വെള്ളപുതച്ചുറങ്ങുന്നേരം

എ.എ സലീമ No image

ദൂരെയുള്ള ബോര്‍ഡിംഗ് സ്‌കൂളിന്റെ അഡ്മിഷനെപ്പറ്റി അന്വേഷിക്കാനായി സിദ്ദി കൂട്ടുകാരനോടൊപ്പം രണ്ടു ദിവസം മുമ്പാണ് പോയത്. അവനും കൂടി പോയപ്പോള്‍ ആകെ ഒരു മൂകത. സുലൈയും വാവയും പോയപ്പോഴും അവന്റെ കാര്യങ്ങള്‍ അന്വേഷിച്ച് നേരം കഴിഞ്ഞിരുന്നു. ഉച്ചക്ക് ഒന്ന് മയങ്ങാന്‍ കിടന്നാലും അവന്‍ വീട്ടില്‍ ഉണ്ടെങ്കില്‍ മുകളിലത്തെ മുറിയില്‍നിന്ന് പാട്ടും ഒച്ചത്തിലുള്ള ഫോണ്‍ സംസാരവും കേള്‍ക്കാം. ഇപ്പോ ആരും ഇല്ലാത്തപോലെ. സുലൈന്റെ ഉപ്പ സുബ്ഹിക്ക് പള്ളിയില്‍ പോയതാ. ഇന്നലേം ഇങ്ങനെ തന്നെ. ഉച്ചക്കും രാത്രിയും ഉണ്ടാക്കിയ ഭക്ഷണം ബാക്കി. ഇന്നൊന്നും ഉണ്ടാക്കാന്‍ 
പോയില്ല. അടുക്കളയില്‍ പണി കുറവായതുകൊണ്ട് ആമിനൈത്ത ഒരു ഊരുചുറ്റലിന് ഇറങ്ങിയിട്ടുണ്ട്. അസറ് ബാങ്കിന് തൊട്ടുമുമ്പേ ഇനി എത്തൂ. പിന്നെ കുളിയും തിരുമ്പലും നിസ്‌കാരവും കഴിഞ്ഞ് ചോറ് തിന്നാനിരിക്കുമ്പോഴേക്കും മണി അഞ്ചാവും. എന്നിട്ടോ കണ്ട വിശേഷങ്ങളും കേട്ട വിശേഷങ്ങളുമായി ചോറ് തിന്നെണീക്കുമ്പോഴേക്കും നേരം ഒരുപാടാവും.
പാത്തൈ എന്ന ഉറക്കെയുള്ള ആമിനൈത്താടെ വിളി കേട്ട് ഫാത്തിമ ഞെട്ടിയുണര്‍ന്നു. അസറ് നിസ്‌കരിച്ച് നിസ്‌കാര പ്പായയില്‍ മയങ്ങിയതാണ്. എണീറ്റ് 
പായ മടക്കിവെക്കുമ്പോഴേക്കും ആമിനൈത്താ മുറിയില്‍ എത്തിക്കഴിഞ്ഞിരുന്നു. 'എന്തേ ആമിനൈത്താ ഇങ്ങള് വല്ലാണ്ട്; പതക്കണ വെയിലത്ത് വന്നാട്ടാ കരിവാളിച്ചിരിക്കണ്. ചോറ് ബെയ്ക്കാന്‍ ഇങ്ങളേം കാത്ത് കാത്ത് ഞാനൊന്ന് മയങ്ങി പോയി.' 'വാ പാത്തൈ ഞമ്മക്ക് ചോറ് ബെയ്ക്യാ. നിസ്‌കാരം ഞാന് അപ്പറത്തെ കായലിന്റെ അടുത്തുള്ള കുറിക്കാരിത്തി നബീസാന്റെ ആട്ന്ന് നിസ്‌കരിച്ച്. ഓള് മീന്‍ മൊളകിട്ടതും കെയങ്ങ് ഒടച്ച് വെച്ചതും തിന്നാന്‍ തക്കരിച്ചീര്ന്ന്. എന്തോ എനിക്ക് ഒന്നും എറങ്ങീലാ. ഇയ്യ് എന്നേം കാത്തിരിക്കല്ലോ എന്നോര്‍ത്ത്.' നേരം താമസിച്ചതുകൊണ്ട് വിശപ്പ് കെട്ട് കഴിഞ്ഞിരുന്നു. എന്നാലും എന്തെങ്കിലും കഴിച്ചെന്ന് വരുത്തി. കൈയും പാത്രവും കഴുകി വന്നിട്ടും ആമിനൈത്താ ചോറ് കുഴച്ച് തന്നെ ഇരിക്കുന്നു. 