വിഭജനത്തിന്റെ മുറിവുകള്‍

ഹുമൈറാ മൗദൂദി No image

(പിതാവിന്റെ തണലില്‍)

വിഭജനത്തിന്റെ തൊട്ടുടനെയുള്ള ആ നാളുകളില്‍ അബ്ബാജാന്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ജഡങ്ങള്‍ മറവ് ചെയ്യാന്‍ തീരുമാനിച്ചു. തീരുമാനം നടപ്പിലാക്കാനായി ഒരു ട്രക്ക് വാടകക്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ രണ്ട് ടീമുകളായി തിരിഞ്ഞു. ഒരു ടീം ഇന്ന് സമനാബാദ് എന്നറിയപ്പെടുന്ന പ്രദേശത്ത് വലിയ കൂട്ടഖബ്‌റുകള്‍ കുഴിച്ചു. മറ്റേ ടീം ട്രക്കില്‍ ശവശരീരങ്ങള്‍ കയറ്റിക്കൊണ്ടുവന്നു. ജനാസ നമസ്‌കാരത്തിനു ശേഷം അവ ഒന്നിച്ച് മറവ് ചെയ്തു. അതിന് ശേഷം ആദ്യത്തെ ടീം മറ്റൊരു കൂട്ട ഖബ്ര്‍ കുഴിക്കുന്നതില്‍ വ്യാപൃതരായി, മറ്റേ ടീം മൃതദേഹങ്ങള്‍ കയറ്റിക്കൊണ്ടു വരാന്‍ ട്രക്കുമായി പോയി. ഞങ്ങള്‍ കുട്ടികള്‍ ദിവസം മുഴുവന്‍ ഈ കാഴ്ച കണ്ടുകൊണ്ടിരുന്നു. എത്രയോ തവണ ഞങ്ങളെ അവിടെനിന്ന് പായിക്കുകയുണ്ടായി. കുട്ടികളേ, നിങ്ങള്‍ ശവങ്ങള്‍ കാണരുതെന്ന് ഞങ്ങളോട് പറയും. 'രാത്രി ഉറക്കത്തില്‍ പേടിച്ചു ഞെട്ടും.' പക്ഷേ, ഞങ്ങള്‍ കുട്ടികള്‍ ദാറുല്‍ ഇസ്‌ലാമില്‍നിന്നേ ശവങ്ങളും കണ്ടുകൊണ്ടാണ് വരുന്നത്. ശവങ്ങള്‍ കാണുമ്പോഴുള്ള പേടിയൊക്കെ എന്നോ പോയിക്കഴിഞ്ഞിരുന്നു. ശവം കാണുമ്പോള്‍ ഇപ്പോള്‍ ഒരു പേടിയുമില്ല. ആയിരക്കണക്കിന് രക്തസാക്ഷികളുടെ ശ്മശാനങ്ങളുടെ മുകളിലൂടെയാണ് തങ്ങള്‍ നടന്ന് കറങ്ങുന്നതെന്ന് സമനാബാദ് നിവാസികള്‍ ഇന്ന് അറിയുന്നുണ്ടാകുമോ ആവോ!
