ആഗ്രഹങ്ങളെ സ്വയം തിരിച്ചറിയുക!

ബുസൈന മഖ്‌റാനി No image

ആഗ്രഹം എന്നത് സുന്ദരമായ തുടക്കത്തെയും പൂവണിഞ്ഞ സ്വപ്‌നം അവസാനിക്കുമ്പോഴുണ്ടാകുന്ന കണ്ണുനീരിനെയും അവസാനിക്കാത്ത വിജയകഥകളെയും ചേര്‍ത്തുവെക്കുന്ന ഒന്നാണ്. അത്, നമ്മെ ആസ്വദിപ്പിക്കുന്നതും നാം ആഗ്രഹിക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ്. അത്, നാം ഇഷ്ടപ്പെടുന്നത് സ്വീകരിക്കുമ്പോള്‍ നമ്മെ പിടിച്ചുനിര്‍ത്തുന്ന വൈകാരിക അനുഭവമാണ്. ഇരുട്ടുള്ള രാത്രിയെ അത് പ്രകാശപൂരിതമാക്കുന്നു. കണ്‍പോളകളില്‍നിന്ന് ഉറക്കത്തെ മായ്ച്ചുകളയുന്നു. ഉണര്‍ന്ന് പ്രവര്‍ത്തിക്കാനായി അത് കലപില ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ഓരോ പ്രതിഭാശാലിയും ഇഷ്ടപ്പെടുകയും മികവ് തെളിയിക്കുകയും ചെയ്ത മേഖലയില്‍ സാക്ഷാത്കരിച്ച നേട്ടങ്ങളുടെ ഇന്ധനമാണ് ആഗ്രഹമെന്ന് പറയാം. അത്തരം അസാമാന്യ ബുദ്ധിവൈഭവം അല്ലാഹു അവര്‍ക്ക് വെറുതെ നല്‍കിയതല്ല. അവരുടെ ആഗ്രഹത്തെയും താല്‍പര്യത്തെയും അവര്‍ കണ്ടെത്തുകയും, അതില്‍ കഴിവ് തെളിയിക്കുകയും, അങ്ങനെ ചരിത്രം ഓര്‍മിക്കുന്ന വിജയങ്ങള്‍ സാക്ഷാത്കരിക്കപ്പെടുകയുമായിരുന്നു. അങ്ങനെതന്നെയാണ് നാമും പ്രവര്‍ത്തിച്ച് മുന്നേറേണ്ടത്. പ്രതിഭയും കഴിവും നമ്മിലെല്ലാവരിലുമുണ്ട്. നമ്മുടെ ബാധ്യതയെന്നത് അത് കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ്. ഒരെഴുത്തുകാരന്റെ വാക്കുകള്‍ ഇങ്ങനെയാണ്; ''ദൈവത്തില്‍നിന്ന് നമുക്ക് ലഭിച്ച സമ്മാനം നമ്മളിലെല്ലാവരിലും ഒളിഞ്ഞുകിടക്കുന്ന കഴിവുകളാണ്. അതിന് നാം ദൈവത്തോട് നന്ദി പറയുക, അത് വികസിപ്പിക്കുന്നതിനായി പരിശ്രമിക്കുക.''
