മരണപ്പെട്ടവനെ സഹിക്കേണ്ട
ദുരവസ്ഥയെക്കുറിച്ച്
നിങ്ങള്‍ക്കെന്തറിയാം?
പുറമെ ശാന്തമാണ്.
ചെടിക്കിടയിലോ ചെളിക്കുള്ളിലോ
മറഞ്ഞുകിടക്കും.
എന്നാലകത്ത്....?
മരണപ്പെട്ടവന്റെ ഒരു തണുപ്പ്....
ജീവിച്ചുതീര്ന്നില്ല എന്ന
അവന്റെ വിലാപം...
തിരിച്ചുപോക്കില്ലെന്ന
തിരിച്ചറിവിലുള്ള നെടുവീര്‍പ്പ്...
ബാക്കിയായിപ്പോയ
ബാധ്യതകളെക്കുറിച്ചോര്ത്തുള്ള
വേവലാതി...
നല്ല കര്‍മങ്ങള്‍ ചെയ്യാതെ പോയതിന്റെ
നഷ്ടബോധം...
വിളക്കിച്ചേര്ക്കാത്ത ബന്ധങ്ങളും
പാലിക്കാത്ത വാഗ്ദാനങ്ങളും
കരിഞ്ഞ സ്വപ്നവും
മുറിഞ്ഞ പ്രണയവും
വീതം വെക്കാത്ത സ്വത്തും
അസ്വസ്ഥതകളുടെ നാഗമായ്
ചീറ്റിച്ചുറ്റുമ്പോള്
അവനുണ്ടാകുന്ന ഭ്രാന്ത്...
ഓര്‍മകളുടെ തിരമാലകളില്‍
പെടുമ്പോഴുള്ള അലമുറ....
ദേവിക്കുന്ന ശരീരം നോക്കി-
ക്കൊണ്ടുള്ള പിടച്ചില്‍....
ഏകാന്ത തടവറ
എന്നവനെന്നെ അധിക്ഷേപിക്കും,
എന്റെ മേല്ക്കൂരയെ
അവന് ശപിക്കും,
എന്റെ ഇരുട്ടിനെ പുലഭ്യം പറയും.
സാരമില്ല, പക്ഷേ-
മരണപ്പെട്ടവനെ സഹിക്കേണ്ട
ദുരവസ്ഥയെക്കുറിച്ച്
സത്യത്തില്‍ നിങ്ങള്‍ക്കൊന്നുമറിയില്ല.