വിഷപ്പാമ്പുകളും വിഷബാധയും

ഡോ. സുബൈര്‍ മേടമ്മല്‍ No image

മൂര്‍ഖന്‍, അണലി, ശംഖുവരയന്‍ എന്നിവയാണ് നമ്മുടെ നാട്ടില്‍ പൊതുവെ കാണുന്ന വിഷപ്പാമ്പുകള്‍. ഇതില്‍ മൂര്‍ഖന്റെയും ശംഖുവരയന്റെയും കടിയേറ്റാല്‍ ഏതാണ്ട് സമാനമായ ഫലമാണുണ്ടാകുന്നത്. നാഡീ വ്യവസ്ഥയെയാണു വിഷം ബാധിക്കുന്നത്. അണലിവിഷം രക്തത്തിന്റെ കട്ടപിടിക്കാനുള്ള കഴിവ് ഇല്ലാതാക്കുന്നു. കാരണം, രക്തചംക്രമണ വ്യവസ്ഥയെയാണ് ബാധിക്കുന്നത്. എന്നാല്‍ മൂര്‍ഖന്‍ വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്.
ഒരു കടിയില്‍ അണലിയും മൂര്‍ഖനും ശരാശരി 60 മില്ലിഗ്രാം വിഷമാണ് കടത്തിവിടുന്നത്. ശംഖുവരയന്റെത് 45 മില്ലിഗ്രാം. മൂര്‍ഖന്റെ വളഞ്ഞ വിഷപ്പല്ല് സിറിഞ്ചില്‍ നിന്നെന്നപോലെ വിഷംചീറ്റാന്‍ സഹായിക്കും. അത് മുറിവിലൂടെ പരമാവധി വിഷം കടത്താന്‍ സഹായിക്കും. അതാണു മൂര്‍ഖന്റെ ദംശനം മാരകമാക്കുന്നത്.
വിഷപ്പാമ്പുകളില്‍ നീളത്തില്‍ ഒന്നാമന്‍ രാജവെമ്പാലയാണ്. ശരാശരി അഞ്ചുമീറ്റര്‍ നീളമുള്ള രാജവെമ്പാലക്ക് ഒരാള്‍ പൊക്കത്തില്‍ തലയുയര്‍ത്തിനില്‍ക്കാന്‍ കഴിയും. പാമ്പുകളെതന്നെ ഭക്ഷണമാക്കുന്ന രാജവെമ്പാല തണുപ്പുള്ള കാലാവസ്ഥയിലാണ് കഴിയുന്നത്. ദംശനമേറ്റാല്‍ മരണസാധ്യത കൂടുതലാണ്.
പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് ഏറ്റവുമടുത്ത ആശുപത്രിയില്‍ എത്തിക്കണം. വിഷമില്ലാത്ത പാമ്പുകള്‍ക്കെല്ലാം നിര ആയാണ് പല്ല്. വിഷപ്പാമ്പുകളുടെ ദംശനമേറ്റാല്‍ ഇരട്ടപ്പല്ലുകളുടെ പാടുകള്‍ കാണും. എങ്കിലും ഇതുമാത്രം നോക്കി വിധിയെഴുതരുത്. പാമ്പ് എല്ലാസമയവും ഏല്‍പിക്കുന്ന വിഷത്തിന്റെ അളവ് ഒരുപോലെയല്ല. ഇരയെടുത്തതിനു ശേഷമാണ് കടിക്കുന്നതെങ്കില്‍ വിഷത്തിന്റെ അളവ് കുറവായിരിക്കും. ഭയന്ന് ആക്രമിക്കുമ്പോഴാണ് പാമ്പ് പരമാവധി വിഷം ചീറ്റുന്നത്.
വിഷബാധയേറ്റാല്‍ കാഴ്ചമങ്ങുന്നതായി തോന്നും. അണലി വിഷം രക്തചംക്രമണത്തെ ബാധിക്കുമെന്ന് സൂചിപ്പിച്ചുവല്ലൊ. മുറിവായില്‍ നീരുണ്ടാവും. രോമകൂപങ്ങളില്‍നിന്നും മോണയില്‍നിന്നും രക്തസ്രാവമുണ്ടാകാം. രക്തസമ്മര്‍ദ്ദം പെട്ടെന്നുതാഴും. മൂര്‍ഖനെപോലെതന്നെ ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പുകളുടെയും വിഷം നാഡീ വ്യവസ്ഥയെയാണു ബാധിക്കുന്നത്. വായുടെ ചുറ്റും മരവിപ്പ്, തലകറക്കം, ശ്വാസതടസ്സം എന്നിവയാണു ലക്ഷണങ്ങള്‍.
