കെ.എസ്.ആര്‍.ടി.സിയിലെ നോമ്പുതുറയോര്‍മകള്‍

നഹീമ പൂന്തോട്ടത്തില്‍ (മാധ്യമ പ്രവര്‍ത്തക) No image

ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്കു മുമ്പാണ് വീട്ടില്‍നിന്ന് തുടര്‍ച്ചയായി നോമ്പുദിനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഭാഗ്യമുണ്ടായത്. അതിനുശേഷമിങ്ങോട്ട് പി.ജി പഠനത്തിനായി ഹോസ്റ്റലിലും തുടര്‍ന്ന് ജോലിയുടെ ഭാഗമായി ഓഫീസിലും തന്നെയായിരുന്നു ഓരോ നോമ്പുകാലവും. നാലഞ്ചു വര്‍ഷമായി എന്റെ നോമ്പുതുറകള്‍ മാധ്യമം ഓഫീസിലെ കാന്റീനിലും മറ്റും ആയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി കൊച്ചി കോണ്‍വെന്റ് ജംഗ്ഷനിലെ ബ്യൂറോയിലായിരുന്നു, അത് സുന്ദര നോമ്പുകാലമാണ്.
പത്രപ്രവര്‍ത്തന ജോലിയിലെ പല പ്രത്യേകതകളിലൊന്ന് തിരക്കുപിടിച്ച വൈകുന്നേരങ്ങളാണ്. വിവരങ്ങളുടെ കുത്തൊഴുക്കും പുതിയ സംഭവങ്ങളുടെയും വാര്‍ത്തകളുടെയും പിറവിയും കാരണം ഭൂരിഭാഗം ബ്യൂറോ റിപ്പോര്‍ട്ടര്‍മാര്‍ക്കും രാത്രിയായാലേ ജോലി കഴിഞ്ഞിറങ്ങാനാവൂ. അതുകൊണ്ടുതന്നെ വീട്ടിലെത്തി നോമ്പുതുറക്കുന്നതൊക്കെ അപൂര്‍വമായി സംഭവിക്കുന്നതാണ്.
നോമ്പുകാലങ്ങളില്‍ വലുതായൊന്നും ഔദ്യോഗിക, വ്യക്തിജീവിതത്തില്‍ പുനഃക്രമീകരണങ്ങള്‍ വരുത്തേണ്ടിവന്നിട്ടില്ല. പുലര്‍ച്ചെ എഴുന്നേറ്റ് ചെറുതായി മാത്രം വല്ലതും കഴിച്ചാണ് പലപ്പോഴും വ്രതാനുഷ്ഠാനം തുടങ്ങുന്നത്. പിന്നെ, ഓഫീസില്‍ പോകാനുള്ളതുകൊണ്ട് പുലര്‍ച്ചെ കിടന്നാലും രാവിലെ നീണ്ട ഉറക്കമൊന്നും നടക്കില്ല. ജോലിക്ക് പതിവുപോലെ ഇറങ്ങണം. പിന്നെ നോമ്പു പിടിച്ച് ക്ഷീണിച്ച് വാര്‍ത്താശേഖരണത്തിനായുള്ള അലച്ചിലുകളൊന്നും അധികമുണ്ടാവില്ലെന്നത് അനുഗ്രഹമാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്ത് ചുറ്റേണ്ടിവരികയുള്ളൂ.
കോഴിക്കോട്ടെ നോമ്പുകാലത്തിന് ഉണര്‍വേറെയായിരുന്നു. ആതിഥേയത്വത്തിന്റെയും രുചിയേറും വിഭവങ്ങളുടെയും മനസ്സു നിറക്കുന്ന നോമ്പുകാലമാണത്. നഗരത്തില്‍ പല സംഘടനകളും സ്ഥാപനങ്ങളും നമ്മളെ നോമ്പുതുറക്കായി ക്ഷണിക്കുകയും പറ്റും പോലെ പങ്കെടുക്കുകയും ചെയ്യാറുണ്ട്. 
അവധിദിനങ്ങളുടെ തലേന്ന് നാട്ടിലേക്ക് വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസിലിരുന്ന് നോമ്പു തുറക്കുന്ന ഓര്‍മകളാണ് ഏറെ പ്രിയപ്പെട്ട മറ്റൊരനുഭവം. കാന്റീനില്‍നിന്ന് ചെറിയ പാക്കറ്റും കുപ്പിവെള്ളവും നോമ്പുതുറക്കാനായി കൈയില്‍ കരുതിയിട്ടുണ്ടാകും. ഈത്തപ്പഴം, ചെറിയ മാമ്പഴം, തണ്ണിമത്തന്‍ തുടങ്ങിയവയുടെ കഷ്ണങ്ങള്‍, ചെറുകടി എന്നിവ അടങ്ങുന്നതാണ് ആ കുഞ്ഞു പാക്കറ്റ്. ബസ് കോഴിക്കോട് ടൗണ്‍ വിട്ട് ഏറെ കഴിയാതെ തന്നെ മഗ്‌രിബ് ബാങ്കിനുള്ള സമയമാവും. പലപ്പോഴും ഇത് രാമനാട്ടുകര, ഫറോക്ക്, പുളിക്കല്‍, കൊണ്ടോട്ടി തുടങ്ങിയ സ്ഥലത്തു വെച്ചായിരിക്കും. ബാങ്കു വിളിക്കു