ജഡങ്ങള്‍ മറവ് ചെയ്ത ശേഷം ജമാഅത്ത് പ്രവര്‍ത്തകര്‍ അഭയാര്‍ഥി ക്യാമ്പുകളുടെ ചാര്‍ജ് ഏറ്റെടുത്തു. അപ്പോഴൊക്കെ സര്‍ക്കാറുദ്യോഗസ്ഥന്മാരും ചില സമുദായ സന്നദ്ധസേവകരും കൊള്ളയില്‍ വ്യാപൃതരായിരുന്നു. അവര്‍ ദുരിതാശ്വാസത്തിനായി എത്തിയ റസായികളും കമ്പിളി പുതപ്പുകളും ഭക്ഷ്യപേയങ്ങളുമൊക്കെ വിഴുങ്ങാന്‍ തുടങ്ങി. മാതാപിതാക്കള്‍ രക്തസാക്ഷികളായതില്‍ പിന്നെ അക്രമികളുടെ കൈകളില്‍നിന്ന് ഏതോവിധം രക്ഷപ്പെട്ടെത്തിയ ആശ്രയമറ്റ പെണ്‍കുട്ടികളുടെ മേലും ചില പാകിസ്താനി ദേശീയവാദികള്‍ കൈവെക്കാന്‍ ധൃഷ്ടരായി എന്നത് എത്രമാത്രം ഖേദകരമല്ല! പത്രങ്ങളില്‍ വാര്‍ത്ത വരുക മാത്രമല്ല ആ പെണ്‍കുട്ടികളില്‍ ചിലര്‍ അബ്ബാജാന്റെ അടുത്ത് വന്ന് പരാതിപ്പെടുകയുമുണ്ടായി. പാകിസ്താനിലെത്തിയിട്ടും തങ്ങളുടെ മാനത്തിന് രക്ഷയില്ലെങ്കില്‍ ഇനി തങ്ങള്‍ എവിടെ പോകും എന്നായിരുന്നു അവരുടെ ചോദ്യം.
ഇതിനിടെ സിഖുകാരില്‍നിന്ന് രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടികളും ക്യാമ്പിലെത്തി. ആ കാലഘട്ടത്തിലെ വേദനാജനകമായൊരു അധ്യായമായിരുന്നു അത്. പരിക്കേറ്റവരായിരുന്നു അവരില്‍ പലരും. കൃപാണ്‍കൊണ്ട് കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ ഞാന്‍ നേരിട്ടു കാണുകയുണ്ടായി. ഒരു പെണ്‍കുട്ടിയുടെ മുഖം ഇപ്പോഴും കണ്‍വെട്ടത്ത് തന്നെയുണ്ട്. അവളുടെ കവിളില്‍ മുറിവുണ്ടായിരുന്നു. ചില കുട്ടികളുടെ ശരീരത്തില്‍ ദന്തതാഡനത്തിന്റെ പാടുകള്‍ പതിഞ്ഞു കിടന്നിരുന്നു. തീ വെന്ത ചില ശരീരങ്ങളിലെ ആക്രമണത്തിന്റെ അടയാളങ്ങള്‍ വിവരണാതീതമാണ്. അതൊക്കെ അവരുടെ ശരീരത്തിലെ മുറിവുകള്‍. എന്നാല്‍ അവരുടെ മനസ്സിനകത്തെ മുറിവുകള്‍ അതിനേക്കാളേറെ അഗാധവും ദുഃഖകരവുമായിരുന്നു.
അവര്‍ കരഞ്ഞുകൊണ്ടു പറഞ്ഞു: 'ശത്രുക്കള്‍ ഞങ്ങളെ ബലാല്‍ക്കാരം മദ്യം കുടിപ്പിച്ചു. അവരുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചു.' അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ വിവരിക്കാന്‍ അശക്തരായിരുന്നു ആ പെണ്‍കുട്ടികള്‍. അമ്മാജാന്റെയും ദാദി അമ്മയുടെയും അരികില്‍ ഞങ്ങള്‍ യുവതികള്‍ ഇരിക്കുന്നുണ്ടെന്ന് പരിഗണിക്കാതെയായിരുന്നു അവര്‍ തങ്ങളുടെ സങ്കടക്കഥകളുടെ കെട്ടഴിച്ചുകൊണ്ടിരുന്നത്. വസ്ത്രം നീക്കി ശരീരം തുറന്ന് അവര്‍ പരിക്കുകള്‍ കാട്ടാന്‍ തുടങ്ങി. 'മോളേ, ഇങ്ങനെ വസ്ത്രം നീക്കി, ഇമ്മട്ടിലൊന്നും പറയരുതെ'ന്ന് അങ്ങേയറ്റം ദുഃഖത്തോടും ലജ്ജയോടും അമ്മാജാന്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ കരച്ചിലടക്കാന്‍ കഴിയാതെ പറയുകയാണ്: 'ലജ്ജ, നാണം തുടങ്ങിയ വാക്കുകള്‍ക്ക് ഇനി എന്തര്‍ഥമാണുള്ളത്? സംരക്ഷിക്കാന്‍ എന്താണിനി ബാക്കിയുള്ളത്?'
