പൗരത്വ വേട്ടയുടെ സാമൂഹിക മാനങ്ങള്‍

ഹസനുല്‍ ബന്ന No image

വിദേശിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നു പറഞ്ഞ് വിദേശി ട്രൈബ്യൂണലില്‍നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോകാനൊരുങ്ങിയപ്പോള്‍ അസമിലെ സ്വാതന്ത്ര്യസമര സേനാനി ഹാജി റോഷ് മഹ്മൂദിന്റെ പൗത്രി റോഷ്‌നാര ബീഗം പറഞ്ഞു, താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്ന്. കൈയിലുണ്ടായിരുന്ന കൊച്ചു മകളെ വനിതാ പോലീസ് പിടിച്ചുവാങ്ങി ഉമ്മയെ ഏല്‍പിച്ച ശേഷം ബലമായി പോലീസ് ജീപ്പിലേക്ക് കയറ്റി നേരെ കൊക്രാജാറിലേക്ക് കൊണ്ടുപോയി. വിദേശികളാണെന്ന് വിദേശി ട്രൈബ്യൂണല്‍ പ്രഖ്യാപിക്കുന്ന സ്ത്രീകളെ പാര്‍പ്പിക്കാനുള്ള തടവറയുള്ളത് കൊക്രാജാറിലാണ്. അസമില്‍ ഇത്തരത്തിലുള്ള ആറ് തടവുകേന്ദ്രങ്ങളുണ്ടെങ്കിലും ഗോള്‍പാറയിലല്ലാതെ സ്ത്രീകളെ തടങ്കലിലാക്കുന്നതിനുള്ള സംവിധാനമില്ല. തടവറയെന്ന് പറഞ്ഞാല്‍ ജയില്‍ തന്നെ. ഗോള്‍പാറ വനിതാ ജയിലിനോട് ചേര്‍ന്ന ഒരു ഭാഗം കുടുംബങ്ങളില്‍നിന്നും ബന്ധുമിത്രാദികളില്‍നിന്നും ഇങ്ങനെ പറിച്ചുമാറ്റി കൊണ്ടുവരുന്നവരെ തടങ്കലിലിടാനുള്ളതാണ്. ജീവിതത്തിലിന്നു വരെ ഒരപരാധവും ചെയ്യാത്ത, അന്തസ്സോടെ മക്കളും കുടുംബവുമായി കഴിഞ്ഞുവരികയായിരുന്ന മുന്നൂറോളം സ്ത്രീകള്‍ റോഷ്‌നാരയെത്തുമ്പോള്‍ ഗോള്‍പാറയിലെ തടവറയിലുണ്ടായിരുന്നു.
വിവാഹത്തിനു ശേഷം സ്വന്തം പിതാവിന്റെ വീട്ടിലെ വിലാസത്തിലുള്ള രേഖകള്‍ വരന്റെ വീട്ടിലെ വിലാസത്തിലേക്ക് മാറ്റാത്തതിന് റോഷ്‌നാര കൊടുത്ത വിലയായിരുന്നു ഈ ജയില്‍ വാസം. 2005-ല്‍ വോട്ടു ചെയ്യാനായി പോളിംഗ് ബൂത്തില്‍ ചെന്നപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നു പറഞ്ഞ് തിരിച്ചുപോന്നതായിരുന്നു. അതിത്രയും വലിയ ദുരിതത്തില്‍ കൊണ്ടെത്തിക്കുമെന്ന് അവര്‍ കരുതിയില്ല. അഞ്ച് വര്‍ഷം കഴിഞ്ഞ് റോഷ്‌നാര സംശയാസ്പദ വോട്ടര്‍ (ഡൗട്ട്ഫുള്‍ വോട്ടര്‍ അഥവാ ഡീ-വോട്ടര്‍) ആണെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസ് അയച്ചു. ഹിയറിംഗിനായി രണ്ട് തവണ വിളിച്ചു. 1930 മുതല്‍ക്കുള്ള ഹാജി റോഷ് മഹ്മൂദിന്റെ രേഖകള്‍ക്കൊപ്പം തന്റെ പ്രൈമറി ക്ലാസ് തൊട്ട് പത്താം തരം വരെയുള്ള രേഖകളും നല്‍കിയിട്ടും മൂന്നാമത്തെ ഹിയറിംഗ് നാളില്‍ വിദേശിയാണെന്ന് ഉത്തരവിറക്കി.
