ഞങ്ങള്‍ക്കേള്‍ക്കുന്നത് അവഗണനയുടെ സ്വരം

ഫിദാലുലു കെ.ജി / പ്രതികരണങ്ങള്‍ No image

അറബി കോളജുകളില്‍നിന്നും ഇസ്‌ലാമിക സ്ഥാപനങ്ങളില്‍നിന്നും പുറത്തു പോകുന്ന വിദ്യാര്‍ഥിനികള്‍ കേരളത്തിലെ പൊതുമണ്ഡലത്തിലൊന്നും തന്നെ സജീവമാകാത്തത് അവരെ പെട്ടെന്ന് വിവാഹം കഴിപ്പിച്ചയക്കുന്നതിനാലാണ്. രക്ഷിതാക്കളിലേക്കോ വിവാഹ കമ്പോളങ്ങളിലെ ദല്ലാളുകളിലേക്കോ സമൂഹമെന്ന പദത്തെ കുത്തിത്തിരുകി വെച്ച് ഈ പ്രശ്‌നത്തെ പരിഹരിക്കാമെന്ന് വ്യാമോഹിക്കുകയും ചെയ്യുന്നു. സമൂഹത്തേയോ സമുദായത്തേയോ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റിയാലും ഉത്തരം കിട്ടാത്ത സമസ്യയായി ഇത് അവശേഷിക്കുമെന്നതാണ് വാസ്തവം.
എന്റെ ചുരുങ്ങിയ പഠനകാലയളവില്‍ അനുഭവിക്കേണ്ടിവന്ന തീവ്രമായ വൈകാരിക പ്രതിഫലനമെന്ന നിലക്കാണ് ഞാനിത് പറയുന്നത്. ആശങ്കയുടെയും മനസ്സില്ലായ്മയുടെയും സങ്കടപ്പെടലിന്റേയും സമയമായിരുന്നു ഏറെക്കുറെ അത്.
ഏതൊരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളവും സുപ്രധാനമായ വഴിത്തിരിവാണ് പത്താംക്ലാസ്. ഭൗതിക വിദ്യാഭ്യാസത്തിന്റെ പളപളപ്പില്‍ മയങ്ങിപ്പോകുന്ന വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ കാലഘട്ടത്തിനു ശേഷം സയന്‍സോ കൊമേഴ്‌സോ തുടര്‍ വിദ്യാഭ്യാസ വിചക്ഷണര്‍ വരയിട്ട് വേര്‍തിരിച്ച വഴികളിലൂടെ നീങ്ങുന്നു. മക്കള്‍ വിദ്യാഭ്യാസത്തിലും സാംസ്‌കാരിക ഭൗതിക മണ്ഡലങ്ങളിലും ഉന്നത നിലവാരത്തിലെത്തണമെന്നാഗ്രഹിക്കുന്ന ഏതൊരു രക്ഷിതാവും ഈയൊരു മാര്‍ഗമേ അവലംബിക്കൂ. പിന്നെ സീറ്റു കിട്ടാത്തവരും, പഠനത്തില്‍ താല്‍പര്യമില്ലാത്തവരോ വിവാഹം വരെയുള്ള താല്‍കാലിക വിശ്രമ കേന്ദ്രമായിട്ടാണ് ഇസ്‌ലാമിക കലാലയങ്ങളില്‍ എത്തിച്ചേരുക. ഇവര്‍ പലപ്പോഴും പഠിക്കാന്‍ വേണ്ടി വരുന്നവരാവില്ല. കാമ്പസിന്റെ ആസ്വാദനത്തിനും നേരംപോക്കിനും മാത്രമായി കോളജിലെത്തുന്നവരായിരിക്കും. അവരെ എത്ര തന്നെ സമര്‍ദം ചെലുത്തിയാലും ഒരു ഗവേഷകയോ  പണ്ഡിതയോ തുടങ്ങി സമൂഹത്തിലെ ഉന്നത പദവി എന്ന സ്വപ്നത്തിലേക്ക് ചേക്കേറാന്‍ സാധിക്കില്ല. ഉമ്മയില്‍ നിന്നോ ഉപ്പയില്‍നിന്നോ കേട്ടുമടുത്ത യാഥാസ്ഥികത്വത്തിന്റെ ചവര്‍പ്പ് കടിച്ചുവച്ച് അടുക്കളമൂലയില്‍ കുത്തിയിരിക്കുന്നത് സങ്കല്‍പിക്കാനേ ഇവര്‍ക്കാവൂ.
