ഉപദേശകരോട് ചില ഉപദേശങ്ങള്‍

അസ്‌ലം വാണിമേല്‍ No image

സ്‌കൂള്‍ വാര്‍ഷിക  പരീക്ഷക്കു വേണ്ടി തയാറെടുക്കുന്ന  കുട്ടികളോട് ഒരു സൗഹൃദ സംഭാഷണത്തിനിടയില്‍ ചോദിച്ചു: 'നിങ്ങള്‍ക്ക് ഭാവിയില്‍ ആരാകാനാണ് ആഗ്രഹം?' പലരും അവരുടെ ജീവിതാഭിലാഷങ്ങളുടെ പട്ടികകള്‍ നിരത്തി. ഡോക്ടര്‍, എഞ്ചിനീയര്‍, പൈലറ്റ്, ജേര്‍ണലിസ്റ്റ് എന്നിങ്ങനെ പട്ടിക നീണ്ടുപോയി. ഒന്നോ രണ്ടോ പേര്‍ മാത്രമാണ്  ഭാവിയില്‍ അധ്യാപകര്‍ ആകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. എല്ലാം കേട്ടു കഴിഞ്ഞ ശേഷം ഞാന്‍ ചോദിച്ചു: 'നിങ്ങള്‍ക്ക് അധ്യാപന ജോലി ഇഷ്ടമല്ലേ? രണ്ടു പേര്‍ മാത്രമല്ലേ അധ്യാപകരാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളൂ.'  അപ്പോള്‍ കുറച്ചു പേര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു: 'വേണ്ട സാര്‍, ഞങ്ങള്‍ക്ക് ശാപം കിട്ടും.' ഇതു കേട്ടപ്പോള്‍ തെല്ലൊരു അമ്പരപ്പോടെ അതെങ്ങനെയെന്ന്  ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞ മറുപടി തികച്ചും ന്യൂജനറേഷന്‍ രീതിയില്‍ തന്നെയായിരുന്നു: 'പല അധ്യാപകരും  ഞങ്ങളെ ക്ലാസ്സില്‍നിന്ന് പരസ്യമായി  ഉപദേശിച്ച് പരിഹസിച്ച്  പ്ലിംഗ് ആക്കിക്കളയുന്നു.' അതിനാല്‍ അധ്യാപക ജോലി തന്നെ  ഞങ്ങള്‍ വെറുക്കുന്നു.' ഇത്  കേട്ടപ്പോഴാണ്  ഉപദേശങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിച്ചത്.

ഉപദേശം എന്ന വാക്കിന് പല നിര്‍വചനങ്ങളുമുണ്ട്. ഒരു കാര്യം ചെയ്യുമ്പോള്‍ അത് നന്നായി ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ കൊടുക്കുക, അതില്‍ വരുന്ന പിഴവുകളെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും മുന്നറിയിപ്പ് നല്‍കുക, അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുക, നിയമപരമായ കാര്യങ്ങളില്‍ വിവരം നല്‍കുക ഇവയെല്ലാം തന്നെ ഉപദേശങ്ങളുടെ വിവിധ തലങ്ങളാണ്. എന്നാല്‍ ഏതുതരം ഉപദേശങ്ങള്‍ നല്‍കുകയാണെങ്കിലും വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍  നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഒരിക്കല്‍ ശ്രീ ബുദ്ധന്‍ പറഞ്ഞു: 'താങ്കള്‍ സംസാരിക്കുമ്പോള്‍ സ്വന്തത്തോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കണം. ഒന്ന് പറയുന്നത് സത്യമാണോ? രണ്ട്, ഇത് പറയേണ്ടതാണോ? മൂന്ന്, പറയുന്ന  രീതി മാന്യമാണോ?'

ഈ മൂന്ന് ചോദ്യങ്ങളും ഉപദേശങ്ങള്‍ക്കും ബാധകമാണ്. നാം നല്‍കുന്ന ഉപദേശങ്ങള്‍ സത്യമായിരിക്കണം, യോജിച്ച സന്ദര്‍ഭത്തിലായിരിക്കണം, നല്‍കുന്ന രീതി ശരിയായിരിക്കണം. ദൈവവചനങ്ങളുടെ അടിസ്ഥാനം തന്നെ ഉപദേശങ്ങളാണ്. പ്രവാചകന്മാരുടെ നിയോഗ ദൗത്യവും ഇഹപര ജീവിത വിജയത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുക എന്നതാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മുന്നോട്ടു വെക്കുന്ന ഉപദേശങ്ങളും അത് പകര്‍ന്നുനല്‍കുന്ന രീതിയും ഏറ്റവും ഹൃദ്യവും മനശ്ശാസ്ത്രപരവുമാണ്.

''മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു'' (3:110). 'നന്മ' എന്ന പോസിറ്റീവ് ഗുണത്തെ ആദ്യം പോഷിപ്പിക്കുകയും 'തിന്മ' എന്ന നെഗറ്റീവ് ഘടകത്തെ രണ്ടാമതായി വിരോധിക്കുകയും ചെയ്യുക എന്നതാണ് ഖുര്‍ആന്‍ സ്വീകരിച്ച രീതി. പിതാവ് കുട്ടികളെ ഉപദേശിക്കുമ്പോള്‍ സ്വീകരിക്കേണ്ട രീതി, അതില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം സൂറഃ ലുഖ്മാനില്‍ മനോഹരമായി  അല്ലാഹു വിശദീകരിക്കുന്നു:

ഉപദേശം നല്‍കുക എന്നത്  ഒരു കലയാണ്. മറ്റുള്ളവരെ വിജയത്തിലെത്തിക്കാന്‍ സഹായിക്കുന്നതും പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തുന്നതുമായിരിക്കണം നാം നല്‍കുന്ന ഉപദേശങ്ങള്‍. അതല്ലാതെ മറ്റുള്ളവരെ സമൂഹത്തില്‍ കൊച്ചാക്കുന്നതിനോ പരിഹസിക്കുന്നതിനോ കഴിവുകള്‍ കുറച്ചുകാണിക്കുന്നതിനോ ആകരുത്. അസ്ഥാനത്തും അസമയത്തുമുള്ള ഉപദേശങ്ങള്‍ പലപ്പോഴും ഗുണത്തേക്കാള്‍ അധികം ദോഷം ചെയ്യുകയും ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്യും. പ്രശ്‌നസങ്കീര്‍ണമായ സമകാലീന സമൂഹത്തില്‍ ഉപദേശങ്ങള്‍ (ഇീൗിലെഹഹശിഴ) നല്‍കുന്നതു പോലും കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ നല്ല ഉപദേശങ്ങള്‍ നല്ല രീതിയില്‍ നല്‍കുക എന്നത് ഒരു സാമൂഹിക സേവനവും പുണ്യകര്‍മവുമാണ്.

 

ഉപദേശങ്ങള്‍ നിസ്വാര്‍ഥമായിരിക്കുക

ഉപദേശങ്ങള്‍ നല്‍കുന്നത്  സ്വയം വലിയവനാകാനോ മറ്റുള്ളവരുടെ മുമ്പില്‍  അറിവുള്ളവനായി അവതരിക്കാനോ ആകരുത്. നേരെ മറിച്ച് തന്റെ സഹോദരനോട് നന്മ ഉപദേശിക്കുക, അവനില്‍ കാണുന്ന തിന്മകളും പോരായ്മകളും  സ്‌നേഹത്തോടെ ചൂണ്ടിക്കാണിക്കുക, അവന്‍ അകപ്പെട്ട പ്രയാസങ്ങളില്‍നിന്ന് മോചിതനാകാനുള്ള മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കുക എന്നിവയല്ലാം വിശ്വാസപരമായ ബാധ്യതയും പുണ്യകര്‍മവുമായി  നാം മനസ്സിലാക്കുകയും അതിലൂടെ മറ്റുള്ളവര്‍ക്ക് വിജയവും നേട്ടവും ആഗ്രഹിക്കുകയും ചെയ്യണം.

 

പരസ്പരം ഉപദേശിക്കുക

ഉപദേശം ഒരിക്കലും വണ്‍വേ ട്രാഫിക്കല്ല. ഉപദേശം നല്‍കുന്ന വ്യക്തി എല്ലാ പിഴവുകളില്‍നിന്നും മുക്തനായ സമ്പൂര്‍ണനാണെന്നും ഉപദേശങ്ങള്‍ക്ക് അതീതനാണെന്നും ചിന്തിക്കരുത്. ഉപദേശം നല്‍കുന്ന പ്രത്യേക വിഷയത്തില്‍  ചിലപ്പോള്‍ ഉപദേശകന്‍  പെര്‍ഫെക്റ്റ് ആയിരിക്കും (അങ്ങനെയാവണം). എന്നാല്‍ മറ്റു പല വിഷയങ്ങളിലും അദ്ദേഹം  ഉപദേശം അര്‍ഹിക്കുന്നവനായിരിക്കും. ഉപദേശങ്ങള്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണെന്ന ചിന്ത മനുഷ്യനെ എളിമയുള്ളവനാക്കുകയും മറ്റുള്ളവരുടെ നല്ല ഉപദേശങ്ങള്‍ അംഗീകരിക്കാനുള്ള മാനസികാവസ്ഥ അവനില്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