'എന്തേയ് ആമിനൈത്താ ഇങ്ങക്ക് സുഖല്ല്യേ.' ആമിനൈത്താടെ രണ്ട് കണ്ണില്‍നിന്നും കണ്ണീര് കുടുകുടെ ഒഴുകി. 'എന്തേയ് ഇങ്ങക്ക് പറ്റ്യേ. എന്നോട് പറയ്.' പാത്തൈ ആമിനൈത്താന്റെ തല തന്റെ നെഞ്ചോട് ചേര്‍ത്തു വെച്ചൂ. 'ഞമ്മളോട് പിരിശമുള്ള ഒരാളോടൊപ്പം ഒരു അന്തിയെങ്കിലും കയ്യണം. അതാണ് പെണ്ണുങ്ങള നസീബ്. പാത്തൈ അനക്ക് എന്ത് ചേല്ണ്ട്. ഒരൊടവും ഇതുവരെ പറ്റീട്ടില്ല്യ. മാണിക്യം പൊരേല് വെച്ചിട്ട ഹമീദ് കരിക്കട്ടന്റെ പിന്നാലെ പായ്ണത്. പണ്ടേ ഉള്ളതാ. നിര്‍ത്തീന്നാ കര്ത്യേ. ഓരോര്ത്തര് അവിടെന്നും ഇവിടെന്നും അടക്കം പറയണത് കൊറേ ആയി കേക്കണേ. ആ പെണ്ണ് പൈതലുമായി 
പോയിട്ട് കാര്യം അന്വേഷിക്കാന്ന് കര്തി. രണ്ടും കല്‍പ്പിച്ചാ ഞാനിന്ന് പടിഞ്ഞാട്ട് പോയത്. ഓന് കളീം ചിരിയൊക്കെയായി ആ പെണ്ണിന്റെ കുടീല് ഇണ്ട്. നബീസാന്റെ കുടീ കേറി കൊറച്ച് ചൂടുള്ള കഞ്ഞീം വെള്ളം വലിച്ച് കുടിച്ച് ഞാനിങ്ങ് പോന്ന്. ഇവിട്ത്തെ ഹജ്ജുമ്മ ഉള്ള കാലത്ത് ഓള് പൊക്കീന്റെ കൂടെ ഈടെ വരുമായിരുന്നു. അന്ന് എന്തോ എതക്കേട് തോന്നീട്ട് ഹജ്ജുമ്മ പിന്നെ കേറ്റീട്ടില്ല്യ. സുലൈന്റെ ഉമ്മയും കാര്യകാരത്തി തന്നെ. അന്റെ മൊഞ്ചും ചേലും ഒന്നും ഇല്ലെങ്കിലും നബീസ ഓനെ വരച്ച വരയ്ക്ക് നിര്‍ത്തീരുന്നു. അന്റെ 
പിടിപ്പ്‌കേടാ ഓന് അവടെ പോയ് നെരങ്ങണത്. തലക്കൂത്തിലെ മൂര്‍ഖനാ മാ
പ്ള. എപ്പളാ കൊത്താന്ന് പറയാന്‍ പറ്റൂല.'
ആമിനൈത്താടെ വാക്കുകള്‍ ഫാത്തിമയുടെ നെഞ്ചില്‍ ആഞ്ഞ് തറച്ചു. ഒന്നും മിണ്ടാതെ അവള്‍ അകത്തേക്ക് കയറിപ്പോയി. അപ്പോള്‍ കൂടണയാനുള്ള പക്ഷികള്‍ കലപില കൂട്ടുന്നുണ്ടായിരുന്നു. ദൂരെ എങ്ങോ നിന്ന് നെടൂളന്‍ ചൂളം വിളിക്കുന്നു. 'നശൂലം പിടിച്ചത് പിന്നേം തൊടങ്ങിയെ.' ആ ചൂളം വിളി കേള്‍ക്കാതിരിക്കാനായി ആമിനൈത്താ ഉറക്കെ ജനല്‍ കൊട്ടിയടച്ചു.
