ഇസ്‌ലാമിക ഭൂമികയില്‍ വളരുന്ന വ്യക്തിത്വ വികാസം

ഹിലാല്‍ കുറ്റിക്കാട്ടുര്‍ No image

'മനസ്സിനോട് ഗുണകാംഷ പുലര്‍ത്തുക, അതിന്റെ മോഹങ്ങളെ സംശയിച്ചുകൊണ്ട്. ബുദ്ധിയോട് ഗുണകാംക്ഷ പുലര്‍ത്തുക, അതിന്റെ തോന്നലുകളെ സൂക്ഷിച്ചു കൊണ്ട്. ശരീരത്തോട് ഗുണകാംക്ഷ പുലര്‍ത്തുക, അതിന്റെ വികാര ചേഷ്ഠകളെ വിലങ്ങുവെച്ചുകൊണ്ട്. ധനത്തോട് ഗുണകാംക്ഷ പുലര്‍ത്തുക, യുക്തിഭദ്രമായി വ്യയം ചെയ്തുകൊണ്ട്. വിജ്ഞാനത്തോട് ഗുണകാംക്ഷ പുലര്‍ത്തുക, ജ്ഞാന സ്രോതസ്സുകളില്‍ വാഴ്ത്തിറങ്ങിക്കൊണ്ട്.
കൊടുങ്കാറ്റിലകപ്പെട്ട പറവയുടെ സ്ഥിരതയോടെ പ്രശ്‌നങ്ങളെ നേരിടുന്നതാണ് ജീവിത വിജയരഹസ്യം.'