പാമ്പുകടിയേറ്റാല്‍ ഉടനെ ചെയ്യേണ്ടതെന്തൊക്കെയാണെന്നു നോക്കാം. പാമ്പുകടിയേറ്റയാളെ സമാധാനിപ്പിക്കുകയും കടിയേറ്റഭാഗം പരമാവധി അനങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. മുറിവ് മെല്ലെ കഴുകി വൃത്തിയുള്ള ടവല്‍കൊണ്ട് ഈര്‍പ്പം ഒപ്പിമാറ്റുക. മുറിപ്പാടിന് തൊട്ടുമേലെ ചരടുകൊണ്ടോ തുണികൊണ്ടോ പിരിച്ചുകെട്ടുക. അല്‍പം ലൂസായി വേണം ചരടുകെട്ടാന്‍. ആവശ്യമെന്നുതോന്നുകയാണെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം. തുടര്‍ന്ന് എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുക.
ആശുപത്രി വളരെ ദൂരെയാണെങ്കില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഐവിലൈന്‍ ഇട്ടതിനുശേഷം ആശുപത്രിയിലേക്ക് യാത്ര തുടരാവുന്നതാണ്. നില വഷളായാല്‍ ഞരമ്പുകിട്ടാന്‍ വിഷമമാണ്. അതുകൊണ്ട് ആശുപത്രിയിലേക്ക് ഏറെ ദൂരമുണ്ടെങ്കില്‍ ഐവിലൈന്‍ ഇടുന്നത് നല്ലതാണ്.
ചെയ്യരുതാത്തവ ഇവയാണ്. നെഗറ്റീവായ യാതൊരു സംഭവങ്ങളും പറയരുത്. വായ ചേര്‍ത്ത് രക്തംവലിച്ചു തുപ്പുകയോ മുറിപ്പാട് തുരന്ന് വലുതാക്കുകയോ ചെയ്യരുത്. പാമ്പുകടിയേറ്റയാളെ കഴിയുന്നതും നടത്തരുത്. മുറിപ്പാടിനുമുകളില്‍ കെട്ടുന്ന കെട്ട് വലിച്ചു മുറുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ലോകത്തെ പ്രധാന വിഷപ്പാമ്പുകളില്‍ അഞ്ചെണ്ണം നമ്മുടെ നാട്ടില്‍ കാണപ്പെടുന്നുണ്ട്. ഇതില്‍ ലോകത്തെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയും ഉള്‍പ്പെടും. കേരളത്തിലെന്നല്ല ഇന്ത്യയിലെ മിക്ക പാമ്പുകടി മരണങ്ങള്‍ക്കും കാരണം പ്രധാനമായും നാലെണ്ണമാണ്. മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരട്ടമണ്ഡലി. എല്ലാ കടല്‍പ്പാമ്പുകളും ഉഗ്രവിഷമുള്ളവയാണ്. എന്നാല്‍ താരതമ്യേന അപൂര്‍വമായേ അവ കടിക്കാറുള്ളൂ.

വിഷപ്പാമ്പുകളെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം. ഇലാപിഡെ (Elapidae), മൂര്‍ഖനും ശംഖുവരയനും ഈ കുടുംബത്തില്‍പെടും. വൈപ്പറിഡെ (Viperidae) അണലികുടുംബം. ഹൈഡ്രോഫിഡെ (Hydrophidae) കടല്‍പ്പാമ്പുകള്‍. ഇന്ത്യയിലെ എല്ലാവിഷപ്പാമ്പുകളും ഈ മൂന്ന് കുടുംബങ്ങളില്‍നിന്നാണ്.
നമ്മുടെ നാട്ടിലെ വളരെ സാധാരണമായ വിഷപ്പാമ്പാണ് മൂര്‍ഖന്‍ (Spectacled Cobra - ശാസ്ത്രനാമം  Naja naja) സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളില്‍ വരെ കാണപ്പെടുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും മൂര്‍ഖന്‍പാമ്പ് കാണപ്പെടുന്നു. മഞ്ഞയോ തവിട്ടുകലര്‍ന്ന മഞ്ഞയോ ആണുനിറം.