ക്യാമ്പുകളില്‍നിന്നോ പ്രാസ്ഥാനിക മീറ്റിംഗുകളില്‍നിന്നോ പ്രചോദിതരായി ദീനീസേവനം ലക്ഷ്യമാക്കി മുന്നിട്ടിറങ്ങിയവരോ ഇത്തരം കലാലയങ്ങളില്‍ എത്തിപ്പെടുമ്പോള്‍ അനുഭവിക്കുന്ന ആശങ്കയും മാനസിക പ്രയാസവും ഭീകരമാണ്. ഇത്രയും കാലം പഠിച്ചുകഴിഞ്ഞ് കോഴ്‌സ് പൂര്‍ത്തിയാക്കിയിറങ്ങിയാല്‍ ഇനിയെന്ത് എന്ന ചോദ്യമായിരിക്കും മുന്നിട്ട് നില്‍ക്കുക. പഠിക്കാന്‍ ബൗദ്ധികമായും സാമ്പത്തികമായും ശേഷിയുണ്ടായിരിക്കെ നാട്ടിലെ ഹല്‍ഖാ യോഗങ്ങളില്‍ ഖുര്‍ആന്‍ ക്ലാസെടുക്കുന്ന 'മൊയ്ല്ല്യാരിച്ചി കുട്ടി' ആയിരിക്കുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം അചിന്തനീയവുമാണ്.
സമൂഹത്തിന്റെ പുറത്തുനിന്ന് കേള്‍ക്കുന്ന അവഗണനയുടെ സ്വരം കൂടിയാവുമ്പോള്‍ ഈ ചിത്രം പൂര്‍ണമാവുന്നു. മുഴുവന്‍ വിഷയങ്ങളിലും തൊണ്ണൂറു ശതമാനത്തിനുള്ളില്‍ മാര്‍ക്കുകിട്ടിയവര്‍ ഞങ്ങളുടെ കലാലയങ്ങളിലുണ്ടെന്ന് അഭിമാനത്തോടുകൂടി പറയുമ്പോള്‍ ഈ രക്ഷിതാക്കള്‍ക്കൊന്നും ബുദ്ധിയില്ലേ എന്ന മറുപടി ചോദ്യവും നിങ്ങള്‍ എത്ര തന്നെ പഠിച്ചിട്ടും കാര്യമില്ല, പ്രാസ്ഥാനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കറിവേപ്പില എടുത്തുകളയുന്നതുപോലെ തള്ളിക്കളയുമെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ നിരാശയുടെ നെല്ലിപ്പടിയിലെത്തുന്നു.
പഠന കാലയളവിലുള്ള വിമര്‍ശനങ്ങള്‍ വേറെയും. 'നിങ്ങളിപ്പോഴും പഴഞ്ചന്‍ മട്ടുതന്നെ! കാലം മാറിയതറിഞ്ഞില്ലേ' എന്ന പരിഹാസചോദ്യവും കാലഘട്ടത്തിനു പുറംതിരിഞ്ഞോടുന്നവരെന്ന നിലക്കുള്ള നോട്ടവും. നമ്മുടെ വസ്ത്രധാരണവും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ആശയങ്ങളുമെല്ലാം സമൂഹത്തിനു മുന്നില്‍ പരിഹാസക്കോലങ്ങളാണ്.
