2013 ന് നിറം കൊടുത്തവര്‍

ശബ്‌ന അക്ബര്‍ No image

ഉമ്മാക്ക് മുത്തം നല്‍കി മരിക്കാന്‍ പുറപ്പെട്ടവള്‍

ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും ജീവിതനിമിഷങ്ങള്‍ക്കിടയില്‍ മരണത്തെക്കുറിച്ച ചിന്തകള്‍ക്കോ പരാമര്‍ശങ്ങള്‍ക്കോ ഇടംകൊടുത്ത് രസം കെടുത്താന്‍ മിനക്കെടാത്തവനാണ് മനുഷ്യന്‍. അസുഖം അവനെ തളര്‍ത്തുന്നു. മരണത്തില്‍നിന്ന് ഓടിയൊളിക്കാന്‍ സ്വരുക്കൂട്ടിവെച്ച സമ്പത്ത് മുഴുവന്‍ വാരിക്കൂട്ടി ഹൈടെക് ഹോസ്പിറ്റലുകളില്‍ ശരണം തേടുന്നു. പക്ഷെ മരണം ആഘോഷിക്കുന്നവരെക്കുറിച്ച് നമ്മളെങ്ങനെ ചിന്തിക്കും? നെഞ്ചില്‍ വെടിയുണ്ട തറച്ചും ബുള്‍ഡോസറുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞും അധികാരത്തിന്റെ തീയില്‍ വെന്ത് കരിഞ്ഞും ജീവിതത്തില്‍നിന്ന് വിടപറയുമ്പോള്‍ താന്‍ ആരായിരുന്നെന്ന് തിരിച്ചറിയുന്നതിന് സഹവിപ്ലകാരികള്‍ക്ക് പ്രയാസമില്ലാതിരിക്കാന്‍ ശരീരത്തിലും വസ്ത്രത്തിലും പേരെഴുതി സമരക്കളത്തിലിറങ്ങുന്നവരുടെ മനസ്സിനെ നമ്മളെങ്ങനെ ഉള്‍ക്കൊള്ളും?
ഫെയ്‌സ്ബുക്കും കമ്പ്യൂട്ടര്‍ഗെയിമും സൗഹൃദങ്ങളുമൊക്കെയായി ആടിത്തിമര്‍ക്കാന്‍ പറ്റുന്ന 17 വയസ്സ് പ്രായമായിരുന്നു അസ്മക്ക്. പ്രമുഖ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാവ് മുഹമ്മദ് ബെല്‍താജിയുടെ പുത്രി അസ്മ ബെല്‍താജി. ജനാധിപത്യതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അധികാരഭ്രഷ്ടനാക്കിയ സൈനിക മുഷ്‌കിനെതിരെ പ്രതിഷേധിച്ച് ഈജിപ്ഷ്യന്‍ ജനത രചിച്ച വീരചരിതത്തിലെ തിളങ്ങുന്നൊരു പേജില്‍ അസ്മയുടെ നാമവും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
2013 ആഗസ്റ്റ് 14. സുബ്ഹ് നമസ്‌കാരത്തിന് കൂട്ടുകാരികളെ വിളിച്ചുണര്‍ത്തി സമരക്കാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞിട്ടുണ്ടവള്‍. അന്ന് ബുധനാഴ്ച പകലില്‍ നെഞ്ചിലും പിറകിലും വെടിയുണ്ടയേറ്റ് അസ്മ രക്തസാക്ഷിയായി.
ഉമ്മ സനാ ബെല്‍താജിയും സഹോദരങ്ങളും സുഹൃത്തുക്കളും അസ്മയെക്കുറിച്ച് വാചാലമാവുന്നത് ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാവും ഇവരെങ്ങനെ രക്തസാ ക്ഷിത്വത്തെ മാടിവിളിക്കുന്നുവെന്ന്. പരിക്കേറ്റവരെ പരിചരി ച്ചും മരണാസന്നര്‍ക്കായി ഖുര്‍ആന്‍ പാരായണം ചെയ്തും റാബിഅ അദവിയയില്‍ സജീവമാണ് അസ്മ. സനയുടെ പൊന്നുമോള്‍ ഏത് തിരക്കിലും ഇടക്കിടെ വന്ന് ഉമ്മയോ ടൊത്തിരിക്കും. ഉപ്പയെ കൂട്ടിരിക്കാന്‍ കിട്ടാത്തതില്‍ പരിതപി ക്കും. സമാധാനിപ്പിച്ച് പറഞ്ഞയക്കും. റാബിഅ അദവിയ യില്‍ ഉപരോധം നടത്തുന്നവര്‍ക്കെതിരെ സൈനിക നടപടി ആരംഭിക്കുന്നു. ടിയര്‍ഗ്യാസിന്റെ അസഹ്യത, വെടിയൊച്ച കള്‍, തെരുവില്‍ തീപടരുകയാണ്. അസ്മ ഉമ്മയോട് വുദു എടുക്കാന്‍ പോകണമെന്നാവശ്യപ്പെട്ടെങ്കിലും സാഹചര്യം അതിനനുവദിക്കാത്തവിധം അപകടത്തിലായി. കൈയിലു ണ്ടായിരുന്ന ബോട്ടിലിലെ വെള്ളം ഉമ്മ മെല്ലെ ഒഴിച്ച് കൊടു ത്ത് അസ്മ വുദു എടുത്തു. ഉമ്മക്കൊരു മുത്തം കൊടുത്ത് അവള്‍ അപ്രത്യക്ഷയായി. പരിക്കേറ്റവര്‍ക്ക് വെള്ളം കൊടു ക്കാനോ, അക്രമികളെ പ്രതിരോധിക്കാനോ..? അല്‍പ സമയത്തിനുള്ളില്‍ അസ്മക്ക് വെടിയേറ്റ വിവരവുമായി സഹോദരന്‍ ഉമ്മയെത്തേടിയെത്തി.