പത്തിയിലുള്ള കണ്ണടയാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന മൂര്‍ഖന്റെ പ്രത്യേകത. ഫണം വിടര്‍ത്താനുള്ള കഴിവ് പാമ്പാട്ടികള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നു. ഇര തേടിയിറങ്ങുന്നത് സന്ധ്യക്കും അതിരാവിലെയുമാണ്. എലികളും തവളയും ചെറുപക്ഷികളുമൊക്കെയാണ് പ്രധാന ആഹാരം. തരം കിട്ടിയാല്‍ മറ്റുപാമ്പുകളെയും അകത്താക്കും. രണ്ടരമീറ്റര്‍ വരെ വളരുന്നു.
ആണ്‍പാമ്പുകള്‍ക്കാണ് വലുപ്പം കൂടുതല്‍. നമ്മുടെ നാട്ടില്‍ മൂര്‍ഖന്‍പാമ്പ് ഇണചേരുന്നതും മുട്ടയിടുന്നതും ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ്. ഒറ്റതവണ 12-30 വരെ മുട്ടകളിടും. മുട്ട വിരിയുവാന്‍ ഏതാണ്ട് 60 ദിവസം വരെയെടുക്കും. ഈ കാലമത്രയും അമ്മപ്പാമ്പ് മുട്ടകളോടൊപ്പം കഴിയും. ജനിക്കുമ്പോള്‍തന്നെ കുഞ്ഞുങ്ങള്‍ക്ക് ഫണവും വിഷപ്പല്ലുകളും ഉണ്ടാകും.
മൂര്‍ഖന്റെ വിഷം നാഡീ മണ്ഡലത്തെയാണ് ബാധിക്കുക. കടിയേറ്റഭാഗത്ത് നല്ല വേദനയുണ്ടാകും. കടുത്ത ശ്വാസംമുട്ടലും പക്ഷാഘാതവുമുണ്ടാകും. കണ്‍പോളകള്‍ അടയുന്നതും വസ്തുക്കളെ രണ്ടായി കാണുന്നതും (double vision) മറ്റു ലക്ഷണങ്ങളാണ്. വേണ്ട സമയത്ത് ചികിത്സ നല്‍കിയാല്‍ മിക്ക മരണങ്ങളും ഒഴിവാക്കാന്‍ കഴിയും.
കോശങ്ങളെ നശിപ്പിക്കുന്ന എന്‍സൈമുകളുടെ മിശ്രിതമാണ് സര്‍പ്പവിഷം. പാമ്പുകളില്‍ നിന്നെടുത്ത വിഷം കുത്തിവെച്ച് കുതിരകളില്‍ നിന്നെടുക്കുന്ന പ്രതിദ്രവ്യം (ആന്റിബോഡി) കൊണ്ട് സമ്പുഷ്ടമായ സെറം മാത്രമായിരുന്നു സമീപകാലം വരെ പാമ്പുകടിക്കുള്ള പ്രതിവിധി. സമീപകാലത്തായി ഒൗഷധ നിര്‍മാണശാലകള്‍ പൊതുവെ കൂടുതല്‍ നഷ്ടകരമായി വരുന്നെന്ന് ന്യായം പറഞ്ഞ് ആന്റിവെനം നിര്‍മാണത്തില്‍നിന്ന് പിന്മാറുകയാണ്. കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ മൂലം സെറം ശുദ്ധീകരണം വളരെ ചെലവേറിയ ഒന്നാണ്. വിഷം കുത്തിവെക്കുമ്പോള്‍ കുതിരകള്‍ പീഡിപ്പിക്കപ്പെടുന്നെന്ന് മൃഗസ്‌നേഹികളുടെ പ്രതിഷേധവുമുണ്ട്. സര്‍വോപരി ആവശ്യക്കാരായ ദരിദ്രര്‍ക്ക് ഇതിന്റെ വില താങ്ങാതാവുന്നതല്ല എന്നതും പ്രധാന പ്രശ്‌നമാണ്. ആഫ്രിക്കന്‍ പാമ്പുകള്‍ക്കെതിരായ സെറത്തിനിപ്പോള്‍ ക്ഷാമവുമാണ്.
