വിവാഹമോചിതരുടെ സ്വന്തം നാട്

അബ്ദുല്ല പേരാമ്പ്ര No image

കുടുംബരംഗത്തും പരസ്പര ബന്ധങ്ങളുടെ മേഖലയിലും ഒരു കാലത്ത് കേരളം നല്ലൊരു സാമൂഹിക മാതൃക ലോകത്തിന് കാട്ടിക്കൊടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ശതാബ്ദക്കാലമായി കേരളീയ സാമൂഹിക ബന്ധങ്ങള്‍ക്കിടയില്‍ വലിയ പ്രതിബന്ധങ്ങള്‍ തലയുയര്‍ത്തി തുടങ്ങിയിരിക്കുന്നു. സ്ത്രീ പുരുഷ ബന്ധങ്ങള്‍ നീര്‍ക്കുമിളകളുടെ ആയുസ്സുമായാണ് മുന്നോട്ട് നീങ്ങുന്നത്. ഏതു സമയവും ഉപേക്ഷിക്കപ്പെടുന്നവരായി അച്ഛനമ്മമാര്‍ മാറിക്കൊണ്ടിരിക്കുന്നു.
ഉയര്‍ന്ന ചിന്താബോധമെന്നത് മൂല്യങ്ങളുടെ അവിശ്വാസമായാണ് പുതു തലമുറ സമീപിക്കുന്നത്. വിവാഹം കഴിക്കാതെ വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യം കാണിക്കുന്ന ആണ്‍-പെണ്‍ കൂട്ടങ്ങള്‍ മെട്രോ നഗരങ്ങളില്‍ മാത്രമല്ല ഇന്നൊരു വാര്‍ത്തയാകുന്നത്. തിരുവനന്തപുരത്തോ കൊച്ചിയിലോ ഇത്തരം കാഴ്ചപ്പാടുള്ളവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. വൈവാഹിക ബന്ധത്തിന്റെ ഊഷ്മളത അവരെ തെല്ലും ആവേശംകൊള്ളിക്കുന്നില്ല. മരണം വരെയുള്ള ഉടമ്പടി എന്ന നിലയില്‍ വിവാഹത്തെ നോക്കിക്കാണാനല്ല ഇവര്‍ക്ക് പ്രിയം. എപ്പോള്‍ വേണമെങ്കിലും വേര്‍പ്പെടുത്താവുന്ന താല്‍ക്കാലിക കോണ്‍ട്രാക്റ്റ് മാത്രമാണത്. വിവാഹാനന്തരം ഉണ്ടാവുന്ന മക്കള്‍ ബാധ്യതയായി ജീവിതകാലം മുഴുവന്‍ സഹിക്കാന്‍ തയ്യാറാവാത്ത ഈ പുതുയുവത്വം പടിഞ്ഞാറിനെ നോക്കിയാണ് ജീവിതസങ്കല്‍പം മെനയുന്നതെന്ന് കാണാം. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനത്തിന്റെ കണക്കെടുത്താല്‍ അവയില്‍ മിക്ക കേസുകളിലും ഇത്തരം സമീപനങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുടെ നീണ്ട നിര കണ്ടെത്താം. പങ്കാളികളില്‍ വിശ്വാസമില്ലാത്ത ഇണകള്‍ക്ക് എങ്ങനെ സുഖകരമായ വൈവാഹിക ബന്ധം കെട്ടിയുറപ്പിക്കാനാവുമെന്ന് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. കഴിഞ്ഞ കുറെ കാലമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചനങ്ങളിലധികവും പരസ്പര വിശ്വാസത്തിന്റെ അഭാവം നിമിത്തവും മാനസിക പൊരുത്തമില്ലായ്മയുടെ ഭാഗമായും സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. വിവാഹമോചനകേസുകള്‍ ഏതാണ്ട് 350 ശതമാനമായി കേരളത്തില്‍ വര്‍ധിച്ചതായാണ് പഠനങ്ങള്‍.
