സമര്‍പ്പിത ജീവിതം സഫമീ യാത്ര

യു.കെ. മുഹമ്മദാലി വാഴക്കാട് No image

ലിപെരുന്നാളിന്റെ തലേ ദിവസം. കുന്നും മലയും തോടും വയലുകളും താണ്ടി, വീടുകള്‍ കയറിയിറങ്ങി തടപ്പറമ്പിലെ ഓലമേഞ്ഞ കൂരയില്‍ എത്തിയപ്പോള്‍ റുഖിയ നന്നേ ക്ഷീണിച്ചിരുന്നു. പുറത്തെ കാല്‍പെരുമാറ്റം കേട്ട് അകത്ത് കട്ടിലില്‍ കിടക്കുന്ന വൃദ്ധന്‍ പതുക്കെ ചുമച്ചു. ഭര്‍ത്താവിനെ പരിചരിച്ച് അരികെയിരുന്ന ഭാര്യ വാതില്‍ തുറന്നു. റുഖിയ അകത്തേക്ക് പ്രവേശിച്ചപ്പോള്‍ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ വൃദ്ധന്റെ മുഖത്ത് ആശ്വാസത്തിന്റെ പൊന്‍വെളിച്ചം.
മരുന്നും ആശ്വാസ വചനങ്ങളുമായി റുഖിയ കടന്നുവരുമ്പോള്‍ കിടപ്പിലായ രോഗികള്‍ അനുഭവിക്കുന്ന ആനന്ദം ഒന്ന് വേറെത്തന്നെ. ഗുളികയും ലേപനവും അരികെ വെച്ച് ചുളിവ് വീണ കൈ പിടിച്ച് അവള്‍ ചോദിച്ചു: ''ഇപ്പോള്‍ എങ്ങനെയുണ്ട്?''
''സുഖമുണ്ട്. മോള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം''- ''എല്ലാം ശരിയാവും, പടച്ചവന്‍ നമ്മെ കൈവിടുകയില്ല'' റുഖിയയുടെ ആശ്വാസവചനങ്ങള്‍ അമൃതിന് തുല്യമായി. റുഖിയ അടുക്കളയില്‍ കയറി വേഗം ഉമ്മറത്തേക്ക് വന്നു. ഒരുകാര്യം ഇതിനകം അവള്‍ മനസ്സിലാക്കി. പെരുന്നാളിന് കഞ്ഞിവെക്കാന്‍പോലും ഒരു നുള്ള് അരിയില്ലെന്ന ദുഃഖസത്യം.
പ്രദേശവാസികളെല്ലാം പെരുന്നാള്‍ തിരക്കിലാണ്. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. കൂടുതല്‍ ചിന്തിക്കാനോ സംസാരിക്കാനോ ഉള്ള സമയം ഇല്ല. ഓട്ടോ പിടിച്ച് റുഖിയ നേരെ കയറിച്ചെന്നത് രണ്ട് കി.മി അകലെയുള്ള വാഴക്കാട് പോലീസ് സ്റ്റേഷനിലേക്ക്. സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫയുമായി അഞ്ചു മിനുട്ട് സംസാരം. അദ്ദേഹം വെച്ചു നീട്ടിയ പണം വാങ്ങി എടവണ്ണപ്പാറ അങ്ങാടിയില്‍നിന്നും അരിയും സാധനങ്ങളുമായി വൃദ്ധദമ്പതികളുടെ അരികിലെത്തുമ്പോള്‍ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു.
സേവനം തന്നെ ജീവിതമാക്കി മാറ്റിയ റുഖിയ അശ്‌റഫ് എന്ന മുപ്പത്തിയാറുകാരിയെ അറിയാത്തവരായി നാട്ടില്‍ ആരുമുണ്ടാവില്ല. മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ വെട്ടത്തൂര്‍ മന്നാടിയില്‍ വീട്ടില്‍ ഭര്‍ത്താവ് അശ്‌റഫുമൊന്നിച്ച് താമസിച്ചു വരികയാണ് റുഖിയ. മൂന്നര സെന്റ് സ്ഥലത്ത് കൊച്ചുവീട്ടില്‍ ഇല്ലായ്മകളും പരാധീനതകളുമായി കഴിയുന്ന ഈ ദമ്പതികള്‍ എല്ലാ പ്രയാസങ്ങളും ഒരു പുഞ്ചിരിയില്‍ ഒതുക്കുന്നു.
