കണിയാപുരത്തെ പച്ചമരത്തണല്‍

മുഹാജിര്‍ ജെ No image

'ഒന്നില്‍നിന്ന് വിരമിച്ചാല്‍ മറ്റൊന്നില്‍ നിങ്ങള്‍ വ്യാപൃതരാവുക.' വിശുദ്ധഖുര്‍ആനിലെ ഈ വാചകത്തിന്റെ പൊരുള്‍ തിരുവനന്തപുരം കണിയാപുരത്തുകാരെ പ്രത്യേകം പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. കാരണം, ആ വരികളുടെ സത്ത ജീവിതത്തില്‍ പകര്‍ത്തിവെച്ച ഒരാള്‍ അവര്‍ക്കിടയില്‍ ജീവിച്ചിരിപ്പുണ്ട്. അവരുടെ സ്വന്തം ജൗഹറാത്ത.
കണിയാപുരത്തെ സാമൂഹ്യസേവന മേഖലയില്‍ വേറിട്ട പ്രവര്‍ത്തനമാതൃകയാണ് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. തണലിന്റെ ചെയര്‍പേഴ്‌സനാണ് ജൗഹറ എന്ന അറുപത്തഞ്ചുകാരി. ജന്മമെടുത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനം പ്രദേശത്തെ സ്ത്രീകളുടെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും കേന്ദ്രമായി മാറിക്കഴിഞ്ഞു. ട്രസ്റ്റിന്റെ ലോഗോക്കൊപ്പം എഴുതിവെച്ചിട്ടുള്ള വാചകങ്ങളെ അന്വര്‍ഥമാക്കിക്കൊണ്ട്...
ജനസേവനം ദൈവാരാധനയെന്ന വേദപാഠം ഉള്‍ക്കൊണ്ട് സമൂഹത്തിലെ അശരണര്‍ക്കും അവശര്‍ക്കും തങ്ങളാലാവുംവിധം താങ്ങുംതണലുമായി വര്‍ത്തിക്കാന്‍ സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന സ്ത്രീ കൂട്ടായ്മയാണ് തണല്‍. ചെയര്‍പേഴ്‌സണ്‍, ഭരണസമിതി അംഗങ്ങള്‍, പ്രവര്‍ത്തകര്‍ അങ്ങനെ നൂറുശതമാനവും ഒരു ലേഡീസ് ഒണ്‍ലി സംരംഭം. പിച്ചവെച്ച് ഒന്നരവര്‍ഷത്തിനുള്ളില്‍ മൂന്ന് സെന്റ് പുരയിടത്തില്‍ സ്വന്തമായി കെട്ടിടം വരെ ഉണ്ടായി തണലിന്. ഇവിടെ സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ സംരംഭവും തുടങ്ങിക്കഴിഞ്ഞു. വസ്ത്രങ്ങള്‍ തയച്ച് കടകളില്‍ വില്‍ക്കുന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞു. ബ്രാന്‍ഡ് നെയിമും തണല്‍ എന്ന് തന്നെ. നൈറ്റികളാണ് ആദ്യഘട്ടത്തില്‍ തയ്ക്കുന്നത്. ഭാവിയില്‍ മറ്റു വസ്ത്രങ്ങളും നിര്‍മിക്കാന്‍ ആലോചനയുണ്ട്. സ്ത്രീകള്‍ക്കായി കൗണ്‍സലിങ് ക്ലാസുകള്‍, തയ്യല്‍ പരിശീലനം എന്നിവ നടന്നുവരുന്നു. അടുത്ത് തന്നെ, വനിതകള്‍ക്ക് കമ്പ്യൂട്ടര്‍, മറ്റ് ചെറു കൈത്തൊഴിലുകള്‍ എന്നിവയില്‍ പരിശീലനം തുടങ്ങാന്‍ പദ്ധതിയുണ്ട്. വിദ്യാഭ്യാസരംഗത്ത് തണല്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നുണ്ട്. ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണവിതരണം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ ചെയ്യാനാഗ്രഹിക്കുന്ന നിര്‍ധനരും മിടുക്കരുമായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയും ഈ കൂട്ടായ്മ നടപ്പാക്കിവരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലെ വിവിധ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേത്തിക്കുക, പ്രദേശത്തെ അര്‍ഹരായവര്‍ക്ക് അത് ലഭിക്കാന്‍ വേണ്ട ഉപദേശവും സഹായവും ചെയ്യുക എന്നിവയും തണലിന്റെ ലക്ഷ്യങ്ങളാണ്.
