സമീറ മൂസ : ആണവോര്‍ജ്ജത്തിന്റെ മാതാവ്

റഹ്മാന്‍ മുന്നൂര് No image

ശാസ്ത്രപ്രതിഭകള്‍-2

ലോക പ്രശസ്തയായ ഈജിപ്ത്യന്‍ ആണവ ശാസ്ത്രജ്ഞയാണ് സമീറ മൂസ. 1952-ല്‍ ഒരു കാറപകടത്തില്‍ മരണപ്പെടുമ്പോള്‍ അവരുടെ പ്രായം 35 വയസ്സ്. അത്രയും ചെറുപ്പത്തില്‍ തന്നെ ശാസ്ത്രരംഗത്ത് വിസ്മയകരമായ നേട്ടങ്ങള്‍ അവര്‍ കൈവരിക്കുകയുണ്ടായി. അമേരിക്ക അവരുടെ ബുദ്ധിയെയും പ്രതിഭയെയും സ്വന്തമാക്കാന്‍ കൊതിച്ചു. ഇസ്രയേല്‍ ആവട്ടെ അവരുടെ ആണവശാസ്ത്രത്തിലെ കണ്ടുപിടുത്തത്തില്‍ ആശങ്കപ്പെട്ടു. അവരുടെ മരണത്തിലെ ദുരൂഹത ഇന്നും ചുരുളഴിക്കപ്പെട്ടിട്ടില്ല. ഇസ്രായേല്‍ ചാരസംഘടനയുടെ ഒരു ആസൂത്രിത കൊലപാതകമായിരുന്നു അതെന്ന് മുമ്പേ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തത്സംബന്ധമായ വിവാദങ്ങള്‍, അവര്‍ മരിച്ച് 60 വര്‍ഷം കഴിഞ്ഞിട്ടും തുടരുകയാണ്. 2014-ലാണ് എമിറേറ്റ്‌സിലെ അല്‍ബയാന്‍ വെബ്‌സൈറ്റ് അതുസംബന്ധിച്ചുള്ള വിശദമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. എന്തായിരുന്നാലും ലോകസമാധാനത്തിനും പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കും സമീറാ മൂസയുടെ മരണം ഒരു തീരാനഷ്ടമാണ്.

1917 മാര്‍ച്ച് മൂന്നിന് ഈജിപ്തിലെ അല്‍ഗര്‍ബിയിലായിരുന്നു സമീറ മൂസയുടെ ജനനം. പിതാവ് നബുയാ മൂസ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനും ബിസിനസുകാരനുമായിരുന്നു. കുടുംബസമേതം കൈറോയിലേക്ക് താമസം മാറ്റിയ അദ്ദേഹം അവിടെ ഹോട്ടല്‍  ബിസിനസ്സില്‍ ഏര്‍പ്പെട്ടു. വസ്‌റുസ്സൂഖിലെ പുരാതനമായ ഒരു സ്‌കൂളിലാണ് സമീറ മൂസയെ അദ്ദേഹം പ്രാഥമിക പഠനത്തിനയച്ചത്. തുടര്‍ന്ന് ബനാതുല്‍ അശ്‌റാഫില്‍ ചേര്‍ന്ന സമീറ സെക്കണ്ടറി തലം ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി. പ്രസ്തുത സ്‌കൂളിന്റെ സ്ഥാപകനും മാനേജറും സമീറയുടെ പിതാവ് തന്നെയായിരുന്നു. ഉയര്‍ന്ന മാര്‍ക്ക് നേടിയത് കൊണ്ട് എഞ്ചിനീയറിംഗിന് നിഷ്പ്രയാസം സീറ്റു ലഭിക്കുമായിരുന്നിട്ടും ബി.എസ്.സിക്ക് പഠിക്കാനാണ് സമീറ തീരുമാനിച്ചത്. അങ്ങനെ കൈറോ യൂണിവേഴ്‌സിറ്റിയിലെ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. റേഡിയേളജി ആയിരുന്നു അവര്‍ തിരഞ്ഞെടുത്ത വിഷയം. 1939-ല്‍ ബി.എസ്.സി ഓണേഴ്‌സ് ബിരുദം മികച്ച മാര്‍ക്കോടെ പാസായി. എക്‌സ്‌റേ റേഡിയേഷന്‍ വിവിധതരം ലോഹങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന വിഷയത്തില്‍ ഡിഗ്രിക്കു വേണ്ടി അവര്‍ നടത്തിയ ഗവേഷണം ശ്രദ്ധേയമായിരുന്നു. ഇതേ തുടര്‍ന്ന് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ അഭിമുഖീകരിച്ച് ഒരു പ്രഭാഷണം നടത്താന്‍ അവര്‍ ക്ഷണിക്കപ്പെട്ടു. സമീറ മൂസക്ക് ലഭിച്ച ആദ്യത്തെ ബഹുമതിയായിരുന്നു അത്. 