സുബ്ഹി നിസ്‌കരിച്ച് ഖുര്‍ആന്‍ ഓതി പായയില്‍ തന്നെ ഇരിക്കുകയായിരുന്നു ആമിനൈത്ത. വെളിച്ചം നല്ലോണം ആവട്ടെ എന്നിട്ട് വേണം മുറ്റമടിക്കാന്‍ പോവാന്‍. തണുപ്പുള്ളത് കൊണ്ട് പലേതും മാളത്തീന്ന് പൊറത്തിറങ്ങും. കടിച്ചാലേ അറിയൂ. നേരത്തേ എണീറ്റ് അടുക്കളേല് കയറീട്ടെന്തിനാ. ആരാ അവിടെ ഉള്ളത്. സുലൈന്റെ ഉപ്പ വന്നോന്ന് തന്നെ അറിയില്ല. വന്നിട്ടുണ്ടെങ്കീ തന്നെ ചായ കുടിക്കാനും നിക്കൂല. 
പാത്തൈന്റെ ഹാല് അത് പടച്ചോനിക്ക് മാത്രേ അറിയൂ. 'ഹസ്ബീ റബ്ബീ സ്വല്ലല്ലാ, മാഫിഖല്‍ബീ ഹയ്റുല്ല....' എവിട്ന്നാ ഈ നേരത്ത് ദിക്റ്. സുലൈയും കുട്ടിയും പോയ് കയ്ഞ്ഞല്ലോ? അത് 
പാത്തൈന്റെ കൂറ്റാണല്ലോ കേക്ക്ണത്. എന്റെ ബദ്‌രീങ്ങളെ.... ആമിനൈത്താ നിസ്‌കാരപ്പായയില്‍നിന്ന് ഉരുണ്ട് പിരണ്ട് എണീറ്റു. ദിക്റ് കേള്‍ക്കുന്ന ഇടം ലക്ഷ്യം വെച്ച് നടന്നു. അടുക്കളയുടെ അടുത്തെത്തിയപ്പോള്‍ ദിക്റിന്റെ ശബ്ദം കൂടിക്കൂടി വന്നു. അടുക്കള വാതില്‍ തുറന്നു കിടക്കുന്നു. അകത്ത് മുടി അഴിച്ചിട്ട് പാത്തൈ നിലത്തിരിക്കുന്നു. മടിയില്‍ എന്തോ കിടത്തിയിട്ടുണ്ട്. അതിനെ താളം പിടിച്ച് ദിക്റ് ചൊല്ലി ഉറക്കുകയാണ്. ആമിനൈത്താനെ കണ്ടപ്പോള്‍ ചുണ്ടത്ത് വിരല്‍ വെച്ച് ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചു. 'എണീക്ക് പാത്തൈ അകത്ത് പോയി കിടക്ക്' 'അപ്പൊ കുട്ടിയോ.' 'ഓനെ ഞാനെടുക്കാം ഇങ്ങള് എടുത്താ ഓന്‍ കരയും.' രാത്രി മുഴുവ
നും കരഞ്ഞ് ഇപ്പൊന്ന് കണ്ണ് പൂട്ടിയിട്ടേയുള്ളു. ഞാനും ഒരു പോള കണ്ണടച്ചിട്ടില്ല്യ.' 'ഇയ്യ് എണീക്ക് പാത്തൈ ഓനെ ഒണത്താതെ ഞാനെടുക്കാം.' പൊതിഞ്ഞ കുട്ടിയെ ആമിനൈത്താടെ കൈയില്‍ കൊടുത്തപ്പോള്‍ ആമിനൈത്താടെ കണ്ണ് നിറഞ്ഞ് ഒഴുകി. അതൊരു കുട്ടി തലയണയായിരുന്നു.
