കോവിഡുകാലത്തെ കുടുംബം

ഹുസ്‌ന മുംതാസ് No image

നാളുകള്‍ക്കുശേഷം ലോക്ക് ഡൗണ്‍ സമയത്താണ് ഞങ്ങള്‍ ഒരു ഗൃഹയോഗം കൂടിയത്. പണ്ട് എല്ലാവരും കൂടുന്ന ദിവസങ്ങളില്‍ മഗ്രിബ് കഴിഞ്ഞ് ബിസ്മി ചൊല്ലി തുടങ്ങുന്നത് പോലെ മൂന്നു രാജ്യങ്ങളിലിരുന്ന് വീഡിയോ കോളില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു. ഉപ്പ ഉദ്ബോധനം നടത്തി. അനിയത്തിമാര്‍ പാട്ടു പാടി. കുഞ്ഞനിയന്‍ ക്വിസ് നടത്തി. കൂടിയതിന്റെ ഇമ്പമുണ്ടായിരുന്നു, ആഹ്ലാദമുണ്ടായിരുന്നു. 'ദൂരെയുള്ളവരെയൊക്കെ അടുത്തു കാണാന്‍ പറ്റുന്ന കാലത്തു തന്നെ പടച്ചോന്‍ കോറോണയെ അയച്ചല്ലോ'- ഉപ്പ പറഞ്ഞു. ദൈവത്തിനു സ്തുതി.
മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലും കൊറോണാ വൈറസ് സ്വാധീനം ചെലുത്തിയിരിക്കുന്നു. എന്തിനേറെ നമ്മുടെ ചലനം പോലും ഈ ഇത്തിരിക്കുഞ്ഞന്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. താനില്ലെങ്കിലും ഇവിടെ ഒരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ലെന്ന ബോധ്യത്തിലേക്ക് ഓരോ മനുഷ്യനെയും ഈ അദൃശ്യ വൈറസ് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. 
കോവിഡുമായുള്ള പുതിയ ജീവിത താളവുമായി ലോകം പൊരുത്തപ്പെട്ടുതുടങ്ങുകയാണ്. ഇനിയൊന്നും പഴയതു പോലെയാവില്ലെന്ന തിരിച്ചറിവില്‍ നമ്മള്‍ ന്യൂ നോര്‍മലില്‍ ജീവിച്ചു തുടങ്ങിയിരിക്കുന്നു. നമ്മുടെ ശീലങ്ങളും ഉപജീവന മാര്‍ഗങ്ങളും വിദ്യാഭ്യാസ പദ്ധതികളുമെല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണ്. കോറോണക്ക് മുമ്പും ശേഷവും എന്ന് നമ്മുടെ ജീവിതം വിഭജിക്കപ്പെട്ടിരിക്കുന്നു. പോസ്റ്റ് കൊറോണാ കാലഘട്ടം നേരിടാന്‍ പോവുന്ന വെല്ലുവിളികളെ കുറിച്ച് അനിശ്ചിതത്വത്തിന്റെ മരുഭൂമിയിലിരുന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. മാറ്റങ്ങള്‍ തീര്‍ച്ചയായും നമ്മുടെ കുടുംബങ്ങളിലും സംഭവിച്ചിട്ടുണ്ട്. 'ഇങ്ങനെയേ ആകാവൂ' എന്ന ശാഠ്യങ്ങളൊക്കെ 'ഇങ്ങനെയുമാകാം' എന്ന വിശാലതയിലേക്ക് മാറിയിരിക്കുന്നു. 
എല്ലാവരും വീട്ടിനകത്തായി. വീട് പെട്ടെന്ന് വലുതായി. ഒരു മുറി പള്ളിയും അടുത്ത മുറി സ്‌കൂളുമായി. ലോക്ക്ഡൗണിന്റെ മറവില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ ഫാഷിസത്തിനെതിരെ വീട്ടുമുറ്റങ്ങളില്‍ സമരപ്പന്തലുകളുയര്‍ന്നു. എന്റെ വീടിനു ഇത്രയും വിശാലതയുണ്ടായിരുന്നോ?- ആശ്ചര്യവും നിര്‍വൃതിയും ഒരുമിച്ചു വന്നു. ചെറിയ കാര്യങ്ങളല്ല കൊറോണ നമുക്ക് പഠിപ്പിച്ചു തന്നത്, ഒന്നും ചെറുതല്ലെന്ന വലിയ പാഠമാണ്. വെട്ടിപ്പിടിക്കുന്നത് നിര്‍ത്തി സ്വന്തത്തിലേക്ക് ഒന്ന് സൂം ചെയ്ത് നോക്കാനാണ്.