ഗര്‍ഭിണിയാണെന്ന് കരുതി തടങ്കലിലുളള മറ്റു സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ കവിഞ്ഞൊരു പരിഗണനയും ശ്രദ്ധയും ഉണ്ടായിരുന്നില്ല. ഗര്‍ഭിണിയാണെന്ന പരിഗണന ഭക്ഷണത്തിന്റെ കാര്യത്തിലുമുണ്ടായിരുന്നില്ല. ഗര്‍ഭിണിയെന്ന നിലയില്‍ മാസം തോറും നടത്തേണ്ട പരിശോധനക്ക് ഒരു സംവിധാനവും തടവറയിലില്ലായിരുന്നു. ആഴ്ചയിലൊരിക്കല്‍ മത്സ്യവും മാംസവും കിട്ടുന്നതൊഴികെയുള്ള ദിവസങ്ങളിലെ ഭക്ഷണം വായിലേക്ക് വെക്കാന്‍ പോലും കഴിയുമായിരുന്നില്ല. ''എന്നെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ 137 സ്ത്രീകളാണുണ്ടായിരുന്നത്. ഇതില്‍ 25 പേര്‍ ഹിന്ദു സ്ത്രീകളായിരുന്നു. അവശേഷിക്കുന്നവര്‍ എല്ലാം മുസ്‌ലിംകള്‍. അതിന്റെ പകുതി പേര്‍ക്കുള്ള സൗകര്യം പോലുമില്ലാത്ത മുറിയില്‍ ഇത്രയും പേര്‍ ചേര്‍ന്നു കിടക്കും. ഗര്‍ഭിണിയായി ഞാന്‍ മാത്രം. സ്ത്രീകളില്‍ പലരുടെയും ഒപ്പം ചെറിയ മക്കളുമുണ്ടായിരുന്നു. എന്നെ പോലെ മക്കളെ ഏല്‍പിക്കാന്‍ കുടുംബത്തില്‍ മറ്റാരുമില്ലാത്തവരായിരുന്നു അവര്‍. താഴെ തറയില്‍ കിടക്കണം. നിലത്ത് വിരിക്കാന്‍ കമ്പിളി തരും. ഒരാള്‍ക്ക് കിടക്കാന്‍ രണ്ടടിയാണ് അനുവദിക്കുക. രണ്ട് ടോയ്‌ലറ്റ് കൊണ്ട് ഇത്രയും പേര്‍ തങ്ങളുടെ പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റണം. അതുകൊണ്ടുതന്നെ ഈ രണ്ട് ടോയ്‌ലറ്റുകള്‍ക്കും മുമ്പില്‍ നീണ്ട ക്യൂ ആയിരിക്കും.''
ഒരാള്‍ വിദേശിയാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ പിതാമഹന്‍ സ്വാതന്ത്ര്യസമര സേനാനിയാണെന്നോ മറ്റോ നോക്കുന്ന പതിവ് അസമിലെ ട്രൈബ്യൂണലുകള്‍ക്കില്ല. അസമിലെ ബി.ജെ.പി സര്‍ക്കാര്‍ കരാറിന് നിയോഗിക്കുന്ന ജഡ്ജി പോലുമല്ലാത്ത ട്രൈബ്യൂണല്‍ അംഗം വിദേശിയായി പ്രഖ്യാപിച്ചാല്‍ പിന്നെ ഗര്‍ഭിണിയാണെന്ന മാനുഷിക പരിഗണനയൊന്നും നല്‍കേണ്ട കാര്യം അസമിലെ പോലീസിനുമില്ല. ഇതൊരു റോഷ്‌നാരയുടെ വേറിട്ട കഥയല്ല. ഇതിനകം വിദേശികളായി ട്രൈബ്യൂണലുകള്‍ പ്രഖ്യാപിച്ചിട്ടുള്ള 1.17 ലക്ഷം മനുഷ്യരില്‍ ഒരുപാട് റോഷ്‌നാരമാരുണ്ട്. അവരൊന്നും തന്നെ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരല്ല. അവരുടെയൊക്കെ മാതാപിതാക്കളും ഭര്‍ത്താക്കന്മാരും മക്കളും ഇന്ത്യക്കാരായി കഴിയുമ്പോഴാണ് ആ മനുഷ്യബന്ധങ്ങളില്‍നിന്ന് പറിച്ചുമാറ്റി ഈ സ്ത്രീകളെ ക്രിമിനലുകളെന്ന കണക്കെ തടവറകളില്‍ കൊണ്ടുപോയി തള്ളിയിരിക്കുന്നത്.