തൊട്ടുമുമ്പ് ബസ് ഏത് സ്റ്റോപ്പിലെത്തുന്നുവോ അവിടെ കാത്തിരിക്കുന്നുണ്ടാകും കുറേ സന്നദ്ധ പ്രവര്‍ത്തകര്‍. അവരുടെ കൈയില്‍ ഒരു വലിയ പെട്ടി നിറയെ നോമ്പുതുറ പാക്കറ്റും കുപ്പിവെള്ളവുമുണ്ടാകും. ബസിലെ ഓരോ നോമ്പുകാരനും വ്രതം മുറിക്കാനുള്ള കരുതല്‍ പൊതിയാണത്. കൈയില്‍ നോമ്പുതുറക്കാനുള്ളതുണ്ടെന്നു പറഞ്ഞാലും, 'സാരമില്ല, ഇതുകൂടി കഴിച്ചോ' എന്ന് സ്‌നേഹ നിര്‍ബന്ധത്താല്‍ കൈയില്‍ വെച്ചു തരുന്ന ആ മനുഷ്യര്‍ പിന്നീടുള്ള ഓരോ നോമ്പുകാലത്തും മനസ്സിലേക്ക് ഓടിയെത്താറുണ്ട്. അക്കാലത്ത് ഇടക്ക് കൂട്ടുകാരിക്കൊപ്പം മാനാഞ്ചിറയില്‍ പോയിരുന്ന് നോമ്പു തുറന്നതും സുന്ദര ഓര്‍മയാണ്.
കൊച്ചി ബ്യൂറോയിലെ ലോക്ക് ഡൗണ്‍ കാലത്തെ റമദാന്‍ മാസം ഏറെ വ്യത്യസ്തമായ അനുഭവമാണ് പകര്‍ന്നുതന്നത്. കോവിഡ് ഭീതിയില്‍ ആരാധനാലയങ്ങളിലെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ബ്യൂറോയില്‍ തന്നെ നോമ്പുതുറ ഒരുക്കുകയായിരുന്നു. അക്കാലത്താണെങ്കില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് കടകളും അധികമൊന്നും തുറക്കാറില്ലായിരുന്നു. എന്നാലും ഓഫീസിനടുത്തുള്ള എറണാകുളം മാര്‍ക്കറ്റില്‍നിന്ന് ചെറുനാരങ്ങ, തണ്ണിമത്തന്‍, ഓറഞ്ച്, ആപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങള്‍ വാങ്ങിക്കൊണ്ടുവരും,  ഒപ്പം തുറന്നിട്ടുള്ള ഹോട്ടലുകളില്‍നിന്ന് സമൂസ പോലുള്ള ചെറുകടികളും. സഹപ്രവര്‍ത്തകരിലൊരാള്‍ ഇലക്ട്രിക് കെറ്റിലും ഗ്ലാസുകളും കൊണ്ടുവന്നതോടെ കാര്യങ്ങള്‍ ഉഷാറായി. ചായപ്പൊടി, പഞ്ചസാര, പാല്‍പൊടി തുടങ്ങിയവയും വാങ്ങി ഞങ്ങള്‍ നോമ്പുതുറയില്‍ സ്വയംപര്യാപ്തരായി. പിന്നെ തിരക്കൊഴിഞ്ഞ് വീട്ടില്‍ പോയിട്ടായിരിക്കും ബാക്കി വല്ലതും കഴിക്കുന്നത്. അവധി ദിനങ്ങളില്‍ വീട്ടില്‍ ഉമ്മക്കൊപ്പം നോമ്പുതുറ വിഭവങ്ങളുണ്ടാക്കാന്‍ ചേരും. പത്തിരി, ദോശ, ഇടിയപ്പം തുടങ്ങിയ പലഹാരങ്ങളും വിവിധ കറികളുമായി നോമ്പുവിഭവങ്ങള്‍ നിറയും.
നോമ്പുകഴിഞ്ഞുള്ള പെരുന്നാള്‍ ദിനത്തിനാണ് കാത്തിരിപ്പേറെയും. പത്രത്തിന്റ അവധിദിനം കൂടിയാണന്ന്. ആഘോഷം സുന്ദരമാവാന്‍ മലപ്പുറത്തെ സ്വന്തം വീട്ടിലേക്കുള്ള യാത്രയാണ് ഏറെ പ്രിയപ്പെട്ടത്. കോഴിക്കോട്ടെ ജോലിസ്ഥലത്തുനിന്ന് ഒരു പെരുന്നാള്‍ തലേന്ന് സന്ധ്യാനേരത്ത് ബസ് കിട്ടാന്‍ വൈകി, രാത്രി പത്തു മണിയോടെ മഞ്ചേരിയിലെത്തി സഹോദരനെ കാത്തുനിന്നൊരു അനുഭവമുണ്ടായിരുന്നു. അന്നത്തെ മഞ്ചേരിയിലെ ആ രാത്രിക്ക് പെരുന്നാള്‍ പൊലിവായിരുന്നു. പെരുന്നാള്‍ പ്രഭാതത്തില്‍ രാവിലെ കുളിച്ചൊരുങ്ങി അധികം അകലെയല്ലാത്ത പള്ളിയിലേക്ക് ഉമ്മയും സഹോദരങ്ങളും കസിന്‍സുമൊക്കെയായി പോവുമ്പോള്‍ ഇന്നും ആ കൊച്ചുകുട്ടിയായി മാറുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവങ്ങളിലൊന്നാണ് പെരുന്നാള്‍ പള്ളിയില്‍പോക്ക്.