തണല്‍ നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇനിയുമേറെ. അഗതികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍, ചികിത്സാസഹായം എന്നിവ മുടങ്ങാതെ നല്‍കിവരുന്നു. തണലിന്റെ കീഴിലെ മറ്റൊരു പ്രധാനസേവനമാണ് പലിശരഹിത വായ്പാ നിധി. പണത്തിന് അത്യാവശ്യമുള്ളവരുടെ കഴുത്തറുത്ത് വീടും സ്വത്തുക്കളും കൈക്കലാക്കുന്ന കൊള്ളപ്പലിശക്കാരുടെ നാട്ടില്‍ ഒരുവിധ ഈടും വാങ്ങിവെക്കാതെ ഒരു ആള്‍ ജാമ്യത്തില്‍ മാത്രം തണലില്‍ നിന്ന് വായ്പ ലഭിക്കും. ഒരു ലക്ഷം രൂപവരെ ഇങ്ങനെ വായ്പ നല്‍കുന്നുണ്ട്. നാട്ടിലെ ആവശ്യമുള്ള എല്ലാ വിഭാഗക്കാരും പലിശരഹിത നിധിയുടെ ഗുണഭോക്താക്കളായുണ്ട്.
തണലിന്റെ പ്രവര്‍ത്തനങ്ങളെ ഇങ്ങനെ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞുവെക്കുക എളുപ്പമാണ്. പക്ഷെ, അത്ര ലളിതമായിരുന്നില്ല കാര്യങ്ങള്‍. 'വളരെ സുന്ദരമായ നടക്കാത്ത സ്വപ്നം' എന്നതില്‍ നിന്ന് ഒരു യാഥാര്‍ഥ്യമായി അത് രൂപംപ്രാപിച്ചതിന്റെ നാള്‍വഴികള്‍കൂടി പരാമര്‍ശിക്കുമ്പോഴാണ് ജൗഹറ എന്ന വനിതയിലേക്ക് നമ്മള്‍ എത്തിച്ചേരുന്നത്, തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണ്‍ എന്ന സാങ്കേതികപദവിയില്‍ മാത്രമായി അവരെ ചുരുക്കാന്‍ കഴിയാതിരിക്കുന്നത്. കാരണം, സ്വന്തമായി ഓഫീസും കെട്ടിടവുമൊക്കെയുള്ള ഒരു ട്രസ്റ്റായി മാറുന്നതിനു മുമ്പും ഇവിടെ തണലുണ്ടായിരുന്നു, ജൗഹറ എന്ന വനിതയുടെ രൂപത്തില്‍. മറ്റൊരു വാചകത്തില്‍ പറഞ്ഞാല്‍, ജൗഹറ എന്ന സ്ത്രീ ഒറ്റക്ക് ചെയ്തുപോന്ന നിരവധി സേവനപ്രവര്‍ത്തനങ്ങളുടെ സംഘടിത രൂപമാണ് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. അവരുടെ വിശ്രമമില്ലാത്ത ഓട്ടത്തിന്റെയും കരളുരുകിയുള്ള പ്രാര്‍ഥനയുടെയും ഫലമാണ് ട്രസ്റ്റിന്റെ ഇന്നത്തെ രൂപഭാവങ്ങള്‍.