ഷാ ആലമിന്റെ ഭാര്യ സബ്ജന്നീസയുടെ കുടുംബത്തിലും അവരല്ലാതെ ഒരാളുടെയും പൗരത്വത്തില്‍ തെരഞ്ഞെടുപ്പു കമീഷന്റെ ബി.എല്‍.ഒക്ക് സംശയം തോന്നിയിട്ടില്ല. തന്റെയും ഭര്‍ത്താവിന്റെയും വീട്ടുകാരെല്ലാവരും ഇന്ത്യക്കാരാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാത്ത ബി.എല്‍.ഒ തന്റെ പേര്‍ മാത്രം ഡീ-വോട്ടര്‍മാരുടെ ഗണത്തില്‍പെടുത്തിയതെന്തുകൊണ്ടാണെന്ന് സബ്ജന്നീസക്ക് അറിയില്ല. ഷാ ആലമിന് അന്നന്ന് കിട്ടുന്ന കൂലി വക്കീലിന് കൊടുക്കാന്‍ തികയാത്തതിനാല്‍ പലപ്പോഴും വട്ടിക്കാരില്‍നിന്ന് പലിശക്ക് പണം വാങ്ങി കൊടുക്കുമെന്ന് സബ്ജന്നീസ പറഞ്ഞു. സംശയാസ്പദ വോട്ടറായതിനാല്‍ ദേശീയ പൗരത്വ പട്ടികയില്‍ പേരില്ല. മക്കളെയും ഭര്‍ത്താവിനെയും പിരിഞ്ഞ് തടവില്‍ കഴിയേണ്ടിവരുന്ന ആധിയെ കുറിച്ച് അവരുമായുള്ള സംഭാഷണം മുറിഞ്ഞു. തട്ടത്തിന്റെ തലപ്പു കൊണ്ട് സബ്ജന്നീസ കണ്ണീര്‍ തുടക്കുമ്പോള്‍ ഒരിക്കലുമത് സംഭവിക്കില്ലെന്ന് സമാധാനിപ്പിക്കുന്നു ഷാ ആലം.
രണ്ട് കൂട്ടരെയാണ് തങ്ങള്‍ക്കിപ്പോള്‍ പേടിയെന്ന് ബംഗാളി ഭാഷ സംസാരിക്കുന്ന സ്ത്രീകളൊന്നടങ്കം പറയുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ ബൂത്ത് തല ഓഫീസര്‍മാരെയും അതിര്‍ത്തി പോലീസിലെ കോണ്‍സ്റ്റബിള്‍മാരെയും. ഈ രണ്ട് കൂട്ടരെയുമാണ് ഗ്രാമങ്ങളില്‍ വിദേശികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഏല്‍പിച്ചിട്ടുള്ളത്. രേഖകളുണ്ടോ ഇല്ലേ എന്നതല്ല, ഇവര്‍ വരുമ്പോള്‍ ചോദിക്കുന്ന പണം കൊടുക്കണം. ഇല്ലെങ്കില്‍ ബി.എല്‍.ഒമാര്‍ ഡീ-വോട്ടറാക്കി റിപ്പോര്‍ട്ട് നല്‍കും. അതിര്‍ത്തി പോലീസുകാര്‍ ട്രൈബ്യൂണലിന് മുമ്പാകെ എഫ്.ഐ.ആര്‍ ഇടും. അതിനാല്‍ ഇവര്‍ വീട്ടില്‍ വന്നാല്‍ കൊടുക്കാന്‍ പണമില്ലെങ്കില്‍ ദരിദ്രരായ ഗ്രാമീണര്‍ കോഴിയെ എങ്കിലും പിടിച്ചുകൊടുക്കും. വിദേശികളായി പ്രഖ്യാപിച്ച 1.17 ലക്ഷം ആളുകളുടെയത്രയോ അതില്‍ കൂടുതലോ പേര്‍ അസമില്‍ ഡീ-വോട്ടര്‍മാരായുണ്ട്.