'കുട്ടി'യെ കട്ടിലില്‍ കിടത്തി പുതപ്പിച്ചു പാത്തൈയുടെ അഴിഞ്ഞ മുടി കോതി ഒതുക്കി കെട്ടിക്കൊടുത്തു. തട്ടം നേരെയിട്ട് കിടത്തി. പുതപ്പ് പുതച്ച് കുട്ടിയുടെ അടുത്ത് കിടന്നോളാന്‍ പറഞ്ഞു. 'എന്റെ മോളെ ഇയ്യ് ഈ വയസ്സിയെ ബേജാറാക്കല്ലേ. പാത്തൈ ഇയ്യ് ഫാത്തിഹ ഓത്, ദിക്റും ചൊല്ല്, എന്തേ അനക്ക് പറ്റീത്?' 'എനിക്ക് ഒന്നൂല്ല്യ. ഇങ്ങള് കരയണ്ടാ. കുഞ്ഞ് ഒറങ്ങാഞ്ഞ് ഞാന്‍ പേടിച്ചു പോയി. ഞാനൊറങ്ങ്യാ ആരെങ്കിലും എടുത്ത് പോയാലോ? അതാ ഞാന്‍ ഒറങ്ങാതിരുന്നത്. ഇങ്ങള് പറയണ പശ്ശി ഇന്നലേം മോന്തിക്ക് കരയണ കേട്ടു. ഓനേം കൊണ്ട് പോയാല് എനിക്ക് ആരാ ഉള്ളത്. ഞാനുറങ്ങി പോയാ ഇങ്ങള് നോക്കണേ.' 'എന്റെ മോള് ഒറങ്ങിക്കോ ഈ ആമിനൈയ് ഓനെ നോക്കും.' പതുക്കെ പതുക്കെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി.
ആമിനൈത്താക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നാമ്പുറത്തിരുന്ന് മതിയാവോളം കരഞ്ഞു. പിന്നെ എഴുന്നേറ്റു മുഖം കഴുകി. കാദറിന് ചായ കൊടുക്കണം. മൂപ്പര് എണീറ്റിട്ട് കുറേ നേരായി കാണും. ചായയുമായി ആമിനൈത്ത വിളിച്ചപ്പോള്‍ കാദര്‍ക്ക ഇറങ്ങി വന്നു. 'ഇത്രേം നേരായിട്ടും 
പാത്തൈനെ കണ്ടില്ലല്ലോ? 'ഒാക്ക് നല്ല തലവേദന, കെടക്കാണ്.'
ആമിനൈത്താ പതുക്കെ മുറിയില്‍ ചെന്ന് നോക്കി. ഒറങ്ങാണ്. ഒറങ്ങുന്ന 
പാത്തൈയെ കാണാന്‍ എന്ത് ചേലാണ്. അങ്ങനത്തെ ഓളെ വേണ്ടാന്ന് വെച്ചിട്ടാ ഒരുത്തന്‍ പോയി കെട്ക്ക്ണത്. ദുശ്ടന്‍ കൊണം പിടിക്കൂല.' ഒറക്കം ഇപ്പം തെളിയും, അതിനു മുമ്പ് സുലൈനെ വിവരം അറിയിക്കണം. സുലൈന്റെ വീട്ടിലെ നമ്പറ് കാണാപ്പാഠാ ആമിനൈത്താക്ക്. ഒറ്റ ബെല്ലിന് തന്നെ ഫോണ്‍ സുലൈ എടുത്തു. ആമിനൈത്താന്റെ ശബ്ദം അവളെ നിരാശപ്പെടുത്തി. 'എന്തേയ്, എളോമ രണ്ടൂസായ് എന്നെ വിളിച്ചിട്ട് സുഖല്ല്യേ?' 'അന്റെ അടുത്ത് ആരെങ്കിലും ഉണ്ടോ സുലൈ. എന്തേയ് ഇങ്ങള് അങ്ങനെ ചോയിച്ചോ?' 'ഞാന്‍ പറയണത് ഇയ്യ് മൂളി കേട്ടാമതി. എന്നിട്ട് എനിക്ക് ഒരു വയ്യി കാണിച്ച് താ.' ആമിനൈത്താ പറഞ്ഞത് മുഴുവന്‍ ശ്വാസം 
പിടിച്ചാണ് സുലൈ കേട്ടത്. കരഞ്ഞ് 
പോയാല്‍ ആരെങ്കിലും കേട്ട് വന്നാലോ. 'ആമിനൈത്താ ഇങ്ങള് ബേജാറാവല്ലേ. ഞാന്‍ സുമതിയെ വിളിച്ച് പറയാം. ഓള് ഡോക്ടറാവാന്‍ പഠിക്കല്ല്യേ.' 'വെക്കം വേണം നാലാള് അറിഞ്ഞാ നാണക്കേടാ ഞാന്‍ നല്ലോണം നേര്‍ച്ചയാക്കീക്ക്ണ്.'