2012-മെയ് 22-നാണ് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപമെടുക്കുന്നത്. അതിനും അഞ്ച് വര്‍ഷത്തിനുമുമ്പ് തന്നെ ജൗഹറാത്ത ജീവകാരുണ്യപ്രവര്‍ത്തന രംഗത്തേക്ക് കടന്നിരുന്നു. 1999-ലാണ് ജൗഹറ ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലെ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ പഠിതാവായെത്തുന്നത്. വയസ്സപ്പോള്‍ അമ്പതിലെത്തിയിരുന്നു. ഖുര്‍ആന്‍ ഏറ്റവും പ്രാഥമികതലത്തില്‍ നിന്ന് പഠിക്കാന്‍ തുടങ്ങി. ഓര്‍മശക്തി പിടികൊടുക്കാന്‍ മടികാട്ടുന്ന പ്രായത്തിലെ ആ യജ്ഞം ഒട്ടും എളുപ്പമായിരുന്നില്ല. അവരുടെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ അക്ഷരങ്ങള്‍ എഴുതിപഠിക്കുകയായിരുന്നില്ല, ചിത്രങ്ങള്‍ വരക്കുമ്പോലെ വരച്ച് പരിശീലിക്കുകയായിരുന്നു. എന്നാല്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ അവര്‍ ഖുര്‍ആന്‍ സ്റ്റഡി ക്ലാസുകളില്‍ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. 12 വര്‍ഷങ്ങള്‍ കൊണ്ട് 30 ജുസ്ഉം പഠിച്ചു. 2011-ല്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടി. സേവനത്തിന്റെയും സഹജീവികളോട് കരുണകാട്ടേണ്ടതിന്റെയും പ്രാധാന്യവും ശ്രേഷ്ഠതയും മനസ്സിലാക്കിയത് ഖുര്‍ആന്‍ പഠനത്തിലൂടെയാണ്. അവരുടെ താല്‍പര്യം തിരിച്ചറിഞ്ഞ സ്റ്റഡി സെന്ററിലെ അധ്യാപകന്‍ പ്രോല്‍സാഹനം നല്‍കി. അങ്ങനെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള വഴികള്‍ തിരഞ്ഞു. ചികിത്സക്കും ഭക്ഷണത്തിനും പഠനത്തിനും ബുദ്ധിമുട്ടുന്നവരെ തന്നെക്കൊണ്ടാവും വിധം സഹായിക്കാന്‍ തുടങ്ങി. സുഹൃത്തുക്കളെയും പരിചയക്കാരെയും അതിനായി പ്രേരിപ്പിച്ചു.
ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ അധ്യാപികയായതോടെ ജൗഹറയുടെ വ്യക്തിബന്ധങ്ങള്‍ വളര്‍ന്നു. തിരുവനന്തപുരം പാളയം പള്ളിയോട് ചേര്‍ന്നുള്ള കമ്യൂണിറ്റി സെന്ററില്‍ ഖുര്‍ആന്‍ പഠിപ്പിക്കാനെത്തിയത് വലിയ മുതല്‍ക്കൂട്ടായി. സമൂഹത്തിലെ വിവിധതുറകളില്‍ പെട്ടവരുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇത് സഹായിച്ചു. ജൗഹറാത്തയുടെ സേവനപ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ പലരും തങ്ങളുടെ സക്കാത്ത് - സദഖകളുടെ വിഹിതം ഇവരെ ഏല്‍പിക്കാന്‍ തുടങ്ങി. സാമാന്യം വലിയ ഒരുതുക ഈ രീതിയില്‍ ഇവരുടെ പക്കല്‍ എത്തിയപ്പോള്‍ അവര്‍ ചിന്തിച്ചു. അര്‍ഹരിലേക്ക് എത്തുമെന്ന ഉറപ്പിലാണ് ഇവര്‍ തന്നെ പണമേല്‍പിക്കുന്നത്. അത് ശരിയായ രീതിയില്‍ നടപ്പാക്കാന്‍ താന്‍ ഒറ്റക്ക് വിചാരിച്ചാല്‍ കഴിയില്ല. തന്റെ പ്രദേശത്തെ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചു. അങ്ങനെ സമീപപ്രദേശങ്ങളിലെ ഇസ്‌ലാമിക പ്രവര്‍ത്തകരായ സഹോദരങ്ങളെയും തന്റെ ചെറിയ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചു. അവര്‍ വഴി അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും സഹായം വിതരണം ചെയ്യുകയും ചെയ്തു. കണക്കും മറ്റും കൃത്യമായി സൂക്ഷിക്കണമല്ലോ, അതിനായി സാമ്പത്തിക സഹായങ്ങള്‍ 'തണല്‍ സഹായ നിധി' എന്ന പേരില്‍ രശീതി തയ്യാറാക്കി വിതരണം ചെയ്യാനും തുടങ്ങി.