നിങ്ങള്‍ക്ക് ലഭ്യമായ പ്രതിഭയിലൂടെ നിങ്ങളുടെ ആഗ്രഹമെന്തായിരിക്കണമെന്ന് കണ്ടെത്തുക വളരെ പ്രയാസകരമായ കാര്യമൊന്നുമല്ല. നിങ്ങള്‍ ഓരോരുത്തരും തനിച്ചിരുന്ന് നിങ്ങള്‍ മുമ്പ് ചെയ്യുകയും നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്ത പ്രവൃത്തിയെ സംബന്ധിച്ച് അല്‍പനേരം ചിന്തിക്കുക. വൈകാരിക വിഷയമായിരിക്കണമെന്ന് നിബന്ധനയൊന്നുമില്ല. നമുക്കവിടെ, ആര്‍ക്കാണ് ആകര്‍ഷകമായ കഴിവും, അല്ലെങ്കില്‍ സ്വതഃസിദ്ധമായ പുരോഗമപന ശേഷിയുമുള്ളതെന്ന് കണ്ടെത്താന്‍ കഴിയുന്നു. അതിനാല്‍, നിങ്ങള്‍ നിങ്ങളിലേക്ക് തന്നെ ഊളിയിടുക, പിന്നീട് നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളുടെ പട്ടിക തയാറാക്കുക. അത് വലിയ അക്ഷരത്തില്‍ എഴുതിവെക്കുക; നീ ചന്ദ്രനോളം ഉയരുന്നുവെന്ന് തോന്നുന്നതുവരെ, അതില്‍ നിങ്ങളെ അജയ്യനാക്കി നിര്‍ത്തുന്ന കാര്യങ്ങളുടെ പട്ടിക തയാറാക്കുക. നിങ്ങള്‍ കുറച്ചുകൂടി പിന്നോട്ടുപോവുക, എന്നിട്ട് നിങ്ങളെ ആളുകള്‍ ആദരിച്ച പ്രവര്‍ത്തനങ്ങളും അതില്‍ നിങ്ങളുടെ വ്യതിരിക്തതയെ അവര്‍ പുകഴ്ത്തിയതും എഴുതിവെക്കുക. അപ്രകാരം നിങ്ങളെ സംബന്ധിക്കുന്നതെല്ലാം നിങ്ങള്‍ എഴുതിവെക്കുക. എന്നിട്ട് നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതിനെ മുറുകെ പിടിച്ച് അതിനോട് ചേര്‍ന്നുനില്‍ക്കുക. അങ്ങനെ നിങ്ങളുടെ ആഗ്രഹത്തെയും പ്രതിഭയെയും നിങ്ങള്‍ കണ്ടെത്തുമ്പോള്‍ നിങ്ങളിലെ കഴിവ് തിരിച്ചറിയുന്നതാണ്. അത് നിങ്ങളെ വിജയത്തിലെത്തിക്കുന്നു.
ഒരു മനുഷ്യനെയും കഴിവില്ലാത്തവനായി കാണാന്‍ കഴിയുകയില്ല. നമുക്കുള്ളില്‍ മറഞ്ഞുകിടക്കുന്ന നിധിയെ നാം ശരിയായ വിധത്തില്‍ കണ്ടെത്തുകയാണ് വേണ്ടത്. നമ്മുടെ ഉള്ളിലുള്ള താല്‍പര്യങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുന്നതില്‍ നാം ഒരിക്കലും അശ്രദ്ധ കാണിക്കരുത്; എപ്പോള്‍ നമ്മിലെ മാതൃകയും ആവേശവും നാം കണ്ടെത്തുന്നുവോ അപ്പോഴത് നമ്മുടെ വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു. നമ്മുടെ ആഗ്രഹം എന്താണെന്ന് കണ്ടെത്താനുള്ള വഴി, മടിയും അലസതയുമില്ലാതെ നാം ആസ്വദിച്ച് ചെയ്തതെന്താണെന്ന് ഓര്‍ത്തെടുത്താല്‍ മാത്രം മതി. നമുക്ക് താല്‍പര്യമുള്ള പ്രവൃത്തിയിലായിരിക്കും നാം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഓരോ ഉന്നതമായ വിജയങ്ങളുടെയും പിന്നില്‍ ഒന്നുകില്‍ നിര്‍ബന്ധമോ അനിവാര്യതയോ അല്ലെങ്കില്‍, ആഗ്രഹമോ താല്‍പര്യമോ ഒക്കെ ഉണ്ടായിരിക്കുമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഓരോ വിജയിയും തങ്ങളുടെ ഇഷ്ടം കൊണ്ടോ അല്ലെങ്കില്‍ ഉത്തരവാദിത്തബോധം കൊണ്ടോ ആണ് ഉയരങ്ങളെ താണ്ടുന്നത്. ആഗ്രഹവും താല്‍പര്യവുമുള്ളവന് മാത്രമാണ് ഇത്തരം വഴിയിലെ മാധുര്യം നുകരാന്‍ കഴിയുന്നത്. ആ പ്രവൃത്തിയാണ് നമ്മെ ആകര്‍ഷിക്കുകയും ആസ്വദിപ്പിക്കുകയും വിജയിയാക്കിത്തീര്‍ക്കുകയും ചെയ്യുന്നത്. അതവര്‍ അര്‍ഹിക്കുന്നതാണ്. കാരണം, ആ വിജയം അവരുടെ താല്‍പര്യത്തിന്റെയും അഭിരുചിയുടെയും ഫലമാണ്. ജോണ്‍ സി. മാക്‌സ്‌വെല്‍ പറയുന്നു: നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടാത്തതെന്തോ അതുകൊണ്ടല്ലാതെ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യം ഒരിക്കലും സാക്ഷാത്കരിക്കുകയില്ല.