സുമതി നല്ലോളാ, സുലൈനേക്കാളും നാലഞ്ച് വയസ്സ് കൂടുതലാണേലും ഓള് നല്ല ചെങ്ങായിച്ച്യാ. ഇവിടത്തെ ഉപ്പും ചോറും ഓള് എത്തിര തിന്നതാ. ആ നന്ദി ഓള് കാണിക്കാതിരിക്ക്യോ? ആമിനൈത്താ സുമതിയുടെ വരവും കാത്തിരുന്നു.
*****
 സുലൈഖയുടെ ഫോണ്‍ കിട്ടിയ ഉടനെ തന്നെ പുറപ്പെട്ടതാണ് സുമതി. ബോട്ട് കിട്ടാന്‍ നേരം വൈകി. പട്ടണത്തില്‍നിന്ന് മറ്റൊരു മാര്‍ഗവും ഇവിടെ എത്താന്‍ ഇല്ലല്ലോ? കുട്ടിക്കാലം മുതല്‍ക്കു തന്നെ കേട്ടു തുടങ്ങിയതാണ് പാലം വരും എന്ന്. വരുന്നതൊക്കെ നല്ലതുതന്നെ. പക്ഷേ ഈ നാടിന്റെ മുഖഛായ മാറും. പാടവും പച്ചപ്പും ഒക്കെ നഷ്ടപ്പെടും. ബോട്ടിറങ്ങി സുലൈഖയുടെ വീടെത്തുന്നതുവരെ പരിചയക്കാര്‍ സുമതിയോട് കുശലം ചോദിച്ചുകൊണ്ടേയിരുന്നു. ആളുകള്‍ ബഹുമാനത്തോടെ വഴി മാറി. ചിലര്‍ പേടിച്ച് പോവുന്നതു കണ്ട് സുമതി ഉള്ളില്‍ ചിരിച്ചു. അവരുടെ വിചാരം അവരുടെ മനസ്സിലുള്ളത് ഒപ്പിയെടുക്കും എന്നാണ്. ഗേറ്റ് കടന്ന് കുറേ ദൂരം നടന്നാലെ സുലൈഖയുടെ വീട്ടിലെത്തൂ. ഗേറ്റ് തുറക്കുമ്പോഴെ കാത്തിരിക്കുന്ന ആമിനൈത്താനെ സുമതി കണ്ടു. അപ്പോഴേക്കും വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു. എളോമ വയ്യാതെ കിടന്നതുകൊണ്ടാവും ഇവിടെ ആകെ ഒരു നിശ്ശബ്ദത.
സുമതിയെ കണ്ടതും അതുവരെ കരഞ്ഞ് തളര്‍ന്നിരുന്ന ആമിനൈത്താ വീണ്ടും കരയാന്‍ തുടങ്ങുകയും പതം പറയുകയും ചെയ്തു. 'പെട്ടെന്ന് മനസ്സിന് താങ്ങാന്‍ പറ്റാത്ത എന്തെങ്കിലും സംഭവം ഉണ്ടായോ?' 'സുലൈഖ പെറ്റ് എണീറ്റ് പോയതാ കാരണം.' മനഃ
പൂര്‍വം ഹമീദിന്റെ വഴിതെറ്റിയുള്ള യാത്ര ആമിനൈത്താ മറച്ചുവെച്ചു. 'ഇയ്യ് ഇങ്ങോട്ട് അകത്തേക്ക് വരീ ഞമ്മള് ഓളെ കാണിച്ചുതരാം.' ആമിനൈത്താ സുമതിയെയും കൂട്ടി മുകളിലേക്ക് നടന്നു. ഏണിപ്പടിക്ക് താഴെയും തളത്തിലും കോലായിലും വയ്യാപ്പുറത്തുമുള്ള ലൈറ്റിട്ടു. ആകെ ഇരുട്ടു മൂടിയ വീടിന്റെ മുഖഛായ തന്നെ മാറി. ചാരിയിട്ട വാതില്‍ തുറന്ന് ആമിനൈത്താനോടൊപ്പം സുമതി അകത്തേക്ക് കയറി. ഫാത്തിമ കട്ടിലില്‍ ഇല്ലായിരുന്നു. ഫാന്‍ കറങ്ങുന്നുണ്ട്. 