ഒരു റമദാനില്‍ റിലീഫ് വിതരണം പൊതുപരിപാടിയായി സംഘടിപ്പിച്ചപ്പോഴാണ് കളി കൂടുതല്‍ കാര്യമായത്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരു ട്രസ്റ്റിന്റെ കീഴില്‍ സംഘടിപ്പിച്ചുകൂടേ എന്ന് പരിപാടിയുടെ ഉദ്ഘാടകന്‍ ഒരു ചോദ്യമെറിഞ്ഞു. സേവനത്തിന്റെ ഫലം കൂടുതല്‍ പേരിലേക്ക് എത്തിച്ചേരാനും കൂടുതല്‍ വിപുലമായ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താനും അത് വഴിയൊരുക്കുമെന്നും കൂട്ടത്തില്‍ പറഞ്ഞു. ജൗഹറാത്തായുടെ മനസ്സില്‍ ഈ ആശയം അന്നുതന്നെ വേരുറച്ചു. പിന്നെ മറുത്തൊന്നും ചിന്തിക്കാന്‍ നിന്നില്ല. അടുത്ത നിമിഷം മുതല്‍ ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിനുള്ള സാങ്കേതിക നൂലാമാലകള്‍ എന്തെന്നന്വേഷിക്കുകയായിരുന്നു അവര്‍. പലരോടും അഭ്യര്‍ഥിച്ച് ചിലപ്പോഴെങ്കിലും വഴക്കടിച്ച് ട്രസ്റ്റിന്റെ ബൈലോ എഴുതിത്തയ്യാറാക്കി. ട്രസ്റ്റും രജിസ്റ്റര്‍ ചെയ്തു. ഓഫീസ് സ്വന്തം വീട് തന്നെ.
ജനങ്ങളെ, പ്രത്യേകിച്ചും സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണ് യഥാര്‍ഥ സേവനമെന്ന് ഇതിനകം അവര്‍ മനസ്സിലാക്കിയിരുന്നു. അതിനാദ്യം തൊഴില്‍ പരിശീലനത്തിനും മറ്റും സൗകര്യപ്രദമായ ഒരു കെട്ടിടം വേണം. ഒരു ആശയം മനസ്സിലുദിച്ചാല്‍ പിന്നെ എങ്ങനെ എന്ന് ചോദ്യമില്ല. വരും വരായ്കകളെക്കുറിച്ചോ അതിനുള്ള പ്രയാസങ്ങളെക്കുറിച്ചോ ആശങ്കയില്ല. അത് യാഥാര്‍ഥ്യമാക്കാന്‍ തന്നാലാവുന്നത് ഉടന്‍ ചെയ്യുക, കൂടെ ആരെങ്കിലുമൊക്കെ ഉണ്ടാകുമോ എന്നും തലപുണ്ണാക്കലില്ല. ഒറ്റക്കെങ്കില്‍ ഒറ്റക്ക്. സ്ഥലത്തെ ഉദാരമതിയായ ഒരു ധനികന്‍ പ്രദേശത്തെ കുറച്ചധികം ഭൂമി വാങ്ങിയതായറിഞ്ഞ ജൗഹറ നേരെ ചെന്ന് ചോദിച്ചു. അല്‍പം സ്ഥലം ട്രസ്റ്റിനായി നല്‍കണം. പിറ്റേന്ന് തന്നെ മറുപടി കിട്ടി. സൗകര്യമുള്ളിടത്ത് 3 സെന്റ് സ്ഥലം കണ്ടെത്തിക്കൊള്ളൂ, വാങ്ങിനല്‍കാന്‍ തയ്യാറെന്ന്.