വുദു ചെയ്ത് സമരത്തിനിറങ്ങി നെഞ്ചില്‍ വെടിയുണ്ട തറച്ച് കിടക്കുന്ന അസ്മയുടെ ചുണ്ടില്‍ അല്ലാഹ്..റബ്ബീ... അല്ലാ... റബ്ബീ.... എന്ന് ആവര്‍ത്തിക്കുന്ന വാക്കുകള്‍ കേട്ട അത്ഭുതം അവളെ ചികിത്‌സിച്ച ഡോക്ടര്‍ ചാനലുകളില്‍ പങ്കുവെച്ചിരുന്നു. എന്തൊരു ശാന്തതയാണ വളുടെ മുഖത്ത്. എത്ര സമാധാനമുള്ള മരണം. അതങ്ങനെയായില്ലെങ്കിലേ അത്ഭു തപ്പെടാനുള്ളൂ. പൊന്നുമോള്‍ പുതുമണ വാട്ടിയായി ചമഞ്ഞൊരുങ്ങിയത് സ്വപ്നം കണ്ടാണ് പിതാവ് മുഹമ്മദ് ബെല്‍താജി ഇണയെയും കുഞ്ഞുങ്ങളെയുംകൂട്ടി റാബിഅ അദവിയയിലെത്തുന്നത്. അതി ര്‍ത്തിയില്‍ മക്കള്‍ കൊല്ലപ്പെടുമ്പോള്‍ മധുരം വിതരണം ചെയ്യുന്ന ഫലസ്തീ നിലെ ഉമ്മ പറഞ്ഞില്ലെ; സ്വര്‍ഗത്തിലെ ഹൂറിമാര്‍ക്ക് എന്റെ മക്കളെ ഞാന്‍ വിവാ ഹം ചെയ്തയക്കുകയാണെന്ന്.
മിടുക്കിക്കുട്ടിയായിരുന്നു അസ്മ. പഠനത്തില്‍ എന്നും മുന്നിലായിരുന്നവള്‍. അക്കാദമിക പഠനത്തിന് പുറമെ ഒരുപാട് വായിച്ച അസ്മക്ക് വീട്ടില്‍ സ്വന്തമായൊരു ലൈബ്രറി തന്നെയുണ്ടായിരുന്നു. കലയി ലും ചിന്തയിലും അവള്‍ നിപുണ   യായിരുന്നു. സുന്ദരമായി എഴുതുന്ന അസ്മ ആറ് മാസം മുമ്പാണ് അറബി കാലിഗ്രഫി പഠിച്ചെടുത്തത്. ഇഖ്‌വാനി കളുടെ പരസ്പരബന്ധവും തര്‍ബിയത്തും ഏറെ കൊതിയോടെ, ആരാധനയോടെ വായിച്ചതാണ് നമ്മള്‍. വല്യുമ്മയെയും വല്യുപ്പയെയും അവള്‍ ഒരുപാട് സ്‌നേഹിച്ചു. അയല്‍വാസികളുടെയും ബന്ധുക്കളുടെയും ക്ഷേമമന്വേഷിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്തു.
ഇഖ്‌വാന്‍ കുടുംബം പകര്‍ന്നു നല്‍കിയ വികാരവും അറിവിനോടുള്ള ആവേശവും അസ്മ യുടെ ചിന്തകളെ എന്നും ശക്തിപ്പെടുത്തിയിരിക്കാം. മെഡിക്കല്‍ കോഴ്‌സ് പഠിക്കാനും ലോകത്ത് ശാന്തി പകരാന്‍ പരിശ്രമിക്കാനുമായിരുന്നു അവളുടെ ആഗ്രഹം. ഉര്‍ദുഗാന്റെ സംഘാടനത്തില്‍ ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ പുറപ്പെടുകയും ഇസ്രയേല്‍ ആക്രമിക്കുകയും ചെയ്ത യാത്രാസംഘത്തില്‍ ചേരാന്‍ ഉപ്പയെ അവള്‍ പ്രേരിപ്പിച്ചു. ഉപ്പയുടെ കൂടെ ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമേകാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നവള്‍.