 

ഉപദേശങ്ങള്‍ സാന്റ് വിച്ച് പോലെയായിരിക്കണം

അംഗീകാരങ്ങളുടെയും അഭിനന്ദനത്തിന്റെയും രണ്ട് മധുരമുള്ള പാളികള്‍ക്കിടയിലാവണം കയ്പ്പുള്ള ഉപദേശങ്ങള്‍ നാം നല്‍കേണ്ടത്. അതിലൂടെ എത്ര കയ്പ്പുള്ള നല്ല ഉപദേശങ്ങളും മാധുര്യത്തില്‍ പൊതിഞ്ഞ് എളുപ്പത്തില്‍ നല്‍കാന്‍ സാധിക്കും. ഉദാഹരണത്തിന്, ക്ലാസ്സില്‍ അച്ചടക്ക ലംഘനം കാണിക്കുന്ന കുട്ടിയോട്: 'നീ വളരെ നല്ല അച്ചടക്കമുള്ള, നന്നായി പെരുമാറുന്ന കുട്ടിയായിരുന്നല്ലോ. ഞാനത് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.' ഇത് അംഗീകാരത്തിന്റെ മധുര പാളിയാണ്. 'നീ ഈ കാണിച്ചത് ഒരിക്കലും നിനക്ക് ചേര്‍ന്നതല്ല. ഇനി ഇത്തരം പെരുമാറ്റം ആവര്‍ത്തിച്ചാല്‍ കടുത്ത  നടപടി എടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവും.' ഇത് അവന് ഇഷ്ടമില്ലാത്ത കയ്പ്പുറ്റ ഉപദേശത്തിന്റെ രണ്ടാം പാളിയാണ്. ഉടനെത്തന്നെ മൂന്നാമത്തെ മധുരമുള്ള പാളി നാം അവന് നല്‍കുന്നു: 'ഞാന്‍ പറഞ്ഞത് നിനക്ക് മനസ്സിലായി എന്ന് തോന്നുന്നു. കാരണം നീ നല്ല ബുദ്ധിയും കഴിവുമുള്ള കുട്ടിയാണ്.' ഈ രീതി ആരോടും നമുക്ക് സ്വീകരിക്കാവുന്നതാണ്. നാം ഉപദേശിക്കുന്ന വ്യക്തിയും വിഷയവുമനുസരിച്ച്   ചിട്ടപ്പെടുത്തണമെന്നു മാത്രം.

 