മടുപ്പില്ലാതെ തുടര്‍ച്ചയായി നമുക്ക് ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിയെ കുറിച്ച് കുറച്ച് സമയം ചിന്തിക്കുക. കൂടാതെ, നമ്മുടെ ജീവിതത്തില്‍ ആ പ്രവൃത്തിയില്‍നിന്ന് മാറിനില്‍ക്കുകയോ ഒഴിഞ്ഞുനില്‍ക്കുകയോ ചെയ്യാതെ എത്രത്തോളം മുന്നോട്ടുപോകാന്‍ കഴിയുമെന്നും ചിന്തിക്കുക. ജീവിതത്തിന്റെ മാധുര്യം നുകരുകയും അനുഭവിക്കുകയും ചെയ്യുന്നതില്‍നിന്നും, സന്തോഷത്തിന്റെ ഉത്ഭവകേന്ദ്രത്തില്‍നിന്നും നമ്മിലാര്‍ക്കാണ് മാറിനില്‍ക്കാന്‍ കഴിയുന്നത്! ആഗ്രഹിക്കുമ്പോള്‍ വിശ്രമിക്കുന്നതിനും സ്വസ്ഥമായി ഇരിക്കുന്നതിനും സമയമുണ്ടായിരിക്കുകയില്ല, അവിടെ നിലക്കാത്ത പ്രവര്‍ത്തനം മാത്രമായിരിക്കും. എവിടെയാണ് നാം നമ്മുടെ സമ്പത്തും സമയവും പരിശ്രമവും സ്വസ്ഥതയും ഒരാക്ഷേപവുമില്ലാതെ താല്‍പര്യത്തോടെ ചെലവഴിക്കുന്നത് അവിടെയാണ് നമ്മുടെ ആഗ്രഹം മറഞ്ഞുകിടക്കുന്നത്. നാം നമ്മുടെ കഴിവുകളില്‍ വിശ്വസിക്കേണ്ടതുണ്ട്; പരാജയത്തെ ഭയക്കാതിരിക്കേണ്ടതുമുണ്ട്. നാം ഒരുപാട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും, പരാജയമെന്ന ഭയം നമ്മെ പ്രവര്‍ത്തിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുകയാണ്. പരാജയം വിജയത്തിലേക്കുള്ള വഴിയാണെന്ന കാര്യത്തില്‍ അധികമാളുകളും അജ്ഞരാണ്.
ചാള്‍സ് എഫ്. കെറ്ററിങ് പറയുന്നു: പരാജയം സുനിശ്ചിതമല്ലെന്ന വിശ്വാസത്തോടെ പ്രവര്‍ത്തിക്കുക. നമ്മുടെ മനസ്സില്‍ തങ്ങിക്കിടക്കുന്നത് നമ്മുടെ ലക്ഷ്യത്തെ നിയന്ത്രിക്കുന്ന ചിന്തകളാണ്. നാം സ്വന്തത്തോട് സംസാരിക്കുകയും, നമ്മുടെ ചിന്തയെ ഗുണാത്മകമായ എല്ലാ അര്‍ഥത്തിലും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുക. മറ്റുള്ളവര്‍ അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതുപോലെ നമുക്കും നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയുന്നതാണ്; അത് സാധ്യമല്ലാത്തതോ പ്രയാസകരമായതോ അല്ല. നമ്മിലുള്ള വിശ്വാസമാണ് നമ്മെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത്. എന്തൊക്കെയാണ് നാം സാക്ഷാത്കരിക്കണമെന്ന് ആഗ്രഹിക്കുന്നത് അത് തുടക്കത്തില്‍ സ്വപ്‌നങ്ങളാണ്. അവയില്‍ പ്രാവര്‍ത്തികമാക്കി യാഥാര്‍ഥ്യമാക്കി മാറ്റാന്‍ കഴിയുന്നവ കടലാസില്‍ എഴുതിവെക്കുക. എത്ര പ്രതിഭകളാണ് അവരുടെ സ്വപ്‌നങ്ങള്‍ കടലാസില്‍ എഴുതിവെക്കുകയും, പില്‍ക്കാലത്ത് അത് അവര്‍ക്ക് മുന്നില്‍ യാഥാര്‍ഥ്യമാവുകയും ചെയ്തത്!