ദാദി അമ്മയില്‍നിന്നും അമ്മാജാനില്‍നിന്നും അബ്ബാജാനില്‍നിന്നും നേരിട്ടറിയുന്ന കാര്യങ്ങളാണ് ഇതൊക്കെ. അതിനാല്‍ അതിന്റെ അഗാധമായ ആഘാതങ്ങളാല്‍ വീട്ടിലെ അന്തരീക്ഷം ദുഃഖാകുലമായി. ബാധ്യതകളുടെ ഭാരവും കൂടി. അമ്മാജാന്റെ കണ്ണില്‍നിന്ന് കുടുകുടാ കണ്ണീരൊഴുകി. അബ്ബാജാന്റെ മുഖം അഭിമാന രോഷത്താലും നിസ്സഹായതയാലും ചുകന്നു. അതു കണ്ട് ഞങ്ങള്‍ പേടിച്ചുപോയി.
അക്കാലത്തെ ആ ദുരിതപര്‍വമൊക്കെ അതിജയിച്ച ഒരു സ്ത്രീയെ ഇപ്പോഴും ഇടക്കിടെ കാണാറുണ്ട്. അവരുടെ ആണ്‍മക്കളൊക്കെ വളര്‍ന്ന് വലിയ വലിയ ഉദ്യോഗസ്ഥന്മാരായിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അവര്‍ക്ക് വീട്ടില്‍ ഒന്നിന്റെയും കുറവില്ല. എങ്കിലും കഴിഞ്ഞകാലം ഇടക്കവരെ വിഷാദ രോഗത്തിനടിമയാക്കും; പ്രത്യേകിച്ചു ആഗസ്റ്റ് മാസം പിറക്കുമ്പോള്‍. ആഗസ്റ്റ് 14 ആകുമ്പോള്‍ അവര്‍ എന്നെ ഫോണ്‍ ചെയ്ത് അവരുടെ അടുത്ത് ചെല്ലാന്‍ പറയും. എന്നിട്ട് പറയാന്‍ തുടങ്ങും; ജീവിതം മുഴുവന്‍ മോഡല്‍ ടൗണിലെ ബംഗ്ലാവിലാണ് കഴിഞ്ഞത്. എന്നാലും സ്വപ്‌നം കാണുമ്പോഴൊക്കെ ലുധിയാനയിലെ ആ പഴയ വീട് കണ്‍മുമ്പില്‍ വരും. വീടിന് തീ പിടിച്ച രംഗം. മട്ടുപ്പാവിലെ പിതാവിന്റെ ജഡം. ആദ്യം ഏട്ടത്തിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം. പിന്നെ, ഞങ്ങള്‍ ചാച്ചാജീ എന്ന് വിളിക്കാറുള്ള സിഖുകാരന്‍ എന്റെ മേല്‍ കൈവെക്കുന്നതും ഞാന്‍ ബോധരഹിതയാകുന്നതും... ഏട്ടത്തി കൂട്ട ബലാത്സംഗത്തിനിരയായി ജീവന്‍ വെടിഞ്ഞത് പിന്നീടാണറിഞ്ഞത്. മാനമൊക്കെ പോയ എന്നെ മരണത്തിനും വേണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ ആഗസ്റ്റ് 14-നും എണ്ണമറ്റ ദീപങ്ങള്‍ തെളിയുന്നു. ദേശീയ ഗാനത്തിന്റെ ആരവമുയരുന്നു. ദേശത്തെ പ്രതിരോധിക്കാന്‍ ബാധ്യസ്ഥരായ കുട്ടികള്‍ തോളില്‍ മുടിയഴിച്ചിട്ട്, അരക്കെട്ട് ഇളക്കിയാടി നൃത്തം ചെയ്യുന്നതാണ് കാണുന്നത്. സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇതൊക്കെ നടക്കുന്നത്. ഞങ്ങള്‍ വില ഒടുക്കിയ ആ സ്വാതന്ത്ര്യം. ഞങ്ങളോട് ചോദിക്കൂ. ദേശത്തിന്റെ മണ്ണ് അതിന് സാക്ഷിയാണ്. കൂട്ട ബലാത്സംഗത്തിനിരയായവര്‍ സഹിച്ചതെന്താണെന്ന് ഈ പാട്ടു പാടുന്നവരെന്തറിഞ്ഞു! വിശ്വസിക്കൂ, ഇമ്മട്ടിലുള്ള സ്വാതന്ത്ര്യം അംഗീകരിക്കാനാകില്ല.''