ലണ്ടനില്‍ നിന്നാണ് ആറ്റമിക് റേഡിയേഷനില്‍ സമീറ പി.എച്ച്.ഡി ബിരുദം നേടിയത്. ആറ്റമിക് റേഡിയേഷനില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഈജിപ്ത്യനായിരുന്ന അവര്‍ തുടര്‍ന്ന് കൈറോ യൂണിവേഴ്‌സിറ്റിയില്‍ തന്നെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടു. 

ആണവശേഷി സമാധാനത്തിന് എന്ന തത്ത്വത്തില്‍ വിശ്വസിച്ചിരുന്ന ശാസ്ത്രജ്ഞയായിരുന്നു സമീറാ മൂസ. ആണവ ചികിത്സ ആസ്പരിന്‍ ഗുളികയുടെ അത്രയും വിലകുറഞ്ഞ നിലയില്‍ ലഭ്യമാക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. ഈ ലക്ഷ്യം സാധിച്ചെടുക്കാനായി അവര്‍ കഠിനമായി അധ്വാനിച്ചു. ഗഹനമായ ഗവേഷണ പഠനങ്ങളിലൂടെ, ചെമ്പ് പോലുള്ള വിലകുറഞ്ഞ ലോഹങ്ങളുടെ ആറ്റത്തെ വിഘടിപ്പിക്കാനും അതുവഴി വിലകുറഞ്ഞ ബോംബ് നിര്‍മിക്കാനും സാധിക്കുന്ന ഒരു സമവാക്യം അവര്‍ കണ്ടെത്തി. 

ആറ്റം ഫോര്‍ പീസ് എന്ന വിഷയത്തില്‍ സമീറ ഒരു അന്താരാഷ്ട്ര സമ്മേളം വിളിച്ചുചേര്‍ത്തു. ലോകത്തിലെ പ്രമുഖരായ ഒട്ടനവധി ശാസ്ത്രജ്ഞര്‍ അതില്‍ പങ്കെടുത്തു. ആണവ ദുരന്തങ്ങളില്‍ നിന്നുള്ള സുരക്ഷക്ക് വേണ്ടി ഒരു കമ്മറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ സമ്മേളനം മുന്നോട്ട് വെച്ചു. വിവിധ ഹോസ്പിറ്റലുകളിലെ കാന്‍സര്‍ രോഗികളുടെ ചികിത്സക്ക് സൗജന്യ സഹായം നല്‍കുവാനും സമീറ സന്നദ്ധയായി. 

അമേരിക്കയിലെ ഫുള്‍ബ്രൈറ്റ് ആറ്റമിക് പ്രോഗ്രാമിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ച സമീറ മൂസ തുടര്‍ പഠനത്തിന് അമേരിക്കയിലേക്ക് പോയി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി തന്റെ ഗവേഷണപരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് അവസരം കിട്ടി. ആറ്റമിക് റേഡിയേഷനില്‍ അവര്‍ നടത്തിയ മൗലിക ഗവേഷണങ്ങളെ പുരസ്‌കരിച്ച്, അമേരിക്കയിലെ അതീവ രഹസ്യമായ ആണവസംവിധാനങ്ങള്‍ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കപ്പെട്ടു. അവരുടെ ഈ സന്ദര്‍ശനം അമേരിക്കയിലെ അക്കാദമിക ശാസ്ത്ര വൃത്തങ്ങളില്‍ ചൂടുപിടിച്ച വിവാദങ്ങള്‍ സൃഷ്ടിച്ചു. കാരണം, അമേരിക്കന്‍ പൗരന്മാരല്ലാത്ത മറ്റൊരാള്‍ക്കും തുറന്നുകൊടുക്കാത്ത അതീവ രഹസ്യമേഖലയിലേക്കാണ് ഒരു അറബ് രാജ്യത്തിന്റെ പൗരത്വം വഹിക്കുന്ന സമീറക്ക് വേണ്ടി വാതില്‍ തുറന്നുകൊടുത്തത്. 

സമീറാ മൂസയുടെ അതുല്യമായ പ്രതിഭ തിരിച്ചറിഞ്ഞ അമേരിക്കന്‍ ഭരണകൂടം പലവട്ടം അവര്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്യുകയും അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എങ്കിലും, എന്റെ പ്രിയപ്പെട്ട രാജ്യം ഈജിപ്ത് എന്നെ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് പ്രസ്തുത വാഗ്ദാനങ്ങളെ നിരസിക്കുകയാണ് അവര്‍ ചെയ്തത്. 