സര്‍ഗാത്മകമായ അവതരണം 

നാം മറ്റൊരാള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളായാലും വിഭവങ്ങളായാലും എന്തു നല്‍കുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് എങ്ങനെ നല്‍കുന്നു എന്നത്. ഇത് ഉപദേശങ്ങള്‍ക്കും ബാധകമാണ്. വളരെ സ്വാദിഷ്ടമായ വിഭവം അടുക്കും ചിട്ടയും ഭംഗിയുമില്ലാതെ വിളമ്പുന്നത് സദ്യയുടെ തന്നെ സൗന്ദര്യം നഷ്ടപ്പെടുത്തും. അതെ പോലെ എത്ര വിലപ്പെട്ട ഉപദേശമായാലും നാം അത് ഏതു രൂപത്തില്‍ അവതരിപ്പിക്കുന്നു എന്നത് ഏറെ പ്രധാനമാണ്. ഈയടുത്ത് ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു വത്തക്ക പ്രയോഗം. വളരെ ഗൗരവമുള്ള ഒരു വിഷയം ഏറ്റവും അനുയോജ്യമായ സദസ്സില്‍ ഒരു പണ്ഡിതന്‍ ഏറ്റവും ലളിതമായ  ഉപമയിലൂടെ വിശദീകരിച്ച് ഉപദേശിച്ചതായിരുന്നു. പിന്നീട് കണ്ടത് അതിന്റെ പേരില്‍ കേരളം മുഴുവന്‍ ഇളകിമറിയുകയും പോലീസ് കേസടക്കം ചുമത്താന്‍ കാരണമാവുകയും ചെയ്തതാണ്. ഇവിടെ സംഭവിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഉപദേശങ്ങള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട സ്വകാര്യത യഥാവിധി പാലിച്ചില്ല. വത്തക്ക എന്ന ഉപമ അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന സദസ്സിന് അദ്ദേഹം  ഉദ്ദേശിച്ച രൂപത്തില്‍ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. അത് പുറത്തു പോയപ്പോള്‍ ദുര്‍വ്യാഖ്യാനങ്ങളും സന്ദര്‍ഭത്തിനനുസരിച്ചുള്ള അടര്‍ത്തിയെടുക്കലുമുണ്ടായി. രണ്ടാമത്തെ കാര്യം, ഉപദേശങ്ങള്‍ നല്‍കുമ്പോള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും സദസ്സിനെ രസിപ്പിക്കാനും ഉപദേശകര്‍  പലതരം ഉപമകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചിലതെല്ലാം തന്നെ പലപ്പോഴും വിഷയത്തിന്റെ ഗൗരവം കുറക്കുന്നതും പരിഹാസരൂപത്തിലേക്ക് തരംതാഴുന്നതുമാകാറുണ്ട്. ഇത് ഗുണത്തേക്കാള്‍ അധികം ദോഷം ചെയ്യും. അതിനാല്‍ തന്നെ ദുര്‍വ്യാഖ്യാന സാധ്യതകളുള്ള ഉപമകളും അലങ്കാരങ്ങളും ഒഴിവാക്കി എതിരാളികളില്‍ പോലും താല്‍പര്യം ജനിപ്പിക്കുന്ന രീതിയില്‍  വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ഉപദേശകര്‍ പരമാവധി ശ്രമിക്കുക.

 

ഉപദേശം ആക്ഷേപിക്കലല്ല

ഇമാം ഗസാലി (റ) ഉപദേശങ്ങളെ കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി: 'നയപരമല്ലാത്തതും മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് പരസ്യമായി  ചെയ്യുന്നതുമായ  ഉപദേശങ്ങള്‍ ആക്ഷേപിക്കലാണ്. എന്നാല്‍ സ്വകാര്യമായും വിനയത്തോടെയും നല്‍കുന്നതാണ് ഉപദേശങ്ങള്‍.' വിദ്യാര്‍ഥികളില്‍ കാണുന്ന വ്യക്തിപരമായ ദൂഷ്യങ്ങളെ ക്ലാസ്സില്‍ വെച്ച് പരസ്യമായി ഉപദേശിക്കുന്നത് ആക്ഷേപിക്കലാണ്. എന്നാല്‍ സ്വകാര്യമായി വിളിച്ച് സ്‌നേഹത്തോടെ തിരുത്തലാണ് ഉപദേശങ്ങള്‍. തുടക്കത്തില്‍ സൂചിപ്പിച്ച ക്ലാസ്സനുഭവം അതാണ് നല്‍കുന്നത്. ഇത് സാമൂഹികാവസ്ഥയിലും പാലിക്കേണ്ടതാണ്. കല്യാണ വീടുകളില്‍ വെച്ചും പൊതുസദസ്സുകളില്‍ വെച്ചും ഉപദേശിക്കുന്നത്  പലപ്പോഴും ശത്രുക്കളെ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.

 

അനുവാദം ചോദിക്കുക, നിര്‍ബന്ധിക്കരുത്

ഒരാളെ ഉപദേശിക്കുമ്പോള്‍ അയാളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ നാം ഇടപെടുകയാണ്. അതിനാല്‍ തന്നെ ഉപദേശം തേടി വരുന്നവര്‍ ഒഴികെ മറ്റുള്ളവരെ നാം ഉപദേശിക്കുമ്പോള്‍ അയാളുടെ അനുവാദം ആവശ്യമാണ്. ഇത് നാം നല്‍കുന്ന ഉപദേശത്തിന്റെ ഫലം വര്‍ധിപ്പിക്കും. നമ്മുടെ ചിന്തകളും  അനുഭവങ്ങളും ആശയങ്ങളും അനുസരിച്ച് നാം നല്‍കുന്നതാണ് ഉപദേശങ്ങള്‍. അതു മാത്രമാണ് ശരിയെന്നും അത് നിര്‍ബന്ധമായും സ്വീകരിക്കണമെന്നും നാം വാശി പിടിക്കരുത്. നമ്മുടെ  ഉപദേശം തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്ര്യം ഉപദേശം സ്വീകരിക്കുന്നവര്‍ക്ക് നല്‍കുക. 