 

ആതുരസേവനം ജീവിതം

ഡോ. ആയിശാബി    (ചീഫ് മെഡിക്കല്‍ ഓഫീസര്‍, ലൈഫ്കെയര്‍ ഹോസ്പിറ്റല്‍)

പതിനൊന്ന് മാസം കഴിയുമ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ചിരിക്കുന്ന ഒരു ആത്മീയ വിരുന്നുകാരനാണ് റമദാന്‍. അതിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കും. ജോലിയും നോമ്പും രണ്ടും എനിക്ക് ഒരുപോലെ ഒരേ ഉന്മേഷത്തോടെ കൊണ്ടുപോകാന്‍ പറ്റുന്നുണ്ട്. നോമ്പ് നോല്‍ക്കുന്നത് ജോലി ചെയ്യുന്നതിനോ ആരാധനകള്‍ വര്‍ധിപ്പിക്കുന്നതിനോ തടസ്സമാവാറില്ല. ജോലിക്കിടയില്‍ ചിലപ്പോള്‍ നോമ്പുതുറക്കാനുള്ള വെള്ളം രോഗികളോ അവരുടെ കൂട്ടിരിപ്പുകാരോ കണ്ടറിഞ്ഞുതരും. ലേബര്‍ റൂമില്‍ കാരക്കയും വെള്ളവും ഒന്നും ഉണ്ടാവില്ലല്ലോ എന്ന് കരുതിയായിരിക്കും മുട്ടിവിളിച്ച് അവര്‍ ഇങ്ങനെ ചെയ്യുന്നത്. നോമ്പ് തുറക്കാനായ സമയത്തോ അത്താഴസമയത്തോ ഓടി ലേബര്‍ റൂമില്‍ കയറുമ്പോള്‍ 'ഡോക്ടര്‍ക്ക് ബുദ്ധിമുട്ടായോ' എന്ന് ചോദിക്കുന്നവരുണ്ട്. ആ ചോദ്യമാണ് പ്രയാസമുണ്ടാക്കുന്നത്. എപ്പോഴും രോഗികളുടെ കാര്യങ്ങള്‍ക്കു തന്നെയാണ് മുന്‍ഗണന നല്‍കുന്നത്. ആ ഉത്തരവാദിത്വത്തിലാണ് ഞാന്‍ സമാധാനം കണ്ടെത്തുന്നത്. 
നോമ്പുതുറയും അത്താഴവും കൃത്യമായി നടക്കുന്നില്ല എന്ന കാര്യത്തില്‍ എന്റെ വീട്ടുകാര്‍ ഒരു ഇഷ്ടക്കേടും കാണിക്കാറില്ല. വീട്ടിലെ ചെറിയ കുട്ടികള്‍ക്കു പോലും എന്റെ ജീവിതശൈലി പരിചിതമാണ്. എന്നും ഏതു സമയവും ആശുപത്രിയുമായി ബന്ധപ്പെടുന്നതാണ് അതെന്ന് അവര്‍ക്കറിയാം. 
എത്ര തിരക്കുണ്ടായാലും അത്താഴം ഒഴിവാക്കരുത്. അങ്ങനെ ചെയ്താല്‍ ക്ഷീണം കൂടും. രോഗികളെ പരിശോധിക്കുമ്പോള്‍ അതില്‍ കാര്യക്ഷമമായി ശ്രദ്ധചെലുത്താനാവണം. ചിന്തിക്കാനും വിശകലനം ചെയ്യാനുമുള്ള ഊര്‍ജം ആവശ്യമുള്ളതിനാല്‍ അത്താഴം അത്യാവശ്യമാണ്. എന്റെ അഭിപ്രായവും അനുഭവവും അതാണ്. കിട്ടുന്ന സമയത്ത് വിശ്രമിക്കണം. കൂടുതല്‍ സമയം ഉറങ്ങാതിരിക്കരുത്. ഇതെല്ലാം യാഥാര്‍ഥ്യമാണെങ്കിലും ചില ദിവസങ്ങളില്‍ ഉറക്കവും വിശ്രമവും ഭക്ഷണവും ഒന്നും ഇല്ലാതായിപ്പോകുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. അതെല്ലാം ശീലമായതിനാല്‍ പ്രയാസപ്പെടാറില്ല.
കുടുംബത്തോടൊന്നിച്ചുള്ള അത്താഴവും നോമ്പുതുറയും വളരെ വിരളമാണ്. വിരുന്നുകാര്‍ ആരെങ്കിലും ഉള്ള സമയത്ത് എല്ലാം മേശപ്പുറത്ത് എടുത്തുവെക്കുമ്പോള്‍ ആയിരിക്കും ആശുപത്രിയില്‍നിന്ന് വിളിക്കുന്നത്. ഒരിക്കല്‍ അങ്ങനെ വീട്ടില്‍നിന്നിറങ്ങി പോകുമ്പോള്‍ വഴിയില്‍ വെച്ചാണ് ക്ഷണിച്ചുവരുത്തിയ വിരുന്നുകാരെ കണ്ടത്. അവരോട് മേശപ്പുറത്തു വെച്ച ഭക്ഷണസാധനങ്ങളെല്ലാം