തെരഞ്ഞെടുപ്പു കമീഷനും അതിര്‍ത്തി പോലീസും നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് വിദേശി ട്രൈബ്യൂണല്‍ ആളുകളെ വിദേശികളാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) പ്രക്രിയക്ക് അസമില്‍ തുടക്കമിടുന്നത്. അതിര്‍ത്തി പോലീസും ബി.എല്‍.ഒമാരും ഗ്രാമങ്ങളില്‍ തങ്ങളുടെ പണി തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അത്. ഇതിലും ദുരിതം അനുഭവിക്കേണ്ടിവന്നത് ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ്. പൗരത്വ പട്ടികയില്‍നിന്ന് ബംഗാളി മുസ്‌ലിംകളെ പുറത്താക്കണമെന്ന ലക്ഷ്യത്തോടെ രംഗത്തുവന്ന ചിലര്‍ ബോധപൂര്‍വം എന്‍.ആര്‍.സിക്ക് മുമ്പാകെ പരാതികള്‍ നല്‍കി. പരാതികള്‍ വ്യാജമായിരുന്നുവെങ്കിലും ഹിയറിംഗിന് വിളിപ്പിച്ചാല്‍ വരാതിരുന്നാല്‍ അത്രയും പേരുടെ പൗരത്വം റദ്ദാകുമല്ലോ എന്നായിരുന്നു കണക്കുകൂട്ടല്‍. 300-ഉം 400-ഉം കിലോമീറ്ററുകള്‍ക്കപ്പുറത്ത് നടക്കുന്ന ഹിയറിംഗിന് രോഗവും ഗര്‍ഭവും പ്രായവും പരിഗണിക്കാതെ സ്ത്രീകളെ അധികൃതര്‍ ഓടിച്ചു. തങ്ങളുടെ ജില്ലക്കകത്ത് ഹിയറിംഗ് നടത്തണമെന്ന സുപ്രീംകോടതി നിര്‍ദേശം അട്ടിമറിച്ചായിരുന്നു അസം എന്‍.ആര്‍.സിയിലെ ഉദ്യോഗസ്ഥര്‍ ഈ കളി കളിച്ചത്. പിറ്റേന്ന് നടക്കുന്ന ഹിയറിംഗിന്റെ അറിയിപ്പ് തലേന്ന് സന്ധ്യാസമയത്ത് കിട്ടിയാണ് ഗ്രാമവാസികളറിഞ്ഞത്. 
ഒരു മുന്നൊരുക്കവും നടത്താത്ത സ്ത്രീകളും വൃദ്ധരും അടങ്ങുന്ന മനുഷ്യര്‍ അനാരോഗ്യം പരിഗണിക്കാതെ കിട്ടുന്ന വാഹനം പിടിച്ച് ഹിയറിംഗിന് ഓടേണ്ടിവന്നു. ഹിയറിംഗിന് ചെന്നപ്പോള്‍ എല്ലാവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത് ഒരു വ്യക്തി. പേര് വെട്ടിമാറ്റാന്‍ പരാതി നല്‍കിയ ആള്‍ ഹിയറിംഗിന് വേണമെന്നാണ് ചട്ടം. എന്നാല്‍ ഇവിടെ പരാതിക്കാരന്‍ ഹാജരില്ലല്ലോ എന്ന് ചുണ്ടിക്കാണിച്ചവരോട് എന്‍.ആര്‍.സി അധികൃതര്‍ തട്ടിക്കയറി. ഈ മരണപ്പാച്ചിലിനിടയില്‍ നാല് വാഹനാപകടങ്ങളാണ് കാമരൂപ് ജില്ലയിലുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം ഒരു ഡസനോളം പേര്‍ ഈ അപകടങ്ങളില്‍ കൊല്ലപ്പെട്ടു.