പിന്നെ സ്ഥലം അന്വേഷിക്കലായി. കണിയാപുരം റെയില്‍വെ സ്റ്റേഷനു സമീപത്തായി 3 സെന്റ് സ്ഥലം. സെന്റൊന്നിന് 5 ലക്ഷം രൂപക്ക് വില്‍ക്കാനുള്ളതായി അറിഞ്ഞു. വാങ്ങിനല്‍കാമെന്നേറ്റയാള്‍ വന്നുകണ്ട് അഡ്വാന്‍സും നല്‍കി. പിന്നീടാണ് ഒരുപ്രശ്‌നം ശ്രദ്ധയില്‍പെടുന്നത്.
സ്ഥലം റെയില്‍വെയുടെ അപ്രോച്ച് റോഡിലാണ്. കെട്ടിടം നിര്‍മിക്കണമെങ്കില്‍ റെയില്‍വെയുടെ എന്‍.ഒ.സി വാങ്ങണം. ഈ ജന്മം അത് നടക്കില്ലെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉപദേശിച്ചു. അതോടെ വേറെ സ്ഥലത്തിന് അന്വേഷണം തുടങ്ങി. സംഗതി അനിശ്ചിതമായി നീണ്ടുപോയപ്പോള്‍ ജൗഹറാത്ത ഉറപ്പിച്ചു. സ്ഥലം അത് മതി, എന്‍.ഒ.സി താന്‍ സംഘടിപ്പിച്ചുകൊള്ളാം.
പിന്നെ നീണ്ട ഒരു വര്‍ഷത്തോളം ജൗഹറാത്ത ഓടുകയായിരുന്നു, വിശ്രമമില്ലാതെ.…
തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജറുടെ ഓഫീസിലെ ഒരു മേശയില്‍ നിന്ന് മറ്റൊന്നിലേക്ക് തന്റെ അപേക്ഷയുമായി ഇവര്‍ തളരാതെ ഓടി... അറുപത് കഴിഞ്ഞ ഒരു സ്ത്രീ അതും സ്വന്തം ആവശ്യത്തിനല്ലാതെ ഇങ്ങനെ പെടാപാട് പെടുന്നത് ഓഫീസിലെ പലര്‍ക്കും അതിശയമായിരുന്നു. പലവിധ നിയമപ്രശ്‌നങ്ങളുന്നയിച്ച് റെയില്‍വെ അധികൃതര്‍ എന്‍.ഒ.സി തടഞ്ഞു. അതിന് മുമ്പ് തന്നെ കെട്ടിടത്തിനായി പിരിവ് തുടങ്ങിയിരുന്നു. എന്‍.ഒ.സി കിട്ടാന്‍ വൈകിയപ്പോള്‍ ജൗഹറാത്ത കുഴങ്ങി. വിശ്വസിച്ച് പണം തന്നവരോട് എന്ത് മറുപടി പറയും. ഒടുവില്‍ ജൗഹറാത്തയുടെ പരിശ്രമം കണ്ട് കനിവ് തോന്നിയ ഒരുദ്യോഗസ്ഥന്‍ ബുദ്ധി ഉപദേശിച്ചു. ഈ സ്ഥലത്തേക്കുള്ള ഉപയോഗത്തിനായി സമീപത്തെ ഏതെങ്കിലും വീട്ടുകാരില്‍ നിന്ന് സമ്മതപത്രം വാങ്ങി സമര്‍പ്പിച്ചാല്‍ റെയില്‍വെ ഭൂമിയിലൂടെയുളള വഴി അവര്‍ ലീസിന് തരൂം. തനിക്ക് തീരെ അപരിചിതമായ ആ സ്ഥലത്തെ ഓരോ വീടിലും കയറിയിറങ്ങി കരഞ്ഞപേക്ഷിച്ച് ജൗഹറാത്ത സമ്മതപത്രം സംഘടിപ്പിച്ചു. 8 വര്‍ഷത്തിനും മുമ്പുള്ള അപേക്ഷകള്‍ പൊടിപിടിച്ച് കിടക്കെയാണ് ഒരുവര്‍ഷം കൊണ്ട് ജൗഹറാത്ത റെയില്‍വെയുടെ കണ്ണ്തുറപ്പിച്ചത്.
ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികത്തിലാണ് എന്‍.ഒ.സി ലഭിക്കുന്നത്. പിന്നെ ഒട്ടും വൈകാതെ നിര്‍മാണം തുടങ്ങി. നാലുമാസം കൊണ്ട് പണിപൂര്‍ത്തിയാക്കി ഉദ്ഘാടനവും ചെയ്തു. ആരോഗ്യമന്ത്രി വി.എസ് ശിവകുമാറാണ് തണലിന്റെ ഇരുനിലമന്ദിരം നാടിന് സമര്‍പ്പിച്ചത്.
ഓഫീസിലേക്ക് വേണ്ട ഫര്‍ണിച്ചര്‍, ഫാന്‍ തുടങ്ങിയവയെല്ലാം സ്‌പോണ്‍സര്‍ ചെയ്യിച്ചു. പണം കണ്ടെത്തലാണ് ഏറ്റവും വലിയ വെല്ലുവിളി. സ്ത്രീകളെന്ന നിലയില്‍ എല്ലാവര്‍ക്കും പ്രയാസമുള്ളതും ഇതാണ്. പക്ഷെ, സേവനത്തിനായി ഉഴിഞ്ഞുവെച്ച ജൗഹറാത്തക്ക് ഈ പ്രയാസം ഏറെ ആനന്ദം നല്‍കുന്ന ഒന്നാണ്. പരിചയപ്പെടുന്നവരോടൊക്കെ അവര്‍ തണലിനെ പരിചയപ്പെടുത്തും. ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തും. കിട്ടുന്നത് വാങ്ങും. അതിലൊട്ടും നാണിക്കുന്നില്ല. കാരണം, വാങ്ങുന്നത് തനിക്ക് വേണ്ടിയല്ല, ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാനാണ്. അതിന്റെ ഗുണം ലഭിക്കുന്നത് ആരോരുമില്ലാത്ത പാവങ്ങള്‍ക്കാണ്. തനിക്കുള്ള പ്രതിഫലം പരലോകത്തും. അതുകൊണ്ട് തന്നെ പിന്മാറുക എന്നത് ഇവരുടെ അജണ്ടയിലില്ല.
ഒറ്റക്ക് ഒരു പ്രസ്ഥാനമായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ നല്ലൊരു സംഘാടകകൂടിയാണ് ജൗഹറ. സംഘാടനത്തില്‍ സ്വന്തം ശൈലി തന്നെ സൃഷ്ടിച്ചിട്ടുണ്ട് ഇവര്‍. ട്രസ്റ്റിലെ ഭരണസമിതിയംഗമായ ഒരു സഹോദരിയുടെ അനുഭവം അതിന് തെളിവാണ്. ട്രസ്റ്റ് പുതിയ കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്ന സന്ദര്‍ഭം. ഒരു രാത്രി മൊബൈല്‍ ചിലക്കുന്നു. ജൗഹറാത്തയാണ് അങ്ങേതലക്കല്‍. നാളെ തണലിന്റെ 'ഭരണസമിതി യോഗമുണ്ട്. കൃത്യസമയത്ത് എത്തിച്ചേരണം. ജൗഹറാത്തയുടെ പലപ്രവര്‍ത്തനങ്ങളിലും സഹകരിക്കുക മാത്രം ചെയ്തിട്ടുള്ള സഹോദരി നെറ്റി ചുളിച്ചു. 'അതിന് ഞാനെന്തിനാണ് വരുന്നത്. ഞാന്‍ അതില്‍ അംഗമല്ലല്ലോ...'' ജൗഹറാത്തയുടെ മറുപടി. 