ആയിശുമ്മതാത്തയുടെ മകള്‍

മുംതാസ് സി. പാങ്ങ് No image

നാട്ടിലെ കുട്ടികളുടെയൊക്കെ മുടി വെട്ടിയിരുന്നത്  ആയിശുമ്മതാത്തയായിരുന്നു. കുഞ്ഞുതലകളില്‍ മുടിക്കാടുകള്‍ കിളിര്‍ക്കുമ്പോള്‍ ഉമ്മമാര്‍ ആയിശുമ്മതാത്തയെ വിളിക്കും. അപ്പോഴൊക്കെ തന്റെ 'പണിയായുധങ്ങളുമായി' നേര്‍ത്ത പാടവരമ്പുകള്‍ താണ്ടി അവരെത്തും. കുശലാന്വേഷണങ്ങളും ചായകുടിയും കഴിഞ്ഞ്  അവര്‍ മുടിവെട്ടല്‍ യജ്ഞത്തിലേക്ക് കടക്കുമ്പോള്‍ കൗതുകം വലുപ്പം കൂട്ടിയ കണ്ണുകളോടെ ഞങ്ങള്‍ ചുറ്റും കൂടും. 
എത്രമേല്‍ വളര്‍ന്നാലാണ് അപരന്റെ കദനങ്ങളെ വായിച്ചെടുക്കാനുള്ള സാക്ഷരത മനുഷ്യന് നേടാനാവുന്നത്? മുടിവെട്ടു കത്രികയുടെ വായ്ത്തല പോലെ തിളങ്ങുന്ന കണ്ണീര്‍ത്തുള്ളികള്‍ ആയിശുമ്മതാത്തയുടെ കണ്ണുകളില്‍ കൂട് കൂട്ടിയിരുന്നതും അവരുടെ സ്വരമിടറുന്നതുമൊന്നും അന്ന് ഞങ്ങളറിഞ്ഞിരുന്നില്ല. 
മനസ്സില്‍ പക്വതയുടെയും കാര്യചിന്തയുടെയുമൊക്കെ മുടിനാരുകള്‍ മുളച്ചു തുടങ്ങിയപ്പോഴറിഞ്ഞു, ആയിശുമ്മതാത്തക്ക് ശരീരം തളര്‍ന്നു കിടക്കുന്നൊരു മകളുണ്ട്! തന്റെ കാലശേഷം ആ മകളുടെ കാര്യമെന്താവുമെന്ന ആധിയാണ് അവരുടെ കുഴിഞ്ഞ കണ്ണുകളില്‍ നീരായി ഊറിക്കിടക്കുന്നത്... ഇടനെഞ്ച് പൊട്ടിയാണെങ്കിലും അടുപ്പക്കാരോട് പങ്കുവെക്കുന്നത് തനിക്ക് മുമ്പേ മകള്‍ മരിച്ചുപോവണമെന്ന പ്രാര്‍ഥനയായതുകൊണ്ടാണ് അവരുടെ ശബ്ദമിങ്ങനെ ഇടറുന്നത്... 
വല്ലാത്ത വിഷമം തോന്നി. ആര്‍ത്തവസമയത്ത് വൃത്തിയാക്കി കൊടുക്കുമ്പോള്‍ മകളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാറുണ്ടെന്ന് ആയിശുമ്മതാത്ത പറഞ്ഞറിഞ്ഞപ്പോള്‍  ഉള്ളു കൊണ്ട് പൊട്ടിക്കരഞ്ഞുപോയി. പരസഹായമില്ലാതെ ജീവിക്കാന്‍ വെമ്പുന്ന ഒരാള്‍ക്ക് അടിസ്ഥാനകാര്യങ്ങളില്‍ പോലും അതിനാവാതെ വരുന്നതിനോളം വലിയ ദുര്‍വിധിയെന്തുണ്ട്...?
ബുദ്ധിസ്ഥിരത  ചിലര്‍ക്കെങ്കിലുമൊരു ശാപമാണെന്ന് അന്നാദ്യമായി തോന്നി. വിശാല ലോകത്തിന്റെ ആഹ്ലാദാരവങ്ങള്‍ക്ക് നടുവില്‍ ഒരു ചെറുമുറിയില്‍ കണ്ണീരൊഴുക്കി കുഴഞ്ഞുകിടക്കുന്നൊരു യുവതിയുടെ ചിത്രം പിന്നെയുമെത്രയോ ദിവസം എന്റെ മനസ്സാം ശയ്യയില്‍ കിടന്നു. 
കാലം  ചിറകടിച്ചു പറന്നു. ആയിശുമ്മതാത്ത എന്തോ രോഗം ബാധിച്ച് മരിച്ചു. മയ്യിത്ത് കണ്ട് വന്ന ഉമ്മയോട് 'ഞാനാ മകളെ' കുറിച്ചന്വേഷിച്ചു. 'അവള്‍ക്ക് ബോധമില്ല. വെളുത്ത തുണി കൊണ്ട് മുഖം മൂടുന്നത് കണ്ടപ്പോള്‍ ബോധം പോയത്രെ... ഉമ്മ മരിച്ചൂന്ന് മനസ്സിലായി കാണും.' ഉമ്മ വിഷമത്തോടെ പറഞ്ഞു. വിഷാദം എന്നെയും പൊതിഞ്ഞു. മാതാവിന്റേതിന് തുല്യമായ സ്‌നേഹവും കരുതലും ദൈവം ഒരു ഹൃദയത്തിലും നിക്ഷേപിച്ചിട്ടില്ലല്ലോ... 
നാലഞ്ചു ദിവസം കഴിഞ്ഞു. ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തി. കാത്തിരിക്കുകയായിരുന്നുവെന്നപോലെ എന്നെ കണ്ട മാത്രയില്‍  ഇത്താത്ത പറഞ്ഞു: 'ആയിശുമ്മതാത്തയുടെ വയ്യാത്ത കുട്ടി മരിച്ചു. ആയിശുമ്മതാത്ത മരിച്ചന്ന് ബോധം പോയതാണത്രെ.. പിന്നെ ബോധം വന്നില്ല. കുറച്ചു നേരായി മരിച്ചിട്ട്...' മുടി  വെട്ടുന്നതിനിടയില്‍ ഓര്‍ക്കാപ്പുറത്ത് കത്രിക പാളി മുറിവേറ്റതു പോലൊരു വേദന ഞാന്‍ നെഞ്ചിലറിഞ്ഞു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top