'പാത്തൈ' ആമിനൈത്താ ഉറക്കെ വിളിച്ചു. ആമിനൈത്താ മുറിയിലെ ലൈറ്റിട്ടു. പാത്തൈ എന്ന വിളിയുടെ ഉത്തരം കട്ടിലിനടിയില്‍നിന്നായിരുന്നു. 'അന്നെ കാണാനാ സുമതിക്കുട്ടി വന്നത് എന്തിനാ ഇയ്യ് കട്ടിലിനടിയില്‍ കിടന്നത്.' 'ഞാന്‍ ഖബറില് കിടന്ന് നോക്കിയതാ. എപ്പളായാലും പോവേണ്ടതല്ലോ?' 'ഇയ്യ് ഇങ്ങോട്ട് വാ, സുമതി ഇപ്പം ഡോട്ടറാവാന്‍ പഠിക്ക്യാ - അന്നെ നോക്കട്ടെ.' 'അതിന് എനിക്ക് സൂക്കേട് ഇല്ലല്ലോ? എന്റെ പൈതലിനെ കട്ടു കൊണ്ടു പോവാന്‍ വന്നതല്ലേ?' സ്നേഹത്തിലൂടെയും ശാസനയിലൂടെയും ഒരു വിധത്തില്‍ ഫാത്തിമയെ കട്ടിലില്‍ കിടത്തി. ഉറങ്ങാനുള്ള ഗുളിക നല്‍കി. 'ഞാന്‍ ഡോക്ടറോട് വിവരം പറഞ്ഞ് മരുന്ന് എഴുതിക്കൊണ്ടു വന്നിട്ടുണ്ട്. അത് വാങ്ങിക്കണം. മുടങ്ങാതെ കൊടുക്കണം. അവര്‍ക്ക് എടുത്ത് കഴിക്കാന്‍ പറ്റുന്ന വിധത്തില്‍ റൂമില്‍ വെക്കരുത്. മൊത്തം കഴിച്ചാല്‍ അപകടമാണ്. നല്ല സ്നേഹത്തോടെ പെരുമാറണം. മനസ്സിന് വേദനയുണ്ടാവുന്ന കാര്യങ്ങളൊന്നും ഉണ്ടാവാതെ സൂക്ഷിക്കണം. ഇനിയും വല്ലതും സംഭവിച്ചാല്‍ തിരിച്ച് നമുക്ക് കൊണ്ടുവരാന്‍ സാധിക്കില്ല.' 'എളോമയുമായി സുലൈഖയുടെ ഉപ്പ എങ്ങനെ?' സുമതിയുടെ ചോദ്യത്തിന് ആമിനൈത്താ ഒന്ന് ഇരുത്തി മൂളി. 'മരുന്ന് കൊടുത്തതുകൊണ്ട് താമസിച്ചേ ഉണരൂ. എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ വിളിക്കാന്‍ മറക്കണ്ട.'
സുമതി ഇറങ്ങിയ ഉടനെ തന്നെ കാദറിക്ക ആമിനൈത്താന്റെ അടുത്തേക്ക് ചെന്നു. 'ഇങ്ങള് പാത്തൈയ്ക്ക് തലവേദനയാണെന്ന് പറഞ്ഞിട്ട് സുമതിയല്ലേ വന്നത്. ഓള്ക്ക് മരുന്ന് കൊടുക്കാന്‍ പറ്റോ. 'ഓള് സുലൈന്റെ ചങ്ങായിച്ച്യാ. ഇതിലെ പോയപ്പം കേറിയതാ.' ഇനി ഓനോട് വിസ്തരിച്ച് പറഞ്ഞ് അതൊരു പിത്തനയായി തീരണ്ട. ആമിനൈത്താ മനസ്സില്‍ പറഞ്ഞു.
'ഈ നേരത്ത് ഓളെന്താ പുതച്ചു മൂടി കിടക്കുന്നേ, എന്തേ തീനും കുടിയും ഒന്നും വേണ്ടേ' - ഹമീദിന്റെ ചോദ്യം വയ്യാപ്പുറത്ത് ഇരിക്കുന്ന ആമിനൈത്താനോട് ആയിരുന്നു.