നമ്മുടെ കുടുംബങ്ങളില്‍ കോവിഡ് കൊണ്ടുവന്ന മാറ്റങ്ങളെന്തൊക്കെയാണ്? സമയക്കുറവു മൂലം ഓടിയിരുന്ന ആളുകളെല്ലാം പെട്ടെന്നൊരു ദിവസം ഒന്നും ചെയ്യാനില്ലാതെ, സമയക്കൂടുതലുള്ള ആളുകളായി മാറി. കുറഞ്ഞ സമയം കൊണ്ട് എങ്ങനെ കൂടുതല്‍ ജോലികള്‍ തീര്‍ക്കാം എന്ന് ഇന്റര്‍നെറ്റില്‍ തപ്പിയവരെല്ലാം സമയം പോവാനുള്ള വഴികള്‍ അന്വേഷിച്ചു തുടങ്ങി. ഈ അന്വേഷണങ്ങള്‍ പല വീടുകളിലും ക്രിയാത്മകമായ പ്രതിഫലനങ്ങളാണ് ഉണ്ടാക്കിയത്. നമ്മുടെ നാടന്‍ ഭക്ഷണ രീതികളും അടുക്കള തോട്ടങ്ങളും തിരിച്ചുവന്നു. ജോലിത്തിരക്കിനിടയില്‍ മറന്നുപോയ സര്‍ഗാത്മകമായ കഴിവുകളൊക്കെയും പലരും പൊടിതട്ടിയെടുത്തു. എല്ലാ പരീക്ഷണങ്ങള്‍ക്കും ഒരു പോസിറ്റീവ് വശമുണ്ട് എന്ന് പറയുന്നത് നേരാണ്. 
പല കുടുംബങ്ങളിലും ലോക്ക് ഡൗണ്‍ കടന്നുപോയത് വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയാണ്. ഒരു വശത്ത് ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍. മറുവശത്ത് മുഷിച്ചിലിന്റെ വീര്‍പ്പുമുട്ടലുകള്‍. ചേര്‍ന്നിരിക്കാന്‍ കഴിയാതിരുന്ന ഒരുപാട് കുടുംബങ്ങളില്‍ കൂടിച്ചേരലിന്റെ സന്തോഷവും വെളിച്ചവും വന്നു. തിരക്കുകളൊഴിഞ്ഞ് മക്കളെയൊന്ന് അടുത്തു കിട്ടിയ സന്തോഷത്തില്‍ പ്രായമായ മാതാപിതാക്കളുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം നോമ്പ് മുപ്പതും വീട്ടില്‍ തുറക്കാന്‍ കഴിഞ്ഞ ഗൃഹനാഥന്മാരുണ്ട്. ഭര്‍ത്താവും മക്കളും വീട്ടിലുള്ളതു കൊണ്ട് ജോലിഭാരം കുറഞ്ഞ വീട്ടമ്മമാരുണ്ട്. കൂടെക്കളിക്കാന്‍ ഉമ്മക്കും ഉപ്പക്കും സമയം കിട്ടിയതില്‍ സന്തോഷിക്കുന്ന കുഞ്ഞുങ്ങളുണ്ട്. അതേസമയം പരസ്പര ഐക്യമില്ലാതെ ഒരേ വീട്ടില്‍ കഴിയുന്ന ദമ്പതിമാരെ സംബന്ധിച്ചേടത്തോളം ലോക്ക് ഡൗണ്‍ ദുരിതകാലമായിരുന്നു. സ്‌നേഹവും സഹകരണവും മനസ്സിലാക്കലുമില്ലാത്തിടത്ത് സമയത്തിനും സാന്നിധ്യത്തിനും പ്രസക്തിയില്ലല്ലോ.
പല പ്രവാസി കുടുംബങ്ങളും മുമ്പ് കടന്നു പോയിട്ടില്ലാത്ത പല പ്രതിസന്ധികളിലൂടെയാണ് കോവിഡ് കാലത്തെ തള്ളിനീക്കിയത്. ആഡംബര വീടും മുറ്റത്തു കാറും ഉണ്ടായിട്ടും അന്നത്തിനു വകയില്ലാത്ത പല കുടുംബങ്ങളെയും കോവിഡ് പുറത്തുകൊണ്ടുവന്നു. അവര്‍ തിരിച്ചുവരാന്‍ തുടങ്ങിയപ്പോഴാകട്ടെ സ്ഥിതി കൂടുതല്‍ വഷളായി. ഇങ്ങോട്ട് വരേണ്ടെന്ന് ഉറ്റവര്‍ തന്നെ പറയുമ്പോള്‍ ഏത് പ്രവാസിക്കാണ് ഉള്ളുപൊള്ളാതിരിക്കുക? ജനങ്ങള്‍ക്കിടയില്‍ ഭരണകൂടം പടര്‍ത്തുന്ന അനാവശ്യ ഭീതി ആളുകളെ പരസ്പരം അകറ്റിത്തുടങ്ങിയിരിക്കുന്നു. മടങ്ങിയെത്തുന്ന പ്രവാസികളെ മര്‍ദിക്കുന്ന നാട്ടുകാരുടെയും വീട്ടില്‍ കയറ്റില്ലെന്ന് പറയുന്ന വീട്ടുകാരുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അവര്‍ എന്തിനായിരുന്നു നാട് വിട്ടുപോയതെന്ന് നമ്മള്‍ അതിസമര്‍ഥമായി മറന്നുകളയുന്നു. നാം വീട്ടിനുള്ളിലായിരിക്കുമ്പോള്‍ വീട് അവരുടെ ഉള്ളിലായിരുന്നു.