ഞാനവിടെ ഉണ്ടെന്നു കരുതി എടുത്തു കഴിക്കണമെന്ന് പറഞ്ഞു ക്ഷമ ചോദിച്ചുകൊണ്ട് പോവുകയാണുണ്ടായത്. എന്റെ ജോലിയെ ഉള്‍ക്കൊള്ളുകയായിരുന്നു അവര്‍. നമ്മുടെ ജീവിതശൈലി നമ്മെപ്പോലെ മറ്റുള്ളവരും മനസ്സിലാക്കുകയാണെങ്കില്‍ ബുദ്ധിമുട്ടില്ലല്ലോ. എന്നെ വിളിക്കുന്ന പലരും 'തിരക്കിലാണോ' എന്ന് ചോദിച്ചിട്ടേ സംസാരം തുടങ്ങാറുള്ളൂ. എന്റെ ചുറ്റുമുള്ള സമൂഹം, രോഗികള്‍, കുടുംബം, ബന്ധുക്കള്‍ തുടങ്ങി എല്ലാവര്‍ക്കും ഇത്തരം ജീവിതശൈലികളോട് യോജിക്കാനാവുന്നു എന്നതാണെന്റെ ഊര്‍ജം.
പരിശുദ്ധ മാസവും ആരാധനകളും കടന്നുവരുമ്പോള്‍ സന്തോഷമാണ്. എല്ലാ വര്‍ഷവും നോമ്പ് അവസാനത്തില്‍ അടുത്ത വര്‍ഷവും നോമ്പ് നോല്‍ക്കാന്‍ ആരോഗ്യവും ആയുസ്സും ഉണ്ടാവുമോ എന്ന ആശങ്കയും പ്രാര്‍ഥനയുമാണ് ബാക്കിയാവാറുള്ളത്. ഏതെല്ലാം രീതിയില്‍ അല്ലാഹുവിലേക്ക് അടുക്കാന്‍ കഴിയും എന്നുള്ളത് നോക്കി കര്‍മങ്ങള്‍ ചെയ്യാന്‍ നോമ്പുകാലത്ത് നന്നായി ശ്രദ്ധിക്കാറുണ്ട്.
കുട്ടികള്‍ പകല്‍ എണീക്കുമ്പോഴും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും പലപ്പോഴും എന്നെ കാണാറില്ല. കൂടുതല്‍ കാര്യങ്ങള്‍ക്കൊന്നും അവര്‍ എന്നെ പ്രതീക്ഷിക്കാറില്ല. എങ്കിലും അവര്‍ക്കുള്ളതെല്ലാം നല്ല രീതിയില്‍ ചെയ്തു വെച്ചിട്ടാണ് ഞാന്‍ വീട്ടില്‍നിന്ന് ഇറങ്ങാറുള്ളത്. സഹായത്തിന് വളരെ നല്ല ഒരു സ്ത്രീയുണ്ട് വീട്ടില്‍. അതുകൊണ്ട് എല്ലാ ഭാരവും തലയില്‍ വലിച്ചിടേണ്ടിവരാറില്ല.
സാമൂഹികമായ പല കാര്യങ്ങളും ഏറ്റെടുത്തു നടത്താറുണ്ട്. നോമ്പു കാലത്ത് അത്തരം കാര്യങ്ങളില്‍ ഒന്നുകൂടി സജീവമാകാന്‍ ശ്രദ്ധിക്കാറുമുണ്ട്. ഇടപഴകുന്നവരില്‍നിന്നും കാര്യങ്ങള്‍ മനസ്സിലാക്കി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നോമ്പുകാലത്ത് കൂടുതല്‍ സമയം കിട്ടുന്നു.
പെരുന്നാളിന് ഞാന്‍ മുഴുവനായി ഇന്‍ചാര്‍ജ് ആയിരിക്കും. വര്‍ഷത്തില്‍ ഞാന്‍ എടുക്കുന്ന രണ്ട് ലീവ് പെരുന്നാള്‍ ദിവസങ്ങളിലായിരിക്കും. എന്നാലും ഒന്നോ രണ്ടോ കേസുകള്‍ വരാത്ത പെരുന്നാളുകള്‍ കുറവാണ്. പുലര്‍ച്ചെ മൂന്നുമണിക്ക് തന്നെ എണീറ്റ് നമസ്‌കാരം ആകുമ്പോഴേക്കും എല്ലാ പണികളും തീര്‍ത്തുവെക്കും. ശേഷം ബന്ധുവീടുകളിലൊക്കെ സന്ദര്‍ശനം നടത്തി വൈകുന്നേരം കുറച്ചു സമയം വിശ്രമിക്കും.
സാധാരണ വീട്ടമ്മമാരെ പോലെ കൂടുതല്‍ സമയം നമസ്‌കാരത്തിനും ആരാധനക്കും കിട്ടുന്നില്ലല്ലോ എന്ന ഒരു സങ്കടം റമദാന്‍ മാസം കടന്നുപോകുമ്പോള്‍ തോന്നാറുണ്ട്. എന്റെ ജോലിയും ജനസേവനത്തിന്റെയും ആരാധനയുടെയും ഭാഗമാണല്ലോ എന്ന ഒരു ആശ്വാസത്തിലാണ് സമാധാനം കണ്ടെത്താറുള്ളത്.