 

സംക്ഷിപ്തവും കൃത്യവുമായിരിക്കുക

ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ഉപദേശം തേടുമ്പോള്‍ ആ കാര്യത്തില്‍ മാത്രം ഉപദേശിക്കുക. അതല്ലാതെ ആ വ്യക്തിയുടെ മറ്റു വിഷയങ്ങളില്‍ ആവശ്യമില്ലാതെ ഉപദേശിക്കാതിരിക്കുക. നല്‍കുന്ന ഉപദേശം വ്യക്തവും കൃത്യവും സത്യസന്ധവുമായിരിക്കുക. ഒരിക്കലും ഊഹത്തിന്റെയോ തെറ്റിദ്ധാരണയുടെയോ  അടിസ്ഥാനത്തില്‍  ഉപദേശിക്കരുത്. നല്‍കുന്ന ഉപദേശങ്ങള്‍ എളുപ്പം സ്വീകരിക്കാന്‍ പറ്റുന്നതും  അവരവരുടെ പരിമിതിക്ക് ഉള്ളില്‍നിന്ന് നടപ്പിലാക്കാന്‍ കഴിയുന്നതുമായിരിക്കണം. നാട്ടില്‍നിന്ന് തന്നെ  ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ പ്രയാസപ്പെടുന്ന രോഗിയോട്   വിദേശത്ത് പോയി ചികിത്സിക്കാന്‍  ഉപദേശിക്കുന്നതിനു പകരം  മെച്ചപ്പെട്ട ചികിത്സ കിട്ടുന്ന ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ചികിത്സിക്കാര്‍ ഉപദേശിക്കുക. 

സംഭവിച്ചുപോയ നഷ്ടങ്ങളെ കുറിച്ചും തെറ്റുകളെ കുറിച്ചും ഓര്‍ത്ത് ദുഃഖിക്കാന്‍ കാരണമാകുന്ന രീതിയില്‍ ഉപദേശിക്കരുത്. നേരെ മറിച്ച് അതൊരു പാഠമായി എടുത്ത് ഭാവിയെ നന്നാക്കാന്‍ ഉപദേശിക്കുക.

 

ഉപദേശിക്കല്‍ ഒരു ശീലമാക്കാതിരിക്കുക 

അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ ചൊല്ല്. ഉപദേശം ഒരു ശീലമായി കൊണ്ടു നടക്കുന്നവരുണ്ട്. ഇത് ജനങ്ങള്‍ക്ക് ഏറെ അരോചകവും ഉപദേശത്തിന്റെ വില നഷ്ടപ്പെടുത്തുന്നതുമാണ്. പലപ്പോഴും ഇത്തരം ആളുകളില്‍നിന്നും  പൊതുജനം രക്ഷപ്പെടാന്‍ ശ്രമിക്കും. സ്വന്തത്തോടും കുടുംബത്തോടും ഉപദേശിക്കാന്‍ ഏറെയുണ്ടെങ്കിലും അത്തരക്കാര്‍ അതിനു സമയം കണ്ടെത്താറില്ല. പകരം  മറ്റുള്ളവരെ ഉപദേശിച്ചുകൊണ്ടേയിരിക്കും.

നമ്മുടെ ഉപദേശം സൗമ്യവും മാന്യവുമായിരിക്കുകയും ഉപദേശിക്കുന്ന വിഷയത്തിലെങ്കിലും നാം മാതൃകയാവുകയും വേണം. ചെയ്യാത്ത കാര്യങ്ങള്‍ ഉപദേശിക്കുന്നവര്‍ അല്ലാഹുവിന്റെ അടുത്ത് വെറുക്കപ്പെട്ടവരാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (61:3). പ്രശസ്ത ആംഗലേയ കവി സാമുവല്‍ ടൈലര്‍ കോളിഡ്ജ്  ഒരിക്കല്‍ പറഞ്ഞു: ''നല്ല ഉപദേശം മഞ്ഞു പോലെയാണ്. അത് വളരെ മൃദുവായി പെയ്തിറങ്ങുന്നു, ദീര്‍ഘനേരം നിലനില്‍ക്കുന്നു, മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു.''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top