ആമിനൈത്താ നടന്ന കാര്യങ്ങള്‍ ഒന്നൊന്നായി പറഞ്ഞുകൊടുത്തു. 'രാത്രി എണീറ്റാല്‍ എന്റെ ഉറക്കം കല
പിലയാവും. ഇങ്ങള് ഓളെ എണീപ്പിച്ച് സുലൈ പെറ്റ് കിടന്ന ചായ്പില്‍ കിടത്ത്. ആകെ ഒന്ന് ഒറങ്ങാനാ ഇങ്ങോട്ട് വരുന്നത്. അതിനിടയിലാ ഓള ഒരു വന്നക്കകളി' ഇത്തര സ്നേഹമില്ലാത്തോനായി 
പോയല്ലോ ഇവന്‍. പൊക്കീന്റെ കുടിലില് കണ്ട കളീം ചിരിയും ഒന്നും കാണാനില്ലല്ലോ. തീരെ നസീബില്ലാത്ത ഒരു പെണ്ണായിപ്പോയല്ലോ എന്റെ പടച്ചോനെ ഈ പാത്തൈ.' ആമിനൈത്താക്ക് സങ്കടം നിയന്ത്രിക്കാനായില്ല.
രാത്രി നന്നായി ഇരുട്ടിക്കഴിഞ്ഞിരുന്നു. രാത്രിയില്‍ ഇനി യാത്ര വേണ്ടാ എന്ന് ഒരുപാട് തവണ ആമിനൈത്ത സുലൈഖയോട് പറഞ്ഞിരുന്നു. അവിടെ നില്‍ക്കാന്‍ അമീറിനും സമ്മതമായിരുന്നു. പോവണമെന്ന ഒറ്റ വാശിയിലായിരുന്നു സുലൈഖ. അതുകൊണ്ടുതന്നെ മടക്കയാത്രയില്‍ സുലൈഖ തികച്ചും നിശ്ശബ്ദയായിരുന്നു. അവസാനത്തെ ജങ്കാറും പോവുമോ എന്ന് ഭയന്ന് സാമാന്യം നല്ല വേഗതയിലായിരുന്നു വണ്ടി. പുറംകാഴ്ചകള്‍ നോക്കുന്ന കണക്കേ ജനലില്‍ മിഴി നട്ട് സുലൈഖ ഇരുന്നു. ഇടക്കിടക്ക് ഉണരുന്ന കുഞ്ഞിനെ തട്ടി ഉറക്കിക്കൊണ്ടിരുന്നു. ആയിരം ചോദ്യങ്ങള്‍ അമീറിന്റെ മനസ്സില്‍ കടന്നുവന്നെങ്കിലും സുലൈഖയുടെ മൗനം അവനെ നിശ്ശബ്ദനാക്കി.
ഭക്ഷണം നേരത്തേ തന്നെ കഴിച്ചതുകൊണ്ട് സുലൈഖ മോനെ തൊട്ടിലില്‍ കിടത്തി അവളും ഉറങ്ങാനായി കിടന്നു. അമീറിന്റെ കാലൊച്ച കേട്ടപ്പോള്‍ കണ്ണുകള്‍ ഇറുകെ പൂട്ടി ഉറക്കം നടിച്ചു കിടന്നു. അമീര്‍ പതുക്കെ അവളുടെ തല തടവി. സുലൈഖയ്ക്ക് സങ്കടം നിയന്ത്രിക്കാനായില്ല. 'ചികിത്സിച്ചാല്‍ മാറാത്ത അസുഖമൊന്നുമില്ല. നീ വെറുതെ അതും ഇതും ചിന്തിച്ചുകൂട്ടി മനസ്സ് വിഷമിക്കല്ലെ.'