 

നോമ്പുകാലം ഇങ്ങനെയാണെനിക്ക്

നര്‍ഗീസ് ബീഗം (സാമൂഹിക പ്രവര്‍ത്തക)


ഞാന്‍ ഏറ്റെടുത്ത ഉത്തരവാദിത്വം  പൂര്‍ത്തീകരിക്കുന്നതില്‍ റമദാന്‍ മാസത്തെ ഞാന്‍ മാറ്റിനിര്‍ത്താറേ ഇല്ല. മറ്റു മാസങ്ങളെപ്പോലെ തന്നെ ഓട്ടപ്പാച്ചിലുകളാണ് നോമ്പുകാലത്തും. കൂടെ ജോലിയും. എല്ലാം പതിവു പോലെത്തന്നെയാണ്.  
പലപ്പോഴും നോമ്പ് തുറക്കുന്നത് ബസ്സിലോ അല്ലെങ്കില്‍ ആശുപത്രികളിലോ വെച്ചായിരിക്കും. എവിടെയാണ് നോമ്പുതുറയുടെ സമയം വരിക എന്നു നിശ്ചയമില്ലാത്തതുകൊണ്ട് ഒരു ബോട്ടില്‍ വെള്ളവും കാരക്കയും എപ്പോഴും കൈയില്‍ കരുതും. എവിടെ വെച്ചാണോ ബാങ്കുകേള്‍ക്കുന്നത് അവിടെ വെച്ച് നോമ്പു തുറക്കും.  ചെല്ലുന്നിടത്ത് എന്തെങ്കിലുമുണ്ടെങ്കില്‍ അത് കഴിക്കും. പലപ്പോഴും വീട്ടിലെത്തിയിട്ടായിരിക്കും കാര്യമായ ഭക്ഷണം കഴിക്കുന്നത്. അപ്പോള്‍ മണി പത്തോ പതിനൊന്നോ ഒക്കെ ആയിക്കാണും. എന്നാലും നോമ്പിന്റെ ക്ഷീണമൊന്നും വല്ലാതെ ഉണ്ടാകാറില്ല. മനസ്സുകൊണ്ടുള്ള കരുത്താണതിനു പിന്നില്‍. വ്രതം നല്‍കുന്ന മാനസിക കരുത്ത്  വലുതാണ്. ഇപ്പോള്‍ എനിക്ക്  നല്ല മനഃപ്രയാസമുണ്ട്. ഇപ്രാവശ്യത്തെ നോമ്പിന് പതിവുപോലെ ഓടി നടക്കാനാവുമോയെന്ന ആശങ്കയാണെനിക്ക്.
ഞാനെന്റെ കാര്യങ്ങള്‍ക്ക് ഒരു കാലത്തും സമയം മാറ്റിവെക്കാറേയില്ല. എന്നാല്‍ ഇപ്പോള്‍ അതിന്റെ ഒരു തിരിച്ചടി പോലെ ശാരീരികമായി കുറച്ച് ബുദ്ധിമുട്ടുകള്‍ വന്നുചേര്‍ന്നു. കഴുത്തിനു പിന്നില്‍ വന്ന മുഴ സര്‍ജറി ചെയ്തു നീക്കിയിരുന്നു. പരിശോധനയില്‍ ടി.ബി രോഗം ആണ് എന്നു തിരിച്ചറിഞ്ഞു. ഇപ്പോള്‍ കൃത്യമായ ചികിത്സയിലാണ്. ഭക്ഷണം സമയത്തിനു  കഴിച്ചില്ലെങ്കില്‍ പ്രശ്‌നമാകുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ശരീരം തളരുന്ന പോലെ പലപ്പോഴും തോന്നും. കരളിന്റെ പ്രവര്‍ത്തനത്തെയും കാഴ്ചയെയും ബാധിക്കുന്നതാണ് ടി.ബിയുടെ മരുന്ന്. ഭക്ഷണം ഇടയ്ക്കിടയ്ക്ക് കഴിച്ചുകൊണ്ടിരിക്കണം. അതുകൊണ്ടുതന്നെ വീട്ടുകാരും കൂട്ടുകാരും എന്റെ കാര്യത്തില്‍ വല്ലാതെ ശ്രദ്ധിക്കുന്നുണ്ട്, ഇപ്പോള്‍. 
അതുകൊണ്ട് യാത്രക്ക് ബുദ്ധിമുട്ടുണ്ട്. മരുന്നുകള്‍ കഴിക്കുമ്പോള്‍ ചിലപ്പോള്‍ ഛര്‍ദിക്കാന്‍ വരും. അത്തരം പ്രശ്‌നങ്ങള്‍ കുറച്ചു കഴിഞ്ഞാല്‍ ഭേദമാകും എന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ നോമ്പുകാലം അടുക്കുമ്പോള്‍ അതിനു കഴിയില്ലേ എന്ന ഒരു ആധി എന്റെ മനസ്സിലുണ്ട്. 
വലിയ നോമ്പുതുറകള്‍ക്ക് ഒന്നിനും ഞാന്‍ പങ്കെടുക്കാറില്ല. കുറേയധികം ഭക്ഷണം ഉണ്ടാക്കി കുറേയധികം ആളുകളെ സല്‍ക്കരിക്കുന്ന രീതിയിലുള്ള നോമ്പുതുറകള്‍ ഞാനിഷ്ടപ്പെടുന്നില്ല. എന്റെ സഹവാസം ദരിദ്രരോടും കിടപ്പുരോഗികളോടും മാറാരോഗികളോടും ഒപ്പം ഉള്ളതാണ്.  ഇവരുടെയൊക്കെ കൂടെ, ഉള്ളത് സന്തോഷത്തോടെ പങ്കിട്ട് കഴിക്കുന്നതാണ് എന്റെ ഇഷ്ടം. നോമ്പുതുറക്ക് എന്നെ മാത്രമായി ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ നോമ്പു തുറക്കാന്‍ പോകുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉള്ള ഒന്നുരണ്ട് ആളുകളെ കൂടെക്കൂട്ടിയാണ് പലപ്പോഴും പോകാറുള്ളത്. എനിക്കുള്ള ഭക്ഷണം അവരും ഞാനും കൂടി പങ്കിട്ടു കഴിക്കും.
ചാരിതാര്‍ഥ്യത്തോടെ നോമ്പ് കഴിഞ്ഞ് പെരുന്നാളാഘോഷിക്കാന്‍ എനിക്കും കുട്ടികള്‍ക്കും അങ്ങനെ കാര്യമായി ഡ്രസ്സ് ഒന്നും എടുക്കാറില്ല. കുട്ടികള്‍ക്ക് അത്യാവശ്യം നല്ലത് ഉണ്ടെങ്കില്‍ അതു മതിയെന്നുവെക്കും. ചെറിയ പെരുന്നാളിന് ഡ്രസ്സ് എടുത്തിട്ടുണ്ടെങ്കില്‍ ബലിപെരുന്നാളിന് എടുക്കില്ല. എപ്പോഴാണ് പുതിയൊരു ഡ്രസ്സ് ആവശ്യമായി വരുന്നത് അപ്പോള്‍ മാത്രമാണ് എന്തെങ്കിലും വാങ്ങാറുള്ളത്. പക്ഷേ, ഒരുപാട് അനാഥക്കുഞ്ഞുങ്ങള്‍ക്ക് പെരുന്നാള്‍ കോടി എത്തിക്കാന്‍ കഴിയാറുണ്ട്. റമദാനിലെ അവസാനത്തെ കുറച്ചുദിവസം അതു തന്നെയായിരിക്കും തിരക്ക്. ആരെങ്കിലും എനിക്ക് പെരുന്നാളിന് ഡ്രസ്സ് സമ്മാനിക്കുകയാണെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് നല്‍കുന്ന കൂട്ടത്തിലേക്ക് നീക്കിവെക്കും. മറ്റു മാസങ്ങളേക്കാളും നോമ്പും പെരുന്നാളും വരുമ്പോള്‍ സ്ഥിരമായി സഹായിക്കുന്ന കുറച്ച് സുഹൃത്തുക്കള്‍ ഉണ്ട്. അവരുടെ സകാത്ത് വിഹിതം ഞങ്ങള്‍ക്ക് അറിയുന്ന കുറച്ച് ആളുകള്‍ക്ക് കൊടുക്കാറാണ് പതിവ്. എല്ലാ വര്‍ഷവും ഇങ്ങനെ സഹായങ്ങള്‍ കിട്ടാറുണ്ട്. അതുവഴി കുറെക്കൂടി സന്തോഷം പകരാന്‍ പറ്റുന്ന ഒരു മാസമാണ് റമദാന്‍. ഒരു സുഹൃത്ത് ഒരു പ്രദേശത്തെ കുറേ കുടുംബങ്ങള്‍ക്ക് സ്ഥിരമായി 5000 രൂപ വെച്ച് സകാത്ത് നല്‍കാറുണ്ടായിരുന്നു. ആ കുടുംബങ്ങളെ സംബന്ധിച്ച് ആ തുക വലിയ ആശ്വാസമാണ്.  ഇപ്പോള്‍ കൊറോണ കാരണം അവരുടെയെല്ലാം സാമ്പത്തികാവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. ബിസിനസ്സുകള്‍ എല്ലാം നഷ്ടത്തിലായ അവസ്ഥയാണ്. അതിനാല്‍ ഇപ്രാവശ്യത്തെ റമദാന്‍ എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ച് ചെറിയ ആശങ്ക ഉണ്ട്.