ഡോ:മുസ്തഫസ്സിബാഈ

വ്യക്തി, കുടുംബം, സമൂഹം, ലോകം ഈ മഹാസൗധത്തിന്റെ അടിത്തറ ഓരാളില്‍നിന്ന് കെട്ടിയുയര്‍ത്തുന്നു. അതുകൊണ്ടുതന്നെ സ്വയം വിശുദ്ധരാകാത്ത കുടുംബത്തെ ഭദ്രമാക്കാനും സാമൂഹികാന്തരീക്ഷം സുരക്ഷാ പൂര്‍ണമാക്കാനും തന്റെ രാജ്യം ക്ഷേമപൂര്‍വവും ലോകം നീതി യുക്തമായി കാണാനുമാഗ്രഹിക്കാത്തവരുണ്ടാവില്ല. അതിന് വ്യക്തികള്‍ തന്നെ സ്വയം മാറേണ്ടതുണ്ടെന്ന് അവന് നന്നായി അറിയാം. പക്ഷെ മനസ്സ് മാറാന്‍ സമ്മതിക്കാത്തവനായി അന്ധകാരത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കാനാണവന്‍ ഇഷ്ടപ്പെടുന്നത്. ഇതുമൂലം ഒരു നല്ല നാളെയുടെ പുന:സൃഷ്ടി പരാജയപ്പെട്ടുപോവുന്നു.
ഇതിനൊരു പോംവഴി അന്വേഷിക്കുകയാണ് പണ്ഡിതരും ഗ്രന്ഥകാരനുമായ ശൈഖ് മുഹമ്മദ് കാരകുന്ന് തന്റെ വ്യക്തിത്വ രൂപീകരണം ഇസ്‌ലാമിക അടിത്തറയില്‍ എന്ന നാലു ഭാഗങ്ങളുള്ള കൃതിയിലൂടെ. പടിഞ്ഞാറിന്റെ മാനദണ്ഡങ്ങളുപയോഗിച്ച മൂല്യങ്ങള്‍ ഉള്‍കൊള്ളുന്നതും അവരുടെ ആശയങ്ങളുടെ ആവിഷ്‌കാരങ്ങളുമടങ്ങുന്ന നിരവധി കൃതികള്‍ മലയാളത്തിലുണ്ട്. അതില്‍നിന്നും ഭിന്നമായി വേദഗ്രന്ഥത്തിന്റേയും പ്രവാചകാധ്യാപനങ്ങളുടേയും ബലപ്പെട്ട വിഥീയിലൂടെ സഞ്ചരിച്ച് അടയാളപ്പെടുത്തിയ ഒരു ഗ്രന്ഥം എന്ന നിലക്കാണ് ഇത് പ്രസക്തമാകുന്നത്.
ഗ്രന്ഥകാരന്റെ ഭാഷയില്‍ വ്യക്തികള്‍ ഇന്നത്തെക്കാള്‍ ദൃഢ വിശ്വാസികളാകണം, വിശുദ്ധരും വിനീതരുമാകണം, സന്തുഷ്ടരും സംതൃപ്തരുമാകണം, സ്‌നേഹിക്കുന്നവരും സ്‌നേഹിക്കപ്പെടുന്നവരുമാകണം, കരുത്തരും കാര്യബോധമുള്ളവരുമാകണം, ഉത്തമരും ഉദാരരുമാകണം, ആത്മവിശ്വാസമുള്ളവരും പ്രത്യാശയുള്ളവരുമാകണം, സ്വപ്‌നങ്ങളും സങ്കല്‍പങ്ങളുമുള്ളവരാകണം, സംസ്‌കൃത ചിത്തരും, സംസ്‌കാര സമ്പന്നരുമാകണം, ഔന്നത്യബോധമുള്ളവരും അചഞ്ചല മനസ്സുള്ളവരുമാകണം, സത്യസന്ധതയും സേവന സന്നദ്ധതയുമുള്ളവരാകണം, ആത്മാര്‍ഥതയും ത്യാഗശീലവുമുള്ളവരാകണം, ദയയും കാരുണ്യവുമുള്ളവരാകണം, നീതി നിഷ്ഠയും നന്ദിബോധവുമുള്ളവരാകണം, കോപമടക്കുന്നവരും നാവിനെ നിയന്ത്രിക്കുന്നവരുമാകണം, ക്ഷമാശീലരും കരാര്‍ പാലിക്കുന്നവരുമാകണം, വിശ്വസ്തതയും സല്‍സ്വഭാവമുള്ളവരുമാകണം.
ഈ ഒരു പണിയറയില്‍ വ്യക്തികളെ എങ്ങനെ സമഗ്രമായി മാറ്റി പണിയാനാകും എന്ന അന്വേഷണമാണ് ഈ കൃതിയെന്ന് ചുരുക്കം. ദൈവത്തെക്കുറിച്ച് ശരിയായ ഉള്‍ക്കാഴ്ച നല്‍കുകയും തന്റെ സൃഷ്ടിപ്പിനെക്കുറിച്ചും ബാധ്യതയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും മതിയായ അവബോധം നല്‍കുകയും ചെയ്യുന്നു ഈ കൃതിയില്‍.