എടവണ്ണ പന്നിപ്പാറ കളത്തിങ്ങല്‍ ഉണ്ണിമുഹമ്മദിന്റെയും ആയിശക്കുട്ടിയുടെയും മൂന്ന് മക്കളില്‍ മൂത്തവളായി 1977-ലാണ് റുഖിയയുടെ ജനനം. പന്നിപ്പാറയിലെ തുവ്വക്കാട് ഗവ: യു.പി സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും കുടിവെള്ളം എത്തിച്ചുകൊടുത്തായിരുന്നു റുഖിയ സേവനരംഗത്തേക്ക് പ്രവേശിച്ചത്. അന്ന് അവള്‍ക്ക് പ്രചോദനം നല്‍കിയതാകട്ടെ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കുഞ്ഞാലന്‍ കുട്ടിയും.
കടുത്ത ജലക്ഷാമം നേരിട്ട കാലമായിരുന്നു അത്. ദുര്‍ഘടമായ കുന്ന് കയറി ഒരു കി.മി ദൂരം നടന്ന് സ്‌കൂളിലേക്ക് വെള്ളമെത്തിച്ച് റുഖിയ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസ പിടിച്ചുപറ്റി. പിതാവിന്റെ ആകസ്മിക മരണത്തോടെ അനാഥത്വവും പട്ടിണിയും രുചിച്ചറിഞ്ഞ ബാല്യകാലം അവള്‍ക്ക് ജീവിതയാഥാര്‍ഥ്യങ്ങളുടെ അനുഭവപാഠങ്ങള്‍ പകര്‍ന്നു നല്‍കി. റുഖിയയുടെ കഷ്ടപ്പാടുകള്‍ നേരിട്ട് മനസ്സിലാക്കിയ പ്രധാനാധ്യാപകന്‍ തന്റെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് അവള്‍ക്ക് നല്‍കി. തനിക്ക് ലഭിച്ച ഭക്ഷണം പാവപ്പെട്ട സഹപാഠികള്‍ക്ക് വീതിച്ചു നല്‍കി അവിടെയും റുഖിയ മാതൃകയായി.
കുടുംബ പ്രാരാബ്ധങ്ങള്‍ നിമിത്തം ഏഴാംക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്ന റുഖിയ സാക്ഷരതാ രംഗത്തേക്ക് പ്രവേശിച്ചു. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്ന പന്നിപ്പാറ ദേശത്തെ നിരക്ഷരരായ ജനങ്ങള്‍ക്ക് അക്ഷരജ്ഞാനം നല്‍കാന്‍ അവള്‍ക്ക് സാധിച്ചു.
അയല്‍വീട്ടില്‍ അടിച്ചുവാരിയും പാത്രം കഴുകിയും കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിച്ചുകൊടുത്തും കിട്ടിയ പണംകൊണ്ട് റുഖിയ തന്റെ കുടുംബം സംരക്ഷിച്ചു.
സാക്ഷരതാ പ്രവര്‍ത്തനമാണ് റുഖിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കുന്നും മലയും താണ്ടി ഒട്ടേറെ വീടുകള്‍ കയറിയിറങ്ങി അവള്‍ക്ക് സഞ്ചരിക്കേണ്ടിവന്നു. ഈ യാത്രയില്‍ തനിക്ക് ചുറ്റും ജീവിക്കുന്ന പച്ചയായ മനുഷ്യരുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാന്‍ അവസരം ലഭിച്ചതോടെ അറിവിനോടൊപ്പം പുതിയ അനുഭവങ്ങളുടെ വാതായനങ്ങള്‍ അവള്‍ക്കു മുമ്പില്‍ തുറക്കപ്പെട്ടു. സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി ജീവിക്കാന്‍ സാധിച്ചാല്‍ അതിനപ്പുറം പുണ്യം മറ്റൊന്നുമില്ലെന്ന്  റുഖിയ തിരിച്ചറിഞ്ഞു.
