സുഹ്‌റ പടിപ്പുര:  പറന്നകന്ന കനല്‍പക്ഷി

അത്തീഫ് കാളികാവ് No image

മലയാള സാഹിത്യത്തിന് നവയൗവനം പകര്‍ന്ന കവയിത്രി സുഹ്റ പടിപ്പുര വിടചൊല്ലുമ്പോള്‍ മനസ്സിലേക്ക് കടന്നു വരുന്നത് കഴിഞ്ഞ മെയ് 26-ന് അവര്‍ തന്റെ എഫ്.ബി വാളില്‍ കുറിച്ചിട്ട കൊച്ചു വാചകങ്ങളാണ്.
'ഇവിടെ ഉണ്ടായിരുന്നു എന്നറിയിക്കാന്‍ പൊഴിച്ചിട്ട രണ്ടു തൂവലുകള്‍.'
തന്റെ കവിതാസമാഹാരങ്ങളായ 'ഇനി കനല്‍പക്ഷി പാടട്ടെ', 'ഇന്ത്യ എന്റെ രാജ്യമാണ്' എന്ന രണ്ട് കൃതികളെയാണ് അവര്‍ ചിറകുകള്‍ എന്ന് വിളിച്ചത്. പരിസ്ഥിതിയെ തച്ചുതകര്‍ക്കുന്ന മനുഷ്യന്റെ ആര്‍ത്തി ചിന്തക്കെതിരെ എഴുത്തിലൂടെ നിരന്തരം കലഹിച്ചു. പൊള്ളുന്ന അക്ഷരങ്ങള്‍ ചിറകുകളാക്കി വിപ്ലവബോധം കെടാതെ സൂക്ഷിച്ച എഴുത്തുകാരിയായിരുന്നു സുഹ്റ പടിപ്പുര. കവിതകളിലൂടെയും കഥകളിലൂടേയും മലയാളിയോട് ഹൃദയംകൊണ്ട് സംവദിച്ച എഴുത്തുകാരിയായിരുന്നു സുഹ്റ പടിപ്പുര.
2017-ലാണ് അവരുടെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന പുരുഷക്കോയ്മയെ അവര്‍ നിരന്തരം ചോദ്യംചെയ്തു. രാജ്യത്ത് സ്വാസ്ഥ്യം കെടുത്തി വാഴുന്ന ഫാസിസ്റ്റ് കടന്നു കയറ്റത്തിനെതിരെ ഭീതിയൊട്ടുമില്ലാതെ തൂലിക ചലിപ്പിച്ചു. കണ്ണുള്ളവര്‍ കാണാതെ പോവുന്ന ലോകത്തെ സുഹ്റ തന്റേതായ ഭാഷയില്‍ അടയാളപ്പെടുത്തി.
ജീവിതകാലം മുഴുവന്‍ മക്കള്‍ക്കു വേണ്ടി എരിഞ്ഞതീര്‍ക്കുന്ന വൃദ്ധജീവിതങ്ങള്‍ക്കു വേണ്ടി അക്ഷരങ്ങള്‍കൊണ്ട് വിലപിച്ചു. 'കനല്‍ പക്ഷികള്‍ പാടട്ടെ' എന്ന കവിതാ സമാഹാരത്തിലെ നാല്‍പ്പതിലേറെ കവിതകള്‍ അവരുടെ ഉള്ളിലെ വിഹ്വലതകള്‍ നമ്മോട് ഒന്നൊന്നായി വിളിച്ചു പറയുന്നതായിരുന്നു.
'മക്കളറിയാന്‍' എന്ന കവിതയില്‍ ഇരുണ്ട് മെലിഞ്ഞ് ചുക്കിച്ചുളിഞ്ഞ ഒരമ്മയെ വീണുകിട്ടിയിട്ടുണ്ട് എന്ന തുടക്കം തന്നെ വായനക്കാരെ പിടിച്ചിരുത്തുന്നു. കളഞ്ഞുകിട്ടുന്നത് പലതും വലിച്ചെറിയുന്നതുകൂടിയാണ് എന്ന ധ്വനിയും ആ വരികളില്‍ ഒളിഞ്ഞിരിക്കുന്നു.
പിന്നീട് മക്കളറിയാനായി പറയുന്നത്, 'കണ്ടെത്തി ഏല്‍പ്പിക്കാനല്ല, മറിച്ച് ഇന്നും മക്കള്‍ക്കായി സൂക്ഷിച്ച പൂപ്പല്‍ പിടിച്ചൊരുപൊതി അരിമുറുക്ക് കാത്തിരിപ്പുണ്ടെന്ന് പറയാനായി മാത്രം എന്നാണ്. ഇവിടെയാണ് സുഹ്റയുടെ തൂലിക സാര്‍ത്ഥകമാവുന്നത്.
നാല്‍പത്തൊന്നുകാരിയായ സുഹ്റ എഴുത്തുവഴിയില്‍ പതിയെ സഞ്ചാരം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. പിന്നെ, കനല്‍പക്ഷികളെപ്പോലെ പറന്നുയരാനുള്ള വെമ്പലിലായിരുന്നു. പുരസ്‌ക്കാരങ്ങള്‍, ബഹുമതികള്‍ എല്ലാം ഒന്നൊന്നായി വന്നുചേരുമ്പോഴും ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ നിഷ്‌ക്കളങ്കമായി അവര്‍ പുഞ്ചിരിച്ചു.
അക്ഷര സപര്യയുമായി കനല്‍പാതയില്‍ ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്ന് ആ കണ്ണുകള്‍ പറയാതെ പറഞ്ഞു. സര്‍ഗ്ഗ സിദ്ധിയാല്‍ വന്നുചേര്‍ന്ന നേട്ടങ്ങളില്‍ ഒരിക്കലും സ്വയംമറന്നു പോവാതിരിക്കുവാന്‍ വല്ലാതെ ശ്രദ്ധിച്ചു.. വിനയവും, ലാളിത്യവും എന്നും കൂടെ ചേര്‍ത്ത് നിര്‍ത്തി. കുഞ്ഞുങ്ങളുടെ പ്രിയ അധ്യാപിക കൂടിയായിരുന്നു സുഹ്റ ടീച്ചര്‍.' 
കഴിഞ്ഞ മെയ് അവസാനത്തിലാണ് കോവിഡ് ബാധിച്ച് അവര്‍ ആശുപത്രിയിലെ കൊടുംതണുപ്പിലെ യന്ത്രക്കിടക്കയിലേക്ക് തള്ളപ്പെടുന്നത്. ന്യൂമോണിയ കൂടി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലച്ച് ഒടുവില്‍ അവര്‍ മരണത്തിന് കീഴടങ്ങി.
സുഹ്‌റ ടീച്ചര്‍ പഠിപ്പിച്ച അതേ സ്‌കൂളിലെ അധ്യാപകന്‍ മലപ്പുറം കരുവാരകുണ്ട് ഇരിങ്ങാട്ടീരിയിലെ  പി. അബ്ദുല്‍ ഷുക്കൂറാണ് ഭര്‍ത്താവ്. എക മകള്‍: ഹിബ.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top