 

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും കാലം

ഹുസ്‌ന സബീഹ്  (സ്റ്റാഫ് നഴ്‌സ്)

'നോമ്പ്' ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് കുട്ടിക്കാലമാണ്. സ്‌കൂള്‍ പഠനവും നാലുവര്‍ഷത്തെ നഴ്‌സിംഗ് ബിരുദ പഠനവും കഴിയുന്നതുവരെ കുട്ടിക്കാലത്തെ ഹരമുള്ള നോമ്പു തന്നെയായിരുന്നു എന്റെ അനുഭവത്തില്‍. എങ്കിലും നഴ്‌സിംഗ് പഠനകാലത്തെ നോമ്പ് കുറച്ചു പ്രശ്‌നം തന്നെയായിരുന്നു. ഡോക്ടറാവാന്‍ പഠിക്കുന്ന പോലെ, അല്ലെങ്കില്‍ പ്രാക്ടിക്കല്‍ ആയിട്ട് അതിനും മേലെ പഠിക്കേണ്ടവരാണ് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍. പൊക്കാന്‍ പറ്റാത്തത്ര പുസ്തകങ്ങളും അസൈന്‍മെന്റ്കളും പ്രോജക്റ്റുകളും പോസ്റ്റിംഗുകളും എല്ലാമായി നാലു വര്‍ഷങ്ങള്‍... വല്ലാത്തൊരു ഫൈറ്റിംഗ് മെന്റാലിറ്റി ആയിരുന്നു. അന്ന്. നാലാമത്തെ വര്‍ഷാവസാനത്തില്‍ പരീക്ഷകളും മറ്റും തലയില്‍ കയറി തീ പിടിച്ചിരിക്കുന്ന സമയത്ത് ഉമ്മ എന്റെ അടുത്ത് വന്നു പറഞ്ഞു; 'മോളേ നിനക്ക് ഒരു കല്യാണം വന്നിട്ടുണ്ട്. എന്താ പറയേണ്ടത്?' എന്റെ ഉത്തരം, 'പരീക്ഷ കഴിയട്ടെ' എന്നതിലൊതുങ്ങി. ഉമ്മ അതുപോലെ അവരെ വിവരമറിയിച്ചു. പരീക്ഷ കഴിഞ്ഞ് ഉടനെ തന്നെ എന്റെ കല്യാണം ഉറപ്പിച്ചു. വരന്‍ ഞാന്‍ നഴ്‌സിംഗ് പഠിച്ച ഹോസ്പിറ്റലിലെ സ്റ്റാഫ് ആയതുകൊണ്ട് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. അതിനിടക്ക് ഞാന്‍ കഷ്ടപ്പെട്ട് പഠിച്ചതിന് ഫലവും ലഭിച്ചു, ഫസ്റ്റ് ക്ലാസ് നേടി ബി.എസ്.സി നഴ്‌സിംഗ് പാസായി. പഠിച്ച ഹോസ്പിറ്റലില്‍ തന്നെ എനിക്ക് ജോലിയും കിട്ടി.
ഞാന്‍ ജോലി ചെയ്യുന്നത് നല്ല തിരക്കുള്ള ഹോസ്പിറ്റലില്‍ ആയതുകൊണ്ട് ആദ്യകാലങ്ങളില്‍ നോമ്പ് എടുത്തുള്ള ഡ്യൂട്ടി ഒത്തിരി കഷ്ടപ്പാട് ഉള്ളതായിരുന്നു. പിന്നെ അതങ്ങ് ശീലമായി. ഞങ്ങള്‍ക്ക് മൂന്ന് ഷിഫ്റ്റില്‍ ഡ്യൂട്ടി ചെയ്യല്‍ നിര്‍ബന്ധമാണ്. പലപ്പോഴും പുലര്‍ച്ചെ അത്താഴത്തിന് എഴുന്നേറ്റ് തുടങ്ങുന്ന ഡ്യൂട്ടി കഴിഞ്ഞ് ഒന്ന് കണ്ണടക്കാം എന്ന് വിചാരിക്കുമ്പോഴേക്കും 6 മണി ആയിട്ടുണ്ടാവും. ഏഴ് മണിക്ക് പഞ്ച് ചെയ്ത് ഡ്യൂട്ടിയില്‍ കയറണം. ഹോസ്പിറ്റലിലേക്ക് 22 കിലോമീറ്റര്‍ ദൂരമുണ്ട്, വീട്ടില്‍നിന്ന്. എന്റെ ഭര്‍ത്താവ് ജോലി ചെയ്യുന്നതും അതേ ഹോസ്പിറ്റലില്‍ തന്നെയായത് വലിയൊരു ആശ്വാസമാണ്. അദ്ദേഹത്തിന് ഡ്യൂട്ടി എട്ടു മണിക്കാണെങ്കിലും എന്റെ കൂടെ നേരത്തേ വരും. ഏഴ് മണിക്ക് ഡ്യൂട്ടിക്ക് കയറിയാല്‍ പതിവുപോലെയാണ് എല്ലാം. പിന്നെ ഡോക്‌ടേഴ്‌സ് റൗണ്ട്‌സ്, മെഡിസിന്‍ കൊടുക്കല്‍ അങ്ങനെ നേരം പോകുന്നതറിയില്ല. അതിനിടക്ക് ബൈസ്റ്റാന്‍ഡേഴ്‌സിന്റെ  പരാതി കേള്‍ക്കണം; ഡ്രസ്സിംഗ്, ഷിഫ്റ്റിംഗ് ഇതെല്ലാം ഉണ്ടാകും. ഓര്‍ത്തോ ന്യൂറോ സര്‍ജറി വാര്‍ഡ് ആയതിനാല്‍ അത്യാവശ്യം നല്ല പണി തന്നെയാണ് ഞങ്ങള്‍ക്ക്. 