വിവാഹാലോചനകള്‍ പല ഭാഗത്തുനിന്നും റുഖിയയെ തേടിയെത്തി. സ്ത്രീധനമായി സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു ഏറെയും. പൊന്നും പണവും ലഭിക്കാന്‍ സാധ്യതയില്ലെന്നറിഞ്ഞതോടെ പല ആലോചനകളും വന്നപോലെ തിരിച്ചുപോയി. സ്ത്രീധനം ആവശ്യപ്പെടാത്തവനും അധ്വാനിച്ച് കുടുംബം പുലര്‍ത്താന്‍ തയ്യാറുള്ളവനുമായ പുതിയാപ്ല മതിയെന്ന് റുഖിയ വന്നവരോട് തീര്‍ത്തുപറഞ്ഞു.
പുരുഷന്മാരോട് സംസാരിച്ചു എന്ന ഒറ്റ കാരണത്താല്‍ വിവാഹമോചിതരായ രണ്ട് കൂട്ടുകാരികളുടെ ദുരനുഭവം റുഖിയയുടെ മനസ്സില്‍ കനത്ത പ്രഹരമേല്‍പ്പിച്ചു. തന്നെ പെണ്ണുകാണാന്‍ വന്ന അശ്‌റഫിനോട് റുഖിയ പറഞ്ഞതിങ്ങനെ: ''സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം സ്ത്രീപുരുഷന്മാരുമായും എനിക്ക് ഇടപഴകേണ്ടിവരും. ഇതിനെല്ലാം സമ്മതമാണെങ്കില്‍ മാത്രം എന്നെ വിവാഹം കഴിച്ചാല്‍ മതി.''
പതിനെട്ടാം വയസ്സില്‍ വിവാഹിതയായതോടെ റുഖിയ വെട്ടത്തൂരിലെ ഭര്‍തൃഗൃഹത്തിലേക്ക് താമസം മാറ്റി. ഗാനാലാപനവും ഒപ്പനയും വശമുണ്ടായിരുന്ന അവള്‍ വെട്ടത്തൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പരിശീലകയായി. റുഖിയയുടെ വിദഗ്ധ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ ഒപ്പനയിലും മാപ്പിളപ്പാട്ടിലും കോല്‍ക്കളിയിലും മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടി. ഇതേ കാലയളവില്‍ വെട്ടത്തൂര്‍ പ്രിയദര്‍ശിനി ക്ലബ്ബില്‍ അവള്‍ അംഗമായി.
പ്രദേശത്തെ യാഥാസ്ഥിതിക വിഭാഗം റുഖിയക്കെതിരെ പടവാളുയര്‍ത്തി. മുസ്‌ലിം പെണ്‍കുട്ടികള്‍ പൊതുവേദികളില്‍ മാപ്പിളപ്പാട്ടും ഒപ്പനയും കോല്‍ക്കളിയും അവതരിപ്പിക്കുന്നത് മതവിധികള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ക്ക് പരിശീലനം നല്‍കുന്ന മാപ്പിളപ്പെണ്ണ് ഇസ്‌ലാമിന് പുറത്താണെന്നും ചില കാരണവന്മാര്‍ പ്രഖ്യാപിച്ചു. ഇത് ഏറ്റുപിടിച്ച് ഒരു വിഭാഗം റുഖിയക്കെതിരെ പരസ്യമായി വിമര്‍ശനവുമായി രംഗത്തുവന്നു. റുഖിയയെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ സംഘടിച്ചു.
