍ ആണിന് എത്ര പ്രായവുമാകാം പെണ്ണിന് പതിനേഴ് തികയരുതെന്നാണ് സമുദായ വാശി. പൗരോഹിത്യത്തിന്റെ കുടക്കീഴിലല്ലെന്ന് പറയുമ്പോഴും പൗരോഹിത്യ ചിന്തകളെയും ആജ്ഞകളെയും ഏറ്റവും നന്നായി കൂട്ടിക്കുഴ ക്കുന്നിടമാണ് വിവാഹ രംഗം. അപ്പോള്‍ മക്കള്‍ക്ക് മധുരപ്പതിനേഴ് കഴിയുന്നതോടെ രക്ഷിതാക്കള്‍ക്ക് ആധിയാണ്. അപ്പോഴാണവര്‍ കിട്ടിയവനില്‍ കെട്ടിയിടുന്നത്.
വിവാഹത്തില്‍ എല്ലാറ്റിനെക്കാള്‍ മാന ദണ്ഡമാക്കേണ്ടത് ദീനാണെന്ന് രായ്ക്കുരാമാനം പറഞ്ഞുകൊണ്ടേയിരിക്കുമ്പോഴും 'വെളുത്ത സുന്ദരി, അല്‍പം ദീനുള്ളവള്‍' എന്നാണ് മുസ്‌ലിം വിവാഹാലോചനയില്‍ പുരുഷപക്ഷത്തിന്റെ ഡിമാന്റ്. പെണ്ണെന്നാള്‍ വെളുപ്പും സൗന്ദര്യവും മാത്രമെന്നതാണ് പടിഞ്ഞാറിന്റെയും മുതലാളി ത്തത്തിന്റെയും പെണ്ണിനെ കുറിച്ചുള്ള വിധിയെഴു ത്തെന്ന് നമ്മുടെ യുവാക്കള്‍ സംഘടനാ ഭേദമില്ലാതെ പാടിനടക്കും. പിന്നില്‍ അതും പറഞ്ഞ് തട്ടമിട്ട പെണ്‍കുട്ടികളെ കൊടിപിടിച്ചും നടത്തിക്കും. പക്ഷേ ജീവിതത്തില്‍ അല്‍പം തൊലികറുത്ത, പതിനെട്ടോ ഇരുപതോ കഴിഞ്ഞ പെണ്ണിന്റെ കൂടെ ജീവിതം പങ്കിടാന്‍ ദീനിയായ പുരുഷന് മടിയാണ്. അവിടെ അവന്‍ പ്രവാചകന്റെ ആയിശയോടൊത്തുള്ള ജീവിതത്തെ ഉദാഹരിക്കും. വിധവയായ രണ്ട് മക്കളുള്ള ഖദീജയെ  മറക്കും.  
പുരുഷന്റെ ഭാഗത്തുനിന്നുള്ള ഒഴിവാക്ക ലിനെയാണ് വിവാഹമോചനമായി നാം പരക്കെ പറയാറ്. അതും തക്കതായ കാരണത്താല്‍ എല്ലാ വഴിയും അടയുമ്പോള്‍. എന്നാല്‍ പത്രപരസ്യം നിറയെ 'തന്റെതല്ലാത്ത കാരണത്താ'ലുള്ള വിവാഹമോചനമാണ്. വിവാഹമോചനം ചെയ്യപ്പെട്ടവള്‍ ഭതൃവീട്ടില്‍ മൂന്ന് മാസം അയാളുടെ ചെലവില്‍ ഇദ്ദാകാലം കഴിയണമെന്നാണ് ഇസ്‌ലാമിലെ വിധി. ഏത് പെണ്ണാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ഇദ്ദാകാലം കഴിച്ചുകൂട്ടിയത്. സമുദായത്തില്‍ നിന്നും ആരാണവളെ അതിനുപദേശിച്ച് പിന്തുണ യേകിയത്? എന്തുകൊണ്ട് നാം അതിനൊന്നും വാശിപിടിക്കുന്നില്ല. വിവാഹമോചിതക്ക് മതാഅ് കൊടുക്കണമെന്ന ഇസ്‌ലാമിലെ വിധി പ്രാവര്‍ത്തി കമാക്കാന്‍ സുപ്രിംകോടതി പറയേണ്ടിവന്നു. എങ്ങനെയെങ്കിലും കെട്ടിക്കണമെന്നല്ലാതെ കെട്ടി യൊഴിവാക്കിയാല്‍ നമുക്കൊരു പ്രശ്‌നവുമില്ലെ ന്നാണോ സമുദായത്തിന്റെ നിലപാട്?  
ദിനേനയെന്നോളം നടക്കുന്ന വാഹനാപകടമട ക്കമുള്ള ദുരിതങ്ങളില്‍ ഒരുപാട് യുവാക്കളെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട.് ഇരുപത് തികയുന്നതിനു മുന്നേ വിധവയാകേണ്ടി വന്ന  എത്രയോ പെണ്‍കുട്ടികള്‍ നമുക്കുമുന്നിലുണ്ട്. ഭാര്യ മരിച്ചവനും ഒഴിവാക്കി യവനും പോലും ഈ പെണ്‍കുട്ടികളെ വേണ്ട. അവനും വേണം ആരും തൊടാത്ത പെണ്ണിനെ. ഈ പെണ്‍കുട്ടികളില്‍ പലര്‍ക്കും പിന്നീട് ബഹുഭാര്യ ത്വമെന്ന സങ്കല്‍പത്തെ വികൃതമായും അനായാ സമായും ഉപയോഗിക്കാന്‍ മടികാണിക്കാത്തവരുടെ രണ്ടാം ഭാര്യയാകാനാണ് വിധി.  കുഞ്ഞുകുട്ടി 'ബാധ്യതകള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലാ'ത്തവന്റെ ഭാര്യയായി സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ അനാഥാലയത്തിലാക്കി ശാരീരിക സുഖങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ദയനീയത.  