ദിവസക്കൂലിക്ക് പണിയെടുക്കുന്നവരുടെ കുടുംബങ്ങളും പ്രയാസങ്ങളിലായിരുന്നു. പലര്‍ക്കും ജോലി കിട്ടാതായി. ഉപജീവനം മുടങ്ങി. സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇവ പരിഹരിക്കാനായി മുന്നിട്ടിറങ്ങി. പ്രയാസപ്പെടുന്നവര്‍ക്ക് താന്‍ ഒറ്റക്കല്ലെന്ന തോന്നലാണല്ലോ അതിജീവനത്തെ സാധ്യമാക്കുന്നത്.

ഇനിയെന്ത്?
എന്തായിരുന്നു എന്നതല്ല, ഇനിയെന്ത് എന്ന ചിന്തകള്‍ക്കാണ് ഇനി സ്ഥാനം. ചെലവ് ചുരുക്കി മുണ്ട് മുറുക്കിയുടുത്ത് ജീവിക്കാന്‍ കൊറോണക്കാലം നമ്മളെ പ്രാപ്തരാക്കിയിരിക്കുന്നു. ലോക്ക് ഡൗണ്‍ കഴിഞ്ഞ് ജോലിയും കൂലിയും തിരികെ കിട്ടുമ്പോള്‍ പഴയ ശീലങ്ങളിലേക്ക് തിരിച്ചുപോവുകയല്ല, മറിച്ചു കൂടുതല്‍ ശക്തമായ കുടുംബ ബജറ്റ് ആസൂത്രണം ചെയ്യുകയാണ് വേണ്ടത്. ആവശ്യങ്ങള്‍ ചുരുക്കാന്‍ നമ്മുടെ മക്കള്‍ക്ക് മികച്ച പരിശീലനം ലഭിച്ചുകഴിഞ്ഞു. കുടുംബവുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം ചെലവ് ചുരുക്കിയും നടത്താമെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു.
അണുകുടുംബങ്ങളിലാണ് നമ്മളില്‍ ഭൂരിഭാഗവും ജീവിക്കുന്നത്. കൊറോണ വന്നതില്‍ പിന്നെ ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ നമുക്ക് മുന്നില്‍ മാര്‍ഗങ്ങള്‍ കുറവാണ്. പ്രത്യേകിച്ചും ലോക്ക് ഡൗണില്‍ വീടുസന്ദര്‍ശനങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നല്ലോ. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗം പടരാനുള്ള സാധ്യത കൂടുതലായതുകൊണ്ട് ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടിവരും. നമുക്ക് മുന്നിലുള്ള ഒരു സാധ്യത വീഡിയോ കോണ്‍ഫറന്‍സിംഗ് തന്നെയാണ്. പല കുടുംബങ്ങളും അത്തരം മാധ്യമങ്ങളെ പൂര്‍ണാര്‍ഥത്തില്‍ ഉപയോഗപ്പെടുത്തുന്നത് ആശ്വാസമാണ്. കേവലം കുശലാന്വേഷണങ്ങള്‍ക്കപ്പുറം ഹൃദയത്തോട് ഹൃദയത്തെ ചേര്‍ത്തു നിര്‍ത്തുന്ന ബന്ധങ്ങളെ കെട്ടഴിയാതെ കാത്തുവെക്കുകയാണിനി വേണ്ടത്. പ്രയാസങ്ങളുണ്ടെന്ന് മനസ്സിലാവുമ്പോള്‍ താങ്ങ് നല്‍കണം. നമ്മളോട് ഒന്ന് മനസ്സു തുറന്നാല്‍ തീരുന്ന പ്രശ്‌നങ്ങളുമായി ചിലരൊക്കെ ഒരു സ്‌ക്രീന്‍ ദൂരത്തില്‍ ഉണ്ടെന്ന് ഓര്‍മ വേണം.