അറബ് നാട്ടിലാകെ നറുമണം പടര്‍ത്തിയ വസന്തം നശിപ്പിക്കാന്‍ പട്ടാളക്കാരെ സമ്മതിക്ക രുതെന്ന് ഇടക്കിടെ പറയാറുണ്ടായിരുന്നു അസ്മ. വിപ്ലവം തട്ടിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കു ന്നവരെക്കുറിച്ച് അവള്‍ കൂട്ടുകാരോട് പറഞ്ഞുകൊ ണ്ടേയിരുന്നു. വിപ്ലവം പൂര്‍ത്തീകരിച്ച സുവിശേഷ വുമായി ദൈവസന്നിധിയില്‍ പൊന്നുമോളോടൊത്ത് കഴിയാന്‍ അസ്മയുടെ മാതാപിതാക്കള്‍ക്കും അവളെ ഒരുപാട് സ്‌നേഹിക്കുന്ന സഹോദരങ്ങള്‍ക്കും എല്ലാ വിപ്ലവകാരികള്‍ക്കും കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കാം നമുക്ക്.

ജസീറയുടെ പരിസ്ഥിതി പാഠം

തോരണങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളുടെ നിറമുള്ള കൊടികളോ ഉയരുന്ന മുദ്രാവാക്യങ്ങളോ ഇല്ലാതെ 64 ദിവസം സെക്രട്ടറിയേറ്റിന് മുന്നിലും തുടര്‍ന്ന് ജന്ദര്‍ മന്ദറിന് മുന്നിലും ഇരിക്കുന്ന ഒരുമ്മയെയും അവരുടെ മൂന്ന് മക്കളെയും കേരളത്തിന് വളരെ പരിചയമാണിന്ന്. കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി കടപ്പുറത്തുകാരി ജസീറ അവളുടെ നിശ്ശബ്ദ സമരം തുടരുകയാണ്.
തന്റെ കുട്ടിക്കാലത്തെ നിറമുള്ള ഓര്‍മകളാണ് നീരൊഴുക്കും ചാല്‍ ബീച്ച് ജസീറക്ക് സമ്മാനിച്ചിട്ടുള്ളത്. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്നവളാണ് ജസീറ. സമൂഹത്തെ സേവിക്കാന്‍ സ്വയം തെരഞ്ഞെടുത്ത വഴിയാണത്; ഉപജീവനം മാത്രമല്ല. 2004-ല്‍ വിവാഹം കഴിഞ്ഞതിന് ശേഷം കോട്ടയത്തായിരുന്നു താമസം. മൂന്നാമത്തെ പ്രസവത്തിന് വേണ്ടിയാണ് വീട്ടിലേക്ക് തിരിച്ചുവന്നത്. പകല്‍വെളിച്ചത്തിലുള്ള മണല്‍കൊള്ള കണ്ട് ജസീറ നടുങ്ങി. മണല്‍കൊള്ള തടയുന്നതിന് വേണ്ടി കണ്ണൂര്‍ കലക്ടറേറ്റിലേക്കും പോലീസ് സ്റ്റേഷനിലേക്കുമുള്ള യാത്രകളെല്ലാം വിഫലമായി. അവസാനം അവള്‍ സമരവുമായി തെരുവിലേക്കിറങ്ങി. പന്ത്രണ്ടും പത്തും വയസുള്ള രണ്ട് പെണ്‍മക്കളും മുലകുടി മാറാത്ത ആണ്‍കുഞ്ഞും കൂടെയുണ്ട്. റിസ്‌വാനക്കും ഷിഫാനക്കും അവരുടെ ഉമ്മ എന്തിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് നന്നായി അറിയാം. പൂര്‍ണ പിന്തുണയോടെ ഭര്‍ത്താവ് അബ്ദുല്‍ സലാമും ഒപ്പമുണ്ട്. അദ്ദേഹം കൊച്ചിയില്‍ മദ്രസാ അധ്യാപകനാണ്. ജസീറയുടെ സമരത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ല.
സമരപ്പന്തലിലെത്തിയ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് നടപടിയെടു ക്കാമെന്ന് പറഞ്ഞത് അവളെ ഏറെ സന്തോഷിപ്പിച്ചെങ്കിലും ആ സന്തോഷം നീണ്ടുനിന്നില്ല. 64 ദിവസത്തോളം സെക്രട്ടറിയേറ്റിന് മുന്നില്‍ മൂന്ന് കുഞ്ഞു ങ്ങളെയും മാറത്തടക്കി കിടന്നിട്ടും യാ തൊരു ഫലവും കണ്ടില്ല. അവസാനം ദല്‍ഹിയിലേക്ക് സമരം മാറ്റാന്‍ ഈ പത്താം ക്ലാസ് യോഗ്യതക്കാരി തീരുമാ നിച്ചു. പര്‍ദ ധരിച്ചൊരു മലയാളി മുസ്ലിം സ്ത്രീ കേരള ഹൗസിന് മുന്നില്‍ സമരം നടത്തുന്നത് ശ്രദ്ധിക്കപ്പെട്ടു. പക്ഷെ നടപടിയെടുക്കാന്‍ അധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഉദ്യോഗസഥരും പോലീസും രാഷ്ട്രീയക്കാരനും തൊടാന്‍ കൈവിറ ക്കുന്ന മാഫിയാ സംഘങ്ങളാണ് ജസീറ യുടെ കഥയിലെ വില്ലന്‍. പരിഹാരം നല്‍കുമെന്ന് ജസീറയും നമ്മളും പ്രതീ ക്ഷിക്കുന്നവര്‍ തന്നെ ഇരട്ടറോളുകള്‍ കൈകാര്യം ചെയ്യുന്ന വില്ലന്മാരാവു ന്നതിന്റെ പതിവ് വാര്‍ത്തകള്‍ പുറത്തുവ രാനും സാധ്യതയുണ്ട്.