ഇതിനൊരു പരിഹാരമാണ് സൈമണ്‍ വാഗസ്റ്റാഫും സംഘവും കണ്ടെത്തിയിരിക്കുന്നത്. ലിവര്‍പൂള്‍ സ്‌കൂള്‍ ഓഫ് ട്രോപിക്കല്‍ മെഡിസിനിലെ ഈ ഗവേഷകര്‍ വിഷമുപയോഗിക്കാതെതന്നെ സെറം നിര്‍മിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. പശ്ചിമാഫ്രിക്കയില്‍ ഏറ്റവുമധികമാളുകളെ കടിച്ചുകൊല്ലുന്ന ഒരുതരം അണലിയുടെ ഡി.എന്‍.എ പരിശോധിച്ചുകൊണ്ടാണ് ഇവര്‍ തങ്ങളുടെ പരീക്ഷണം തുടങ്ങിയത്. ഈ അണലികള്‍ വിഷസഞ്ചിനിറക്കുന്ന സമയത്ത് ഡി.എന്‍.എയില്‍ ഏറ്റവും സജീവമായ ജീനുകള്‍ അവര്‍ തിരിച്ചറിഞ്ഞു. ചോരക്കുഴലുകളെ തകര്‍ക്കുകയും രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യുന്ന 'മെറ്റലോപ്രോടിയസ്' എന്ന എന്‍സൈം കോഡ് ചെയ്യുന്നത് ഇവയില്‍ ഒരു ഡസനോളം ജീനുകളാണെന്നും സൈമണിന്റെ സംഘം കണ്ടെത്തി. ഈ വ്യത്യസ്ത ജീനുകളുടെ സമാനസ്വഭാവങ്ങളുള്‍ക്കൊള്ളുന്ന ഒരു സമവായ ജീനിനെ അവര്‍ കൃത്രിമമായി സൃഷ്ടിച്ചു.
ക്രിത്രിമ ഡി.എന്‍.എ ചുണ്ടെലികളില്‍ കുത്തിവെച്ചപ്പോള്‍ പാമ്പുകടിയേറ്റാലുള്ള ആന്റിബോഡികള്‍ തന്നെയാണ് അവയില്‍ പ്രത്യക്ഷപ്പെട്ടത്. ഇവയുടെ സെറം മറ്റ് എലികളില്‍ പ്രയോഗിച്ചപ്പോള്‍ അതിന് സാധാരണ ആന്റിവെനത്തേക്കാള്‍ ഫലവും കണ്ടു. കൃത്രിമ ഡി.എന്‍.എയുടെ ജനറിക് സ്വഭാവം കാരണം അതുണ്ടാക്കുന്ന സെറങ്ങള്‍ പശ്ചിമാഫ്രിക്കന്‍ അണലികള്‍ക്കെതിരെ മാത്രമല്ല വടക്കെ ആഫ്രിക്കയിലെ അണലിവിഷത്തിനെതിരെപോലും ഫലപ്രദമാണെന്നും പിന്നിട് തെളിഞ്ഞു. സാധാരണ ആന്റിവെനം, രോഗിയെ കടിച്ച ഇനം പാമ്പിന്റെ വിഷത്തില്‍നിന്നു തന്നെ തയ്യാറാക്കിയതാണെങ്കില്‍ മാത്രമേ ഫലിക്കൂ എന്ന സാഹചര്യത്തില്‍ പുതിയ ആന്റിവെനം ഈ ഭേദമില്ലാതെ പാമ്പുകടിക്ക് പ്രതിവിധിയാകും ഏന്നൊരു മേ•കൂടിയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിലൊന്നായ ആനക്കോണ്ടക്ക് വിഷമില്ല. എങ്കിലും ഭാരത്തിന്റെ കാര്യത്തില്‍ കേമനാണ്. ആമസോണ്‍ നദിയിലൂടെ നീങ്ങുന്ന ബോട്ടിനെ അടിച്ചുതകര്‍ത്ത് അതിലുള്ളവരെയപ്പാടെ വിഴുങ്ങുന്ന ഭീകരനെ സിനിമയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ കഥകളിലും സിനിമകളിലുമെല്ലാം ചിത്രീകരിക്കുന്നതുപോലെ അത്ര ഭീകരനൊന്നുമല്ല.