'അങ്ങനെയാണോ, സാരമില്ല, താനും ഇനിമുതല്‍ ഭരണസമിതിയിലെ അംഗമായിരിക്കും'. ഇതാണ് ജൗഹറാത്തയുടെ പ്രവര്‍ത്തനശൈലിയുടെ ട്രേഡ്മാര്‍ക്ക്. കേവലം വണ്‍മാന്‍ ഷോയല്ല. ഓരോരുത്തരുടെയും കഴിവുകള്‍ കണ്ടെത്തി അത് വേണ്ടവിധം ഉപയോഗപ്പെടുത്തുക. ഒറ്റക്ക് ചെയ്യാനാവുന്നതിനെക്കാള്‍ വലിയ കാര്യങ്ങള്‍ കൂട്ടായ്മയിലൂടെ സാധ്യമാകും. ചെറിയ ചെറിയ നന്മകള്‍ കൂട്ടായ്മയിലൂടെ വലിയ സന്ദേശമായി സമൂഹത്തിലേക്ക് പടരും. ഒരുപക്ഷെ, വലിയ മാറ്റങ്ങള്‍ക്ക് അത് വഴിതെളിക്കും. പ്രദേശത്തെ സഹപ്രവര്‍ത്തകര്‍ക്ക് ഒരുകാര്യം നല്ല ബോധ്യമുണ്ട്. ഏത് പാതിരാത്രിയിലും ജൗഹറാത്തയുടെ ഒരു കോള്‍ തങ്ങളെത്തേടിയെത്താം. ആ കോള്‍ മിസ്സാക്കാനാവില്ല. അവരുടെ സ്‌നേഹപൂര്‍വമായ 'ഉത്തരവുകള്‍' അനുസരിക്കാതിരിക്കാനുമാവില്ല.
സാമൂഹ്യ—രാഷ്ട്രീയ രംഗത്ത് ഉജ്ജ്വല മാതൃകക്കുടമയായ വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ ചെറുമകളാണ് ഇവര്‍. പ്രീഡിഗ്രിയോടെ പഠനം അവസാനിപ്പിച്ച് വൈവാഹിക ജീവിതത്തിലേക്ക് കടന്ന ജൗഹറക്ക് പിതാമഹന്റെ ജീവിതവും പ്രവര്‍ത്തനവും തീര്‍ച്ചയായും പ്രചോദനവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കിയിട്ടുണ്ട്. തന്റെ പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിന്റെ പൂര്‍ണപിന്തുണ ഉറപ്പാക്കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബിസിനസുകാരനായ ഭര്‍ത്താവ് ബഷീര്‍ ഇവര്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുന്നു. മൂന്ന് പെണ്‍മക്കളും മരുമക്കളുമൊക്കെ ഉമ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും കൂടെ നില്‍ക്കുന്നു. ജൗഹറാത്തയുടെ സമര്‍പ്പിതജീവിതത്തിന് കരുത്താകുന്നത് കുടുംബത്തിന്റെ ഈ പിന്തുണയാണ്. പടച്ചവനിലുള്ള അകമഴിഞ്ഞ പ്രതീക്ഷയോടൊപ്പം...
എന്നാല്‍ ശൈശവദശയിലുള്ള ഒരു സംരംഭത്തെ കൈപിടിച്ച് നടത്താന്‍ വാര്‍ധക്യത്തിലേക്ക് കടന്ന തന്റെ നേതൃത്വം മതിയാകില്ല എന്ന് ജൗഹറാത്ത പറയുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ഊര്‍ജ്ജസ്വലമായ യുവനേതൃത്വം ട്രസ്റ്റിനെ നയിക്കാന്‍ മുന്നോട്ട് വരണമെന്നാണ് ഇവരുടെ ആഗ്രഹം. പക്ഷെ, അതുവരെ വെറുതെയിരിക്കാന്‍ അവര്‍ക്ക് മനസ്സില്ല. തണലിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, ജമാഅത്ത് വനിതാഘടകത്തിന്റെ ഏരിയാകണ്‍വീനറെന്ന നിലയിലെ ചുമതലകള്‍, ഏഴിടത്ത് ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ അധ്യാപനം... ജൗഹറാത്ത ബിസിയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top