ആ സ്ത്രീ പിന്നെയും തുടര്‍ന്നു; ''ആഗസ്റ്റ് 14-ലെ ആഘോഷ ദീപങ്ങള്‍ ഞങ്ങളുടെ ഉള്ളിലെ ഇരുട്ടിന് പിന്നെയും കട്ടികൂട്ടുകയാണ്. അന്യപുരുഷന്‍ ചേലത്തുമ്പ് പോലും കണ്ടിട്ടില്ലാത്ത എന്റെ ഏട്ടത്തി കൂട്ട ബലാത്സംഗത്തിനിരയായി.''
ആ സ്ത്രീയുടെ വാക്കുകള്‍ക്ക് എന്റെ അടുക്കല്‍ മറുപടിയൊന്നുമുണ്ടായിരുന്നില്ല. അവര്‍ തന്റെ രോഷം പുറംതള്ളുകയായിരുന്നു. ലുധിയാന എന്ന പേര് കേള്‍ക്കേണ്ട താമസം തങ്ങളുടെ ഉമ്മക്കും മൂത്തമ്മക്കും ഉണ്ടായ ദുരനുഭവങ്ങള്‍ കാരണം ആ വീട്ടുകാര്‍ നീരസം പ്രകടിപ്പിക്കും. എത്രത്തോളമെന്നാല്‍ വല്ലപ്പോഴും ഞാന്‍ അവരെ കാണാന്‍ ചെല്ലുമ്പോള്‍ ആ സ്ത്രീയുടെ പേരക്കുട്ടികള്‍ പരിഹാസപൂര്‍വം 'ലുധിയാന സിന്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു.
നഷ്ടപ്പെട്ട ഗൃഹാവശിഷ്ടങ്ങള്‍ വീണ്ടെടുക്കുകയും ദുരിതബാധിതരായ പെണ്‍കുട്ടികളുടെ അടുത്തും അകലെയുമുള്ള ബന്ധുക്കളെ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യുക എന്നത് വളരെ ദുഷ്‌കരമായ പ്രവൃത്തിയായിരുന്നു. ബന്ധുക്കളെ കണ്ടെത്തിയ ശേഷവും അവര്‍ സ്വന്തം സഹോദരിയെയും മകളെയും തിരിച്ചറിഞ്ഞാലും അവരെ കൂടെ കൂട്ടാന്‍ വിസമ്മതിക്കുന്ന ആ നിമിഷത്തെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. എത്രമാത്രം വേദനാജനകമായിരിക്കും അത്. ആ പെണ്‍കുട്ടികളുടെ വായില്‍നിന്ന് തങ്ങളുടെ സഹോദരങ്ങളെയും പിതാവിനെയും കുടുംബാംഗങ്ങളെയും കുറിച്ച് ശാപപ്രാര്‍ഥനകളും ആക്ഷേപശകാരങ്ങളും പുറത്തു വരുകയും ഹൃദയഭേദകങ്ങളായ ആര്‍ത്തനാദങ്ങള്‍ ഉയരുകയും ചെയ്യുന്ന കരള്‍ പിളരുന്ന ഭയാനക ദൃശ്യങ്ങളെക്കുറിച്ച് സങ്കല്‍പിച്ചുനോക്കൂ. അബ്ബാജാനും കൂട്ടുകാരും അത്തരം നിരവധി പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയുണ്ടായി.