ഒരിക്കല്‍ ഒരു ദാര്‍ശനികന്‍ ഖലീഫ ഹാറൂണ്‍ റഷീദിനോട് ചോദിച്ചു. താങ്കള്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുകയാണ്. കൈവശമുള്ള വെള്ളം തീര്‍ന്നു. തൊണ്ട വരണ്ടു പിടയുകയാണ്. അപ്പോള്‍ താങ്കള്‍ക്ക് ഒരു ഗ്ലാസ്സ് വെള്ളം തന്നാല്‍ താങ്കള്‍ എന്ത് വില നല്‍കും? ഹാറൂണ്‍ റഷീദ് പറഞ്ഞു. എന്റെ സാമ്രാജ്യത്തിന്റെ പാതി നല്‍കും. അതേ ദാര്‍ശനികന്‍ മറ്റൊരിക്കല്‍ ചോദിച്ചു? താങ്കള്‍ക്ക് മൂത്രമൊഴിക്കാനുണ്ട്, പക്ഷെ എത്ര ശ്രമിച്ചിട്ടും മൂത്രം പുറത്തു പോകുന്നില്ല. താങ്കള്‍ അസഹ്യമായ വേദനയാല്‍ കിടന്ന് പിടയുകയാണ്. അപ്പോള്‍ താങ്കള്‍ക്ക് മൂത്രമൊഴിക്കാനുള്ള മരുന്ന് നല്കിയാല്‍ താങ്കളെന്ത് പ്രതിഫലം നല്‍കും?
എന്റെ സാമ്രാജ്യത്തിന്റെ പകുതി ഹാറൂണ്‍ റഷീദ് അറിയിച്ചു. അപ്പോള്‍ ദാര്‍ശനികന്‍ പറഞ്ഞു ഒരു ഗ്ലാസ്സ് വെള്ളം കഴിച്ച് അത് മൂത്രമൊഴിക്കാനുള്ള വിലയെത്രയെന്ന് താങ്കള്‍ക്ക് ബോധ്യമായോ? അപ്പോള്‍ ജീവിതകാലം മുഴുവന്‍ തിന്നുകയും കുടിക്കുകയും മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്യുന്നതിന്റെ വില എത്രയെന്ന് ഓര്‍ത്തുനോക്കൂ... ദൈവത്തിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചു കഴിയുന്ന മനുഷ്യ മനസ്സിനെ ഉദ്ദീപിപ്പിക്കുന്ന ഇത്തരം പഠനങ്ങളാല്‍ സമ്പന്നമാണീ കൃതി. അതുകൊണ്ടുതന്നെ സമൂഹത്തിലെ നിഖില മേഖലകളിലുള്ളവര്‍ക്കും പ്രത്യേകിച്ച് ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും തന്റെ വ്യക്തിത്വത്തെ ഇസ്‌ലാമിക പരിപ്രേക്ഷ്യയില്‍ വാര്‍ത്തെടുക്കാന്‍ സാധിക്കും. അധ്യാപകര്‍ക്കും പ്രസംഗകര്‍ക്കും ഉപകാരപ്രദമാവാന്‍ വേണ്ടി മൂല ഭാഷയില്‍തന്നെ വേദ ഗ്രന്ഥത്തിന്റെയും പ്രവാചക വചനങ്ങളേയും ഗ്രന്ഥകാരന്‍ കൂട്ടുപിടിച്ചിട്ടുണ്ട്.
ആഹാര മര്യാദകള്‍, ശരീരഭാഷയും വസ്ത്രധാരണവും ആസൂത്രണവും സമര്‍പ്പണവും ആരാധനകളിലെ നിഷ്ഠ, അനുസരമുള്ള മക്കള്‍, ഇണക്കമുള്ള ദമ്പതികള്‍, കുടുംബ ഭദ്രത, കൂടിയാലോചന, കടക്കെണിയില്‍ കുടുങ്ങാത്തവര്‍, ആരോഗ്യകരമായ സാമ്പത്തിക സമീപനം, ആത്മീയത, ജീവിത വിശുദ്ധി, ലക്ഷ്യബോധം തുടങ്ങി എഴുപത്തിയേഴ് അധ്യായങ്ങളിലായി 616 പുറങ്ങളില്‍ വികസിക്കുകയാണീ കൃതി.
മുന്നാം വാള്യത്തിലെ ത്യാഗത്തിന്റെ മാധുര്യം എന്ന അധ്യായത്തിലെ പരാമര്‍ശങ്ങള്‍ നാലാം ഭാഗത്തിലെ കാലം നമ്മോട് പറയുന്നത് എന്ന വിശദീകരണത്തിലും കടന്നു വരുന്നത് വായനക്കാരനെ അലോസരപ്പെടുത്തും എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പൊതുവെ ഏതൊരു വിശ്വാസി സമൂഹത്തിനും അനുകരിക്കാവുന്ന ശോഭനചിത്രങ്ങള്‍ വരച്ചുവെക്കുന്നു ഈ കൃതിയില്‍ പണ്ഡിതനായ ശൈഖ് മുഹമ്മദ് കാരകുന്ന്. വ്യക്തിത്വ വികാസത്തിനും കുടുംബ ഭദ്രതക്കും സാമൂഹിക മാറ്റത്തിനും ഇത് നിമിത്തമായേക്കാം.

വ്യക്തിത്വ രൂപികരണം ഇസ്‌ലാമിക അടിത്തറയില്‍
ശൈഖ് മുഹമ്മദ് കാരകുന്ന്
പേജ് 1616
വില 530
പ്രസാധനം: വചനം ബുക്‌സ് കോഴിക്കോട്

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top