വംശീയവും വര്‍ഗീയവുമായ ഈ വേട്ടയില്‍ കുഞ്ഞുങ്ങളെ പോലും അവര്‍ വെറുതെ വിട്ടില്ല. ശഹിന്‍ ശബ്‌നൂസ് എന്ന കുട്ടിയുടെ പേര് പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍  ഒമ്പതു തവണയാണ് പരാതി നല്‍കിയത്. ഒമ്പതാമത്തെ തവണ വിചാരണ കഴിഞ്ഞ ശേഷം പൗരത്വ പട്ടിക വന്നപ്പോള്‍ അതില്‍ പേരുണ്ടെന്ന് ശഹിന്‍ പറഞ്ഞു. പരാതിയെല്ലാം നല്‍കിയത് ഒരേ വ്യക്തിയാണെന്നറിയാം. എന്നാല്‍ ആ വ്യക്തി എവിടത്തുകാരനാണെന്ന് ഗ്രാമവാസികള്‍ക്കൊന്നും അറിയില്ല. മാനുഷികമായ പരിഗണന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കപ്പെട്ടില്ല. പരിഗണനക്കു പകരം അങ്ങേയറ്റം വിവേചനം നേരിടുകയും ചെയ്തു. 
ശിശുവിവാഹം അസമില്‍ ഒരു തെറ്റായിരുന്നില്ലെന്ന് ഓര്‍മിപ്പിച്ചത് ഗുവാഹത്തി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്ന ജാസ്മിന്‍ പര്‍വീന്‍ ആണ്. സ്‌കൂളിന്റെ പടി കാണാത്ത ഹാഫിസ ഖാതൂന്റെ മകള്‍. ആറ് മക്കളില്‍ ഏക പെണ്‍കുട്ടി. 3000-ത്തോളം പേരുള്ള ഗ്രാമത്തില്‍നിന്ന് പത്താം തരത്തിനു ശേഷം പഠനം തുടര്‍ന്ന ഒരേയൊരു പെണ്‍കുട്ടിയാണ് ജാസ്മിന്‍. ആറ് മാസം പ്രായമായപ്പോള്‍ പിതാവ് മരിച്ചുപോയി. മദ്‌റസാ പ്രിന്‍സിപ്പല്‍ ആയ മൂത്ത സഹോദരനാണ് വളര്‍ത്തി ഈ നിലയില്‍ എത്തിച്ചത്. ഗ്രാമത്തിലെ മിക്ക പെണ്‍കുട്ടികളുടെയും വിവാഹം വയസ്സിനു മുമ്പെ കഴിയുന്നതിനാല്‍ വരന്റെ വീട്ടുകാരുടെ വിലാസത്തിലായിരിക്കും പിന്നീട് ഉണ്ടാകുക. സ്വന്തം വിലാസം നഷ്ടപ്പെട്ടിട്ടുമുണ്ടാകും. 18 വയസ്സ് പൂര്‍ത്തിയാകാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ ഭര്‍തൃവീട്ടിലെത്തിയാലും ഇവരുടെ പേര് വോട്ടര്‍പട്ടിയിലുണ്ടാവില്ല. പിന്നീട് 18 വയസ്സ് തികഞ്ഞ ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുമ്പോഴാണ് പൗരത്വ ചോദ്യങ്ങളുയരുന്നത്. ബി.എല്‍.ഒമാര്‍ വളരെ വേഗം ഡീ-വോട്ടറാക്കി പട്ടികയില്‍ അടയാളപ്പെടുത്തും. ഡീ-വോട്ടറായാല്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കരുതെന്നാണ് ചട്ടം. തങ്ങളുടെ ഗ്രാമത്തില്‍നിന്ന് വിവാഹം കഴിഞ്ഞുപോയ നിരവധി യുവതികളുടെ പേരുകള്‍ ഈ തരത്തില്‍ എന്‍.ആര്‍.സിയില്‍നിന്ന് പുറത്തായെന്ന് ജാസ്മിന്‍ പര്‍വീന്‍ പറഞ്ഞു.