എന്നാല്‍, തന്റെ ഈ സ്വരാജ്യസ്‌നേഹം അവര്‍ക്ക് തന്നെ ഒരു വിനയായിത്തീര്‍ന്നു. അമേരിക്കയില്‍ എത്തിയതിന് ശേഷം 1952 ആഗസ്റ്റ് 5 ന് ആദ്യമായി നാട്ടിലേക്ക് മടങ്ങുവാന്‍ അവര്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. യാത്രയുടെ തലേദിവസം ഒരു സ്ഥലം സന്ദര്‍ശിക്കാനുള്ള ഒരു ക്ഷണം അവര്‍ക്ക് ലഭിച്ചു. താന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നതിനാല്‍ അവരാ ക്ഷണം സന്തോഷപൂര്‍വം സ്വീകരിച്ചു. യാത്രാമധ്യേ ഒരു പര്‍വതപ്രദേശത്തിലൂടെ കടന്നുപോകുന്നതിനിടയില്‍ അവര്‍ സഞ്ചരിച്ച കാര്‍ അഗാധമായ കൊക്കയിലേക്ക് മറിഞ്ഞുവീഴുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ അവരുടെ മരണം നടക്കുകയും ചെയ്തു. 

സമീറാ മൂസയുടെ മരണം ഒരു ആസൂത്രിത കൊലപാതകമായിരുന്നു എന്നാണ് പലരും സംശയിക്കുന്നത്. കാര്‍ ഡ്രൈവറുടെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് കണ്ടുകിട്ടാത്തത് സംശയം ബലപ്പെടുത്തി. അപകടം സംഭവിക്കുന്നതിന് തൊട്ട് മുമ്പ് അദ്ദേഹം കാറില്‍ നിന്നും എടുത്ത് ചാടി അപ്രത്യക്ഷനായതായിരിക്കുമെന്നാണ് ഊഹിക്കപ്പെടുന്നത്. ഇസ്രായേല്‍ ചാരസംഘടനയായ മൊസ്സാദിന്റെ രഹസ്യ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന റാഖിയ ഇബ്‌റാഹിം (റാഖേല്‍ അബ്രഹാം) എന്ന ജൂത നടിയാണ് ഈ കൊലപാതകത്തിന്റെ പിന്നിലെന്നും ആരോപണം ഉയര്‍ന്നു.

1914-ല്‍ എമിറേറ്റ്‌സിലെ അല്‍ബയാന്‍ വെബ്‌സൈറ്റ് സമീറാമൂസയുടെ മരണത്തെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. റാഖിയ ഇബ്‌റാഹിം 1919-ല്‍ കൈറോയിലെ ഹാത്തുല്‍ യഹൂദ് എന്ന ജൂത ഗ്രാമത്തിലാണ് ജനിച്ചത്. ജനിച്ചത് ഈജിപ്തിലാണെങ്കിലും അവരുടെ താല്‍പര്യം എന്നും ഇസ്രായേലിനോടായിരുന്നു. 1948-ല്‍ ഇസ്രായേല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഈജിപ്തിലെ യഹൂദരെ നവജാത ജൂതരാഷ്ട്രത്തിലേക്ക് കൂടിയേറാന്‍ സഹായിച്ചവരുടെ മുന്‍നിരയില്‍ റാഖിയയും ഉണ്ടായിരുന്നു. മുസ്തഫ വാലി എന്നൊരാളെയാണ് റാഖിയ വിവാഹം ചെയ്തിരുന്നത്. രാജാക്കന്മാര്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും വസ്ത്രങ്ങള്‍ തുന്നിക്കൊടുത്തുകൊണ്ട് ജീവിതായോധനത്തിന് തുടക്കം കുറിച്ച അവര്‍ പിന്നീട് ഈജിപ്തിലെ കാലാസംഘങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഒരു സിനിമാനടിയായിത്തീരുകയും ചെയ്തു. അവരുടെ രാഷ്ട്രീയ നിലപാടുകള്‍ എന്നും ഈജിപ്തിന് വിരുദ്ധമായിരുന്നു. ഒരിക്കല്‍, ഫലസ്തീന്‍ പോരാട്ടത്തില്‍ ഈജിപ്ത്യന്‍ സൈന്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ബദവി വനിതയായി സിനിമയില്‍ അഭിനയിക്കാനുള്ള അവസരം അവര്‍ നിരസിച്ചത് ഇസ്രായേലിനോടുള്ള അവരുടെ കൂറും സ്‌നേഹവും പ്രകടമാക്കുന്നതായിരുന്നു.