ലക്ഷ്യപ്രഖ്യാപന പ്രമേയം
ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അബ്ബാജാനും സഹപ്രവര്‍ത്തകരും നിയമനിര്‍മാണ സഭയില്‍ പാകിസ്താന്‍ രൂപീകരണത്തിന്റെ 'ലക്ഷ്യപ്രഖ്യാപന പ്രമേയം' (ഖറാര്‍ദാര്‍ മഖാസിദ്) പാസ്സാക്കിയെടുക്കാന്‍ ഗവണ്‍മെന്റിന്റെ മേല്‍ സമ്മര്‍ദം ചെലുത്താനും ആരംഭിച്ചു. രാജ്യത്തുടനീളം ഇതിനായി വിപുലമായ പര്യടനങ്ങള്‍ നടത്തി. റേഡിയോ പാകിസ്താനില്‍ പ്രഭാഷണങ്ങള്‍ നടത്തി. പഞ്ചാബ് യൂനിവേഴ്‌സിറ്റിയിലെ ലോ കോളേജില്‍ ഇസ്‌ലാമിക നിയമത്തെ കുറിച്ച് പ്രഭാഷണം നടത്തി. ഭരണനിര്‍വഹണ ഉദ്യോഗസ്ഥന്മാരുടെ അലംഭാവത്തിനും ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ അനുഭാവശൂന്യമായ പെരുമാറ്റത്തിനും ഉപേക്ഷിക്കപ്പെട്ട സ്വത്തുക്കള്‍ കവരുന്നതിനുള്ള സംഘടിത ശ്രമങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തി. ഈ പ്രവര്‍ത്തനങ്ങളൊക്കെ അബ്ബാജാനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഗവണ്‍മെന്റ് ദൃഷ്ടിയില്‍ നമ്പര്‍ വണ്‍ ശത്രുവാക്കി മാറ്റുകയാണുണ്ടായത്. പ്രധാനമന്ത്രി നവാബ്‌സാദ ലിയാഖത്ത് അലിഖാന്‍ തന്റെ അധികാരവുമായി ബന്ധപ്പെട്ടും സെക്യുലര്‍ ശക്തികള്‍ തങ്ങളുടെ മതരഹിത സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടും ഈ നാനാവിധി യത്‌ന സഹസ്രങ്ങളില്‍ അസ്വസ്ഥരായി. അങ്ങനെ അതിന്റെ പ്രതികരണമെന്നോണം ഗവണ്‍മെന്റ് എതിര്‍ പ്രചാരണങ്ങള്‍ തുടങ്ങി. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ജമാഅത്തിന്റെ പ്രവര്‍ത്തന മാര്‍ഗം അടക്കാന്‍ നടപടികളാരംഭിച്ചു. മൗലാനാ മൗദൂദി പാകിസ്താന്റെ അമീറുല്‍ മുഅ്മിനീന്‍ ആകാനാണ് പുറപ്പെട്ടിരിക്കുന്നതെന്നത് നവാബ് സാഹിബ് വാര്‍ത്താലേഖകരോടു പറഞ്ഞു. മൗദൂദിയാകട്ടെ അഭയാര്‍ഥികളോടുള്ള ക്രൂരത അവസാനിപ്പിക്കാനും സമാധാനനില പുനഃസ്ഥാപിക്കാനും കൊള്ളകള്‍ ഇല്ലാതാക്കാനും ശ്രമിച്ചുകൊണ്ട് പാകിസ്താന്‍കാര്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നതിലാണ് വ്യാപൃതനായിരുന്നത്.