കൗതുകമുണര്‍ത്തുന്നതായിരുന്നു ജസീറയുടെ സമരത്തോടുള്ള ചിലരുടെ പ്രതികരണം. ലാഭ'നഷ്ടങ്ങളുടെ കണ ക്കുകള്‍ക്കപ്പുറം ഈ ഭൂമിയുടെ നില നില്‍പ്പിന് വേണ്ടി ജീവിതം കൊടുത്ത് സമരം ചെയ്യുന്ന ജസീറയുടെ നിഷ് കളങ്കതയെക്കുറിച്ച് സകല മാഫിയ കള്‍ ക്കും ആശ്രയം നല്‍കുന്ന രാഷ്ട്രീ യക്കാരന് എന്തറിയാം. ജസീറയുടെ മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കപ്പെട്ടവരുണ്ട്. ചിലര്‍ക്ക് അവരുടെ സമരത്തിന്റെ തീവ്രവാദവേരുകള്‍ തേടാനായിരുന്നു താല്‍പര്യം. എല്ലാ വിഡ്ഢിത്തങ്ങള്‍ക്കും ജസീറ യുക്ത മായ മറുപടി നല്‍കുന്നു. പത്രക്കാരെ കാണുമ്പോള്‍ സമനില തെറ്റി വിളമ്പുന്ന പ്രസ്താവനകളെ വെറുതെ വിടാന്‍ ഈ കണ്ണൂര്‍ കടപ്പുറത്തുകാരി തയ്യാറല്ല. പരസ്ഥിതി പാഠം സെമിനാര്‍ നടത്തിയും മാസിക വായിച്ചും ഉണ്ടാക്കിയതല്ല ജസീറ, ജീവിതമുറ്റത്ത് വന്നലക്കുന്ന തിരമാലയില്‍ ഇല്ലാതാവുന്ന കരയും കട ലും കണ്ട് നെഞ്ചില്‍ നെരിപ്പോടു മായാണ് അവര്‍ സമരത്തിനിറങ്ങി യിരിക്കുന്നത്.

റാബിഅ അദവിയയിലെ മാധ്യമപ്രവര്‍ത്തക

തങ്ങളുടെ നാട്ടിലെന്താണ് നടക്കുന്നതെന്ന് അധിനിവേശ സൈന്യത്തോടൊപ്പം വരുന്ന യൂറോപ്യന്‍ മാധ്യമപ്ര വര്‍ത്തകരില്‍നിന്ന് കേട്ട് വിശ്വസിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. പിടഞ്ഞ് കരയുന്ന കുഞ്ഞുങ്ങളുടെ ശബ്ദങ്ങള്‍ അന്ന് കേട്ടിരുന്നില്ല. സൈന്യത്തിന്റെ വീരവാദങ്ങളും കളിചിരികളും മാത്രം കേട്ടു. ഇരയുടെ ദൈന്യത കാമറകള്‍ കണ്ടതേയില്ല; പകരം ടാങ്കുകളും പടക്കോപ്പുകളുമായി നിര്‍മിക്കാന്‍ പോവുന്ന സമാധാന ലോകത്തിന്റെ സ്വപ്നങ്ങള്‍ മാത്രം ദൃശ്യങ്ങളായി പ്രക്ഷേപണം ചെയ്യപ്പെട്ടു. പക്ഷെ സാഹചര്യം മാറിയിരിക്കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാധ്യമ പ്രവര്‍ത്തനം മാറ്റിവെച്ചാല്‍ പോലും ദൃശ്യമാധ്യമ സ്ഥാപനങ്ങള്‍ തന്നെ ആശ്ചര്യപ്പെടുത്തുന്ന സംഘാടനമികവോടെ മുന്നോട്ട് കൊണ്ടുപോവാന്‍ വര്‍ഷങ്ങളായി ഇരകളാക്കപ്പെടുന്ന സമൂഹങ്ങള്‍ക്ക് സാധ്യമായിരിക്കുന്നു. ഹിജാബണിഞ്ഞവരും അല്ലാത്തവരുമായി വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യം അവയിലെല്ലാം തിളങ്ങി നില്‍ക്കുകയും ചെയ്യുന്നു. സ്ത്രീവിരുദ്ധമെന്ന് മുദ്രകുത്തപ്പെട്ട അറബ് മുസ്ലിം നാടുകളില്‍ മാധ്യമപ്രവര്‍ത്തകരായും സിനിമാ പ്രവര്‍ത്തകരായും സ്ത്രീകള്‍ ലോകത്തെ പുരോഗതിയിലേക്ക് വഴിനടത്തുന്നു.