ചിട്ടയും വ്യവസ്ഥയുമില്ലാത്ത ഒരു സ്ഥലത്താണ് നാമുള്ളതെങ്കില്‍ നാം അസ്വസ്ഥമായിരിക്കും. നമ്മുടെ ആഗ്രഹവും താല്‍പര്യവുമെല്ലാം വ്യവസ്ഥപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്, അതില്‍ കൂടുതല്‍ മികവ് പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. ഓഫീസോ താമസിക്കുന്ന സ്ഥലമോ വൃത്തിയാക്കുന്ന കാര്യം മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. രേഖകളും ഫയലുകളും, വിവരങ്ങളടങ്ങിയ പത്രങ്ങളുമെല്ലാം ചിട്ടപ്പെടുത്തിവെക്കുന്നതാണ്. ഏതെങ്കിലും ഒരു കാര്യത്തിലോ അല്ലെങ്കില്‍ ഒരു പ്രശ്‌നത്തിലോ ആണ് നമ്മുടെ ദേഷ്യമെങ്കില്‍ അത് ഇല്ലാതായി പോകുന്നു. പ്രത്യേകിച്ച് അതിനുള്ള പരിഹാരം നമ്മുടെ അടുക്കലുണ്ടാകുമ്പോള്‍. അത് പ്രധാനപ്പെട്ട കാര്യമാണ്; അതുതന്നെയാണ് നമ്മുടെ ലക്ഷ്യം. നാം എന്തൊന്നിനെയാണ് ഭയപ്പെടുന്നത് അവിടെ നമ്മുടെ ആഗ്രഹം മരിച്ചുപോവുകയാണ്. അതിനാല്‍, നമ്മള്‍ ഭയപ്പെടുന്ന കാര്യങ്ങളെല്ലാം എഴുതിവെക്കുകയും, അതില്‍നിന്ന് നമ്മുടെ ആഗ്രഹത്തെയും താല്‍പര്യത്തെയും കണ്ടെത്തുകയും ചെയ്യുക. മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിച്ചതിലൂടെയാണ് എനിക്ക് എന്റെ ആഗ്രഹവും സ്വപ്‌നവും കണ്ടെത്താന്‍ കഴിഞ്ഞത്.
നമ്മുടെ ആഗ്രഹവും താല്‍പര്യവും കണ്ടെത്തുന്നതിന് നമ്മുടേതായ പ്രത്യേക മേഖലയില്‍ നാം മുന്നേറേണ്ടതുണ്ട്. അത് നമ്മെ നമ്മുടെ മേഖലയില്‍ കഴിവുറ്റവരാക്കിത്തീര്‍ക്കുന്നു. അതിനാല്‍, നമ്മെ സ്വാധീനിച്ച പുസ്തകങ്ങള്‍ എഴുതിവെക്കുക. ചിലപ്പോള്‍, അവയുടെ താളുകളിലായിരിക്കും നമ്മുടെ ആഗ്രഹം ഒളിഞ്ഞുകിടക്കുന്നുണ്ടാവുക. അല്ലാഹു എല്ലാവരെയും ഭൂമിയില്‍ സൃഷ്ടിക്കുകയും, അവര്‍ക്ക് പരിധികളില്ലാത്ത കഴിവും പ്രതിഭയും നല്‍കുകയും ചെയ്തിരിക്കുന്നുവെന്ന് ശരിയായ വിധത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. അത് അല്ലാഹുവില്‍നിന്നുള്ള സമ്മാനമാണ്. നമ്മിലെ ഉത്തരവാദിത്തം അത് കണ്ടെത്തി വളര്‍ത്തുകയെന്നതാണ്. അത്, ഈ സമ്മാനം നല്‍കിയ അല്ലാഹുവിനെ സ്തുതിക്കാനുള്ള മാര്‍ഗമാണ്. ഒരു കുട്ടി മറ്റൊരു കുട്ടിയില്‍നിന്ന് തികച്ചും വ്യത്യസ്തനാണ്. ഓരോരുത്തരും ഒരു കഴിവുകൊണ്ടല്ലെങ്കില്‍ മറ്റൊരു കഴിവിനാല്‍ വ്യത്യസ്തരാണ്. നാം മറ്റുള്ളവരില്‍നിന്ന് എങ്ങനെ വ്യത്യസ്തരും വ്യതിരിക്തരുമാകുന്നുവെന്നത് കണ്ടെത്താനുള്ളതാണ് ഈ നിര്‍ദേശങ്ങള്‍. എന്നാല്‍, നിങ്ങളുടെ ആഗ്രഹം നിങ്ങള്‍ തിരിച്ചറിയുക! 

അവലംബം: aljaseera.net 
വിവ: അര്‍ശദ് കാരക്കാട്

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top