കോവിഡ് കാല പാരന്റിംഗിനെ കുറിച്ച് ലോകതലത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. നമ്മുടെ മക്കള്‍ക്ക് ക്ഷമയുടെയും ദൈവിക മൂല്യങ്ങളുടെയും നല്ല പാഠങ്ങള്‍ പറഞ്ഞു കൊടുക്കുകയും അവരെ ചേര്‍ത്തു നിര്‍ത്തുകയുമാണ് വേണ്ടത്. അതോടൊപ്പം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്താനുള്ള കരുതലിന്റെ മാനുഷിക പാഠങ്ങള്‍ പ്രായോഗികമായി കാണിച്ചു കൊടുക്കുകയും വേണം.
'മാന്യമായ ഒരു വീടിന് തുല്യമായ ഒരു വിദ്യാലയവുമില്ല. സദ്ഗുണമുള്ള മാതാപിതാക്കള്‍ക്ക് തുല്യമായ ഒരു അധ്യാപകനും ഇല്ല' എന്നാണ് ഗാന്ധിജി പറഞ്ഞത്. നമ്മുടെ മക്കള്‍ ഇപ്പോഴുള്ളത് ഏറ്റവും മികച്ച വിദ്യാലയത്തിലാണ്, അവരുടെ വീട്ടില്‍. അവരെ പഠിപ്പിക്കുന്നത് ഏറ്റവും മികച്ച അധ്യാപകരാണ്, മാതാപിതാക്കള്‍. ചെറിയ മക്കളുടെ പഠന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എളുപ്പമുണ്ട്. പക്ഷേ അല്‍പം മുതിര്‍ന്ന കുട്ടികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞെന്നു വരില്ല. എങ്കിലും അവരെ പ്രോത്സാഹിപ്പിക്കുകയും പഠനകാര്യങ്ങളില്‍ വ്യവസ്ഥ വരുത്തുകയും ചെയ്യേണ്ടതുണ്ട്. കുട്ടികള്‍ക്ക് തുറന്നു സംസാരിക്കാനുള്ള അവസരം കൊടുക്കുകയും ഇന്റര്‍നെറ്റ് കെണിയില്‍ പെട്ടു പോവാതെ നോക്കുകയും വേണം. ഓണ്‍ലൈന്‍ വഴിയുള്ള പഠനം കുട്ടികളെ വല്ലാതെ മുഷിപ്പിക്കുന്നുമുണ്ട്. സ്‌കൂള്‍ പഠനം മുടങ്ങിയതില്‍ വേവലാതിപ്പെട്ടതു കൊണ്ടോ അനാവശ്യമായി അവരെ നിര്‍ബന്ധിച്ചതുകൊണ്ടോ കാര്യമില്ല. കൃത്യമായ സമയം നിശ്ചയിച്ചു, ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ സഹായിച്ച് അവരുടെ കൂടെ നില്‍ക്കാന്‍ സാധിച്ചാല്‍ മടിപിടിച്ചിരിക്കാനുള്ള സാധ്യത ഒഴിവാക്കാം. മാതാപിതാക്കളുടെ അനാസ്ഥ കുട്ടികളുടെ ഭാവിയെ തന്നെ ബാധിച്ചേക്കാം.
കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ആരോഗ്യകരവും ഊഷ്മളവുമാക്കാനുള്ള അവസരം കൂടിയാണിത്. പല കുടുംബങ്ങളിലും വീട്ടുജോലികള്‍ എല്ലാവരും കൂടി പങ്കിട്ടെടുത്ത് ചെയ്യുന്ന കാഴ്ചകള്‍ നമ്മള്‍ സന്തോഷത്തോടെ കണ്ടു. ചില വീടുകളില്‍ സ്ത്രീകള്‍ക്ക് മുമ്പത്തേക്കാള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണുണ്ടായത്. ഒരുപാട് കാര്യങ്ങള്‍ അവള്‍ ഒരേസമയം ഒറ്റക്ക് മാനേജ് ചെയ്യേണ്ടിവന്നു. അത്തരം പ്രവണതകള്‍ തിരുത്തപ്പെടട്ടെ. സ്ത്രീ- പുരുഷ ബന്ധങ്ങളില്‍ അധികാരത്തേക്കാള്‍ സൗഹൃദം സൂക്ഷിക്കാന്‍ ശ്രമിക്കുക. 'എടീ ചായ' എന്ന് കല്‍പിക്കുന്നതിനു പകരം ഇടക്കൊക്കെ ഏലക്കായിട്ടൊരു ചായ അവള്‍ക്കും ഉണ്ടാക്കിക്കൊടുക്കുക. നാം തയാറെങ്കില്‍ കോവിഡ് കാലം നഷ്ടങ്ങളേക്കാള്‍ വലിയ ലാഭങ്ങള്‍ കൊണ്ടുതരും. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top