പത്ത് മണി ആകുമ്പോള്‍ ചായയുമായി ആളെത്തും. എല്ലാവരും ചായ കുടിക്കാനുള്ള ഗ്ലാസ്സുമായി ഓടും. കൂടെ ഓടാനൊരുങ്ങുമ്പോഴാണ് നോമ്പ് ഓര്‍മവരുന്നത്! എന്റെ ഫ്‌ളോറില്‍ നോമ്പുള്ള ഏക സ്റ്റാഫ് ഞാനായതുകൊണ്ട് നോമ്പിന്റെ കാര്യം ഓര്‍മിപ്പിക്കാന്‍ ആരും ഉണ്ടാവില്ല. മറ്റെല്ലാവരും ചായ കുടിക്കുമ്പോള്‍ കാലി ഗ്ലാസ്സുമായി ഞാന്‍ തിരികെ നടക്കും. എങ്കിലും എല്ലാം ദൈവമാര്‍ഗത്തിലേക്കുള്ളതാണെന്ന് മനസ്സില്‍ ആശ്വാസം കൊള്ളുമ്പോഴാണ് സന്തോഷം. മോണിംഗ് ഡ്യൂട്ടി അവസാനിക്കുന്നത് വൈകീട്ട് മൂന്നു മണിക്കാണ്. നഴ്‌സിംഗ് കരിയറില്‍ വല്ലാത്തൊരു പ്രശ്‌നം നമസ്‌കാരം സമയത്തിന് നിര്‍വഹിക്കാനാവാത്തതാണ്. ഓട്ടത്തിനിടയില്‍ നമസ്‌കാരം നഷ്ടപ്പെടരുത് എന്ന നിര്‍ബന്ധം ഉള്ളതിനാല്‍ ഞാന്‍ അതിനിടയില്‍ ഏതെങ്കിലും റൂമില്‍ കയറി നമസ്‌കരിക്കും. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പെട്ടെന്നു തന്നെ അടുക്കളയിലെത്താന്‍ ശ്രദ്ധിക്കും. പത്തിരിപ്പണി ഉമ്മക്കും പലഹാരപ്പണി എനിക്കുമാണ്. അതും കൂടി കഴിയുമ്പോഴേക്ക് നോമ്പു തുറക്കാനാവും. ഉറക്കവും ക്ഷീണവുമൊക്കെ ഒന്നെത്തിനോക്കും, അന്നേരം. മോളുടെ കാര്യങ്ങള്‍ ചെയ്തുകഴിയുമ്പോഴേക്കും തറാവീഹ് നമസ്‌കാരത്തിന്റെ സമയമാവും.
നോമ്പിന് കൂടുതലും മോണിംഗ് ഡ്യൂട്ടി ആണ്്. ഈവനിംഗ് ഡ്യൂട്ടിയില്‍നിന്നും എന്റെ ഇന്‍ചാര്‍ജ് മാക്‌സിമം എന്നെ ഒഴിവാക്കിത്തരാറുണ്ട്. നോമ്പിനു സാധാരണ പോലെ നൈറ്റ് ഡ്യൂട്ടി എടുക്കണം. ഈവനിംഗ് ഡ്യൂട്ടിയാണെങ്കില്‍ നോമ്പ് തുറന്ന് അത്താഴത്തിനുള്ള ചോറും എടുത്താണ് പോകാറുള്ളത്. പലപ്പോഴും നോമ്പ് തുറക്കുമ്പോള്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഭക്ഷണം കൊണ്ടുതന്നിട്ടുണ്ട്. അവര്‍ നോമ്പ് തുറക്കുമ്പോഴും വിളിക്കും. അത് വല്ലാത്തൊരു ആശ്വാസമാണ്. 
നോമ്പിന് കൂടെ ജോലി ചെയ്യുന്നവരില്‍നിന്ന് എല്ലാവിധ സഹായവും ലഭിക്കാറുണ്ട്. എന്റെ ഫ്‌ളോറില്‍ നോമ്പ് ഉള്ളത് എനിക്ക് മാത്രമായതിനാല്‍ നോമ്പുകാലം എല്ലാവരുടെയും സ്‌നേഹം കിട്ടുന്ന കാലം കൂടിയാണ്.
പെരുന്നാള്‍ ആഘോഷവും ഞങ്ങളുടെ ജോലിക്കിടയില്‍ വ്യത്യസ്തമാണ്. പലര്‍ക്കും പെരുന്നാള്‍ ദിവസം കൂടി ഡ്യൂട്ടി എടുക്കേണ്ട അവസ്ഥ ഉണ്ടെങ്കിലും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. തലേന്ന് ലോകം പെരുന്നാള്‍ ആഘോഷത്തില്‍ അമരുമ്പോള്‍ അതിലൊന്നും പങ്കെടുക്കാന്‍ കഴിയാതെ ആശുപത്രിക്കിടക്കയില്‍ കിടക്കുന്നവരുടെ വേദന പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. എന്നെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമോ സിസ്റ്ററേ എന്നുള്ള ആ ഒരു ചോദ്യം കേള്‍ക്കുമ്പോള്‍, എന്തോ മനസ്സിന് വല്ലാത്തൊരു സങ്കടമാണ്.
വേദനിക്കുന്നവരുടെ വേദന തീര്‍ക്കാന്‍ ഏല്‍പിക്കപ്പെട്ടവരാണ് നഴ്‌സുമാര്‍. ഓരോ രോഗിയും രോഗം മാറി ചിരിക്കുന്ന മുഖവുമായി വാര്‍ഡ് വിട്ടു പോകുമ്പോള്‍, നമ്മള്‍ കൊടുക്കുന്ന പരിചരണത്തിന് ഫലപ്രാപ്തി ഉണ്ടല്ലോ എന്ന തിരിച്ചറിവില്‍ എല്ലാ പ്രയാസങ്ങളും അലിഞ്ഞി ല്ലാതാകും. എന്റെ ഹോസ്പിറ്റലില്‍ എല്ലാ ദിവസവും രാവിലെ രോഗികളുടെ രോഗശമനത്തിന് പ്രത്യേകം പ്രാര്‍ഥന നടക്കാറുണ്ട്. ഡോക്ടറും നഴ്‌സും ഹോസ്പിറ്റലും എല്ലാം ഒരു നിമിത്തം മാത്രമാണ്, രോഗം പൂര്‍ണമായും മാറ്റുന്നവന്‍ ലോകരക്ഷിതാവ് ആണല്ലോ... അതുകൊണ്ടുതന്നെ പ്രാര്‍ഥനയില്‍ എല്ലാ രോഗികളും കടന്നുവരാറുണ്ട്. ജീവിതകാലം മുഴുവന്‍ മാലാഖ എന്ന ഓമനപ്പേരുള്ള നഴ്‌സിംഗുമായി മുന്നോട്ടു പോകാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് അതിനിടക്ക് കടന്നുവരുന്ന നോമ്പും പെരുന്നാളുമെല്ലാം അതിമധുരം തന്നെ.