'എളോമയെ കണ്ടപ്പോള്‍ എന്റെ നെഞ്ച് പിടഞ്ഞു പോയി. കുറച്ച് 
നാള്‍ കൊണ്ട് എന്ത് മാറ്റമാണ് വന്നത്. എന്നെയും മോനെയും കണ്ടിട്ടുകൂടി ഒന്നുമില്ല. ഇടക്ക് എപ്പോഴോ ഒരു നേര്‍ത്ത ചിരി ചിരിച്ചു. ഈ ലോകത്തെ കുറിച്ച് ഒരു ചിന്തയും ഇല്ലാത്ത പോലെ. ചിലപ്പോള്‍ രാത്രി മുഴുവന്‍ നിസ്‌കാരമാണ്. കാലാണെങ്കില്‍ ചുവന്ന് തടിച്ചിട്ടുണ്ട്. എപ്പോ വേണമെങ്കിലും മുറിവാകാം. എപ്പോഴോ ഒരുനാള്‍ വീട്ടില്‍നിന്ന് ഇറങ്ങി
പോയത്രെ. അന്ന് കട്ടിലിന്റെ കാലിനോടു കൂട്ടി ഒരു ചങ്ങലക്കിട്ടതാ എന്റെ ഉപ്പ. ആമിനൈത്താ ആവുന്നത് പറഞ്ഞു നോക്കി. പക്ഷേ, കേട്ടില്ല.' 'നീ വേണമെങ്കില്‍ കുറച്ച് ദിവസം അവിടെ 
പോയി നിന്നോ. നിന്നെയും മോനെയും കണ്ടാല്‍ ചിലപ്പോ എന്തെങ്കിലും മാറ്റം വന്നാലോ? എന്റെ കാര്യം ഓര്‍ത്ത് ബേജാറാവണ്ടാ ഉമ്മയുണ്ടല്ലോ ഇവിടെ. ഇനി മനസ്സ് ഫിക്റാക്കാണ്ട് ഉറങ്ങ്.' അമീറിന്റെ നെഞ്ചില്‍ ഒരു കുഞ്ഞിനെ പോലെ അവള്‍ പറ്റിച്ചേര്‍ന്നു കിടന്നു.
കണ്ണിലുറക്കം വന്ന് തുടങ്ങിയപ്പോഴാണ് ശക്തിയോടെയുള്ള വാതില്‍മുട്ട്. അമീര്‍ തട്ടിപ്പിടഞ്ഞ് എണീറ്റു, ഒപ്പം സുലൈഖയും. അമീറിനെ മാറ്റിനിര്‍ത്തി ഉമ്മ എന്തോ സ്വകാര്യം പറഞ്ഞു. 'ഹെന്റെ റബ്ബേ എന്താ ചെയ്യ്യാ.' 'എന്താ കാര്യം അമീര്‍ക്കാ ഇങ്ങള് പറയ്', 'അത് പിന്നെ ഇപ്പോ ഒരു ഫോണ്‍ വന്നതാ, ഉമ്മയാ എടുത്തത്. നിന്റെ വീട്ടീന്നാ ആമിനൈത്തായ്ക്ക് സുഖമില്ല്യ. എളോമ ഒറ്റയ്ക്കല്ലെ നിന്നോട് വേഗം ചെല്ലാന്‍ പറഞ്ഞു.'
സതീശന്‍ വന്ന് കാറ് പോര്‍ച്ചില്‍നിന്ന് ഇറക്കി. സുലൈഖയോടൊപ്പം അമീറും അമീറിന്റെ ഉമ്മയും കാറില്‍ കയറി. വീട്ടിനടുത്ത് കാറ് എത്തിയതും സുലൈഖ ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ മോനെയും എടുത്ത് അമീറും. കോലായ കടന്ന് നടുവകത്ത് എത്തിയപ്പോഴേയ്ക്കും കുന്തിരക്കത്തിന്റെയും ചന്ദനത്തിരിയുടെയും വാസന മൂക്കിലേക്ക് അരിച്ചു കയറി. വെള്ള പുതപ്പിച്ച് കിടത്തിയ മയ്യത്തിനരികില്‍ ആമിനൈത്താ ഇരിക്കുന്നു. സുലൈഖയെ കണ്ടപ്പോള്‍ അവര്‍ ഉറക്കെ കരഞ്ഞു. 'ആമിനൈത്തായല്ലെ അമീര്‍ക്കാ ഇത്, പിന്നെ പുതപ്പിച്ച് കിടത്തിയത് ആരെയാ' അവള്‍ ഓടി ച്ചെന്ന് മുഖത്തുള്ള തുണി മാറ്റി നോക്കി, എളോമ ചിരിച്ചുറങ്ങുന്നു. 'അല്ലാഹ്' എന്ന വിളിയോടെ സുലൈഖ വീണു. അമീറിന്റെ കൈകള്‍ അവളെ താങ്ങി.
(തുടരും)
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top