അത്തരത്തിലൊരു താരകം കഴിഞ്ഞ ആഗസ്റ്റ് മാസത്തിലെ കലുഷിതമായ ഈജിപ്ത് തെരുവില്‍ പൊലിഞ്ഞുപോയി. തീതുപ്പി സംഹരിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന സായുധവാഹനങ്ങള്‍ ക്കിടയിലൂടെ ഒളിച്ചും മറഞ്ഞും റാബിഅ അദവിയയിലെ മീഡിയ സെന്ററിലേക്കെത്താന്‍ ശ്രമിക്കുകയായിരുന്നു ഹബീബ അഹ്മദ് അബ്ദുല്‍ അസീസ്. സ്വേച്ഛാധികാരികള്‍ക്ക് പ്രകീര്‍ത്തനം പാടുന്നവര്‍ക്ക് പകരം നന്മയുടെ വസന്തത്തിന്റെ പരിമളം ലോകത്തെ ആസ്വദിപ്പിക്കാന്‍ കുറച്ചെങ്കിലും മാധ്യമങ്ങളുണ്ട് ഇന്ന്. വിപ്ലവത്തിന്റെ ആവേശവും ആദര്‍ശവും നാടിന് പകര്‍ന്ന് കൊടുക്കാനും അക്രമികളുടെ ക്രൂരതയെയും വങ്കത്തത്തെയും ആക്ഷേപിക്കാനും അവര്‍ മുന്നിലാണ്.
അടുത്ത നിമിഷം പരിക്കേറ്റവരുടെ വിലാപങ്ങളും കൊല്ലപ്പെട്ടവര്‍ കുന്നുകൂടിക്കിടക്കുന്നതിന്റെ ഭീകരതയും നിറയുന്ന തെരുവിലേക്ക് ഹബീബ നടന്നുകയറുന്നതിനിടെ തന്റെ ഉമ്മയുമായി നടത്തിയ ചാറ്റിംഗ് സന്ദേശങ്ങള്‍ പറഞ്ഞു തരും അവര്‍ ആരായിരുന്നു, എന്തായിരുന്നു എന്നെല്ലാം. ഹബീബ അഹ്മദ് അബ്ദുല്‍ അസീസ്, വയസ് 26, ഷാര്‍ജയിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദം പൂര്‍ത്തികരിച്ചു. ആദ്യം 'ഗള്‍ഫ് ന്യൂസി'ല്‍ ജോലി ചെയ്തു. മരണപ്പെടുമ്പോള്‍ യു.എ.ഇ യില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'എക്‌സ്പ്രസി'ല്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അസുഖബാധി തയായിരുന്ന ഹബീബ മരുന്ന് കഴിച്ചാണ് പുറപ്പെടുന്നത്. രോഗവും കാലാവസ്ഥയും കാരണം വിറക്കുന്നുണ്ടവള്‍ക്ക്. ആശങ്കയറിയിക്കുകയും പരസ്പരം സമാധാനപ്പെടുത്തു കയും ആത്മധൈര്യത്തിന്റെ പ്രകാശം തെളിക്കുകയും ചെയ്യുന്ന സുന്ദരമായ വാക്കുകള്‍ ഹബീബയുടെയും ഉമ്മയുടെയും സന്ദേശങ്ങളില്‍ കാണാം.
എങ്ങനെ മീഡിയ സെന്ററിലെത്തുമെന്ന ഉമ്മയുടെ ചോദ്യത്തിന് മറുപടി നടന്നോ ഓടിയോ സാഹചര്യം എന്ത്  ചെയ്യിപ്പിക്കുന്നുവോ അങ്ങനെ എത്തും എന്ന് ഹബീബ. പ്രവചിക്കാന്‍ സാധ്യമല്ലാത്ത നിമിഷങ്ങളാണ് മുന്നിലുള്ളതെന്ന് ബോധ്യം. എന്നിട്ടും എങ്ങനെയാണവള്‍ മുന്നോട്ടുതന്നെ കാലടികള്‍ വെക്കുന്നത്? ഉമ്മയും മകളും ചേര്‍ന്ന് സ്വയം സാക്ഷാല്‍ക്കാരത്തിന്റെ പുതിയൊരു ജീവിതരചന തീര്‍ക്കുകയാണ്. ജനാധിപത്യത്തെയും വിപ്ലവത്തെയും ചോരയില്‍ മുക്കിക്കൊല്ലാന്‍ ഇറങ്ങിയ പട്ടാളക്കാര്‍ക്കിടയിലൂടെ ജോലിയോടും സമരത്തോടുമുള്ള ആവേശംകൊണ്ട് മുന്നോട്ട് നീങ്ങുന്നൊരു പെണ്‍കുട്ടി, അവള്‍ക്ക് കരുത്തും ആശീര്‍വാദങ്ങളും പ്രാര്‍ത്ഥന കളുമായി ഒരുമ്മയും. മകള്‍ ഉമ്മയോട് പ്രാര്‍ത്ഥിക്കാന്‍ പറയുന്നത് തനിക്ക് വേണ്ടി മാത്രമല്ല; പ്രിയ പുത്രി പട്ടാളക്കാരുടെ തോക്കിന്‍കുഴലിന് മുന്നിലാണെന്നറിയുന്ന ഉമ്മയുടെ പ്രാര്‍ത്ഥനയും അതിശയകരമാണ്. സ്‌ഥൈര്യവും ദൃഢവിശ്വാസവും കിട്ടാനവര്‍ ദൈവത്തിന് മുമ്പില്‍ കൈനീട്ടുന്നു; ഒരു ഹബീബക്ക് വേണ്ടിയല്ല, റാബിഅ അദവിയയിലെയും അന്നഹ്ദ യിലെയും എല്ലാ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി, ഈജിപ്തിലെ തെരുവുകളില്‍ ഒത്തുകൂടിയ എല്ലാ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി, അതോടൊപ്പം തന്റെ ഇണക്കും പ്രിയമകള്‍ക്കും. എല്ലാവരെയും ആ ഉമ്മ ദൈവത്തെ ഏല്‍പിച്ചി രിക്കുകയാണ്. അവര്‍ക്ക് വേണ്ട ആദര്‍ശത്തിന്റെ കരുത്തും വിശ്വാസത്തിന്റെ പിന്തുണയും നല്‍കണേ യെന്നവര്‍ നാഥനോട് തേടുകയാണ്.