   സമുദായ  നേതൃത്വത്തിന് കീഴടങ്ങേണ്ടി വരുന്ന രംഗമാണ് സമുദായത്തിലെ സമ്പന്നരുടെ കല്ല്യാണം. പെണ്ണുകാണലോടെ തുടങ്ങി ആദ്യ പ്രസവം വരെ നീണ്ടുനില്‍ക്കുന്ന അത്യാചാരങ്ങളെ കുടുംബമഹിമയുടെ പേരില്‍ നിലനിര്‍ത്തിക്കൊ ണ്ടുപോരുന്നവരാണധികവും. പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍. ഇതില്‍ സംഘടനാ പക്ഷഭേദമില്ല.  കല്ല്യാണപെണ്ണ് അന്നും പര്‍ദ തന്നെ ഇടണം എന്ന 'ദീനി'കാര്യത്തില്‍ ശുഷ്‌കാന്തിയുണ്ടെന്നല്ലാതെ മറ്റൊരു അനാവശ്യ ആര്‍ഭാടങ്ങളിലും യാതൊരു തിരുത്തും  നടത്താന്‍ ഇക്കൂട്ടര്‍ തയ്യാറല്ല.
സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളാണ് ഇത്തരം ദുരിതങ്ങള്‍ക്കിരയാകുന്നതും സമൂഹത്തിന്റെ മുന്നില്‍ പരിഹാസ്യരായിത്തീരുന്നതും. ഇത്  നമ്മുടെ മഹല്ല് സംവിധാനത്തിന്റെ  പരാജയമോ പരിമിതിയോ ആണ്. കനമുള്ള സംഭാവനകൊടുക്കുന്ന വ്യക്തികളെയല്ലാതെ നാട്ടിലെ സാധാരണക്കാരെ കുറിച്ചോ അവരുടെ പ്രശ്‌നങ്ങളെ കുറിച്ചോ സാമ്പത്തിക വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചോ യാതൊരന്വേഷണവും നടത്താന്‍ പല മഹല്ലധികൃതരും  തയ്യാറല്ല. സ്ത്രീധനത്തുക യൊപ്പിക്കാന്‍ ബാപ്പക്കും ആങ്ങളമാര്‍ക്കും ലൈറ്റര്‍പാഡില്‍ ഒരു കത്തെഴുതിക്കൊടുത്ത് കടമ തീര്‍ക്കുന്നവരാണ ധികവും. സ്ത്രീയാണ് കുടുംബത്തിന്റെ നായകസ്ഥാ നത്തെന്ന് പറയുന്നവര്‍ കുടുംബ സ്ഥിതിയറിയാന്‍ കുടുംബത്തിലെ പെണ്ണിനോട് ചോദിക്കണം. അതിന് അടുക്കളവരെ കയറിച്ചെല്ലണം. മഹല്ലിലെ അന്യപുരു ഷനത്  സാധ്യമല്ല.  മഹല്ലു ഭരണസംവിധാനത്തിനു കീഴില്‍  സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ടേ അത് പരിഹരിക്കാനാവൂ.
കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുവെന്ന മഹത്വം ഉണ്ടെങ്കിലും വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും അത് സാക്ഷാത്ക്കരി ക്കാനുള്ള മാര്‍ഗങ്ങള്‍ക്കും മീതെ പാരമ്പര്യ ആചാര്യങ്ങളെയും സമ്പ്രദായങ്ങളെയും നടപ്പുശീല ങ്ങളെയും കുടിയിരുത്തുമ്പോള്‍ അവയെ നിരാകരിക്കാനോ മാറ്റിയെഴുതാനോ ഉപരിപ്ലവമായ ചിന്തക്കപ്പുറം പുതിയ തലമുറയില്‍ വലിയ വേരോട്ടം ലഭിക്കാതെ പോകുന്നിട ത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുന്നത്. നിസ്സംഗ മായ സമുദായ സാമൂഹ്യസാഹചര്യത്തിന്റെ ബലത്തിലാണ് ഭാഷയും ദേശവുമറിയാത്തവന്റെ പിന്നാലെ പടിയിറങ്ങേണ്ട അവസ്ഥ മുസ്‌ലിം പെണ്ണിനുണ്ടാവുന്നത്. ആസ്വാദന പരോപകാര വസ്തു എന്നതിനപ്പുറം  കുടുംബ സാമൂഹ്യ വ്യവസ്ഥയില്‍ ഒരുപാട് കടമകള്‍ നിറവേറ്റാനുള്ളവളാണ് പെണ്ണെന്ന തോന്നലുണ്ടെങ്കില്‍ മാതൃകാ സഹാബീ വനിതാ ചരിത്രം പാടിപ്പുകഴ്ത്താ നുള്ളതല്ലെന്ന തിരിച്ചറിവോടെ സമുദായം കടമനിറവേറ്റിയേ തീരൂ.




Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top