ഭര്‍ത്താവുമായുള്ള ബന്ധം വിഛേദിച്ച് അമേരിക്കയിലേക്ക് കുടിയേറിയ റാഖിയ അവിടെ വെച്ച് ഒരു ജൂതമതക്കാരനെ വിവാഹം ചെയ്തു. സമീറ മൂസയുമായി റാഖിയക്ക് നല്ല ബന്ധമുണ്ടായിരുന്നതായി അവരുടെ പേരക്കുട്ടി റിത്താ ഡാവിഡ് തോമസ് ഒരു ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കുകയുണ്ടായി. അവരുടെ വീട്ടില്‍ നിന്നും ലഭിച്ച പഴയൊരു ഡയറിയെ അടിസ്ഥാനമാക്കി സമീറ മൂസയുടെ വധത്തില്‍ റാഖിയക്ക് ബന്ധമുള്ളതായും റീത്ത വെളിപ്പെടുത്തുന്നു. ഒരിക്കല്‍ സമീറാ മൂസയുടെ വീടിന്റെ താക്കോല്‍ മോഷ്ടിച്ചെടുത്ത റാഖിയ, ഒരു ബാര്‍സോപ്പില്‍ അതിന്റെ പ്രിന്റ് എടുത്ത് ഒരു മൊസ്സാദ് ഏജന്റിന് കൈമാറുകയും ചെയ്തതായി പറയപ്പെടുന്നു. ഒരാഴ്ച കഴിഞ്ഞ് അവര്‍ സമീറ മൂസയെ ഒരു ഡിന്നറിന് ക്ഷണിക്കുകയും മൊസാദ് ഏജന്റിന് സമീറയുടെ വീട്ടില്‍ പ്രവേശിച്ച് അവരുടെ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ കോപ്പിയെടുക്കാന്‍ അവസരമൊരുക്കുകയും ചെയ്തു.

സമീറാ മൂസ, കുറഞ്ഞ ചെലവില്‍ അണുബോംബുകള്‍ നിര്‍മ്മിക്കാന്‍ ഈജിപ്തിനെ സഹായിക്കുമെന്ന ആശങ്ക ഇസ്രയേലിന് ഉണ്ടായിരുന്നു. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് അമേരിക്കയില്‍ സ്ഥിരതാമസമാക്കാനുള്ള അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സമീറയോട് റാഖിയ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അവര്‍ക്കിടയില്‍ ഒരു വാക്കേറ്റം നടക്കുകയും സമീറ തന്റെ വീട്ടില്‍ നിന്ന് റാഖിയയോട് ഇറങ്ങിപ്പോകാനാവശ്യപ്പെടുകയുമുണ്ടായി. അമേരിക്കന്‍ പൗരത്വം സ്വീകരിക്കാതിരുന്നത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് റാഖിയ ഇറങ്ങിപ്പോയത്.

സമീറയുടെ മരണത്തിനുശേഷം ബിസിനസ്സിലേര്‍പ്പെട്ടും ഇസ്രായേലിന്റെ ഗുഡ്‌വില്‍ അംബാസഡറായും അമേരിക്കയില്‍ താമസം തുടര്‍ന്ന റാഖിയ ഇബ്രാഹീം 1978 ലാണ് മരണപ്പെട്ടത്.

അവാര്‍ഡുകള്‍

ആണവശാസ്ത്രത്തിലുള്ള സമീറാ മൂസയുടെ സംഭാവനകളെ മാനിച്ച് നിരവധി അവാര്‍ഡുകളും ബഹുമതികളും അവര്‍ക്ക് സമ്മാനിക്കപ്പെട്ടിട്ടുണ്ട്.

1953-ല്‍ ഈജിപ്ത്യന്‍ സൈന്യം അവരെ ആദരിച്ചു. 1981-ല്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്തില്‍ നിന്ന് അവര്‍ ഓര്‍ഡര്‍ ഓഫ് സയന്‍സ് ആന്റ് ആട്‌സ് ബഹുമതി ഏറ്റുവാങ്ങി. അവരുടെ ജീവചരിത്രത്തെ ആസ്പദമാക്കി ഈജിപ്ഷ്യന്‍ ദി ഇമ്മേര്‍ട്ടല്‍ എന്നൊരു സീരിയല്‍ സംപ്രേഷണം ചെയ്തിരുന്നു. അവരുടെ ജീവിതത്തെയും ശാസ്ത്രരംഗത്തെ സംഭാവനകളെയും കുറിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആണവോര്‍ജത്തിന്റെ മാതാവ് എന്ന ഒരു ബഹുമതിപ്പേരും അവര്‍ക്ക് നല്‍കപ്പെടുകയുണ്ടായി. ശാസ്ത്ര ലോകത്തിന് മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമായിരുന്ന പ്രഗല്‍ഭയായ ഒരു ശാസ്ത്രജ്ഞയെയാണ് സമീറാ മൂസയുടെ അകാല മരണം മൂലം മനുഷ്യരാശിക്ക് നഷ്ടമായത്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top