ഹബീബക്കും ഉമ്മക്കും ഏറ്റവും ഉത്തമമായ സമ്മാനമാണ് ദൈവം നല്‍കിയത്. അവന് വേണ്ടി ജീവിക്കുകയും അവന് വേണ്ടി മരിക്കാന്‍ കഴിയുകയും ചെയ്യുക എന്ന സൗഭാഗ്യം.

ആലീസ് മണ്‍റോ

2013-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് അലീസ് മണ്‍റോ എന്ന കനേഡിയന്‍ എഴുത്തുകാരിക്കാണ്. തന്റെ 82-ാം വയസ്സില്‍ എഴുത്തില്‍ നിന്നും ഏകദേശം വിടപറയുന്ന സമയത്താണ് അവരെ തേടി നോബല്‍ സമ്മാനം എത്തിയത്. 'ഡിയര്‍ ഓഫ് ലൈഫ്' എന്ന പുസ്തകം എഴുതി ഇതാണ് തന്റെ അവസാനത്തെ കഥ എന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ഈ സൗഭാഗ്യം കൈവന്നത്. സാഹിത്യത്തിന് ലഭിക്കുന്ന പരമോന്നത പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കുമ്പോഴും അവരുടെ മുഖം ശാന്തമായിരുന്നു. താനൊരു വലിയ എഴുത്തുകാരിയാണെന്ന ഭാവമൊന്നും അവര്‍ക്കില്ല, 'തനിക്ക് എഴുതാന്‍ മാത്രമേ കഴിയൂ, വേറൊരു കഴിവുമില്ലെന്ന് അവര്‍ വിനയത്തോടെ പറയുന്നു.
നോബല്‍ സമ്മാനം നേടുന്ന പതിമൂന്നാമത്തെ വനിതയാണവര്‍. 1931 ല്‍ ജൂലൈയില്‍ കനഡയിലെ വിങ്ഹാം പട്ടണത്തില്‍ ജനനം. കര്‍ഷകനായ അച്ഛനും സ്‌കൂള്‍ അധ്യാപികയായ അമ്മയും. കൗമാരപ്രായത്തില്‍ എഴുത്ത് തുടങ്ങിയ ഇവരുടെ ആദ്യകഥ പ്രസിദ്ധീകരിച്ചത് ബിരുദ പഠനകാലത്താണ്; ഒരു നിഴലിന്റെ മാനങ്ങള്‍. പല ജോലികള്‍ ചെയ്തിട്ടുണ്ട്. 1951 ല്‍ ജയിംസ് മണ്‍റോയെ വിവാഹം ചെയ്ത് വിക്‌ടോറിയയിലേക്ക് താമസം മാറ്റി. അവിടെ മണ്‍റോ ബുക്‌സ് എന്ന പേരില്‍ ഒരു ബുക്‌സ്റ്റാള്‍ തുടങ്ങി. ആലീസ് ജയിംസ് ദമ്പതികള്‍ക്ക് നാല് കുട്ടികള്‍; ഷെയ്‌ല, കാതറിന്‍, ജന്നി, ആന്‍ഡ്രിയ. 21 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 1972 ല്‍ ആലീസും ജയിംസും വേര്‍പിരിഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം ജെറാള്‍ഡ്ഫ്രംലിനുമായി വിവാഹിതയായി. ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹം 2013 ഏപ്രിലില്‍ മരണപ്പെട്ടു.