എന്‍.ആര്‍.സി പട്ടികയില്‍നിന്ന് പുറത്തുപോയ സ്ത്രീകളുടെ കാര്യത്തില്‍ ഒരു സമൂഹവും ഒഴിവല്ല. 1950-ല്‍ ബംഗ്ലാദേശ് ഉണ്ടാകുന്നതിനു മുമ്പ് കിഴക്കന്‍ പാകിസ്താനില്‍നിന്ന് വന്ന അമ്മയുടെ കാര്യം പറഞ്ഞത് രേണു ചൗധരിയാണ്. അമ്മയുടെ അഛനാണ് സില്‍ച്ചാറില്‍ വന്ന് താമസിച്ചത്. ജനന സര്‍ട്ടിഫിക്കറ്റില്ലാത്ത അമ്മ അഛനെ വിവാഹം ചെയ്യുമ്പോള്‍ 18 വയസ്സ് പൂര്‍ത്തിയായിട്ടില്ല. ഒരു അഭയാര്‍ഥി രേഖയും മറ്റു ചില രേഖകളും കൈവശമുള്ളത് കൊടുത്തു. പട്ടികയില്‍നിന്ന് പുറത്തായ അമ്മ തടവുകേന്ദ്രത്തിലേക്ക് എന്നു കൊണ്ടുപോകുമെന്ന് ചിന്തിച്ച് കഴിയുകയാണെന്ന് രേണു പറഞ്ഞു. ഗൂര്‍ഖകളുടെ നേതാവ് പ്രേം തമാംഗും പറഞ്ഞത് തങ്ങളുടെ സമുദായത്തില്‍ പുറത്തായവരില്‍ വലിയൊരു പങ്കും സ്ത്രീകളാണെന്നാണ്.
നിരക്ഷരരും രേഖകള്‍ സൂക്ഷിക്കാത്തവരുമായതിനാല്‍ പുറത്തുപോയവരിലധികം സ്ത്രീകളാണ്. ഗോള്‍പാറയിലെ സീതാദേവിയുടെ പേര് എന്‍.ആര്‍.സി പട്ടികയിലില്ലാതിരുന്നത് അഛന്‍ മരിച്ചുപോയതുകൊണ്ടാണെന്ന് ഭര്‍ത്താവ് രഹേന്ദ്ര പറഞ്ഞു. തന്റെ ഭാര്യയാണെന്ന് തെളിയിച്ചാല്‍ പോരാ. അവളുടെ അഛന്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കണമെന്നാണ് എന്‍.ആര്‍.സി ആവശ്യപ്പെട്ടത്. എന്നാല്‍ ജീവിച്ചിരിപ്പില്ലാത്ത അഛന്റെ അത്തരം രേഖകളൊന്നും ഹാജരാക്കാന്‍ സീതാദേവിക്ക് കഴിഞ്ഞില്ല. അതുപോലെ വീട്ടില്‍ മരുമകള്‍ക്കും സംഭവിച്ചുവെന്ന് സീതാദേവി പറഞ്ഞു. 1966-നു മുമ്പ് ഇന്ത്യയില്‍ വന്നവരാണ് രഹേന്ദ്രയുടെയും സീതയുടെയും കുടുംബങ്ങള്‍. ഈ രണ്ട് സ്ത്രീകളുടെയും അനുഭവമാണ് എന്‍.ആര്‍.സി പട്ടികയില്‍നിന്ന് പുറത്തായവരുള്ള ഭൂരിഭാഗം വീടുകളുടെയും അവസ്ഥ. ജന്മതീയതിയും വയസ്സും കൃത്യമായി പറയാന്‍ കഴിയാത്തവരോടാണ് രണ്ട് തലമുറകള്‍ക്കപ്പുറത്തുള്ളവരുടെ പൗരത്വം തെളിയിക്കാനുള്ള രേഖ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത്. ''ഞങ്ങളെല്ലാം ദരിദ്രരാണ്. ഞങ്ങളാരും സ്‌കൂളില്‍ പോവുകയോ പഠിക്കുകയോ ചെയ്തവരല്ല. കൈവശമുള്ള രേഖകളെല്ലാം ഞങ്ങള്‍ കൊടുത്തു. എന്നാല്‍ അതൊന്നും പോരെന്ന മട്ടിലാണവര്‍. അവര്‍ ചോദിക്കുന്ന രേഖകളെല്ലാം എവിടെ നിന്ന് എടുത്തുകൊടുക്കാനാണ്?'' അസമിലെ ഓരോ സ്ത്രീയുടെയും നിസ്സഹായതയാണ് സീതാ ദേവിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്.