അബ്ബാജാന്‍ അന്ന് കലവറ കൂടാതെ പറയുകയുണ്ടായി; ഇസ്‌ലാമിക സ്റ്റേറ്റിനെ സംബന്ധിച്ചേടത്തോളം, പാകിസ്താന്റെ ലക്ഷ്യം 'ലാഇലാഹ ഇല്ലല്ലാഹ്' എന്നാണെന്ന തത്ത്വം രാഷ്ട്രീയ നേതൃത്വവും നിയമനിര്‍മാണ സഭയും പ്രാവര്‍ത്തികമാക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാത്ത പക്ഷം അത് പാക് മുസ്‌ലിംകളോട് ചെയ്യുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയായിരിക്കും. ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുകയും ജനങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പുവരുത്തുകയും ചെയ്യുന്ന 'ലക്ഷ്യ പ്രഖ്യാപന പ്രമേയം' (ഖറാര്‍ദാര്‍ മഖാസിദ്) എന്ന ആശയം ഇതിനായി അദ്ദേഹം മുന്നോട്ടു വെച്ചു. ഈ ആശയത്തിന് പ്രമേയരൂപം നല്‍കുന്നതിന് വേണ്ടി മൗലാനാ ശബീര്‍ അഹ്മദ് ഉസ്മാനി (ചരമം 1949 ഡിസംബര്‍ 13) ഉറക്കെ ശബ്ദമുയര്‍ത്തി. മൗലാനാ ഉസ്മാനിയുടെ സഹകാരിയായ മൗലാനാ സഫര്‍ അഹ്മദ് അന്‍സാരി(ച. 1991 ഡിസംബര്‍ 20)യും ഒട്ടനവധി മുസ്‌ലിം ലീഗ് പാര്‍ലമെന്റ് അംഗങ്ങളും പ്രമേയത്തിന് പൂര്‍ണ പിന്തുണ നല്‍കി പാസ്സാക്കി. ലക്ഷ്യപ്രഖ്യാപന പ്രമേയം പാസ്സാക്കിയെടുത്തത് അബ്ബാജാന്റെ എണ്ണപ്പെട്ട ഒരു നേട്ടമായിരുന്നു.
പാകിസ്താനില്‍ സോഷ്യലിസ്റ്റ് കൊടുങ്കാറ്റ് ആഞ്ഞടിക്കാനുള്ള ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ അബ്ബാജാന്‍ പ്രഖ്യാപിച്ചു; ''ഈ രാജ്യം മുഹമ്മദ് നബിയുടെ രാജ്യമാണ്' കാറല്‍ മാര്‍ക്‌സി(ച.1883)ന്റെയോ മാവോ സെതുംഗി(ച.1972)ന്റെയോ ജനതയുടെ രാജ്യമല്ല. അല്ലാഹുവിന്റെ ദീനിന് വേണ്ടി സമരം ചെയ്യേണ്ടിവരുകയാണെങ്കില്‍ പത്ത് മുന്നണികളിലും അതിന് വേണ്ടി പൊരുതാന്‍ ഞങ്ങളുണ്ടാകും. ഒരേസമയം ഞങ്ങള്‍ ഏകാധിപത്യത്തിനെതിരെയും മതരാഹിത്യത്തിനെതിരെയും പൊരുതും. ഞങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം, ഞങ്ങളുടെ കഴുത്തില്‍ ശിരസ്സ് നിലനില്‍ക്കുന്ന കാലത്തോളം ഈ രാജ്യത്ത് ഇസ്‌ലാമല്ലാത്ത ഒരു വ്യവസ്ഥ കൊണ്ടുവരാന്‍ ആര്‍ക്കും ധൈര്യമുണ്ടാവുകയില്ല.'' 

(തുടരും)
വിവ: വി.എ.കെ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top