1968 ല്‍ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷേഡ്‌സ് എന്ന കഥാസമാഹാരം പുറത്തിറങ്ങി. കനഡയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ ഗവര്‍ണര്‍ ജനറലിന്റെ അവാര്‍ഡ് ഈ പുസ്തകത്തിന് ലഭിച്ചു. ലൈവ്‌സ് ഓഫ് ഗേള്‍സ് ആന്റ് വിമന്‍, ദ മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍, ദ പ്രോഗസ് ഓഫ് ലവ്, ഓപന്‍ സീക്രട്ട്‌സ്, റണ്‍ എവേ, ഡിയര്‍ ലൈഫ് തുടങ്ങിയവ ആലീസ് മണ്‍റോയുടെ പ്രധാന കൃതികളാണ്. മാന്‍ബുക്കര്‍ ഇന്റര്‍നാഷനല്‍ പ്രൈസ്, ഗില്ലര്‍ പ്രൈസ്, ഒ.ഹെന്റ്രി അവാര്‍ഡ്, റിയ അവാര്‍ഡ്, കോമണ്‍ വെല്‍ത്ത് റൈറ്റേഴ്‌സ് അവാര്‍ഡ് എന്നിവ ഈ എഴുത്തുകാരിയെത്തേടിയെത്തി.

നേരിന്റെ പാട്ടുകാരി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സംഗീതത്തിന്റെയും കലയുടെയും മുഖ്യധാരയില്‍ ഇടം നേടിയിട്ടില്ലാ ത്തൊരു കലാസംഘം കോഴിക്കോട് സന്ദര്‍ശിക്കു കയും അവരുടെ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അടിപൊളിപാട്ടും ആട്ടവും നിറഞ്ഞ കാലത്ത് അനീതിക്കെതിരെയും അധര്‍മത്തിനെ തിരെയും പാടിയും ആടിയും അഭിനയിച്ചും ആവി ഷ്‌കാരത്തിന്റെ പുതിയ മാനങ്ങളിലേക്ക് തുടികൊട്ടി യുണര്‍ത്തുന്ന കൊച്ചു സംഘം; കബീര്‍ കലാമഞ്ച്. ശീതള്‍ സാത്തെയെന്ന യുവതിയാണ് കബീര്‍ കലാമഞ്ചിന്റെ താരം.
കബീര്‍ കലാമഞ്ചിന്റെ പ്രവര്‍ത്തകരെല്ലാം ദരിദ്രരും ചേരികളില്‍ കഴിയുന്നവരും ദലിതരുമാണ്. കലാകാരന്‍മാരും സാംസ്‌കാരിക നായകരും തൊട്ടാല്‍ പൊള്ളുമെന്ന് ഭയന്ന് അകലം പാലിക്കുകയും കണ്ണടക്കുകയും ചെയ്യുന്ന വിഷയങ്ങളാണ് കബീര്‍ കലാമഞ്ചിന്റെ എക്കാലത്തെയും പ്രമേയങ്ങള്‍. 2002-ലെ ഗുജറാത്ത് വംശീയ ഉന്മൂലനത്തോടുള്ള പ്രതികരണവുമായാണ് കബീര്‍ കലാമഞ്ച് അരങ്ങേറ്റം കുറിക്കുന്നത്; അതും മഹാരാഷ്ട്രയില്‍ നിന്ന്. ദലിതരോടുള്ള അവഗണനയും അഴിമതിയും അധികാരികളുടെ കൊള്ളരുതായ്മകളും സ്ത്രീക ളോടുള്ള അതിക്രമവുമെല്ലാം കബീര്‍ കലാമഞ്ചിന്റെ പാട്ടുകള്‍ക്ക് വരികളാവുകയും അവതരണങ്ങളുടെ പ്രമേയങ്ങളാവുകയും ചെയ്തു.
പാട്ടിനോടുള്ള താല്പര്യമാണ് ശീതള്‍ സംഘത്തില്‍ ചേരാനുള്ള കാരണം. പിന്നീട് കബീര്‍ കലാമഞ്ച് പ്രവര്‍ത്തകന്‍ തന്നെയായ സച്ചിന്‍ മാലിയുമായി വിവാഹം നടക്കുകയും ഇരുവരും സജീവ പ്രവര്‍ത്തകരാവുകയും ചെയ്തു. സമൂഹത്തിലുള്ള പ്രശ്‌നങ്ങളോട് പ്രതികരണവുമായി ഇറങ്ങിയ പ്രവര്‍ത്തകര്‍ പഠനവും ചര്‍ച്ചകളുമായി കബീര്‍ കലാമഞ്ചിന് സ്വന്തമായി ആശയവും കാഴ്ചപ്പാടുമെല്ലാം രൂപപ്പെടുത്തിയെടുത്തു. നീലയും ചുവപ്പും നിറങ്ങളുള്ള അവരുടെ കൊടി മാര്‍ക് സിസവും അംബേദ്കറിസവും ചേര്‍ന്നൊരു ആശയത്തെക്കുറിച്ച് സംസാരിക്കുന്നു. പാടാനുള്ള കൊതിതീര്‍ക്കാന്‍ കൂട്ടുകൂടിയ ശീതളിന്റെ സ്വരവും താളവും ഇന്ന് കബീര്‍ കലാ മഞ്ചിന്റെ ഊര്‍ജമാണ്. അരികുവല്‍ക്കരിക്കപ്പെട്ടവന്റെ വേദനയെക്കുറിച്ചവര്‍ പാടിക്കൊണ്ടിരിക്കുന്നു. ചേരിയിലെ ദലിതന്റെ ജീവിതപാഠങ്ങളില്‍ നെയ്ത രാഗങ്ങളും നാടിന്ന കങ്ങളുടെ കയ്പ്പും കറുപ്പും നന്നായി അനുഭവിച്ച മുഹൂര്‍ത്തങ്ങളുടെ അവതരണങ്ങളും കബീര്‍ കലാമഞ്ചിന്റെ വേദികളെ കരുത്തുറ്റതാക്കുന്നു.