സ്ഥലത്തെ പള്ളി ഖത്തീബായിരുന്നു അന്ന് റുഖിയയുടെ സഹായത്തിനെത്തിയത്. മക്കയില്‍നിന്നും മദീനയിലേക്ക് പലായനംചെയ്ത പ്രവാചകനെയും അനുചരന്മാരെയും മദീനാ നിവാസികളായ പെണ്‍കുട്ടികള്‍ ദഫ്മുട്ടിയും പാട്ട് പാടിയും സ്വീകരിച്ചാനയിച്ച ചരിത്രസംഭവം അദ്ദേഹം വിശദീകരിച്ചതോടെ വിമര്‍ശകര്‍ പതിയെ പിന്‍വാങ്ങുകയായിരുന്നു. ഇത്തരം എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും റുഖിയക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയതാകട്ടെ ഭര്‍ത്താവായ അശ്‌റഫും. കൃഷിയും നാടന്‍ ജോലികളുമായി കഴിയുന്ന അശ്‌റഫ്  മിതഭാഷിയാണ്.
സുബ്ഹ് നമസ്‌കാരം കഴിഞ്ഞ് റുഖിയ ഭര്‍ത്താവിനുള്ള പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കും. വീടും പരിസരവും വൃത്തിയാക്കി കുളിച്ചൊരുങ്ങി രാവിലെ ഏഴുമണിയോടെ യാത്ര തിരിക്കുകയായി. കക്ഷത്തില്‍ ശരീരത്തോടു ചേര്‍ന്ന് തന്റെ സന്തത സഹചാരിയായ മുഷിഞ്ഞു പഴകിയ ബാഗ്. ബാഗ് നിറയെ പരാതികളായും അപേക്ഷകളായും പാവപ്പെട്ടവരുടെ നൊമ്പരങ്ങള്‍.
പത്ത് മണി വരെ റുഖിയ ബാഗുമായി വീടുകള്‍ കയറിയിറങ്ങും. അധികവും ശരീരം തളര്‍ന്ന് കിടപ്പിലായ രോഗികളുടെ വീടുകളായിരിക്കും. രോഗികളെ കുളിപ്പിക്കുക, മലബന്ധംകൊണ്ട് പ്രയാസമനുഭവിക്കുന്ന രോഗികളുടെ മലം നീക്കം ചെയ്യുക, മുറിവുകള്‍ കഴുകി മരുന്ന് വെച്ചുകൊടുക്കുക തുടങ്ങിയവയാണ് പ്രധാന ജോലികള്‍. എല്ലാറ്റിനുമുപരി സമാശ്വാസ വചനങ്ങളും സ്‌നേഹാന്വേഷണങ്ങളും.
പതിനൊന്ന് മണിയോടെ ഓഫീസുകള്‍ ലക്ഷ്യമാക്കി നീങ്ങും. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന്‍, പോലീസ്റ്റേഷന്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ നിത്യ സന്ദര്‍ശന സ്ഥലങ്ങളാണ്. താലൂക്ക് ഓഫീസ്, കലക്‌ട്രേറ്റ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം എന്നിവയില്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും കയറിയിറങ്ങും. ഓഫീസുകളില്‍ കയറിച്ചെന്ന് മടിയേതുമില്ലാതെ സധൈര്യം സംസാരിച്ച് കാര്യങ്ങള്‍ നേടിയെടുത്തേ തിരിച്ചു വരൂ. ഓരോ ദിവസവും എത്രയെത്ര കുടുംബങ്ങളാണ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് റുഖിയയുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നത്. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ദൈവം പറഞ്ഞയച്ച ഭൂമിയിലെ മാലാഖയാണെന്നാണ് റുഖിയയെപ്പറ്റി പല അമ്മമാരും പറയുന്നത്.
വോട്ട് ലക്ഷ്യമാക്കി സേവനരംഗത്തിറങ്ങുന്നവരും പത്രങ്ങളില്‍ വാര്‍ത്തയും ഫോട്ടോയും അച്ചടിച്ചുവരാന്‍ മാത്രമായി ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുമായ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് റുഖിയ വിലങ്ങുതടിയാകാറുണ്ട്. കാരണം അവര്‍ക്കു ലഭിക്കാത്ത സ്വീകാര്യതയും മാന്യതയുമാണ് നാട്ടുകാരുടെ മനസ്സില്‍ ഈ നാട്ടുമ്പുറത്തുകാരിപ്പെണ്ണിനുള്ളത്.