 

കുടുംബവും സഹപ്രവര്‍ത്തകരും കൂടെയുണ്ട്

സാജില  (സിവില്‍ പോലീസ് ഓഫീസര്‍)

ആത്മീയ നിര്‍വൃതിയുടെ മാസമായ റമദാനിനെ വരവേല്‍ക്കുന്നതിന്  വനിതാ പോലീസ് എന്ന നിലക്കുള്ള എന്റെ ജോലി ഒരു തരത്തിലും തടസ്സമായിട്ടില്ല. വ്രതം നല്‍കുന്ന ആത്മീയ കരുത്ത് ഒന്നു വേറെത്തന്നെയാണല്ലോ. ദൈവാനുഗ്രഹത്താല്‍ എനിക്ക് മറ്റു മാസങ്ങളേക്കാള്‍ പ്രയാസങ്ങള്‍ കുറഞ്ഞ ദിനങ്ങളായിട്ടാണ് നോമ്പുകാലം അനുഭവപ്പെടാറ്. നോമ്പുകാലത്ത് മിക്കവാറും വൈകുന്നേരം നേരത്തെ വീട്ടിലെത്താന്‍ ശ്രമിക്കും. സമയത്തിനനുസരിച്ച് പതിവ് വീട്ടുജോലികളും മറ്റും  ക്രമീകരിക്കുകയാണ് ചെയ്യാറ്. സമയത്തിന് ആരാധനകള്‍ ചെയ്യുന്നതിനും വലിയ തടസ്സങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടില്ല. 
നോമ്പുകാലത്തെ ജോലികളൊന്നും ഭാരമാകാതിരുന്നത് വീട്ടുകാരുടെയും എന്റെ സഹപ്രവര്‍ത്തകരുടെയും  സഹകരണത്താലാണ്. ഞാന്‍ വൈകീട്ട് വീട്ടിലെത്തിയാല്‍ ഭര്‍ത്താവും മക്കളും എന്റെ കൂടെ അടുക്കളയിലേക്കു വന്ന് നോമ്പ് തുറക്കാനുള്ളവ ഒരുക്കും.
മാസത്തിലൊരിക്കല്‍ രാത്രി ഡ്യൂട്ടിയുണ്ടാകും. നോമ്പുകാലത്തും അതിനു മാറ്റമുണ്ടാകാറില്ല. നോമ്പുകാലത്തെ രാത്രിജോലി യാതൊരു പ്രയാസവുമില്ലാതെ  ചെയ്യാനാവുന്നത് എന്റെ സഹപ്രവര്‍ത്തകരുടെ നല്ല മനസ്സുകൊണ്ടാണ്. വൈകുന്നേരം ഡ്യൂട്ടിക്ക് കയറേണ്ട സമയമാണെങ്കിലും നിങ്ങള്‍ നോമ്പ് തുറന്നിട്ട് കയറിക്കോളൂ എന്ന് സ്‌നേഹത്തോടെ തന്നെ അവര്‍ പറയും.  ഓഫീസിലെ സഹപ്രവര്‍ത്തകരുടെ ഈ കരുതല്‍ മാനസികമായി ക്ഷീണിപ്പിക്കാതെ ജോലിയും വ്രതവുമായി മുന്നോട്ടുപോകാന്‍ സഹായിച്ചിട്ടേ ഉള്ളൂ. നൈറ്റ് ഡ്യൂട്ടിയാണെങ്കില്‍ വൈകുന്നേരം അഞ്ചുമണിക്ക് വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അത്താഴത്തിനുള്ളത് കൈയില്‍ കരുതും, ചായ ഫഌസ്‌കില്‍ എടുക്കും.
എല്ലാവര്‍ക്കും നോമ്പുകാലത്തെ പ്രയാസം നല്ലപോലെ അറിയാം. കഴിഞ്ഞ വര്‍ഷം നല്ല പ്രയാസമായിരുന്നു, ലോകം ലോക്ക് ഡൗണായ സമയമായിരുന്നല്ലോ അത്. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ തുടങ്ങിതോടെ വണ്ടിയില്‍ നിരന്തരം പുറത്തുപോവുമ്പോള്‍ ചൂട് വല്ലാതെ ബാധിച്ചിരുന്നു. സ്റ്റേഷനകത്ത് ജോലിചെയ്യുന്നപോലെയല്ല പുറത്തുപോകുന്നത്. സഹപ്രവര്‍ത്തകരെല്ലാം നോമ്പുകാലത്തെ ബഹുമാനിക്കുന്നവരാണ്. അതുകൊണ്ട് ആറു വര്‍ഷത്തെ  പോലീസ് ജോലിയിലെ നോമ്പ് എനിക്കിതുവരെ പ്രയാസകരമായി തോന്നിയിട്ടേയില്ല.
പെരുന്നാളാഘോഷവും അതുപോലെ തന്നെയാണ്. ഓണവും ക്രിസ്മസും തുടങ്ങി എല്ലാം ഞങ്ങള്‍ പരസ്പരം സഹകരിച്ചുതന്നെയാണ് ചെയ്യുന്നത്. കോഴിക്കോടാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഇന്നുവരെ പോലീസുകാരിയായി നോമ്പുനോല്‍ക്കുന്നതിനിടയില്‍ ജോലിസ്ഥലത്തു നിന്നോ കുടുംബത്തില്‍നിന്നോ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അത് ദൈവാനുഗ്രഹം തന്നെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top