കുഞ്ഞുനാളിലൊരു ക്ഷാമകാലത്ത് മുലപ്പാല്‍ വറ്റിയ അമ്മ ധാന്യപ്പൊടികൊണ്ട് മാവുണ്ടാക്കി വെള്ളമൊഴിച്ച് കുടിപ്പിച്ചതിന്റെ നോവും തെരുവില്‍ വിശന്ന് നിലവിളിക്കുന്ന മക്കളുടെ ദൈന്യതയില്‍ ഹൃദയം തകരുന്ന അമ്മമാരുടെ തേങ്ങലുകളും പാടിപ്പറയുന്ന ശീതളിന് സ്വരമിടറുന്നേയില്ല. അതേ ശീതള്‍ ഭഗത്‌സിംഗ് കൊളുത്തിവെച്ച വിപ്ലവത്തിന്റെ കനലുകള്‍ ഊതിക്കാച്ചുന്ന ആവേശത്തിന്റെ ചടുലതാ ളമായും വേദിയില്‍ നിറയുന്നു. രാഷ്ട്രീയക്കാരന്റെ വ്യാജമായ വാഗ്ദാനങ്ങളും വോട്ടുപിടുത്തവുമെല്ലാം നിശിതമായി കൈകാര്യം ചെയ്യപ്പെടുന്ന ആക്ഷേപഹാസ്യ അവതര ണങ്ങളിലും വിമര്‍ശനത്തിന്റെ വാക്കും വരികളുമായി നിറയു ന്നത് ശീതള്‍ സാത്തെ തന്നെയാണ്.
കബീര്‍ കലാമഞ്ച് പ്രവര്‍ത്തകരും ശീതള്‍ സാത്തെയും ഈ നാടിന്റെ നന്മക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചിരി ക്കുകയാണ്. അനീതിയില്ലാത്ത അംബേദ്കറും മാര്‍ക്‌സും സ്വപ്നം കണ്ട ഒരു സമൂഹം. അതാണ് ശീതളിന്റെ അമ്മയും സാക്ഷ്യപ്പെടുത്തുന്നത്; അവള്‍ ജീവിക്കുന്നത് അവളുടെ കുടുംബത്തിന് വേണ്ടിയല്ല ഈ ലോകത്തിന് വേണ്ടി യാണെന്ന്. ദേവിമാരെ പ്രീതിപ്പെടുത്തുന്നതില്‍ മുഴുകിയ വിശ്വാസിയായ അമ്മക്ക് ആദ്യം ശീതളും കബീര്‍ കലാമഞ്ചും പറയുന്നതൊന്നും മനസ്സിലായിരുന്നില്ല. ഭരണകൂടത്തിന്റെ വേട്ടയാടലും മകളുടെ ധീരമായ മുന്നോട്ടുപോക്കും അമ്മയെ മാറ്റിയിരിക്കുന്നു. വരാന്‍ സാധ്യതയുള്ള അപകടങ്ങ ളെക്കുറിച്ചടക്കം ഇന്ന് ശീതളിന്റെ അമ്മക്ക് ബോധ്യമുണ്ട്. തെറ്റ് ചെയ്യാത്ത തന്റെ മക്കള്‍ നന്മയുടെ പാതയിലാണെന്ന ഉറച്ച വിശ്വാസവും.
പറയാന്‍ ധൈര്യപ്പെടാത്ത സത്യങ്ങളും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഈണങ്ങളുമായി ആദിവാസി ഊരുകളിലും ചേരികളിലും സജീവമായ ശീതളിനെയും സംഘത്തെയും അധികാരികള്‍ക്ക് സഹിച്ചില്ലെന്നത് ജനാധിപത്യ ഇന്ത്യയില്‍ പ്രത്യേകം പറയേണ്ടതില്ല. പതിവ് പോലെ മാവോയിസ്റ്റ് ബന്ധം ആരോപിക്കലും അറസ്റ്റും കോടതിയുടെ കുറ്റവിമുക്തമാക്കലുമെല്ലാം മുറപോലെ നടക്കുന്നു. എണ്ണത്തില്‍ ചുരുങ്ങിയ പ്രവര്‍ത്തകരുള്ള കലാമഞ്ചിനെ അറസ്റ്റും വേട്ടയാടലുമൊന്നും തളര്‍ത്തിയില്ലെന്ന് മനസ്സിലാക്കാം. ജാമ്യത്തിലിറങ്ങിയ ഒഴിവിലാണ് കേരളത്തിലേക്ക് വണ്ടി കയറി പാട്ടവതരണങ്ങളുമായി അനീതികളോട് വീണ്ടും കലഹിക്കാനൊരുങ്ങിയിരിക്കുന്നത്.




Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top