എന്‍.ആര്‍.സി പ്രക്രിയയുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളായിരിക്കുന്നു. ദരിദ്ര പശ്ചാത്തലത്തില്‍നിന്നുള്ള പതിനായിരങ്ങള്‍ രേഖകള്‍ കാണിക്കാനില്ലാതെ പട്ടികയില്‍നിന്ന് പുറത്തായിരിക്കുന്നു. 1985 വരെ ജനനം രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമില്ലാതിരുന്ന ഒരു സംസ്ഥാനത്താണ് 1951-ലെയും 1971-ലെയും രേഖകളൊക്കെ ചോദിക്കുന്നത്. 18 വയസ്സിനു മുമ്പ് വിവാഹം ചെയ്തുപോയ, ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുമില്ലാത്ത സ്ത്രീകള്‍ എന്തു രേഖകളാണ് നല്‍കുക?
ഓരോ കുടുംബത്തിലെയും അമ്മമാരും പെണ്‍മക്കളും ഭാര്യമാരും സഹോദരിമാരുമാണ് പട്ടികയില്‍നിന്ന് പുറത്തുപോയിരിക്കുന്നത്. അനുഭവിക്കുന്നത് ആ കുടുംബം ഒന്നാകെയാണ്. വിദേശികളെ കണ്ടെത്തുന്ന പ്രക്രിയയില്‍ ലിംഗനീതി പോയിട്ട് നീതി  ഉറപ്പുവരുത്താന്‍ പോലും മേല്‍നോട്ടം വഹിച്ച സുപ്രീം കോടതിക്ക് കഴിഞ്ഞില്ല. സ്ത്രീകള്‍ക്ക് ഇത്തരമൊരു പ്രക്രിയയില്‍ അനുഭവിക്കേണ്ടിവരുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ കുറിച്ച് കോടതി ഗൗനിച്ചതേയില്ല. അസമിലെ ദുര്‍ബലരായ സ്ത്രീസമൂഹത്തെ ഇത്രയും പരാതികള്‍ക്കിടയാക്കിയ പ്രക്രിയയിലുടെ വീണ്ടും ബലിയാടുകളാക്കി. പൗരത്വമുള്ള ഭര്‍ത്താവും പൗരത്വമില്ലാത്ത ഭാര്യയും കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുകയും അവരുടെ കുഞ്ഞുമക്കള്‍ അനാഥാലയങ്ങളിലേക്ക് പോലും അയക്കാനാകാതെ അമ്മമാര്‍ക്കൊപ്പം തടവറകളില്‍ കഴിയേണ്ടിവരികയും ചെയ്യുന്ന ഗുരുതരമായ സാമൂഹിക പ്രശ്‌നത്തിന് കൂടിയാണ് അസം എന്‍.ആര്‍.സി കാരണമായിരിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top