അണുകുടുംബങ്ങളുടെ വരവോടെ കുടുംബത്തിലെ ഇളംതലമുറയെ ഉപദേശിക്കാനോ ശാസിക്കാനോ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ഉള്ള സാധ്യത ഇന്ന് ഇല്ലാതായിരിക്കുന്നു. ഇന്റര്‍നെറ്റും മൊബൈലും ടെലിവിഷനും മാത്രമായി അവരുടെ ചങ്ങാത്തങ്ങള്‍ ഒതുക്കപ്പെട്ടുകഴിഞ്ഞു. താന്തോന്നിയായി വളരാനുള്ള സര്‍വ സാധ്യതയുമാണ് അവരെ നയിക്കുന്നത്. 1976-ലെ വിവാഹമോചന ആക്ടിലെ ഇളവുകള്‍ ബന്ധങ്ങള്‍ എളുപ്പത്തില്‍ വേര്‍പ്പെടുത്തുന്നതിന് സാധ്യതകള്‍ നല്‍കിയിരിക്കുകയാണ്. മുമ്പുണ്ടായിരുന്ന പോലെ ബന്ധം വേര്‍പ്പെടുത്തുന്നതിന് മുമ്പ് കുടുംബത്തിലെ മുതിര്‍ന്നവരുടെ ഭാഗത്തുനിന്നുണ്ടായിരുന്ന കൗണ്‍സിലിംഗുകളും ചര്‍ച്ചകളും കുടുംബത്തിനുള്ളില്‍ ഇന്നു നടക്കുന്നില്ല എന്നതാണ് പേടിപ്പെടുത്തുന്ന സ്ഥിതിവിശേഷം. ഒറ്റവാക്കില്‍ തീരുകയാണിതെല്ലാം. ഒരു വര്‍ഷക്കാലമായി വേര്‍പ്പെട്ടു കഴിയുന്ന വിവാഹിതര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിവാഹമോചനത്തിന് അപേക്ഷ നല്‍കാമെന്ന വ്യവസ്ഥ പുതിയ നിയമങ്ങളില്‍ ഉണ്ട്. മുമ്പിത് രണ്ടുവര്‍ഷമായിരുന്നു. വിശ്വാസവും ആത്മാര്‍ഥതയും നഷ്ടപ്പെട്ട് വൈവാഹിക ജീവിതം നരകതുല്യമായി കാണുന്നവരുടെ കണക്ക് വര്‍ധിക്കുന്നതാണ് സര്‍വേകള്‍. മദ്യപാനം, സാക്ഷരത, ആത്മഹത്യ എന്നിവയില്‍ മാത്രമല്ല കേരളം ഇന്ന് ഒന്നാം സ്ഥാനത്ത്; വിവാഹമോചനകേസുകളുടെ കാര്യത്തില്‍ കൂടിയാണ്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ് കേരളത്തിന്റെ ജനസഖ്യയെങ്കിലും ഇത്തരം വിഷയങ്ങളില്‍ നാം ഒന്നാമതായിത്തന്നെ നിലകൊള്ളുന്നു. രാജ്യത്ത് 23-43 ലക്ഷം വിവാഹമോചനക്കേസുകള്‍ ഓരോ വര്‍ഷവും നടക്കുന്നതില്‍ 8.36 ശതമാനം കേരളത്തില്‍ നിന്നുള്ളതാണ്. ഇത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കു പ്രകാരമുള്ളതാണെന്നോര്‍ക്കണം.
കേരളാ സര്‍ക്കാറിന്റെ കണക്കു പ്രകാരം ജനുവരി 2011 മുതല്‍ 2012 വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ കുടുംബ കോടതികളില്‍ 44326 വിവാഹമോചന കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്ന കേസുകള്‍ നോക്കിയാല്‍ നമ്മുടെ കേരളം എങ്ങോട്ടു നീങ്ങുന്നു എന്നതിന്റെ സൂചന ലഭിക്കും. 2005, 2006-ല്‍ ഇത് 8456 ആയിരുന്നുവെങ്കില്‍ 2012-ല്‍ 24815 ആയി വര്‍ധിച്ചു. കേരളത്തില്‍ തിരുവനന്തപുരമാണ് ഇതില്‍ ഒന്നാമതായി നിലനില്‍ക്കുന്നതെങ്കില്‍ ഏറ്റവും ചുരുങ്ങിയത് വയനാടാണ്. വയനാട്ടില്‍ നിന്ന് 341 വിവാഹമോചനക്കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.
എന്തുകൊണ്ടായിരിക്കാം കേരളത്തില്‍ ഇത്രയേറെ വിവാഹമോചനക്കേസുകള്‍ ഏറിവരാന്‍ കാരണം? സാമൂഹിക ചിന്തകര്‍ പറയുന്നത് മദ്യപാനം ഈ ദുരവസ്ഥക്ക് ഒരു കാരണമാണെന്നാണ്. ആ വസ്തുതയെ തള്ളിക്കളയാതിരിക്കുമ്പോള്‍ തന്നെ മദ്യപാനത്തോടൊപ്പം മറ്റു ചില ഗുപ്തമായ കാരണങ്ങള്‍ കൂടി ഇല്ലാതില്ല. മതബോധനങ്ങളില്‍നിന്ന് പുതു തലമുറ അകലുന്നതും പാശ്ചാത്യ ജീവിത ദര്‍ശനങ്ങളോട് അമിതമായ പ്രതിപത്തി കാണിക്കുന്നതും നാം കാണാതിരുന്നു കൂടാ. ലാഭനഷ്ടത്തിന്റെ തോതില്‍ ബന്ധങ്ങളെ നോക്കി ക്കാണുന്നതാണ് ഈ തലമുറയുടെ ഒരു പ്രത്യേകത. വ്യക്തിഗതമായി ചുരുങ്ങിപ്പോകുന്ന ഒരു പ്രവണതയാണിത്. ഭാര്യയെ തുല്യ പങ്കാളിയായി കാണാന്‍ തയ്യാറാകാത്ത കുടുംബങ്ങളില്‍ അരക്ഷിതബോധം അറിയാതെത്തന്നെ മുളപൊട്ടുന്നു. അന്നദാതാവ് ഗൃഹനാഥനാകുമ്പോള്‍ ഭരിക്കുന്നതിന്റെ ആത്മസംഘര്‍ഷങ്ങള്‍ ഒരു സ്ത്രീ എല്ലാ അര്‍ഥത്തിലും നേരിടുന്നുണ്ട്. സ്ത്രീയെ ഒരു ഭോഗവസ്തുവിനപ്പുറം കാണാന്‍ കഴിയുന്ന പുരുഷന്മാര്‍ എത്രയുണ്ടാവും? അങ്ങനെയല്ലാത്തിടത്തോളം അഹിതമായ ഇത്തരം അശുഭവാര്‍ത്തകള്‍ക്ക് നാം സാക്ഷിയാകേണ്ടി വരും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top