ലോകത്തിലെ ഏറ്റവും ഭാരമുള്ള പാമ്പായ ആനക്കോണ്ടക്ക് ഏകദേശം 250 കിലോഗ്രാം തൂക്കമുണ്ടാകും. തെക്കെ അമേരിക്കയിലെ ആമസോണ്‍ കാടുകളാണ് ഇവയുടെ താവളം. താമസം കാടിനുള്ളിലാണെങ്കിലും വെള്ളത്തില്‍ കഴിയാനാണ് ഇവയ്ക്ക് താല്‍പര്യം. മാനുകള്‍, ആടുകള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയാണ് ആഹാരം. മനുഷ്യനെ തിന്നുന്നതൊക്കെ വളരെ അപൂര്‍വമാണ്. കേട്ടോ!
സര്‍പ്പവിഷം ഒലീവ് ഓയിലിനോട് നിറസാദൃശ്യമുള്ള ഒരു ദ്രാവകമാണ്. ഇത് വൈകാതെ ഖരരൂപത്തിലാകുന്നു. വ്യത്യസ്ഥ പ്രായത്തിലുള്ള പാമ്പുകള്‍ വിഷം വമിക്കുന്നത് വ്യത്യസ്ത അളവിലാണ്. വിഷപ്പാമ്പുകളുടെ ഒരു ദംശനത്തില്‍ ശരാശരി 211 മില്ലിഗ്രാം വരെ വിഷം വമിക്കാറുണ്ട്. വിഷം ശരീരത്തില്‍ ഒരു ന്യൂറോടോക്‌സിനായി പ്രവര്‍ത്തിക്കുകയും രക്തത്തെയും കോശങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ശ്വസനവ്യൂഹത്തെ സ്തംഭിപ്പിക്കുന്നതിനാല്‍ ഉടന്‍ മരണത്തിന് കാരണമായിത്തീരുന്നു.
സര്‍പ്പവിഷം പാമ്പുകളില്‍നിന്ന് സാധാരണയെടുത്ത് വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു. നാര്‍കോട്ടിക് പദാര്‍ഥങ്ങളുണ്ടാക്കാനും ആന്റിവെനം ഉണ്ടാക്കാനും മറ്റും അനധികൃതമായി വിദേശങ്ങളിലേക്ക് കടത്തുന്നുണ്ട്. 1972 ലെ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് പാമ്പുകളെയെന്നല്ല ഒരു ജീവിയെയും പീഡിപ്പിക്കുന്നത് കുറ്റകരമാണ്. ഇതിനെകുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്.
പാമ്പുകളെക്കുറിച്ച് അബദ്ധധാരണങ്ങള്‍ ഇന്ന് സമൂഹത്തിലുണ്ട്. പാമ്പിനെ കൊന്നാല്‍ അതിന്റെ ഇണ വന്ന് പകരം ചോദിക്കുമെന്നൊക്കെ വിശ്വസിക്കുന്നവരുണ്ട്. ചാകുന്ന പാമ്പിന്റെ കണ്ണില്‍ കൊല്ലുന്നയാളുടെ ചിത്രം പതിയും. ചത്ത പാമ്പിന്റയടുത്ത് ഇണയെത്തി അതിന്റെ കണ്ണില്‍നിന്നും കൊലയാളിയുടെ ചിത്രം സ്വന്തംകണ്ണിലേക്ക് പകര്‍ത്തും. പിന്നെ കൊലയാളിയോട് ഇണപകരം വീട്ടുമെന്നാണുവിശ്വാസം. ഇതൊക്കെ അന്ധവിശ്വാസമാണ്. പാമ്പിന്റെ കണ്ണ് ക്യാമറയൊന്നുമല്ലല്ലോ. ജീവനു ഭീക്ഷണിയായാല്‍ മനുഷ്യന്‍ ആക്രമണകാരികളാകുന്നത് പോലെയേ പാമ്പും ചെയ്യുന്നുള്ളൂ. ഇരുട്ടില്‍ നടക്കുമ്പോള്‍ പരമാവധി തറയില്‍ ഇളക്കമുണ്ടാക്കി നടക്കണം. നമ്മുടെ അശ്രദ്ധയുടെ കുറ്റം കൂടി പാമ്പിന്റെ തലയില്‍ കെട്ടിവെക്കരുത്. നേരിടേണ്ടിവരുന്ന സാഹചര്യത്തിനനുസരിച്ച് പ്രതികരിക്കുന്ന ജീവി മാത്രമാണ് പാമ്പ്. അല്ലാതെ പാമ്പിന് സ്‌നേഹവുമില്ല, പ്രതികാരവുമില്ല!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top