അറബി ഇത്ര പ്രാധാന്യത്തോടുകൂടി പഠിച്ചിട്ടെന്താ? നിങ്ങളിനിമുതല്‍ അറബി നാട്ടിലാണോ ജീവിക്കാന്‍ പോകുന്നത്? ഇംഗ്ലീഷോ മലയാളമോ ആയിരുന്നെങ്കില്‍ സമൂഹത്തില്‍ നിലയും ഉണ്ടാകുമായിരുന്നു എന്ന ന്യൂജനറേഷന്‍ സിസ്റ്റം വിത്തിട്ടുപാകിയ ചിന്തയില്‍നിന്നുണ്ടാകുന്ന വിലയിരുത്തലുകളും വേദനിപ്പിക്കുന്നു.
ആണ്‍ പെണ്‍ ഭേദമന്യേ കൂടിച്ചേരലുകളും ഇടപഴകലുകളും സംഭവിക്കുന്ന കുടുംബസംഗമങ്ങളില്‍ ഇത്തരി അകലം പാലിച്ചാല്‍ നാം കൂട്ടത്തില്‍ കൂടാത്തവളായി. എല്ലാവരും മഫ്ത അഴിച്ചിടുമ്പോള്‍ നാം പിന്നിട്ടു കുത്തിയാല്‍ കാലഘട്ടത്തിനു ചേരാത്തവളായി. സംസാരത്തില്‍ ഉച്ചാരണപിശക് വന്നാല്‍ പഠിക്കുന്ന സ്ഥാപനത്തിന് കുറ്റമായി. എല്ലാവരും ടി.വി കാണുമ്പോള്‍ നമസ്‌കരിച്ചാല്‍ വല്ല്യ നിസ്‌കാരക്കാരിയായി. എന്തെങ്കിലും തെറ്റ് അറിയാതെ ചെയ്തുപോയാല്‍ 'വല്ല്യ മുത്തഖിയാ...' എന്നിട്ടിപ്പോ... തുടങ്ങിയ വിമര്‍ശനങ്ങളായി.  നമ്മള്‍ക്കു മുന്നില്‍ സമുദായം തന്നെ ഇടഞ്ഞുനില്‍ക്കുമ്പോള്‍ നിസ്സഹായയായിപ്പോവുന്നു.
റമദാനായാല്‍ കലക്ഷന്‍ നടത്തുന്നു എന്ന കാരണത്താല്‍ നാം അവര്‍ക്ക് മുന്നില്‍ ശല്യമാണ്. സമൂഹത്തിന്റെ ശ്രദ്ധ ആഗ്രഹിച്ചുകൊണ്ട് ഏതെങ്കിലുമൊരു ഇസ്‌ലാമിക സ്ഥാപനം നല്ല ബില്‍ഡിംഗുകള്‍ ഉണ്ടാക്കുകയോ പ്രൗഢഗംഭീരമായി പരിപാടി നടത്തുകയോ ചെയ്താല്‍ ഇത്രയും പണമുള്ള കൂട്ടരാണോ പിരിവിനിറങ്ങുന്നതെന്ന മുഖം ചുളിച്ചില്‍.
മതേതര ക്യാമ്പുകളിലെ ഉത്സവത്തിമര്‍പ്പില്‍നിന്നും വരുന്ന വിദ്യാര്‍ഥിനികള്‍ക്ക് സ്വാതന്ത്ര്യമില്ലാത്ത ഉപദേശവും ശാസനകളും കൊണ്ടുനിറഞ്ഞ മതകലാലയത്തെ അസഹ്യതയോടെയല്ലാതെ ആലോചിക്കാന്‍ കഴിയുന്നില്ല. അതിനു പുറമെയാണ് വിവാഹമെന്ന കടമ്പയും. എല്ലാം കൂടിച്ചേര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്ന അന്തരീക്ഷത്തില്‍ പഠനമുപേക്ഷിക്കുകയല്ലാതെ നിര്‍വാഹമില്ല എന്ന തീരുമാനത്തിലെത്തിച്ചേരുന്നു. അല്ലാത്തവര്‍ സമൂഹത്തിന്റെ ഇംഗിതമനുസരിച്ച് കോലം കെട്ടിയാടാനും തയ്യാറാവുന്നു. ഇങ്ങനെ പ്രതിസന്ധികളുടെ ഒരു നീണ്ടനിരയാണ് മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ കാത്തുകിടക്കുന്നത്.



Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top