പ്രതിഫലേച്ഛ കൂടാതെ ഊണും ഉറക്കവുമൊഴിച്ച് സഹജീവികളുടെ ദുരിതങ്ങള്‍ക്ക് സഹായഹസ്തവുമായി ഓടിനടക്കുന്ന കൃശഗാത്രിയായ റുഖിയയെ തേടി ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ എത്തിക്കഴിഞ്ഞു.
ജനമൈത്രി പോലീസ് അവാര്‍ഡ്, സ്ത്രീ ശാക്തീകരണ അവാര്‍ഡ്, ഹംസ തയ്യില്‍ അവാര്‍ഡ്, എന്‍.വൈ.കെ യൂത്ത് അവാര്‍ഡ്, മലപ്പുറം ജില്ലിയിലെ ഏറ്റവും നല്ല ആരോഗ്യ പ്രവര്‍ത്തകക്കുള്ള  ഹെല്‍ത്ത് അവാര്‍ഡ്, അഴിമതി രഹിത സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ജേസീസ് അവാര്‍ഡ്, സോളിഡാരിറ്റി അവാര്‍ഡ്, പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി അവാര്‍ഡ്, കൈരളി ചാനല്‍ 'വേറിട്ട കാഴ്ചകള്‍' അവാര്‍ഡ് തുടങ്ങിയവ ഇവയില്‍ ചിലതുമാത്രം. 1996-ല്‍ മഹാരാഷ്ട്രയില്‍ വെച്ചു നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച സന്നദ്ധ സേവിക റുഖിയ മാത്രമായിരുന്നു.
ജനമൈത്രി പോലീസ് നടപ്പിലാക്കിവരുന്ന എല്ലാ പരിപാടികളിലും റുഖിയ നിറസാന്നിധ്യമാണ്. പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് വളണ്ടിയര്‍ (വാഴക്കാട്, കൊണ്ടോട്ടി), എന്‍. വൈ. കെ ഉപദേശക സമിതി അംഗം, എടവണ്ണപ്പാറ 'ആശ്വാസം' വളണ്ടിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത കൊച്ചുവീട്ടില്‍ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങളും ശില്‍പങ്ങളും മറ്റും ഒരു ചാക്കില്‍ കെട്ടിവെച്ചിരിക്കുകയാണ് റുഖിയ.
ജാതി-മത-രാഷ്ട്രീയ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്തേക്ക് റുഖിയയുടെ സേവനമേഖല വ്യാപിച്ചുകിടക്കുന്നു. അവളുടെ സാന്ത്വന സ്പര്‍ശവും സ്‌നേഹ പരിചരണവും അനുഭവിച്ചറിഞ്ഞ ആയിരങ്ങളാണ് അതിനുള്ള സാക്ഷ്യപത്രം. മുമ്പോട്ടുള്ള പ്രയാണത്തില്‍ നിഴല്‍പോലെ പിന്തുടര്‍ന്ന് പ്രോത്സാഹനം നല്‍കുന്ന ഭര്‍ത്താവിനെ കിട്ടിയതില്‍ റുഖിയ അതീവ സന്തുഷ്ടയാണ്. മക്കളില്ലാത്ത ദുഃഖം മറക്കുവാന്‍ അവരെ സഹായിക്കുന്നതും കര്‍മനിരതമായ ഈ ജീവിതമാണ്.
സുമനസ്സുകളില്‍നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് നാട്ടില്‍ ഒരു ആതുരസേവന കേന്ദ്രം തുടങ്ങണമെന്ന അഭിലാഷം മനസ്സില്‍ സൂക്ഷിച്ച് റുഖിയ കര്‍മ്മവീഥിയിലൂടെ വീണ്ടും യാത്ര തുടരുകയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top